Thursday, September 29, 2011

കൊന്നത് ഭീമനല്ല

അഡ്വ. റഷീദ്, കൊട്ടാരക്കരയിലെ സി.പി.എമ്മിന്റെ കരുത്തുറ്റ നേതാവ്. സൌമ്യന്‍, സഹൃദയന്‍, സുന്ദരന്‍. എല്ലാ ജനങ്ങളുമായും അടുപ്പം. കക്ഷി രാഷ്ട്രീയത്തിനതീതമായ സുഹൃത് ബന്ധങ്ങള്‍. അടുത്ത തെരെഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി റഷീദായിരിക്കും. നിന്നാല്‍ തീര്‍ച്ചയായും ജയിക്കും.ചരിത്രം തിരുത്തിക്കുറിക്കപ്പെടും. സി.പി.എമ്മിന്റെ അണികളില്‍ ആവേശം നുരഞ്ഞ് പൊങ്ങി.
    പക്ഷേ എന്തു ചെയ്യും?. കടുത്ത ചുമയും പനിയും ബാധിച്ച രണ്ടര വയസ്സുകാരി മകള്‍ ഫാന്‍സിക്ക് മരുന്നുവാങ്ങാല്‍ പുറത്തിറങ്ങിയ റഷീദിനെ കൊട്ടാരക്കര ചന്തമുക്കില്‍ വച്ച് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. കഷണം കഷണമാക്കി. ആരാണന്നോ എന്തിനാണന്നോ അറിയില്ല. മുപ്പത് വര്‍ഷം കഴിഞ്ഞു. ഇന്നും അറിയില്ല അവര്‍ ആരാണന്നോ എന്തിനാണന്നോ?.

    പല ഫയലുകളും ജനങ്ങളുടെ ജീവിതമാണ്. ഉദ്യോഗസ്ഥര്‍ക്ക് അത് അറിയില്ല. അവര്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് അത് തടഞ്ഞുവക്കും. കൊല്ലം ജില്ലയിലുള്ള ആ പഞ്ചായത്ത് സെക്രട്ടറിയും അങ്ങിനെയായിരുന്നു. ആരുപറഞ്ഞിട്ടും അയാള്‍ ഒന്നും ചെയ്തില്ല. അനന്തരം ഒരു പൊങ്ങു തടി പോലെ അയാള്‍ ഒരു കിണറ്റില്‍ വിലയം പ്രാപിച്ചു. ചോദ്യങ്ങള്‍ ഉണ്ടായില്ല. ഉത്തരങ്ങളും. ചില ജീവിതങ്ങള്‍ അങ്ങിനെയാണ്.

പ്രമാദമായ അഴിമതിക്കേസില്‍ സാക്ഷി പറയേണ്ടയാളായിരുന്നു അയാള്‍.പറയരുതേ എന്ന് പലരും അയാളോട് പറഞ്ഞതാണ്. ജീവിതത്തിന്റെ വില അയാള്‍ക്ക് അറിയില്ലായിരുന്നു. ഭാര്യയുടേയും മക്കളുടേയും കഴുത്തറുത്ത് കിണട്ടിലിട്ട് കൊന്നിട്ട് അയാള്‍ സ്വയം കഴുത്തറുത്തു മരിച്ചു. എന്നിട്ട് അയാള്‍ ആ കിണറ്റിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ചു. ചില മരണങ്ങള്‍ വിചിത്രങ്ങളാണ്. അവ നമ്മെ വല്ലാതെ അത്ഭുതപ്പെടുത്തും. അത്ര മാത്രം.

  ചിത്രവധം. നമ്മുടെ പാരമ്പര്യത്തിലുള്ളതാണ്. സ്വാതിതിരുനാളിന് മുന്‍പ് വരെ തിരുവിതാംകൂറിലും അതുണ്ടായിരുന്നു എന്നാണ് കഥ. രാജകുടുബത്തിന്റെ തിരുശേഷിപ്പുകള്‍ പുറത്ത് വരികയാണ്. രാജഭക്തിയും ഏറിവരുന്നു. അപ്പോള്‍ ആസനത്തില്‍ ഇരുമ്പ് കയറ്റി കൊല്ലുന്നത് ഒരു തെറ്റാകില്ല. ചുരുങ്ങിയ പക്ഷം ഒരു ഓര്‍മ്മപ്പെടുത്തലെങ്കിലും ആകും.ചരിത്രം അങ്ങിനെയാണ് അത് എപ്പോഴെങ്കിലും കയറി ആവര്‍ത്തിച്ചു കളയും. ഒരു മുന്നറിയിപ്പുമില്ലാതെ.

   നാളേക്ക് നമുക്ക് എന്തുണ്ട്?. അന്വേഷണം നടക്കുന്നു. കുറ്റവാളികള്‍ ഉടന്‍ പിടിയിലാകും. അധ്യാപകനെ ചവുട്ടിക്കൊന്നവന്‍ എവിടെയെത്തി?. അപ്പോള്‍ ആസനത്തില്‍ ആപ്പ് കയറ്റിയാലും അധികാരത്തിലേക്ക് വഴികളുണ്ട്.

