Friday, November 30, 2012

വിപണിയിലെ ആല്‍ക്കമിസ്റ്റ്

നോവല്‍ വായിക്കുന്നവന്‍ ഇന്ന് ഒരു അപൂര്‍വ ജീവിയാണ്.. പണ്ടങ്ങിനെയായിരുന്നില്ല..തുപ്പാക്കിക്ക് ടിക്കറ്റിന് കാത്തു നില്‍ക്കുന്നതു പോലെ എം.മുകുന്ദന്റെ നോവല്‍ ചൂടാറാതെ വായിക്കാന്‍ പുസ്തകക്കടക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തു നിന്നിട്ടുണ്ട്..മലയാറ്റൂരിന്റെ “വേരുകള്‍ “ വാങ്ങാന്‍ തിരുവനന്തപുരത്ത് നീണ്ട ക്യൂ ഉണ്ടായിരുന്നു.രണ്ടാമൂഴവും പരിണാമവും കലാകൌമുദിയുടെ സര്‍ക്കുലേഷന്‍ ഇരട്ടിയിലധികമാക്കി.മാധവിക്കുട്ടിക്ക് മുന്നില്‍ പുതിയ നോവലിന്റെ പ്രസിദ്ധീകരണ അവകാശത്തിനായി പത്രാധിപന്മാര്‍ കാത്ത് നിന്നിരുന്നു..

           വിജയനും തകഴിയുമൊക്കെ പോയി..ആനന്ദും മുകുന്ദനും ഒക്കെ ഇപ്പോഴും എഴുതുന്നു.കെ.പി.രാമനുണ്ണിയെപ്പോലുള്ള അടുത്ത നിര ,ടി.ഡി.രാമകൃഷ്ണന്‍.....വായനക്കാരുണ്ട് ഇപ്പോഴും , 
പക്ഷേ പുതു തലമുറ ..നോവലോ അതെന്ത് എന്ന് ചോദിക്കും മട്ടില്‍....പഠനകാലത്തിന്റെ തിരക്കോ നോവലിനോടുള്ള പുച്ഛമോ അങ്ങിനെ എന്തെല്ലാം കാരണങ്ങളുണ്ടാകാം ഈ അവഗണനക്ക് . പക്ഷേ നോവലിനെ പുച്ഛിക്കുകയും എങ്ങിനെ ജീവിത വിജയം നേടാം...വിജയത്തിലേക്ക് പത്ത് മന്ത്രങ്ങള്‍ എന്നിവ ആര്‍ത്തിയോടെ വായിക്കുകയും ചെയ്യുന്ന ഇവര്‍ വീണ്ടും നോവലിലേക്ക് തിരിയുന്ന കാഴ്ച ഞാന്‍ കൌതുകത്തോടെയാണ് കണ്ടത്..

തീവണ്ടിമുറികളില്‍ , കാമ്പസുകളില്‍, പാര്‍ക്കുകളില്‍ ഒക്കെ പൌലോ കൊയലോ . ചെറുപ്പത്തിന്റെ കൈകളിലെല്ലാം ആല്‍ക്കമിസ്റ്റ്..വീണ്ടും നോവല്‍ വസന്തം..

അന്നാകരിനീനയും യുദ്ധവും സമാധാനവും ഭൂതാവിഷ്ടരുമൊക്കെ വായിച്ച് വളര്‍ന്ന പഴയ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ..പൌലോ കൊയലോ

   ആര്‍ത്തിയോടെ വായിച്ചു ആല്‍ക്കമിസ്റ്റ്..മതം സാഹിത്യത്തില്‍ അരൂപിയായി നില്‍ക്കുന്നത് അസാധാരണമല്ല. ദസ്തയേവ്സ്കി ഒന്നും പറഞ്ഞില്ല എങ്കില്‍ പോലും ക്രിസ്തു വായനക്കാരനിലേക്ക് നേരിട്ട് പ്രവേശിക്കും..അനുകമ്പയുടെ , ആത്മപരിശോധനയുടെ തലങ്ങളിലേക്ക് അവ വായനക്കാരനെ കൊണ്ട് പോകും..

