Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Tuesday, October 18, 2011

സന്തോഷ് പണ്ഡിറ്റ് ഒരു തമാശയല്ല............


അങ്ങിനെ ദീപാവലി വരവായി. പടക്കങ്ങളോടൊപ്പം നമുക്ക് ആഘോഷിക്കാന്‍ കാത്തിരുന്ന ആ ചിത്രം എത്തുകയായി. “കൃഷ്ണനും രാധയും”. ഗാനങ്ങള്‍ ഏറിയപങ്കും നാം കണ്ടു കഴിഞ്ഞു..ഏഴോളം ഗാനങ്ങള്‍ അരമണിക്കൂര്‍ ഏറ്റെടുക്കും. ചില സംഘട്ടന രംഗങ്ങള്‍, വികാര തീവ്രരംഗങ്ങള്‍ എന്നിവയും നാം യൂ-ട്യൂബിലൂടെ കണ്ടു.. ഇനി തിയേറ്ററില്‍ പോയി കാണാന്‍ എന്തുണ്ട് ബാക്കി എന്നറിയില്ല. എന്നാലും ആദ്യ ദിനത്തില്‍ പ്രേക്ഷകരുണ്ടാകും. തിയേറ്ററില്‍ ആര്‍പ്പുവിളികളും കയ്യടികളുമായിരിക്കും. അല്ലാതെന്തിനാണ് ഈ ചിത്രത്തിന് പ്രേക്ഷകര്‍ വരിക.
             സന്തോഷ് പണ്ഡിറ്റ് അദ്ദേഹം ഒരു മികച്ച നടനാണ് എന്നും സംവിധായകനാണ് എന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഇല്ലാത്ത കഴിവുകള്‍ തങ്ങള്‍ക്ക് ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടരുണ്ട്. കോളെജ് യുവജനോത്സവത്തില്‍ അവര്‍ വെള്ളിടി പാടുമ്പോള്‍ നമ്മള്‍ ആര്‍ത്തു വിളിച്ചിട്ടുണ്ട്. എല്ലാ മത്സരങ്ങള്‍ക്കും പേര് കൊടുക്കുന്ന ഇവരെ അധ്യാപകര്‍ പോലും തമാശക്കായി പ്രോത്സാഹിപ്പിക്കാറുണ്ട്. വിരസമായ മത്സരങ്ങള്‍ക്ക് ഒരു ഉന്മേഷം കൈവരുത്തുവാന്‍ ഇവര്‍ക്ക് കഴിയും.
           മലയാളിക്ക് ക്യാമറ ഒരു ദൌര്‍ബല്യമാണ്. രാഷ്ട്രീയ വേദികളില്‍ മാത്രമല്ല, അപകടം ദൃശ്യവല്‍ക്കരിക്കുന്നിടത്തുപോലും മലയാളി എത്തിനോക്കിച്ചിരിക്കുന്നുണ്ട്. തന്റെ ദൃശ്യം സുഹൃത്തുക്കളെ, ബന്ധുക്കളെ മൊബൈലില്‍ വിളിച്ചറിയിക്കുന്ന ലൈവ് സീനുകള്‍ നാം സ്ഥിരം കാണുന്നു.
 സന്തോഷ് പണ്ഡിറ്റ് എന്ന യുവാവും വ്യത്യസ്തനല്ല. ക്യാമറ, സിനിമ എന്നിവയോട് ഏതൊരു സാധാരണ ചെറുപ്പക്കാരനെപ്പോലെ അയാള്‍ക്കും ആസക്തിയുണ്ട്. തന്റെ മോഹം സാധിക്കാന്‍ അയാള്‍ക്ക് രണ്ട് വഴികളൂണ്ട്. ഒന്ന് ചാന്‍സ് ചോദിച്ച് സംവിധായകരുടെ, നിര്‍മ്മാതാക്കളുടെ പിന്നാലെ പോകുക. അല്ലെങ്കില്‍ സ്വയം സിനിമ നിര്‍മ്മിക്കുക.
    ഇവിടെ സന്തോഷ് തെരെഞ്ഞെടുത്തത് രണ്ടാമത്തെ മാര്‍ഗ്ഗമാണ്. അയാള്‍ സ്വയം സിനിമ നിര്‍മ്മിക്കുന്നു. സംവിധാനം ചെയ്യുന്നു, അഭിനയിക്കുന്നു, പാടുന്നു.
                   താന്‍ ചെയ്യുന്നത് സംവിധാനമാണ് എന്ന് അയാള്‍ക്ക് വിശ്വസിക്കാം, അത് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യം അയാള്‍ക്കില്ല. താന്‍ എഴുതുന്നതാണ് തിരക്കഥ എന്നും താന്‍ ചെയ്യുന്നതാണ് അഭിനയം എന്നും അയാള്‍ക്ക് വിശ്വസിക്കാം. നമ്മുടെ ആരുടേയും സര്‍ട്ടിഫിക്കറ്റ് അയാള്‍ക്ക് അതിന് ആവശ്യമില്ല.
             പക്ഷേ നിര്‍മ്മാണം , അത് വ്യത്യസ്തമാണ്. അത് പണത്തിന്റെ കാര്യമാണ്. തന്റെ കയ്യിലിരിക്കുന്നതാണ് ഇന്ത്യന്‍ രൂപ എന്ന് സന്തോഷ് വിശ്വസിച്ചാല്‍ പോര, സമൂഹം അത് അംഗീകരിക്കണം. അത് അവരിലൂടെ വിനിമയം ചെയ്യപ്പെടണം. മറ്റെന്തും പോലെ സ്വന്തം ബുദ്ധി ഉപയോഗിച്ചോ, ഭാവനയില്‍ നിന്നോ ഉണ്ടാക്കാവുന്ന ഒന്നല്ല പണം. അത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യം അയാളുടെ കയ്യില്‍ വസ്തുതയായി തന്നെ അവശേഷിക്കുന്നു. എങ്ങിനെ?.

