Wednesday, December 16, 2009

ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍

ഭ്രാന്ത് ഒരു കുളിരാണ്. അത് ഒരു ഹൂങ്കാരമാണ്. സിരാപടലങ്ങളുടെ കമ്പനമാണ്. ഒറ്റക്കിരിക്കുമ്പോഴും ആള്‍ക്കൂട്ടത്തിന് നടുവിലാണത്. അത് നിറങ്ങളുടേയും വേദനകളുടേയും കുഴാമറിച്ചിലാണ്. വീര്‍പ്പുമുട്ടലുകളുടെ വീര്‍പ്പുമുട്ടലാണത്.





വൃശ്ചികമാസത്തിലെ ഒരു തണുത്ത രാത്രിയിലാണ് എനിക്ക് ഭ്രാന്ത് വന്നത്. ആദ്യം അതൊരു കുളിരായിരുന്നു. കരിമ്പടത്തിനുള്ളിലേക്ക് നൂണിറങ്ങിയിട്ടും വിറക്കുന്നൊരവസ്ഥ. ഒപ്പം ഒരു വീര്‍പ്പുമുട്ടലും. ഉണര്‍ന്നെണീറ്റ് ലൈറ്റിട്ടു. ഫ്ലാസ്കില്‍ നിന്ന് രണ്ടോ മൂന്നോ കവിള്‍ വെള്ളം കുടിച്ചു. വായ നിറഞ്ഞ് അത് കവിളുകളിലൂടെ ഒലിച്ചിറങ്ങി. തണുത്തുവിറക്കുമ്പോഴും ശരീരത്തില്‍ വിയര്‍പ്പുതുള്ളികള്‍. വല്ലാത്തൊരു പേടി, എന്തോ സംഭവിക്കാന്‍ പോകുന്നു. ഒരു അരക്ഷിത ബോധം.





അകത്തെ മുറിയില്‍ മെറ്റലോറിന്റേയും സോര്‍ബിട്രേറ്റിന്റേയും നിറവില്‍ അച്ഛന്‍ തളര്‍ന്ന് കിടന്നുറങ്ങുന്നു. ഇരുട്ടിന്റെ കരിമ്പടത്തിലൂടെ കയ്യിട്ട് അച്ഛനെ കുലുക്കി വിളിച്ചു.


“അച്ഛാ......അച്ഛാ......................”





ഒരു നിമിഷത്തെ താളം തെറ്റിയ ഹൃദയവുമായി അച്ഛന്‍ ഉണര്‍ന്നു.


“എന്താ..........?.....”


“എനിക്ക് കുളിരണു...................വല്ലാതെ...................”


മുപ്പത്തിഅഞ്ചുവയസ്സുകാരന്‍ മകന്റെ അസമയത്തെ അനാവശ്യത്തിനു മുന്നില്‍ വൃദ്ധപിതാവ് ഉടുമുണ്ട് കുടഞ്ഞുടുത്തു.


“ എന്താ...............എന്താ.......................” ഓടാമ്പലിന്റെ ഒച്ചക്കൊപ്പം ധന്യന്തരം കുഴമ്പില്‍ ചാലിച്ച അമ്മയുടെ ശബ്ദം.


“ അവന് കുളിരണൂത്രെ.................വല്ലാണ്ടെ..............എന്നെ വിളിച്ചുണര്‍ത്തി.............”


“എന്താ................എന്തുപറ്റി മോനെ...................................” കൈകളില്‍ മെല്ലെ പിടിച്ച് അമ്മ ചോദിച്ചു.





ചോദ്യങ്ങള്‍ ഉത്തരങ്ങളെ അന്വേഷിച്ച് ഇരുട്ടിലേക്കിറങ്ങി നടന്നു.


തലക്കു ചുറ്റും ചൂളം വിളിക്കുന്ന എന്തോ ഒന്നിനെ ഇരുകൈകളാല്‍ തടുത്ത് ഞാന്‍ തറയില്‍ കുത്തിയിരുന്നു.


ബോധാബോധങ്ങളുടെ നേര്‍ത്ത നൂലിഴ എവിടെയോ പൊട്ടി.


ഇരുട്ടിന്റെ ആഴങ്ങളിലേക്ക് നൂണിറങ്ങിക്കറങ്ങി ബോധം യാത്രയായി.


*****************************************





വെളിച്ചത്തിലേക്ക് പുനരാനയിക്കപ്പെട്ടപ്പോള്‍ പിറ്റേന്ന് രാവിലെ 11 മണിയായിരുന്നു. വെളുത്ത അമ്പാസിഡര്‍ കാറിന്റെ പിന്‍സീറ്റില്‍ അച്ഛനും അളിയനും നടുവില്‍ ഒരു തടവുപുള്ളിയായി സഞ്ചരിക്കുകയായിരുന്നു ഞാനപ്പോള്‍.

തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രി.പ്രസവത്തിന് പേരു കേട്ട ആ ആശുപത്രിയില്‍ ഏഴാം നില ഞങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. ഇരുമ്പുചങ്ങല പുട്ടിയ വാതില്‍ ഏഴാം നിലയില്‍ നിന്നും മറ്റുള്ളവരെ കാത്തു രക്ഷിക്കുന്നു. ആറുനിലകളിലും പിറവിയുടെ ചേതനകളാണ്. മറ്റേതോ ലോകത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവരുന്നവര്‍. ഏഴാം നിലയില്‍ ഞങ്ങള്‍ ഭ്രാന്തന്മാര്‍. മറ്റേതോ ലോകത്തിലേക്ക് തിരികെ മടങ്ങുന്നവര്‍.

ഉണ്ടക്കണ്ണും കഷണ്ടിയും വേണ്ടതിലധികം കീറിയ വായും ഉള്ള ആ ഡോക്റ്റര്‍ വെള്ളാപ്പള്ളി നടേശനെ ഓര്‍മ്മിപ്പിച്ചു.

.................................................



ഞരമ്പുകളിലേക്ക് മരുന്നു സൂചി തുളച്ചുകയറുമ്പോള്‍ അസഹ്യമായ വേദന........പിന്നെ ഇരുട്ടിന്റെ ആഴങ്ങളിലേക്ക്..................അത് ഒരു പത്തുനില കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയപ്പെടുന്ന ഒരവസ്ഥയാണ്. ഇരുളിലേക്ക് പാഞ്ഞുപോകുമ്പോള്‍ എവിടെയോ പൂത്തിരികള്‍ മിനിമറയുന്നത് കാണാം.

ബോധം വീണുകിട്ടുന്ന അപൂര്‍വ്വനിമിഷങ്ങളില്‍ ഞാന്‍ ഏങ്ങിയേങ്ങിക്കരഞ്ഞു. കരച്ചില്‍ പിറുപിറുക്കലായി........... അട്ടഹാസമായി............ആക്രോശമായി...........

കിടക്കക്കെതിര്‍വശം ചുമരുംചാരി തോര്‍ത്തുമുണ്ടാല്‍ കണ്ണീരൊപ്പിയിരിക്കുന്ന അച്ഛന്‍ മാത്രം.



ബോധാബോധങ്ങളുടെ ഏറ്റുമുട്ടലിനിടയില്‍ ഒരു ദിനം അവന്‍ ഉള്ളിലിരുന്ന് ചോദിച്ചു.

“നിനക്കിവിടെ നിന്ന് രക്ഷപ്പെടണോ................”

