Thursday, June 17, 2010

ചില നേരങ്ങളില്‍ ചില മനിതങ്ങള്‍

സ്വത്വം അങ്ങിനെയാണ്‍ . അതൊരിക്കലും ഒരു കമ്മ്യൂണിസ്റ്റുകാരന് ഉള്‍ക്കൊള്ളാനാകില്ല. മതം, ജാതി, വര്‍ണ്ണം, കുടുംബം അങ്ങിനെ ഏത് സ്വത്വവുമാകാം. അതിനെ കവച്ചു വക്കണം വര്‍ഗ്ഗ ബോധം. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഐക്യത്തിനു മുന്നില്‍ എന്ത് സ്വത്വ ബോധം. സി.പി.എമ്മില്‍ സ്വത്വ ബോധത്തെ ഒളിച്ചു കടത്താന്‍ ചില സത്വങ്ങള്‍ ശ്രമിച്ചപ്പോള്‍ കൈ-മൈയ് മറന്ന് നമ്മള്‍ ഒരുമിച്ചു. അതിന് ഗ്രൂപ്പോ പാരമ്പര്യമോ നമുക്ക് തടസ്സമായതേയില്ല. ഇതാണ്‍ യഥാര്‍ത്ഥ വര്‍ഗ്ഗബോധം.

വനിതാ സംവരണ ബില്ല് പാസ്സാക്കാന്‍ വൃന്ദാ കാരാട്ടും സുഷമാ സ്വരാജും കെട്ടിപ്പിടിച്ചത് സ്വത്വബോധത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് പി.കെ.പോക്കറ്. അതല്ല ആദിവാസികളെ സംഘടിപ്പിച്ച് പ്രത്യേക സംഘടയുണ്ടാക്കിയത് സ്വത്വമാണ്, സച്ചാര്‍ കമ്മിറ്റിക്ക് സമിതിയുണ്ടാക്കിയത് സ്വത്വമാണ് എന്ന് മറ്റു ചിലര്‍.

ഇതൊക്കെ ഗഹനമായ സംഭവങ്ങളാണ്. കരിമീന്റെ തലയില്‍ നില്‍ക്കുന്നതല്ല. സ്വത്വം സി.പി.എമ്മില്‍ പണ്ടേയുണ്ട് എന്നതിന് കരിമീന്‍ കണ്ടെത്തിയ രണ്ട് ഉദാഹരണങ്ങള്‍ പറയാം.

1996ല്‍ കയര്‍ഫെഡില്‍ മാനേജിങ്ങ് ഡയറക്ടറുടെ ഒഴിവ് വന്നപ്പോള്‍ കയര്‍ തൊഴിലാളി എന്നോ അടിസ്ഥാന വര്‍ഗ്ഗമെന്നോ ഉള്ള യാതൊരു വര്‍ഗ്ഗബോധവും നമ്മുടെ അച്യുതാനന്ദന്‍ സഖാവിന് തോന്നിയില്ല. അദ്ദേഹത്തിന് സ്വത്വബോധം തോന്നുകയും മകനെത്തന്നെ സ്ഥാപനത്തിന്റെ എം.ഡിയാക്കുകയും ചെയ്തു.

2006ല്‍ ഐ.എച്ച്.ആര്‍.ഡിയില്‍ മാനേജറുടെ ഒഴിവ് വന്നപ്പോള്‍ അദ്ദേഹത്തിന് വീണ്ടും വര്‍ഗ്ഗ ബോധം നഷ്ടപ്പെടുകയും സ്വത്വബോധമുണ്ടായി മകനെ മാനേജറാക്കുകയും ചെയ്തു.

പിന്നീട് പി.കെ.ശ്രീമതിക്ക് സ്വത്വബോധമുണ്ടാവുകയും മരുമകളെ അടുക്കളയില്‍ നിയമിക്കുകയും ചെയ്തു.

ജാതി, മതം, വര്‍ണ്ണം എന്നീ വിശാല സ്വത്വത്തിലേക്ക് പോയില്ല എങ്കിലും സ്വത്വം നമുക്ക് അത്രക്ക് അന്യമല്ല എന്ന് പറഞ്ഞു എന്ന് മാത്രം.

Monday, June 7, 2010

നിങ്ങള്‍ ഒരു ചെത്തുകാരന്റെ മകനാണ്.

