Sunday, July 4, 2010

അച്യുതാനന്ദ വികസന സമിതി

കേരള വികസന സമിതിയുടെ സെമിനാര്‍.എളമരം കരീമിനെ പോലെ വികസനത്തില്‍ താല്പര്യമുള്ളയാളായതിനാല്‍ കരിമീനും പോയി. വിഷയം ജനകീയസൂത്രണം. തിരുവനന്തപുരം എല്‍.എം.എസ്. ഹാളിന്റെ മുന്നില്‍ ഖദറിന്റെ കുപ്പാ‍യവുമിട്ട് മൊബൈലില്‍ അജ്ഞാതനായ അധികാരിക്ക് ഫോണ്‍ ചെയ്ത് കെ.എം.ഷാജഹാന്‍ നില്‍കുന്നതുകണ്ടപ്പോള്‍ സത്യത്തില്‍ കരിമീന് പാലേരിയിലെ സഖാക്കളെ ഓര്‍മ്മ വന്നു. കരിമീന്റെ ശാരീരിക അവശതകള്‍ പരിഗണിച്ചും ഷാജഹാന്റെ കൊഴുത്തുരുണ്ട ശരീരത്തെ മാനിച്ചും കരിമീന്‍ മര്യാദരാമനായി ഒഴിഞ്ഞുമാറി.എങ്കിലും ആ തിരുവായില്‍ നിന്നുള്ള വചനങ്ങള്‍ കേള്‍ക്കാനായി അനുവാദമില്ലാതെ അടിയന്‍ അകത്തു കടന്നു. നാലും മൂന്നും ഏഴുപേരും കരിമീനെയും കൂട്ടി എട്ടു പേരെ കേള്‍വിക്കാരുള്ളൂ എങ്കിലെന്ത് ഇരുപതോളം മാധ്യമപ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. ക്യാമറകള്‍ മൈക്രോഫോണ്‍, ലൈറ്റ് എല്ലാം സജ്ജം വരാത്ത സിന്‍ഡിക്കേറ്റുകാരെ അണ്ണനും കൂട്ടരും ഇരന്ന് ക്ഷണിക്കുന്നു, അവരും ഓടിപ്പിടഞ്ഞെത്തി.

ഷാജഹാന്‍ അണ്ണന്റെ മഹത്തായ പ്രസംഗം മാതൃഭൂമി വീരേന്ദ്രകുമാറിന്റെ പ്രസംഗം പോലെ പരിഗണിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്നലെ വീരേന്ദ്രകുമാറും പ്രസംഗിച്ചിരുന്നെങ്കില്‍ ഇതെങ്ങിനെ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു എന്നത് പ്രസ്സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് അസൈന്മെന്റായി നല്കാം.

