Friday, March 12, 2010

പ്യാരി സതീശന്‍,മേരെ പ്യാരീ സതീശന്‍(പുന:)

ഒരു പഴയ പോസ്റ്റ് വെറുതേ പുനപ്രസിദ്ധീകരിക്കുന്നു

അങ്ങിനെ പോലീസിന്റെ തിരക്കഥ പൊളിഞ്ഞു. മാധ്യമങ്ങളുടെ തിരക്കഥ വിജയിച്ചു. എങ്ങനെ എന്ന് ചോദിക്കരുത്. അങ്ങിനെ എന്നേ പറയാനാകൂ.

മാധ്യമങ്ങള്‍ പുകച്ച് പുറത്ത് ചാടിച്ച് ഓം പ്രകാശും രാജേഷും കീഴടങ്ങി എന്ന് സഗര്‍വം സാഘോഷം മാത്രുഭൂമി.

എന്തൊക്കെയായിരുന്നു മാതൃഭൂമിയുടെ പുകകള്‍?.
പുക
കീഴടങ്ങാനുള്ള സി.പി.എം.നേതാക്കളുടെ സമ്മര്‍ദ്ദം ഓം പ്രകാശ് നിരസിച്ചു. രാജേഷ് അറസ്റ്റിന് വഴങ്ങാന്‍ തയ്യാറാണ്.

(ആഗസ്റ്റ്-29.
മറുപടി

കീഴടങ്ങുകയോ അറസ്റ്റിലാകുകയോ ചെയ്തില്ലങ്കില്‍ ബിനാമി പേരിലുള്ള സ്വത്തുക്കളടക്കം എല്ലാം സര്‍ക്കാരിലേക്ക് കണ്ടു കെട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ പെരിലും ബിനാമി പേരിലുമുള്ള വാഹനങ്ങളടക്കം പിടിച്ചെടുക്കാനും പോലീസ് ശ്രമിച്ചേക്കും. (സെപ്-ഒന്ന്)
പുക
പോള്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതി കാരി സതീശന്‍ ഡി.വൈ.എഫ്.ഐ.ക്കാരനാണ് എന്ന തെളിവ് പുറത്തുവന്നു. ബി.ജെ.പി.നേതാക്കളാണ് തെളിവു സഹിതം ഇത് അവതരിപ്പിച്ചത്. ( ആഗസ്റ്റ്-ഇരുപത്തി ഒന്‍പത്)
മറുപടി
തങ്ങള്‍ സി.പി.എം.അനുഭാവികളാണെന്നും എന്നാല്‍ മകന് പാര്‍ട്ടി ഒന്നും ഇല്ല എന്നും മാതാവ് വെളിപ്പെടുത്തി. - (ആഗസ്റ്റ്-ഇരുപത്തി എട്ട്)
പുക
പോള്‍ വധത്തിനു ശേഷം എന്‍ഡിവര്‍ കാറില്‍ ചവറയില്‍ എത്തിയ ഓം പ്രകാശും രാജേഷും ലോറിയിലാണ് തിരുവനന്തപുരത്തേക്ക് പോയതെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ദുരൂഹത. ചവറയില്‍ എത്തിയ ഗുണ്ടകളെ പോലീസിലുള്ളവര്‍ തന്നെ സഹായിച്ചതായും മറ്റു ചിലര്‍ രക്ഷപ്പെടാന്‍ അവസരമൊരുക്കിയതായും നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. (സെപ്-നാല്)
മറുപടി
ആഗസ്‌ത്‌ 22ന്‌ ആലപ്പുഴയില്‍ നിന്ന്‌ രക്ഷപ്പെട്ട ഒാംപ്രകാശും പുത്തന്‍പാലം രാജേഷും യാത്ര ചെയ്‌തിരുന്ന എന്‍ഡവര്‍ കാര്‍ ചവറയില്‍ എഞ്ചിന്‌ തകരാറായി നിന്നു. അവിടെ നിന്നും ട്രക്കിലാണ്‌ ഇവര്‍ തിരുവനന്തപുരത്തേയ്‌ക്ക്‌ രക്ഷപ്പെട്ടത്‌. പുലര്‍ച്ചെ അഞ്ചുമണിയോടെ കഴക്കൂട്ടം ബൈപ്പാസിലെത്തിയ ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ രാജേഷിന്റെ സുഹൃത്തായ ദിനിബാബു വാടകയ്‌ക്ക്‌ എടുത്ത കണ്ണമ്മൂലയിലെ വീട്ടിലെത്തി. അവിടെ നിന്നും രാജേഷിന്റെ കൂട്ടാളി വെങ്ങാനൂര്‍ സ്വദേശി വേണുവാണ്‌ ഇരുവരേയും നാഗര്‍കോവില്‍ വഴി തിരുനെല്‍വേലിയിലെ എസ്റ്റേറ്റില്‍ എത്തിച്ചത്‌. (9- സെപ്റ്റ്)
പുക
ജയിലില്‍ വച്ച് പ്രതികള്‍ തങ്ങള്‍ കുറ്റക്കാരല്ല എന്ന് അഭിഭാഷകര്‍ മുഖേന വെളിപ്പെടുത്തിയിരുന്നു. കൊലപാതകം നടന്നത് കാറിനുള്ളില്‍ വച്ചാണ് എന്നും അതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നുമാണ് ഇവരുടെ നിലപാട്.( 06-സെപ്)
മറുപടി
പോളിന്റെ ശരീരത്തില്‍ ഒന്‍പത് മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോളിനെ ചവുട്ടി വീഴ്ത്തി മറിച്ചിട്ട് പിടലിക്ക് താഴെയായി കുത്തിയ മുറിവാണ് ഏറ്റവും ആഴത്തിലുള്ളത്. (20-ആഗസ്റ്റ്)
പുക
ഗുണ്ടാനേതാക്കള്‍ രക്ഷപെട്ടത് പോലീസിലെ ചിലരുടെ സഹായത്തോടെയാണ് എന്ന ആരോപണം ശക്തമാകവേ ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ പങ്കും സംശയത്തിന്റെ നിഴലിലായി. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ക്ക് കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ഒരു തടസ്സവുമില്ലാതെ രക്ഷപെടാന്‍ പോലീസുകാര്‍ വഴിയൊരുക്കിയത് ആഭ്യന്തര വകുപ്പിലെ ചിലരുടെ പിന്തുണ ഉണ്ടായിരുന്നതുകൊണ്ടാണ്. ഓം പ്രകാശിനെ വണ്ടിയില്‍ കയറ്റി വിട്ടത് കൊല്ലത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. വാഹനം വിട്ടുകൊടുത്ത ചവറ സി.ഐ.ക്കെതിരെയുള്ള നടപടി നീണ്ടുപോകുന്നതിന് പിന്നില്‍ ആഭ്യന്തര വകുപ്പാണ്. (27-ആഗസ്റ്റ്)
മറുപടി
ആഗസ്‌ത്‌ 22ന്‌ ആലപ്പുഴയില്‍ നിന്ന്‌ രക്ഷപ്പെട്ട ഒാംപ്രകാശും പുത്തന്‍പാലം രാജേഷും യാത്ര ചെയ്‌തിരുന്ന എന്‍ഡവര്‍ കാര്‍ ചവറയില്‍ എഞ്ചിന്‌ തകരാറായി നിന്നു. അവിടെ നിന്നും ട്രക്കിലാണ്‌ ഇവര്‍ തിരുവനന്തപുരത്തേയ്‌ക്ക്‌ രക്ഷപ്പെട്ടത്‌. പുലര്‍ച്ചെ അഞ്ചുമണിയോടെ കഴക്കൂട്ടം ബൈപ്പാസിലെത്തിയ ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ രാജേഷിന്റെ സുഹൃത്തായ ദിനിബാബു വാടകയ്‌ക്ക്‌ എടുത്ത കണ്ണമ്മൂലയിലെ വീട്ടിലെത്തി. അവിടെ നിന്നും രാജേഷിന്റെ കൂട്ടാളി വെങ്ങാനൂര്‍ സ്വദേശി വേണുവാണ്‌ ഇരുവരേയും നാഗര്‍കോവില്‍ വഴി തിരുനെല്‍വേലിയിലെ എസ്റ്റേറ്റില്‍ എത്തിച്ചത്‌. (09സെപ്റ്റ്)

