Thursday, April 18, 2013

ഗുരുദേവന്‍ ശിവഗിരി വിടുമോ ?

ചരിത്രം ആവര്‍ത്തിക്കുന്നത് അങ്ങിനെയാണ് , വര്‍ഷങ്ങള്‍ക്ക് ശേഷം , ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷവും , പ്രഹസനം ആയിട്ടാണെങ്കില്‍ കൂടി.. ശ്രീനാരായണ ഗുരുദേവനും കിട്ടുകയാണ് ചരിത്രത്തിന്റെ നോക്കുകൂലി....നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം..

ചാതൃവര്‍ണ്ണ്യത്തിന്റെ കോട്ടകളിടിച്ചാണ് , ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയത്. അരുവിപ്പുറത്തും കളര്‍കോടും പിന്നെ ശിവഗിരിയിലുമൊക്കെ. പ്രതിഷേധങ്ങളുണ്ടായിരുന്നു, മറുപക്ഷത്തുനിന്നും സ്വപക്ഷത്തു നിന്നു തന്നെയും..പക്ഷേ അത് നീചമോ ഭീകരമോ ആയിരുന്നില്ല. ഗുരുവിന് , ജാതി അതായിരുന്നു എങ്കില്‍ കൂടി ,അവരുടെ ആദരവും കിട്ടിയിരുന്നു. അസ്ഥാനത്ത് അപഹസിച്ചിരുന്നു എങ്കിലും പരസ്യമായി ഗുരുദേവനെ സവര്‍ണ്ണരും നിന്ദിച്ചിരുന്നില്ല.

എങ്കിലെന്ത് ? ഒരു ഗുരു ജീവിക്കുന്നത് തന്റെ ശിഷ്യ പരമ്പരകളിലൂടെയാണ്. ജീവിച്ചിരുന്നപ്പോള്‍ തന്നെ ശിഷ്യന്മാര്‍ ഗുരുവിനെ കോടതി കയറ്റി. ശ്രീലങ്കയില്‍ തന്നെ താമസിച്ചാലോ എന്നു പോലും ഗുരു ചിന്തിച്ചതാണ്. പിന്നെ തിരികെ വന്നു. സമാധിയായി. തര്‍ക്കങ്ങളും വിതര്‍ക്കങ്ങളുമായി ശിഷ്യപരമ്പര ഭരിച്ചു പോന്നു, മഠം.
 വീണ്ടും ശിവഗിരി കോടതികയറുന്നത് പ്രകാശാനന്ദയിലൂടെയാണ്. ശാശ്വതീകാനന്ദ ഗ്രൂപ്പില്‍ നിന്നും കുറച്ചു പേരെ അടര്‍ത്തിമാറ്റി പ്രകാശാനന്ദ എന്ന സ്വാമി ഭരണം പിടിച്ചടക്കി. പ്രകാശാനന്ദ എന്നത് ഒരു മറ മാത്രമായിരുന്നു, പിന്നില്‍ ചരടുവലിക്കുന്നത് ഋതംബരാനന്ദ എന്ന ബഹുമുപ്രതിഭയാണെന്നും ഇയാള്‍ക്ക് പിന്നില്‍ സനാതന ഹിന്ദുധര്‍മ്മ പ്രയോക്താക്കളായ ആര്‍.എസ്.എസ്.ആണ് എന്നും ശാശ്വതീകാനന്ദ നിലവിളിച്ചു നടന്നു. കഥകളിലെപ്പോലെ കാഴ്ചയിലും ഭീകരനായ ശാശ്വതീകാനന്ദയെ ജനം അവിശ്വസിച്ചു. ഗതി മുട്ടിയ ആനന്ദ കൂട്ടു വിളിച്ചത് മദനിയെ ആയിപ്പോയി. ഇടിവെട്ടിയവന്റെ തലയില്‍ കല്ലു മഴ പെയ്ത അനുഭവം. അടിയും കിട്ടി പുളിയും കുടിച്ച് ശാശ്വതീകാനന്ദ പോയി. പിന്നെ നന്നായി നീന്തലറിയാമായിരുന്നിട്ടും ഒരു തുടം വെള്ളത്തില്‍ മുങ്ങി മരിച്ചു.
പരസ്പരം പോരടിച്ചും കോടതിയില്‍ കേസ് പറഞ്ഞും ഒക്കെ  മുന്നോട്ട് പോകുകയായിരുന്നു, മതാതീത ആത്മീയതയുടെ കേരളത്തിന്റെ ആസ്ഥാനം. ബാലഗോകുലത്തിന്റെ ചടങ്ങുകളില്‍ സ്ഥിരം പങ്കെടുത്തും തപസ്യക്ക് അഭിവാദ്യമര്‍പ്പിച്ചും ഒക്കെ പ്രകാശാനന്ദ കൂറ് തെളിയിച്ചിരുന്നു. ആര്‍.എസ്.എസ്.തലവന്‍ തന്നെ ഒരിക്കല്‍ ശിവഗിരിയിലേക്ക് ആനയിക്കപ്പെട്ടു എങ്കിലും മറുഭാഗവും സമനിലയിലാക്കി സ്വാമിമാര്‍ സമനില പാലിച്ചിരുന്നു.

 പക്ഷേ , ഇന്ന് , നരേന്ദ്ര മോഡി ശിവഗിരിയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. അതും ശാരദാ പ്രതിഷ്ഠാ ശതാബ്ദി ആഘോഷത്തിന്. ശ്രീനാരായണ ഗുരു നടത്തിയ പ്രതിഷ്ഠയും നരേന്ദ്രമോഡിയും തമ്മില്‍ എന്ത് ബന്ധം?. കടുത്ത ഹൈന്ദവ സംഘടനകള്‍ പോലും തങ്ങളുടെ സമ്മേളനങ്ങള്‍ക്ക് കേരളത്തില്‍ നരേന്ദ്ര മോഡിയെ കൊണ്ട് വരാറില്ല, മോഡി അവര്‍ക്ക് ഒരു ആവേശമാണ് എങ്കില്‍ കൂടി.
ശിവഗിരിയില്‍ , ഹിന്ദുവും മുസ്ലീമും കൃസ്ത്യനും തങ്ങളുടെ സ്വന്തം ദേവാലയമായി കരുതുന്ന, മതേതര ആത്മീയതയുടെ ആസ്ഥാനത്തേക്ക് ആ മരണ വ്യാപാരി എത്തുന്നു, എന്തിന് ? ആരെ ഭീതിപ്പെടുത്താന്‍ ? ഗുരുദേവ ദര്‍ശങ്ങള്‍ക്ക് എന്ത് വ്യാപ്തിയാണ് അതിലൂടെ നിര്‍മ്മിക്കപ്പെടുന്നത് ?

മോഡി കയറി ഇറങ്ങുന്ന കുന്നുകളില്‍ നിന്ന് ഇനി “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി“ എന്ന സൂക്തം ഉയര്‍ത്താന്‍ കഴിയുമോ? ഗാന്ധിയും ടാഗോറും ഗുരുവിനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ തൂങ്ങുന്ന ചുവരുകളില്‍ ഇനി മോഡി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ഇടം പിടിക്കില്ലേ.

ഋതംബരാനന്ദ......പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന പ്രകാശാനന്ദയെ മുന്‍ നിര്‍ത്തി താങ്കള്‍ കളിക്കുന്ന ഈ കളികള്‍ ആരെ തൃപ്തിപ്പെടുത്താനാണ്. ? 

ഏത് ബിന്ദുവിലാണ് ഗുരുദേവനും നരേന്ദ്രമോഡിയും കൂട്ടി മുട്ടുന്നത് ?

Sunday, March 31, 2013

പിണറായിയിലേക്ക് ഒരു യാത്ര.......

