Thursday, June 4, 2009

അയാള്‍ക്കു വേണ്ടി വായിക്കുന്നത് ?.

ആര്‍ക്കും ഒരിക്കലും ചിരിക്കാന്‍ കഴിയാത്ത ചില സന്ദര്‍ഭങ്ങളില്‍ എം.മുകുന്ദന്‍ ചിരിക്കാന്‍ കഴിയും. അതുകൊണ്ടാണ് മുകുന്ദനെ ലക്ഷ്യം വച്ച് വന്ന കോടാലികള്‍ ഇരുട്ടില്‍ അയാളുടെ ചിരികണ്ട് വായുവില്‍ ഒരു നിമിഷം തങ്ങി നിന്നത്, ഒരു നിമിഷം മാത്രം.
മുകുന്ദനു ശേഷം അക്കാദമി നേത്രുത്വം അധിനിവേശപ്രതിരോധകാരന്‍ പറഞ്ഞു വച്ചിരുന്നു.
അതുകൊണ്ട് മുകുന്ദന്റെ മരണ ശേഷം പ്രതിരോധക്കാരന്‍ അക്കാദമി ഏറ്റെടുത്തു.
(മുകുന്ദന്റെ വിലാപങ്ങള്‍)
മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. തീരുമാനങ്ങള്‍ എല്ലാം വിശദീകരിച്ചു. എന്നിട്ടും മുഖ്യന്‍ സീറ്റില്‍ നിന്ന് എഴുനേല്‍ക്കുന്നില്ല. തന്റെ വിശ്വസ്തനായ പത്രലേഖകനെ അദ്ദേഹം ഇടം കണ്ണിട്ട് നോക്കുന്നു.
പത്രലേഖകന്‍ എഴുനേല്‍ക്കുന്നു. നേരത്തേ പറഞ്ഞുറപ്പിച്ച ചോദ്യം ചോദിക്കുന്നു.
" അങ്ങ് കാലഹരണപ്പെട്ടയാളാണെന്ന എം മുകുന്ദന്റെ അഭിപ്രായത്തെ പറ്റി എന്തു പറയുന്നു?."
(തനിക്കൊന്നും പറയാനില്ല എന്ന് രണ്ട് ദിവസം മുന്‍പ് അദ്ദേഹം പറഞ്ഞതേയുള്ളൂ).
മുഖ്യമന്ത്രി ത്രുപ്തനാകുന്നു. ചിരിക്കുന്നു. പോക്കറ്റില്‍ കയ്യിടുന്നു. മുന്‍ കൂട്ടി എഴുതി തയ്യാറാക്കിയ(മറ്റാരോ) കുറിപ്പ് ഉച്ചത്തില്‍ വായിക്കുന്നു. ലോകം ആനന്ദത്തില്‍ ആറാടുന്നു.
കുറച്ച് മാസങ്ങള്‍ക്കു മുന്നെ ഇതിനു സമാനമായ ഒരു രംഗം നമ്മള്‍ കണ്ടിരുന്നു.
" കെ.ഇ.എന്‍. അങ്ങയെ ആള്‍ ദൈവം എന്നു വിളിച്ചതിനെപ്പറ്റി?."
ഞാന്‍ അയാളെഴുതിയതൊന്നും വായിച്ചിട്ടില്ലാ. ഓണത്തെപ്പോലും വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന മതഭ്രാന്തന്മാരോട് എനിക്ക് പ്രതികരിക്കാനില്ല."
കെ.ഇ.എന്‍. എഴുതിയതൊന്നും മുഖ്യമന്ത്രി വായിച്ചിട്ടില്ല. എങ്കിലും അയാള്‍ ഓണത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നവനും മതഭ്രാന്തനുമാണ് എന്ന് മുഖ്യമന്ത്രിക്കറിയാം. മുകുന്ദന്‍ എഴുതിയതൊന്നും മുഖ്യമന്ത്രി വായിച്ചിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. എങ്കിലും അയാള്‍ മുതലാളിത്തത്തിന്റെ കുഴലൂത്തുകാരനാണ്‍ എന്ന് മുഖ്യമന്ത്രിക്കറിയാം.
അപ്പോള്‍ സംശയാലുവായ ഒരു വേതാളം ചോദിക്കുന്നു." ആരാണ്‍ അദ്ദേഹത്തിനു വേണ്ടി വായിക്കുന്നത്, ആരാണ്‍ അദ്ദേഹത്തിന്റെ നാവിന്മേല്‍ നടനം ചെയ്യുന്നത്"
ശരിയുത്തരം പറഞ്ഞാല്‍ നിന്റെ തല പൊട്ടിത്തെറിക്കും.
" ഇത് റഷ്യയല്ല, അച്യുതാനന്ദന്‍ സ്റ്റാലിനുമല്ല. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം സാഹിത്യകാരന്‍ എം.മുകുന്ദനുണ്ട്. ഞങ്ങള്‍ എതിര്‍ക്കുന്നത് അക്കാദമി സ്ഥാനത്തിരുന്നുകൊണ്ട് വിമര്‍ശിക്കുന്നതിനെയാണ്‍. അത് രാജി വച്ച് വിമര്‍ശിച്ചോളൂ..ഞങ്ങള്‍ അംഗീകരിക്കാം"
