Wednesday, April 18, 2012

ധര്‍മ്മ ക്ഷേത്രേ................കുരുക്ഷേത്രേ...................................

“നേശേ ബലേതി ധര്‍മ്മം ചര..........” വ്യാസനൊരുക്കിയ സമസ്യയായിരുന്നു അത്. ധര്‍മ്മ പുത്രര്‍ക്ക് വേണ്ടിയോ അതോ നമുക്ക് വേണ്ടിയോ....ഒരു പാട് അലഞ്ഞിട്ടുണ്ട് കുട്ടിക്കൃഷ്ണമാരാര്‍ ഈ സമസ്യയിലൂടെ.ധര്‍മ്മത്തിന് ആളല്ല എന്നു വന്നാല്‍ അധര്‍മ്മം ചെയ്യാമോ.........ചെയ്യാമെന്ന് വിജയന്‍ പഠിപ്പിച്ചു. അശ്വത്ഥാമാ.....കുഞ്ജരയും ഊരുഭംഗവും ഒക്കെ ന്യായീകരിക്കപ്പെട്ടു. ധര്‍മ്മാധര്‍മ്മയുദ്ധമായിരുന്നു മഹാഭാരതം.......ആരുടേതായിരുന്നു ധര്‍മ്മം എന്നതു മാത്രം അവശേഷിക്കുന്നു.


   കുരുക്ഷേത്രമല്ല നെയ്യാറ്റിങ്കര ....ശെല്‍ വരാജ് ഒരു കര്‍ണ്ണനുമല്ല. അയാള്‍ക്ക് ഒരു ഒറ്റുകാരന്റെ മുഖമുണ്ടായിരുന്നു. അത് യുയുത്സുവിന്റേതോ വിഭീഷണന്റേതോ യൂദാസിന്റേതോ ആകാം.അതു കൊണ്ടുതന്നെ ഒരു ധര്‍മ്മയുദ്ധത്തിന്റെ കേളികൊട്ട് ഉയരേണ്ടതായിരുന്നു. കള്ളച്ചൂത് കളിച്ച് വിജയിപ്പിച്ച ശകുനിമാര്‍ ഒരു വശത്ത് ഭാഗം ചോദിച്ചു പിണങ്ങുന്നു. മന്ത്രിക്ക് ജാതി അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം കിട്ടുന്നു. മാടമ്പി നായര്‍ ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ ഞാന്‍ അവിടെ ഇരുത്തിയ ഒരുത്തന്‍ എന്ന് വിളിക്കുന്നു. പി.സി.ജോര്‍ജ്ജും ആര്യാടനും രണഭൂമിയിലെ കോമരങ്ങളാകുന്നു.


 അവിടെ എതിര്‍പക്ഷത്ത് നിലയുറപ്പിക്കാമായിരുന്നു സി.പി.എമ്മിന്. ജാതിയും മതവും വാളൂരി നൃത്തം ചവുട്ടുമ്പോള്‍ മാനവികത കൊതിച്ച് ജനം ദാഹിച്ചിരിക്കുകയായിരുന്നു. അവരുടെ മോഹങ്ങള്‍ ചവുട്ടി മെതിച്ചു കൊണ്ട് അതേ നാണംകെട്ട കളിയുമായി സി.പി.എം.എത്തിയിരിക്കുന്നു. ഒരു “നാടാരെ” സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നു. 
പാറശ്ശാലയില്‍ 40 ശതമാനത്തിലധികം നാടാര്‍മാരാണ്. തൊട്ടുപിന്നില്‍ നായന്മാര്‍. നായന്മാര്‍ക്കുള്ള പങ്ക് പെരുന്നയില്‍കൊണ്ട് കാണിക്കവച്ചു ഒരു മാര്‍ക്സിസ്റ്റ് നായര്‍. ഇനി നാടാര്‍ക്കുള്ളതാണ്. പാളയം എല്‍.എം.എസില്‍ നിന്ന് ഒരു നാടാരെ  ചൂണ്ടിക്കാട്ടിയിരിക്കുന്നു. അവന്‍ ഇനി നിങ്ങളുടെ ചിഹ്നം ചുമക്കും. അപ്പോള്‍ നായരും നാടാരും ആയി. വിജയം സുനിശ്ചിതം. ഹേ വിജയാ..............മറ്റൊരു മതവിഭാഗം പാറശ്ശാലയില്‍ താങ്കള്‍ എന്തേ കണ്ടില്ല...... കമ്മ്യൂണിസം ഒരു മതമാണെന്ന് പാടിയിട്ടില്ലേ വിരുദ്ധര്‍. അവിടെ കമ്മ്യൂണിസ്റ്റുകാരില്ലേ.........അവര്‍ ആര്‍ക്ക് വോട്ടു ചെയ്യും?. ആ പഴയ കേരളാ കോണ്‍ഗ്രസ്സുകാരനോ...അതിലും നല്ലതല്ലേ നമ്മുടെ സ്വന്തം സഖാവായിരുന്നു നമ്മുടെ ആ പഴയ “പിച്ചാത്തി ശെല്‍ വന്” വോട്ടു ചെയ്യുന്നത്.