എന്തിനെഴുതുന്നു അല്ലെങ്കില്‍ എഴുതിയ്ട്ട് എന്തു കാര്യം. പോലീസിന്റെ തിരക്കഥ രാജസേനന്‍ പടം പോലെ എട്ടു നിലയില്‍ പൊട്ടുമ്പോള്‍ നിരവധി സംവിധായകര്‍ ചേര്‍ന്ന് നിര്‍മിച്ച മണിച്ചിത്രത്താഴ് സൂപ്പര്‍ ഹിറ്റായി ഓടുന്നു.

തിരക്കഥയുടെ അടിസ്ഥാന ശില ഇതാണ്.:-
പോലീസ് അവതരിപ്പിച്ച പ്രതി കാരി സതീശന്‍ നിരപരാധിയാണ്. പതിനഞ്ച് ലക്ഷം നല്‍കാം എന്ന് പറഞ്ഞതിന്റെ പേരിലാണ് സതീശന്‍ കുറ്റം സമ്മതിച്ചത്. സ്വന്തം അമ്മയുടെ അര്‍ബുദ രോഗത്തിന് ചികിത്സിക്കാനായിരുന്നു ഈ പണം. പോള്‍ വധിക്കപ്പെടുന്നതിന് മുന്‍പു തന്നെ കരാറ് പറഞ്ഞുറപ്പിച്ചിരുന്നു. (ഐ.വി.ശശി- ജയന്‍ സിനിമ)

എവിടെയോ വച്ചുണ്ടായ ഒരു ബൈക്ക് ആക്സിഡന്റും മറ്റെവിടെയോ വച്ചുണ്ടായ ഒരു കൊലപാതകവും തമ്മിലത്സമര്‍ത്ഥമായി ബന്ധിച്ച് പോലീസ് കഥയുണ്ടാക്കി. ഒരു കൊലപാതകത്തിന് പോകുന്ന കൊട്ടേഷന്‍ സംഘം വഴിക്കുവച്ച് യാതൊരു ബന്ധവുമില്ലാത്ത ഒരാളെ പിന്തുടരുക.കൊലപ്പെടുത്തുക, അസംഭാവ്യം.

മാധ്യമങ്ങളുടെ തിരക്കഥക്ക് കാരിയുടെ അഭിഭാഷകന്റെ മറുകഥ:-

പോളിനെ കൊന്നത് കാറിന്റെ അകത്തുണ്ടായിരുന്നവരാണ്.ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തെ എന്റെ കക്ഷിയും സംഘവും പിന്തുടര്‍ന്ന് പിടിച്ചു. അപ്പോള്‍ കാരി സതീശനെ അകത്തിരുന്ന ആള്‍ വാളുകൊണ്ട് വെട്ടി. വെട്ടിയ മനുവിനെ കാരിയും സംഘവും കല്ലുകൊണ്ടിടിച്ച് ഓടിച്ചു. അതിനു ശേഷം വണ്ടി ഓടിച്ചിരുന്ന ആളെ വലിച്ച് പുറത്തിട്ടപ്പോള്‍ അയാള്‍ മരിച്ചിരുന്നു. (മാതൃഭൂമി)
/ / രണ്ടര കിലോമീറ്റര്‍ വണ്ടിയോടിച്ചത് പോളിന്റെ ശവമായിരുന്നു!/ /

അഭിഭാഷകന്റെ കഥയും കാരിയുടെ മാധ്യമ അഭിഭാഷകരുടെ കഥയും അവര്‍ തമ്മില്‍ സംസാരിച്ച് പൊരുത്തപ്പെടുത്തട്ടെ.
‘അടുത്തത് എസ് ആകൃതിയിലുള്ള കത്തി “:-
ഈ കത്തി പോലീസ് പണിയിച്ചതാണ്. ആണെന്നോ അല്ലന്നോ ഞാന്‍ പറയുന്നില്ല. എന്തിന് പണിയിച്ചു?. പോലീസ് സാധാരണ തൊണ്ടി സംഘടിപ്പിക്കുന്നതിങ്ങ്നെയായിരിക്കും. ഇവിടെ പ്രശ്നം കത്തിയല്ല അതിന്റെ ആകൃതിയാണ്. എസ്. എന്തിന് വിന്‍സന്റെ പോള്‍ അങ്ങിനെ പറഞ്ഞു. കാരണം വ്യക്തം ആര്‍.എസ്സ്.എസ്സുകാരെ കുടുക്കാന്‍. ഈ കത്തി ആര്‍.എസ്സ്.എസ്സ്.കാര്‍ ഉപയോഗിക്കുന്നതാണ് എന്ന് പിണറായി പറഞ്ഞതും കുട്ടി വായിച്ചാല്‍ ഗൂഡാലോചന വ്യക്തം.

