Wednesday, August 31, 2011

കളിത്തോഴിമാരെന്നെ കളിയാക്കി!

അയ്യോ! അയ്യോ! അമേരിക്കക്കാരേ! അമേരിക്കയില്‍ ജോലിയെടുത്ത് ജീവിക്കുന്ന ഇന്ത്യന്‍ സായിപ്പുമാരെ ഷെയിം! ഷെയിം!.


   വ്യവസായ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചെന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ അന്നത്തെ കേരള മുഖ്യമന്ത്രി സഖാവ് അച്യുതാനന്ദന്‍ കളിയാക്കി വിട്ടത്രേ!.അമേരിക്കയുടെ ഇറാക്ക് നയത്തെ ഭയങ്കരമായി കളിയാക്കി. പാവം കോണ്‍സലേറ്റ് ഉദ്യോഗസ്ഥന്മാര്‍ നിന്ന് വിയര്‍ക്കുകയായിരുന്നു. ചിലര്‍ കൈലേസ് കൊണ്ട് മുഖം പൊത്തി. മറ്റുചിലര്‍ കുപ്പി വെള്ളം മട മടാന്ന് കുടിച്ചു. ഹ്യൂഗോ ഷാവേസു പോലും തങ്ങളുടെ രാജ്യത്തെ ഇങ്ങനെ കളിയാക്കിയിട്ടില്ല.


   സി.പി.എമ്മിന്റെ രണ്ട് സമുന്നത നേതാക്കന്മാരെയാണ് കോണ്‍സലേറ്റ് ഉദ്യോഗസ്ഥര്‍ കണ്ടത്. ഒരാള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിജയന്‍ തങ്ങളെ കളിയാക്കിയിട്ടില്ല എന്നും ചില മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം സ്വാഗതം ചെയ്യുകയാണ് ഉണ്ടായത് എന്നും രേഖകള്‍ തെളിയിക്കുന്നു. അല്ലെങ്കിലും അതില്‍ പ്രത്യേകിച്ച് തെളിവൊന്നും ആവശ്യമില്ല. 1997-ല്‍ അമേരിക്കയില്‍ പോയി അവരെ ക്ഷണിച്ചയാളാണ് വിജയന്‍. അപ്പൊപ്പിന്നെ അവര്‍ ഇങ്ങോട്ട് വന്നു ചോദിച്ചാല്‍, എണീറ്റ് നിന്ന് സ്വീകരിച്ചില്ലങ്കിലേ അത്ഭുതമുള്ളൂ.


     മറ്റേയാളും തങ്ങളോട് സംസാരിച്ചത് വിദേശ നിക്ഷേപത്തെക്കുറിച്ചാണ് എന്നാണ് വിക്കിലീക്ക്സ് രേഖകള്‍ പറയുന്നത്. എന്നാല്‍ സത്യം മാത്രം പറയുന്ന ആ ദേഹം നമ്മളോട് പറയുന്നത് ഞാന്‍ അങ്ങിനെയൊന്നും സംസാരിച്ചിട്ടില്ല എന്നും ഞാന്‍ അമേരിക്കയെ കളിയാക്കി വിടുകയാണ് ഉണ്ടായത് എന്നുമാണ്. 


                അമേരിക്കന്‍ സ്ഥാനപതിയെ നമ്മുടെ സെക്രട്ടറിയേറ്റില്‍ വിളിച്ചു വരുത്തി കളിയാക്കുക. അതിനുള്ള ഭാഗ്യം സിദ്ധിച്ച നമ്മള്‍ മലയാളികള്‍ എന്ത് പുണ്യം ചെയ്തവരാണ്. സി.പി യെ വെട്ടിയതിന് ശേഷം കേരളത്തില്‍ നടന്ന ഏറ്റവും വിപ്ലവകരമായ സംഭവമല്ലേ ഇത്.ഇത് ചരിത്ര പാഠപുസ്തകങ്ങളില്‍ സ്ഥാനം പിടിക്കേണ്ട ഒന്നല്ലേ. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ ചെങ്കൊടി പാറിച്ചതിന് സമാനമല്ലേ ഇത്.
        
