Monday, March 1, 2010

ആനക്കച്ചേരി !

അനന്തപുരിയിലെ ആനക്കച്ചേരി.

കാലാന്തരത്തില്‍ അത് ഹജൂര്‍ക്കച്ചേരിയായി. ഇപ്പോള്‍ ഗവ: സെക്രട്ടറിയേറ്റും. സംസ്ഥാന ഭരണ സിരാകൂടം.

അതിനു മുന്നിലൂടെ കഴിഞ്ഞൊരുദിനം ഒരു പ്രകടനം കണ്ടു. പ്ലക്കാര്‍ഡും ബാനറും പിടിച്ച് ഒരു പ്രതിഷേധ ജാഥ. നിറപ്പകിട്ടുള്ള കുപ്പായങ്ങളും കളസങ്ങളും ധരിച്ച വാല്യക്കാര്‍.

അടുത്തുചെന്നു നോക്കി. ആനക്കച്ചേരി ഗുമസ്ഥന്‍മാരുടെ സംഘടനയാണ്. സോറി , കാലം മാറി, സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനയാണ്.



ഇടക്കിടക്ക് അടി നടക്കുകയും മറ്റേത് കാണിക്കുകയും ഒക്കെ ചെയ്യുന്ന ഒരു സ്ഥലമാണ് സെക്രട്ടറിയേറ്റ്. ചുമന്ന ഗുമസ്ഥന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ ചുവക്കാത്ത ഗുമസ്ഥന്മാര്‍ക്ക് ത്രാണിയുള്ള കേരളത്തിലെ അപുര്‍വം സര്‍ക്കാര്‍ ആഫീസുകളിലൊന്നാണ് ഹജൂര്‍ക്കച്ചേരി.

അവിടത്തെ ജീവനക്കാര്‍ ഒരു പ്രകടനം നടത്തുമ്പോള്‍ മലയാളി അത്യാവശ്യം അത് ശ്രദ്ധിച്ചിരിക്കേണ്ടതുണ്ട്. വളരെ ലളിതവും സരളവുമായ രണ്ട് ആവശ്യങ്ങളായിരുന്നു ജാഥാംഗങ്ങള്‍ക്ക്. സാധാരണ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരം ചെയ്യുന്നത്, “ബുഷ് നീതിപാലിക്കുക!. ആഗോള സമ്പത്തിക തകര്‍ച്ച തടയുക” മുതലായ കോമളമായ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും. ഇത് അതൊന്നുമല്ല. തികച്ചും അവരെ മാത്രം ബാധിക്കുന്ന രണ്ട് ആവശ്യങ്ങള്‍.

ഒന്ന്. പഞ്ചിംഗ് നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക.

രണ്ട്. ശമ്പള പരിഷ്കരണത്തില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക.



കുറ്റം പറയാനൊക്കില്ല. ഇത് അവരെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. ആഗോള ഉദാര വല്‍ക്കരണനയങ്ങള്‍ക്ക് എതിരെയല്ല.

എങ്കിലും രണ്ടാമത്തെ ആവശ്യം എനിക്ക് പുര്‍ണ്ണമായും മനസ്സിലായില്ല. വര്‍ത്തമാന പത്രങ്ങളും ചാനലുകളും പറഞ്ഞു തന്ന അറിവനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ സമിതിയെ രൂപീകരിച്ച് ഉത്തരവായിട്ടേയുള്ളൂ. ആറുമാസം കാലാവധിയും കൊടുത്തു. ആറുമാസം കഴിയുമ്പോള്‍ അവര്‍ മറ്റൊരു ആറു മാസം കൂടി ചോദിക്കും . അതും സര്‍ക്കാര്‍ കൊടുക്കും. അങ്ങിനെ കുറഞ്ഞത് ഒരു ഒന്നര വര്‍ഷമെങ്കിലും കഴിഞ്ഞ പുറത്തിറങ്ങുന്ന ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ അവഗണിച്ചു എന്നാരോപിച്ചാണ് പ്രകടനം.



സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്ര ക്രാന്തദര്‍ശികളോ.......അതുകോണ്ടു തന്നെ പ്രകടന ശേഷമുള്ള നേതാക്കളുടെ പ്രസംഗം നേരിട്ട് കേട്ടു. എല്ലാക്കാലങ്ങളിലും ശമ്പള പരിഷ്കരണ സമിതികളീല്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ള ഒരു മാന്യ വ്യക്തി ഉണ്ടായിരിക്കും. ശമ്പളം വീതം വക്കുമ്പോള്‍ തങ്ങള്‍ക്കുള്ള വലിയ പങ്ക് മാറ്റി വച്ചിട്ടാണ് ബാക്കിയുള്ളത് വീതം വക്കുക. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും എഞ്ചിനിയര്‍മാര്‍ക്കുമൊക്കെ ഇവര്‍ എടുത്തതിന്റെ ബാക്കിയാണ് കിട്ടുക. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം പോലും തങ്ങള്‍ക്ക് കിട്ടുന്നില്ല എന്നാരോപിച്ച് സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ സമരം ചെയ്തത് അങ്ങിനെയാണ്. ഇത്തവണ സര്‍ക്കാര്‍ രൂപീകരിച്ച പരിഷ്കരണ സമിതിയില്‍ സ്വന്തം പങ്ക് ആദ്യമേ എടുത്തുവക്കാന്‍ ആളില്ല. അതായത് എല്ലാവര്‍ക്കും വീതിക്കുന്നതില്‍ പങ്കേ തങ്ങള്‍ക്ക് കിട്ടൂ എന്ന് സാരം.

അതിനെതിരെയാണ് സമരം. എന്തൊരു ക്രാന്തദര്‍ശിത്വം!.

ഇനി രണ്ടാമത്തെ ആവശ്യം. അത് അതിക്രൂരവും പൈശാചികവും നീചവുമായ ഒരു സര്‍ക്കാര്‍ നടപടിക്കെതിരെയാണ്.

സെക്രട്ടറിയേറ്റില്‍ പഞ്ചിംഗ് കൊണ്ടുവരാന്‍ പോകുന്നു. അതായത് നമ്മള്‍ എത്രമണിക്ക് ആഫീസില്‍ കയറും , എപ്പോള്‍ പുറത്തു പോകും ഇതെല്ലാം രേഖപ്പെടുത്താന്‍ പോകുന്നു. അതായത് നമ്മുടെ അവകാശത്തില്‍ കൈകടത്താന്‍ പോകുന്നു.

പഞ്ചിംഗിനെ എന്തു കൊണ്ട് എതിര്‍ക്കുന്നു. ഒന്ന് സമയത്ത് വരാന്‍ ബസ്സില്ല, ട്രയിനില്ല. ആദ്യം സര്‍ക്കാര്‍ അത് തരട്ടെ എന്നിട്ടാവാം പഞ്ചിംഗ്. (സര്‍ക്കാര്‍ വീട്ടുവാടക ബത്ത തരുന്നത് ഓഫീസിനടുത്ത് താമസിക്കാനല്ലേ , എന്നിട്ട് ട്രയിനില്ല എന്ന് പറഞ്ഞാല്‍ - എടാ മരത്തലയന്‍ കരിമീനേ....... സര്‍ക്കാര്‍ തരുന്ന നാനൂറ്റി അറുപത് രൂപക്ക് തിരുവനതപുരത്ത് എവിടെ വീട് കിട്ടുമെടാ................).



അങ്ങിനെ പഞ്ചിംഗിനെതിരായി നമ്മള്‍ സമരം ആരംഭിക്കുകയാണ്. ഇത് കണ്ട് ഈ മൂരാച്ചി സര്‍ക്കാര്‍ മുട്ടുമടക്കിയില്ലെങ്കില്‍ പിന്നെ പഴയ വിദ്യ തന്നെ. പണ്ട് നമ്മള്‍ പരീക്ഷിച്ചത്.



പഞ്ചിംഗ് മെഷീനില്‍ മണ്ണ് വാരിയിടല്‍!. പിന്നെ സര്‍ക്കാര്‍ ജീവനക്കാരോടാ കളീ. അതും ഈ കേരളത്തില്‍!

2 comments:

Joker said...

സര്‍ക്കാര്‍ കാര്യം മുറ പോലെ എന്നല്ലേ. മുറ എപ്പോഴാണെന്ന് ചോഒദിക്കരുത്. ചായ കുടി പാര്‍ട്ടി പ്രവര്‍ത്തനം, പരദൂഷണം, പത്ര വായന, ചിട്ടി നടത്തിപ്പ് ഇത്രയും തിരക്കിനിടയില്‍ പഞ്ചിംഗിന് സര്‍ക്കാര്‍ ജീവനക്കാരന്റെ പട്ടി വരും. അല്ലെങ്കില്‍ തന്നെ സമയമില്ല എന്നിട്ടാണ് പഞ്ചിംഗ്.

ഷാരോണ്‍ said...

താങ്കള്‍ എന്തൊരു മൂരാച്ചിയാണ്??
ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ?
ആനകച്ചെരിയെ പറ്റിയും സര്‍ക്കാര്‍ ഉദ്യോഗത്തെ പറ്റിയും തനിക് ഒരു ചുക്കും അറിയില്ലേ ...
തോന്നുമ്പോള്‍ വന്നു പോകാനുള്ള ഞങ്ങളുടെ അവകാശം ചോദ്യം ചെയുന്നോ??