കണ്ണൂരിലെ പിണറായി ഗ്രാമം , കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലം. 1939 ഇല്‍ പിണറായി പാറപ്പുറം സമ്മേളനത്തോടെ പാര്‍ട്ടിയുടെ ചരിത്രം ആരംഭിക്കുന്നു. ഏറെ കേട്ടിട്ടുണ്ട്, ഏറെ വായിച്ചിട്ടുണ്ട് പിണറായി എന്ന സ്ഥലത്തെ പറ്റി , പണ്ടു മുതല്‍ക്കേ..

സമീപ കാല മാധ്യമ വായനകള്‍ തുറന്ന് തന്നത് മറ്റൊരു പിണറായിയെയാണ് . പാര്‍ട്ടിഗ്രാമം എന്ന പിണറായി. സി.പി.എം.കാരല്ലാത്ത ആരെയും സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാത്ത , എന്തിന് വസിക്കാന്‍ പോലും അനുവാദം നല്‍കാത്ത കമ്മ്യൂണിസ്റ്റ് ഭീകരത അഴിഞ്ഞാടുന്ന പാര്‍ട്ടി ഗ്രാമം.പുറത്ത് നിന്ന് എത്തുന്ന ഏതൊരാളേയും സംശയത്തോടെ വീക്ഷിക്കുന്ന, ചോദ്യം ചെയ്യുന്ന, പാര്‍ട്ടിക്കാരനല്ലെങ്കില്‍ അടിച്ച് പല്ലു പൊഴിക്കുന്ന ഭീകരതയുടെ ഗ്രാമം . പിണറായി.
ഭീകരതക്ക് തൊടുകുറി ചാര്‍ത്തി മറ്റൊരു പിണറായി. കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ഫാസിസ്റ്റായ നേതാവ്. അദ്ദേഹത്തിന്റെ മണിമാളിക, കൊട്ടാരം സ്ഥിതി ചെയ്യുന്ന ഗ്രാമം. 24 മണിക്കൂറും പാര്‍ട്ടി ഗുണ്ടകളാല്‍ സംരക്ഷിക്കപ്പെടുന്ന കൊട്ടാരം. റിമോട്ട് കണ്ട്രോള്‍ ഗേറ്റ്, സര്‍വൈലന്‍സ് ക്യാമറ, നേപ്പാളില്‍ നിന്നുള്ള അഭ്യാസികളായ കാവല്‍ക്കാര്‍. വഴികളില്‍ പാര്‍ട്ടി ഗുണ്ടകളുടെ ചെക്ക് പോസ്റ്റ്. നിരവധി പരിശോധനകള്‍ക്ക് ശേഷം മാത്രം ആളെ കടത്തി വിടുന്ന സെക്യൂരിറ്റി സംവിധാനം..
 പിണറായിയുടെ വീട് കാണാന്‍ ആളെ അയച്ചതിനാലാണ് 51 വെട്ടിനാല്‍ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് എന്ന് വിളിച്ചു പറഞ്ഞത് എം.എം.ഹസ്സനോ പി.സി.ജോര്‍ജ്ജോ അല്ല.ജ്ഞാന പീഠം കയറിയ മഹാശ്വേതാ ദേവിയാണ് .അവര്‍ക്കത് പറഞ്ഞു കൊടുത്തത് സി.ആര്‍.നീലകണ്ഠനേയും എം.പി.വീരേന്ദ്രകുമാറിനേയും പോലുള്ള ക്രാന്ത ദര്‍ശികളാണ്.
 എന്‍.സി.ശേഖറിന്റെ ചരിത്രം വായിച്ചതുമുതല്‍ ആഗ്രഹിക്കുന്നു, പിണറായി സന്ദര്‍ശിക്കണം എന്ന്. പല പല കാരണങ്ങളാല്‍ അത് നീണ്ടു.കാലം ഏറും തോറും ഭീതിയും ഏറിവന്നു.  ഒടുവില്‍ ഒരവധി വീണുകിട്ടി. ഇക്കുറി പിണറായിക്ക് തന്നെ.
നീലേശ്വരത്തുള്ള സുഹൃത്തിനെ വിളിച്ചു. “ഞാന്‍ പിണറായിക്ക് പോകുന്നു. എനിക്ക് പാറപ്രം ഒന്ന് കാണണം . കൂടാതെ ആ ഗ്രാമം മുഴുവന്‍ ഒന്ന് ചുറ്റിക്കാണണം.”
“അതിനെന്താ ങ്ങള് പോരേ...എനിക്കവിടെ കൂട്ടുകാരുണ്ട്. അവരെ ഏര്‍പ്പാടാക്കാം “
“എനിക്ക് പിണറായി വിജയന്റെ വീട് ഒന്നു കാണണം “
“ഓ..അയിനെന്താ ..പുള്ളീടെ വീട്ടിനടുത്താ ന്റെ ചങ്ങായി.ഞാ...ഓനോട് ങ്ങളെ വിളിക്കാന്‍ പറയാം.”
ദിവസം രണ്ട് കഴിഞ്ഞു, മൂന്ന് കഴിഞ്ഞു , ചങ്ങായീന്റെ വിളി വന്നില്ല...
ഞാന്‍ അയാളെ വീണ്ടും വിളിച്ചു..“ഞാന്‍ അടുത്ത ആഴ്ച വരുന്നുണ്ട്...ആ ചങ്ങാതീന്റെ നമ്പര്‍ ഒന്ന് തരുമോ ? ഞാന്‍ അയാളെ വിളിക്കാം “
കിട്ടിയ മറുപടി ഇതായിരുന്നു “ അദ് പറ്റില്ലാട്ടോ..അങ്ങോട്ട് പോവുമ്പോ ചോദ്യം ഉണ്ടാവും..ആരാ എന്താ..എന്നൊക്കെ...കൊണ്ടു വന്ന് കാണിച്ചു കൊടുക്കുന്നോര്‍ക്ക് പിന്നെ ഈടെ ജീവിക്കണ്ടേ...അതു വേണ്ടാ....ചങ്ങായീ ഇങ്ങോട്ട് വരണ്ട “
സ്വതവേ അലസനായ എനിക്ക് ഈ വാക്കുകള്‍ വല്ലാത്ത ആവേശമാണ് ഉണ്ടാക്കിയത്. പിണറായി എന്നത് കേരളത്തിലെ ഒരു ഗ്രാമമാണ്. ഞാന്‍ കേരളത്തിലെ സാധാരണക്കാരനായ ഒരു പൌരനാണ്. ഒരു പ്രദേശം സന്ദര്‍ശിക്കരുത് എന്ന് എന്നെ വിലക്കാന്‍ എനിക്കല്ലാതെ മറ്റാര്‍ക്കാണ് അധികാരം?. ഞാന്‍ യാത്ര ഉറപ്പിച്ചു.
പിണറായിയില്‍ എനിക്ക് ചോദിച്ചാല്‍ പറയാന്‍ ഒരു വിലാസം വേണം..ആരു ചോദിച്ചാലും എങ്ങോട്ടാണ് പോകുന്നത് എന്ന് പറയാനൊരു വീട്. എന്റെ സുഹൃത്തും ബ്ലോഗറുമായ വിജി പിണറായിയെ വിളിച്ചു. അദ്ദേഹം മഹാരാഷ്ട്രയിലാണ്. എങ്കിലും വിലാസം കിട്ടി, അങ്ങിനെ ചോദിച്ച് ചോദിച്ച് പോകാന്‍ ഒരിടമായി. 
യാത്ര തുടങ്ങി...
തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് തീവണ്ടി മാര്‍ഗ്ഗം..തലശ്ശേരി ബസ്സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ പിണറായി ബോര്‍ഡ് വച്ച ധാരാളം സ്വകാര്യ ബസ്സുകള്‍. പിണറായി- മമ്പറം, പിണറായി-കായലരികം.......... ആളൊഴിഞ്ഞു കണ്ട ഒരു ബസ്സില്‍ കയറി ഇരുന്നു. പിണറായി ടിക്കറ്റ് . 09 രൂപ...തലശ്ശേരി നഗരം വിട്ട് പ്രാന്ത പ്രദേശങ്ങളിലേക്ക് ബസ്സ് സഞ്ചരിച്ചു തുടങ്ങി. ആള് നിറയാനും തുടങ്ങി. ഗ്രാമഭംഗികള്‍ കണ്ടു തുടങ്ങി. എരഞ്ഞോളി എന്നോ മറ്റോ ആണെന്ന് തോന്നുന്നു സ്ഥലപ്പേര് ..സംഘികളുടെ കൊടികള്‍ , ലീഗിന്റെ കൊടികള്‍ , സി.പി.എമ്മിന്റെ കൊടികള്‍ എന്നിവ കാണാം ..പാര്‍ട്ടി ഗ്രാമം അല്ല.പാര്‍ട്ടികളുടെ ഗ്രാമമാണ് ..ബസ് വീണ്ടും മുന്നോട്ട് , അതാ അതി മനോഹരമായ പുഴ..കണ്ടല്‍ കാടുകള്‍ ..പിണറായി പഞ്ചായത്തിലേക്ക് സ്വാഗതം...ആദ്യം കണ്ടത് പിണറായി പുഴയോര വിശ്രമകേന്ദ്രമാണ് .ആഡംബരങ്ങളില്ലാത്ത ലളിതമായ ഒരു പാര്‍ക്ക്. സമീപ കാലത്ത് പണിതതായി തോന്നുന്നു. 
ഒരു ക്ഷേത്രത്തിന്റെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഒന്ന് ഞെട്ടി.”പിണറായി വൈരിഘാതക ക്ഷേത്രം “.അര്‍ത്ഥം ഇങ്ങനെയാവാം “പിണറായി വിജയന്റെ ശത്രുക്കളെ കൊല്ലുന്നതിനുള്ള ക്ഷേത്രം”. അനന്ത പത്മനാഭാ ഈ തിരോന്തരത്തുകാരനെ കാത്തോളണേ......”

