Monday, October 31, 2011

ഞാന്‍ ഒരു പട്ടിയായിരുന്നു !

മനുഷ്യര്‍ക്ക് തിരിച്ചറിവുണ്ടാകുന്നത് എന്നാണ് ?. അതിനങ്ങിനെ പ്രത്യേകിച്ച് പ്രായമൊന്നുമില്ല എന്ന് പുരാണങ്ങളും ചരിത്രവും നമ്മെ പഠിപ്പിക്കുന്നു. സിദ്ധാര്‍ത്ഥ കുമാരന് ബോധം ഉണ്ടായതും നരേന്ദ്രന്‍ വിവേകാനന്ദനായതും ഒക്കെ ചെറുപ്രായത്തിലാണ്. പ്രായം ഏറും തോറും തിരിച്ചറിവ് നഷ്ടപ്പെടാറാണ് സാധാരണ പതിവ്. അപവാദങ്ങളും തീരെ ഇല്ലാതില്ല.                                                       


                   ഇവിടെ ഒരു മനുഷ്യന് തിരിച്ചറിവുണ്ടായിരിക്കുന്നു. ഉണ്ടായ അറിവ് നിസ്സാരമല്ല. “താന്‍ ഇത്രയും കാലം ഒരു പട്ടിയായിരുന്നു “ എന്നാണ് അദ്ദേഹം കണ്ടെത്തിയത്. തിരിച്ചറിവുണ്ടായ സമയം ഏതാണ്?. സംസ്ഥാനത്ത് ഒട്ടാകെ ഗണേശ ഭത്സന ഘോഷയാത്ര നടക്കുന്നു. സ്ത്രീക്ക് മൃദുല ഭാഗങ്ങള്‍ ഏതൊക്കെ എന്ന് ചീപ്പ് വിപ്പ് അനാട്ടമി പഠിപ്പിക്കുന്നു, അതും പൊതുവേദിയില്‍. അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ വിവാദം കത്തിപ്പടരുന്നതിനിടയില്‍ ഒരു നേതാവ് പത്രസമ്മേളനം വിളിച്ച് പറയുന്നു.” താന്‍ ഇത്രയും കാലം നായയായിരുന്നു എന്ന്”.


               ആള് നിസ്സാരനല്ല, നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള, അത്രത്തോളം തന്നെ പുസ്തകങ്ങളും എഴുതിയിട്ടുള്ള, സ്വന്തമായി അച്ചുക്കൂടം തന്നെയുള്ള മഹാനാണ്. അദ്ദേഹം ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു കൃത്യം ഒരു വര്‍ഷം മുന്‍പാണ് താന്‍ മനുഷ്യനായത് എന്ന്. 


            അതുവരെ താന്‍ ഇടതുമുന്നണിയിലായിരുന്നു. അവിടെ എറിഞ്ഞ് തരുന്ന ബിസ്കറ്റ് കടിച്ച് ഒരു പട്ടിയായി കഴിയണമായിരുന്നു. താന്‍ അങ്ങിനെയായിരുന്നു കഴിഞ്ഞിരുന്നത്. ഇപ്പോള്‍ യു.ഡി.എഫില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ ഒരു മനുഷ്യനായി.


      ഒന്നു നോക്കണേ......ഒരാള്‍ എത്രകൊല്ലം എറിഞ്ഞ് കിട്ടിയ ബിസ്കറ്റ് മാത്രം കഴിച്ച് ജീവിച്ചു എന്ന്. ഒന്നും രണ്ടുമല്ല, മുപ്പത് കൊല്ലത്തോളം നീണ്ട നായജീവിതം. കുരക്കാന്‍ പറഞ്ഞവരെ നോക്കികുരച്ചു. കടിക്കാന്‍ പറഞ്ഞവരെ കടിച്ചു. എറിഞ്ഞ് തന്ന ബിസ്കറ്റ് ചാടിപ്പിടിച്ചു.


      എന്തൊരു ജീവിതം. എം.എല്‍.എ ആയതും മന്ത്രിയായതും എം.പിയായതും പിന്നെ കേന്ദ്രമന്ത്രി ആയതും ഒക്കെ നായയായിരുന്ന കാലയളവിലായിരുന്നു.എന്തൊരു പരിണാമം !.എം.പി.നാരായണ പിള്ള തോറ്റുപോകും !.ടോമി എന്ന നായ ആരുമല്ല.


