അങ്ങിനെ ശിവരാമനും സി.പി.എം.വിട്ടു. ദളിതര്‍ക്ക് സി.പി.എമ്മില്‍ “രക്ഷ” ഇല്ല എന്ന് ശിവരാമന് മനസ്സിലായി.
മുസ്ലീങ്ങള്‍ക്ക് സി.പി.എമ്മില്‍ രക്ഷയില്ലാത്തതിനാലാണ് അബ്ദുള്ളക്കുട്ടി സി.പി.എം.വിട്ടത്. മനസ്സറിഞ്ഞ് ഒന്ന് നിസ്കരിക്കുവാന്‍ പോലും പാര്‍ട്ടി അനുവദിക്കുകയില്ലായിരുന്നു.
വിശ്വാസിയായ കൃസ്ത്യാനിക്ക് ഒരിക്കലും പാര്‍ട്ടിയില്‍ നേതാവാകാനാകില്ല എന്ന് വെളിപാടുണ്ടായപ്പോള്‍ മനോജും പാര്‍ട്ടിവിട്ടു.
മുസ്ലീം..........കൃസ്ത്യാനി................ഹിന്ദു
സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിലെ മതേതര ഘോഷയാത്ര പോലെ........
ഈ ചോര്‍ച്ച ഇവിടം കൊണ്ടവസാനിക്കുമോ..................... ഇല്ല എന്ന് എനിക്ക് തോന്നുന്നു................
ആശയപരവും മതപരവുമായ കാരണങ്ങളാലാണ് തങ്ങള്‍ പ്രസ്ഥാനം വിടുന്നത് എന്ന് ആണയിട്ട് പറയുമ്പോഴും അതല്ല കാരണം എന്ന് അവരുടെ പ്രവൃത്തികള്‍ തന്നെ വിളിച്ച് പറയുന്നു.
ഒരിക്കല്‍ ഒരു വിദേശ രാജ്യത്തലവന്‍ പ്രധാനമന്ത്രി നെഹ്രുവിനോട് അത്ഭുതത്തോടെ ചോദിച്ചു
“ നിങ്ങള്‍ നിങ്ങളുടെ രാജ്യത്ത് കമ്മ്യൂണിസ്റ്റുകാരെ പാര്‍ലമെന്റിലേക്ക് അയക്കുന്നുവോ?! ഞാനവിടെ അവരെ ജയിലുകളിലേക്കാണ് അയക്കുന്നത്”
ചിരിച്ചു കൊണ്ട് നെഹ്രു പറഞ്ഞു.” നിങ്ങള്‍ ജയിലിലേക്കയക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ വര്‍ദ്ധിത വീര്യത്തോടെ തിരിച്ചെത്തും.എന്നാല്‍ ഞാന്‍ പാര്‍ലമെന്റിലേക്കയക്കുന്നവരാകട്ടെ ഒരിക്കലും കമ്മ്യൂണിസ്റ്റായി തിരിച്ചെത്തില്ല”.
നെഹ്രുവിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കി ആ നിര തുടങ്ങുന്നു................
അബ്ദുള്ളക്കുട്ടി.............മനോജ്................ശിവരാമന്‍.
അധികാരത്തോടുള്ള അടങ്ങാത്ത ആര്‍ത്തിയാണ് ഇവരെ കൂറുമാറ്റത്തിന് പ്രേരിപ്പിച്ചതെങ്കില്‍ ഇപ്പോഴും വിനീത വിധേയരായി പ്രസ്ഥാനത്തില്‍ തുടരുന്നവരില്‍ എത്ര പേര്‍ ഇവര്‍ക്ക് പിന്‍ ഗാമികളായി ഉണ്ടായിരിക്കും!.
പാര്‍ലമെന്റിലേക്ക് സീറ്റില്ല എന്നുറപ്പായപ്പോള്‍ മുറുമുറുപ്പുമായി രംഗത്ത് വന്നവര്‍ വേറെയുമുണ്ടായിരുന്നു.
വര്‍ക്കല രാധാകൃഷ്ണന്‍ , എസ്.അജയകുമാര്‍, എന്‍.എന്‍.കൃഷ്ണദാസ്.................ഇവരൊക്കെ പാര്‍ട്ടി വിട്ടില്ല. വിശ്വസ്തരും വിനീത വിധേയരുമായി ജീവിക്കുമ്പോഴും ഇവരുടെ ഉള്ള് പുകയുകയാവില്ലേ.........