 ബസ്സ് പിണറായി കമ്പോണ്ടര്‍ മുക്കിലെത്തി. അവിടെ പാര്‍ട്ടിയുടെ ബ്രാഞ്ച് കമിറ്റി ആഫിസ്, ഒരു പഴയ ഓടിട്ട കെട്ടിടത്തിനു മുകളില്‍. ഇതിനടുത്താണ് പിണറായി പൊതുജന വിദ്യാഭ്യാസ കേന്ദ്രം. അവിടെ വന്‍ തിരക്ക് കാണപ്പെട്ടു. ആ ജംഗ്ഷന്‍ കടന്ന് അല്പം മുന്നോട്ട് പോയി. ഇതാണ് പിണറായി ജംഗ്ഷന്‍...പറശ്ശിനിക്കടവ് മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ച് അവിടെ ബസ്സിറങ്ങി.
എങ്ങോട്ട് പോകും . തൊട്ട് മുന്നില്‍ പിണറായി വില്ലേജ് ആഫീസ്...അതിന്റെ പിറകില്‍ പിണറായി ഏരിയാ കമ്മിറ്റി ആഫീസ്. സി.ഐ.ടിയു. ആഫീസ്. മുസ്ലീം ലീഗിന്റെ ഏതോ വലിയ നേതാവ് പ്രസംഗിക്കുന്നു എന്ന് ഫ്ലക്സ്. എസ്.ഡി.പി.എന്ന സംഘടനയുടെ പോസ്റ്റര്‍. പച്ചക്കറികടകള്‍.ബസ്സ്റ്റോപ്പ്. ഒരു സാധാരണ നാട്ടിന്‍ പുറത്തെ ജംഗഷന്‍. 

ആരോട് ചോദിക്കും , എന്ത് ചോദിക്കും. കയ്യിലിരുന്ന അഡ്രസ്സിനെ മറന്നു. കാണാതെ പഠിച്ച് വച്ചിരുന്ന ഉത്തരങ്ങള്‍ മറന്നു.
നേരേ സ്റ്റാന്‍ഡില്‍ കണ്ട ആട്ടോ റിക്ഷാ ഡ്രൈവറുടെ അടുത്തേക്ക് ചെന്നു. “ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നു. എനിക്ക് പാറപ്രം സ്മാരകം കാണണം”.
“അതിനെന്താ കയറിക്കോളീ....അയാള്‍ക്ക് സന്തോഷം... “
ബസ്സ് വന്ന വഴിയിലൂടെ ആട്ടോ യാത്ര ആരംഭിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളായി. നാടിന്റെ ചരിത്രവും നാട്ടുകാരുടെ ചരിത്രവും എല്ലാം പകര്‍ന്ന് കിട്ടി.
(അതൊക്കെ മറ്റൊരു ലേഖനമായി എഴുതാനുണ്ട്....)
അങ്ങിനെ ഞങ്ങള്‍ പാറപ്രം സ്മാരകത്തിലെത്തി . രണസ്മരകളുറങ്ങുന്ന സ്മാരകം. സമ്മേളനത്തില്‍ പങ്കെടുത്ത സഖാക്കളുടെ പേര് വിവരങ്ങള്‍ കൊത്തിയ ശിലാഫലകം..

സ്മാരകത്തിന്റെ ചരിത്രവും, വിശദാംശങ്ങളും സുഹൃത്ത് സുനില്‍ കൃഷ്ണന്‍ വിശദമായി എഴുതിയിട്ടുള്ളതിനാല്‍ ഇപ്പോള്‍ അത് ആവര്‍ത്തിക്കുന്നില്ല.

ആട്ടോ തിരിച്ചു വിട്ടു. “ ഇനിയെങ്ങോട്ടാ.....” ഡ്രൈവറുടെ ചോദ്യം...
ഒന്ന് ഞെട്ടി...പറയണോ വേണ്ടയോ ...വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ ഒരു നിഷ്കളങ്കനായി അഭിനയിച്ചു കൊണ്ട് ചോദിച്ചു.
“ അല്ല....നമ്മുടെ പിണറായി സഖാവ് ..താമസിക്കുന്നതെവിടെയാ...?”
“ ഓ...അതങ്ങ് പാണ്ട്യാല മുക്കിലാ.......പോണോ അങ്ങോട്ട് “.....എന്ത് നിസ്സാരമായ ഉത്തരം ..ഇനി ഇത് കെണിയാണോ ? ഇതല്ലല്ലോ മാധ്യമങ്ങള്‍ എന്നെ പഠിപ്പിച്ചത്...
“പോകാന്‍ പറ്റുമോ “ ശബ്ദത്തിലെ വിറയൊതുക്കി ഞാന്‍ ചോദിച്ചു ..
“ സഖാവ് അവിടെ ഉണ്ടാകില്ല...ങ്ങള് തിരോന്തരത്ത് നിന്ന് വന്നതല്ലേ...നമ്മക്ക് കണ്ടിട്ട് വരാം “
ആട്ടോ വന്നവഴിയേ തിരിച്ചു പോയി. പിണറായി കവലയിലെത്തി. അവിടെ നിന്ന് മുന്നോട്ട്, മമ്പറത്തേക്കൂള്ള വഴി..ദിനേശ് ബീഡി കെട്ടിടവും.പി.എച്ച്.സി ജംഗ്ഷനും കടന്ന്  മുന്നോട്ട് ..
ആട്ടോ ഒരു ചെറിയ ഇടവഴിയിലേക്ക് തിരിഞ്ഞു.  ആ മുക്കില്‍ ഒരു ചെറിയ കടമാത്രം മറ്റൊന്നുമില്ല. ചെക്ക് പോസ്റ്റുകളില്ല..ഗുണ്ടകളില്ല..എന്തിന് ആളുകള്‍ പോലുമില്ല..
ഇടവഴിയിലേക്ക് തിരിഞ്ഞ ആട്ടോ ഒന്ന് വളഞ്ഞ് നിന്നു.
“ ദാ....പുറത്തിറങ്ങീ...ഇതാണ് സഖാവിന്റെ വീട് “
ഞാന്‍ പുറത്തിറങ്ങി , ഗേറ്റ് തുറന്നിട്ടിരിക്കുന്നു. റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് തുറക്കുന്ന അത്യന്താധുനിക ഗേറ്റല്ല..മനുഷ്യന്‍ തള്ളി തുറക്കുന്ന സാദാ ഗേറ്റ്....
അകത്ത് ആളനക്കം ഉള്ളപോലെ....
ഞാന്‍ ഡ്രൈവറോട് ചോദിച്ചു “ ഇവിടെ ആളുണ്ടോ “ 
“ ഓ...ഉണ്ട്..ബാ...അകത്തു പോകാം “
“അല്ല...വേണ്ട...നമുക്ക് തിരിച്ച് പോകാം “
“ബരീന്ന്....നമുക്ക് കേറീട്ട് പോകാന്ന് “
ഡ്രൈവര്‍ വീടിന്റെ വാതിലിനടുത്ത് ചെന്ന് നിന്ന് വിളിച്ചൂ..”ഏട്ടത്തിയേ “
വാതില്‍ തുറന്നു..ദാ...ഇറങ്ങി വരുന്നു..പിണറായി വിജയന്റെ ഭാര്യ”
“ഇദ് തിരുവനന്തപുരത്ത് നിന്ന് വന്നയാളാണ് ..വീട് കാണാന്‍ വന്നതാ....”
“ വീട് കാണാനോ ? തിരുവനന്തപുരത്ത് നിന്നോ ? അവര്‍ അത്ഭുതം കൂറി..
“ അല്ല ...ഞാന്‍ പാറപ്രം സ്മാരകം കാണാന്‍ വന്നതാ....ഈടെ ഒന്ന് കണ്ട് പോകാം എന്ന് കരുതി അത്രയേയുള്ളൂ...” ഞാന്‍ പറഞ്ഞൊപ്പിച്ചു...
“ ബാ....അകത്തിരിക്കാം “
“ഇല്ല....പോകണം ..എനിക്ക് ഇന്നു തന്നെ തിരികേ പോകണം “
“ശരി...അവര്‍ അകത്തേക്ക് പോയി....
ഞാന്‍ ആട്ടോ റിക്ഷയില്‍ തിരികെയേയും .................