 ഒരു ചെറിയ പ്രവചനമായാലോ............

                 .............................ടിയാന് ആ യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു.അത് കണ്ട് പിടിച്ച അവരുടെ ഭര്‍ത്താവ് ടിയാനെ വകവരുത്താനായി ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു.നിലമേല്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമായിരുന്നു ഇത് ഏറ്റെടുത്തത്. സംഘാങ്ങളായ തുമ്പ് സാബു, അമ്പ് സജി, കൊമ്പ് സുര എന്നിവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചു.ക്വട്ടേഷന്‍ നല്‍കിയ ഭര്‍ത്താവ് വിദേശത്തേക്ക് കടന്നെന്നും അയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു......................................

കേസ് കൊടുത്ത അധ്യാപകന്റെ ആസനത്തില്‍ ഇരുമ്പ് പൈപ്പാണ് കയറ്റിയതെങ്കില്‍ ജയിലിലാക്കിയ അച്യുതാനന്ദന് ഒരു കുന്തം എവിടയോ ഒരുങ്ങുന്നുണ്ടാകും. നീല കണ്ഠാ നീ തന്നെ തുണ......................................

Monday, September 26, 2011

ഏറ്റവും ദൈര്‍ഘ്യമേറിയ വ്യഭിചാരം. !

എനിക്ക് ഒന്ന് വ്യഭിചരിക്കണം !. ഞാന്‍ ആരോട് അനുവാദം ചോദിക്കണം?. ഒന്ന് ആരാണോ ആ മറ്റേയാള്‍ അയാളോട്. മറ്റൊന്ന് എന്റെ മനസാക്ഷിയോട്.(കുടുംബത്തെ, മാന്യതയെ, എന്നെത്തന്നെ വഞ്ചിച്ചുകൊണ്ട് ചെയ്യൂന്ന ഈ പ്രവൃത്തി ശരിയാണോ എന്ന് മനസാക്ഷിയോട് )


        മറ്റാരോടെങ്കിലും എനിക്ക് അനുവാദം ചോദിക്കേണ്ടതുണ്ടോ ?.ഞാനുള്‍പ്പെടുന്ന മതസംഘടനാ നേതാവിനോട്, ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ നേതാവിനോട്, ഞാന്‍ വായിക്കുന്ന മാധ്യമങ്ങളോട്,


   വേണ്ട, ഇതെന്റെ മാത്രം വ്യക്തിപരമായ കാര്യമാണ്. ഞാന്‍ അതു ചെയ്തതുകൊണ്ട് ഈ രാഷ്ട്രത്തിന്റെ സമ്പദ് ഘടനയോ അതിര്‍ത്തി സുരക്ഷയോ ദുര്‍ബലപ്പെടുന്നില്ല.


  പാണ്ടിക്കടവത്ത് കുഞ്ഞാപ്പ എന്ന കുഞ്ഞാലിക്കുട്ടി വ്യഭിചരിച്ചു. അങ്ങോട്ട് പോയല്ല, കോഴിക്കോട്ട് നിന്ന് ട്രയിനില്‍ കയറി മന്ത്രി മന്ദിരത്തിലെത്തിയാണ്, അല്ലെങ്കില്‍ എത്തിച്ചാണ് കുഞ്ഞാലിക്കുട്ടി കാര്യം നിര്‍വഹിച്ചത്. ഇതുവരെ കാര്യത്തില്‍ കുറ്റമൊന്നുമില്ല, ധാര്‍മ്മികതയല്ലാതെ....


  വന്നപെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല എന്നത് ഒരു പ്രധാന കുറ്റമാണ് , നിയമ പ്രകാരം.ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചില്ല എന്ന കൃത്യവിലോപം ഉത്തരവാദപ്പെട്ട മന്ത്രി കാണിച്ചു. ധൃതി കൊണ്ടായിരിക്കാം. മന്ത്രിയല്ല, ലോകത്ത് വ്യഭിചരിക്കാന്‍ പോകുന്ന ഒരു മനുഷ്യനും മറ്റേയാളിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കില്ല, പരിശോധിക്കാന്‍ നിന്നാല്‍ കാര്യം നടക്കില്ല. ആ തെറ്റ് കുഞ്ഞാലിക്കുട്ടി ചെയ്തു.


      ഇത്രയും തെറ്റുകള്‍ കുഞ്ഞാലിക്കുട്ടി സ്വയം ചെയ്തതാണ്. അതിന് അദ്ദേഹം കൊടുക്കേണ്ടിയിരുന്ന വില വളരെ ചെറുതാണ്. ഒരു രാജിയോ (നീലനെപ്പോലെ), ഒരു ശിക്ഷയോ (ബാലകൃഷ്ണപിള്ളയെപ്പോലെ) അനുഭവിച്ച ശേഷം പൂര്‍വാധികം കരുത്തനായി, പുലിക്കുട്ടിയായി അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കാമായിരുന്നു.