        കുറച്ച് പുസ്തകങ്ങള്‍ നമ്മളെല്ലാം വായിച്ചിട്ടുണ്ട്. വായനക്കാരെക്കാളധികം എഡിഷനും ഇറങ്ങിയിട്ടുണ്ട്. ആരുടേയോ ദുഖമോ...കാണാച്ചരടോ, വ്യാകുലതകളോ ഒക്കെ വായിച്ച് നാം കരഞ്ഞിട്ടുണ്ട്. “നീയറിഞ്ഞോ വായനക്കാരാ............നീറുമെന്നുള്ളിലെ വേദനകള്‍” എന്നു കവിപറഞ്ഞ പോലെ യഥാര്‍ത്ഥത്തില്‍ തന്റെ കഴുത്തിലെ കാണാച്ചരടിനെ കുറിച്ചാണല്ലോ അദ്ദേഹം വ്യാകുലപ്പെട്ടത് എന്ന് ഒരു വായനക്കാരനായ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലല്ലോ.......ആ ദുഖം യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റേത് തന്നെയായിരുന്നു എന്ന് തിരിച്ചറിയാന്‍ ഒരു സാഹിത്യസിദ്ധാന്തവും എന്നെ സഹായിച്ചില്ലല്ലോ........നവവിമര്‍ശം, ഘടനാവാദം, മാര്‍ക്സിസ്റ്റ് നിരൂപണം............പുല്ല്................എല്ലാം തുലയട്ടെ...


       സാഹിത്യകാരന്റെ ജീവിതം കൃതിയില്‍ വരുത്തിയ സ്വാധീനം പരക്കെ പഠന വിഷയമാണ്. റിസര്‍ച്ച് ചെയ്യാന്‍ വിഷയം തേടിനടക്കുന്ന ജെ.ആര്‍.എഫ്.കാരെ.............., ഒരു നായജീവിതത്തിലെ  കൃതികളിതാ നീണ്ട് പരന്ന് കിടക്കുന്നു. താരതമ്യ പഠനത്തിന് ഒരു മനുഷ്യജീവിത കൃതി കൂടി വേണമല്ലോ . അതിനിയും ഉണ്ടായിട്ടില്ല താനും. കാത്തിരിക്കാം. മനുഷ്യനും എന്തെങ്കിലും പറയാന്‍ കാണില്ലേ.......


          അഹന്തയുമായി നടന്ന ശങ്കരാചാര്യര്‍ക്ക് ചണ്ഡാളനാണ് തിരിച്ചറിവ് പകര്‍ന്ന് നല്‍കിയത്. വിവേകാനന്ദന് ശ്രീരാമകൃഷ്ണ പരമഹംസര്‍ തിരിച്ചറിവ് നല്‍കി. മുപ്പത് കൊല്ലം നീണ്ട നായ ജീവിതത്തില്‍ നിന്ന് ഈ നേതാവിന് മുക്തി നല്‍കിയത് സാക്ഷാല്‍ വിജയനാണ്. അര്‍ജ്ജുനന് ഗീത നല്‍കിയതു പോലെ... വിജയാ ...........പാര്‍ത്ഥ സാരഥീ..........കാരുണ്യ സിന്ധോ.......എന്റെ ജീവിതം നിനക്ക് കടപ്പെട്ടിരിക്കുന്നു. ................

Saturday, October 29, 2011

ഐ.എച്ച്.ആര്‍.ഡിയിലെ ഭാഗ്യക്കുറികള്‍ ...............

   ഒരു എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാളാകാന്‍ എന്തു ചെയ്യണം ?. സാധാരണ ഗതിയില്‍ പ്ലസ് ടൂ കഴിഞ്ഞ് എന്റ്ട്രന്‍സ് എഴുതണം. അത് കിട്ടണം.ഏതെങ്കിലും എഞ്ചിനിയറിംഗ് കോളേജില്‍ അഞ്ച് കൊല്ലം പഠിച്ച് അതു പാസ്സാകണം. എം.ടെക്കിന് പോകണം. പാസ്സാകണം. ഗേറ്റ് എഴുതണം,നെറ്റ് എഴുതണം. പിന്നെ ജോലിക്ക് അപേക്ഷിക്കണം. അതിന്റെ ടെസ്റ്റ് പാസ്സാകണം. അഭിമുഖം ജയിക്കണം. അങ്ങിനെ....അങ്ങിനെ....അങ്ങിനെ................