 ( പിണറായി എന്ന ഗ്രാമം കമ്മ്യൂണിസ്റ്റ് വിശുദ്ധിയുടെ , ത്യാഗത്തിന്റെ പോരാട്ടത്തിന്റെ നാടാണ്...ആ നാടിനെ കുറിച്ച് എഴുതുമ്പോള്‍ പിണറായി വിജയന്റെ വീട് കാണാന്‍ പോയ കഥ എഴുതുന്നത് ആ നാടിനോടും ആ മനുഷ്യരോടും ചെയ്യുന്ന നന്ദികേടാണ് ...നീതി കേടാണ് ..അതെനിക്കറിയാം ....പക്ഷേ കെട്ടിപ്പൊക്കിയ കഥകള്‍ ആകാശത്തില്‍ പറത്തി രസിക്കുന്നവര്‍ക്ക് ഒരു ചെറിയ മറുപടിയെങ്കിലും കൊടുക്കണ്ടേ ...അതിനു വേണ്ടി മാത്രം ...ഇതെഴുതുന്നു......പിണറായിക്കാരോട് മാപ്പ് ചോദിച്ചു കൊണ്ട്) 

 നന്മ നിറഞ്ഞ ആ നാടിനേയും നാട്ടുകാരേയും കുറിച്ച് നിറഞ്ഞ അനുഭവങ്ങള്‍ പിന്നീട് എഴുതാം..

ഇവ കൂടി വായിക്കുക...
പിണറായിയുടെ വീടും വിവാദങ്ങളും

എഴുപതിന്റെ നിറവില്‍ പിണറായി

Sunday, December 16, 2012

ബ്ലാക്ക് മാന്‍ !!

ഇല്ല എന്ന് സര്‍ക്കാരും പോലീസും ആവര്‍ത്തിച്ച് ഉറപ്പ് തരുന്നു. ഉണ്ട് എന്ന് അനുഭവസ്ഥരായ ജനങ്ങള്‍ ഉറപ്പിച്ച് പറയുന്നു. “ബ്ലാക്ക് മാന്‍ “. തെക്കന്‍ കേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തി ബ്ലാക്ക് മാന്‍ ഭീതി പടരുകയാണ്.ഭീതി സ്ത്രീജനങ്ങളെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം മനോരോഗത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. ഉറക്കമില്ലാത്ത രാവുകള്‍ അവര്‍ തള്ളി നീക്കുന്നു. പുരുഷന്മാര്‍ ആയുധങ്ങളുമായി രാത്രി റോന്ത് ചുറ്റുന്നു. സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു അങ്ങിനെ ഒന്നില്ല..

 അറിഞ്ഞു കൂടാത്തവര്‍ക്ക് വിശദമാക്കാം. ആറടിയോളം പൊക്കമുള്ള ഒരു മനുഷ്യന്‍. തടിച്ച ശരീരം , കറുകറുത്ത നിറം , മുഖത്ത് കറുത്ത ചായം പൂശിയിട്ടുണ്ട്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ വാതിലുകളില്‍ രാത്രികാലങ്ങളില്‍ ആഞ്ഞടിക്കുന്നു. വാതില്‍ തുറക്കുന്ന സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്നു. ജനാലയിലൂടെ കൈകടത്തി ആക്രമിക്കുന്നു. മോഷണം ഇല്ലേയില്ല, ആക്രമണം മാത്രം. വീടിന് പുറത്ത് ശൌചാലയങ്ങള്‍ ഉണ്ടെങ്കില്‍ , രാത്രി അതിലേക്ക് പോകുന്ന സ്ത്രീകള്‍ അതിന്റെ വാതില്‍ തുറക്കുമ്പോള്‍ അലര്‍ച്ചയോടെ പുറത്തേക്ക് ചാടുന്നു. സ്ത്രീകളുടെ വസ്ത്രം വലിച്ച് കീറുന്നു. ഇതാണ് ബ്ലാക്ക് മാന്റെ വിവരണം.

 ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു സാമൂഹ്യവിരുദ്ധനോ , ഒരു സംഘം സാമൂഹ്യ വിരുദ്ധരോ വിചാരിച്ചാല്‍ ബ്ലാക്ക് മാനെ എളുപ്പം ഉണ്ടാക്കാം. അത് പ്രചരിപ്പിക്കാനും അവര്‍ വിചാരിച്ചാല്‍ മതി. പക്ഷേ ഇത് അതല്ല , കേരളത്തിലെ മൂന്ന് ജില്ലകള്‍ , തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ജനങ്ങള്‍ ബ്ലാക്ക് മാന്‍ ഭീതിയിലാണ്. ജനജീവിതത്തെ അത് ബാധിച്ചിരിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെ അത് തകിടം മറിച്ചിരിക്കുന്നു.

 ആദ്യം ഇത് ഒരു ഹാലൂസിനേഷന്‍ ആണ് എന്നും , കെട്ടുകഥ ആണ് എന്നും പറഞ്ഞിരുന്ന പോലീസ് , ഇപ്പോള്‍ ഒരു കാര്യം സമ്മതിക്കുന്നു. ഇങ്ങനെ ഒന്ന് ഉണ്ട്, പക്ഷേ അതിനു പിന്നില്‍ സാമൂഹ്യ വിരുദ്ധരാണ് എന്ന് മാത്രം .പ്രാദേശികമായി സംഘടിച്ച സാമൂഹ്യ വിരുദ്ധര്‍.