പ്രോട്ടോക്കോള്‍, ഓച്ച്ഛാനിച്ചു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍,വിമാന റെയില്‍വേ പാസ്സുകള്‍,ഭീമമായ ആനുകൂല്യങ്ങള്‍, സുഖ ശീതളിമകള്‍, കമ്മീഷനുകള്‍, സമ്മാനങ്ങള്‍, ചാനലുകള്‍- സ്വദേശവും വിദേശവും. പിന്നെ ഉണ്ണിത്താന്‍ പഴവും- അതും സ്വദേശവും വിദേശവും.
പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് കേരളത്തില്‍ സി.പി.എമ്മിന് ചാവേര്‍ പോരാട്ടമായിരുന്നു പണ്ട്. തോല്‍ക്കുമെന്ന് ഉറപ്പുള്ള യുദ്ധം. അപൂര്‍വമായി ഒരു സുരേഷ് കുറുപ്പോ ഒരു ആഞലോസ്സോ ഉണ്ടായാലായി. മറ്റുള്ളവരെല്ലാം വെറും ചുവരെഴുത്തുകള്‍ മാത്രം. വെറുതേ തോല്‍ക്കാനുള്ള ബലിയാടുകള്‍.
പിന്നെ സ്ഥിതി മാറി. മതസരം ജയിക്കാനുള്ളതായി. ജയിച്ച് കഴിഞ്ഞാന്‍ പഴയതുപോലെ പ്രതിപക്ഷമല്ല ഭരണം തന്നെ കിട്ടാവുന്ന സ്ഥിതിയായി. നേടുവാന്‍ നിരവധി പാര്‍ലമെന്റരി സമിതികളായി. പഞ്ച നക്ഷത്ര അത്താഴങ്ങളായി, വിദേശയാത്രകളായി. അപ്പോള്‍ മത്സരാര്‍ത്ഥികള്‍ ഏറെയായി. സ്ഥാനം നിലനിര്‍ത്താനും പിടിച്ചടക്കാനും തെറിപ്പിക്കാനും പോരാട്ടങ്ങളായി. കുതികാല്‍ വെട്ടുകളായി. അച്ചടക്ക നടപടികളായി.
അബ്ദുള്ള കുട്ടി, മനോജ്,ശിവരാമന്‍................കൊഴിഞ്ഞു പോക്കിന്റെ ഒരു മലവെള്ളപ്പാച്ചിലാണ് ഇനി വരാന്‍ പോകുന്നത്.........2010 ജൂണില്‍ തുടങ്ങുന്ന് ആ ഒഴുക്ക് സെപ്തമ്പര്‍ വരെ നീളും.
കാരണം തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ്.............
ഇക്കുറി 50ശതമാനം വനിതാ സംവരണമാണ്. അതായത് 20സീറ്റുള്ള ഒരു പഞ്ചായത്തില്‍ 10സീറ്റില്‍ വനിതകള്‍, മൂന്നു സീറ്റ് പട്ടികജാതി സംവരണം. മൂന്നോളം സീറ്റ് കോണ്‍ഗ്രസ്സിന്റെ ഉറച്ച സീറ്റായി കാണുക. ബാക്കി നാലേ നാല് സീറ്റ്, അതില്‍ ജയിച്ചു വേണം പഞ്ചായത്ത് പ്രസിഡന്റാവാന്‍, വൈസ് പ്രസിഡന്റാവാന്‍, സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാനാകുവാന്‍. ആ നാല് സീറ്റ് ലക്ഷ്യമിട്ട് നാല്പത് കാമുകന്മാര്‍!.
ചിലര്‍ വനിതാ സംവരണ സീറ്റില്‍ ഭാര്യയെ നിര്‍ത്തി സംതൃപ്തിപ്പെടും. ഭര്‍ത്താക്കന്മാര്‍ വീട്ടിലിരുന്ന് പഞ്ചായത്ത് ഭരിക്കും. ഭാര്യയെ വിശ്വാസമില്ലാത്തവന്മാരോ..................പാര്‍ട്ടി വിടും. ഇവിടെ കൂറുമാറ്റത്തിന്റെ കലാശക്കൊട്ടു തുടങ്ങും.
മാതൃഭൂമിയില്‍ വാര്‍ത്തവരും “ കോത്താഴം പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായി ഉദ്ദണ്ഠക്കുറുപ്പ് പാര്‍ട്ടിവിട്ടു. സി.പി.എം.നയങ്ങളില്‍ നിന്ന് അകന്നതുകൊണ്ടാണ് താന്‍ പാര്‍ട്ടിവിടുന്നത് എന്ന് അദ്ദേഹം പ്രസ്താവിച്ചു. അധികാരത്തിലിരുന്ന സമയത്ത് തന്നെ അഴിമതി ചെയ്യുവാന്‍ പാര്‍ട്ടി പ്രേരിപ്പിച്ചിരുന്നു എന്നും അതില്‍ മനം നൊന്താണ് താന്‍ രാജിവക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.”
