Tuesday, October 18, 2011

സന്തോഷ് പണ്ഡിറ്റ് ഒരു തമാശയല്ല............


അങ്ങിനെ ദീപാവലി വരവായി. പടക്കങ്ങളോടൊപ്പം നമുക്ക് ആഘോഷിക്കാന്‍ കാത്തിരുന്ന ആ ചിത്രം എത്തുകയായി. “കൃഷ്ണനും രാധയും”. ഗാനങ്ങള്‍ ഏറിയപങ്കും നാം കണ്ടു കഴിഞ്ഞു..ഏഴോളം ഗാനങ്ങള്‍ അരമണിക്കൂര്‍ ഏറ്റെടുക്കും. ചില സംഘട്ടന രംഗങ്ങള്‍, വികാര തീവ്രരംഗങ്ങള്‍ എന്നിവയും നാം യൂ-ട്യൂബിലൂടെ കണ്ടു.. ഇനി തിയേറ്ററില്‍ പോയി കാണാന്‍ എന്തുണ്ട് ബാക്കി എന്നറിയില്ല. എന്നാലും ആദ്യ ദിനത്തില്‍ പ്രേക്ഷകരുണ്ടാകും. തിയേറ്ററില്‍ ആര്‍പ്പുവിളികളും കയ്യടികളുമായിരിക്കും. അല്ലാതെന്തിനാണ് ഈ ചിത്രത്തിന് പ്രേക്ഷകര്‍ വരിക.
             സന്തോഷ് പണ്ഡിറ്റ് അദ്ദേഹം ഒരു മികച്ച നടനാണ് എന്നും സംവിധായകനാണ് എന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഇല്ലാത്ത കഴിവുകള്‍ തങ്ങള്‍ക്ക് ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടരുണ്ട്. കോളെജ് യുവജനോത്സവത്തില്‍ അവര്‍ വെള്ളിടി പാടുമ്പോള്‍ നമ്മള്‍ ആര്‍ത്തു വിളിച്ചിട്ടുണ്ട്. എല്ലാ മത്സരങ്ങള്‍ക്കും പേര് കൊടുക്കുന്ന ഇവരെ അധ്യാപകര്‍ പോലും തമാശക്കായി പ്രോത്സാഹിപ്പിക്കാറുണ്ട്. വിരസമായ മത്സരങ്ങള്‍ക്ക് ഒരു ഉന്മേഷം കൈവരുത്തുവാന്‍ ഇവര്‍ക്ക് കഴിയും.
           മലയാളിക്ക് ക്യാമറ ഒരു ദൌര്‍ബല്യമാണ്. രാഷ്ട്രീയ വേദികളില്‍ മാത്രമല്ല, അപകടം ദൃശ്യവല്‍ക്കരിക്കുന്നിടത്തുപോലും മലയാളി എത്തിനോക്കിച്ചിരിക്കുന്നുണ്ട്. തന്റെ ദൃശ്യം സുഹൃത്തുക്കളെ, ബന്ധുക്കളെ മൊബൈലില്‍ വിളിച്ചറിയിക്കുന്ന ലൈവ് സീനുകള്‍ നാം സ്ഥിരം കാണുന്നു.
 സന്തോഷ് പണ്ഡിറ്റ് എന്ന യുവാവും വ്യത്യസ്തനല്ല. ക്യാമറ, സിനിമ എന്നിവയോട് ഏതൊരു സാധാരണ ചെറുപ്പക്കാരനെപ്പോലെ അയാള്‍ക്കും ആസക്തിയുണ്ട്. തന്റെ മോഹം സാധിക്കാന്‍ അയാള്‍ക്ക് രണ്ട് വഴികളൂണ്ട്. ഒന്ന് ചാന്‍സ് ചോദിച്ച് സംവിധായകരുടെ, നിര്‍മ്മാതാക്കളുടെ പിന്നാലെ പോകുക. അല്ലെങ്കില്‍ സ്വയം സിനിമ നിര്‍മ്മിക്കുക.
    ഇവിടെ സന്തോഷ് തെരെഞ്ഞെടുത്തത് രണ്ടാമത്തെ മാര്‍ഗ്ഗമാണ്. അയാള്‍ സ്വയം സിനിമ നിര്‍മ്മിക്കുന്നു. സംവിധാനം ചെയ്യുന്നു, അഭിനയിക്കുന്നു, പാടുന്നു.
                   താന്‍ ചെയ്യുന്നത് സംവിധാനമാണ് എന്ന് അയാള്‍ക്ക് വിശ്വസിക്കാം, അത് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യം അയാള്‍ക്കില്ല. താന്‍ എഴുതുന്നതാണ് തിരക്കഥ എന്നും താന്‍ ചെയ്യുന്നതാണ് അഭിനയം എന്നും അയാള്‍ക്ക് വിശ്വസിക്കാം. നമ്മുടെ ആരുടേയും സര്‍ട്ടിഫിക്കറ്റ് അയാള്‍ക്ക് അതിന് ആവശ്യമില്ല.
             പക്ഷേ നിര്‍മ്മാണം , അത് വ്യത്യസ്തമാണ്. അത് പണത്തിന്റെ കാര്യമാണ്. തന്റെ കയ്യിലിരിക്കുന്നതാണ് ഇന്ത്യന്‍ രൂപ എന്ന് സന്തോഷ് വിശ്വസിച്ചാല്‍ പോര, സമൂഹം അത് അംഗീകരിക്കണം. അത് അവരിലൂടെ വിനിമയം ചെയ്യപ്പെടണം. മറ്റെന്തും പോലെ സ്വന്തം ബുദ്ധി ഉപയോഗിച്ചോ, ഭാവനയില്‍ നിന്നോ ഉണ്ടാക്കാവുന്ന ഒന്നല്ല പണം. അത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യം അയാളുടെ കയ്യില്‍ വസ്തുതയായി തന്നെ അവശേഷിക്കുന്നു. എങ്ങിനെ?.