 പ്രാദേശികമായി സംഘടിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്ക് മൂന്ന് ജില്ലകളില്‍ വ്യാപകമായി ഭീതി വിതയ്ക്കുവാന്‍ സാധിക്കുമോ ? മോഷണമോ മറ്റോ നടത്താതെ ഭീതി പരത്തുക എന്ന ഒറ്റ ഉദ്ദേശ്ശത്തില്‍ മാത്രം എല്ലായിടത്തേയും സാമൂഹ്യ വിരുദ്ധര്‍ ഏകോപിച്ചത് എന്ത് കൊണ്ട്?
   പോലീസ് നിഷ്ക്രിയത്വം മൂലം ജനകീയ സേനകള്‍ രൂപീകരിച്ച് റോന്ത് ചുറ്റുകയാണ് ജനം. ഇതാകട്ടേ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കുന്നു. രാത്രി ഇറങ്ങി നടക്കുന്ന കറുത്തവര്‍ക്ക് ഒക്കെ തല്ലു കിട്ടുന്ന ഒരവസ്ഥ.. ഭര്‍ത്താവില്ലാത്ത വീടുകളില്‍ സഹായവുമായി എത്തുന്ന ചില “നല്ല മനുഷ്യര്‍ക്കും” തല്ലു കിട്ടുന്നു.ആകെ കുഴഞ്ഞ് മറിഞ്ഞ ഒരവസ്ഥ.

 കൊല്ലത്തിന് സമീപം ഒരു ഗ്രാമത്തില്‍ ഇതു പോലെ ഭീതി പരത്തിയ ഒരാളെ ജനം ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്പിച്ചു. പിറ്റേ ദിവസം തന്നെ ഒരു പ്രമുഖ ദളിത് സംഘടന ഉപരോധ സമരത്തിലൂടെ ഇയാളെ മോചിപ്പിക്കുകയും ചെയ്തു.
     ബ്ലാക്ക് മാന്‍ എന്നത് ഒരു പ്രാദേശിക സാമൂഹ്യ വിരുദ്ധ സംഭവം അല്ല എന്ന് തന്നെയാണ് അനുഭവസ്ഥര്‍ പറയുന്നത്. സംസ്ഥാന വ്യാപകമായി ഏകോപിപ്പിക്കപ്പെട്ട് നടത്തുന്ന ഒരു പ്രവര്‍ത്തനത്തിന്റെ സൂചനകള്‍ ഇതില്‍ കാണപ്പെടുന്നുണ്ട്. ഇത് ഗൌരവത്തിലെടുക്കാന്‍ എന്തു കൊണ്ടോ സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേസുകള്‍ കുത്തിപ്പൊക്കി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തരമന്ത്രി ആയിരക്കണക്കിന് ജനങ്ങള്‍ അറിഞ്ഞോ അറിയാതയോ അകപ്പെട്ട് പോയ ഈ ഭീതിയില്‍ നിന്ന് അവരെ മോചിപ്പിക്കാനുള്ള ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല എന്നത് ഖേദകരം..

 

തിരുവനന്തപുരം- കല്ലുവാതുക്കല്‍- ബിനാലെ -12-12-2012








ദി ചപ്പത്സ് ആന്റ് ചൈനീസ് - പുറപ്പെട്ട് പോയ ജീവിതത്തിന്റെയും കരിപിടിച്ച ആസക്തിയുടേയും ചിത്രീകരണം. പൊള്ളിച്ചെടുക്കപ്പെടുന്ന സ്തീത്വവും ചവുട്ടിമെതിക്കാന്‍ വെമ്പുന്ന പുരുഷ കേന്ദ്രീകൃത മേധാവിത്വവും വെളിവാക്കപ്പെടുന്നു...






അറ്റ് ദി എന്‍ഡ് ഓഫ് ദി ഫ്യൂഡല്‍...... തികച്ചും കേരളീയ ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളില്‍ നിന്ന് രൂപപ്പെടുത്തിയ ഇന്‍സ്റ്റലേഷനാണിത്. വെറ്റിലച്ചെല്ലത്തില്‍ നിന്ന് മരക്കിഴങ്ങ് പുഴുങ്ങി തിന്നേണ്ടി വന്ന ജന്മിത്തത്തോട് ഒരു സല്യൂട്ട്...


ദി റിമെംബറെന്‍സ് ഓഫ് സപ്രെഷന്‍ - വിമോചനത്തിന്റെ അടയാളം. എത്രയെത്ര മര്‍ദ്ദനങ്ങള്‍ക്ക് കൂട്ട് നിന്നു. ഒടുവില്‍ വിപ്ലവത്തിന്റെ കുത്തൊഴുക്കില്‍ പുറമ്പോക്കിലായ ഒരു പൈതൃക വസ്തു.







ദി റിവേര്‍സല്‍ ഓഫ് ദി റോക്ക്- മറ്റൊരു മര്‍ദ്ദകവസ്തു. അടിമുടി മറിക്കപ്പെട്ട അവസ്ഥ സമൂലമാറ്റത്തെ സൂചിപ്പിക്കുന്നു.തിരിച്ചിടലുണ്ടാകുമോ ? അതുണ്ടാകില്ല എന്നാണ് കലാകാരന്‍ സൂചിപ്പിക്കുന്നത്...



വെയിറ്റിംഗ് ഫോര്‍ നൊബഡി- വെയിറ്റിംഗ് ഫോര്‍ ഗോദോയെ അനുസ്മരിക്കുന്ന ഇന്‍സ്റ്റലേഷന്‍...അല്ലെങ്കില്‍ ആര് ആരെയാണ് കാത്തിരിക്കുന്നത് ?


ഹെല്‍പ്പിംഗ് മൈന്‍ഡ്സ്- സമൂഹത്തില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന മാനുഷികതയുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍

 
സംതിങ്ങ് ഈസ് സ്റ്റില്‍ എലൈവിംഗ് -  വിവരിക്കാന്‍ വാക്കുകളില്ല..ഉദാത്തം...



 
ദി ബ്ലാക്ക് പെപ്പര്‍ ആന്റ് ദി മില്‍ക്ക് കാന്‍ 
 
 ദി ക്യാപ് ഹോള്‍ഡേര്‍സ് ഓഫ് എ സിംഗിള്‍ മദര്‍

 

യെറ്റ് റ്റു ബി റ്റു ഫ്രൈ...

                   തിരുവനന്തപുരം - കല്ലുവാതുക്കല്‍ ബിനാലെയിലേക്ക് നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ കൂടി സ്വാഗതം .....

Monday, December 3, 2012

സൈബര്‍ നിയമം ??


ഒരു സംശയം ...ഇങ്ങനെ രണ്ട് ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചാല്‍ അത് സൈബര്‍ നിയമം അനുസരിച്ച് കുറ്റകരമാകുമോ ?

Friday, November 30, 2012

വിപണിയിലെ ആല്‍ക്കമിസ്റ്റ്

നോവല്‍ വായിക്കുന്നവന്‍ ഇന്ന് ഒരു അപൂര്‍വ ജീവിയാണ്.. പണ്ടങ്ങിനെയായിരുന്നില്ല..തുപ്പാക്കിക്ക് ടിക്കറ്റിന് കാത്തു നില്‍ക്കുന്നതു പോലെ എം.മുകുന്ദന്റെ നോവല്‍ ചൂടാറാതെ വായിക്കാന്‍ പുസ്തകക്കടക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തു നിന്നിട്ടുണ്ട്..മലയാറ്റൂരിന്റെ “വേരുകള്‍ “ വാങ്ങാന്‍ തിരുവനന്തപുരത്ത് നീണ്ട ക്യൂ ഉണ്ടായിരുന്നു.രണ്ടാമൂഴവും പരിണാമവും കലാകൌമുദിയുടെ സര്‍ക്കുലേഷന്‍ ഇരട്ടിയിലധികമാക്കി.മാധവിക്കുട്ടിക്ക് മുന്നില്‍ പുതിയ നോവലിന്റെ പ്രസിദ്ധീകരണ അവകാശത്തിനായി പത്രാധിപന്മാര്‍ കാത്ത് നിന്നിരുന്നു..