“ വേണം................വേണം....................” ഞാനുറക്കെ വിലപിച്ചു.

“ഏങ്കില്‍ ആ വൃദ്ധന്റെ കഴുത്ത് ഞെരിക്ക്............എന്നിട്ട് കതകിന്റെ കുറ്റിയെടുത്ത് പുറത്തേക്കിറങ്ങ്....”



ഭ്രാന്ത് ഞരമ്പുകളിലേക്ക് ഇരച്ചു കയറി. അഞ്ചോളം ദിനങ്ങളായി തുളച്ചുകയറിയ സൂചികള്‍ ശരീരത്തില്‍ അരിപ്പ തീര്‍ത്തിരിക്കുന്നു. തൂങ്ങിയാടുന്ന കണ്‍പോളകളെ വലിച്ചുയര്‍ത്തി പിതാവിന് നേരെ നടക്കുമ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.



അതവളാണ്, എന്റെ ഭാര്യ............ബര്‍ദുബായിയിലെ കുടുസ്സുമുറിയില്‍ അവളേയും മകളെയും തനിച്ചാക്കിയാണ് ഞാന്‍ നാട്ടിലെത്തിയത്. ശബരിമല ശാസ്താവിനെ തൊഴുതത്. ഭ്രാന്തനായത്.



“ എന്തു പറ്റി കുട്ടാ നിനക്ക്.............” കാതങ്ങള്‍ക്ക് അകലെനിന്ന് ഒരു തണുത്ത കാറ്റ് പോലെ, നനുത്ത മഴ പോലെ അവള്‍ എന്നിലേക്ക് പെയ്തിറങ്ങി.

“ എനിക്ക് എനിക്ക്...............................എനിക്ക് വയ്യെന്റമോളേ................” കണ്ണീര്‍ച്ചാലുകള്‍ ഭ്രാന്തമായി കുത്തിയൊലിക്കുകയായിരുന്നു. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.

“ കരയല്ലെ കുട്ടാ....................എല്ലാം നേരെയാകും..............ഞാനും മോളുമില്ലേടാ നിനക്ക്..............കരയല്ലെടാ...........കരയല്ലേ......................” അവള്‍ കരയാന്‍ തുടങ്ങി



അലറിപ്പാഞ്ഞ ഞരമ്പുകളെല്ലാം നിശ്ചലമായ മാതിരി. ഒരു നിമിഷനേരത്തേക്ക് ബോധത്തിന്റെ മാത്രമായ ലോകത്തേക്ക്.

ഞാന്‍ അവളോട് പറഞ്ഞു “ എനിക്ക് ഇവിടെ പറ്റില്ല മോളേ..............മയക്കുമരുന്ന് കുത്തിവച്ച് കുത്തിവച്ച് ഇവര്‍ എന്നെ കൊല്ലും............എനിക്കിവിടെ വേണ്ടാ................”



“ വേണ്ട........എന്റെ മോന്‍ അവിടെ കിടക്കണ്ടാ..............മാറ്...മോനിഷ്ടമുള്ള എവിടേക്കെങ്കിലും മാറ്........”

.......................................................



അവള്‍ വിളിച്ചതിന്റെ പിറ്റേന്ന് ഞങ്ങള്‍ അവിടെ നിന്ന് പാടിയിറങ്ങി. നടന്ന് പടികയറി ഏഴാം നിലയിലേക്ക് പോയ ഞാന്‍ ചക്രക്കസേരയില്‍ ഒടിഞ്ഞു മടങ്ങി നാക്ക് പുറത്തേക്കിട്ട് ലിഫ്റ്റില്‍ പറന്നിറങ്ങി.



................................................

അടുത്തത് പേരൂര്‍ക്കടയിലുള്ള ഒരു മാനസികരോഗവിദഗ്ദ്ധന്റെ വീടായിരുന്നു. എന്നെ പുറത്തിരുത്തി അച്ഛന്‍ അകത്തേക്കു പോയി.

ഓരോ ഭ്രാന്തനും അറിയപ്പെടാത്ത എഴുത്തുകാരന്റെ പുസ്തകമാണ്. അവന് മുഖവുരകള്‍ ആവശ്യമാണ്. അവതാരികകളും.

അത് സ്വാത്തിക സ്വഭാവമുള്ള വൃദ്ധനായ ഒരു ഡോക്ടറായിരുന്നു. പരിശോധനാമുറിയില്‍ ഓടി നടന്ന എന്നെ വാത്സല്യത്തിന്ടെയും കൌതുകത്തിന്റ്റേയും നിറമുള്ള കണ്ണുകളാല്‍ അദ്ദേഹം സ്വന്തം ക്ലിനിക്കിലേക്ക് പറഞ്ഞയച്ചു.

അതൊരു പഴയ വീടാണ് . മുറ്റത്ത് നിറയെ ചാമ്പമരങ്ങള്‍ പൂത്തുനില്‍ക്കുന്നു. ഇടിഞ്ഞ് പൊളിഞ്ഞ ചുമരുകള്‍. അട്ടഹാസങ്ങളും ഞരക്കങ്ങളും തളം കെട്ടിനില്‍ക്കുന്ന മുറികള്‍ . വരാന്തയില്‍ ഭ്രാന്തന്മാര്‍ കൂട്ടം കൂടി നില്‍ക്കുന്നു. ടി.വീ. കാണുന്നു. കൊത്തന്‍ കല്ല് കളിക്കുന്നു.



“ എനിക്ക് വയ്യേ................എനിക്കീ ഭ്രാന്തന്മാരോടൊപ്പം കീടക്കാന്‍ വയ്യേ.............” ഞാന്‍ നിലവിളിച്ചു.

ഭ്രാന്തന്മാര്‍! അവര്‍ എന്നെ നോക്കി ചിരിച്ചു.

അവര്‍ ഭ്രാന്ത് മാറിയവരാണ്. പുതുലോകത്തേക്ക് തിരിച്ചുവന്നവരാണ്.

ഉന്മാദത്തിന്റെ പാരമ്യത്തില്‍ ഞാന്‍ അലറിവിളിച്ചു. “ എന്നെ രക്ഷിക്കണേ.........................”



രണ്ട് തടിമാടന്മാര്‍ എന്നെ തൂക്കിയെടുത്ത് കിട്ക്കയിലേക്ക് കൊണ്ടുപോയി. അരക്കെട്ടിലേക്ക് സൂചി ആഴ്ന്നിറങ്ങി. ഇരുട്ടിലേക്ക് ഞാനും.

ഇരുളിന്റെ ഏതോ ഒരു നാഴികയില്‍ അവള്‍ എന്നെ വീണ്ടും വിളിച്ചു.

ദിനംതോറുമുള്ള അവളുടെ വിളികളാണ് എന്നെ നിലനിര്‍ത്തുന്നത്. എന്റെ ബോധാബോധങ്ങളുടെ നേര്‍ത്തനൂലിഴ അവളുടെ ശബ്ദം മാത്രമാണ്. അതില്‍ ഞാന്‍ ഭൂമിയിലേക്ക് തിരിച്ചു വരും. എന്റെ മകളുണ്ട് അവളോടൊപ്പം, കാതങ്ങള്‍ക്കപ്പുറം

എന്നെ ജീവിപ്പിക്കുന്നത് ആ ഓര്‍മ്മകളാണ്. ആ സാമീപ്യമാണ്.

