Wednesday, February 10, 2010
ഖഗങ്ങള്‍ മാവില്‍ പെരുകും വസന്തേ.......................
മുസ്ലീങ്ങള്‍ക്ക് സി.പി.എമ്മില്‍ രക്ഷയില്ലാത്തതിനാലാണ് അബ്ദുള്ളക്കുട്ടി സി.പി.എം.വിട്ടത്. മനസ്സറിഞ്ഞ് ഒന്ന് നിസ്കരിക്കുവാന്‍ പോലും പാര്‍ട്ടി അനുവദിക്കുകയില്ലായിരുന്നു.
വിശ്വാസിയായ കൃസ്ത്യാനിക്ക് ഒരിക്കലും പാര്‍ട്ടിയില്‍ നേതാവാകാനാകില്ല എന്ന് വെളിപാടുണ്ടായപ്പോള്‍ മനോജും പാര്‍ട്ടിവിട്ടു.
മുസ്ലീം..........കൃസ്ത്യാനി................ഹിന്ദു
സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിലെ മതേതര ഘോഷയാത്ര പോലെ........
ഈ ചോര്‍ച്ച ഇവിടം കൊണ്ടവസാനിക്കുമോ..................... ഇല്ല എന്ന് എനിക്ക് തോന്നുന്നു................
ആശയപരവും മതപരവുമായ കാരണങ്ങളാലാണ് തങ്ങള്‍ പ്രസ്ഥാനം വിടുന്നത് എന്ന് ആണയിട്ട് പറയുമ്പോഴും അതല്ല കാരണം എന്ന് അവരുടെ പ്രവൃത്തികള്‍ തന്നെ വിളിച്ച് പറയുന്നു.
ഒരിക്കല്‍ ഒരു വിദേശ രാജ്യത്തലവന്‍ പ്രധാനമന്ത്രി നെഹ്രുവിനോട് അത്ഭുതത്തോടെ ചോദിച്ചു
“ നിങ്ങള്‍ നിങ്ങളുടെ രാജ്യത്ത് കമ്മ്യൂണിസ്റ്റുകാരെ പാര്‍ലമെന്റിലേക്ക് അയക്കുന്നുവോ?! ഞാനവിടെ അവരെ ജയിലുകളിലേക്കാണ് അയക്കുന്നത്”
ചിരിച്ചു കൊണ്ട് നെഹ്രു പറഞ്ഞു.” നിങ്ങള്‍ ജയിലിലേക്കയക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ വര്‍ദ്ധിത വീര്യത്തോടെ തിരിച്ചെത്തും.എന്നാല്‍ ഞാന്‍ പാര്‍ലമെന്റിലേക്കയക്കുന്നവരാകട്ടെ ഒരിക്കലും കമ്മ്യൂണിസ്റ്റായി തിരിച്ചെത്തില്ല”.
നെഹ്രുവിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കി ആ നിര തുടങ്ങുന്നു................
അബ്ദുള്ളക്കുട്ടി.............മനോജ്................ശിവരാമന്‍.
അധികാരത്തോടുള്ള അടങ്ങാത്ത ആര്‍ത്തിയാണ് ഇവരെ കൂറുമാറ്റത്തിന് പ്രേരിപ്പിച്ചതെങ്കില്‍ ഇപ്പോഴും വിനീത വിധേയരായി പ്രസ്ഥാനത്തില്‍ തുടരുന്നവരില്‍ എത്ര പേര്‍ ഇവര്‍ക്ക് പിന്‍ ഗാമികളായി ഉണ്ടായിരിക്കും!.
പാര്‍ലമെന്റിലേക്ക് സീറ്റില്ല എന്നുറപ്പായപ്പോള്‍ മുറുമുറുപ്പുമായി രംഗത്ത് വന്നവര്‍ വേറെയുമുണ്ടായിരുന്നു.
വര്‍ക്കല രാധാകൃഷ്ണന്‍ , എസ്.അജയകുമാര്‍, എന്‍.എന്‍.കൃഷ്ണദാസ്.................ഇവരൊക്കെ പാര്‍ട്ടി വിട്ടില്ല. വിശ്വസ്തരും വിനീത വിധേയരുമായി ജീവിക്കുമ്പോഴും ഇവരുടെ ഉള്ള് പുകയുകയാവില്ലേ.........
പ്രോട്ടോക്കോള്‍, ഓച്ച്ഛാനിച്ചു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍,വിമാന റെയില്‍വേ പാസ്സുകള്‍,ഭീമമായ ആനുകൂല്യങ്ങള്‍, സുഖ ശീതളിമകള്‍, കമ്മീഷനുകള്‍, സമ്മാനങ്ങള്‍, ചാനലുകള്‍- സ്വദേശവും വിദേശവും. പിന്നെ ഉണ്ണിത്താന്‍ പഴവും- അതും സ്വദേശവും വിദേശവും.
പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് കേരളത്തില്‍ സി.പി.എമ്മിന് ചാവേര്‍ പോരാട്ടമായിരുന്നു പണ്ട്. തോല്‍ക്കുമെന്ന് ഉറപ്പുള്ള യുദ്ധം. അപൂര്‍വമായി ഒരു സുരേഷ് കുറുപ്പോ ഒരു ആഞലോസ്സോ ഉണ്ടായാലായി. മറ്റുള്ളവരെല്ലാം വെറും ചുവരെഴുത്തുകള്‍ മാത്രം. വെറുതേ തോല്‍ക്കാനുള്ള ബലിയാടുകള്‍.
പിന്നെ സ്ഥിതി മാറി. മതസരം ജയിക്കാനുള്ളതായി. ജയിച്ച് കഴിഞ്ഞാന്‍ പഴയതുപോലെ പ്രതിപക്ഷമല്ല ഭരണം തന്നെ കിട്ടാവുന്ന സ്ഥിതിയായി. നേടുവാന്‍ നിരവധി പാര്‍ലമെന്റരി സമിതികളായി. പഞ്ച നക്ഷത്ര അത്താഴങ്ങളായി, വിദേശയാത്രകളായി. അപ്പോള്‍ മത്സരാര്‍ത്ഥികള്‍ ഏറെയായി. സ്ഥാനം നിലനിര്‍ത്താനും പിടിച്ചടക്കാനും തെറിപ്പിക്കാനും പോരാട്ടങ്ങളായി. കുതികാല്‍ വെട്ടുകളായി. അച്ചടക്ക നടപടികളായി.
അബ്ദുള്ള കുട്ടി, മനോജ്,ശിവരാമന്‍................കൊഴിഞ്ഞു പോക്കിന്റെ ഒരു മലവെള്ളപ്പാച്ചിലാണ് ഇനി വരാന്‍ പോകുന്നത്.........2010 ജൂണില്‍ തുടങ്ങുന്ന് ആ ഒഴുക്ക് സെപ്തമ്പര്‍ വരെ നീളും.
കാരണം തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ്.............
ഇക്കുറി 50ശതമാനം വനിതാ സംവരണമാണ്. അതായത് 20സീറ്റുള്ള ഒരു പഞ്ചായത്തില്‍ 10സീറ്റില്‍ വനിതകള്‍, മൂന്നു സീറ്റ് പട്ടികജാതി സംവരണം. മൂന്നോളം സീറ്റ് കോണ്‍ഗ്രസ്സിന്റെ ഉറച്ച സീറ്റായി കാണുക. ബാക്കി നാലേ നാല് സീറ്റ്, അതില്‍ ജയിച്ചു വേണം പഞ്ചായത്ത് പ്രസിഡന്റാവാന്‍, വൈസ് പ്രസിഡന്റാവാന്‍, സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാനാകുവാന്‍. ആ നാല് സീറ്റ് ലക്ഷ്യമിട്ട് നാല്പത് കാമുകന്മാര്‍!.