        അഭിമുഖങ്ങളിലൊന്നും തന്റെ പണത്തിന്റെ ഉറവിടം സന്തോഷ് സൂചിപ്പിക്കുന്നില്ല. എത്ര മോശപ്പെട്ട സിനിമയോ, ഒരു ടെലിഫിലിം പോലുമാകട്ടെ, എടുത്തു കുത്തുപാളയെടുത്ത ജീവിതങ്ങള്‍ നമുക്ക് ചുറ്റും നിവര്‍ന്ന് നില്‍കുമ്പോളാണ് എടുത്ത സിനിമയെക്കുറിച്ചോ അതിന്റെ വിതരണത്തെക്കുറിച്ചോ ഒരു ആശങ്കയുമില്ലാതെ സന്തോഷ് അടുത്ത ചിത്രത്തിലേക്ക് കടക്കുന്നത്.
       അയാളുടെ വാക്കുകളില്‍ നിന്ന് തന്നെ വെറും സാധാരണ കുടുംബത്തിലെ അംഗമാണ് സന്തോഷ് എന്ന് മനസ്സിലാക്കാം. അതായത് താന്‍ ജോലിചെയ്ത് ഭക്ഷണം സ്വയം കണ്ടെത്തേണ്ട അവസ്ഥയിലുള്ള ഒരു സാധാരണ ചെറുപ്പക്കാരന്‍. അയാളെങ്ങിനെ ഇത്ര ലാഘവത്തില്‍ പണം പാഴാക്കുന്നു?.
         തന്നെത്തേടി ഹിന്ദിയില്‍ നിന്ന്, തെലുങ്കില്‍ നിന്ന് , തമിഴില്‍ നിന്ന് ഒക്കെ നിര്‍മാതാക്കള്‍ വന്നുകൊണ്ടിരിക്കുന്നു എന്ന ഇയാളുടെ അവകാശം പൊളിയാണ് എന്ന് തള്ളിക്കളയാ‍മോ...
കൃഷ്ണനും രാധയും കണ്ടിടത്തോളം, അതിലെ നടീനടന്മാരുടെ ശരീര ഭാഷ കണ്ടിടത്തോളം , അത് സിനിമക്കുവേണ്ടി പിടിച്ച ഒന്നല്ല എന്ന് എനിക്ക് തോന്നുന്നു. അഭിനയിക്കാനുള്ള ആര്‍ത്തിപിടിച്ച മുഖങ്ങളല്ല അവ. കബളിപ്പിക്കപ്പെട്ട ജീവിതങ്ങളുമല്ല.
    ആരുടേയോ വ്യക്തമായ തിരക്കഥയിലെ ഒരു കഥാപാത്രമല്ലേ സന്തോഷ്. അല്പബുദ്ധിയായ ഒരു ചെറുപ്പക്കാരന്റെ കോമാളിത്തത്തിലേക്ക് നമ്മുടെയെല്ലാം ശ്രദ്ധ മന:പൂര്‍വം തിരിച്ചു വച്ചതല്ലേ..അവിടെ വേറെ കഥാപാത്രങ്ങള്‍ കഥയറിഞ്ഞ് കളിക്കുന്നില്ലേ....കൂടുതല്‍ നടിമാരുമായി “കാളിദാസന്‍ കഥയെഴുതുന്നു” വരുന്നു. “ജിത്തു ഭായി“ ഹിന്ദി നടിമാരുമായി വരുന്നു.
          നമുക്ക് ആര്‍ത്തുചിരിക്കാന്‍ അവര്‍ സന്തോഷിന്റെ പ്രകടനങ്ങള്‍ ഇനിയും യു-ട്യൂബില്‍ ഇട്ടു തരും. നാം അത് കണ്ട് രസിക്കും. ........അവരും രസിക്കും.