ഞാന്‍ ഒരു രാമകൃഷ്ണനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടെ ( യഥാര്‍ത്ഥ പേര് ഇതല്ല, അതിനാല്‍ ആരും കേസിന് വരരുത്) 
                                          രാമകൃഷ്ണന്‍ ബി.എസ്.സി.മൂന്നാം ക്ലാസ്സില്‍ പാസ്സായി. പിന്നെ മുകളിലോട്ട് അഡ്മിഷന്‍ കിട്ടിയില്ല. അങ്ങിനെ പഠിത്തം നിര്‍ത്തി. കമ്പ്യൂട്ടര്‍ പഠിക്കാന്‍ നോക്കി. പി.ജി.ഡി.സി.എ.കിട്ടി. പിന്നെ  പി.എസ്.സി.എല്‍.ഡി.ക്ലാര്‍ക്ക് കോച്ചിംഗിന് ബ്രില്ല്യന്‍സില്‍ പോയി. കുറേ ടെസ്റ്റുകള്‍ എഴുതി. ഒന്നും കിട്ടിയില്ല. പ്യൂണ്‍ പരീക്ഷ എഴുതി , അതു കിട്ടിയില്ല. അപ്പോഴാണ് പത്രത്തില്‍ ഒരു വാണ്ടഡ് കണ്ടത്. ഐ.എച്ച്.ആര്‍.ഡിയിലേക്ക് ക്ലാര്‍ക്കുമാരുടെ അപേക്ഷ ക്ഷണിക്കുന്നു. നിയമനം പരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍. 


                                    കേരളം ഭരിക്കുന്നത് എല്‍.ഡി.എഫ്. സര്‍ക്കാരാണ്. രാമകൃഷ്ണന്റെ അച്ഛനും ഒരു സഖാവാണ്. രാമകൃഷ്ണന്‍ അച്ഛനോടൊപ്പം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ കണ്ടു. സെക്രട്ടറി കത്ത് കൊടുത്തു. അതുമായി ഏരിയാ കമ്മിറ്റിക്ക്, അവിടെന്നും കത്ത് കിട്ടി. ജില്ലാ കമ്മിറ്റിയെ കത്ത് ഏല്പിച്ചു. അങ്ങിനെ നിരവധി സഖാക്കള്‍ക്കൊപ്പം രാമകൃഷ്ണനും ഐ.എച്ച്.ആര്‍.ഡിയില്‍ ക്ലാര്‍ക്ക് ആയി. സോറി. ക്ലര്‍ക്ക് അല്ല. അസിസ്റ്റന്റ്, അങ്ങിനെ അതായി.


                                      അങ്ങിനെ ഇരിക്കെ ഇടതു പക്ഷ സര്‍ക്കാരിന് ഒരു ആലോചന.ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ എഞ്ചിനിയറിംഗ് കോളേജ് തുടങ്ങിയാലോ. ആലോചന അവിടെ തുടങ്ങിയപ്പോഴേ ഇവിടെ രാമകൃഷ്ണനും കൂട്ടര്‍ക്കും അറിയിപ്പ് വന്നു, ഒരു എം.സി.എ.എടുത്തോളൂ. ഉപയോഗമുണ്ടാകും. 


                       പക്ഷേ എങ്ങിനെ എടുക്കും?. എം.സി.എക്ക് ഒരു പ്രശ്നമുണ്ട്. വിദൂര വിദ്യാഭ്യാസം വഴി മാത്രമേ ഒരു ഉദ്യോഗസ്ഥന് എം.സി.എ .എടുക്കാനാകൂ. പക്ഷേ വിദൂര വിദ്യാഭ്യാസം വഴിയുള്ള ഒരു എം.സി.എ.യും.കേരള സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഇഗ്നോയുടേതല്ലാതെ. ഇഗ്നൊയുടേ എം.സി.എ. കടുകട്ടിയാണ്. സാധാരണ ഗതിയിലൊന്നും അത് പാസ്സാകില്ല. 