ചിലര്‍ വനിതാ സംവരണ സീറ്റില്‍ ഭാര്യയെ നിര്‍ത്തി സംതൃപ്തിപ്പെടും. ഭര്‍ത്താക്കന്മാര്‍ വീട്ടിലിരുന്ന് പഞ്ചായത്ത് ഭരിക്കും. ഭാര്യയെ വിശ്വാസമില്ലാത്തവന്മാരോ..................പാര്‍ട്ടി വിടും. ഇവിടെ കൂറുമാറ്റത്തിന്റെ കലാശക്കൊട്ടു തുടങ്ങും.
മാതൃഭൂമിയില്‍ വാര്‍ത്തവരും “ കോത്താഴം പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായി ഉദ്ദണ്ഠക്കുറുപ്പ് പാര്‍ട്ടിവിട്ടു. സി.പി.എം.നയങ്ങളില്‍ നിന്ന് അകന്നതുകൊണ്ടാണ് താന്‍ പാര്‍ട്ടിവിടുന്നത് എന്ന് അദ്ദേഹം പ്രസ്താവിച്ചു. അധികാരത്തിലിരുന്ന സമയത്ത് തന്നെ അഴിമതി ചെയ്യുവാന്‍ പാര്‍ട്ടി പ്രേരിപ്പിച്ചിരുന്നു എന്നും അതില്‍ മനം നൊന്താണ് താന്‍ രാജിവക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.”
ഉദ്ദണ്ഠക്കുറുപ്പ് ഏഷ്യാനെറ്റില്‍ പ്രത്യക്ഷപ്പെടും , ഒപ്പം തൊട്ട് നക്കാന്‍ സ്ഥിരം അച്ചാറുകളും. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ആസാദ്, നീലകണ്ഠന്‍............................”
ഉദ്ദണ്ഠക്കുറുപ്പുമാരുടെ എണ്ണം ദിനം പ്രതി കൂടും......ആദ്യം ചാനലില്‍ നിന്ന് കുറുപ്പ് ഔട്ടാകും. പിന്നെ പതിയെ പത്രങ്ങളില്‍ നിന്നും. ഒടുവില്‍ ഇന്ന് പാര്‍ട്ടിവിട്ടവര്‍ എന്നോ മറ്റോ പക്തി സി.ഹരികുമാര്‍ എഴുതിയേക്കും.
ഉദ്ദണ്ഠക്കുറുപ്പുമാര്‍ എന്തു കൊണ്ടാണ് പാര്‍ട്ടി വിടുന്നത്.
ഒരു പഞ്ചായത്ത് മെമ്പര്‍ക്ക് മുവായിരത്തോളം രൂപയാണ് ഓണറേറിയം. യാത്രപ്പടി, സിറ്റിംഗ് ഫീ, സ്റ്റാന്‍ഡിംഗ് ഫീ................ഇങ്ങനെ പ്രത്യക്ഷ അലവസുകള്‍ അനേകം.
ഇനി ഗോസ്റ്റ് അലവസുകള്‍............ഗുണഭോക്തൃ സമിതി കൂടല്‍.........മരാമത്ത് പണികള്‍ വീതം വക്കല്‍.......ആനുകൂല്യങ്ങള്‍ സംഘടിപ്പിക്കല്‍.................
പഞ്ചായത്ത് വാഹനത്തില്‍ സര്‍ക്കീട്ട്, മരണ വിവാഹ വീടുകളില്‍ പ്രത്യേക കസേര, കാരണവര്‍ സ്ഥാനം. ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ നിയന്ത്രണാധികാരം. മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പോലും വേദിയില്‍ കസേര.........
ഇങ്ങനെ പരിധിയില്ലാത്ത സുഖങ്ങള്‍ അനുവദിച്ചു വരുമ്പോഴാണ് അരൂപിയായ പാര്‍ട്ടി എത്തുന്നത്. തന്നെ നിയന്ത്രിക്കുന്നത്. അരൂപി ചോദിക്കുന്നു.” ആ റോഡ് എന്തിന് ടാറിട്ടു?. അയാള്‍ക്ക് എന്തിന് വീടുകൊടുത്തു?”
ചോദ്യങ്ങള്‍ ചോദിച്ചു മാത്രം ശീലിച്ചവനോട് ചോദ്യം ചോദിക്കുന്നുവോ.........................
പ്രതിമാസം നല്ലൊരു തുക ലെവിയായി കൊടുക്കുന്നു. അതു പോരാഞ്ഞ് മെമ്പറെ നിയന്ത്രിക്കുന്നോ...........ഇവിടെയാണ് ബഹു മെമ്പര്‍ക്ക് ആശയസംഘട്ടനങ്ങളുണ്ടാകുന്നത്. ഒടുവില്‍ സീറ്റ് നിഷേധിക്കപ്പെടുമ്പോള്‍ കുറുപ്പ് പാര്‍ട്ടി വിടുന്നു.
ഇത്തരം കൊഴിഞ്ഞ് പോക്ക് (ഇത് ചാനലുകള്‍ തന്ന പദമാണ് പഴയ പത്ര പദം കൂറു മാറ്റം എന്നായിരുന്നു.) ഇത് നല്ലൊരു നാളേക്കുള്ള നാന്ദിയല്ലേ................. കടിച്ചു പിടിച്ച്, പുകയുന്ന ആത്മാവുമായി ഇവര്‍ പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ ഇവര്‍ക്കോ പാര്‍ട്ടിക്കോ എന്താണ് പ്രയോജനം.?
അതുകൊണ്ട് അവര്‍ രക്ഷപെടട്ടേ..................
സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ജാഥ നടത്തി സീറ്റ് നേടിയ മൂത്താപ്പയുടെ സ്വന്തം എളേപ്പമാര്‍!
Thursday, January 28, 2010
ലിബറലായ ഭാര്യമാര്‍!
സംഭവം വിവാദമായപ്പോള്‍ ചാക്കോയുടെ ഭാര്യ പറഞ്ഞു.
“ അതിയാന്‍ അത്തരക്കാരനല്ല!”
നാലരയടി പൊക്കവും ആറടി വീതിയുമുള്ള മേശക്ക് മുകളിലൂടെ ചാടി വകുപ്പ് സെക്രട്ടറിയുടെ ചുണ്ടില്‍ കടിച്ചുതൂങ്ങി അഞ്ചടിപൊക്കക്കാരന്‍ നീലന്‍ കിടന്നാടിയപ്പോള്‍ അതിയാന്റെ ഭാര്യയും പറഞ്ഞു.
“എന്റെ കെട്ടിയോന്‍ അത്തരക്കാരനല്ല”. പെണ്ണുമ്പിള്ള ഒന്നു കൂടി കടത്തിപ്പറഞ്ഞു.
“ അവളാളു പെശകാണ്”
നാല്പത്തി അഞ്ച് ശതമാനം ചരിഞ്ഞ് പറക്കുന്ന വിമാനത്തില്‍ അന്‍പത് ശതമാനം ഒടിഞ്ഞ കയ്യാലെ അന്‍പത്തിമൂന്നു വര്‍ഷം പഴക്കമുള്ള മാറിടത്തെ ഏത് വെലോസിറ്റിയില്‍ തൊടാം എന്ന് ട്രിഗണോമിട്രിക്ക് ശ്രമിച്ച ഔസേപ്പച്ചായനും കുടുങ്ങി.
ആയമ്മയും പറഞ്ഞു.
“ പശുവിനെയല്ലാതെ അതിയാന്‍ മനുഷ്യരെ കറക്കാറില്ല”
ഭൂമിയിലെ സ്വര്‍ഗ്ഗം ബാംഗ്ലൂരാണ്. ആ സ്വര്‍ഗ്ഗത്തിലേക്ക് യാത്രചെയ്തുകൊണ്ടിരുന്ന ഉണ്ണിത്താനെ മഞ്ചേരിയില്‍ പിടിച്ച് യുവജനമുതുകാം പൊന്‍മണിത്തണ്ടുമേറ്റി വെളിച്ചത്തിലേക്കാനയിച്ചപ്പോള്‍ ഉണ്ണിത്താന്റെ പെണ്ണൂമ്പിള്ളയും പറഞ്ഞു.