“ മോളേ............എനിക്ക് വയ്യ............ചുറ്റും ഭ്രാന്തന്മാരാണ് മോളേ...........എനിക്കിവിടെ വയ്യാ..............”

ഞാന്‍ ഫോണിലൂടെ അലറിക്കരഞ്ഞു.

അവളും തേങ്ങി ,” ഒന്നു രണ്ടു ദിവസത്തേക്കല്ലേ കുട്ടാ..............ഒന്ന് ക്ഷമിക്ക്........എന്നെയോര്‍ത്ത്.........ദൈവത്തെ ഓര്‍ത്ത്.......................നമ്മുടെ മകളെ ഓര്‍ത്ത്.........”
ഓര്‍മ്മകള്‍ പുകച്ചുരുളുകളായി തിരികെയെത്തി. നിന്നെ, മകളെ അല്ലാതെ ഞാനാരെ ഓര്‍ക്കാന്‍. ഞാന്‍ ആര്‍ക്കു വേണ്ടി ജീവിക്കാന്‍...................., നിനക്കുവേണ്ടി...........നമ്മുടെ മകള്‍ക്കു വേണ്ടി.............ഞാന്‍ ഈ ചങ്ങലയില്‍ വീണ്ടും..................

അവള്‍ക്ക് വല്ലാത്തൊരു ശക്തിയുണ്ട്. എനിക്കങ്ങ്നെ തോന്നി. എന്റെ ബോധമണ്ഡലം കയറു പൊട്ടിക്കുന്ന നിമിഷങ്ങളില്‍ ഏഴു കടലുകള്‍ക്കപ്പുറത്ത് അവളത് കാണും. ആ വിളിയില്‍ , സ്നേഹത്തില്‍, ആ ഉപദേശങ്ങളില്‍ ഞാന്‍ അടങ്ങി, ഞാന്‍ മടങ്ങി, ഈ ലോകത്തേക്ക്...........................

...................................................

ചികിത്സ പിന്നെയും നീണ്ടു. വീണ്ടും ആശുപത്രി മാറി. ശാസ്തമങലത്ത് ഒരു ഗുരുവിന്റെ പേരിലുള്ള ആശുപത്രിയിലായിരുന്നു അവസാനം.

ഒടുവില്‍ .................................

പതിമൂന്ന് ദിനങ്ങളുടെ ഉന്മാദത്തിന്റെ ലോകത്ത് നിന്ന് ഞാന്‍ താഴെയെത്തി. ഒരു മനുഷ്യനായി.........വികാരവും വിവേകവും ഉള്ള ഒരു സാദാ ജീവിയായി. വീടിന്റെ ഉമ്മറപ്പടിയില്‍ എന്നെ കെട്ടിപ്പിടിച്ച് അമ്മ പൊട്ടിക്കരഞ്ഞു.

“ പോട്ടെ അമ്മേ...............എല്ലാം പോട്ടെ.................” ഞാനും കരഞ്ഞു.

തിരികെ മടങ്ങണം. അവധി കഴിയാറായി. ഒരു ദിനം വൈകിയാല്‍ പുറത്താണ്. കേരളമല്ല ദുബായി.

അവള്‍ വിളിച്ചില്ല ഇതുവരെ.....ഈശ്വരന്മാരേ...............എന്നെ രക്ഷിച്ചത് അവളാണ്. അവളുടെ വാക്കുകള്‍, സ്നേഹം, സ്വാന്തനം...അതിലാണ് എനിക്ക് ജീവിതം തിരിച്ചു കിട്ടിയത്. ഒന്നു കണ്ടിരുന്നെങ്കില്‍ ഒന്നു കെട്ടിപ്പിടിച്ചിരുന്നെങ്കില്‍...................

ഫോണില്‍ ഞാനവളെ വിളിച്ചു. വീണ്ടും വീണ്ടും..........ബല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ല. അവള്‍ ജോലിസ്ഥലത്താണ്. സമയത്തെക്കുറിച്ചു പോലും എനിക്കൊരു ബോധവുമില്ല. രാത്രി എട്ടു മണിക്ക് മുന്‍പ് അവളെ വിളിക്കുന്നതെങ്ങിനെ?.......

വൈകുന്നേരം ക്ഷേത്രത്തില്‍ പോയി. അമ്മയുടെ വഴിപാടായിരുന്നു. കളഭം ചാര്‍ത്തിയ ദേവിയുടെ ചുണ്ടുകളില്‍ ഒരു കുസൃതിയുടെ നാളം. “അമ്മേ..........എല്ലാം നിന്റെ പരീക്ഷണങ്ങള്‍”.

രാത്രി എട്ടു മണിക്ക് ലാന്‍ഡ് ലൈനില്‍ ഒരു ഫോണ്‍. ഓടിച്ചെന്നെടുത്തു. അമ്മാവനാണ്. അവളുടെ അച്ഛന്‍.

“ അമ്മാവാ.............ഞാനാണ്..........”

‘അച്ഛനില്ലേ അവിടെ..............ഒന്നച്ഛന് കൊടുക്ക്.............”

പതിമൂന്നു നാളുകളിലെ ദിനപത്രത്തില്‍ മുഖം പൂഴ്തിയിരുന്ന അച്ഛന്‍ ഫോണ്‍ ഏറ്റുവാങ്ങി. അച്ഛന്റെ കണ്ണുകള്‍ അകാരണമായി പുറത്തേക്ക് തള്ളുന്നത് കണ്ട് ഞാനടുത്തു ചെന്നു. റിസീവറിലൂടെ ഞാന്‍ ഇത്രയും വ്യക്തമായി കേട്ടു.

“ നിങ്ങളുടെ മകന്‍ എന്റെ മകളെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നു. അത് നിങ്ങള്‍ പറഞ്ഞുവിലക്കണം. എന്റെ മകള്‍ക്ക് ഇങ്ങ്നെയൊരു ഭ്രാന്തനെ ഭര്‍ത്താവായി ആവശ്യമില്ല”

“ എന്തായീ പറയുന്നേ അച്യുതാ.................അവള്‍ അവനെ എല്ലാദിവസവും വിളിക്കുന്നതല്ലേ.........അവര്‍ തമ്മില്‍ സംസാരിക്കുന്നതല്ലേ..............എന്നിട്ട് നീയിങ്ങനെ.......................”

“എന്റെ മകള്‍ അവനെ വിളിച്ചെന്നോ........കൊള്ളാം........ഒരൊറ്റ ദിവസം പോലും അവള്‍ അവനെ വിളിച്ചിട്ടേയില്ല. അവന് ഭ്രാന്തല്ലേ.........അവളല്ല അമേരിക്കന്‍ പ്രസിഡന്റുവരെ വിളിച്ചെന്ന് അവനു തോന്നും. ദയവുചെയ്ത് എന്റെ മകളെ ഉപദ്രവിക്കരുത്. എന്റെ കുടുബം എങ്ങെനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ................................”

കൂ.................കൂ................എന്നൊരു പരിഹാസത്തോടെ ഫോണ്‍ നിശ്ചലമായി.

“കള്ളം....................പച്ചക്കള്ളം................അവള്‍ എന്നെ വിളിക്കാറുണ്ട്..........ദാ...........ഇന്നലെയും വിളിച്ചു.അമ്മാവന്‍ കള്ളം പറയുന്നതാണ്. ..............എന്നെയും അവളെയും ചതിക്കുകയാണ്...........സംശയമുണ്ടെങ്കില്‍ ഈ ഫോണൊന്നു നോക്ക്” ഞാന്‍ മൊബൈല്‍ ഫോണ്‍ അച്ഛനു നേരെ നീട്ടി.