 പക്ഷേ കുഞ്ഞാലിക്കുട്ടി അത് ചെയ്തില്ല. പകരം സാക്ഷികളെ സ്വാധീനിച്ചു. മാധ്യമങ്ങളെ സ്വാധീനിച്ചു, ജഡ്ജിമാരെ സ്വാധീനിച്ചു. കോടികള്‍ ഒഴുക്കി. സമ്പത്തിന്റെ സിംഹഭാഗം രജീനയും റൌഫും കൊണ്ട് പോയി. എന്നിട്ട് രക്ഷപ്പെട്ടോ ?. അപമാനത്തില്‍ നിന്ന് അപമാനത്തിലേക്ക് കൂപ്പു കുത്തുന്നു. ഐ.എ.എസ്.കാരിയെ പീഡിപ്പിച്ച നീലന്‍ രാഷ്ട്രീയത്തില്‍ പൂര്‍വാധികം ശക്തിയോടെ തിളങ്ങുന്നു. പി.ജെ.ജോസഫ് തൊട്ടടുത്ത മന്ത്രി സഭയില്‍ തന്നെ മന്ത്രിയായി വിലസുന്നു. ഇവര്‍ക്ക് സംഭവിച്ചത് കുഞ്ഞാലിക്കുട്ടിക്ക് സംഭവിക്കാത്തതെന്തേ................


 കാരണം കുഞ്ഞാലിക്കുട്ടി ഒരു പാവമായിരുന്നു.. അപമാനം ഭയക്കുന്ന ഒരു പാവം. മാനം സംരക്ഷിക്കാന്‍ പണത്തിന് കഴിയും എന്ന് കരുതിയ ഒരു വിഡ്ഡി. അത് ചൂഷണം ചെയ്യാന്‍ ആയിരം ശവംതീനികള്‍ കൂടെയുണ്ടായിരുന്നു.


  കോടികള്‍ വാരിയെറിയുന്നതിനു പകരം , “ഞാന്‍ വ്യഭിചരിച്ചെടാ ചെറ്റകളേ, എനിക്കെന്റെ ഭാര്യയെ മാത്രം ബോധിപ്പിച്ചാല്‍ മതി” എന്ന് പറഞ്ഞിരുന്നു എങ്കില്‍ എത്ര പത്രലേഖകര്‍ പട്ടിണിയാകുമായിരുന്നു. എത്ര ഇടനിലക്കാര്‍ തെരുവാധാരമാകുമായിരുന്നു.


    ഒരു മനുഷ്യന്റെ വ്യഭിചാരം കൊണ്ട് മാത്രം ഒരാള്‍ അഞ്ച് കൊല്ലം നാട് ഭരിച്ചു. ജനങ്ങള്‍ക്ക് ചെയ്ത സേവനങ്ങളോ, വികസന പദ്ധതികളോ ഇല്ലാതെ, അക്കാര്യത്തിലൊന്നും ഒരു അവകാശവും ഉന്നയിക്കാതെ, ഒരു മനുഷ്യന്‍ വീണ്ടും ജനവിധി തേടിയത് മറ്റൊരാളുടെ വ്യഭിചാരം മാത്രം ചൂണ്ടിക്കാട്ടിയായിരുന്നു. 


  ഈ കുഞ്ഞാലിക്കുട്ടിയുടെ വ്യഭിചാരം ഒരു ജനതയുടെ ഭാഗധേയത്തെ തന്നെ നിര്‍ണ്ണയിക്കുന്ന ഒന്നായി മാറിയതെങ്ങിനെ?. വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അന്നത്തെ വ്യഭിചാരത്തില്‍ കുഞ്ഞാലിക്കുട്ടിക്കൊരു കുഞ്ഞ് പിറന്നിരുന്നു എങ്കില്‍ അതിന് ഇന്ന് വോട്ടവകാശം കിട്ടുമായിരുന്നു. അത്രയും കാലം കടന്നിരിക്കുന്നു. ഇന്നും, ഇന്നത്തെ ദിവസവും നാം ആ മനുഷ്യന്റെ വ്യഭിചാരത്തിലൂന്നി ജീവിക്കുന്നു.  ലോകത്തിലെ ഏറ്റവും ചെലവേറിയ വ്യഭിചാരം. ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വ്യഭിചാരം. ക്ലിന്റന്‍ പോലും മറവിയായി. കുഞ്ഞാലിക്കുട്ടി ഇന്നും നിറഞ്ഞു നില്‍ക്കുന്നു. കേരളത്തിന്റെ സാമൂഹിക സദസ്സിലാകെ. .വെറും പത്തോ , പതിനഞ്ചോ മിനിട്ടിന്റെ പ്രക്രിയ ദശാബ്ദങ്ങളെ അതിജീവിക്കുന്നു.