“നിങ്ങക്കെന്താ പിള്ളേരെ അതിയാനെ എനിക്കറിയില്ലേ............അവളേയും”
ചാക്കോയുടെ ഭാര്യ.........നീലന്റെ ഭാര്യ...............ജോസഫിന്റെ ഭാര്യ............ഇപ്പോഴിതാ ഉണ്ണിത്താന്റെ ഭാര്യ..............................
എത്ര ലിബറലായ ഭാര്യമാര്‍!
............എന്നിട്ടും സക്കറിയ പറയുന്നു മലയാളിക്ക് അടഞ്ഞ ലൈഗികതയാണ് എന്ന്.
കുഷ്ഠം പിടിച്ച് നാറിയ ഭര്‍ത്താവിനെ ചുമലില്‍ ചുമന്ന് വേശ്യാ സംസര്‍ഗ്ഗത്തിന് കൊണ്ടു പോയ ശീലാവതിയുടെ നാട്.
ഉണ്ണിയച്ചി.........ഉണ്ണീചിരുതേവി........ഉണ്ണുനീലി................ഉണ്ണിനങ്ങ...........തുടങ്ങി ഉണ്ണിമേരിവരെയുള്ളവരുടെ നാട്...................
ഇപ്പോഴിതാ.................ഉണ്ണിത്താനും.................
അല്ല............ഉണ്ണി എന്നപേരിനാണോ കുഴപ്പം........................
“ നാരായണണ്‍ തന്റെ പാദാരവിന്ദം
നാരീജനത്തിന്റെ മുഖാരവിന്ദം
നരനായാലിത് രണ്ടിലൊന്ന്
നിനച്ചുവേണം ദിനം കഴിപ്പാന്‍”
ഉണ്ണിത്താനും ജയലക്ഷ്മിചേച്ചിക്കും വേണ്ടി ഞാന്‍ പണ്ട് ബ്ലോഗില്‍ എഴുതിയ കവിത സമര്‍പ്പിക്കുന്നു
Friday, May 15, 2009
അന്യന്റെ ഭാര്യ
അന്യന്റെ ഭാര്യയെ സ്നേഹിക്കുന്നതു സുഖമുള്ള ഒരു ഏര്‍പ്പാടാണ്.
അവളുടെ നാറുന്ന കൊച്ചുങ്ങളെ എനിക്കെടുക്കേണ്ടിയേ വരാറില്ല.
അവരുടെ വയറിളക്കത്തിന് മരുന്നു വാങ്ങി കൊടുക്കേണ്ടതില്ല.
അകത്ത് അവളുടെ പണ്ടാരത്തള്ള ജീവിതം ചുമച്ച് തുപ്പുന്നത്
എന്റെ സുരതത്തെ ബാധിക്കുന്നതേയില്ല.
അവളുടെ കണ്ണുകളിലെ തീ
അരക്കെട്ടിന്റെ ഉന്മാദം.
അതു മാത്രം മതി എനിക്കു.
കീറക്കുപ്പായത്തിലൂടെ കക്ഷം കാണിച്ച്
അവള്‍ ചന്തക്കു പോകുമ്പോള്‍ എനിക്കറപ്പാണ്.
കുടിച്ചു കുന്തം മറിഞ്ഞു വരുന്ന അവനെ ഞാന്‍
എന്നും ഗുണദോഷിക്കാറുണ്ട്.
എന്റെ ഭാര്യ അവളെ എപ്പോഴും സഹായിക്കാറുണ്ട്.
എന്റെ മുഷിഞ്ഞ അടിവസ്ത്രങ്ങള്‍ അവള്‍ തേച്ചു കഴുകുന്നത്
വളിച്ച ഒരു തമാശയായി ഞാന്‍ അവള്‍ക്കു മുന്നില്‍ വിളമ്പാറുണ്ട്.
ഒന്നുമാത്രം അവളില്‍ എനിക്കസഹനീയം
കോഴി കൂകുന്നതിനു മുന്‍പ് വാരിവലിച്ചുടുത്ത് പുറത്തേക്കു പോകുമ്പോള്‍
ആര്‍ക്കോ പൊഴിക്കുന്ന രണ്ടു തുള്ളി കണ്ണുനീര്‍.
Friday, January 22, 2010
ഒരു മുന്‍ ധാരണകളും ഇല്ലാതെ !
പോള്‍ വധക്കേസ് അന്വേഷണം തിരക്കഥ അനുസരിച്ച് നടപ്പിലാക്കിയതാണ് എന്നും മുന്‍ ധാരണയോടെയാണ് പോലീസ് കേസ് അന്വേഷിച്ചത് എന്നും കോടതി കണ്ടെത്തി.
1, മറ്റൊരു കൊട്ടേഷനു പോയ ഒരു സംഘം ഒരു പരിചയവുമില്ലാത്ത ഒരാളെ പെട്ടെന്ന് കുത്തിക്കൊല്ലുക അസംഭാവ്യം.
2, എസ് ആകൃതിയിലുള്ള കത്തി മറ്റൊരു നാടകം.
3, കാരി സതീശന്‍ വെറും കോമാളി
4,ഓം പ്രകാശ്, രാജേഷ് എന്നിവരുടെ കാര്യം വീണ്ടും സംശയം.
5, പോളിന്റെ ഭൂതകാലത്തെ പറ്റി പോലീസ് ഇത്രയൊക്കെ പറയുന്നതില്‍ സംശയം.
ഇങ്ങനെ നിരവധി സംശയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനേയും പോലീസിനേയും രൂക്ഷമായി വിമര്‍ശിച്ചാണ് അന്വേഷണം കോടതി സി.ബി.ഐ ക്ക് വിട്ടത്.
യാതൊരു മുന്‍ ധാരണകളുമില്ലാതെ നിഷ്പക്ഷമായി കേസന്വേഷിച്ച് ആറു മാസത്തിനകം സി.ബി.ഐ. കോടതിയെ അറിയിക്കണം.
കോടതി പറഞ്ഞ കാര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് യാതൊരു മുന്‍ ധാരണയും പാടില്ലാതെയായിരിക്കണം സി.ബി.ഐ കേസ് അന്വേഷിക്കേണ്ടത്.
അങ്ങിനെ ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടല്‍ മൂലം പോള്‍ വധക്കേസില്‍ സത്യം തെളിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
**************************************************
അങ്ങിനെയിരിക്കെ ഒരു വൈദ്യന്‍ കഷണ്ടിക്ക് മരുന്ന് കൊണ്ടുവന്നു. എന്നിട്ട് അയാള്‍ പറഞ്ഞു ഇത് തലയില്‍ പുരട്ടുമ്പോള്‍ കുരങ്ങിനെ ഓര്‍ക്കാനേ പാടില്ല.
**********************************************
Monday, January 18, 2010
യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി
പോലീസ് വാഹനം ആക്രമിച്ച് പ്രതിയെ രക്ഷിച്ചു
ധര്‍മടം: പോലീസ് വാഹനം ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി. നെട്ടൂര്‍ ബാലത്തില്‍ ഞായറാഴ്‌ച പുലര്‍ച്ചെ 2.30നാണ് സംഭവം. 2007-ല്‍ കോടതി അറസ്റ്റ്‌വാറണ്ട് പുറപ്പെടുവിച്ചിരുന്ന ജിതേഷിനെയാണ് ഒരുസംഘം ആളുകള്‍ ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചത്. ബസ് ഷെല്‍ട്ടര്‍ തകര്‍ത്ത കേസിലെ പ്രതിയാണിയാള്‍. ബാലത്തില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് എ.എസ്.ഐ ശിവാനന്ദന്റെ നേതൃത്വത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന ധര്‍മടം പോലീസ് സ്റ്റേഷന്റെ വാഹനമാണ് അക്രമിക്കപ്പെട്ടത്. ഉത്സവത്തിനിടെ പ്രതിയെ തിരിച്ചറിഞ്ഞ ഹെഡ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ ജിതേഷിനെ അറസ്റ്റ്‌ചെയ്‌ത് വാഹനത്തില്‍ ഇരുത്തി. ഇതറിഞ്ഞ് സംഘടിച്ചെത്തിയവരാണ് പോലീസ് വാഹനം ആക്രമിച്ചത്. വാഹനത്തിന്റെ ചില്ല് തകര്‍ന്നു. സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ലെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതികള്‍ക്കായി ധര്‍മ്മടം എസ്.ഐ കെ.സനില്‍ കുമാറിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. (മാത്രുഭൂമി)
ഇതേ വാര്‍ത്ത മലയാള മനോരമയില്‍
പിടിയിലായ ആര്‍.എസ്സ്.എസ്സുകാരനെ ആക്രമണം നടത്തി മോചിപ്പിച്ചു.