6 comments:

പ്രസിഡണ്ട്, പണ്ഡിറ്റ് ഫാൻസ് അസോസിയേഷൻ said...

ഞങ്ങടെ സൂപ്പർ സ്റ്റാറിന്റെ പടമൊന്നിറങ്ങിക്കോട്ടെ... തിയേറ്ററുകളിൽ കൂട്ടക്കരച്ചിലായിരിക്കും. അന്നേരം സന്തോഷ് പണ്ഡിറ്റ് ഒരു തമാശയല്ല എന്ന് എല്ലാരും അറിയും.

വിധു ചോപ്ര said...

ഏതോ സിനിമയിൽ ആരോ പരഞ്ഞൊരു ഡയലോഗുണ്ട്.
ഏതോ പെണ്ണ് ആരുടേയോ കൂടെ ഒളിച്ചോടിയപ്പോൾ പറഞ്ഞ ഡയലോഗ്:
ആ കൊച്ചിനൊരു ജീവിതം ഉണ്ടാകട്ടെ. നമ്മുടെ പെങ്ങളൊന്നും അല്ലല്ലോ.....ന്ന്
ഇതു പോലെടുത്താൽ പോരേ സന്തോഷിന്റെ കാര്യവും?

പ്രേം I prem said...

“കൃഷ്ണനും രാധയും”

jaison mathew said...

എന്തായാലും ഇയാളുടെ ആത്മവിശ്വാസം അപാരം

ശ്രീ said...

പ്രസക്തമായ ചിന്തകള്‍!

സന്തോഷ് പണ്ഡിറ്റ് ഫാന്‍സ് അസ്സോസീയേഷന്‍ said...