       അത്ഭുതമെന്നു പറയട്ടെ നമ്മുടെ മാധ്യമങ്ങളെല്ലാം ഈ മഹത്തായ സംഭവത്തെ തൃണവല്‍ ഗണിക്കുകയാണ് ഉണ്ടായത്. അവരെല്ലാം ചര്‍ച്ച ചെയ്തത് പിണറായി വിജയന്‍ അമേരിക്കന്‍ നിക്ഷേപം സ്വാഗതം ചെയ്തതിനെ പറ്റി മാത്രമാണ്. പിണറായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ കണ്ട വിവരം അന്നു തന്നെ പത്രങ്ങളില്‍ വന്നതാണ്. പിണറായി അമേരിക്കയില്‍ പോയി തന്നെ നിക്ഷേപം സ്വാഗതം ചെയ്തയാളുമാണ്. എന്നിട്ടും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ആസാദ്, തുടങ്ങിയ ചര്‍ച്ചിലുകള്‍ അച്യുതാനന്ദന്‍ ചെയ്ത ഈ മഹത്തായ വിപ്ലവത്തെ തമസ്കരിച്ചു കളഞ്ഞു.                


                     മാതൃഭൂമി എന്ന ദേശീയ ദിനപത്രമാകട്ടെ അച്യുതാനന്ദന്‍ അമേരിക്കക്കാരെ കണ്ട വിവരം പോലും അച്ചടിച്ചിട്ടില്ല. എന്നാല്‍ പിണറായി കണ്ടതാകട്ടെ എട്ട് കോളത്തില്‍ പരത്തിയടിച്ചിരിക്കുന്നു. ഇങ്ങനെയുണ്ടോ ഒരു അവഗണന.


         അച്യുതാനന്ദന്‍ പറഞ്ഞെതെല്ലാം കരിമീന്‍ വിശ്വസിക്കുന്നു. എന്നാലും ഒരു സംശയം അച്യുതാനന്ദന്‍ അമേരിക്കക്കാരെ കളിയാക്കിയത് ഏത് ഭാഷയിലായിരുന്നു.?

Monday, August 15, 2011

വിദ്യാഭ്യാസ വകുപ്പിലെ പോത്തുകച്ചവടം!

വിദ്യാഭ്യാസം ഒരു കച്ചവടമാണ് എന്നത് നമ്മള്‍ മലയാളികള്‍ പരക്കെ  അംഗീകരിച്ചിട്ടൂള്ള ഒരു വസ്തുതയാണ്. എന്നാല്‍ അത് ഒരു പോത്തുകച്ചവടത്തിന് സമമായാലോ?. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്ത് ഇന്ന് നടക്കുന്നത് പോത്തുകച്ചവടത്തേക്കാള്‍ ഹീനമായ നടപടികളാണ്.


              മുസ്ലീം ലീഗ് എന്നും അഴിമതി എന്നുമൊക്കെ കേട്ടാല്‍ നമ്മള്‍ കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്  എന്നൊക്കെ ചിന്തിക്കും. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ മന്ത്രിയായി അബ്ദുല്‍ റബ്ബ് എന്നൊരു പേര് കേട്ടപ്പോള്‍ ഏതോ ഒരു അപ്പാവി എന്നേ നിനച്ചൂള്ളൂ. എന്നാല്‍ പിടിച്ചതിനേക്കാള്‍ വലിയതാണ് അളയില്‍ എന്ന് കാലം തെളിയിക്കുമോ?


      സെക്രട്ടറിയേറ്റില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഇടനാഴികളില്‍ നോട്ട് കെട്ടുകളുമായി സ്കൂള്‍ മാനേജര്‍മാര്‍ കയറിയിറങ്ങുന്നു. അതില്‍ ഒരു മാനേജറെ കരിമീന്‍ പിടിച്ചൂ. അയാളില്‍ നിന്നും ചോര്‍ത്തിയ കഥയിതാണ്.


                സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ കൊല്ലം, ആലപ്പുഴ,ഇടുക്കി,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അഡിഷണല്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചൂ. അതിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ സ്കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
    ഇതാൺ അപേക്ഷ http://www.dhsekerala.gov.in/downloads/circulars/1606110733_Batch.doc


                ഈ ഉത്തരവ് പ്രകാരം സ്കൂളില്‍ നിലവിലുള്ള ഹയര്‍ സെക്കന്ററി ബാച്ചില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ക്ക് അഡ്മിഷന്‍ കിട്ടാതെ പോയ ബാച്ച് ഏതാണോ അത് അനുവദിക്കും. അതു തന്നെ അനുവദിക്കുമ്പോള്‍ അധ്യാപക തസ്തിക ഏറ്റവും കുറച്ച് സൃഷ്ടിക്കപ്പെടുന്ന ബാച്ചേ അനുവദിക്കുകയുള്ളൂ.