           വിജയനും തകഴിയുമൊക്കെ പോയി..ആനന്ദും മുകുന്ദനും ഒക്കെ ഇപ്പോഴും എഴുതുന്നു.കെ.പി.രാമനുണ്ണിയെപ്പോലുള്ള അടുത്ത നിര ,ടി.ഡി.രാമകൃഷ്ണന്‍.....വായനക്കാരുണ്ട് ഇപ്പോഴും , 
പക്ഷേ പുതു തലമുറ ..നോവലോ അതെന്ത് എന്ന് ചോദിക്കും മട്ടില്‍....പഠനകാലത്തിന്റെ തിരക്കോ നോവലിനോടുള്ള പുച്ഛമോ അങ്ങിനെ എന്തെല്ലാം കാരണങ്ങളുണ്ടാകാം ഈ അവഗണനക്ക് . പക്ഷേ നോവലിനെ പുച്ഛിക്കുകയും എങ്ങിനെ ജീവിത വിജയം നേടാം...വിജയത്തിലേക്ക് പത്ത് മന്ത്രങ്ങള്‍ എന്നിവ ആര്‍ത്തിയോടെ വായിക്കുകയും ചെയ്യുന്ന ഇവര്‍ വീണ്ടും നോവലിലേക്ക് തിരിയുന്ന കാഴ്ച ഞാന്‍ കൌതുകത്തോടെയാണ് കണ്ടത്..

തീവണ്ടിമുറികളില്‍ , കാമ്പസുകളില്‍, പാര്‍ക്കുകളില്‍ ഒക്കെ പൌലോ കൊയലോ . ചെറുപ്പത്തിന്റെ കൈകളിലെല്ലാം ആല്‍ക്കമിസ്റ്റ്..വീണ്ടും നോവല്‍ വസന്തം..

അന്നാകരിനീനയും യുദ്ധവും സമാധാനവും ഭൂതാവിഷ്ടരുമൊക്കെ വായിച്ച് വളര്‍ന്ന പഴയ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ..പൌലോ കൊയലോ

   ആര്‍ത്തിയോടെ വായിച്ചു ആല്‍ക്കമിസ്റ്റ്..മതം സാഹിത്യത്തില്‍ അരൂപിയായി നില്‍ക്കുന്നത് അസാധാരണമല്ല. ദസ്തയേവ്സ്കി ഒന്നും പറഞ്ഞില്ല എങ്കില്‍ പോലും ക്രിസ്തു വായനക്കാരനിലേക്ക് നേരിട്ട് പ്രവേശിക്കും..അനുകമ്പയുടെ , ആത്മപരിശോധനയുടെ തലങ്ങളിലേക്ക് അവ വായനക്കാരനെ കൊണ്ട് പോകും..

  പക്ഷേ പൌലോ കൊയലോ.....ദസ്തയേവ്സ്കിയും കസാന്ദ് സാക്കീസും , ടോള്‍സ്റ്റോ യിയും വായിക്കപ്പെടാതിരിക്കുകയും പൌലോ കൊയലോ വ്യാപകമായി വായിക്കപ്പെടുകയും ചെയ്യുന്നതിന്റെ രസതന്ത്രമെന്താണ് ? ഭൂതാവിഷ്ടരോ , നിന്ദിതരും പീഡീതരും, കുറ്റവും ശിക്ഷയും ഒക്കെ വായിച്ചുണ്ടാകുന്ന വികാര വിരേചനങ്ങളുടെ നൂറിലൊന്നു പോലും പൌലോ കൊയലോ ഉണര്‍ത്തുന്നില്ല..
               വായന മാത്രമല്ല പഠനങ്ങളും....സൂകരപ്രസവം പോലെ വാരികകളില്‍ പൌലോ കൊയലോ നിറയുന്നു. പ്രകാശനങ്ങള്‍ വിളംബരങ്ങളാകുന്നു..ആത്മഹര്‍ഷത്തിന്റെ , ജീവിതോല്‍ക്കഷര്‍ത്തിന്റെ അഗാധ സാഹിത്യമെന്ന് വാഴ്തുന്നു.
ഏണസ്റ്റ് ഹെമിംഗ് വേ യെ ആര്‍ത്തിയോടെ വായിച്ചിട്ടുണ്ട് മലയാളികള്‍ , ഒഡീസിയും അതുപോലെ തന്നെ...
അതിലൊന്നും കാണാത്ത എന്തോ ഒന്ന് അവര്‍ ഇന്ന് ആല്‍ക്കമിസ്റ്റില്‍ കാണുന്നു. എന്താണത് ? എനിക്ക് മനസ്സിലാകുന്നതേയില്ല....
നമ്മുടെ ഫ്രാന്‍സിസ് ഇട്ടിക്കോരക്ക് ഇല്ലാത്ത എന്ത് മഹത്വമാണ് ആല്‍ക്കമിസ്റ്റിനുള്ളത് ? ..സത്യത്തില്‍ സാംസങ്ങിന്റെ പുതിയ ഫോണ്‍ ഇറങ്ങുന്നതു പോലെ, ഷെവര്‍ ലേയുടെ പുതിയ വാഹനം ഇറങ്ങുന്നതുപോലെ ഒരു വിപണന തന്ത്രമല്ലേ പൌലോ കൊയലോയും ...ഒരു ആത്മീയ കൊക്കോ കോള....അത് കുടിച്ച് നമ്മുടെ നാടന്‍ പാനീയങ്ങള്‍ ഉപേക്ഷിച്ച ഒരു തലമുറയും...

വിപണിയുടെ ആല്‍ക്കമിസ്റ്റുകള്‍ ...അവരുടെ ചൂഡാമണിയില്‍ ഏത് പുസ്തകവും ബെസ്റ്റ് സെല്ലറാകും ..ഏത് എഴുത്തുകാരനും ടോള്‍സ്റ്റോയിയാകും...

   എന്റെ വിവരക്കേടാകാം.. പൌലോ യുടെ മഹത്വം കണ്ടെത്താനാകാത്ത അരസികനായതിനാലും ആകാം..എങ്കിലും എനിക്ക് തോന്നിയത് ഇതാണ് എന്ന് മാത്രം...