      ജാതി മതശക്തികളുടെ പിന്തുണ ഇല്ലാതെ ജയിക്കാമെങ്കില്‍ ജയിച്ചാല്‍ മതി എന്നു പറഞ്ഞ ആ വിക്കന്‍ നമ്പൂതിരിയെ ഭത്സിക്കാന്‍ അടിയുറച്ച പഴയ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്ക് മടിയുണ്ടായിരുന്നില്ല. ഒപ്പമുള്ള ലീഗിനെപ്പോലും ഇറക്കിവിട്ടപ്പോള്‍ ഒപ്പം നില്‍ക്കാന്‍ മറ്റൊരു വിഭാഗം പാര്‍ട്ടിക്കുണ്ടായിരുന്നു, ജനങ്ങള്‍. അതൊരു വോട്ട് ബാങ്ക് അല്ല.....അതൊരു വികാരമായിരുന്നു..


 എറണാകുളത്ത് ഇതേ കളി കളിച്ചതാണ് കോണ്‍ഗ്രസ്സ്. എഡ്വോര്‍ഡ് എടേഴത്തിലൂടെ. കോണ്‍ഗ്രസ്സുകാര്‍ കേട്ടിട്ടില്ലാത്ത കോണ്‍ഗ്രസ്സുകാരന്‍. ബാലറ്റ് പേപ്പറില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് തോന്നി സെബാസ്ത്യന്‍ പോളാണ് നല്ല കോണ്‍ഗ്രസ്സുകാരന്‍ എന്ന്. നാളെ പാറശ്ശാലയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് തോന്നുമോ......
   
      നേരിട്ട് വെട്ടിമരിച്ചാല്‍ വീട്ടേക്ക് മാനം എന്ന് യാത്രയാക്കിയ അമ്മമാര്‍....ഇന്ന് പിന്‍ വെട്ടിന് തുനിഞ്ഞിറങ്ങിയിരിക്കുന്നു , പാര്‍ട്ടി. മരിച്ചാല്‍ പച്ചോലയില്‍ കെട്ടി വലിച്ചിഴക്കുമോ....ജയിച്ചാല്‍ ആചാരവിളക്കുകൊളുത്തി ആനയിക്കുമോ..............
  ചുവടുകള്‍ എവിടയോ പിഴക്കുന്നു. അക്ഷൌഹിണികളുടെ നടുവില്‍ കുരുവംശജര്‍ക്ക് നീ പകരുന്ന ഗീത , പൊളിയാകുമോ വിജയാ...........ഛേദി രാജ്യത്തെ ശിശുപാലനെപ്പോലേ ജല്പനങ്ങളുമായി ഒരു അച്യുതാനന്ദനും സ്വന്തം നേട്ടത്തിനായി മാത്രം എവിടയോ അലഞ്ഞു തിരിയുന്നു.. 


 ഇനി നമുക്ക് സഞ്ജയനിലേക്ക് പോകാം................” കഥേ മമ കഥേ മമ കഥകള്‍ അതിസാദരം”. അവ വന്ന് കൊണ്ടേയിരിക്കും.

6 comments:

absolute_void(); said...

ഒന്നാമതു്, ഇതു സൂസപാക്യത്തിന്റെ സ്ഥാനാര്‍ത്ഥിയല്ല. സൂസപാക്യം ലത്തീന്‍ കത്തോലിക്കരുടെ മെത്രാനാണു് (ഏറിയ കൂറും മുക്കുവര്‍). ഈ കക്ഷി പ്രൊട്ടസ്റ്റന്റ് ആണു്. ക്രിസ്ത്യന്‍ മിഷനറി സൊസൈറ്റി (സിഎംഎസ്) സ്ഥാപിക്കുന്നതിനു മുമ്പു് ലൂഥറന്‍ മിഷനറി സൊസൈറ്റി (എല്‍എംഎസ്) ഉണ്ടായിരുന്നപ്പോള്‍ ക്രിസ്ത്യാനിയായ വിഭാഗത്തില്‍ പെട്ടയാള്‍. സഭ സിഎസ്ഐ. സൂസപാക്യത്തിനു തൊട്ടുകൂടാ...