സന്തോഷ് പണ്ഡിറ്റ് ഫാന്‍സ് അസോസീയേഷന്‍
ഇന്റര്‍നെറ്റ് സംഘങ്ങള്‍ കമന്റ് ചെയ്തും തെറിവിളിച്ചും പ്രശസ്തരാക്കിയ രണ്ട് വ്യക്തികള്‍ ആണ് ഹരിശങ്കറും (സില്‍സില) സന്തോഷ് പണ്ഡിറ്റ് സാറും പക്ഷെ അതൊക്കെ അസൂയ കൊണ്ടാണെന്നേ ഈ ഞങ്ങള്‍ പറയൂ. കമന്റ് ചെയ്തവരൊക്കെ എനിക്ക് ഇതൊന്നും ചെയ്യാന്‍ പറ്റില്ല പിന്നെ ആകെ ചെയ്യാന്‍ അറിയുന്നത് ദേ ഇതാണ് എന്ന മട്ടിലാണ് കുത്തി ഇരുന്ന് ആലോചിച്ച് നിലവാരമില്ലാത്ത തെറി കമന്റുകള്‍ എഴുതിയത്. എന്നുവെച്ചാല്‍ നല്ല ഒരു തെറി പറയാന്‍ പോലും സാങ്കേതികമായ് ബുദ്ധി ഉറച്ചിട്ടില്ലാത്തവര്‍ എന്ന് അര്‍ത്ഥം. അവരെ ഒക്കെ വീണ്ടും ഞെട്ടിച്ചുകൊണ്ടും ഉറക്കം കെടുത്തിയും ഇതാ സന്തോഷ് പണ്ഡിറ്റ് വീണ്ടും വരുന്നു. ഗാനരചന, സംഗീതം, ആലാപനം, നൃത്തം, സംഘട്ടനം, എഡിറ്റിംഗ്‌, ഗ്രാഫിക്‌സ്, ടൈറ്റില്‍ ഗ്രാഫിക്‌സ്, പ്രൊഡക്ഷന്‍, ഡിസൈനിംഗ്‌, പ്രൊഡക്ഷന്‍ കണ്ട്രോിളിംഗ്‌, വസ്‌ത്രാലങ്കാരം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്മാകണം, വിതരണം, അഭിനയം എന്നു വേണ്ടാ എല്ലാം ഈ ബഹു മുഖപ്രതിഭ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് സത്യത്തില്‍ ഇദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറ് അഴിക്കാന്‍ പോയിട്ട് പൊടി തട്ടാനുള്ള യോഗ്യത പോലും നമ്മളില്‍ പലര്‍ക്കും പ്രത്യേകിച്ച് കമന്റിയവര്‍ക്കും ഇല്ല. ഇനി ഇദ്ദേഹം ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡിലും, ഗിന്നസ് ബുക്കിലും ഒക്കെ കയറാനുള്ള ശ്രമം ആണ്. എന്തായാലും ഞങ്ങള്‍ ഒരു സന്തോഷ് ഫാന്‍സ് അസോസിയേഷന്‍ രൂപികരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇത്രയും കഴിവുള്ള ഒരാളെ സത്യമായിട്ടും ബഹുമാനിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല

ഒരു സാധാരണക്കരനെന്നല്ല ഒരുമാതിരിപെട്ട ഒരാള്‍ക്കും അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാ‍ര്യങ്ങള്‍ അല്ല സന്തോഷ് സാര്‍ ചെയ്തിരിക്കുന്നത്. എങ്ങനെയോ ആവട്ടെ അത് ചെയ്യാനുള്ള ആര്‍ജ്ജവവും, കഴിവും, തന്റേടവും അതാണ് സന്തോഷ് സാറിനെ മറ്റ് ചെറുപ്പക്കാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. നമുക്ക് ചെയ്യണം എന്ന് ആഗ്രഹിക്കുന്നതും നമുക്ക് ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ മറ്റൊരാള്‍ അത് ചെയ്യുന്നതും നമുക്ക് സഹിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലല്ലോ? അതാണ് ഈ തെറി കമന്റു എഴുതുന്നവരുടെ ഒരു മനശാസ്ത്രം. അല്ലെങ്കിലും പ്രതിഭാധനരെന്ന് സ്വയം പറയുകയും അങ്ങനെ നമ്മളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നവരുടെ ചില സിനിമകളും ഇങ്ങനെ ഒക്കെ തന്നെയല്ലേ? ഏതായാലും സന്തോഷ് സാര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഇറങ്ങും മുമ്പേ കാശ് മുതലായ ഒരു പടമാണ് “ക്രിഷ്ണനും രാധയും“ അത് ഒരുവലിയ കാര്യം തന്നെ ആണ്.