                         പക്ഷേ ഐ.എച്ച്.ആര്‍.ഡിയിലെ സര്‍വ്വശക്തനായ ദൈവം രാമകൃഷ്ണനോടും കൂട്ടുകാരോടും പറഞ്ഞു.”നിങ്ങള്‍ തമിഴ് നാട്ടിലെ ............................യൂണിവേഴ്സിറ്റിയില്‍ പോയി കറസ്പോണ്ടന്‍സ് എം.സി.എ.എടുത്തുകൊണ്ടു വരൂ. അവര്‍ സര്‍ട്ടിഫിക്കറ്റില്‍ കറസ്പോണ്ടന്‍സ് എന്ന് വക്കില്ല.”


               മേലാവിന്റെ ഉത്തരവുകള്‍ അവര്‍ അനുസരിച്ചു. അപ്പോഴും രാമകൃഷ്ണന് സംശയം ബാക്കി.” അല്ല കറസ്പോണ്ടന്‍സ് എന്ന് വച്ചില്ലങ്കിലും സംഗതി അതാണന്ന് നമ്മുടെ സ്ഥാപനത്തിന് അറിയില്ലേ, കാരണം ഈ കാലയളവിലൊക്കെ ഞങ്ങള്‍ ഇവിടെ ജോലിനോക്കുകയും ശമ്പളം കൈപ്പറ്റുകയും ചെയ്തിട്ടില്ലേ” 


          " അതൊക്കെ ഞങ്ങള്‍ നോക്കിക്കൊള്ളാം, തനിക്ക് പോയി ഒരു എം.സി.എ.വാങ്ങിക്കൊണ്ട് വരുവാന്‍ പറ്റുമോ”


          പറ്റാത്തതെന്ത്, രാമകൃഷ്ണന്‍ ഉള്‍പ്പെടെ ഒരു സംഘം തമിഴ് നാട്ടിലേക്ക് തിരിച്ചു. എം.സി.എക്ക് രജിസ്റ്റര്‍ ചെയ്തു. തിരിച്ചു വന്നു. പിന്നൊരിക്കല്‍ കൂടി അവര്‍ തമിഴ്നാട്ടിലേക്ക് പോയി. എം.സി.എ.സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍. 

             എല്ലാപേര്‍ക്കും സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞപ്പോള്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനിയറിംഗ് കോളേജിലേക്ക് അധ്യാപരുടെ വാണ്ടഡ് ഇട്ടു.“ എം.സി.എ.ഉള്ള ഐ.എച്ച്.ആര്‍.ഡി.ജീവനക്കാരില്‍ നിന്ന് അപേക്ഷ”
                 രാമകൃഷ്ണനും സംഘവും അപേക്ഷിച്ചു. പരീക്ഷ ഇല്ലാതെ, അഭിമുഖം ഇല്ലാതെ, അവര്‍ എഞ്ചിനിയറിങ് കോളേജ് അധ്യാപകരായി. 


                 പിന്നീട് പുറത്തുനിന്ന് നിയമപ്രകാരം ആളെ എടുത്തു. വന്നവര്‍ ജൂനിയര്‍ അധ്യാപരായി. നമ്മുടെ രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രൊഫസര്‍ മാരായി.


                   കൃത്യം മൂന്ന് മാസം മുന്‍പ് രാമകൃഷ്ണനും  സംഘവും കോണ്‍ഗ്രസ്സായി. കാരണം ഇനി വരുന്ന അഞ്ച് കൊല്ലം അവരുടെ സര്‍വീസ് പുസ്തകം പരിശോധിക്കപ്പെടാതിരിക്കണം. അവരുടെ ആ എം.സി.എ. മറഞ്ഞിരിക്കണം.