Friday, October 19, 2012

മഴനനഞ്ഞ് പുറത്ത് നില്‍ക്കുന്ന ഒരു ചാരക്കേസ്

സി.പി.എം. എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ശത്രുതയുള്ള പോലീസുകാര്‍ അനവധി ഉണ്ടാകാം. പണ്ട് സമരങ്ങളില്‍ തല്ലി പതം വരുത്തിയവര്‍, അസ്ഥാനത്ത് ലാത്തി കയറ്റിയവര്‍ മുതല്‍ ഇപ്പോ ടി.പി.വധത്തില്‍ ഇടപെട്ടവര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഏമാന്മാരോടൊക്കെ സി.പി.എമ്മിന് ശത്രുത തോന്നാം. എന്നല്ല തോന്നണം. ഷൌക്കത്തലിയേയും അനൂപ് ജോണ്‍ കുരുവിളയേയും ജോസി ചെറിയാനെയുമൊക്കെ കുനിച്ചു നിര്‍ത്തി ഇടിക്കുന്ന സ്വപ്നം ചില സഖാക്കളെങ്കിലും കാണാതിരുന്നിട്ടില്ല.
  ഈ പോലീസുകാരോട് പക പോക്കാന്‍ സഖാക്കള്‍ എന്ത് ചെയ്യണം. ഒന്നുകില്‍ അഞ്ച് വര്‍ഷം കാത്തിരിക്കണം. അല്ലെങ്കില്‍ ക്വട്ടേഷന്‍ ടീമിനെ വച്ച് അടിക്കണം. രണ്ടാമത് പറഞ്ഞത് വല്ലാത്ത റിസ്കാണ്. കൊടി സുനിയൊക്കെ അകത്താണ്. പോലീസിനെ തല്ലാനൊന്നും പുതിയ പിള്ളേര്‍ ക്വട്ടേഷന്‍ എടുക്കില്ല. അതത്ര സുഖമുള്ള ഇടപാടല്ല. പ്രത്യേകിച്ച് സി.പി.എമ്മിന്റെ ക്വട്ടേഷനാകുമ്പോള്‍...
  പിന്നുള്ളത് മാധ്യമങ്ങളെ ഉപയോഗിക്കുക എന്നതാണ്. സി.പി.എമ്മിന് ഉപയോഗിക്കാന്‍ ഈ പരശുകേരളത്തില്‍ ആകെ രണ്ട് മാധ്യമങ്ങളേയുള്ളൂ. ഒന്ന് ദേശാഭിമാനി, മറ്റേത് കൈരളി..പകതീര്‍ക്കേണ്ട സാറിന്റെ ഒരു അവിഹിത ബന്ധമോ ( അതില്‍ ആര്‍ക്കും കുറവ് വരില്ലല്ലോ), അഴിമതി ഇടപാടോ, ഭാര്യയുടെ അഴിഞ്ഞാട്ടമോ ഒക്കെ കൊടുത്താല്‍ തല്‍ക്കാലം പിടിച്ച് നില്‍ക്കാം. പക്ഷേ അവിടെയും പുലിവാലുണ്ട്. ഷാജഹാന് വയറിളക്കം പോലെ വാര്‍ത്ത ചോര്‍ത്തിക്കൊടുത്ത യഥാര്‍ത്ഥ വാര്‍ത്ത കൊടുത്തിട്ടു തന്നെ മോഹന്‍ ദാസ് ജയില്‍ കയറി ഇറങ്ങുന്നു. ഉള്ളത് കൊടുത്ത് അടിമേടിച്ച സ്ഥിതിക്ക് ഇല്ലാത്തത് കൊടുക്കാന്‍ ദേശാഭിമാനിയോ കൈരളിയോ തുനിയില്ല...ആഗ്രഹമില്ലാഞ്ഞിട്ടല്ല ,കഴിയില്ല. ഭരണം കിട്ടുന്നതു വരെ പക പെട്ടില്‍ പൂട്ടി വയ്ക്കാനേ പറ്റൂ..
 അപ്പോള്‍ ഒരു പത്രത്തിന് നിലവിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ ഒന്ന് കരിപുരട്ടണമെങ്കില്‍ . .സംശയമില്ല , തിരുവഞ്ചൂരിന്റെ അനുവാദം/സഹായം രഹസ്യമായി വാങ്ങിയിരിക്കണം. ഇനി തിരുവഞ്ചൂര്‍ ഇടഞ്ഞ് നില്‍ക്കുകയാണെങ്കില്‍ , മുല്ലപ്പള്ളീയെങ്കിലും പച്ചക്കൊടി കാണിച്ചിരിക്കണം. അതുമല്ലെങ്കില്‍ പി.ചിദംബരമോ , സോണിയാ ഗാന്ധിയോ പിന്തുണച്ചിരിക്കണം. (നമ്മുടെ മരമോഹന്‍ സിംഗിന് ഇക്കാര്യത്തിലൊന്നും വലിയ താല്പര്യം കാണില്ല..)
ഇത് അന്നത്തെ ഒരു പോലീസ് ഏമാനെക്കുറിച്ച് അന്നത്തെ ഒരു മാധ്യമം എഴുതിയതാണ് . കാലം 1994. ഏമാന്‍ നിസ്സാരക്കാരനല്ല. ഐ.പി.എസ്.കാരനാണ്. നമ്മുടെ ജോണ്‍ കുരുവിളയെപ്പോലെ, ഐ.ജിയാണ് , നമ്മുടെ വിന്‍സെന്റ് എം പോളിനെപ്പോലെ, അന്നത്തെ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തന്‍, അന്നത്തെ പ്രധാന മന്ത്രിയുടെ ചീഫ് സെക്യൂരിറ്റി ആഫീസറുടെ സഹോദരന്‍,കുടുബത്തില്‍ രണ്ട് ഡസനോളം ഐ.പി.എസ്/ ഐ.എ.എസുകാര്‍ , ഐ.ജി.രമണ്‍ ശ്രീവാസ്തവ.
വളരെ നിസ്സാരമായി , ഒരു പൂവിറുക്കുന്ന ലാഘവത്തില്‍ , അവര്‍ എഴുതി. “ ചാരസുന്ദരി തന്റെ പ്രിയപ്പെട്ട ബ്രിഗേഡിയറെകുറിച്ച് വിവരിച്ചപ്പോള്‍ പോലീസ് ഞെട്ടി.വെളുത്ത് സുമുഖന്‍, സംസാരിക്കുമ്പോള്‍ ഇടക്കിടെ തലവെട്ടിക്കും.ചോദ്യം ചെയ്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിരണ്ട്പോയി. എത്രയോ വര്‍ഷമായി താന്‍ കാണുന്നതാണ് ഈ തലവെട്ടല്‍.വയര്‍ലെസ് സെറ്റും പിടിച്ച് ഓടിച്ചാടി നടന്ന് നിര്‍ദ്ദേശം നല്‍കുന്ന ആ മേലുദ്യോഗസ്ഥനെ ആ പോലീസുകാരന്‍ ഓര്‍ത്തുപോയി.എന്റെ ദൈവമേ ! അദ്ദേഹമാണോ ഇദ്ദേഹം “സംസ്ഥാന പോലീസിലെ ഐ.ജിയായ രമണ്‍ ശ്രീവാസ്തവയാണ് ഈ ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്ന് അന്വേഷണ സംഘം കണ്ടെത്തി “
സൂചനകളല്ല...പേര് പറഞ്ഞ് , ചിത്രം കൊടുത്ത് , കുടുംബചരിത്രം പറഞ്ഞ്  നെഞ്ചുറപ്പോടെ നിവര്‍ന്ന് നിന്ന് സംസ്ഥാനത്തെ ഒര് ഐ.ജിയെ ചാരന്‍ എന്ന് വിളിച്ചു. വേശ്യാസമ്പര്‍ക്കത്തിന് സ്ഥിരമായി പോകുന്നവന്‍ എന്ന് വിളിച്ചു. എന്തൊര് ധൈര്യം ? എന്തൊര് ചങ്കുറപ്പ്....ഒരു മാധ്യമത്തിന് ഇത് എങ്ങിനെ ലഭിച്ചു....

 ചാരവാര്‍ത്തകളില്‍ ആരും പിന്നിലായിരുന്നില്ല. ആര്‍ക്കും ആരെയും ഇന്ന് കുറ്റപ്പെടുത്താനും കഴിയില്ല. ഇന്ന് പിണറായി വിജയന്‍ എന്താണോ മാധ്യമങ്ങളില്‍ അതായിരുന്നു അന്ന് നമ്പിനാരായണന്‍. പക്ഷേ നമ്പിക്ക് പീഡനങ്ങള്‍ കൊടിയതായിരുന്നു എങ്കിലും കാലാവധി പരിമിതമായിരുന്നു. വെറും മൂന്ന് മാസം. 1994 നവംബറില്‍ തുടങ്ങി 1995 ജനുവരിയില്‍ അവസാനിക്കുന്നു.
ശ്രീവാസ്തവയുടെ പീഡനകാലം അതിലും കുറവായിരുന്നു. കാരണം ബ്രിഗേഡിയര്‍ ചാരത്തിലേക്ക് കടക്കുന്നത് അല്പം വൈകിയാണ്. ഡിസംബറായി. ബ്രിഗേഡിയര്‍ ചാരത്തിലേക്ക് വന്നതോടേ ചാരം സി.ബി.ഐക്ക് പോകുകയും അവിടെ ഭസ്മമാകുകയും ചെയ്തു.
   സംഭവബഹുലമായിരുന്നു ചാരകാലഘട്ടം. കൂത്തുപറമ്പ് വെടിവയ്പ്, ഉമ്മഞ്ചാണ്ടിയുടെ രാജി, കെ.പി.വിശ്വനാഥന്റെ രാജി. കരുണാകരന്‍ കൈലിമാറ്റണം എന്ന മുറവിളി, സി.പി.എമ്മിന്റെ കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ്സ്. കുറഞ്ഞ വോട്ടില്‍ വി.എസിന്റെ രക്ഷപെടല്‍...............................ഇങ്ങനെ ചാരത്തിന് മുന്‍പും പിന്‍പും സംഭവബഹുലം.