രണ്ടാമതു്, ജന്മംകൊണ്ടെങ്കിലും മനുഷ്യന്‍ ഏതെങ്കിലും മതത്തില്‍ പെട്ടുപോകുന്നതു് ഒരു സാമൂഹ്യസാഹചര്യമാണു്. ജനപക്ഷത്തുനില്‍ക്കുന്ന ഒരാള്‍ നാടാര്‍ ക്രിസ്ത്യാനിയും മുമ്പു് ജേക്കബ് ഗ്രൂപ്പുകാരനും ആയിപ്പോയി എന്നതു് ഒരു കുറവായി കാണേണ്ടതില്ല. നാടാര്‍ നായര്‍ പോരാട്ടമായിരുന്നെങ്കില്‍ വല്ലാതെ ജാതിവെറി പടര്‍ന്നേനെ. ഇതിപ്പോള്‍ രണ്ടും നാടാരായതിനാല്‍ അത്രയ്ക്കുമേശില്ല.

മൂന്നാമതു്, ഏരിയ സെക്രട്ടറിയായും ജില്ലാകമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ച ഒരുത്തന്‍ വലിപ്പിച്ചേച്ചു പോയിരിക്കുന്നു. അതിനു മുന്നേ വലിയ കൊടികുത്തിയ ഒരുത്തന്‍ (വിനോദ് സെന്‍) പറ്റാവുന്നതെല്ലാം പറ്റിയിട്ടു് വലിപ്പിച്ചുപോയി. ഇവരെപ്പോലെയുള്ളവരാകുമല്ലോ, പ്രാദേശിക പാര്‍ട്ടി നേതൃത്വത്തില്‍. അതിനേക്കാള്‍ വിശ്വാസ്യത, ഇടതുപക്ഷ സ്വതന്ത്രനായി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന, സെല്‍വന്റെയൊപ്പം മറുകണ്ടം ചാടാന്‍ പോകാതിരുന്ന ലോറന്‍സില്‍ പാര്‍ട്ടി കണ്ടുകാണും. അതിലെന്താണപ്പീ, ഇത്ര കലിപ്പ്?

karimeen/കരിമീന്‍ said...

സോറി....സൂസപാക്യം എന്നെഴുതിയതിന്. മറ്റൊന്നിനും സോറിയില്ല.

ajith said...

വായിച്ചു, നോ കമന്റ്സ്

karimeen/കരിമീന്‍ said...

സുകുമാരന്‍ നായരെ കാണാന്‍ എന്തിന് പാര്‍ട്ടി വിജയകുമാറിനെ അയച്ചു.....എളമരം കരിം പോയാലെന്താ കുഴപ്പം. പള്ളിക്കാരെ കാണാന്‍ ബേബിയും ഐസക്കും പോകുന്നതെന്തിന് ശ്രീമതിയും ബാലനും പോയാലെന്താ..........അപ്പൊ സഖാക്കള്‍ക്കിടയിലും അതുണ്ട്.സമുദായം. കണ്ണൂര്‍ സഖാക്കളെ എന്തിനൊക്കെ കുറ്റപ്പെടുത്തിയാലും ഒരു കാര്യത്തില്‍ അവര്‍ പരിശുദ്ധരാണ് അവര്‍ക്ക് ജാതിയില്ല. ഒരു സമുദായവും അവരെ തങ്ങളുടെ സ്വന്തം ആളായി കാണില്ല.

Anonymous said...

((((കണ്ണൂര്‍ സഖാക്കളെ എന്തിനൊക്കെ കുറ്റപ്പെടുത്തിയാലും ഒരു കാര്യത്തില്‍ അവര്‍ പരിശുദ്ധരാണ് അവര്‍ക്ക് ജാതിയില്ല))))