       അവരുടെ തലവനെതിരെ നടപടി വരുന്നു എന്ന് പത്രവാര്‍ത്ത. ശരിയായിരിക്കാം. കാരണം അയാളുടേത് രാഷ്ട്രീയ നിയമനമായിരുന്നില്ല. സ്വന്തം അച്ഛന്റെ ബലത്തിലാണത്രേ അയാള്‍ക്ക് നിയമനം കിട്ടിയത്. രാഷ്ട്രീയമായിരുന്നു എങ്കില്‍ അഞ്ച് കൊല്ലത്തിലൊരിക്കല്‍ മാറാമായിരുന്നു. അച്ഛനെ അങ്ങിനെ മാറ്റാനൊക്കില്ലല്ലോ............................

Tuesday, October 18, 2011

സന്തോഷ് പണ്ഡിറ്റ് ഒരു തമാശയല്ല............


അങ്ങിനെ ദീപാവലി വരവായി. പടക്കങ്ങളോടൊപ്പം നമുക്ക് ആഘോഷിക്കാന്‍ കാത്തിരുന്ന ആ ചിത്രം എത്തുകയായി. “കൃഷ്ണനും രാധയും”. ഗാനങ്ങള്‍ ഏറിയപങ്കും നാം കണ്ടു കഴിഞ്ഞു..ഏഴോളം ഗാനങ്ങള്‍ അരമണിക്കൂര്‍ ഏറ്റെടുക്കും. ചില സംഘട്ടന രംഗങ്ങള്‍, വികാര തീവ്രരംഗങ്ങള്‍ എന്നിവയും നാം യൂ-ട്യൂബിലൂടെ കണ്ടു.. ഇനി തിയേറ്ററില്‍ പോയി കാണാന്‍ എന്തുണ്ട് ബാക്കി എന്നറിയില്ല. എന്നാലും ആദ്യ ദിനത്തില്‍ പ്രേക്ഷകരുണ്ടാകും. തിയേറ്ററില്‍ ആര്‍പ്പുവിളികളും കയ്യടികളുമായിരിക്കും. അല്ലാതെന്തിനാണ് ഈ ചിത്രത്തിന് പ്രേക്ഷകര്‍ വരിക.
             സന്തോഷ് പണ്ഡിറ്റ് അദ്ദേഹം ഒരു മികച്ച നടനാണ് എന്നും സംവിധായകനാണ് എന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഇല്ലാത്ത കഴിവുകള്‍ തങ്ങള്‍ക്ക് ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടരുണ്ട്. കോളെജ് യുവജനോത്സവത്തില്‍ അവര്‍ വെള്ളിടി പാടുമ്പോള്‍ നമ്മള്‍ ആര്‍ത്തു വിളിച്ചിട്ടുണ്ട്. എല്ലാ മത്സരങ്ങള്‍ക്കും പേര് കൊടുക്കുന്ന ഇവരെ അധ്യാപകര്‍ പോലും തമാശക്കായി പ്രോത്സാഹിപ്പിക്കാറുണ്ട്. വിരസമായ മത്സരങ്ങള്‍ക്ക് ഒരു ഉന്മേഷം കൈവരുത്തുവാന്‍ ഇവര്‍ക്ക് കഴിയും.
           മലയാളിക്ക് ക്യാമറ ഒരു ദൌര്‍ബല്യമാണ്. രാഷ്ട്രീയ വേദികളില്‍ മാത്രമല്ല, അപകടം ദൃശ്യവല്‍ക്കരിക്കുന്നിടത്തുപോലും മലയാളി എത്തിനോക്കിച്ചിരിക്കുന്നുണ്ട്. തന്റെ ദൃശ്യം സുഹൃത്തുക്കളെ, ബന്ധുക്കളെ മൊബൈലില്‍ വിളിച്ചറിയിക്കുന്ന ലൈവ് സീനുകള്‍ നാം സ്ഥിരം കാണുന്നു.
 സന്തോഷ് പണ്ഡിറ്റ് എന്ന യുവാവും വ്യത്യസ്തനല്ല. ക്യാമറ, സിനിമ എന്നിവയോട് ഏതൊരു സാധാരണ ചെറുപ്പക്കാരനെപ്പോലെ അയാള്‍ക്കും ആസക്തിയുണ്ട്. തന്റെ മോഹം സാധിക്കാന്‍ അയാള്‍ക്ക് രണ്ട് വഴികളൂണ്ട്. ഒന്ന് ചാന്‍സ് ചോദിച്ച് സംവിധായകരുടെ, നിര്‍മ്മാതാക്കളുടെ പിന്നാലെ പോകുക. അല്ലെങ്കില്‍ സ്വയം സിനിമ നിര്‍മ്മിക്കുക.
    ഇവിടെ സന്തോഷ് തെരെഞ്ഞെടുത്തത് രണ്ടാമത്തെ മാര്‍ഗ്ഗമാണ്. അയാള്‍ സ്വയം സിനിമ നിര്‍മ്മിക്കുന്നു. സംവിധാനം ചെയ്യുന്നു, അഭിനയിക്കുന്നു, പാടുന്നു.
                   താന്‍ ചെയ്യുന്നത് സംവിധാനമാണ് എന്ന് അയാള്‍ക്ക് വിശ്വസിക്കാം, അത് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യം അയാള്‍ക്കില്ല. താന്‍ എഴുതുന്നതാണ് തിരക്കഥ എന്നും താന്‍ ചെയ്യുന്നതാണ് അഭിനയം എന്നും അയാള്‍ക്ക് വിശ്വസിക്കാം. നമ്മുടെ ആരുടേയും സര്‍ട്ടിഫിക്കറ്റ് അയാള്‍ക്ക് അതിന് ആവശ്യമില്ല.
             പക്ഷേ നിര്‍മ്മാണം , അത് വ്യത്യസ്തമാണ്. അത് പണത്തിന്റെ കാര്യമാണ്. തന്റെ കയ്യിലിരിക്കുന്നതാണ് ഇന്ത്യന്‍ രൂപ എന്ന് സന്തോഷ് വിശ്വസിച്ചാല്‍ പോര, സമൂഹം അത് അംഗീകരിക്കണം. അത് അവരിലൂടെ വിനിമയം ചെയ്യപ്പെടണം. മറ്റെന്തും പോലെ സ്വന്തം ബുദ്ധി ഉപയോഗിച്ചോ, ഭാവനയില്‍ നിന്നോ ഉണ്ടാക്കാവുന്ന ഒന്നല്ല പണം. അത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യം അയാളുടെ കയ്യില്‍ വസ്തുതയായി തന്നെ അവശേഷിക്കുന്നു. എങ്ങിനെ?.