ഉദ്ദണ്ഠക്കുറുപ്പ് ഏഷ്യാനെറ്റില്‍ പ്രത്യക്ഷപ്പെടും , ഒപ്പം തൊട്ട് നക്കാന്‍ സ്ഥിരം അച്ചാറുകളും. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ആസാദ്, നീലകണ്ഠന്‍............................”
ഉദ്ദണ്ഠക്കുറുപ്പുമാരുടെ എണ്ണം ദിനം പ്രതി കൂടും......ആദ്യം ചാനലില്‍ നിന്ന് കുറുപ്പ് ഔട്ടാകും. പിന്നെ പതിയെ പത്രങ്ങളില്‍ നിന്നും. ഒടുവില്‍ ഇന്ന് പാര്‍ട്ടിവിട്ടവര്‍ എന്നോ മറ്റോ പക്തി സി.ഹരികുമാര്‍ എഴുതിയേക്കും.
ഉദ്ദണ്ഠക്കുറുപ്പുമാര്‍ എന്തു കൊണ്ടാണ് പാര്‍ട്ടി വിടുന്നത്.
ഒരു പഞ്ചായത്ത് മെമ്പര്‍ക്ക് മുവായിരത്തോളം രൂപയാണ് ഓണറേറിയം. യാത്രപ്പടി, സിറ്റിംഗ് ഫീ, സ്റ്റാന്‍ഡിംഗ് ഫീ................ഇങ്ങനെ പ്രത്യക്ഷ അലവസുകള്‍ അനേകം.
ഇനി ഗോസ്റ്റ് അലവസുകള്‍............ഗുണഭോക്തൃ സമിതി കൂടല്‍.........മരാമത്ത് പണികള്‍ വീതം വക്കല്‍.......ആനുകൂല്യങ്ങള്‍ സംഘടിപ്പിക്കല്‍.................
പഞ്ചായത്ത് വാഹനത്തില്‍ സര്‍ക്കീട്ട്, മരണ വിവാഹ വീടുകളില്‍ പ്രത്യേക കസേര, കാരണവര്‍ സ്ഥാനം. ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ നിയന്ത്രണാധികാരം. മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പോലും വേദിയില്‍ കസേര.........
ഇങ്ങനെ പരിധിയില്ലാത്ത സുഖങ്ങള്‍ അനുവദിച്ചു വരുമ്പോഴാണ് അരൂപിയായ പാര്‍ട്ടി എത്തുന്നത്. തന്നെ നിയന്ത്രിക്കുന്നത്. അരൂപി ചോദിക്കുന്നു.” ആ റോഡ് എന്തിന് ടാറിട്ടു?. അയാള്‍ക്ക് എന്തിന് വീടുകൊടുത്തു?”
ചോദ്യങ്ങള്‍ ചോദിച്ചു മാത്രം ശീലിച്ചവനോട് ചോദ്യം ചോദിക്കുന്നുവോ.........................
പ്രതിമാസം നല്ലൊരു തുക ലെവിയായി കൊടുക്കുന്നു. അതു പോരാഞ്ഞ് മെമ്പറെ നിയന്ത്രിക്കുന്നോ...........ഇവിടെയാണ് ബഹു മെമ്പര്‍ക്ക് ആശയസംഘട്ടനങ്ങളുണ്ടാകുന്നത്. ഒടുവില്‍ സീറ്റ് നിഷേധിക്കപ്പെടുമ്പോള്‍ കുറുപ്പ് പാര്‍ട്ടി വിടുന്നു.
ഇത്തരം കൊഴിഞ്ഞ് പോക്ക് (ഇത് ചാനലുകള്‍ തന്ന പദമാണ് പഴയ പത്ര പദം കൂറു മാറ്റം എന്നായിരുന്നു.) ഇത് നല്ലൊരു നാളേക്കുള്ള നാന്ദിയല്ലേ................. കടിച്ചു പിടിച്ച്, പുകയുന്ന ആത്മാവുമായി ഇവര്‍ പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ ഇവര്‍ക്കോ പാര്‍ട്ടിക്കോ എന്താണ് പ്രയോജനം.?
അതുകൊണ്ട് അവര്‍ രക്ഷപെടട്ടേ..................
സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ജാഥ നടത്തി സീറ്റ് നേടിയ മൂത്താപ്പയുടെ സ്വന്തം എളേപ്പമാര്‍!