ഈ എഴുതിയതു നൂറു ശതമാനം ശരിയാണെന്ന് കണ്ണൂരില്‍ പഠിക്കയും കുറെ കാലം ജീവിക്കുകയും അവിടുത്തെ നേതാക്കളെ, ആളുകളെ അറിയുകയും ചെയ്തതില്‍ നിന്ന് മനസ്സിലായി.NSSന് കണ്ണൂരിലെ,വടക്കന്‍ മലബാറിലെ നായന്മാര്‍ പോലും അഞ്ചു പൈസയുടെ വില കൊടുക്കുന്നില്ല,ഇന്നും. ഏതാണ്ട് ഇതാണ് തീയന്മാരുടെ ഇടയില്‍ SNDPയുടെയും അവസ്ഥ. കോളേജില്‍ പഠിക്കുമ്പോള് കണ്ണൂര്‍ തീയന്‍ സുഹൃത്ത് തെക്ക് നിന്നും അടുത്ത കാലത്ത് കുടിയേറിയ മറ്റൊരു ഈഴവ സുഹൃത്തിന്റെ വീട്ടില്‍ പോയി വന്നപ്പോ എന്നോടു പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. എടാ, അവന്റെ വീട്ടില്‍ കോലായിലെ ഫോട്ടോ ആരാന്നറിയോ, സിമന്റ് നാണൂം കുമാരനാശാനും. ഇവരുടെ പടങ്ങള്‍ വീട്ടില്‍ തൂക്കിയിട്ടത് ആ കണ്ണൂരുകാരന്‍ ഈഴവനു പുതുമയായിരുന്നു. പിന്നെ തെക്കോട്ട്‌ പലപ്പോഴും പഠന,ജോലി ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്തപ്പോഴും അവിടുത്തെ സുഹൃത്തുകളുമായി പരിചയപ്പെട്ടപ്പോഴുമാണ് നാരായണ ഗുരുവും,കുമാരനാശാനും മിക്കവാറും എല്ലാ ഈഴവ ഗൃഹങ്ങളിലും സാന്നിധ്യമെന്നു അറിഞ്ഞത്. ഇത് തന്നെയാണ് കണ്ണൂര്‍ നായന്മാര്ടെയും അവസ്ഥ. മന്നത്തിന് അവിടെ നായന്മാരുടെ ഇടയില്‍ കാല്കാശിനു വിലയോ ബഹുമാനമോ ഉള്ളതായി കണ്ടിട്ടില്ല. എന്നാല്‍ തെക്ക് നേരെ വിപരീതമാണ്താനും. അതുകൊണ്ടാണ് ഇപ്പോഴും കോടിയേരിയെയും ഈ പി ജയരാജനെയും ശ്രീമതിയെയും "നായരായി" NSS അന്ഗീകരിക്കാത്തത്. തിരിച്ചു പിണറായിയെ ഈഴവനായി SNDPയും അന്ഗീകരിക്കുന്നില്ല. എന്തിനു പറയുന്നു, എ.കെ ജിയെ "പുലയന്‍ നമ്പ്യാര്‍" എന്നാണു ആക്ഷേപമായി 'മുന്തിയ' നായന്മാര്‍ വിളിക്കാറ്. ഇവരൊക്കെ 'പാര്‍ടി' കാര്യം വരുമ്പോള്‍ ഇപ്പോഴും നീ പോടാ എന്ന ലൈനാണ് ഏത് കൊമ്പത്തെ "സമുദായ'പരമാണിയോടും ഇപ്പോഴും. കാരണം അവരുടെ നാട്ടില്‍ അവര്‍ക്ക് ആ "സമുദായ' വോട്ടു ബാന്കില്ല. പയ്യന്നൂര്‍ പിണറായി ഇലക്ഷന് മത്സരിച്ചാല്‍ NSS എന്ത് ഒലക്ക പ്രസ്താവന ഇറക്കിയാലും പയ്യന്നൂര്‍ നായന്മാര്‍ കത്തീം മുട്ടിയില്‍ കുത്തി,കുത്തി ടിയാനെ ജയിപ്പിക്കും. അതുപോലെ കോടിയേരി നായരെ ധര്‍മടം, കതിരൂര്‍, തലശ്ശേരി തീയന്മാര്‍ കത്തീം മുട്ടി ചിഹ്നത്തില്‍ കുത്തി വിജയിപ്പിക്കും, ഏതു നടേശന്‍ ചിലച്ചാലും. ഈ ആത്മവിശ്വാസമാകാം 'സമുദായ' നേതാക്കളെ പോയി പണിനോക്കാന്‍ പറയുന്ന ഒരു ആറ്റിട്യൂഡു മലബാര്‍ മേഖലയിലെങ്കിലും അനുവര്‍ത്തിക്കാന്‍ അവര്‍ക്ക് ബലം നല്‍കുന്നത്.

ജഗദീശ്.എസ്സ് said...

ഇത് ആദ്യമായ സംഭവമല്ലല്ലോ. കഴിഞ്ഞ കുറേ കാലമായി കാണുന്ന പരിപാടിയാണ്.. ജാതി മതശക്തികളുടെ പിന്തുണ ഇല്ലാതെ ജയിക്കാമെങ്കില്‍ ജയിച്ചാല്‍ മതി എന്ന് പറയണമെങ്കില്‍ നട്ടെല്ല് വേണം. എങ്ങനേയും അധികാരത്തില്‍ എത്തുക എന്ന ആദര്‍ശം ആണ് സിപിഎമ്മിന്റെ കമ്യൂണിസം.
സിപിഎം ജാതി മത പ്രീണനം അവസാനിപ്പിക്കുക. തലക്ക് വെളിവുള്ളവരെ പാര്‍ട്ടിയുടെ അധികാരം ഏല്‍പ്പിക്കുക.