തലശ്ശേരി: വാറണ്ട് പ്രതിയായ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകനെ പോലീസിനെ ആക്രമിച്ചു മോചിപ്പിച്ചു.
നിട്ടൂരിലെ ആര്‍.എസ്സ്.എസ്സ്.പ്രവര്‍ത്തകന്‍ ജിതേഷിനെയാണ് മോചിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മുപ്പതിന് നിട്ടൂര്‍ ബാലത്തിലാണ് സംഭവം. ബാലത്തില്‍ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കെത്തിയ....................,ഇതോടെ ആര്‍.എസ്സ്.എസ്സ് സംഘം ജീപ്പിന്റെ ചില്ല് അടിച്ച് തകര്‍ത്ത് ബലം പ്രയോഗിച്ച് ജിതേഷിനെ മോചിപ്പിച്ചു കൊണ്ട് പോകുകയായിരുന്നു. .........................അനൂപ്,ശോഭിത്ത്,സുധി എന്നിങ്ങനെ ഒരു സംഘം ആര്‍.എസ്സ്.എസ്സ്. പ്രവ്ര്ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. (മനോരമ )
ഇതാണ് യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി. !
Thursday, January 14, 2010
സന്ദര്‍ശക മുറി
മരണം വല്ലാത്തൊരു സമസ്യയാണ്. വേദനകളുടെ വെറുപ്പിന്റെ വികാരങ്ങളുടെ വിരാമമാണത്.
ഗര്‍ഭപാത്രത്തിനേക്കാള്‍ ശാന്തമായ ഉറക്കറയാണത്. ജീവിതത്തിന്റെ ഏറ്റവും വലിയ പുണ്യമാണത്.
എഴുപത്തി ആറാം വയസ്സിലാണ് മുത്തശ്ശി മരിക്കുന്നത്. എഴുപത്തി ആറില്‍ മരണം ഒരു ആകസ്മികതയല്ല. അനിവാര്യതയുമല്ല. എങ്കിലും മരണത്തെ മുത്തശ്ശി വല്ലാതെ പേടിച്ചിരുന്നു. പെന്‍ഷന്‍ പറ്റിയ ദിനങ്ങള്‍ മുതല്‍ അവര്‍ പത്രങ്ങളിലെ ചരമകോളങ്ങളില്‍ മുഖം പൂഴ്തിയിരുന്നിരുന്നു. സമപ്രായക്കാരുടെ ചിത്രങ്ങള്‍ അച്ചടിച്ചുവരുമ്പോള്‍ ഞെട്ടിയിരുന്നു. അവരുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു.
ദിനപത്രങ്ങളിലെ ചരമകോളങ്ങള്‍ പ്രായമേറിയ ജീവിതത്തിന്റെ അറുത്തുമാറ്റാനാകാത്ത ഭാഗമാണ്. പ്രായമാകുമ്പോള്‍ ഞാനും ചരമകോളങ്ങളെ സ്നേഹിച്ചേക്കാം.എഴുപത്തിആറില്‍ സംഭവിച്ച ഒരു വീഴ്ചയാണ് മുത്തശ്ശിയെ മരണത്തിലേക്ക് ക്ഷണിച്ചത്. ചികിത്സകള്‍ക്ക് വിരാമമിട്ട് വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ അനിവാര്യതയെ കുറിച്ച് മുന്നറിയിപ്പു തന്നിരുന്നു ഡോകടര്‍മാര്‍. എഴുപത്തിആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമുകിന്റെ പാളയില്‍ കുളിത്തൊട്ടിതീര്‍ത്ത് മഞ്ഞള്‍ തേച്ചു കുളിച്ചൊരു പിഞ്ചു കുട്ടിയായിരുന്ന അവര്‍ വെള്ളം നിറച്ച മെത്തയില്‍ ഒഴുകി നടന്നു, ഒരു കുട്ടിയെപ്പോലെ.
വാര്‍ദ്ധക്യം ഒരു രണ്ടാം ബാല്യം തന്നെയാണ് , എല്ലാ അര്‍ത്ഥത്തിലും. മൂത്രത്തിലേക്ക്, അപ്പിയിലേക്ക്, കൊഞ്ചലിലേക്ക് , ഒരു തിരിച്ചുപോക്ക്. ചെറുതായി ചെറുതായി, ഒടുവില്‍ ഗര്‍ഭപാത്രത്തിലേക്ക്, ഭൂമിയുടേതാണെന്ന് മാത്രം.വൈകുന്നേരങ്ങളില്‍ ആഫീസില്‍ നിന്നെത്തുമ്പോള്‍ എനിക്കു മുന്നില്‍ അന്നത്തെ വിശേഷങ്ങളഴിക്കും മുത്തശ്ശി. ആസന്ന മരണയായ തന്നെക്കാണാനെത്തിയ ബന്ധുക്കളുടെ വിവരങ്ങള്‍. ആദ്യമൊക്കെ വെറുതേ മൂളിക്കേട്ടു എങ്കിലും പിന്നീടെപ്പോഴോ ആ വിശേഷങ്ങള്‍ ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി. ബന്ധങ്ങളുടേയും ബന്ധുക്കളുടെയും നീണ്ടു പോകുന്ന ചങ്ങലകള്‍. ഇങ്ങേയറ്റത്തെ കണ്ണിയായ ഞാന്‍ ആ വിവരണങ്ങളിലൂടെ ചങ്ങലയുടെ അറ്റത്തേക്ക് സഞ്ചരിച്ചു തുടങ്ങി.
“ കൊല്ലന്റഴികത്തെ രാഘവന്‍ വന്നിരുന്നു ഉച്ചക്ക്. അവന്‍ ഇപ്പോഴും പഴയതുപോലെ തന്നെ, ഒരു മാറ്റവുമില്ല” കൊല്ലന്റഴികത്തെ രാഘവന്റെ ചരിത്രം മുത്തശ്ശി നിവര്‍ത്താന്‍ തുടങ്ങി. അവന്റെ അച്ഛന്‍ സിങ്കപ്പൂരു പോയ കഥ. മലായിക്കാരിയെ കെട്ടിയ കഥ. അവന്റെ അമ്മ കിണറ്റില്‍ ചാടിയത്. കുടുമ്പചരിത്രങ്ങള്‍ ദേശചരിത്രങ്ങളായി. പിന്നെ ദേശീയതയുടെ അതിരുകള്‍ ഭേദിച്ച് പറന്നു നടക്കാന്‍ തുടങ്ങി.
അടുത്ത സന്ദര്‍ശകന്‍ മുത്തു ചെട്ടിയാരായിരുന്നു. മുത്തശ്ശിക്ക് സ്കൂളില്‍ നിയമനം കിട്ടിയപ്പോള്‍ ചിട്ടിയില്‍ ചേര്‍ത്ത ചെട്ടിയാര്‍. എല്ലാ ഒന്നാം തിയതിയും സ്റ്റാമ്പു പതിപ്പിച്ച രസീതുമായി ചെട്ടിയാര്‍ പിരിവിനെത്തുമായിരുന്നു. ആ ബന്ധങ്ങളുടെ ദൃഡതയില്‍ എനിക്ക് സന്തോഷം തോന്നി.