പതിമൂന്നു ദിനങ്ങള്‍ക്കിപ്പുറം യാതൊരു entry യുമില്ലാത്ത ആ ഫോണ്‍ അച്ഛന്റെ വിറയാര്‍ന്ന വിരലുകളില്‍ നിന്ന് താഴേക്കു വീണു.

അച്ഛാ....................! അമ്മേ.................എനിക്ക് കുളിരണൂ........................വല്ലാതെ.........................”


Sunday, November 8, 2009

കുടിയൊഴിഞ്ഞ കേരളം

കരിമീന്‍ ജനിച്ചപ്പോള്‍ കുടിയുണ്ടായിരുന്നു. എനിക്ക് മാത്രമല്ല , നാട്ടില്‍ മുഴുവന്‍.

പണിക്കക്കുടി, ചൂത്തരക്കുടി, മേത്തക്കുടി, ഈഴക്കുടി, പറക്കുടി, പുലക്കുടി.......................................... അങ്ങിനെ അങ്ങിനെ.............

എല്ലാം കുടികള്‍,

അന്ന് വീടുകളില്ലായിരുന്നു. ഭവനങ്ങള്‍, വില്ലകള്‍ ഒന്നുമില്ല.

ഞങ്ങളെല്ലാം ഓരോ കുടികളില്‍ ജനിച്ചവര്‍

ആദ്യം ചൂത്തരന്‍ (നായര്‍ എന്നും പറയുമെന്ന് തോന്നുന്നു) കുടിയില്‍ നിന്ന് പുറത്തായി. അവന്റേത് വീടായി.

നായരെ വീട്, കുറുപ്പിന്റെ വീട്.

അടുത്ത പ്രമോഷന്‍ ഈഴവന്റേതായിരുന്നു. അങ്ങിനെ ഈഴക്കുടിയും പോയി.

പേര്‍ഷ്യയില്‍ പോയി വന്ന് മാളികയും മൊസേക്കും വച്ചപ്പോള്‍ മേത്തക്കുടിയും നിന്നു.

മന്‍സിലുകളായി.

മറ്റുള്ളവര്‍ കുടി തുടര്‍ന്നു.

എണ്‍പതുകളുടെ മധ്യത്തില്‍ നാട്ടില്‍ കുടി നിര്‍ത്തി.

കുടി പോയപ്പോഴാണ് ഞങ്ങള്‍ കുടി തുടങ്ങിയത്. കറുത്ത ബോര്‍ഡിലെ വെളുത്ത അക്ഷരം ഞങ്ങളെ കുടിയിലേക്ക് കൊണ്ടു പോയി.

നാട്ടില്‍ കുടിയുണ്ടായിരുന്ന കാലത്തും പട്ടന്മാര്‍ക്ക് കുടിയില്ലായിരുന്നു. അവര്‍ കുടിക്കത്തുമില്ലായിരുന്നു.

അങ്ങത്തയുടെ മഠം, പട്ടരു മഠം.................അതൊക്കെയായിരുന്നു.

പട്ടരുവീട്, പട്ടക്കുടി!.........ഇല്ലേയില്ല.

മഠത്തില്‍ നിന്ന് പിന്നാക്കമെത്തുമ്പോള്‍ മാടമാകുന്നു.

മാടത്തിന് ജാതിയില്ല.

നാല് ഓല കുത്തിമറച്ച വീട്ടില്‍ കിടക്കുന്നവനൊക്കെ മാടക്കാരന്‍ തന്നെ

പോങ്ങില്ലാത്ത നായരും ഈഴവനും ഒക്കെ മാടത്തില്‍ കിടന്നു.

ഗതികിട്ടാനായി മാടക്കാരന്‍ കടതുറന്നു. അത് മാടക്കടയായി. മാടം പോലത്തെ കട.

തൊണ്ണൂറുകള്‍ വരെ മാടക്കട നിന്നു. പിന്നെ പെട്ടിക്കടയായി. പീഞ്ഞപ്പെട്ടി അടിച്ചുകൂട്ടിയ പെട്ടിക്കടകള്‍.

മാടക്കടയുടെ തൂണില്‍ ചാക്കും മടലും തീര്‍ത്ത ഫ്രെയിമില്‍ ചാരിയാണ് സീമ നിന്നിരുന്നത്. ഐ.വി.ശശി കൊടുത്ത ഷര്‍ട്ട് മാത്രമിട്ട് തുടമുഴുവന്‍ കാണിച്ച് സീമ.

ചാക്ക് കടക്കാരന്റെ വക. പോസ്റ്ററ് കൊട്ടകക്കാരന്റെ വക.സീമ ശശിയുടെ വക. ചാക്കില്‍ സീമയെ തൂക്കിയിടുന്നതിന് ഒരു ടിക്കറ്റ് ഫ്രീ........ബാല്‍ക്കണിയല്ല. തറ..........അതുകൊണ്ട് എല്ലാ മാടക്കടക്കാരും എല്ലാ വെള്ളിയാഴ്ചയും പുതിയ സിനിമ കണ്ടിരുന്നു.

അപ്പം അങ്ങിനെയായിരുന്നു കാര്യങ്ങള്................................ ഇനി പിന്നെക്കാണം

Tuesday, October 20, 2009

കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം പാടില്ല എന്ന് ലൌകികരായ നമുക്കൊക്കെ അറിയാം.

നമ്മള്‍ പിള്ളേരെ കോളേജില്‍ അയക്കുന്നത് പഠിക്കാനാണ്. രാഷ്ട്രീയം കളിക്കാനല്ല.

ചില ലോക്കല്‍ നേതാക്കന്മാരുടെ ചട്ടുകമായാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

സ്വന്തം മക്കളുടെ ഭാവി കരുപ്പിടിപ്പിക്കാനാണ് മാതാപിതാക്കള്‍ മക്കളെ കോളേജിലയക്കുന്നത്. അവന്‍ അവിടെ ഇങ്ക്യിലാബും കത്തിക്കുത്തും പഠിച്ച് നടക്കുമ്പോള്‍ തകരുന്നത് ഒരു കുടുബമാണ്. ഒപ്പം ഒരു സമൂഹവും.

ബസ്സിന് കല്ലെറിയല്‍, തീവയ്പ്, കത്തിക്കുത്ത്, ചാപ്പകുത്ത് തുടങ്ങിയ കലാപരിപാടികളാണ് ഇന്നത്തെ വിദ്യര്‍ത്ഥി രാഷ്ട്രീയം. ഈ മഹാവിപത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാനാണ് കലാലയ രാഷ്ട്രീയം നിരോധിക്കണം എന്ന് പറയുന്നത്.

അതുകൊണ്ടാണ് നമ്മള്‍ മാര്‍ ഇവാനിയോസ് കോളേജ് മാനേജ്മെന്റും, സെന്റ് തെരാസസ് കോളേജ് മാനേജുമെന്റുമൊക്കെ കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതിയില്‍ പോയത്. വിധി സമ്പാദിച്ചത്. ഞങ്ങളുടെ കോളേജില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കുന്നത്.

