“ നായര്‍ സര്‍വീസ് സൊസൈറ്റി എന്ന എന്‍.എസ്സ്.എസ്സ്”. തീയില്‍ കുരുത്ത പടനായന്മാരുടെ പ്രസ്ഥാനം. വീര കേസരി മന്നത്ത് പത്മനാഭന്‍ പിടിയരിയും കെട്ടൂതാലിയും വരെ സംഭാവനയായി പിരിച്ച് രൂപീകരിച്ച പ്രസ്ഥാനം. മന്നത്തിന്റെ പടക്കുതിര സെക്രട്ടറിയേറ്റിന്റെ പടികടന്നപ്പോള്‍ കാരിരിമ്പില്‍ തീര്‍ത്ത കമ്മ്യൂണിസ്റ്റുകള്‍ വരെ ഒലിച്ചു പോയത് ചരിത്രം. . . ആ മഹാപ്രസ്ഥാനം അതിന്റെ ചരിത്രത്തില്‍ ആദ്യമായി അഗ്നി പരീക്ഷ നേരിടുന്നു. അക്ഷരാര്‍ത്ഥത്തിലുള്ള അഗ്നി പരീക്ഷ. മന്നത്ത് പത്മനാഭനോ, കിടങ്ങൂര്‍ ഗോപാലപിള്ളക്കോ നേരിടേണ്ടി വരാതിരുന്ന ആ പരീക്ഷ ഇന്നത്തെ എന്‍.എസ്.എസ്. നേതൃത്വത്തെ പിടിച്ച് കുലുക്കുന്നു. . . പടനായന്മാര്‍ മൂന്നാണ്. ഗജകേസരി. പി.കെ.നാരായണപ്പണിക്കര്‍. ശുദ്ധന്‍, പരമസ്വാത്തികന്‍. നന്നായി ചിരിക്കും , നന്നായി സംസാരിക്കും. മനസ്സു പോലെ തൂവെള്ള വസ്ത്രം മാത്രം. അദ്ദേഹമാണ് എന്‍.എസ്.എസിന്റെ ബാന്‍ കി മൂണ്‍. വാഹനം വെള്ള ഒക്റ്റോവിയ . . അടുത്തത് പ്രസിഡന്റെ . സര്‍വ്വശ്രീ പി.വി.നീലകണ്ഠ പിള്ള. ആയിരം പൂര്‍ണ്ണ ചന്ദ്രന്മാര്‍ പിള്ളയെക്കണ്ട് കൊഴിഞ്ഞു വീണിട്ടുണ്ട്. ആറ്റിങ്ങല്‍ പാലസ് റോഡില്‍ നിന്നും മാസത്തില്‍ ഒരു ദിനം ചങ്ങനാശ്ശേരിക്ക് വെളുത്ത ഇന്നോവ ഓടും. ആറ്റിങ്ങല്‍ കരയോഗ നായന്മാര്‍ക്ക് പിള്ളയെ കണ്ണെടുത്താ കണ്ടുകൂട. പിള്ളക്ക് അവരെയും കണ്ടു കൂടാ.........തൊണ്ണൂറ് കഴിഞ്ഞതിനാല്‍ കാഴ്ച കുറവാണ്. .. അടുത്തതാണ് മഹാരാജശ്രീ സുകുമാരന്‍ നായര്‍. ഭരണ പ്രതിപക്ഷ നേതാക്കളെ വരച്ച വരയില്‍ നിര്‍ത്തി ഏത്തമിടിക്കുന്ന മഹാപ്രതിഭ. വെടിക്കല, ചന്ദനക്കുറി. ചിരിക്കാത്ത മുഖം. കൃത്യം പത്ത് പത്തിന് വെള്ള ഇന്നോവ സ്വയം ഓടിച്ച് വന്ന് ചങ്ങനാശ്ശേരി ആസ്ഥാന അതിഥി മന്ദിരത്തിന്റെ തിണ്ണയിലേക്ക് ഇരമ്പി പാഞ്ഞ് നിര്‍ത്തും. അപ്പോള്‍ കാറ്റ് നിലക്കും, കുരുവി പാട്ട് നിര്‍ത്തും, നിശബ്ദത ചിറകുവിരിച്ചാടും. അദ്ദേഹമാണ് അസിസ്റ്റന്റ് സെക്രട്ടറി. . . ആദ്യ രണ്ടും സ്വാത്തിക നായന്മാരാണ്. അവസാനത്തേത് തന്നെയാണ് അവസാനത്തേത്. ആ ആജ്ഞകളിലാണ് പ്രസ്ഥാനം ചലിക്കുന്നത്. ഭരണം ചലിക്കുന്നത് കേരളം ചലിക്കുന്നത്. രമേശേ..........എന്ന് ഒന്നമര്‍ത്തി വിളിച്ചാല്‍ “എന്റെ മണിച്ചേട്ടാ “ എന്ന് വിളിച്ച് ചെന്നിത്തല ഓടിയെത്തും. വെള്ളാപ്പള്ളിക്ക് കാണിക്ക വച്ച ദേവസ്വം ബില്ല് പിണറായി രണ്ടായി വലിച്ചു കീറും. . എന്‍.എസ്സ്.