അവരുടെ ഓര്‍മ്മകള്‍ എത്ര സുദൃഡമാണ്!. സ്വന്തം മൊബൈല്‍ നമ്പര്‍ പോലും ഓര്‍ത്തുവക്കാനാകാത്ത എന്നില്‍ നിന്നും എത്രയോ അകലത്തിലാണവര്‍. കുടിപ്പള്ളിക്കൂട സഹപാഠികള്‍ മുതല്‍ വിരമിക്കല്‍ വര്‍ഷത്തില്‍ അക്ഷരം എഴുതിച്ച കുട്ടികള്‍ വരെ അവരുടെ തലച്ചോറിന്റെ അറകളിലുണ്ട്.
മുത്തശ്ശിയുടെ നില പിന്നെയും മോശമാകുകയായിരുന്നു. മച്ചിന്റെ മുകളില്‍ നിന്ന് തന്റെ പുറത്തേക്ക് വീഴുന്ന എന്തോ ഒന്നിനെ മുത്തശ്ശി കുടഞ്ഞെറിയുമായിരുന്നു. വലയാണോ എന്ന് സംശയിച്ച് ഞാന്‍ മച്ചിന്‍ പുറം മുഴുവന്‍ തൂത്തു വാരി. വീഴുന്നത് വീണ്ടും വീണുകൊണ്ടേയിരുന്നു. ഉത്തരം കിട്ടാത്ത ആ വിഴ്ചക്കുമുന്നില്‍ ഞാന്‍ പകച്ചു നില്‍ക്കെ അയല്പക്കത്തെ ശങ്കരി അമ്മയാണ് എന്നെ പുതിയൊരു അറിവിലേക്ക് വിളിച്ചുണര്‍ത്തിയത്.” മോനേ അത് വലയൊന്നുമല്ല................അത് കയറാണ്..........കാലന്റെ .................കയര്‍ മുത്തശ്ശിയുടെ പുറത്തേക്കിടുകയാണ് .............. അതാണ്.
കാലന്റെ കയര്‍!. ഹൈന്ദവ പുരാണങ്ങളിലെ ആ കറുത്ത മിത്ത്. യുക്തിചിന്തക്കുമുന്നില്‍ ഞാനത് തള്ളിക്കളഞ്ഞു. കൈകളിലെ ഞരമ്പുകല്‍ തരിക്കുന്നതാകാം. പക്ഷേ മുത്തശ്ശി എന്നോട് പറയുന്നു.
“ ദാ.........മോനേ...എന്റെ കയ്യിലേക്കത് വീഴുന്നു. നീയിതൊന്ന് മാറ്റിയേ................”
കൈകളില്‍ എഴുന്നു നില്‍ക്കുന്ന ഞരമ്പുകള്‍ മാത്രം.മുകളില്‍ കറങ്ങുന്ന സീലിംഗ് ഫാനും. കാലന്റെ കയര്‍ - എന്റെ ഓഫീസിലെ നിമിഷങ്ങളെ വേട്ടയാടിക്കൊണ്ടിരുന്നു.
സന്ദര്‍ശകരുടെ എണ്ണം കൂടിക്കൂടി വന്നു. ടീച്ചറായിരുന്നതിനാലാകണം പഴയ സഹപ്രവര്‍ത്തകരായിരുന്നു അധികവും.
“ അവരാരും എന്നെ തിരക്കിയില്ലേ മുത്തശ്ശീ...................” ഞാന്‍ എന്നും അന്വേഷിക്കും.
“ഇല്ലല്ലോടാ.........അവര്‍ എന്നെക്കാണാനല്ലേ വന്നത്. പിന്നെന്തിനാ നിന്റെ കാര്യം ചോദിക്കുന്നത്. നിന്റെ അമ്മയുടെ കാര്യം തിരക്കി.”
ഒരു ദിനം വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ മുത്തശ്ശി പറഞ്ഞ ഒരു സന്ദര്‍ശകന്റെ കാര്യം മാത്രം എന്നില്‍ അവിശ്വാസം ജനിപ്പിച്ചു.
“ഇല്ല!. അയാള്‍ വന്നിട്ടേയില്ല, മുത്തശ്ശി നുണ പറയുകയാ..................”
“ പോടാ................ഞാന്‍ നുണ പറയുന്നെന്നോ........തെക്കതിലേ ബാബു വന്നിരുന്നു. ദാ..............ഇപ്പൊ.......നീ വരുന്നതിന് തൊട്ടു മുന്‍പാ അവന്‍ ഇവിടന്നു പോയത്”.
തെക്കതിലെ ബാബു. ബന്ധം കൊണ്ട് ഞങ്ങള്‍ വളരെ അടുത്തവരാണ് . പക്ഷേ അല്പം ശത്രുതയിലുമാണ്.
അയാള്‍ ഒരിക്കലും വരില്ല. ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. മുത്തശ്ശിക്ക് കൂട്ടിരിക്കുന്ന ശങ്കരിയമ്മ എന്നെ നോക്കി കണ്ണിറുക്കി.
പക്ഷേ ബാബുവിന്റെ വരവ് അത് എന്നില്‍ ഉളവാക്കിയ അതിശയം മാറിയതേയില്ല.
അഞ്ച് നിമിഷ്ഷങ്ങള്‍ക്ക് ശേഷം ഫോണ്‍ ശബ്ദിച്ചു. സുകുമാരന്‍ ചേട്ടനായിരുന്നു അങ്ങേത്തലക്കല്‍
“ നീയറിഞ്ഞോ ? നമ്മുടെ ബാബുവിന് ആക്സിഡന്റായി. അനന്തപുരിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. സീരിയസാണ്.’
“ അങ്ങിനെയല്ലണ്ണാ.........................ബാബു മരിച്ചു. അല്പം മുന്‍പ്...................” യാന്ത്രികമായി ഞാന്‍ പറഞ്ഞു.
സുകുമാരന്‍ ചേട്ടന്‍ ഒന്നു ഞെട്ടി “ മരിച്ചെന്നോ...............എപ്പോള്‍?..............ആരുപറഞ്ഞൂ................”
“ആരും പറഞ്ഞില്ല............പക്ഷേ..............സത്യമാണ് ............ബാബു മരിച്ചു...........നിമിഷങ്ങള്‍ക്ക് മുന്‍പ്....”
ഒരു അവിശ്വാസത്തോടെ അയാള്‍ ഫോണ്‍ താഴെവച്ചു.
ഞാന്‍ മുത്തശ്ശിയുടെ അടുത്തേക്ക് പോയി. മച്ചിലേക്ക് തുറിച്ചു നോക്കി അവരെന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവരുടെ വെള്ളിക്കമ്പിപോലുള്ള തലമുടിയില്‍ തടവി ഞാന്‍ പറഞ്ഞു.
“ മുത്തശ്ശി പറഞ്ഞത് ശരിയാ...............ബാബു വന്നിരുന്നു.....സത്യം.....”
ഒരു കുഞ്ഞിനെപ്പോലെ അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
അവര്‍ പറഞ്ഞത് അത്രത്തോളം സത്യമാണ് എന്ന് എനിക്കുറപ്പായിരുന്നു.
കാരണം അവരെ സന്ദര്‍ശിക്കാന്‍ വന്നവരെല്ലാം വര്‍ഷങ്ങള്‍ക്ക് മുന്നേ മരിച്ചവരായിരുന്നു. പതിവ് തെറ്റിച്ചെത്തിയത് ഒരാള്‍ മാത്രം.
തെക്കതില്‍ വീട്ടില്‍ ബാബു.!
അത് ഒരു വഴിതെറ്റലല്ല എന്ന് എനിക്കിപ്പോള്‍ തെളിയുന്നു.
“ഇത് ഒരു സന്ദര്‍ശക മുറിയാണ്. ആത്മാക്കളുടെ സന്ദര്‍ശക മുറി.”
അപ്പോള്‍ അവര്‍ നമുക്ക് ചുറ്റുമുണ്ട്. അവരെല്ലാമറിയുന്നുണ്ട്. യാത്രക്ക് നമ്മെ കൂട്ടുവിളിക്കാന്‍ അവരെത്തും.
യുക്തിക്ക് ഒട്ടും അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍.