ഇവര്‍ മധ്യവര്‍ത്തികള്‍. വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന മഹാമനസ്കര്‍.
ഇതാ ഒരു സ്ഥാനവും ഇല്ലാത്ത അഴിക്കോട് അച്യുതാനന്ദനെ വിമര്‍ശിച്ചിരിക്കുന്നു. തോഴരേ നിങ്ങള്‍ ആരുണ്ട് കൂടെ.
ഒരു സ്ഥാനവും ഇല്ലാതിരുന്നപ്പോഴാണ്‍ കെ.ഇ.എന്‍. അച്യുതാനന്ദനെ വിമര്‍ശിച്ചത്. തോഴരേ നമ്മള്‍ അയാളെ കുരങ്ങനാക്കി.
ഔദ്യോഗിക സ്ഥാനങ്ങളിലിരുന്ന് എത്രയോ പേര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. ഒരു പ്രൊ-വി.സി. യു.ഡി.എഫിന്റെ യോഗത്തില്‍ പ്രസംഗിക്കുന്നതുവരെ നമ്മള്‍ കണ്ടു.
അതിനെന്ത് അവര്‍ പ്രസംഗിച്ചത് സര്‍ക്കാരിനെതിരെയല്ലേ, അച്യുതാനന്ദനെതിരെ അല്ലല്ലോ.
സര്‍ക്കാര്‍ എന്നാല്‍ അച്യുതാനന്ദന്‍ അല്ലല്ലോ. മറ്റെല്ലപേരും കള്ളന്മാരല്ലേ.
വായില്‍ തോന്നിയതാണ്‍ കോത പാടേണ്ടത് എന്ന് അഴിക്കോട് എന്തിന്‍ ശഠിച്ചു. എക്കാലത്തും മാര്‍ക്കറ്റ് നോക്കി എഴുതിയ ആളല്ലേ മാഷ്. കോണ്‍ഗ്രസ്സിന്റെ നല്ല കാലത്ത് കോണ്‍ഗ്രസ്സ്. അടിയന്തിരാവസ്ഥയില്‍ അത്. മാര്‍ക്സിസ്റ്റുകാരുടെ നല്ല സമത്ത് അവരുടെ കൂടെ.
ഇപ്പോഴത്തെ മാര്‍ക്കറ്റ് അച്യുതാനന്ദകീര്‍ത്തനത്തിനാണ്‍ എന്ന് മാഷ് എന്തേ തിരിച്ചറിഞ്ഞീല.
കുഞ്ഞപ്പ പട്ടാനൂര്‍ മഹാകവിയായത് കണ്ടില്ലേ. ഉമേഷ് ബാബു ചിറക് വിരിച്ച് പറക്കുന്നത് കണ്ടില്ലേ. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് നിഖില്‍ ചക്രവര്‍ത്തിയെ അതിശയിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശാഭിമാനിയുടെ ആരും വായിക്കാത്ത കോളങ്ങളില്‍ മാത്രം കണ്ടിരുന്ന ഇവര്‍ കിരീടം വയ്ക്കാത്ത രാജാക്കന്മാരായി വാഴുന്നത് കണ്ടില്ലേ.
ശശിധരന്‍, ആസാദ്, ബാബു ഭരദ്വാജ് , പി.സുരേന്ദ്രന്‍ ..........................................................
ഈ മഹാജാഥക്കു മുന്നില്‍ നിന്ന് അതിന്റെ പടവാളെന്താമായിരുന്നില്ലേ അഴിക്കോടിന്‍.
എങ്കില്‍ "തത്വമസി- ഒരധിനിവേശ വിരുദ്ധ കാഴ്ചപ്പാട് " എന്ന പേരില്‍ എന്തു മാത്രം ആസ്വാദനങ്ങള്‍ നമുക്ക് ലഭിക്കുമായിരുന്നു.
എല്ലാം കളഞ്ഞു കുളിച്ചില്ലേ.............................
എല്ലാം നഷ്ടപ്പെടുത്തിയിട്ട് ഈ കുമ്പസ്സാരം ഇനി ആര്‍ക്കു വേണ്ടി.
മിയാ കുള്‍പ്പ"- കൊണ്ടു പോയി പുഴുങ്ങി തിന്ന്.
താന്‍ ഇന്നു വരെ എഴുതിയതെല്ലാം കള്ളമായിരുന്നു. താന്‍ ഒരു കപട സാഹിത്യകാരനായിരുന്നു. താന്‍ എഴുതിയതെല്ലാം ഞങ്ങള്‍ ആവേശത്തോടെ വായിച്ചത് തെറ്റിദ്ധാരണയുടെ പേരിലായിരുന്നു.
അച്യുതാനന്ദനെ വിമര്‍ശിച്ചതു കൊണ്ടു മാത്രം താന്‍ എഴുതിയതെല്ലാം ചവറായിരുന്നു എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.
": അരേ ദുരാചാര ന്രിശംസ സുകുമാര , നിനക്കിനി ആശ്രയം ദേശാഭിമാനി മാത്രം. . ഫാരിസ് അബൂബേക്കറുടെ , സാന്റിയാഗോ മാര്‍ട്ടിന്റെ അതേ ദേശാഭിമാനി.