        അഭിമുഖങ്ങളിലൊന്നും തന്റെ പണത്തിന്റെ ഉറവിടം സന്തോഷ് സൂചിപ്പിക്കുന്നില്ല. എത്ര മോശപ്പെട്ട സിനിമയോ, ഒരു ടെലിഫിലിം പോലുമാകട്ടെ, എടുത്തു കുത്തുപാളയെടുത്ത ജീവിതങ്ങള്‍ നമുക്ക് ചുറ്റും നിവര്‍ന്ന് നില്‍കുമ്പോളാണ് എടുത്ത സിനിമയെക്കുറിച്ചോ അതിന്റെ വിതരണത്തെക്കുറിച്ചോ ഒരു ആശങ്കയുമില്ലാതെ സന്തോഷ് അടുത്ത ചിത്രത്തിലേക്ക് കടക്കുന്നത്.
       അയാളുടെ വാക്കുകളില്‍ നിന്ന് തന്നെ വെറും സാധാരണ കുടുംബത്തിലെ അംഗമാണ് സന്തോഷ് എന്ന് മനസ്സിലാക്കാം. അതായത് താന്‍ ജോലിചെയ്ത് ഭക്ഷണം സ്വയം കണ്ടെത്തേണ്ട അവസ്ഥയിലുള്ള ഒരു സാധാരണ ചെറുപ്പക്കാരന്‍. അയാളെങ്ങിനെ ഇത്ര ലാഘവത്തില്‍ പണം പാഴാക്കുന്നു?.
         തന്നെത്തേടി ഹിന്ദിയില്‍ നിന്ന്, തെലുങ്കില്‍ നിന്ന് , തമിഴില്‍ നിന്ന് ഒക്കെ നിര്‍മാതാക്കള്‍ വന്നുകൊണ്ടിരിക്കുന്നു എന്ന ഇയാളുടെ അവകാശം പൊളിയാണ് എന്ന് തള്ളിക്കളയാ‍മോ...
കൃഷ്ണനും രാധയും കണ്ടിടത്തോളം, അതിലെ നടീനടന്മാരുടെ ശരീര ഭാഷ കണ്ടിടത്തോളം , അത് സിനിമക്കുവേണ്ടി പിടിച്ച ഒന്നല്ല എന്ന് എനിക്ക് തോന്നുന്നു. അഭിനയിക്കാനുള്ള ആര്‍ത്തിപിടിച്ച മുഖങ്ങളല്ല അവ. കബളിപ്പിക്കപ്പെട്ട ജീവിതങ്ങളുമല്ല.
    ആരുടേയോ വ്യക്തമായ തിരക്കഥയിലെ ഒരു കഥാപാത്രമല്ലേ സന്തോഷ്. അല്പബുദ്ധിയായ ഒരു ചെറുപ്പക്കാരന്റെ കോമാളിത്തത്തിലേക്ക് നമ്മുടെയെല്ലാം ശ്രദ്ധ മന:പൂര്‍വം തിരിച്ചു വച്ചതല്ലേ..അവിടെ വേറെ കഥാപാത്രങ്ങള്‍ കഥയറിഞ്ഞ് കളിക്കുന്നില്ലേ....കൂടുതല്‍ നടിമാരുമായി “കാളിദാസന്‍ കഥയെഴുതുന്നു” വരുന്നു. “ജിത്തു ഭായി“ ഹിന്ദി നടിമാരുമായി വരുന്നു.
          നമുക്ക് ആര്‍ത്തുചിരിക്കാന്‍ അവര്‍ സന്തോഷിന്റെ പ്രകടനങ്ങള്‍ ഇനിയും യു-ട്യൂബില്‍ ഇട്ടു തരും. നാം അത് കണ്ട് രസിക്കും. ........അവരും രസിക്കും.