ശാസ്ത്രീയ വിശദീകരണം ഇതാണ്.”തലച്ചോറിന്റെ ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ തോന്നല്‍. അനസ്തേഷ്യയില്‍ നിന്ന് ഉണരുമ്പോഴും ഇതേ അനുഭവത്തിലൂടെ നമ്മള്‍ കടന്നുപോകുന്നു.”
ശരിയാണ്. അതുതന്നെയാവണം സത്യം. പക്ഷേ ഓമകളില്‍ വന്നുപോയവരെല്ലാം മരണമടഞ്ഞവര്‍ മാത്രമായതെന്തേ
കുട്ടിക്കലത്തെ ഓര്‍മകളല്ലേ ഏറ്റവും ഹൃദ്യം. എഴുപതു കഴിഞ്ഞ മുത്തശ്ശിയുടെ കുട്ടിക്കാല ഓര്‍മക്കളിലുള്ളവരെല്ലാം മരിച്ചവരായത് സ്വാഭാവികം.
പക്ഷെ ചെറുപ്പക്കാരനായ ഒരേ ഒരു വ്യക്തി, തെക്കതില്‍ വീട്ടില്‍ ബാബു ആ ഓര്‍മകളില്‍ എങ്ങിനെ എത്തി. അതും മരിച്ച് നിമിഷങ്ങള്‍ക്കകം. മരണം ബന്ധുക്കള്‍ പോലും അറിയുന്നതിന് മുന്നേ......
അറിയില്ല....................
അത് ഒരു സന്ദര്‍ശക മുറിയായിരുന്നിരിക്കാം............ആത്മാക്കളുടെ സന്ദര്‍ശക മുറി!.
Monday, January 11, 2010
കട്ടന്‍ ചായയും പരിപ്പുവടയും
കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ (മാധ്യമം പുതുവര്‍ഷപ്പതിപ്പ്)
Wednesday, December 16, 2009
ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍
വൃശ്ചികമാസത്തിലെ ഒരു തണുത്ത രാത്രിയിലാണ് എനിക്ക് ഭ്രാന്ത് വന്നത്. ആദ്യം അതൊരു കുളിരായിരുന്നു. കരിമ്പടത്തിനുള്ളിലേക്ക് നൂണിറങ്ങിയിട്ടും വിറക്കുന്നൊരവസ്ഥ. ഒപ്പം ഒരു വീര്‍പ്പുമുട്ടലും. ഉണര്‍ന്നെണീറ്റ് ലൈറ്റിട്ടു. ഫ്ലാസ്കില്‍ നിന്ന് രണ്ടോ മൂന്നോ കവിള്‍ വെള്ളം കുടിച്ചു. വായ നിറഞ്ഞ് അത് കവിളുകളിലൂടെ ഒലിച്ചിറങ്ങി. തണുത്തുവിറക്കുമ്പോഴും ശരീരത്തില്‍ വിയര്‍പ്പുതുള്ളികള്‍. വല്ലാത്തൊരു പേടി, എന്തോ സംഭവിക്കാന്‍ പോകുന്നു. ഒരു അരക്ഷിത ബോധം.
അകത്തെ മുറിയില്‍ മെറ്റലോറിന്റേയും സോര്‍ബിട്രേറ്റിന്റേയും നിറവില്‍ അച്ഛന്‍ തളര്‍ന്ന് കിടന്നുറങ്ങുന്നു. ഇരുട്ടിന്റെ കരിമ്പടത്തിലൂടെ കയ്യിട്ട് അച്ഛനെ കുലുക്കി വിളിച്ചു.
“അച്ഛാ......അച്ഛാ......................”
ഒരു നിമിഷത്തെ താളം തെറ്റിയ ഹൃദയവുമായി അച്ഛന്‍ ഉണര്‍ന്നു.
“എന്താ..........?.....”
“എനിക്ക് കുളിരണു...................വല്ലാതെ...................”
മുപ്പത്തിഅഞ്ചുവയസ്സുകാരന്‍ മകന്റെ അസമയത്തെ അനാവശ്യത്തിനു മുന്നില്‍ വൃദ്ധപിതാവ് ഉടുമുണ്ട് കുടഞ്ഞുടുത്തു.
“ എന്താ...............എന്താ.......................” ഓടാമ്പലിന്റെ ഒച്ചക്കൊപ്പം ധന്യന്തരം കുഴമ്പില്‍ ചാലിച്ച അമ്മയുടെ ശബ്ദം.
“ അവന് കുളിരണൂത്രെ.................വല്ലാണ്ടെ..............എന്നെ വിളിച്ചുണര്‍ത്തി.............”
“എന്താ................എന്തുപറ്റി മോനെ...................................” കൈകളില്‍ മെല്ലെ പിടിച്ച് അമ്മ ചോദിച്ചു.
ചോദ്യങ്ങള്‍ ഉത്തരങ്ങളെ അന്വേഷിച്ച് ഇരുട്ടിലേക്കിറങ്ങി നടന്നു.
തലക്കു ചുറ്റും ചൂളം വിളിക്കുന്ന എന്തോ ഒന്നിനെ ഇരുകൈകളാല്‍ തടുത്ത് ഞാന്‍ തറയില്‍ കുത്തിയിരുന്നു.
ബോധാബോധങ്ങളുടെ നേര്‍ത്ത നൂലിഴ എവിടെയോ പൊട്ടി.
ഇരുട്ടിന്റെ ആഴങ്ങളിലേക്ക് നൂണിറങ്ങിക്കറങ്ങി ബോധം യാത്രയായി.
*****************************************
വെളിച്ചത്തിലേക്ക് പുനരാനയിക്കപ്പെട്ടപ്പോള്‍ പിറ്റേന്ന് രാവിലെ 11 മണിയായിരുന്നു. വെളുത്ത അമ്പാസിഡര്‍ കാറിന്റെ പിന്‍സീറ്റില്‍ അച്ഛനും അളിയനും നടുവില്‍ ഒരു തടവുപുള്ളിയായി സഞ്ചരിക്കുകയായിരുന്നു ഞാനപ്പോള്‍.
തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രി.പ്രസവത്തിന് പേരു കേട്ട ആ ആശുപത്രിയില്‍ ഏഴാം നില ഞങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. ഇരുമ്പുചങ്ങല പുട്ടിയ വാതില്‍ ഏഴാം നിലയില്‍ നിന്നും മറ്റുള്ളവരെ കാത്തു രക്ഷിക്കുന്നു. ആറുനിലകളിലും പിറവിയുടെ ചേതനകളാണ്. മറ്റേതോ ലോകത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവരുന്നവര്‍. ഏഴാം നിലയില്‍ ഞങ്ങള്‍ ഭ്രാന്തന്മാര്‍. മറ്റേതോ ലോകത്തിലേക്ക് തിരികെ മടങ്ങുന്നവര്‍.
ഉണ്ടക്കണ്ണും കഷണ്ടിയും വേണ്ടതിലധികം കീറിയ വായും ഉള്ള ആ ഡോക്റ്റര്‍ വെള്ളാപ്പള്ളി നടേശനെ ഓര്‍മ്മിപ്പിച്ചു.
.................................................
ഞരമ്പുകളിലേക്ക് മരുന്നു സൂചി തുളച്ചുകയറുമ്പോള്‍ അസഹ്യമായ വേദന........പിന്നെ ഇരുട്ടിന്റെ ആഴങ്ങളിലേക്ക്..................അത് ഒരു പത്തുനില കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയപ്പെടുന്ന ഒരവസ്ഥയാണ്. ഇരുളിലേക്ക് പാഞ്ഞുപോകുമ്പോള്‍ എവിടെയോ പൂത്തിരികള്‍ മിനിമറയുന്നത് കാണാം.
ബോധം വീണുകിട്ടുന്ന അപൂര്‍വ്വനിമിഷങ്ങളില്‍ ഞാന്‍ ഏങ്ങിയേങ്ങിക്കരഞ്ഞു. കരച്ചില്‍ പിറുപിറുക്കലായി........... അട്ടഹാസമായി............ആക്രോശമായി...........