  പക്ഷേ പൌലോ കൊയലോ.....ദസ്തയേവ്സ്കിയും കസാന്ദ് സാക്കീസും , ടോള്‍സ്റ്റോ യിയും വായിക്കപ്പെടാതിരിക്കുകയും പൌലോ കൊയലോ വ്യാപകമായി വായിക്കപ്പെടുകയും ചെയ്യുന്നതിന്റെ രസതന്ത്രമെന്താണ് ? ഭൂതാവിഷ്ടരോ , നിന്ദിതരും പീഡീതരും, കുറ്റവും ശിക്ഷയും ഒക്കെ വായിച്ചുണ്ടാകുന്ന വികാര വിരേചനങ്ങളുടെ നൂറിലൊന്നു പോലും പൌലോ കൊയലോ ഉണര്‍ത്തുന്നില്ല..
               വായന മാത്രമല്ല പഠനങ്ങളും....സൂകരപ്രസവം പോലെ വാരികകളില്‍ പൌലോ കൊയലോ നിറയുന്നു. പ്രകാശനങ്ങള്‍ വിളംബരങ്ങളാകുന്നു..ആത്മഹര്‍ഷത്തിന്റെ , ജീവിതോല്‍ക്കഷര്‍ത്തിന്റെ അഗാധ സാഹിത്യമെന്ന് വാഴ്തുന്നു.
ഏണസ്റ്റ് ഹെമിംഗ് വേ യെ ആര്‍ത്തിയോടെ വായിച്ചിട്ടുണ്ട് മലയാളികള്‍ , ഒഡീസിയും അതുപോലെ തന്നെ...
അതിലൊന്നും കാണാത്ത എന്തോ ഒന്ന് അവര്‍ ഇന്ന് ആല്‍ക്കമിസ്റ്റില്‍ കാണുന്നു. എന്താണത് ? എനിക്ക് മനസ്സിലാകുന്നതേയില്ല....
നമ്മുടെ ഫ്രാന്‍സിസ് ഇട്ടിക്കോരക്ക് ഇല്ലാത്ത എന്ത് മഹത്വമാണ് ആല്‍ക്കമിസ്റ്റിനുള്ളത് ? ..സത്യത്തില്‍ സാംസങ്ങിന്റെ പുതിയ ഫോണ്‍ ഇറങ്ങുന്നതു പോലെ, ഷെവര്‍ ലേയുടെ പുതിയ വാഹനം ഇറങ്ങുന്നതുപോലെ ഒരു വിപണന തന്ത്രമല്ലേ പൌലോ കൊയലോയും ...ഒരു ആത്മീയ കൊക്കോ കോള....അത് കുടിച്ച് നമ്മുടെ നാടന്‍ പാനീയങ്ങള്‍ ഉപേക്ഷിച്ച ഒരു തലമുറയും...

വിപണിയുടെ ആല്‍ക്കമിസ്റ്റുകള്‍ ...അവരുടെ ചൂഡാമണിയില്‍ ഏത് പുസ്തകവും ബെസ്റ്റ് സെല്ലറാകും ..ഏത് എഴുത്തുകാരനും ടോള്‍സ്റ്റോയിയാകും...

   എന്റെ വിവരക്കേടാകാം.. പൌലോ യുടെ മഹത്വം കണ്ടെത്താനാകാത്ത അരസികനായതിനാലും ആകാം..എങ്കിലും എനിക്ക് തോന്നിയത് ഇതാണ് എന്ന് മാത്രം...

7 comments:

Anonymous said...

I agree with you totally. But I am asking the same question to you. Whats there in Francis Ittikkora?

karimeen/കരിമീന്‍ said...

ഫ്രാന്‍സിസ് ഇട്ടിക്കോര വായിച്ചതിന് ശേഷമാണ് ഞാന്‍ ആല്‍ക്കമിസ്റ്റ് വായിച്ചത് ..അത് ഇട്ടിക്കോരയേക്കാള്‍ മികച്ചതായി എനിക്ക് അനുഭവപ്പെട്ടില്ല...

അനില്‍@ബ്ലോഗ് // anil said...

വായിക്കുന്ന സമയത്തെ മൂഡനുസരച്ച്, റേറ്റിങ് മാറില്ലെ മാഷെ?

ബാബുരാജ് said...

ഇതെന്താ ആരും പറയാത്തത് എന്ന് അത്ഭുതപ്പെടുകയായിരുന്നു ഇതുവരെ. അത്യാവശ്യം ബുദ്ധിജീവിയാണെന്ന് നാലുപേർ പറയണം എന്നാഗ്രഹിക്കുന്ന എല്ലാവരുടേയും പ്രൊഫൈലിൽ ആൽക്കെമിസ്റ്റ് ഒഴിവാക്കാനാവാത്ത പുസ്തകം.അതു കണ്ടു കണ്ടാണ് അഞ്ചു വർഷം മുൻപ് കാശുകൊടുത്ത് സാധനം വാങ്ങിയത്. ആദ്യം തോന്നിയത് കാശുപോയല്ലോ എന്നു തന്നെ. അതുപോലെ തന്നെ വിഷമിപ്പിച്ച പുസ്തകമാണ് "നമ്മുടെ" ഫ്രാൻസിസ് ഇട്ടിക്കോര. അന്നൊരു (2009) പോസ്റ്റും ഇട്ടിരുന്നു. http://orumalayaliblogan.blogspot.in/2009/12/blog-post.html

ajith said...

ഡിഫറന്റ് ടേസ്റ്റ്സ്

Ajith said...

Alchemist is total trash.
Ittikora ,as some one commented earlier ,is VIKKIkora. With effective Marketing gimmiks ,these new genration authors/publishers are pickpocketing the readers. I still curse the moment I decised to buy these books.

Anonymous said...

Mashe,
Pls read the following books of Paulo Coelho,
1.Zahir
2.Fifth Mountain
3.Like the Flowing River
2.Manual of the warrior of Light