Tuesday, October 11, 2011

മൃദുവായി തല്ലിക്കൊല്ലുമ്പോള്‍...........

http://www.mathrubhumi.com/online/malayalam/news/story/1211644/2011-10-11/kerala
പെരുമ്പാവൂര്‍: കെഎസ്ആര്‍ടിസി ബസ്സില്‍ പോക്കറ്റടിച്ചയാള്‍ സഹയാത്രക്കാരുടെ മര്‍ദനമേറ്റ് മരിച്ചു. പാലക്കാട് പെരുവമ്പ് തങ്കയം വീട്ടില്‍ രഘു (40) ആണ് മരിച്ചത്. പെരുമ്പാവൂര്‍ കാരാട്ടുപള്ളിക്കരയിലെ പ്ലാസ്റ്റിക് മോള്‍ഡിങ് കമ്പനിയിലെ തൊഴിലാളിയാണ്. സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി സന്തോഷിനെയും തിരുവനന്തപുരം സ്വദേശി സതീഷിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ സതീഷ് കെ. സുധാകരന്‍ എം.പി.യുടെ ഗണ്‍മാനാണെന്ന് പോലീസ് പറഞ്ഞു. സന്തോഷിന്റെ പണമാണ് ബസ്സില്‍വച്ച് പോക്കറ്റടിച്ചത്.  വളരെ മൃദുവായി, സൌമ്യമായി ഒരാളെ എങ്ങിനെ തല്ലിക്കൊല്ലാം എന്നറിയാന്‍ മാതൃഭൂമി വായിക്കുക. തല്ലിക്കൊന്നു എന്നല്ല മര്‍ദ്ദനമേറ്റു മരിച്ചു. ഇടിവെട്ടേറ്റു മരിച്ചു,പാമ്പു കടിച്ചു മരിച്ചു എന്നൊക്കെ കേട്ടിട്ടില്ലേ അതുപോലെ, ഒരു സാധാരണ മരണം. ആരാണ് മര്‍ദ്ദിച്ചത്.? സഹയാത്രക്കാര്‍ എന്ന് ഉത്തരം. സഹയാത്രക്കാര്‍, എന്ത് സൌമ്യമായ പദം. മര്യാദയുള്ള പദം.
                   പോക്കറ്റടിക്കാരന്‍ എന്ന് സംശയിക്കപ്പെടുന്ന ആളല്ല മരിച്ചത്. പോക്കറ്റടിക്കാരന്‍ തന്നെയാണ്. പത്രത്തിന് യാതൊരു സംശയവുമില്ല.
 