കിടക്കക്കെതിര്‍വശം ചുമരുംചാരി തോര്‍ത്തുമുണ്ടാല്‍ കണ്ണീരൊപ്പിയിരിക്കുന്ന അച്ഛന്‍ മാത്രം.
ബോധാബോധങ്ങളുടെ ഏറ്റുമുട്ടലിനിടയില്‍ ഒരു ദിനം അവന്‍ ഉള്ളിലിരുന്ന് ചോദിച്ചു.
“നിനക്കിവിടെ നിന്ന് രക്ഷപ്പെടണോ................”
“ വേണം................വേണം....................” ഞാനുറക്കെ വിലപിച്ചു.
“ഏങ്കില്‍ ആ വൃദ്ധന്റെ കഴുത്ത് ഞെരിക്ക്............എന്നിട്ട് കതകിന്റെ കുറ്റിയെടുത്ത് പുറത്തേക്കിറങ്ങ്....”
ഭ്രാന്ത് ഞരമ്പുകളിലേക്ക് ഇരച്ചു കയറി. അഞ്ചോളം ദിനങ്ങളായി തുളച്ചുകയറിയ സൂചികള്‍ ശരീരത്തില്‍ അരിപ്പ തീര്‍ത്തിരിക്കുന്നു. തൂങ്ങിയാടുന്ന കണ്‍പോളകളെ വലിച്ചുയര്‍ത്തി പിതാവിന് നേരെ നടക്കുമ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
അതവളാണ്, എന്റെ ഭാര്യ............ബര്‍ദുബായിയിലെ കുടുസ്സുമുറിയില്‍ അവളേയും മകളെയും തനിച്ചാക്കിയാണ് ഞാന്‍ നാട്ടിലെത്തിയത്. ശബരിമല ശാസ്താവിനെ തൊഴുതത്. ഭ്രാന്തനായത്.
“ എന്തു പറ്റി കുട്ടാ നിനക്ക്.............” കാതങ്ങള്‍ക്ക് അകലെനിന്ന് ഒരു തണുത്ത കാറ്റ് പോലെ, നനുത്ത മഴ പോലെ അവള്‍ എന്നിലേക്ക് പെയ്തിറങ്ങി.
“ എനിക്ക് എനിക്ക്...............................എനിക്ക് വയ്യെന്റമോളേ................” കണ്ണീര്‍ച്ചാലുകള്‍ ഭ്രാന്തമായി കുത്തിയൊലിക്കുകയായിരുന്നു. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.
“ കരയല്ലെ കുട്ടാ....................എല്ലാം നേരെയാകും..............ഞാനും മോളുമില്ലേടാ നിനക്ക്..............കരയല്ലെടാ...........കരയല്ലേ......................” അവള്‍ കരയാന്‍ തുടങ്ങി
അലറിപ്പാഞ്ഞ ഞരമ്പുകളെല്ലാം നിശ്ചലമായ മാതിരി. ഒരു നിമിഷനേരത്തേക്ക് ബോധത്തിന്റെ മാത്രമായ ലോകത്തേക്ക്.
ഞാന്‍ അവളോട് പറഞ്ഞു “ എനിക്ക് ഇവിടെ പറ്റില്ല മോളേ..............മയക്കുമരുന്ന് കുത്തിവച്ച് കുത്തിവച്ച് ഇവര്‍ എന്നെ കൊല്ലും............എനിക്കിവിടെ വേണ്ടാ................”
“ വേണ്ട........എന്റെ മോന്‍ അവിടെ കിടക്കണ്ടാ..............മാറ്...മോനിഷ്ടമുള്ള എവിടേക്കെങ്കിലും മാറ്........”
.......................................................
അവള്‍ വിളിച്ചതിന്റെ പിറ്റേന്ന് ഞങ്ങള്‍ അവിടെ നിന്ന് പാടിയിറങ്ങി. നടന്ന് പടികയറി ഏഴാം നിലയിലേക്ക് പോയ ഞാന്‍ ചക്രക്കസേരയില്‍ ഒടിഞ്ഞു മടങ്ങി നാക്ക് പുറത്തേക്കിട്ട് ലിഫ്റ്റില്‍ പറന്നിറങ്ങി.
................................................
അടുത്തത് പേരൂര്‍ക്കടയിലുള്ള ഒരു മാനസികരോഗവിദഗ്ദ്ധന്റെ വീടായിരുന്നു. എന്നെ പുറത്തിരുത്തി അച്ഛന്‍ അകത്തേക്കു പോയി.
ഓരോ ഭ്രാന്തനും അറിയപ്പെടാത്ത എഴുത്തുകാരന്റെ പുസ്തകമാണ്. അവന് മുഖവുരകള്‍ ആവശ്യമാണ്. അവതാരികകളും.
അത് സ്വാത്തിക സ്വഭാവമുള്ള വൃദ്ധനായ ഒരു ഡോക്ടറായിരുന്നു. പരിശോധനാമുറിയില്‍ ഓടി നടന്ന എന്നെ വാത്സല്യത്തിന്ടെയും കൌതുകത്തിന്റ്റേയും നിറമുള്ള കണ്ണുകളാല്‍ അദ്ദേഹം സ്വന്തം ക്ലിനിക്കിലേക്ക് പറഞ്ഞയച്ചു.
അതൊരു പഴയ വീടാണ് . മുറ്റത്ത് നിറയെ ചാമ്പമരങ്ങള്‍ പൂത്തുനില്‍ക്കുന്നു. ഇടിഞ്ഞ് പൊളിഞ്ഞ ചുമരുകള്‍. അട്ടഹാസങ്ങളും ഞരക്കങ്ങളും തളം കെട്ടിനില്‍ക്കുന്ന മുറികള്‍ . വരാന്തയില്‍ ഭ്രാന്തന്മാര്‍ കൂട്ടം കൂടി നില്‍ക്കുന്നു. ടി.വീ. കാണുന്നു. കൊത്തന്‍ കല്ല് കളിക്കുന്നു.
“ എനിക്ക് വയ്യേ................എനിക്കീ ഭ്രാന്തന്മാരോടൊപ്പം കീടക്കാന്‍ വയ്യേ.............” ഞാന്‍ നിലവിളിച്ചു.
ഭ്രാന്തന്മാര്‍! അവര്‍ എന്നെ നോക്കി ചിരിച്ചു.
അവര്‍ ഭ്രാന്ത് മാറിയവരാണ്. പുതുലോകത്തേക്ക് തിരിച്ചുവന്നവരാണ്.
ഉന്മാദത്തിന്റെ പാരമ്യത്തില്‍ ഞാന്‍ അലറിവിളിച്ചു. “ എന്നെ രക്ഷിക്കണേ.........................”
രണ്ട് തടിമാടന്മാര്‍ എന്നെ തൂക്കിയെടുത്ത് കിട്ക്കയിലേക്ക് കൊണ്ടുപോയി. അരക്കെട്ടിലേക്ക് സൂചി ആഴ്ന്നിറങ്ങി. ഇരുട്ടിലേക്ക് ഞാനും.
ഇരുളിന്റെ ഏതോ ഒരു നാഴികയില്‍ അവള്‍ എന്നെ വീണ്ടും വിളിച്ചു.
ദിനംതോറുമുള്ള അവളുടെ വിളികളാണ് എന്നെ നിലനിര്‍ത്തുന്നത്. എന്റെ ബോധാബോധങ്ങളുടെ നേര്‍ത്തനൂലിഴ അവളുടെ ശബ്ദം മാത്രമാണ്. അതില്‍ ഞാന്‍ ഭൂമിയിലേക്ക് തിരിച്ചു വരും. എന്റെ മകളുണ്ട് അവളോടൊപ്പം, കാതങ്ങള്‍ക്കപ്പുറം
എന്നെ ജീവിപ്പിക്കുന്നത് ആ ഓര്‍മ്മകളാണ്. ആ സാമീപ്യമാണ്.