ആര്‍.എസ്സ്.എസ്സ്.കാര്‍ “എസ്” ആകൃതി പോയിട്ട് കത്തിയേ ഉപയോഗിക്കാറില്ല എന്ന് അവരുടെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ അവരെ കുടുക്ക്‍ാനല്ല കത്തി.
കാരിക്കെതിരെ തെളിവുണ്ടാക്കാനാണ് എങ്കില്‍ “എസ്” ന്റെ ആവശ്യമില്ല. സാദാ കത്തിമതി.

പിന്നെന്തിന് പോലീസ് ഇതേ കത്തി പണിയിച്ചു. ഒരു തിരക്കഥാകൃത്തും ഇതിന്റെ കാരണം എഴിതിയിട്ടില്ല.
അപ്പോള്‍ പിന്നെ ആ കത്തി പണിയിച്ചത് ആര്. ഏതു മാധ്യമം?.
കഥകളില്‍ ചോദ്യമില്ല. ഇപ്പോള്‍ കാര്യത്തിലും.

Monday, March 1, 2010

ആനക്കച്ചേരി !

അനന്തപുരിയിലെ ആനക്കച്ചേരി.

കാലാന്തരത്തില്‍ അത് ഹജൂര്‍ക്കച്ചേരിയായി. ഇപ്പോള്‍ ഗവ: സെക്രട്ടറിയേറ്റും. സംസ്ഥാന ഭരണ സിരാകൂടം.

അതിനു മുന്നിലൂടെ കഴിഞ്ഞൊരുദിനം ഒരു പ്രകടനം കണ്ടു. പ്ലക്കാര്‍ഡും ബാനറും പിടിച്ച് ഒരു പ്രതിഷേധ ജാഥ. നിറപ്പകിട്ടുള്ള കുപ്പായങ്ങളും കളസങ്ങളും ധരിച്ച വാല്യക്കാര്‍.

അടുത്തുചെന്നു നോക്കി. ആനക്കച്ചേരി ഗുമസ്ഥന്‍മാരുടെ സംഘടനയാണ്. സോറി , കാലം മാറി, സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനയാണ്.



ഇടക്കിടക്ക് അടി നടക്കുകയും മറ്റേത് കാണിക്കുകയും ഒക്കെ ചെയ്യുന്ന ഒരു സ്ഥലമാണ് സെക്രട്ടറിയേറ്റ്. ചുമന്ന ഗുമസ്ഥന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ ചുവക്കാത്ത ഗുമസ്ഥന്മാര്‍ക്ക് ത്രാണിയുള്ള കേരളത്തിലെ അപുര്‍വം സര്‍ക്കാര്‍ ആഫീസുകളിലൊന്നാണ് ഹജൂര്‍ക്കച്ചേരി.

അവിടത്തെ ജീവനക്കാര്‍ ഒരു പ്രകടനം നടത്തുമ്പോള്‍ മലയാളി അത്യാവശ്യം അത് ശ്രദ്ധിച്ചിരിക്കേണ്ടതുണ്ട്. വളരെ ലളിതവും സരളവുമായ രണ്ട് ആവശ്യങ്ങളായിരുന്നു ജാഥാംഗങ്ങള്‍ക്ക്. സാധാരണ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരം ചെയ്യുന്നത്, “ബുഷ് നീതിപാലിക്കുക!. ആഗോള സമ്പത്തിക തകര്‍ച്ച തടയുക” മുതലായ കോമളമായ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും. ഇത് അതൊന്നുമല്ല. തികച്ചും അവരെ മാത്രം ബാധിക്കുന്ന രണ്ട് ആവശ്യങ്ങള്‍.

ഒന്ന്. പഞ്ചിംഗ് നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക.

രണ്ട്. ശമ്പള പരിഷ്കരണത്തില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക.



കുറ്റം പറയാനൊക്കില്ല. ഇത് അവരെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. ആഗോള ഉദാര വല്‍ക്കരണനയങ്ങള്‍ക്ക് എതിരെയല്ല.

എങ്കിലും രണ്ടാമത്തെ ആവശ്യം എനിക്ക് പുര്‍ണ്ണമായും മനസ്സിലായില്ല. വര്‍ത്തമാന പത്രങ്ങളും ചാനലുകളും പറഞ്ഞു തന്ന അറിവനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ സമിതിയെ രൂപീകരിച്ച് ഉത്തരവായിട്ടേയുള്ളൂ. ആറുമാസം കാലാവധിയും കൊടുത്തു. ആറുമാസം കഴിയുമ്പോള്‍ അവര്‍ മറ്റൊരു ആറു മാസം കൂടി ചോദിക്കും . അതും സര്‍ക്കാര്‍ കൊടുക്കും. അങ്ങിനെ കുറഞ്ഞത് ഒരു ഒന്നര വര്‍ഷമെങ്കിലും കഴിഞ്ഞ പുറത്തിറങ്ങുന്ന ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ അവഗണിച്ചു എന്നാരോപിച്ചാണ് പ്രകടനം.



സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്ര ക്രാന്തദര്‍ശികളോ.......അതുകോണ്ടു തന്നെ പ്രകടന ശേഷമുള്ള നേതാക്കളുടെ പ്രസംഗം നേരിട്ട് കേട്ടു. എല്ലാക്കാലങ്ങളിലും ശമ്പള പരിഷ്കരണ സമിതികളീല്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ള ഒരു മാന്യ വ്യക്തി ഉണ്ടായിരിക്കും. ശമ്പളം വീതം വക്കുമ്പോള്‍ തങ്ങള്‍ക്കുള്ള വലിയ പങ്ക് മാറ്റി വച്ചിട്ടാണ് ബാക്കിയുള്ളത് വീതം വക്കുക. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും എഞ്ചിനിയര്‍മാര്‍ക്കുമൊക്കെ ഇവര്‍ എടുത്തതിന്റെ ബാക്കിയാണ് കിട്ടുക. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം പോലും തങ്ങള്‍ക്ക് കിട്ടുന്നില്ല എന്നാരോപിച്ച് സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ സമരം ചെയ്തത് അങ്ങിനെയാണ്. ഇത്തവണ സര്‍ക്കാര്‍ രൂപീകരിച്ച പരിഷ്കരണ സമിതിയില്‍ സ്വന്തം പങ്ക് ആദ്യമേ എടുത്തുവക്കാന്‍ ആളില്ല. അതായത് എല്ലാവര്‍ക്കും വീതിക്കുന്നതില്‍ പങ്കേ തങ്ങള്‍ക്ക് കിട്ടൂ എന്ന് സാരം.