സന്തോഷ് സാറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 80% വരുന്ന സുന്ദരന്മാരല്ലാത്ത കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും പ്രതിനിധിയാണ് അദ്ദേഹം. 20% പേരേ സത്യത്തില്‍ സുന്ദരന്മാരായ് കേരളത്തിലുള്ളു. ഈ പറഞ്ഞതിനേ ഞാനും അനുകൂലിക്കുന്നു. ഈ പ്രേമം, കുടുംബം, സന്തോഷം, സംഘട്ടനം ഇതൊക്കെ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും വീടുകളില്‍ മാത്രമല്ലല്ലോ സംഭവിക്കുന്നത് ഈ 20% വരുന്ന സുന്ദരന്മാരേ പ്രതിനിധീകരിക്കുന്ന ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ ബാക്കി ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ പിടിച്ചെടുക്കുകയാണ്. സന്തോഷ് വരുന്നതോടെ ആ സ്ഥിതി മാറാന്‍ സദ്ധ്യതയുണ്ട്. കേരളത്തിലെ ജനങ്ങള്‍ ആണ്. ചിലപ്പോള്‍ അങ്ങനെ സംഭവിച്ച് കൂടായ്കയില്ല.

പത്തും ഇരുപതു വരുന്ന സായുധരായ അക്രമികളെ ( പാവങ്ങളെ) ഒറ്റയ്ക്ക് ഇടിച്ച് കിലോമീറ്ററുകളോളം ദൂരെ തെറിപ്പിച്ച് വീഴിക്കുന്ന നായകനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചവരാണ് നമ്മള്‍. ഒരു പ്രേക്ഷകന്‍ പോലും “ ഹൊ ഇതൊക്കെ സാധിക്കുന്ന കാര്യം ആണൊ” എന്ന് ചോദിച്ചിട്ടില്ല. അങ്ങനെയുള്ള നമ്മുക്ക് സന്തോഷ് പണ്ഡിറ്റിനേയും സ്വീകരിച്ചേ പറ്റൂ. പിന്നെ നല്ല സിനിമകളേ കാണൂ എന്ന് പറയുന്ന ബുദ്ധിജീവികള്‍ നിറഞ്ഞ നാടല്ലല്ലോ കേരളം. അങ്ങനെയാണെങ്കില്‍ “ ആദാമിന്റെ മകന്‍ അബു” ഒക്കെ തിയേറ്ററില്‍ ആളില്ലാതെ പോവില്ലായിരുന്നല്ലോ. മലയാളസിനിമയുടെ നിലവാര തകര്‍ച്ചയില്‍ ചിലപ്പോള്‍ സന്തോഷ് സാറിന്റെ ഈ ചിത്രം ഒരു ആശ്വാസമായ് നമുക്ക് അനുഭവപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ ഇതിലും നല്ല ഒന്ന് ഇനി സന്തോഷ് സാര്‍ സമ്മാനിക്കാതിരിക്കില്ല എന്ന് പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാം. അല്ലാതെ രാത്രി ഉറക്കളച്ചിരിന്ന് തെറി എഴുതി ക്ഷീണിക്കണ്ട എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ആ തെറികള്‍ക്ക് വീഴിക്കാവുന്നതിനും അപ്പുറം ഉയരത്തില്‍ സന്തോഷ്സാര്‍ പറന്നു എന്നത് ചിലരെ ദുഖിപ്പിക്കുന്ന ഒരു സത്യം തന്നെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റ് നോക്കൂ http://panditfans.blogspot.com/