പിന്നെ കാമ്പസുകളില്‍ കെ.എസ്.യു വിനെ പുനര്‍ജീവിപ്പിക്കാന്‍ രാഹുല്‍ മോന്‍ വന്നപ്പോള്‍ ഞങ്ങള്‍ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചത്. അതു പിന്നെ നിങ്ങക്കറിഞ്ഞൂടെ അണ്ണാ...........

ഈ നിരോധനം എന്നത് എസ്.എഫ്.ഐ.ക്ക് മാത്രമല്ലേ അണ്ണാ...............................

അവരില്ലാത്ത കാമ്പസ്! ഹാ---------------------എത്രമനോഹരം

Monday, October 19, 2009

കെ.വേണുവിനെപ്പറ്റിതന്നെ

കെ.വേണു സത്യസന്ധനായൊരു മനുഷ്യനാണ്. പ്രസംഗത്തിലല്ല, പ്രവൃത്തിയില്‍ തന്നെ വേണം ആദര്‍ശം എന്ന് ശഠിക്കുന്ന അപൂര്‍വം മനുഷ്യരിലൊരാള്‍. തനിക്കു ശരി എന്ന് തോന്നുന്നത് വിളിച്ചു പറയാന്‍ പ്രത്യയശാസ്ത്രമോ, പ്രതിബദ്ധതയോ തടസ്സമാകാത്ത ഒരാള്‍. സമര തീഷ്ണമായ യൌവ്വനം, ബലികഴിക്കപ്പെട്ട ജീവിതം,ഹോമിക്കപ്പെട്ട പ്രണയം, സൌഹൃദം ഇതെല്ലാമാണ് കെ.വേണു.

ആസിയാന്‍ കരാറിനെ, എക്സ്പ്രസ്സ് ഹൈവയെ ഒക്കെ അനുകൂലിക്കാന്‍ തനിക്ക് തോന്നിയാല്‍ അത് തുറന്നെഴുതാനുള്ള ആര്‍ജ്ജവം വേണുവിനുണ്ട്. ഇക്കഴിഞ്ഞ മാതൃഭൂമി ലേഖനത്തിലും അദ്ദേഹം അത് തുടരുന്നു. പക്ഷേ ആസിയാന്‍ അനുകൂല ലേഖനം എഴുതിവന്നപ്പോള്‍ പ്രതികൂലമായോ എന്ന് സംശയം.

നഷ്ടയൌവ്വനങ്ങളുടെ തിരുശേഷിപ്പുകള്‍ വിറ്റു ജീവിക്കുന്ന മുന്‍ നക്സലൈറ്റുകളുടെ കൂടാരമാണ് കേരളം. പരിസ്ഥിതി, സ്ത്രീ, ദളിത് പ്രസ്ഥാനങ്ങളിലെല്ലാം ഈ റിസര്‍വേഷന്‍ ടിക്കറ്റ് അവര്‍ ഉപയോഗിക്കുന്നു. സാധാരണക്കാരന്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ജനകീയ പോരാട്ടങ്ങളില്‍ അണി ചേര്‍ന്ന് അവയെ ഹൈജാക്കു ചെയ്യുന്ന ഒരു വിഭാഗം. (യൌവനം നഷ്ടപ്പെടാത്ത വിപ്ലവവുമായി ഈ പ്രസ്ഥാനങ്ങളുടെ പിന്നണിയില്‍ നിന്ന് അവര്‍ക്ക് ആശയും ആവേശവും പകരുന്ന മനുഷ്യസ്നേഹികളെയല്ല, ചാനല്‍ ചര്‍ച്ചകളില്‍ സമരങ്ങളുടെ മൊത്തം വക്താക്കളായി രംഗത്ത് വരുന്ന മെയ്യനങ്ങാ സ്നേഹികളെയാണ് ഉദ്ദേശിച്ചത്).

ഇതില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് കെ.വേണു. ഒരു പക്ഷേ ചാനല്‍ ചര്‍ച്ചകളില്‍ ഏറ്റവും കുറച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ള ബുദ്ധിജീവി വേണുവാകണം. ചെങ്ങറ സമരത്തിലോ, ദളിത് തീവ്രവാദത്തിലോ ഒരു ചര്‍ച്ചയുടേയും കേന്ദ്രബിന്ദു വേണുവായില്ല. എന്നാല്‍ നമ്മുടെ സ്ഥിരം ചര്‍ച്ചിലുകളെക്കാള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സര്‍വഥാ യോഗ്യനാണ് കെ.വേണു.

ഡിക് ചിനിക്ക് വിടുപണിചെയ്ത് മടങ്ങിയ കോടീശ്വരന്‍ വരെ പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടി വാകീറീ പ്രതിഫലം കൈപ്പറ്റുമ്പോള്‍ ജീവിക്കാന്‍ വേണ്ടി കെട്ടിടം പണി ചെയ്യുന്ന ഒരു മുന്‍ നക്സലൈറ്റ്. ഒരു പക്ഷേ, കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഒരു കുന്തക്കാരന്‍ പത്രോസാകണം കെ.വേണു.

ഈ കെ.വേണുവിനോടുള്ള വ്യക്തിപരമായ എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ,

1, ഭാരതത്തിന്റെ മോചനത്തിനുള്ള മാര്‍ഗ്ഗം സായുദ്ധവിപ്ലവമാണ് എന്ന് 1948-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് തോന്നി.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ കെ.വേണുവിനത് 1970-ല്‍ തോന്നി

2, സായുധ വിപ്ലവത്തിലൂടെ അധികാരം നേടാനാവില്ല എന്നും ജനാധിപത്യമാണ് അഭികാമ്യം എന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് 1952-ല്‍ തോന്നി.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ കെ.വേണുവിനത് 1990-ല്‍ തോന്നി.

3, വര്‍ഗ്ഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന് 1988-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞു.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ വേണു 2002-ല്‍ ഇത് തിരിച്ചറിഞ്ഞു.

4,സ്വകാര്യവല്‍ക്കരണവും വികസനത്തിന് ആവശ്യമാണ് എന്ന് 1998-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞു.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ കെ.വേണു ൨൦൦൩-ല്‍ ഇത് തിരിച്ചറിഞ്ഞു.

കരിമീന്റെ സംശയം ഇതാണ്, കെ.വേണു എന്തിനാണ് ഇത്രയും വായിക്കുകയും പഠിക്കുകയുമൊക്കെ ചെയ്യുന്നത്. പഴയ ദേശാഭിമാനി മാത്രം വായിച്ചാല്‍ പോരെ!

Tuesday, October 13, 2009

ആരില്‍നിന്നുള്ള സ്വാതന്ത്ര്യം!

ആസിയാന്‍ കരാര്‍ , ജനകീയ പ്രതിരോധത്തിന്റെ കരുത്ത് അധികാരിവര്‍ഗ്ഗത്തെ പിടിച്ചു കുലുക്കി എന്ന് കരാറിനെ അനുകൂലിച്ച് വന്‍ തോക്കുകള്‍ രംഗത്തു വരുന്നതില്‍ നിന്നും മനസ്സിലാക്കാം.
ആസിയാന്‍ കരാറിനെക്കുറിച്ചല്ല ഈ പോസ്റ്റ്. ഇത് ചരിത്രത്തിന്റെ ഒരു പുനര്‍ വായനയാണ്.

ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ്, നാട്ടു രാജ്യങ്ങളുടെ സമ്പത്തും സ്വത്തും ഊറ്റിക്കുടിച്ച് സാമ്രാജ്യത്വം ഊറ്റം കൊള്ളുന്ന സമയം. ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ആയിരമായിരം ദേശാഭിമാനികള്‍ ജീവന്‍ ബലി നല്‍കുന്ന കാലഘട്ടം.

ഭാരതത്തിലെ കാര്‍ഷിക ജനതയുടെ ചോരയും നീരും ഊറ്റിക്കുടിക്കുന്നതിനെതിരെ , അടിമക്കരാറുകളീലൂടെ മാതൃരാജ്യത്തിന്റെ സമ്പദ് ഘടനയെ കൊള്ളയടിക്കുന്നതിനെതിരെ ഒരു ധീര ദേശാഭിമാനി ലേഖനം എഴുതി. 1934-ല്‍ , തിര്‍ഊരിലെ ഗ്രാമീണ ഗ്രന്ഥമാല എന്ന പ്രസാധനാലയം അവരുടെ പരമ്പരയിലെ രണ്ടാം നമ്പരായി പ്രസിദ്ധീകരിച്ച ആ ലഘുലേഖയിലെ വാചകങ്ങള്‍ ഇന്നും പ്രസക്തമായി തോന്നുന്നതിനാല്‍ ഇവിടെ എടുത്തെഴുതുന്നു.
“ കര്‍ഷകരേയും തൊഴിലാളികളേയും മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന സമ്പദ് ഘടനയെ മുതലാളിത്തം എന്ന് പറയാമെങ്കില്‍ ഇന്ത്യ മുതലാളിത്തത്തിന്റെ പരിപൂര്‍ണ്ണമായ പിടിയിലാണ് വര്‍ത്തിക്കുന്നത്.
അന്യ രാജ്യങ്ങളില്‍ ആധിപത്യം സമ്പാദിക്കാന്‍ ശ്രമിക്കുന്നവര്‍ ആധിപത്യത്തിനുള്ള ആഗ്രഹം കൊണ്ടല്ല അങ്ങിനെ ചെയ്യുന്നത്. അത് സമ്പത്തിക ലാഭത്തിന്റെ മുന്‍ ഗാമിയാകുമെന്നു കണ്ടിട്ടാണ്. ബ്രിട്ടീഷ് കോയമയും ബ്രിട്ടീഷുകാരുടെ സമ്പത്തികാഭിവൃദ്ധിയെ കരുതിയാണ് ഇന്ത്യയെ പിടികൂടിയതും വിടാതെ പിടിച്ചുകൊണ്ടിരിക്കുന്നതും.
ഇന്ത്യയുടെ സാമ്പത്തിക ചൂഷണമാണ് ബ്രിട്ടീഷുകാരുടെ ഉദ്ദേശ്യമെന്ന് അവര്‍ ഇന്ത്യയില്‍ വന്ന മുതല്‍ക്കുള്ള ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്.
പണ്ടുകാലത്ത് ഇന്ത്യയിലെ കൃഷി, മറ്റുതൊഴിലുകളെപ്പോലെ, സ്വതന്ത്രമായിരുന്നു. അതിന്റെ ഉല്പത്തിയും ഉപഭോഗവും ഇവിടെതന്നെയാണ്. ഊണിനും ഉടുപ്പിനും വേണ്ട ഉപകരണമെല്ലാം കൃഷി കൊണ്ടും കൈത്തൊഴില്‍ കൊണ്ടും ഉള്‍നാടുകളില്‍ തന്നെ നിര്‍മ്മിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അങ്ങിനെയല്ല. ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ചെറുതായ ഒരനക്കമുണ്ടായാല്‍ അതിന്റെ അല മലബാറിലെ ഓരോ ഓണം കേറാമൂലകളിലും ചെന്നടിക്കുകയായി.

പണ്ടത്തെപ്പോലെ മലയാളി ഇന്ന് കൃഷിചെയ്യുന്നത് ഭക്ഷണത്തിനല്ല, വില്പനക്കാണ്. അനഭ്യസ്ത വിദ്യനായ ഒരു തെങ്ങിന്‍ തോട്ടക്കാരന്‍ സിലോണിന്റെ ചുങ്കനയസംബന്ധമായ ഓരോ കാല്‍ വയ്പും സൂക്ഷിക്കേണ്ടിയിരിക്കുന്നു. സയാമോ ഇന്‍ഡോ ചൈനയോ ഒന്നെഴുനേറ്റാല്‍, മലബാറിലെ അര്‍ധ നഗ്നനായ കണ്ട്ം കൃഷിക്കാരന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ലണ്ടനിലോ വാഷിഗ്ടണിലോ വച്ച് അതിസൂത്രക്കാരായ നാല് സായിപ്പന്മാര്‍ എഴുതി കൈമാറിയ ഒരു കടലാസ്സ് തുണ്ട് അനേകം പാവങ്ങളെ വയനാട്ടിലേക്കും മലായിലേക്കും കൂലിപ്പണിക്ക് മാടിവിളിക്കുന്നു.

ചുരുങ്ങിയ നിരക്കില്‍ ഇംഗ്ലീഷ് സാമാനങ്ങള്‍ക്ക് ചുങ്കം ചുമത്താന്‍ ഇന്ത്യയും ഇന്ത്യന്‍ സാമാനങ്ങള്‍ക്ക് ഈ വിധം സവിശേഷ സൌജന്യം അനുവദിക്കാന്‍ ഇംഗ്ലണ്ടും ഒരുങ്ങണമെന്നാണ് സാമ്രാജ്യത്ത്വനായകന്മാര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ നേതാക്കന്മാരും വ്യവസായികളും ഈ ഏര്‍പ്പാടിനെ മുക്തകണ്ഠം എതിര്‍ക്കുന്നുണ്ട്. വ്യാവസായികമായി ഏറ്റവും പുരോഗതി പ്രാപിച്ചിട്ടുള്ള ഇംഗ്ലണ്ടിനു കഴിയുന്ന പോലെ ഉദാര പൂര്‍വം വ്യാപാരം നടത്താന്‍ ഇന്ത്യക്ക് കഴിവില്ലാത്തതിനാല്‍ ഇത്തരമൊരു സന്ധി ഒരു ഭീമകായനും കൃശഗാത്രനും തമ്മിലുള്ള സന്ധി പോലെയാണ് എന്ന് മഹാത്മജി അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു മിത വാദിയായ പണ്ഢിത മാളവ്യ ഈ കാരണത്താല്‍ നിയമസഭയില്‍ നിന്ന് രാജിവക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.“

ഇത് സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കഥയാണ്. ഇപ്പോ നമ്മള്‍ ഒരു സ്വതന്ത്രരാജ്യത്തെ പൌരന്മാരാണ്. അപ്പോ ഒന്ന് ചോദിച്ചോട്ടെ...........................ആരില്‍ നിന്നാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്?.