അതിനെതിരെയാണ് സമരം. എന്തൊരു ക്രാന്തദര്‍ശിത്വം!.

ഇനി രണ്ടാമത്തെ ആവശ്യം. അത് അതിക്രൂരവും പൈശാചികവും നീചവുമായ ഒരു സര്‍ക്കാര്‍ നടപടിക്കെതിരെയാണ്.

സെക്രട്ടറിയേറ്റില്‍ പഞ്ചിംഗ് കൊണ്ടുവരാന്‍ പോകുന്നു. അതായത് നമ്മള്‍ എത്രമണിക്ക് ആഫീസില്‍ കയറും , എപ്പോള്‍ പുറത്തു പോകും ഇതെല്ലാം രേഖപ്പെടുത്താന്‍ പോകുന്നു. അതായത് നമ്മുടെ അവകാശത്തില്‍ കൈകടത്താന്‍ പോകുന്നു.

പഞ്ചിംഗിനെ എന്തു കൊണ്ട് എതിര്‍ക്കുന്നു. ഒന്ന് സമയത്ത് വരാന്‍ ബസ്സില്ല, ട്രയിനില്ല. ആദ്യം സര്‍ക്കാര്‍ അത് തരട്ടെ എന്നിട്ടാവാം പഞ്ചിംഗ്. (സര്‍ക്കാര്‍ വീട്ടുവാടക ബത്ത തരുന്നത് ഓഫീസിനടുത്ത് താമസിക്കാനല്ലേ , എന്നിട്ട് ട്രയിനില്ല എന്ന് പറഞ്ഞാല്‍ - എടാ മരത്തലയന്‍ കരിമീനേ....... സര്‍ക്കാര്‍ തരുന്ന നാനൂറ്റി അറുപത് രൂപക്ക് തിരുവനതപുരത്ത് എവിടെ വീട് കിട്ടുമെടാ................).



അങ്ങിനെ പഞ്ചിംഗിനെതിരായി നമ്മള്‍ സമരം ആരംഭിക്കുകയാണ്. ഇത് കണ്ട് ഈ മൂരാച്ചി സര്‍ക്കാര്‍ മുട്ടുമടക്കിയില്ലെങ്കില്‍ പിന്നെ പഴയ വിദ്യ തന്നെ. പണ്ട് നമ്മള്‍ പരീക്ഷിച്ചത്.



പഞ്ചിംഗ് മെഷീനില്‍ മണ്ണ് വാരിയിടല്‍!. പിന്നെ സര്‍ക്കാര്‍ ജീവനക്കാരോടാ കളീ. അതും ഈ കേരളത്തില്‍!

Thursday, February 18, 2010

ടാറ്റയുടെ തലവിധി!

അവര്‍ സര്‍വാദരണീയരാണ്. അവരെ വിമര്‍ശിക്കുക പാടില്ല. അവര്‍ക്ക് തെറ്റുകള്‍ പറ്റാറില്ല. പറ്റിയാലും നമ്മള്‍ അത് പറക പാടില്ല. മേല്‍ കോടതികളില്‍ അപ്പീല്‍ പോകാം അതുമാത്രം.

“നിങ്ങള്‍ക്കനുകൂലമായി വിധിക്കുമ്പോള്‍ ഉന്നതമായ നീതി പീഠമെന്നും എതിരാകുമ്പോള്‍ ബൂര്‍ഷയെന്നും വിളിക്കുന്ന.......................................................” മതി സമ്മതിച്ചു.

നിങ്ങളുടെ വിമര്‍ശനം ഞാന്‍ ഉള്‍ക്കൊള്ളുന്നു. എങ്കിലും എനിക്ക് പറയാതെ വയ്യ.

വരാന്‍ പോകുന്ന എന്റെ വിധി എന്തോ ആകട്ടെ.........................

നദീജല സംരക്ഷണ നിയമം വരുന്നതിനും ദശകങ്ങള്‍ക്ക് മുന്‍പാണ് ടാറ്റ തടയണ കെട്ടിയത് എന്നും അതുകൊണ്ട് അത് പൊളിക്കണ്ട് എന്നും

നോട്ടീസ് കൊടുത്ത കളക്ടറുടെ നടപടി ശുദ്ധ പോക്രിത്തരവും ആണ് എന്ന ആ വിധി - എന്തൊരു മനോഹര വിധി

വിധിക്കുന്നെങ്കില്‍ ഇങ്ങനെ വിധിക്കണം.

ഒരു പക്ഷേ ഈ വിധിയെയാകും പണ്ടുള്ളവര്‍ തലവിധി എന്നൊക്കെ പറയുന്നത്.

ആകാശം ഇടിഞ്ഞു വീണാലും ടാറ്റ രക്ഷപെടട്ടെ....................................

Wednesday, February 10, 2010

ഖഗങ്ങള്‍ മാവില്‍ പെരുകും വസന്തേ.......................

അങ്ങിനെ ശിവരാമനും സി.പി.എം.വിട്ടു. ദളിതര്‍ക്ക് സി.പി.എമ്മില്‍ “രക്ഷ” ഇല്ല എന്ന് ശിവരാമന് മനസ്സിലായി.
മുസ്ലീങ്ങള്‍ക്ക് സി.പി.എമ്മില്‍ രക്ഷയില്ലാത്തതിനാലാണ് അബ്ദുള്ളക്കുട്ടി സി.പി.എം.വിട്ടത്. മനസ്സറിഞ്ഞ് ഒന്ന് നിസ്കരിക്കുവാന്‍ പോലും പാര്‍ട്ടി അനുവദിക്കുകയില്ലായിരുന്നു.
വിശ്വാസിയായ കൃസ്ത്യാനിക്ക് ഒരിക്കലും പാര്‍ട്ടിയില്‍ നേതാവാകാനാകില്ല എന്ന് വെളിപാടുണ്ടായപ്പോള്‍ മനോജും പാര്‍ട്ടിവിട്ടു.
മുസ്ലീം..........കൃസ്ത്യാനി................ഹിന്ദു
സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിലെ മതേതര ഘോഷയാത്ര പോലെ........
ഈ ചോര്‍ച്ച ഇവിടം കൊണ്ടവസാനിക്കുമോ..................... ഇല്ല എന്ന് എനിക്ക് തോന്നുന്നു................

ആശയപരവും മതപരവുമായ കാരണങ്ങളാലാണ് തങ്ങള്‍ പ്രസ്ഥാനം വിടുന്നത് എന്ന് ആണയിട്ട് പറയുമ്പോഴും അതല്ല കാരണം എന്ന് അവരുടെ പ്രവൃത്തികള്‍ തന്നെ വിളിച്ച് പറയുന്നു.