മാതൃഭൂമി വാര്‍ത്ത വായിക്കുക.
സി.പി.എമ്മിലെ അഴിമതിവത്കരണം ജനകീയാസൂത്രണം വഴി - ഷാജഹാന്‍
മാതൃഭൂമി-Posted on: 04 Jul 2010
തിരുവനന്തപുരം: സി. പി. എമ്മിന്റെ താഴേത്തട്ടിനെ അഴിമതിവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കാണ് 'ജനകീയാസൂത്രണം' വഹിക്കുന്നതെന്ന് കെ. എം. ഷാജഹാന്‍ പറഞ്ഞു. വി.എസ്. അനുകൂല നിലപാടുകളുടെ പേരില്‍ സി.പി.എം. വിട്ട് പുറത്തുവന്നവര്‍ രൂപവത്കരിച്ച കേരള വികസന സമിതി സംഘടിപ്പിച്ച സെമിനാറിലായിരുന്നു വി.എസ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്റെ വിമര്‍ശനം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പണം സുതാര്യമായി ചെലവഴിക്കുന്നതിനായി സൃഷ്ടിച്ച സംവിധാനങ്ങള്‍ ഇന്ന് നാമാവശേഷമായി.2008 ജൂലായ് 31ലെ കണക്കനുസരിച്ച് 1996-97 മുതല്‍ 2007-08 വരെയുള്ള കാലഘട്ടത്തിലെ 1724 അക്കൗണ്ടുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന് നല്‍കിയിട്ടില്ലെന്ന് സി.എ.ജി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ 16000-18000 വരെ തദ്ദേശ ഭരണസ്ഥാപന ജനപ്രതിനിധികളുണ്ട്. ഇതില്‍ 12000-13000 പേരെങ്കിലും സി.പി.എം. പ്രതിനിധികളാണ്. പ്രതിവര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറുന്ന തുകയില്‍ 65-70 ശതമാനം തുക കൈകാര്യം ചെയ്യുന്നത് സി.പി.എം. പ്രതിനിധികളാണ്. ഈ പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് പരിശോധിക്കാന്‍ സംവിധാനമില്ലെന്നും കെ.എം. ഷാജഹാന്‍ പറഞ്ഞു.സ്വാഗതസംഘം ചെയര്‍മാന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.എസ്. മോഹനകുമാര്‍, ആര്‍.നിയതി, എം.ആര്‍. മുരളി, സബൂറാബീവി, ഡോ.കെ. അനില്‍കുമാര്‍, പ്രൊഫ. എന്‍. സുഗതന്‍, ഡോ. എം. ശാര്‍ങ്ഗധരന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്. സുശീലന്‍ സ്വാഗതവും എന്‍. ഷാലു നന്ദിയും പറഞ്ഞു.

തീര്‍ന്നു.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സംസാരിച്ചു. കെ.പി.സി.സി.പ്രസിഡന്റെ രമേശ് ചെന്നിത്തല സംസാരിച്ചു........അക്കാദമിപ്രസിഡന്റെ മുകുന്ദന്‍ സംസാരിച്ചു ...........എന്നൊക്കെ എഴുതുമ്പോലെ പ്രാസംഗികന്റെ വിലാസം നോക്കുക “വി.എസ്.പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാന്‍”.

നാളെ ഇതുപോലെ “ വി.എസ്.പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മുണ്ടലക്കിയിരുന്ന രാഘവന്‍, കഞ്ഞിവച്ചിരുന്ന ഭാര്‍ഗ്ഗവന്‍.............എന്നിവരുടെ പ്രസംഗങ്ങള്‍ നമ്മള്‍ വായിക്കേണ്ടി വരുമോ.........”

ഇനി ഭാഗവതരുടെ ഗാനത്തിലേക്ക് വരിക, ജനകീയസൂത്രണം എന്നത് അഴിമതിക്കായി സി.പി.എമ്മുകാര്‍ കണ്ടു പിടിച്ച ഒരു ഉപായമാണ്. അതിലൂടെ സി.പി.എം. പണം സമ്പാദിക്കുന്നു. തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പണത്തില്‍ 65-70% തുക കൈകാര്യം ചെയ്യുന്നത് സി.പി.എം.ജനപ്രതിനിധികളാണ്. “എന്തൊരു മഹത്തായ കണ്ടു പിടിത്തം”.


ഒരു പഞ്ചായത്തിന്റെ അക്കൌണ്ടില്‍ എത്തുന്ന തുകയില്‍ ഒരു പൈസ പോലും ഒരു പഞ്ചായത്ത് മെമ്പര്‍ പോയിട്ട് ഒരു പ്രസിഡന്റിനു പോലും പിന്‍ വലിക്കാന്‍ കഴിയില്ല എന്ന് ഏത് കൊച്ചു കുട്ടിക്കുമറിയാം. പഞ്ചായത് സെക്രട്ടറിക്ക് മാത്രമാണ് അതിനുള്ള അധികാരം. ഇനി അത്രക്ക് അഴിമതിക്കാരനായ ഒരു സെക്രട്ടറി സി.പി.എം. പ്രതിനിധികള്‍ക്ക് തുക പിന്‍ വലിച്ച് കൊടുത്താലോ.........അങ്ങിനൊരു സംഭവം കേരള ചരിത്രത്തില്‍ ഇതൂവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല.