    കരിമീന്‍ കണ്ട മാനേജര്‍ക്ക് തന്റെ സ്കൂളില്‍ സയന്‍സ്, കോമേര്‍സ് എന്നീ ബാച്ചുകള്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ അപേക്ഷര്‍ പുറത്ത് നില്‍ക്കുന്നത് കോമേര്‍സ് ബാച്ചിനാണ്. നിയമപ്രകാരം ടി സ്കൂളിന് കൊമേര്‍സ് ബാച്ചിന് മാത്രമേ അപേക്ഷിക്കാവൂ. ഹുമാനിറ്റീസിന് പുതിയൊരു ബാച്ച് അനുവദിച്ചു കിട്ടിയിരുന്നു എങ്കില്‍ അഞ്ച് അധ്യാപകരെ പുതുതായി നിയമിക്കാമായിരുന്നു. 5*30 ലക്ഷം ഒരു കോടി അന്‍പത് ലക്ഷം രൂപ കിട്ടൂമായിരുന്നു. പക്ഷേ എന്ത് ചെയ്യാം അപേക്ഷിക്കാന്‍ വകുപ്പില്ലല്ലോ. മുപ്പത്തി അഞ്ച് വയസിന് മുകളിലുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ നാല്പത്തി അഞ്ച് കാരന്‍ അപേക്ഷ അയച്ചിട്ട് കാര്യമില്ലല്ലോ..


                  അങ്ങിനെ ഈ മാനേജറും അപേക്ഷിച്ചൂ കോമേര്‍സ് ബാച്ചിന്. അവസാനം ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
http://www.dhsekerala.gov.in/downloads/circulars/0308110722_Bat.pdf


                                  ഉത്തരവ് വായിച്ചു നോക്കിയ മാനേജര്‍ ഞെട്ടിപ്പോയി. തന്റെ സ്കൂളിന് അപേക്ഷിച്ച നിലവിലുള്ള ബാച്ച് തന്നെ കിട്ടി. എന്നാല്‍ മറ്റൂ സ്കൂളുകളിലൊക്കെ നിലവിലില്ലാത്ത പുതിയ ബാച്ചുകള്‍. പുതിയ ബാച്ചുകള്‍ക്ക് അപേക്ഷിച്ചുപോലും കൂടാ എന്ന് ഉത്തരവില്‍ വ്യക്തമായി പറഞ്ഞിരിക്കെ അവര്‍ എങ്ങിനെ അതിന് അപേക്ഷിച്ചു.അവരുടെ അപേക്ഷ എങ്ങിനെ പരിഗണിച്ചു. അവര്‍ക്ക് എങ്ങിനെ നിയമ വിരുദ്ധമായി ബാച്ച് അനുവദിച്ചു.


        കണ്ണ് തള്ളിപ്പോയ മാനേജർ മറ്റ് മാനേജർമാരുമായി ബന്ധപ്പെട്ടൂ. കിട്ടിയ മറുപടി ഇതായിരുന്നു. .   “താനെന്തൊരു മണ്ടനാടോ?.വെറും പതിനഞ്ച് ലക്ഷം രൂപ കൊടുത്താൽ തനിക്ക് പുതിയ ബാച്ച് അനുവദിച്ചു കിട്ടില്ലായിരുന്നോ”
"അപ്പോ സർക്കുലറ്!“
 “സര്‍ക്കുലര്‍ , മണ്ണാങ്കട്ട!. അതൊക്കെ അവരു നോക്കിക്കോളും. അതും പറഞ്ഞ് അപേക്ഷ അയക്കാതിരുന്നു താന്‍ എവിടത്തെ മാനേജറാടോ?”


    വെറും പതിനഞ്ച് ലക്ഷം കൊടുത്താല്‍ ഒരു കോടി അന്‍പത് ലക്ഷം രൂപ കിട്ടുമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ?,.ബാച്ചുകള്‍ അനുവദിച്ച് ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഇനി എന്ത് ചെയ്യും. എങ്കിലും മാനേജര്‍ ആശ നശിക്കാതെ ഹയര്‍ സെക്കന്ററി വകുപ്പുമായി ബന്ധപ്പെട്ടൂ.       