  ചാരക്കേസ് വന്നത് കരുണാകരന്റെ അധികാരം തെറിപ്പിക്കാനാണ് എന്ന് ഇന്ന് മകന്‍ പറയുന്നതിന് രേഖകളുടെ യാതൊരു പിന്‍ബലവുമില്ല. ഉമ്മന്‍ ചാണ്ടിയും സുധീരനും കരുണാകരനെ അപനിര്‍മ്മിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. രാജി മുറവിളി ഭരണകക്ഷിയില്‍ നിന്ന് അലറിക്കേട്ടുകൊണ്ടേയിരുന്നു. പിന്തുണയെല്ലാം നഷ്ടപ്പെട്ട് എം.വി.രാഘവന്റേയും ബാലകൃഷ്ണപിള്ളയുടേയും മാത്രം പിന്തുണയില്‍ ആടി നിന്ന കരുണാകരന്‍ പുറത്തേക്കുള്ള പാതയില്‍ തന്നെ ആയിരുന്നു.
        ഈ ഊഞ്ഞാലാട്ടത്തിനിടയിലാണ് ചാരവനിത മറിയം റഷീദ പിടിയിലാകുന്നത്. ഗോസിപ്പുകള്‍ പടച്ചുവിടുന്ന തനിനിറത്തിന്റേയും പ്രതിപക്ഷ പത്രമായ ദേശാഭിമാനിയുടേയും ലേഖകന്മാര്‍ക്ക് ഒരു പോലീസ് കേന്ദ്രത്തില്‍ നിന്ന് കിട്ടിയ എക്സ്ക്ലൂസീവ്. അവര്‍ അത് വൃത്തിയായി കൊടുത്തു, വിസാചട്ടങ്ങള്‍ ലംഘിച്ച ഒരു വിദേശ വനിതയുടെ അറസ്റ്റ് എന്ന മട്ടില്‍..

   പിന്നെ കളികള്‍ മാറുകയാണ്. മറിയം റഷീദ ചാരവനിതയാകുന്നു. കൂട്ടുകാരി ഫൌസിയ ബാംഗ്ലൂരില്‍ അപ്രത്യക്ഷയാകുന്നു. ചന്ദ്രശേഖരന്‍ എന്ന ഗ്ലാസ്നോസ് റഷ്യന്‍ കമ്പനി ഉടമ പ്രത്യക്ഷപ്പെടുന്നു. അതിലൂടെ ശശികുമാറിലേക്ക് , പിന്നെ നമ്പി നാരായണനിലേക്ക്.....ചാരം കൊടികുത്തിവാഴുന്നു. ചാര പരമ്പരകള്‍ പിറക്കുന്നു, പ്രത്യേക ലേഖകന്മാര്‍ മാലിക്ക് പറക്കുന്നു..

       ഇവിടെ ശൈലിമാറ്റം വിസ്മരിക്കപ്പെട്ടു. ഗ്രൂപ്പ് വഴക്കുകള്‍ പിന്നാമ്പുറങ്ങളില്‍ ഒതുക്കപ്പെട്ടു.ഉമ്മന്‍ ചാണ്ടിയും സുധീരനും പത്രങ്ങളിലെ പെട്ടിക്കോളം വാര്‍ത്തകളായി. ആ അജ്ഞാത പോലീസ് കേന്ദ്രത്തില്‍ നിന്ന് ചോര്‍ത്തിക്കിട്ടിയ വാര്‍ത്തകളില്‍ കരുണാകര ഭരണം അരക്കിട്ടുറച്ചു. ലീഗും മാണിയും ഒക്കെ കവാത്ത് മറഞ്ഞു. കക്ഷത്തിലിരുന്നത് കളഞ്ഞിട്ടിരുന്ന അന്തോണീസ് പുണ്യാളനെ ജനം മറന്നു. ഇനി മുരളിക്ക് ചിന്തിക്കാം ആരാണ് ചാരക്കേസ് സൃഷ്ടിച്ചത് എന്ന്..

 സംഗതി ഇങ്ങനെ ഉദ്ദേശ്ശിച്ച മാര്‍ഗ്ഗത്തിലൂടെ നീളുമ്പോഴാണ് കുട്ടയില്‍ പുതിയൊരു പാമ്പിനെ പുറത്ത് നിന്ന് കൊണ്ടിടുന്നത്. രമണ്‍ ശ്രീവാസ്തവ.....പാമ്പാട്ടി ഞെട്ടി. കളികള്‍ പാളി. പാമ്പ് പത്തി ചീറ്റിയാടി. ചാരക്കേസ് കരുണാകരനെതിരായ കേസായി. 
  അതുവരെ കേരളാപോലീസ് സുഗമായി കേസ്സന്വേഷിക്കുമെന്നും ഏത് ഉന്നതനേയും കയ്യാമം വയ്ക്കും എന്നും പ്രസ്താവിച്ചിരുന്ന അത് നടപ്പിലാക്കികൊണ്ടിരുന്ന മുഖ്യമന്ത്രി ഒറ്റയടിക്ക് പ്രസ്താവിച്ചു ശ്രീവാസ്തവ ഈ കേസില്‍ ഇല്ല. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു, അദ്ദേഹത്തിന്റെ ചാരക്കേസില്‍ ശ്രീവാസ്തവ ഇല്ലായിരുന്നു.
    ശ്രീവാസ്തവക്കെതിരെ ആഘോഷിച്ചത് രണ്ട് മാധ്യമങ്ങളായിരുന്നു. ഒന്ന് മലയാള മനോരമ, രണ്ട് കലാകൌമുദി.....ഒന്ന് അന്തോണീസ് പുണ്യാളന്റെ സ്വന്തം പത്രം. മറ്റേത് ശ്രീനാരായണ ഗുരുവിനേക്കാള്‍ പുണ്യാളനോട് വിധേയത്തം പുലര്‍ത്തിയ ( ശിവഗിരിയില്‍ പോലീസ് കയറുന്നതിന്റെ തലേന്ന് വരെ) കലാകൌമുദി.....കരുണാകരന്റെ അണ്ണാക്കിലേക്ക് പാര കുത്തിയിറക്കിയത് ഇവരായിരുന്നു. എം.എം.സുബൈര്‍ എഴുതിയ കഥകള്‍ ഓര്‍ക്കുക. ചീഫ് മിനിസ്റ്ററുടെ അറിവിലേക്ക് കെ.ബാലചന്ദ്രന്‍ എഴുതിയ തുറന്ന ലേഖനം വായിക്കുക.

  1994 ഡിസംബര്‍ 7ആം തിയതി മന്ത്രി സഭായോഗം കഴിഞ്ഞ് കരുണാകരന്‍ പറഞ്ഞു “ ചാരക്കേസ് മാധ്യമ സൃഷ്ടിയാണ് “ എന്തു ഫലം ഈ പ്രസ്താവനക്ക് മാധ്യമങ്ങള്‍ കൊടുത്ത വിശദീകരണത്തോടെ ജനത്തിന്റെ മുന്നില്‍ കരുണാകരന്‍ ചാരനായി.

    ഇന്ന് സ്വന്തം പിതാവിന് മോക്ഷപ്രാപ്തിക്കായി ഒരു മകന്‍ കേഴുന്നു , ആരാണ് ചാരക്കേസിന് പിന്നില്‍ ?. പ്രിയ മുരളീ കളമറിഞ്ഞ് കളിച്ച് കരുണാകരന്റെ കളി തന്നെയായിരുന്നു ചാരക്കേസ്. അതിലേക്ക് ശ്രീവാസ്തവ എന്ന സെല്‍ഫ് ഗോളടിച്ചു കയറ്റിയ ആ കളിക്കാരനെ , അതാണ് കണ്ടെത്തേണ്ടത്.....അതൊരിക്കലും കഴിയില്ല ,മുരളീ....ആ മോക്ഷപ്രാപ്തി കരുണാകരന് കിട്ടില്ല..ഒരു പക്ഷേ ഈച്ചരവാര്യരുടെ ശാപമാകാം................