               ഇത്ര സൌമ്യമായ ഒരു കൊലപാതകവാര്‍ത്ത ഒരു പത്രത്തില്‍ അപൂര്‍വ്വമാണ്. ഇങ്ങിനെ ഒരു വാര്‍ത്ത വരാന്‍ രണ്ടേ രണ്ട് ചാന്‍സേ ഉള്ളൂ,ഒന്നുകില്‍ മരിച്ചവന്‍ സി.പി.എം കാരനായിരിക്കണം. അല്ലെങ്കില്‍ കൊന്നവന്‍ ബി.ജെ.പിക്കാരനായിരിക്കണം.
 
     മാതൃഭൂമി കണ്ണൂര്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടിട്ടില്ലേ...“സി.പി.എംകാരന്‍ വെട്ടേറ്റ് മരിച്ചു”. “ബി.ജെ.പിക്കാരനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി”
    ആദ്യത്തേത് സുഖമരണമാണ്. രണ്ടാമത്തേത് കൊലപാതകത്തിന്റെ എല്ലാ പൈശാചികതയും പുറത്ത് കൊണ്ട് വരും.  ഇവിടെ സുഖമരണമാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഹയാത്രികന്‍ കെ.സുധാകരന്‍ എം.പി.യുടെ ഗണ്‍ മാന്‍ ആണ് എന്ന് പോലീസ് പറഞ്ഞു. പോക്കറ്റടിക്കാരന്‍ ആണ് മരിച്ചത് എന്നത് പോലീസ് പറയാതെ തന്നെ മാതൃഭൂമി കണ്ടെത്തി.പക്ഷേ സഹയാത്രികന്‍ സുധാകരന്റെ ഗണ്‍ മാന്‍ ആണ് എന്ന് പോലീസ് പറഞ്ഞ അറിവേ മാതൃഭൂമിക്കുള്ളൂ.......പ്‍ാവങ്ങള്‍............................
 
ഇതേ മാതൃഭൂമിയില്‍ രാധാകൃഷ്ണപിള്ള വെടിവക്കുന്നതിന്റെ ചിത്രം ഉണ്ട്. എന്ത് സുന്ദരമായ ചിത്രം. പാവം പിള്ള തോക്ക് ചൂണ്ടിയിരിക്കുന്നത് നീലാകാശത്തേക്കാണ്. ഇതിനാണോ ഈ പുകിലൊക്കെ ഉണ്ടാക്കുന്നത് എന്ന് തോന്നിപ്പോകും ചിത്രം കാണുന്ന ആര്‍ക്കും. അതു പോകട്ടെ , ഒരു ചിത്രമല്ലേ, മാതൃഭൂമിയല്ലേ, പിള്ള ആകാശത്തേക്കും ഒഴിച്ചിരുന്നല്ലോ?.,
 
   പക്ഷേ ആ പോക്കറ്റടിക്കാരന്റെ മരണം ?. ഈ റിപ്പോര്‍ട്ടിംഗ് എങ്ങിനെ പൊറുക്കും.
 
               എല്ലാ മര്യാദയോടും കൂടി പറയട്ടേ..........അത് എഴുതിയവന്റെ ആസനത്തില്‍ ആരെങ്കിലും പാര കയറ്റിയാല്‍ അത് ഒരിക്കലും .......................................................

Monday, October 3, 2011

ചികിത്സ ! പത്ത് മിനിട്ട് കൊണ്ട് !

പൈത്സ്, ഫിസ്റ്റൂല, ഫിഷര്‍!


എത്ര കഠിനമോ , എത്ര പഴയതോ ആകട്ടെ !


ഉത്തരവാദിത്ത്വത്തോടെ ചികിത്സിച്ച് പൂര്‍ണ്ണമായും സുഖപ്പെടുത്തും,


വെറും പത്തുമിനിട്ട് കൊണ്ട് !

ബാലകൃഷ്ണാ & സണ്‍സ്, കൊട്ടാരക്കര   

(അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വാഹനത്തില്‍ വച്ചും ചികിത്സിക്കുന്നതാണ്)