    മറുപടി കിട്ടി. പതിനഞ്ച് ലക്ഷം രൂപയുമായി ഉടനെത്തൂ. അതു പ്രകാരം പതിനഞ്ച് ലക്ഷം രൂപയുമായി അയാള്‍ എത്തിയിരിക്കുകയാണ്. അപ്പോഴാണ് കരിമീന്‍ അയാളെ കാണുന്നത്.  


             കരിമീന്‍ മാനേജറെ ഉപദേശിച്ചു. “ അണ്ണാ ഇത് ചതിയാണ്. ബാച്ചുകള്‍ അനുവദിച്ച് ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഇനി കാശ് കൊടുത്തിട്ട് ഒരു കാര്യവുമില്ല. ഇത് നിങ്ങളുടെ പണം അടിച്ചു മാറ്റാന്‍ ആരോ കളിക്കുന്ന കളിയാണ്”


                എത്ര പറഞ്ഞിട്ടും അയാളുടെ ചെവിയിൽ അതൊന്നും കയറുന്നില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പിറുപിറുത്ത് ഞാൻ പോയി.


    എന്നാല്‍ ഇന്നലെ പത്രം കണ്ട് ഞാന്‍ ഞെട്ടി. ഞാന്‍ കണ്ട മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷിച്ച ബാച്ച് മാറ്റി പുതിയ ബാച്ച് അനുവദിച്ച് ഉത്തരവ് ഇറങ്ങിയിരിക്കുന്നു.


http://www.dhsekerala.gov.in/downloads/circulars/1208110822_BCH.pdf"


            ഒരു അപേക്ഷ പോലും ക്ഷണിക്കാതെ! ഒരു നോട്ടിഫിക്കേഷന്‍ പോലും നടത്താതെ ! വെറും പതിനഞ്ച് അടച്ചപ്പോള്‍ കോഴ്സ് വെട്ടിമാറ്റി എഴുതിക്കൊടുത്തിരുക്കുന്നു!.


                         എന്തൊരു വിദ്യാഭ്യാസം ! എന്തൊരു ശുഷകാന്തി!.
                 

Saturday, August 6, 2011

ടൂര്‍ ഡയറി

സി.പി.എം.പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രമാണിച്ച് 2011 ആഗസ്റ്റ് മാസം മുതല്‍ സഖാവ് വി.എസ്.അച്യൂതാനന്ദന്‍ താഴെപ്പറയുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് എന്ന് അറിയുന്നു.

1, എം.ആര്‍.മുരളിയുടെ അമ്മുമ്മയുടെ മുട്ടൂ വേദന അറിയാന്‍
2,ടി.പി.ചന്ദ്രശേഖരന്റെ വീട്ടിലെ പശു പെറ്റതിന്റെ കാര്യം അന്വേഷിക്കാന്‍
3,കെ.സി.ഉമേഷ് ബാബുവിന്റെ പുതിയ കവിത വായിച്ച് നോക്കാന്‍
4, ബാബു ഭരദ്വാജ് താടി വടിക്കുന്നത് കാണാന്‍

   പിണറായി വിജയനേയോ സി.പി.എമ്മിനേയോ എതിര്‍ക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ തങ്ങളുടെ വിലാ‍സം തന്നാല്‍ അവരുടെ വീട്ടില്‍ സഖാവ് വി.എസ്. അസുഖവിവരം അറിയാന്‍ എത്തുന്നതാണ് എന്നും വാര്‍ത്ത

       മനുഷ്യത്ത്വ പരമായ കാരണങ്ങളാല്‍ കിംസ് ആശുപത്രിയില്‍ പോയി ബാലകൃഷ്ണപിള്ളയെ കാണുന്ന കാര്യം മാത്രം പരിഗണിക്കാനാകില്ല എന്നും ബാലകൃഷ്ണപിള്ള പിണറായി വിജയനെ പത്തു തെറി വിളിച്ചാല്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കാമെന്നും അച്യുതാനന്ദന്‍ പറഞ്ഞതായി കേള്‍ക്കുന്നു.

Tuesday, August 2, 2011

ചാപ്പാ........കുരിശ്

സമ്മേളന കാലം ആരംഭിക്കുകയായി. ആചാരവെടികള്‍ മുഴങ്ങിത്തുടങ്ങി. ചാനലുകളില്‍ കരപ്രമാണിമാര്‍ നിരക്കാറായി. 