ഒരിക്കല്‍ ഒരു വിദേശ രാജ്യത്തലവന്‍ പ്രധാനമന്ത്രി നെഹ്രുവിനോട് അത്ഭുതത്തോടെ ചോദിച്ചു
“ നിങ്ങള്‍ നിങ്ങളുടെ രാജ്യത്ത് കമ്മ്യൂണിസ്റ്റുകാരെ പാര്‍ലമെന്റിലേക്ക് അയക്കുന്നുവോ?! ഞാനവിടെ അവരെ ജയിലുകളിലേക്കാണ് അയക്കുന്നത്”
ചിരിച്ചു കൊണ്ട് നെഹ്രു പറഞ്ഞു.” നിങ്ങള്‍ ജയിലിലേക്കയക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ വര്‍ദ്ധിത വീര്യത്തോടെ തിരിച്ചെത്തും.എന്നാല്‍ ഞാന്‍ പാര്‍ലമെന്റിലേക്കയക്കുന്നവരാകട്ടെ ഒരിക്കലും കമ്മ്യൂണിസ്റ്റായി തിരിച്ചെത്തില്ല”.
നെഹ്രുവിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കി ആ നിര തുടങ്ങുന്നു................
അബ്ദുള്ളക്കുട്ടി.............മനോജ്................ശിവരാമന്‍.

അധികാരത്തോടുള്ള അടങ്ങാത്ത ആര്‍ത്തിയാണ് ഇവരെ കൂറുമാറ്റത്തിന് പ്രേരിപ്പിച്ചതെങ്കില്‍ ഇപ്പോഴും വിനീത വിധേയരായി പ്രസ്ഥാനത്തില്‍ തുടരുന്നവരില്‍ എത്ര പേര്‍ ഇവര്‍ക്ക് പിന്‍ ഗാമികളായി ഉണ്ടായിരിക്കും!.
പാര്‍ലമെന്റിലേക്ക് സീറ്റില്ല എന്നുറപ്പായപ്പോള്‍ മുറുമുറുപ്പുമായി രംഗത്ത് വന്നവര്‍ വേറെയുമുണ്ടായിരുന്നു.
വര്‍ക്കല രാധാകൃഷ്ണന്‍ , എസ്.അജയകുമാര്‍, എന്‍.എന്‍.കൃഷ്ണദാസ്.................ഇവരൊക്കെ പാര്‍ട്ടി വിട്ടില്ല. വിശ്വസ്തരും വിനീത വിധേയരുമായി ജീവിക്കുമ്പോഴും ഇവരുടെ ഉള്ള് പുകയുകയാവില്ലേ.........

പ്രോട്ടോക്കോള്‍, ഓച്ച്ഛാനിച്ചു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍,വിമാന റെയില്‍വേ പാസ്സുകള്‍,ഭീമമായ ആനുകൂല്യങ്ങള്‍, സുഖ ശീതളിമകള്‍, കമ്മീഷനുകള്‍, സമ്മാനങ്ങള്‍, ചാനലുകള്‍- സ്വദേശവും വിദേശവും. പിന്നെ ഉണ്ണിത്താന്‍ പഴവും- അതും സ്വദേശവും വിദേശവും.

പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് കേരളത്തില്‍ സി.പി.എമ്മിന് ചാവേര്‍ പോരാട്ടമായിരുന്നു പണ്ട്. തോല്‍ക്കുമെന്ന് ഉറപ്പുള്ള യുദ്ധം. അപൂര്‍വമായി ഒരു സുരേഷ് കുറുപ്പോ ഒരു ആഞലോസ്സോ ഉണ്ടായാലായി. മറ്റുള്ളവരെല്ലാം വെറും ചുവരെഴുത്തുകള്‍ മാത്രം. വെറുതേ തോല്‍ക്കാനുള്ള ബലിയാടുകള്‍.

പിന്നെ സ്ഥിതി മാറി. മതസരം ജയിക്കാനുള്ളതായി. ജയിച്ച് കഴിഞ്ഞാന്‍ പഴയതുപോലെ പ്രതിപക്ഷമല്ല ഭരണം തന്നെ കിട്ടാവുന്ന സ്ഥിതിയായി. നേടുവാന്‍ നിരവധി പാര്‍ലമെന്റരി സമിതികളായി. പഞ്ച നക്ഷത്ര അത്താഴങ്ങളായി, വിദേശയാത്രകളായി. അപ്പോള്‍ മത്സരാര്‍ത്ഥികള്‍ ഏറെയായി. സ്ഥാനം നിലനിര്‍ത്താനും പിടിച്ചടക്കാനും തെറിപ്പിക്കാനും പോരാട്ടങ്ങളായി. കുതികാല്‍ വെട്ടുകളായി. അച്ചടക്ക നടപടികളായി.
അബ്ദുള്ള കുട്ടി, മനോജ്,ശിവരാമന്‍................കൊഴിഞ്ഞു പോക്കിന്റെ ഒരു മലവെള്ളപ്പാച്ചിലാണ് ഇനി വരാന്‍ പോകുന്നത്.........2010 ജൂണില്‍ തുടങ്ങുന്ന് ആ ഒഴുക്ക് സെപ്തമ്പര്‍ വരെ നീളും.
കാരണം തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ്.............
ഇക്കുറി 50ശതമാനം വനിതാ സംവരണമാണ്. അതായത് 20സീറ്റുള്ള ഒരു പഞ്ചായത്തില്‍ 10സീറ്റില്‍ വനിതകള്‍, മൂന്നു സീറ്റ് പട്ടികജാതി സംവരണം. മൂന്നോളം സീറ്റ് കോണ്‍ഗ്രസ്സിന്റെ ഉറച്ച സീറ്റായി കാണുക. ബാക്കി നാലേ നാല് സീറ്റ്, അതില്‍ ജയിച്ചു വേണം പഞ്ചായത്ത് പ്രസിഡന്റാവാന്‍, വൈസ് പ്രസിഡന്റാവാന്‍, സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാനാകുവാന്‍. ആ നാല് സീറ്റ് ലക്ഷ്യമിട്ട് നാല്പത് കാമുകന്മാര്‍!.
ചിലര്‍ വനിതാ സംവരണ സീറ്റില്‍ ഭാര്യയെ നിര്‍ത്തി സംതൃപ്തിപ്പെടും. ഭര്‍ത്താക്കന്മാര്‍ വീട്ടിലിരുന്ന് പഞ്ചായത്ത് ഭരിക്കും. ഭാര്യയെ വിശ്വാസമില്ലാത്തവന്മാരോ..................പാര്‍ട്ടി വിടും. ഇവിടെ കൂറുമാറ്റത്തിന്റെ കലാശക്കൊട്ടു തുടങ്ങും.