Monday, October 5, 2009

സിന്‍ഡിക്കേറ്റുകാരോട് സ്നേഹപൂര്‍വം

നിയമ സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. നമ്മുടെ തെരെഞ്ഞെടുപ്പ് കാല ചര്‍ച്ചകള്‍ എന്തായിരിക്കും. തെരെഞ്ഞെടുപ്പ് കാലത്ത് യാദൃശ്ചികമായി ഉണ്ടാകുന്ന നിസ്സാര സംഭവങ്ങള്‍, അല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രമുഖ നേതാവിന്റെ വീണ്‍ വാക്കുകള്‍ (പലപ്പോഴും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നവ) തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന ദുരനുഭവം നമ്മുടെ സംസ്ഥാനത്ത് മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്. തെരെഞ്ഞെടുപ്പ് സംവാദം ഇങ്ങനെ വഴിതെറ്റിപ്പോകാതിരിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമ പ്രവര്‍ത്തകരും അങ്ങേയറ്റത്തെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

(വി.എസ്. അച്യുതാനന്ദന്‍- 1176 മീനം -02)

Saturday, October 3, 2009

എന്റെ ദൈവമേ..............ദൈവമേ..............

ആകാശോം ഭൂമിയുമെന്നുണ്ടായി
മാനത്തെ നച്ചത്രമെന്നുണ്ടായി
നീപോയി കണ്ടോ നിന്റമ്മേം കണ്ടോ
നീയും നിന്റമ്മനും കൂടിക്കണ്ടോ........


"ആകാശത്തേക്ക് റോക്കറ്റയക്കുന്ന ശാസ്ത്രജ്ഞന്‍ എന്തിനാണ്‍ തേങ്ങയുടക്കുന്നത്" വൈക്കം വിശ്വന്‍

അത്
അന്ധവിശ്വാസമല്ല മഹത്തായ ഭാരതീയ സംസ്ക്രിതിയുടെ ,പൈതൃകത്തിന്റെ, അത്മീയതയുടെ.......................മറുപടി ഇന്‍സ്റ്റന്റാണ്‍. ആരും തോറ്റു പോകും , വൈക്കം വിശ്വനും.

ആത്മീയതയുടെ തിരിച്ചുവരവില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചെടിപ്പുകൂടുതലാണ്‍.
ആത്മീയതയുടെ തിരിച്ചു വരവ് !

ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം !
മാടന്‍ കാവ് ഒടയതമ്പുരാന്‍ ഈ വാഹനത്തിന്റെ ഐശ്വര്യം.
(കുറ്റിക്കാട്ടില്‍ വടയക്ഷി ഇവളുടെ ഐശ്വര്യം എന്നെഴുതിയാല്‍ ഭാര്യയുടെ ചന്തിയിലും ഒട്ടിക്കാം)

ഇത് ഭക്തിയുടെ, ആത്മീയതയുടെ ഉയര്‍ത്തെഴുനേല്‍പ്പായി വിലയിരുത്തപ്പെടുന്നു. യുക്തി ബോധത്തിന്റെ, കമ്മ്യൂണിസത്തിന്റെ അടിത്തറകള്‍ പിളര്‍ന്ന് വളര്‍ന്നു വന്നൊരു ആല്‍ വൃക്ഷം.
ചരടു കെട്ടിയ ജീവിതങ്ങളാണ്‍ വഴി നീളെ..............,കറുപ്പ്, ചുവപ്പ്, മഞ്ഞ, വെള്ള......... കൈത്തണ്ടയിലും അരയിലും കഴുത്തിലുമെല്ലാം യന്ത്രങ്ങള്‍, യന്ത്ര മനുഷ്യര്‍, രത്നഖനികള്‍...............
ഇത് ഭക്തിയുടെ രണ്ടാം വരവോ.................

ഇതൊരു വിപ്ലവമോ , ഉയര്‍ത്തെഴുനേല്പോ അല്ല. ഭക്തിയുടെ തുണിയഴിച്ചാട്ടമത്രേ........
പോയ കാലത്തിന്റെ ആഭിചാരങ്ങളും മന്ത്രവാദികളും പോയ മറഞ്ഞു.അല്ലെങ്കിലും അവ നീചരായ കീഴാള വര്‍ഗ്ഗത്തിന്റെ ചെപ്പടിവിദ്യകളായിരുന്നല്ലോ ?.ഭാരതത്തിലെ നിഴല്‍ക്കുത്തുമുതല്‍ ആധുനിക കേരളത്തിലെ ഒടിവിദ്യ വരെ കീഴാള സംസ്ക്രിതിയുടെ കൈമുതലുകളായിരുന്നു. ഇവക്ക് അന്നേ ഒരു വരേണ്യ ബദല്‍ അന്വേഷിച്ചിരുന്നു വിശ്വഹിന്ദു. അവിടെ മന്ത്രവാദി മരിക്കുകയും തന്ത്രി ജനിക്കുകയും ചെയ്തു. ആഭിചാരത്തിനെ കാവി പൂശി ഹോമവും യജ്ഞവുമാക്കി.ആടിനെ അഴിച്ചുവിട്ട് തന്റെ വാഴ തീറ്റിച്ച അയല്‍ക്കാരനെ "കുത്തിത്തച്ച് പ്രാകുന്ന അമ്മൂമ്മമാര്‍ പോയിമറഞ്ഞു. പഴയ പ്രാക്കിന്റെ മൊത്തക്കച്ചവടം തന്ത്രിക്കാണ്‍ , ശത്രുദോഷം എന്ന് ഓമനപ്പേര്‍.

അമ്പലം ഒരു സൂപ്പര്‍മാര്‍ക്കറ്റായി, ദൈവം ഒരു പരസ്യവും. പാക്കു ചെയ്തിട്ടുണ്ട് വിഭവങ്ങള്‍, ആവശ്യമുള്ളത് എടുക്കുക, ധനാകര്‍ഷണം, സുമഗല സൂത്രം, ലൈഗിക വര്‍ദ്ധിനി, സന്താന യോഗം.
പാക്കറ്റില്‍ തുക എഴുതിയിട്ടുണ്ട്, നാളും പേരും പറഞ്ഞ് അര്‍ച്ചിക്കുക, പൊതി എടുക്കുക, കൃത്യമായ തുക ഒടുക്കുന്നവനൊപ്പം ദൈവം വരുന്നു. ചരടായി, ഏലസ്സായി, ഭസ്മമായി...............ഏത് നീച കര്‍മ്മത്തിനും ദൈവം കൂട്ടിനുണ്ടെങ്കില്‍ പിന്നെന്ത്?.

അനന്തപുരം പത്മനാഭന്‍ മുതല്‍ തളിപ്പറമ്പ് ജഗന്നാഥന്‍ വരെ പിന്നോക്കം പോയി. ഭക്തരെക്കാത്ത് ഈച്ചയടിച്ചിരിക്കുന്ന നമ്മുടെ യഥാര്‍ത്ഥ ദൈവങ്ങള്‍. അവരുടെ കയ്യില്‍ സ്പെഷ്യല്‍ പാക്ക്റ്റുകളില്ലല്ലോ, അവര്‍ക്ക് വിഖ്യാത പൊങ്കാലകളില്ല, യന്ത്രങ്ങളില്ല, ചരടില്ല.
ഭക്തന്‍ ശാന്തിയും സമാധാനവും നാടിന്‍ ഐശ്വര്യവും പ്രദാനം ചെയ്തിരുന്ന ഇവരെ ആര്‍ക്ക് വേണം
നമുക്ക് ആറ്റുകാലമ്മയുണ്ട്, ചക്കുളത്തമ്മയുണ്ട്, കുട്ടിച്ചാത്തന്‍ സേവാ മഠങ്ങളുണ്ട്. ഉദ്യോഗസ്ഥരുടെ പ്രമോഷന്‍, കൈക്കുലി വര്‍ദ്ധന എന്നിവ മാത്രം നോക്കാന്‍ അനന്തപുരിയില്‍ ഹനുമാനുണ്ട്. ഇതൊന്നും സ്പെഷ്യലായി നോക്കാനാകാത്ത പത്മനാഭാ.......നിനെക്കെന്തിനര്‍ച്ചന...........