                 ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ കരിക്കിന്‍ വെള്ളം കുടിച്ച് അച്യുതാനന്ദച്ചേവകര്‍ കച്ചമുറുക്കി കളത്തിലിറങ്ങി. മാറ്റാന്മാര്‍ ആര്‍ത്തുവിളിച്ചൂ തുടങ്ങി. എതിരാളി കളത്തിലിറങ്ങിയിട്ടില്ല. എങ്കിലും 14 വര്‍ഷത്തെ മുതലാളിത്ത ദത്തുപുത്രന്റെ ഭരണം സി.പി.എമ്മില്‍ അവസാനിക്കാര്‍ പോവുകയാണ് എന്ന് അടച്ചിട്ടമുറിയില്‍ പത്ത് മിനിട്ട് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തിയ ശേഷം കുര്‍ലിന്‍ ബഞ്ചനന്തന്‍ നായര്‍ പ്രസ്താവിച്ചു.


        ഈ ഒരു മഹത്തായ പ്രസ്താവന ബഞ്ചനന്തന്‍ നായര്‍ക്ക് നടത്തുവാന്‍ അച്യുതാനന്ദനുമായി പത്ത് മിനിട്ട് ചര്‍ച്ചയുടെ ആവശ്യമുണ്ടായിരുന്നോ..പാഴൂര്‍ പടിക്കല്‍ പോകാതെ തന്നെ ആര്‍ക്കും പ്രവചിക്കാവുന്ന ഒന്നല്ലേ അത്. സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖപ്രകാരം പിണറായി വിജയന് ഇനി ഒരിക്കല്‍ കൂടി സെക്രട്ടറിയാകാന്‍ സാധിക്കുകയില്ല. തന്റെ ഒരു വിശ്വസ്തനെ നിര്‍ദ്ദേശ്ശിക്കാം എന്നല്ലാതെ സെക്രട്ടറി പദം പിണറായിയുടെ സ്വപ്നത്തില്‍ പോലും അസാധ്യം.


               അപ്പോള്‍ പിണറായി വിജയന്റെ 14 വര്‍ഷ ദത്ത് ഭരണം അവസാനിച്ചാല്‍ സി.പി.എമ്മില്‍ പിന്നെന്ത് സംഭവിക്കും. കോടിയേരി..., ഐസെക്,ബേബി, അതോ അച്യുതാനന്ദന്‍ തന്നെ രംഗത്തിറങ്ങുമോ... എന്തും സംഭവിക്കാം, ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയില്‍ സി.പി.എമ്മില്‍ എന്തു സംഭവിക്കും എന്ന് ഉറപ്പിച്ചു പറയാനാകില്ല.


                      പക്ഷേ ഒന്നുറപ്പ് സി.പി.എം കേരള പാര്‍ട്ടികോണ്‍ഗ്രസ്സില്‍ പിണറായി പക്ഷം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ആ പക്ഷം പരാജയപ്പെട്ടാല്‍ ആ നിമിഷം ഉമ്മന്‍ ചാണ്ടി മന്ത്രിസഭ നിലം പതിക്കും.!.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി ഇടതുമുന്നണി അധികാരത്തിലേറും.!


              കേവലം രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന ഈ ഭരണമുന്നണിയില്‍ മൂന്നംഗങ്ങള്‍ പിണറായി എന്ന വ്യക്തിയോടുള്ള ശത്രുത ഒന്നു കൊണ്ടു മാത്രം യോജിച്ചു നില്‍ക്കുന്നവരാണ്. സി.പി.എമ്മില്‍ എന്ന് പിണറായി ഇല്ലാതാകുന്നുവോ ആ നിമിഷം മുതല്‍ ഇവര്‍ ഇടതുമുന്നണിക്കാരാണ്. 


    അപ്പോള്‍ വിക്രമാദിത്യന്റെ ചുമലിലിരിക്കുന്ന വേതാളം ഒരു സംശയം ചോദിച്ചു                                  
    " അല്ലയോ മഹാരാജൻ!. സി.പി.എമ്മിൽ അച്യുതാനന്ദൻ വിജയിച്ചു കാണണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം. അതേ സമയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുവാന്‍ അവര്‍ ബാധ്യസ്ഥരുമാണ്. ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താതെ അവര്‍ക്ക് അച്യുതാനന്ദനെ ജയിപ്പിക്കാനാകില്ല. പറയൂ രാജന്‍ ! നമ്മുടെ മാധ്യമങ്ങള്‍ ആരെ പിന്തുണക്കും!”.