മാതൃഭൂമിയില്‍ വാര്‍ത്തവരും “ കോത്താഴം പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായി ഉദ്ദണ്ഠക്കുറുപ്പ് പാര്‍ട്ടിവിട്ടു. സി.പി.എം.നയങ്ങളില്‍ നിന്ന് അകന്നതുകൊണ്ടാണ് താന്‍ പാര്‍ട്ടിവിടുന്നത് എന്ന് അദ്ദേഹം പ്രസ്താവിച്ചു. അധികാരത്തിലിരുന്ന സമയത്ത് തന്നെ അഴിമതി ചെയ്യുവാന്‍ പാര്‍ട്ടി പ്രേരിപ്പിച്ചിരുന്നു എന്നും അതില്‍ മനം നൊന്താണ് താന്‍ രാജിവക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.”

ഉദ്ദണ്ഠക്കുറുപ്പ് ഏഷ്യാനെറ്റില്‍ പ്രത്യക്ഷപ്പെടും , ഒപ്പം തൊട്ട് നക്കാന്‍ സ്ഥിരം അച്ചാറുകളും. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ആസാദ്, നീലകണ്ഠന്‍............................”
ഉദ്ദണ്ഠക്കുറുപ്പുമാരുടെ എണ്ണം ദിനം പ്രതി കൂടും......ആദ്യം ചാനലില്‍ നിന്ന് കുറുപ്പ് ഔട്ടാകും. പിന്നെ പതിയെ പത്രങ്ങളില്‍ നിന്നും. ഒടുവില്‍ ഇന്ന് പാര്‍ട്ടിവിട്ടവര്‍ എന്നോ മറ്റോ പക്തി സി.ഹരികുമാര്‍ എഴുതിയേക്കും.
ഉദ്ദണ്ഠക്കുറുപ്പുമാര്‍ എന്തു കൊണ്ടാണ് പാര്‍ട്ടി വിടുന്നത്.
ഒരു പഞ്ചായത്ത് മെമ്പര്‍ക്ക് മുവായിരത്തോളം രൂപയാണ് ഓണറേറിയം. യാത്രപ്പടി, സിറ്റിംഗ് ഫീ, സ്റ്റാന്‍ഡിംഗ് ഫീ................ഇങ്ങനെ പ്രത്യക്ഷ അലവസുകള്‍ അനേകം.
ഇനി ഗോസ്റ്റ് അലവസുകള്‍............ഗുണഭോക്തൃ സമിതി കൂടല്‍.........മരാമത്ത് പണികള്‍ വീതം വക്കല്‍.......ആനുകൂല്യങ്ങള്‍ സംഘടിപ്പിക്കല്‍.................
പഞ്ചായത്ത് വാഹനത്തില്‍ സര്‍ക്കീട്ട്, മരണ വിവാഹ വീടുകളില്‍ പ്രത്യേക കസേര, കാരണവര്‍ സ്ഥാനം. ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ നിയന്ത്രണാധികാരം. മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പോലും വേദിയില്‍ കസേര.........

ഇങ്ങനെ പരിധിയില്ലാത്ത സുഖങ്ങള്‍ അനുവദിച്ചു വരുമ്പോഴാണ് അരൂപിയായ പാര്‍ട്ടി എത്തുന്നത്. തന്നെ നിയന്ത്രിക്കുന്നത്. അരൂപി ചോദിക്കുന്നു.” ആ റോഡ് എന്തിന് ടാറിട്ടു?. അയാള്‍ക്ക് എന്തിന് വീടുകൊടുത്തു?”

ചോദ്യങ്ങള്‍ ചോദിച്ചു മാത്രം ശീലിച്ചവനോട് ചോദ്യം ചോദിക്കുന്നുവോ.........................
പ്രതിമാസം നല്ലൊരു തുക ലെവിയായി കൊടുക്കുന്നു. അതു പോരാഞ്ഞ് മെമ്പറെ നിയന്ത്രിക്കുന്നോ...........ഇവിടെയാണ് ബഹു മെമ്പര്‍ക്ക് ആശയസംഘട്ടനങ്ങളുണ്ടാകുന്നത്. ഒടുവില്‍ സീറ്റ് നിഷേധിക്കപ്പെടുമ്പോള്‍ കുറുപ്പ് പാര്‍ട്ടി വിടുന്നു.
ഇത്തരം കൊഴിഞ്ഞ് പോക്ക് (ഇത് ചാനലുകള്‍ തന്ന പദമാണ് പഴയ പത്ര പദം കൂറു മാറ്റം എന്നായിരുന്നു.) ഇത് നല്ലൊരു നാളേക്കുള്ള നാന്ദിയല്ലേ................. കടിച്ചു പിടിച്ച്, പുകയുന്ന ആത്മാവുമായി ഇവര്‍ പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ ഇവര്‍ക്കോ പാര്‍ട്ടിക്കോ എന്താണ് പ്രയോജനം.?

അതുകൊണ്ട് അവര്‍ രക്ഷപെടട്ടേ..................
സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ജാഥ നടത്തി സീറ്റ് നേടിയ മൂത്താപ്പയുടെ സ്വന്തം എളേപ്പമാര്‍!

Thursday, January 28, 2010

ലിബറലായ ഭാര്യമാര്‍!

മൂവന്തി നേരത്ത് ഒരു മാന്യമഹിളയെ ചാരത്തിരുത്തി പാഞ്ഞു പോകുമ്പോഴാണ് നിര്‍ഭാഗ്യം ഉന്തുവണ്ടിക്കാരന്റെ രൂപത്തില്‍ പി.ടി.ചാക്കോയെ പിടികൂടിയത്. ജനാധിപത്യ കേരളത്തിലെ ആദ്യത്തെ പൊളിറ്റിക്കല്‍ പെണ്ണു കേസ്.



സംഭവം വിവാദമായപ്പോള്‍ ചാക്കോയുടെ ഭാര്യ പറഞ്ഞു.

“ അതിയാന്‍ അത്തരക്കാരനല്ല!”


നാലരയടി പൊക്കവും ആറടി വീതിയുമുള്ള മേശക്ക് മുകളിലൂടെ ചാടി വകുപ്പ് സെക്രട്ടറിയുടെ ചുണ്ടില്‍ കടിച്ചുതൂങ്ങി അഞ്ചടിപൊക്കക്കാരന്‍ നീലന്‍ കിടന്നാടിയപ്പോള്‍ അതിയാന്റെ ഭാര്യയും പറഞ്ഞു.