ജീവിതം മുഴുവന്‍ പിഴിഞ്ഞൂറ്റി മക്കള്‍ക്ക് നല്‍കി, അന്ത്യനാളുകളില്‍ അനാഥാലയത്തിന്റെ തിണ്ണ നിരങ്ങുന്ന മാതാപിതാക്കള്‍ക്കും ആശ്വസിക്കാം, മരിക്കുമ്പോള്‍ അതിഗംഭീര ചാവടിയന്തിരം. അത് അനാഥലയത്തിലല്ല , സ്വന്തം വീട്ടില്‍ , അല്ലെങ്കില്‍ ആഡിറ്റോറിയത്തില്‍, പിന്നെ പിതൃപൂജ , അന്നദാനം........തൃപ്തിയായി...............ഭക്തിയുടെ പുനര്‍ജന്മം!

വര്‍ഷങ്ങള്‍ പഠിച്ച് പാസ്സാകേണ്ട പരീക്ഷ ഒരു ചെറുചരടിനാല്‍ നേടിയെടുക്കാം, അയല്‍ക്കാരന്റെ ഭാര്യയെ ഒരു വിഭൂതിയാല്‍ പാട്ടിലാക്കാം. എത്രസുഖം ഇഹലോകജീവിതം, പൂന്താനം പോയിത്തുലയട്ടെ..........പ്രമോഷന്‍, സസ്പെന്‍ഷന്‍, ശസ്ത്രക്രിയക്ക്, എന്തിന്‍ അര്‍ശ്ശസ്സിനു വരെ മന്ത്രമുള്ളപ്പോള്‍ എന്തിന്‍ വെറുതേ ഇങ്ക്വിലാബ് വിളിക്കണം.

കുട്ടിക്കാലത്ത് വള്ളികളില്‍ ഊഞ്ഞാലാടിക്കളിച്ചിരുന്ന മാടന്‍ കാവുകളെവിടെ, യക്ഷിയുടെ മുടിപോലെ പൂത്തുകിടന്നിരുന്ന ഒലട്ടിമരമെവിടെ..........................
മാടനും മറുതയും പോയി, അറുകൊലയും പേയും, ചുടല മാടനും , കാലം ചെയ്തു. എല്ലാം കീഴാള ദൈവങ്ങള്‍. എവിടെയും പുനരുദ്ധാരണ മാമാങ്കങ്ങള്‍, തന്ത്രിമാര്‍ എഴുന്നള്ളുന്നു.ഉച്ചാടന പന്തലില്‍ കാവിക്കൊടി പാറുന്നു. (കീഴാള ദൈവങ്ങള്‍ ചെമ്പട്ടുടുത്ത കമ്മ്യൂണിസ്റ്റുകാരായിരുന്നു, അവര്‍ കോഴിച്ചോരയും പട്ടയും കഴിച്ചിരുന്നു.). കാളിയും കൃഷ്ണനും പീഡത്തിലേറുന്നു. ചെമ്പട്ടുടുത്ത് തുള്ളിയുറയുന്ന പറയന്‍ പുറത്തായി, മുടിയഴിച്ചാടുന്ന കുറത്തിയും പടിക്കു പുറത്ത്. ചരടു ജപിക്കുന്ന പോറ്റിയെത്തുന്നു. ഫലം പറയുന്ന തിരുമേനിയും, അര്‍ച്ചന, ഹോമം, യജ്ഞം.....................ഭക്തിയുടെ പുനരുദ്ധാരണം.

പടിയിറങ്ങിപ്പോയ എന്റെ ഭഗവതീ...................നിനക്കിരിക്കാന്‍ ഒരു പനമ്പട്ട പോലുമില്ലല്ലോ..........................
കീഴാള ദൈവങ്ങളെ പടിയിറക്കി. പക്ഷേ സമസ്ത ഹിന്ദുവല്ലേ.........ഒരു ഗഡു ക്ഷാമബത്തയെങ്കിലും കൊടുക്കണ്ടേ...........അബ്രാഹ്മണനും പൂജാരിയാകാം എന്ന് വിശാല ഹിന്ദു. പൂശാരി പറയനായാലും ദേവന്‍ ആര്യനാകട്ടെ.
ക്ഷേത്രങ്ങള്‍ സാസ്കാരിക കേന്ദ്രങ്ങളായിരുന്നു അന്ന്. സൃഷ്ടിയുടെ വേദനയുമായി അമ്പലപ്പറമ്പിലേക്കോടിയ കുഞ്ചന്‍ അവതരണത്തിന്‍ വിലക്കുകളില്ലായിരുന്നു. ജനത്തിനിഷ്ടപ്പെടുന്നതെന്തും ക്ഷേത്രകലയായിരുന്നു. അച്ചീ ചരിതങ്ങള്‍ മുതല്‍ സംഭോഗ വര്‍ണ്ണനകള്‍ വരെ.

ഇന്ന് നവോത്ഥാന കാലഘട്ടത്തില്‍ ദൈവം എന്ത് കാണണമെന്ന് വിശ്വഹിന്ദു തീരുമാനിക്കുന്നു. നാടകം, കഥാപ്രസംഗം, ഗാനമേള എല്ലാം അഹൈന്ദവം. അത് മതില്‍ക്കെട്ടിന്‍ പുറത്ത്. കലയെ കുമ്മനം രാജശേഖരന്‍ പരിശോധിക്കും, അകത്തോ പുറത്തോ , ചാപ്പ കുത്തും.
ഭക്തിയുടെ നവോത്ഥാനത്തില്‍ ഭക്തനും ദൈവത്തിനുമിടയില്‍ ഒരു പുതിയ ഇടനിലക്കാരന്‍. വിശ്വഹിന്ദു. കേരളത്തിലെ തൊണ്ണൂറൂ ശതമാനം ഹിന്ദുക്കളും ഒരിക്കലും തെരെഞ്ഞെടുക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഒരു നേതൃത്വം അതേ ഹിന്ദു സമൂഹത്തിന്റെ പേരില്‍ സ്വയം അവരോധിക്കുന്നു. ഭക്തനും ദൈവത്തിനുമിടയില്‍ ഒരു മറയായി നില്‍ക്കുന്നു.

ക്ഷേത്രമതില്‍ക്കെട്ടിനകത്ത് അറിയാതെ ചെരിപ്പിട്ട് കയറിയാല്‍, കുഞ്ഞ് മൂത്രമൊഴിച്ചാല്‍, ഇടതുകയ്യാല്‍ പ്രസാദം വാങ്ങിയാല്‍ , ഒക്കെ ദൈവം ക്ഷമിക്കും. പക്ഷേ ഇവര്‍ ക്ഷമിക്കില്ല, അടിച്ച് പല്ലു പറിക്കും, ദൈവം അറിയാത്ത, ദൈവത്തെ അറിയാത്ത, ദൈവത്തിന്റെ സ്വന്തം കാവല്‍ക്കാര്‍.
എന്റെ ദൈവമേ...........ഇവരുടെ പിടിയില്‍ നിന്ന് നീയെന്നാണ്‍ രക്ഷപ്പെടുക!