6 comments:

ഉറുമ്പ്‌ /ANT said...

:)

{{ തല്‍കൊള്‍ }} said...

ഹാ ഹാ ഹാ..... കുഞ്ഞപ്പാ പട്ടാനൂരിനേയും മുദ്രാവാക്യ പാട്ടുകാരേയും മഹാകവികളായി വാഴ്‌ത്തി ചരിത്രം തിരുത്തിയെഴുതിയ മഹാന്‍മാരാണല്ലൊ ഇന്ന്‌ ഇങ്ങിനെ ചില വ്യക്തികളെ ചൂണ്ടി വീമ്പിളക്കുന്നത്‌. ബഹു കേമം തന്നെ കാര്യങ്ങള്‍. മാറ്റിപറയാന്‍, പാര്‍ട്ടിക്ക്‌ വെളിയിലായവ 'മഹാകവി'യെ കുവു വിളിക്കാന്‍ സാമര്‍ത്ഥ്യം ഏറെ..... പാര്‍ട്ടിക്കു വെളിയില്‍ നില്‍ക്കുന്നവരാരായാലും അവരെ തകര്‍ത്ത്‌ തരിപ്പണമാക്കുക എന്നത്‌ നമ്മുടെ ചരിത്ര ദൗത്യമാണല്ലൊ. നടക്കട്ടെ നടക്കട്ടെ.,
(ഇടക്ക്‌ പത്ര പ്രവര്‍ത്തകര്‍ക്കെതിരെയുള്ള വാളോങ്ങള്‍ വെറും ഇളിഭ്യത്തരം തന്നെ. അച്യൂതാനന്ദനും പേഴ്‌സണല്‍ സ്റ്റാഫുണ്ടല്ലൊ. അവരും കമ്മ്യൂണിസ്റ്റുകാര്‍ തന്നെ, പാര്‍ട്ടി നിശ്ചയിച്ചവര്‍ തന്നെ, ശമ്പളത്തില്‍ നിന്നും ലെവി കൊടുക്കുന്നവര്‍ തന്നെ.....)

santhoshhrishikesh said...

"ഒരു പ്രൊ-വി.സി. യു.ഡി.എഫിന്റെ യോഗത്തില്‍ പ്രസംഗിക്കുന്നതുവരെ നമ്മള്‍ കണ്ടു."
കാലടി സംസ്കൃതസര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന രാധാകൃഷ്ണനെ ആണോ ഉദ്ദേശിച്ചത്?

karimeen/കരിമീന്‍ said...

തല്ലുകൊള്ളിയായാലും സത്യം പറഞ്ഞാല്‍ അംഗീകരിക്കാതെ വയ്യ.
കുഞ്ഞപ്പ പട്ടാനൂരും തുഞ്ചത്ത് എഴുത്തച്ഛനും എന്ന് ലേഖനം ദേശാഭിമാനിയില്‍. ശാന്തം പാവം. പുകഴ്തിയാലും ഇങ്ങനെ എഴുതാമോ?
ഞാന്‍ ലേഖനം ഒന്നു കൂടി വായിച്ച് നോക്കി.
എഴുതിയത് അധിനിവേശ പ്രതിരോധത്തിന്റെ മഹാനായ സാരഥി.
പാവം പാര്‍ട്ടിക്കാര്‍ കെ.പി.ജി.യെ മയക്കോവ്സ്കി യാക്കുന്നത് സഹിക്കാം. വിവരമില്ലാത്തവരല്ലേ.
പക്ഷേ ഇതേ മുദ്രാവാക്യമെഴുത്തുകാര്‍ ഒരു സുപ്രഭാതത്തില്‍ നെരൂദ ആകുന്നത് കൂടുതല്‍ അതിശയിപ്പിക്കപ്പെടേണ്ടതാണ്. കാരണം അതുചെയ്യുന്നത് കൂടുതല്‍ വിവരമുള്ളവരാണ്.

karimeen/കരിമീന്‍ said...

santhoshhk -സാര്‍ അത് രാധാക്രിഷ്ണനല്ല. ഒരു ജലീലോ മറ്റോ ആണ്.ഒരു പക്ഷെ പരീക്ഷ കണ്ട്രോളര്‍ ആകാം

ഹന്‍ല്ലലത്ത് Hanllalath said...

:)