ജനകീയാസൂത്രണത്തിണ് പഞ്ചായത്തിന് കൈമാറുന്ന തുക ചെലവഴിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിലവിലുണ്ട്. ഇത് പാലിച്ചു മാത്രമേ ഏതൊരു പഞ്ചായത്തിനും തുക പിന്‍ വലിക്കാനാകൂ. 40% കാര്‍ഷിക മേഖലയില്‍, 30% സേവന മേഖലയില്‍, ബാക്കി 30% മാത്രം റോഡിനും കെട്ടിടങ്ങള്‍ക്കും.


എത്ര അഴിമതിക്കാരനായ ഒരു പഞ്ചായത്ത് മെമ്പര്‍ക്കും അഴിമതികാണിക്കാന്‍ ആകെ അവസരം ഈ മുപ്പത് ശതമാനത്തിലാണ്. അതും തനിക്കിഷ്ടപ്പെട്ട റോഡ്, തന്റെ വാര്‍ഡിലെ കലുങ്ക് എന്നിങ്ങനെയുള്ള ചിന്ന അഴിമതികള്‍ മാത്രം. അതും ഒരു പഞ്ചായത്തിലെ ആകെ അംഗങ്ങള്‍ കടിപിടി കൂടി പങ്കിട്ടെടുക്കുന്നതില്‍ ബാക്കി മാത്രം. ഇവിടെയാണ് ഫണ്ടിന്റെ 65-70% സി.പി.എംകാര്‍ കൈക്കലാക്കുന്നു എന്ന ഷാജഹാന്റെ ഗര്‍ദ്ദഭക്കച്ചേരി.
ജനകീയാസൂത്രണം ഇ.എം.എസ്സിന്റെ സങ്കല്പമാണ് എന്നാണ് വി.എസും. ഷാജഹാനും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നത്. ഇവര്‍ രണ്ടുപേരും ഇന്നും ഇ.എം.എസ്സിനെ പരസ്യമായി തള്ളിപ്പറയാത്തവരുമാണ്. ഇന്നത്തെ ഷാജഹാന്റെ ആരോപണത്തിന്റെ കുന്തമുന നീളുന്നത് ഇ.എം.എസ്സിലേക്കാണോ. സി.പി.എമ്മിന് അഴിമതി നടത്താന്‍ ഇ.എം.എസ്സ്. ഉണ്ടാക്കിക്കൊടുത്ത ഒന്നാണ് ജനകീയാസൂത്രണം എന്നാണ് ഷാജഹാന്‍ ചൂണ്ടിക്കാട്ടുന്നത്.


ജനകീയാസൂത്രണ വിവാദങ്ങള്‍ കത്തിനിന്ന കാലഘട്ടത്തില്‍, എം.എന്‍.വിജയനും പ്രൊ.സുധീഷും പാഠം മാസികയുമായി രംഗത്തിറങ്ങിയ കാലഘട്ടത്തിലും ഇത് ഒരു ധന സ്രോതസ്സ് ആണ് എന്ന ആരോപണം ഉന്നയിച്ചിട്ടില്ലായിരുന്നു. റിച്ചാര്‍ഡ് ഫ്രാങ്കി, സ്വീഡിഷ് ഫണ്ട്, പരിഷത്ത്, വിഭവ ഭൂപടം അങ്ങിനെ ഒരു പാട് അലക്കിയ മുണ്ടാണ് ജനകീയാസൂത്രണം.


പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അടുത്ത വേളയില്‍ അച്യുതാനന്ദ വികസന സമിതി ഇങ്ങനെയൊരു ആരോപണവുമായി എന്തിന് രംഗത്തു വന്നു. അതിനുത്തരം സി.ആര്‍. നീലകണ്ഠന്‍ അന്നെഴുതിയ ആ ലേഖനത്തിലുണ്ട്.

“ ധനകാര്യം: എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഹിതപരിശോധനയെക്കുറിച്ചദ്ദേഹം പറയുന്നു. ഒരൊറ്റ ചോദ്യം: ''ഈ മന്ത്രിയേയും മന്ത്രിസഭയെയും പറ്റി ഒരു ഹിതപരിശോധന നടത്തി 30 ശതമാനം പേരെയെങ്കിലും അംഗീകരിപ്പിക്കാമെന്ന വിശ്വാസം മന്ത്രിക്കുണ്ടോ?'' (സി.ആര്‍. നീലകണ്ഠന്‍, മാതൃഭൂമി)

ജനകീയാസൂത്രണ വിവാദം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് ഒരേ ഒരു പക്ഷിയെപ്പിടിക്കാനാണ്. തോമസ് ഐസക്ക്. പിണറായിയും കോടിയേരിയും കരീമുമൊക്കെ കഴിഞ്ഞു. ഇനിയവര്‍ ഐസക്കിനെത്തേടിയെത്തും. അതിനു വഴിമരുന്നാണ് അച്യുതാനന്ദ വികസന സമിതിയുടെ സെമിനാര്‍.
ഷാജഹാന്റെ കച്ചേരി കേട്ട് പുറത്തിറങ്ങിയപ്പോള്‍ പാലേരിക്കാരെ നമിക്കാനാണ് എനിക്ക് തോന്നിയത്. ഒപ്പം സ്വയം നിന്ദയും. ഒന്നുമില്ലെങ്കിലും വായ തുറക്കുന്നതിന് മുന്‍പ് അടിക്കാന്‍ അവര്‍ക്കാ‍യല്ലോ.......................

3 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ഇനി എന്തൊക്കെ കാണാനിരിക്കുന്നു . പിന്നെ ഇവനൊക്കെ മാധ്യമ ശ്രദ്ധ പരമാവധി ഒരു വര്ഷം കൂടി അതുകഴിഞ്ഞാല്‍ ഉമ്മന്‍ രമേശ് അവറുകളുടെ യഥാര്‍ത്ഥ ഇടതുപക്ഷം അധികാരത്തില്‍ വരില്ലെ. അതിന്‌ വഴിഒരുക്കാന്‍ അണ്ണാറാക്കണ്ണന്മാര്‍ക്കും തന്നാലയത് അത്ര തന്നെ

കിരണ്‍ തോമസ് തോമ്പില്‍ said...

കരിമീനെ ഒരു വഴിക്ക് പോകുകയല്ലെ ഇതും കൂടി വായിച്ചോളൂ. ഒരുപാട് കാര്യങ്ങളുടെ പൊരുള്‍ ലഭിക്കും

Suraj said...

“ഒന്നുമില്ലെങ്കിലും വായ തുറക്കുന്നതിന് മുന്‍പ് അടിക്കാന്‍ അവര്‍ക്കാ‍യല്ലോ”


സി.പി.ഐ.എം എന്ന പാർട്ടിക്ക് ഫാഷിസത്തെപ്പറ്റി ഒരു ചുണ്ണാമ്പും അറിയില്ല എന്നതിന്റെ ഒന്നാം ഉദാഹരണമാണു ഷാജഹാൻ, ക്രൈം നന്ദകുമാർ എന്നിങ്ങനെയുള്ള വിഷജന്തുക്കൾ. നീലാണ്ടനെപ്പോലുള്ള കണ്ടടം നെരങ്ങികൾക്കിട്ട് പൊട്ടിക്കാൻ പ്ലാനിട്ട സഗാക്കൾക്ക് തലയ്ക്ക് ഓളമാണെന്നേ പറയേണ്ടൂ.