“എന്റെ കെട്ടിയോന്‍ അത്തരക്കാരനല്ല”. പെണ്ണുമ്പിള്ള ഒന്നു കൂടി കടത്തിപ്പറഞ്ഞു.

“ അവളാളു പെശകാണ്”


നാല്പത്തി അഞ്ച് ശതമാനം ചരിഞ്ഞ് പറക്കുന്ന വിമാനത്തില്‍ അന്‍പത് ശതമാനം ഒടിഞ്ഞ കയ്യാലെ അന്‍പത്തിമൂന്നു വര്‍ഷം പഴക്കമുള്ള മാറിടത്തെ ഏത് വെലോസിറ്റിയില്‍ തൊടാം എന്ന് ട്രിഗണോമിട്രിക്ക് ശ്രമിച്ച ഔസേപ്പച്ചായനും കുടുങ്ങി.

ആയമ്മയും പറഞ്ഞു.

“ പശുവിനെയല്ലാതെ അതിയാന്‍ മനുഷ്യരെ കറക്കാറില്ല”


ഭൂമിയിലെ സ്വര്‍ഗ്ഗം ബാംഗ്ലൂരാണ്. ആ സ്വര്‍ഗ്ഗത്തിലേക്ക് യാത്രചെയ്തുകൊണ്ടിരുന്ന ഉണ്ണിത്താനെ മഞ്ചേരിയില്‍ പിടിച്ച് യുവജനമുതുകാം പൊന്‍മണിത്തണ്ടുമേറ്റി വെളിച്ചത്തിലേക്കാനയിച്ചപ്പോള്‍ ഉണ്ണിത്താന്റെ പെണ്ണൂമ്പിള്ളയും പറഞ്ഞു.

“നിങ്ങക്കെന്താ പിള്ളേരെ അതിയാനെ എനിക്കറിയില്ലേ............അവളേയും”


ചാക്കോയുടെ ഭാര്യ.........നീലന്റെ ഭാര്യ...............ജോസഫിന്റെ ഭാര്യ............ഇപ്പോഴിതാ ഉണ്ണിത്താന്റെ ഭാര്യ..............................

എത്ര ലിബറലായ ഭാര്യമാര്‍!


............എന്നിട്ടും സക്കറിയ പറയുന്നു മലയാളിക്ക് അടഞ്ഞ ലൈഗികതയാണ് എന്ന്.



കുഷ്ഠം പിടിച്ച് നാറിയ ഭര്‍ത്താവിനെ ചുമലില്‍ ചുമന്ന് വേശ്യാ സംസര്‍ഗ്ഗത്തിന് കൊണ്ടു പോയ ശീലാവതിയുടെ നാട്.


ഉണ്ണിയച്ചി.........ഉണ്ണീചിരുതേവി........ഉണ്ണുനീലി................ഉണ്ണിനങ്ങ...........തുടങ്ങി ഉണ്ണിമേരിവരെയുള്ളവരുടെ നാട്...................

ഇപ്പോഴിതാ.................ഉണ്ണിത്താനും.................



അല്ല............ഉണ്ണി എന്നപേരിനാണോ കുഴപ്പം........................

“ നാരായണണ്‍ തന്റെ പാദാരവിന്ദം

നാരീജനത്തിന്റെ മുഖാരവിന്ദം

നരനായാലിത് രണ്ടിലൊന്ന്

നിനച്ചുവേണം ദിനം കഴിപ്പാന്‍”



ഉണ്ണിത്താനും ജയലക്ഷ്മിചേച്ചിക്കും വേണ്ടി ഞാന്‍ പണ്ട് ബ്ലോഗില്‍ എഴുതിയ കവിത സമര്‍പ്പിക്കുന്നു
Friday, May 15, 2009

അന്യന്റെ ഭാര്യ
അന്യന്റെ ഭാര്യയെ സ്നേഹിക്കുന്നതു സുഖമുള്ള ഒരു ഏര്‍പ്പാടാണ്.
അവളുടെ നാറുന്ന കൊച്ചുങ്ങളെ എനിക്കെടുക്കേണ്ടിയേ വരാറില്ല.
അവരുടെ വയറിളക്കത്തിന് മരുന്നു വാങ്ങി കൊടുക്കേണ്ടതില്ല.
അകത്ത് അവളുടെ പണ്ടാരത്തള്ള ജീവിതം ചുമച്ച് തുപ്പുന്നത്
എന്റെ സുരതത്തെ ബാധിക്കുന്നതേയില്ല.
അവളുടെ കണ്ണുകളിലെ തീ
അരക്കെട്ടിന്റെ ഉന്മാദം.
അതു മാത്രം മതി എനിക്കു.
കീറക്കുപ്പായത്തിലൂടെ കക്ഷം കാണിച്ച്
അവള്‍ ചന്തക്കു പോകുമ്പോള്‍ എനിക്കറപ്പാണ്.
കുടിച്ചു കുന്തം മറിഞ്ഞു വരുന്ന അവനെ ഞാന്‍
എന്നും ഗുണദോഷിക്കാറുണ്ട്.
എന്റെ ഭാര്യ അവളെ എപ്പോഴും സഹായിക്കാറുണ്ട്.
എന്റെ മുഷിഞ്ഞ അടിവസ്ത്രങ്ങള്‍ അവള്‍ തേച്ചു കഴുകുന്നത്
വളിച്ച ഒരു തമാശയായി ഞാന്‍ അവള്‍ക്കു മുന്നില്‍ വിളമ്പാറുണ്ട്.
ഒന്നുമാത്രം അവളില്‍ എനിക്കസഹനീയം
കോഴി കൂകുന്നതിനു മുന്‍പ് വാരിവലിച്ചുടുത്ത് പുറത്തേക്കു പോകുമ്പോള്‍
ആര്‍ക്കോ പൊഴിക്കുന്ന രണ്ടു തുള്ളി കണ്ണുനീര്‍.


Friday, January 22, 2010

ഒരു മുന്‍ ധാരണകളും ഇല്ലാതെ !

അങ്ങിനെ മുത്തൂറ്റ് പോള്‍ വധക്കേസ് സി.ബി.ഐക്ക് വിട്ടു. കേസന്വേഷണം അട്ടിമറിച്ച് ഐ.ജി.വിന്‍സന്റ് എം പോള്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പിന്നെ സര്‍ക്കാരിന്റെ സകല കുഴലൂത്തുകാര്‍ക്കും പ്രത്യേകിച്ച് ഈ കരിമീന് കനത്ത അടിയായിപ്പോയി ഈ കോടതിവിധി.കരിമീനൊക്കെ ഈ അന്വേഷണത്തെ ശ്ലാഘിച്ച് എന്തോരം എഴുതിയതാ......................ഇപ്പം കിട്ടിയതാ അടി........