ഒടുവില്‍ വീരേന്ദ്രകുമാര്‍ ഒരു സത്യം മനസ്സിലാക്കി. പിണറായി വിജയന്‍ ഒരു മനുഷ്യനാണ്, വെറും മനുഷ്യന്‍. സ്വന്തം പ്രസിദ്ധീകരണത്തില്‍ അദ്ദേഹം അത് തുറന്ന് പറഞ്ഞിരിക്കുന്നു. സാമ്രാജ്യങ്ങള്‍ കീഴക്കി റോമാ ചക്രവര്‍ത്തിയെ പോലെ മുന്നോട്ട് പോകുന്ന പിണറായി വിജയന്‍ ഒന്നു തിരിഞ്ഞു നോക്കിയാല്‍ താന്‍ ഒരു വെറും മനുഷ്യനാണ് എന്ന് തിരിച്ചറിയും എന്നാണ് വീരേന്ദ്രകുമാറിന്റെ ഉപദേശം. അദ്ദേഹത്തെ കുറ്റം പറയാനാകില്ല. ഇതൊരു നല്ല ഉപദേശമാണ് അനുസരിച്ചാല്‍ പിണറായിക്ക് നല്ലതുതന്നെയാണ്.
പക്ഷേ ഇതല്ല ഇവിടത്തെ പ്രശ്നം. ഈ തലക്കെട്ട് പണ്ടൊരു പത്രത്തില്‍ വായിച്ച പോലെ തോന്നുന്നു. തലക്കെട്ട് അടിച്ചു മാറ്റുന്നതില്‍ വീരേന്ദ്രകുമാറിനെ അഴിക്കോട് മാഷ് ഒന്നു കുടഞ്ഞു വിട്ടതാണ്. ഗുരുവിന്റെ ദു:ഖമാണ്, രാമന്റെ ദു:ഖം ആയതെന്നായിരുന്നു അതിയാന്റെ പരിഭവം. ഏതായാലും അതോടെ അഴിക്കോടിന്റെ പഴയ പ്രേമലേഖനങ്ങളും കാമുകിയും ഒക്കെ പുറത്തു വന്നു. അന്ന് അഴിക്കോട് പറഞ്ഞിരിക്കണം, “ വീരാ.........ഞാനും ഒരു മനുഷ്യനാണ് വെറും മനുഷ്യന്‍”


സി.പി.എമ്മിലെ ഗ്രൂപ്പു വഴക്കില്‍ വീരന്‍ മീന്‍ പിടിക്കുന്ന കാലം. ലാവ ലിന്‍ കേസും മമ്മൂട്ടിയുടെ മൂന്നാറിലെ ഭൂമിയും ,വൃക്ക തട്ടിപ്പുകാരന്‍ ഫാരിസ് അബൂബേക്കറുമൊക്കെയായി പിണറായി വിജയന്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലം. ഒരിക്കല്‍ സഹികെട്ട് പിണറായി വിജയന്‍, കേരളാ ഹൌസില്‍ വച്ചാണ് എന്ന് തോന്നുന്നു. , പത്രക്കാരോട് ചോദിച്ചു, “ എന്നെക്കുറിച്ച് എന്തെല്ലാം നിങ്ങള്‍ എഴുതി, ഇനി പെണ്‍ വാണിഭം അത് മാത്രമല്ലേ ബാക്കിയുള്ളൂ, അതും എഴുത് പിണറായി വിജയന്‍ പെണ്‍ വാണിഭം നടത്തി എന്ന്, ഒന്നോര്‍ക്കുക ഞാനും ഒരു മനുഷ്യനാണ്”.
അപ്പോള്‍ പിണറായി മനുഷ്യനാണ് എന്ന് അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്. അതാണല്ലോ ഒരു നിമിഷം പത്രക്കാര്‍ക്ക് മുന്നില്‍ നിലവിട്ട് പിണറായി തുറന്നടിച്ചത്. അതേ വാചകം വീരേന്ദ്രകുമാര്‍ പിണറായിയെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. ഈ പുതിയ ഓര്‍മ്മപ്പെടുത്തലിന്റെ അര്‍ത്ഥം എന്താണ്.
ഒരു പക്ഷേ അതിതായിരിക്കും.” പിണറായി , നിങ്ങള്‍ ഒരു ചെത്തുകാരന്റെ മകനാണ്, ഞാന്‍ ഒരു കൌണ്ടറുടേയും”. അതായത് നിങ്ങള്‍ വെറും മനുഷ്യനാണ്, ഞാനാകട്ടെ അല്പം കൂടിയമനുഷ്യനും.”

സോഷ്യലിസ്റ്റായാലും കമ്മ്യൂണിസ്റ്റായാലും സ്വത്വം പുറത്താകുന്നത് ഇങ്ങനെയാണ്.