        അഭിമുഖങ്ങളിലൊന്നും തന്റെ പണത്തിന്റെ ഉറവിടം സന്തോഷ് സൂചിപ്പിക്കുന്നില്ല. എത്ര മോശപ്പെട്ട സിനിമയോ, ഒരു ടെലിഫിലിം പോലുമാകട്ടെ, എടുത്തു കുത്തുപാളയെടുത്ത ജീവിതങ്ങള്‍ നമുക്ക് ചുറ്റും നിവര്‍ന്ന് നില്‍കുമ്പോളാണ് എടുത്ത സിനിമയെക്കുറിച്ചോ അതിന്റെ വിതരണത്തെക്കുറിച്ചോ ഒരു ആശങ്കയുമില്ലാതെ സന്തോഷ് അടുത്ത ചിത്രത്തിലേക്ക് കടക്കുന്നത്.
       അയാളുടെ വാക്കുകളില്‍ നിന്ന് തന്നെ വെറും സാധാരണ കുടുംബത്തിലെ അംഗമാണ് സന്തോഷ് എന്ന് മനസ്സിലാക്കാം. അതായത് താന്‍ ജോലിചെയ്ത് ഭക്ഷണം സ്വയം കണ്ടെത്തേണ്ട അവസ്ഥയിലുള്ള ഒരു സാധാരണ ചെറുപ്പക്കാരന്‍. അയാളെങ്ങിനെ ഇത്ര ലാഘവത്തില്‍ പണം പാഴാക്കുന്നു?.
         തന്നെത്തേടി ഹിന്ദിയില്‍ നിന്ന്, തെലുങ്കില്‍ നിന്ന് , തമിഴില്‍ നിന്ന് ഒക്കെ നിര്‍മാതാക്കള്‍ വന്നുകൊണ്ടിരിക്കുന്നു എന്ന ഇയാളുടെ അവകാശം പൊളിയാണ് എന്ന് തള്ളിക്കളയാ‍മോ...
കൃഷ്ണനും രാധയും കണ്ടിടത്തോളം, അതിലെ നടീനടന്മാരുടെ ശരീര ഭാഷ കണ്ടിടത്തോളം , അത് സിനിമക്കുവേണ്ടി പിടിച്ച ഒന്നല്ല എന്ന് എനിക്ക് തോന്നുന്നു. അഭിനയിക്കാനുള്ള ആര്‍ത്തിപിടിച്ച മുഖങ്ങളല്ല അവ. കബളിപ്പിക്കപ്പെട്ട ജീവിതങ്ങളുമല്ല.
    ആരുടേയോ വ്യക്തമായ തിരക്കഥയിലെ ഒരു കഥാപാത്രമല്ലേ സന്തോഷ്. അല്പബുദ്ധിയായ ഒരു ചെറുപ്പക്കാരന്റെ കോമാളിത്തത്തിലേക്ക് നമ്മുടെയെല്ലാം ശ്രദ്ധ മന:പൂര്‍വം തിരിച്ചു വച്ചതല്ലേ..അവിടെ വേറെ കഥാപാത്രങ്ങള്‍ കഥയറിഞ്ഞ് കളിക്കുന്നില്ലേ....കൂടുതല്‍ നടിമാരുമായി “കാളിദാസന്‍ കഥയെഴുതുന്നു” വരുന്നു. “ജിത്തു ഭായി“ ഹിന്ദി നടിമാരുമായി വരുന്നു.
          നമുക്ക് ആര്‍ത്തുചിരിക്കാന്‍ അവര്‍ സന്തോഷിന്റെ പ്രകടനങ്ങള്‍ ഇനിയും യു-ട്യൂബില്‍ ഇട്ടു തരും. നാം അത് കണ്ട് രസിക്കും. ........അവരും രസിക്കും.