പോള്‍ വധക്കേസ് അന്വേഷണം തിരക്കഥ അനുസരിച്ച് നടപ്പിലാക്കിയതാണ് എന്നും മുന്‍ ധാരണയോടെയാണ് പോലീസ് കേസ് അന്വേഷിച്ചത് എന്നും കോടതി കണ്ടെത്തി.
1, മറ്റൊരു കൊട്ടേഷനു പോയ ഒരു സംഘം ഒരു പരിചയവുമില്ലാത്ത ഒരാളെ പെട്ടെന്ന് കുത്തിക്കൊല്ലുക അസംഭാവ്യം.
2, എസ് ആകൃതിയിലുള്ള കത്തി മറ്റൊരു നാടകം.
3, കാരി സതീശന്‍ വെറും കോമാളി
4,ഓം പ്രകാശ്, രാജേഷ് എന്നിവരുടെ കാര്യം വീണ്ടും സംശയം.
5, പോളിന്റെ ഭൂതകാലത്തെ പറ്റി പോലീസ് ഇത്രയൊക്കെ പറയുന്നതില്‍ സംശയം.

ഇങ്ങനെ നിരവധി സംശയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനേയും പോലീസിനേയും രൂക്ഷമായി വിമര്‍ശിച്ചാണ് അന്വേഷണം കോടതി സി.ബി.ഐ ക്ക് വിട്ടത്.

യാതൊരു മുന്‍ ധാരണകളുമില്ലാതെ നിഷ്പക്ഷമായി കേസന്വേഷിച്ച് ആറു മാസത്തിനകം സി.ബി.ഐ. കോടതിയെ അറിയിക്കണം.

കോടതി പറഞ്ഞ കാര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് യാതൊരു മുന്‍ ധാരണയും പാടില്ലാതെയായിരിക്കണം സി.ബി.ഐ കേസ് അന്വേഷിക്കേണ്ടത്.
അങ്ങിനെ ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടല്‍ മൂലം പോള്‍ വധക്കേസില്‍ സത്യം തെളിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

**************************************************

അങ്ങിനെയിരിക്കെ ഒരു വൈദ്യന്‍ കഷണ്ടിക്ക് മരുന്ന് കൊണ്ടുവന്നു. എന്നിട്ട് അയാള്‍ പറഞ്ഞു ഇത് തലയില്‍ പുരട്ടുമ്പോള്‍ കുരങ്ങിനെ ഓര്‍ക്കാനേ പാടില്ല.
**********************************************

Monday, January 18, 2010

യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി

Date : January 18 2010
പോലീസ്‌ വാഹനം ആക്രമിച്ച്‌ പ്രതിയെ രക്ഷിച്ചു

ധര്‍മടം: പോലീസ്‌ വാഹനം ആക്രമിച്ച്‌ പ്രതിയെ രക്ഷപ്പെടുത്തി. നെട്ടൂര്‍ ബാലത്തില്‍ ഞായറാഴ്‌ച പുലര്‍ച്ചെ 2.30നാണ്‌ സംഭവം. 2007-ല്‍ കോടതി അറസ്റ്റ്‌വാറണ്ട്‌ പുറപ്പെടുവിച്ചിരുന്ന ജിതേഷിനെയാണ്‌ ഒരുസംഘം ആളുകള്‍ ബലം പ്രയോഗിച്ച്‌ പോലീസ്‌ കസ്റ്റഡിയില്‍ നിന്ന്‌ മോചിപ്പിച്ചത്‌. ബസ്‌ ഷെല്‍ട്ടര്‍ തകര്‍ത്ത കേസിലെ പ്രതിയാണിയാള്‍. ബാലത്തില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ എ.എസ്‌.ഐ ശിവാനന്ദന്റെ നേതൃത്വത്തില്‍ പട്രോളിങ്‌ നടത്തുകയായിരുന്ന ധര്‍മടം പോലീസ്‌ സ്റ്റേഷന്റെ വാഹനമാണ്‌ അക്രമിക്കപ്പെട്ടത്‌. ഉത്സവത്തിനിടെ പ്രതിയെ തിരിച്ചറിഞ്ഞ ഹെഡ്‌ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ ജിതേഷിനെ അറസ്റ്റ്‌ചെയ്‌ത്‌ വാഹനത്തില്‍ ഇരുത്തി. ഇതറിഞ്ഞ്‌ സംഘടിച്ചെത്തിയവരാണ്‌ പോലീസ്‌ വാഹനം ആക്രമിച്ചത്‌. വാഹനത്തിന്റെ ചില്ല്‌ തകര്‍ന്നു. സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. രക്ഷപ്പെട്ട പ്രതികള്‍ക്കായി ധര്‍മ്മടം എസ്‌.ഐ കെ.സനില്‍ കുമാറിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്‌. (മാത്രുഭൂമി)


ഇതേ വാര്‍ത്ത മലയാള മനോരമയില്‍

പിടിയിലായ ആര്‍.എസ്സ്.എസ്സുകാരനെ ആക്രമണം നടത്തി മോചിപ്പിച്ചു.
തലശ്ശേരി: വാറണ്ട് പ്രതിയായ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകനെ പോലീസിനെ ആക്രമിച്ചു മോചിപ്പിച്ചു.
നിട്ടൂരിലെ ആര്‍.എസ്സ്.എസ്സ്.പ്രവര്‍ത്തകന്‍ ജിതേഷിനെയാണ് മോചിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മുപ്പതിന് നിട്ടൂര്‍ ബാലത്തിലാണ് സംഭവം. ബാലത്തില്‍ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കെത്തിയ....................,ഇതോടെ ആര്‍.എസ്സ്.എസ്സ് സംഘം ജീപ്പിന്റെ ചില്ല് അടിച്ച് തകര്‍ത്ത് ബലം പ്രയോഗിച്ച് ജിതേഷിനെ മോചിപ്പിച്ചു കൊണ്ട് പോകുകയായിരുന്നു. .........................അനൂപ്,ശോഭിത്ത്,സുധി എന്നിങ്ങനെ ഒരു സംഘം ആര്‍.എസ്സ്.എസ്സ്. പ്രവ്ര്ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. (മനോരമ )


ഇതാണ് യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി. !