“ മോളേ............എനിക്ക് വയ്യ............ചുറ്റും ഭ്രാന്തന്മാരാണ് മോളേ...........എനിക്കിവിടെ വയ്യാ..............”
ഞാന്‍ ഫോണിലൂടെ അലറിക്കരഞ്ഞു.
അവളും തേങ്ങി ,” ഒന്നു രണ്ടു ദിവസത്തേക്കല്ലേ കുട്ടാ..............ഒന്ന് ക്ഷമിക്ക്........എന്നെയോര്‍ത്ത്.........ദൈവത്തെ ഓര്‍ത്ത്.......................നമ്മുടെ മകളെ ഓര്‍ത്ത്.........”
ഓര്‍മ്മകള്‍ പുകച്ചുരുളുകളായി തിരികെയെത്തി. നിന്നെ, മകളെ അല്ലാതെ ഞാനാരെ ഓര്‍ക്കാന്‍. ഞാന്‍ ആര്‍ക്കു വേണ്ടി ജീവിക്കാന്‍...................., നിനക്കുവേണ്ടി...........നമ്മുടെ മകള്‍ക്കു വേണ്ടി.............ഞാന്‍ ഈ ചങ്ങലയില്‍ വീണ്ടും..................
അവള്‍ക്ക് വല്ലാത്തൊരു ശക്തിയുണ്ട്. എനിക്കങ്ങ്നെ തോന്നി. എന്റെ ബോധമണ്ഡലം കയറു പൊട്ടിക്കുന്ന നിമിഷങ്ങളില്‍ ഏഴു കടലുകള്‍ക്കപ്പുറത്ത് അവളത് കാണും. ആ വിളിയില്‍ , സ്നേഹത്തില്‍, ആ ഉപദേശങ്ങളില്‍ ഞാന്‍ അടങ്ങി, ഞാന്‍ മടങ്ങി, ഈ ലോകത്തേക്ക്...........................
...................................................
ചികിത്സ പിന്നെയും നീണ്ടു. വീണ്ടും ആശുപത്രി മാറി. ശാസ്തമങലത്ത് ഒരു ഗുരുവിന്റെ പേരിലുള്ള ആശുപത്രിയിലായിരുന്നു അവസാനം.
ഒടുവില്‍ .................................
പതിമൂന്ന് ദിനങ്ങളുടെ ഉന്മാദത്തിന്റെ ലോകത്ത് നിന്ന് ഞാന്‍ താഴെയെത്തി. ഒരു മനുഷ്യനായി.........വികാരവും വിവേകവും ഉള്ള ഒരു സാദാ ജീവിയായി. വീടിന്റെ ഉമ്മറപ്പടിയില്‍ എന്നെ കെട്ടിപ്പിടിച്ച് അമ്മ പൊട്ടിക്കരഞ്ഞു.
“ പോട്ടെ അമ്മേ...............എല്ലാം പോട്ടെ.................” ഞാനും കരഞ്ഞു.
തിരികെ മടങ്ങണം. അവധി കഴിയാറായി. ഒരു ദിനം വൈകിയാല്‍ പുറത്താണ്. കേരളമല്ല ദുബായി.
അവള്‍ വിളിച്ചില്ല ഇതുവരെ.....ഈശ്വരന്മാരേ...............എന്നെ രക്ഷിച്ചത് അവളാണ്. അവളുടെ വാക്കുകള്‍, സ്നേഹം, സ്വാന്തനം...അതിലാണ് എനിക്ക് ജീവിതം തിരിച്ചു കിട്ടിയത്. ഒന്നു കണ്ടിരുന്നെങ്കില്‍ ഒന്നു കെട്ടിപ്പിടിച്ചിരുന്നെങ്കില്‍...................
ഫോണില്‍ ഞാനവളെ വിളിച്ചു. വീണ്ടും വീണ്ടും..........ബല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ല. അവള്‍ ജോലിസ്ഥലത്താണ്. സമയത്തെക്കുറിച്ചു പോലും എനിക്കൊരു ബോധവുമില്ല. രാത്രി എട്ടു മണിക്ക് മുന്‍പ് അവളെ വിളിക്കുന്നതെങ്ങിനെ?.......
വൈകുന്നേരം ക്ഷേത്രത്തില്‍ പോയി. അമ്മയുടെ വഴിപാടായിരുന്നു. കളഭം ചാര്‍ത്തിയ ദേവിയുടെ ചുണ്ടുകളില്‍ ഒരു കുസൃതിയുടെ നാളം. “അമ്മേ..........എല്ലാം നിന്റെ പരീക്ഷണങ്ങള്‍”.
രാത്രി എട്ടു മണിക്ക് ലാന്‍ഡ് ലൈനില്‍ ഒരു ഫോണ്‍. ഓടിച്ചെന്നെടുത്തു. അമ്മാവനാണ്. അവളുടെ അച്ഛന്‍.
“ അമ്മാവാ.............ഞാനാണ്..........”
‘അച്ഛനില്ലേ അവിടെ..............ഒന്നച്ഛന് കൊടുക്ക്.............”
പതിമൂന്നു നാളുകളിലെ ദിനപത്രത്തില്‍ മുഖം പൂഴ്തിയിരുന്ന അച്ഛന്‍ ഫോണ്‍ ഏറ്റുവാങ്ങി. അച്ഛന്റെ കണ്ണുകള്‍ അകാരണമായി പുറത്തേക്ക് തള്ളുന്നത് കണ്ട് ഞാനടുത്തു ചെന്നു. റിസീവറിലൂടെ ഞാന്‍ ഇത്രയും വ്യക്തമായി കേട്ടു.
“ നിങ്ങളുടെ മകന്‍ എന്റെ മകളെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നു. അത് നിങ്ങള്‍ പറഞ്ഞുവിലക്കണം. എന്റെ മകള്‍ക്ക് ഇങ്ങ്നെയൊരു ഭ്രാന്തനെ ഭര്‍ത്താവായി ആവശ്യമില്ല”
“ എന്തായീ പറയുന്നേ അച്യുതാ.................അവള്‍ അവനെ എല്ലാദിവസവും വിളിക്കുന്നതല്ലേ.........അവര്‍ തമ്മില്‍ സംസാരിക്കുന്നതല്ലേ..............എന്നിട്ട് നീയിങ്ങനെ.......................”
“എന്റെ മകള്‍ അവനെ വിളിച്ചെന്നോ........കൊള്ളാം........ഒരൊറ്റ ദിവസം പോലും അവള്‍ അവനെ വിളിച്ചിട്ടേയില്ല. അവന് ഭ്രാന്തല്ലേ.........അവളല്ല അമേരിക്കന്‍ പ്രസിഡന്റുവരെ വിളിച്ചെന്ന് അവനു തോന്നും. ദയവുചെയ്ത് എന്റെ മകളെ ഉപദ്രവിക്കരുത്. എന്റെ കുടുബം എങ്ങെനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ................................”
കൂ.................കൂ................എന്നൊരു പരിഹാസത്തോടെ ഫോണ്‍ നിശ്ചലമായി.
“കള്ളം....................പച്ചക്കള്ളം................അവള്‍ എന്നെ വിളിക്കാറുണ്ട്..........ദാ...........ഇന്നലെയും വിളിച്ചു.അമ്മാവന്‍ കള്ളം പറയുന്നതാണ്. ..............എന്നെയും അവളെയും ചതിക്കുകയാണ്...........സംശയമുണ്ടെങ്കില്‍ ഈ ഫോണൊന്നു നോക്ക്” ഞാന്‍ മൊബൈല്‍ ഫോണ്‍ അച്ഛനു നേരെ നീട്ടി.
പതിമൂന്നു ദിനങ്ങള്‍ക്കിപ്പുറം യാതൊരു entry യുമില്ലാത്ത ആ ഫോണ്‍ അച്ഛന്റെ വിറയാര്‍ന്ന വിരലുകളില്‍ നിന്ന് താഴേക്കു വീണു.
അച്ഛാ....................! അമ്മേ.................എനിക്ക് കുളിരണൂ........................വല്ലാതെ.........................”