എസ്സില്‍ പ്യൂണായിക്കേറിയ സുകുമാരന്‍ മണിയടിച്ചൂം കാലുനക്കിയുമാണ് ഈ പദവിവരെ എത്തിയത് എന്ന് നമ്മുടെ ജി.സുധാകരന്‍ വച്ചു കാച്ചി. അതിനുള്ള മറുപടി സുകുമാരന്‍ നായര്‍ വോട്ടുപെട്ടിയിലാക്കി കൊടുത്തയച്ചിട്ടുണ്ട്. പതിമൂന്നാം തിയതി സുധാകരന്‍ അത് അനുഭവിക്കും. . . എത്രയോ കാലമായി സുകുമാരന്‍ നായര്‍ അസി:സെക്രട്ടറിയായി വാഴുന്നു. ഏതൊരു മനുഷ്യനും കാണില്ലേ ഒരു പ്രൊമോഷന്റെ ആഗ്രഹമൊക്കെ. സുകുമാരന്‍ നായര്‍ക്ക് അങ്ങിനെ ഒരു ആഗ്രഹമേയില്ല എന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് പണിക്കരുചേട്ടന്റെ കീഴില്‍ രണ്ടാമനായി കഴിഞ്ഞാല്‍ മതി. സെക്രട്ടറിയോ പ്രസിഡന്റോ ആകേണ്ട. . . ഇപ്പോഴിതാ ദേഹാസ്വാസ്ഥ്യം മൂലം പണിക്കര്‍ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായും അസി: സെക്രട്ടറി സെക്രട്ടറിയാകേണ്ടതാണ്. അതാ അവിടെ തെറ്റി !. സുകുമാരന്‍ നായര്‍ സെക്രട്ടറിയായില്ല, പകരം സെക്രട്ടറിയുടെ അധിക ചുമതല മാത്രം. . . ഇവിടെ എനിക്ക് എന്തോ മണത്തു!.ഞാന്‍ നായന്മാരുടെ ഭരണ ഘടന തപ്പിയെടുത്തു. ദാ............കിടക്കുന്നു സംഗതി .................എന്‍.എസ്സ് എസ്സിന്റെ പ്രസിഡന്റോ സെക്രട്ടറിയോ ആകണമെങ്കില്‍ എല്‍.എല്‍.ബി. വേണം........................സംഗതി സ്ട്രിക്റ്റാണ്.......പി.എസ്.എസിയേക്കാള്‍ കണിശം. ഒരു ഇളവും അനുവദനീയമല്ല...... . . അപ്പോള്‍ എല്‍.എല്‍.ബിയില്ലാത്ത ശ്രീ.സുകുമാരന്‍ നായര്‍ എങ്ങിനെ സെക്രട്ടറിയാകും. അദ്ദേഹം എന്നും ഈ അസിസ്റ്റന്റ് സെക്രട്ടറിയായി തന്നെ തുടരുമോ........................... നായന്മാരെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന് പറയുന്നത് അതു കൊണ്ടാണ്. അങ്ങിനെ തോറ്റു മടങ്ങുന്നവരല്ല നായന്മാര്‍. . അതു കൊണ്ടാണ് ഈ പ്രായത്തില്‍ സുകുമാരന്‍ നായര്‍ (രഹസ്യമായി )എല്‍.എല്‍.ബിക്ക് പഠിക്കുന്നു എന്നൊരു കിംവദന്തി (?) പ്രചരിക്കുന്നത്. കാറില്‍, വീട്ടില്‍, ആഫീസില്‍ ഒക്കെ എല്‍.എല്‍.ബിയുടെ നോട്ടുകള്‍. പഠിക്കണം , പരീക്ഷ ജയിക്കണം. അതും അടുത്ത ഭരണ സമിതിക്ക് മുന്‍പ് വേണം. പഠിക്കാന്‍ പാഠങ്ങല്‍ അനവധി. സമയം പരിമിതം. പരീക്ഷ തോറ്റാല്‍ !. അത് ഊഹിക്കാന്‍ കൂടി വയ്യ. ഒരു എലിമിനേഷന്‍ റൌണ്ടിന്റെ പിരിമുറുക്കം അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. . . സുഗതരേ............മാഗതരേ ജയ്ത്തിനു വേണ്ടി പ്രാര്‍ത്ഥിക്കൂ................നമ്മുടെ ലക്ഷ്യം വിജയം മാത്രം.!
No comments:
Post a Comment