Thursday, April 25, 2013

അച്ചടക്കം..ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്നിവയെ പറ്റി സഖാവ് വി.എസ്.സംസാരിക്കുന്നു

ഇക്കുറി ഞാന്‍ ഒന്നും എഴുതുന്നില്ല..പകരം സഖാവ് വി.എസ്.അച്യുതാനന്ദനുമായുള്ള ഒരു അഭിമുഖം ഞാനിവിടെ ചേര്‍ക്കുന്നു.കലാകൌമുദിയൊട് കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് ..

ചോദ്യം : മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ധൈഷണിക സ്വാതന്ത്ര്യം ഇല്ലാതായി എന്ന ഒരു ധാരണ കഴിഞ്ഞ കുറേ കാലമായി ബലപ്പെട്ടിട്ടുണ്ട് ...

വി.എസ് : ആരു പറഞ്ഞു? ഏത് പാര്‍ട്ടി സഖാവിനും സ്വന്തം അഭിപ്രായങ്ങള്‍ അവരവരുടെ നിലവാരത്തില്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാം. ഞങ്ങളുടെ പാര്‍ട്ടിയിലുള്ളത് ജനാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവുമാണ്. ഭൂരിപക്ഷാഭിപ്രായം ന്യൂനപക്ഷം അംഗീകരിക്കണം എന്ന് മാത്രം. മേല്‍ ഘടകത്തിന് കീഴ് ഘടകങ്ങള്‍ വിധേയവുമാകണം.സ്വതന്ത്രമായ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പിന്നെ അതിനെ വെല്ലുവിളിക്കാന്‍ പാടില്ല.ഇതാണ് പെറ്റി ബൂര്‍ഷ്വാ പാര്‍ട്ടികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം.

ചോദ്യം : പത്തു മുപ്പതു കൊല്ലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സീനിയര്‍ നേതാവായി ഉയര്‍ന്ന ഒരാളെ ഒരഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പുറത്താക്കുന്നത് കടും കൈ അല്ലേ ? സ്വതന്ത്രമായ ചര്‍ച്ച അനുവദിക്കുന്നതിനു പകരം അതിനെ അടിച്ചമര്‍ത്തുക അല്ലേ നിങ്ങള്‍ ചെയ്യുന്നത്?.കാലാന്തരത്തില്‍ ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലേ?

ഉത്തരം : പാര്‍ട്ടിയുടെ നയങ്ങളാണ് ഞങ്ങള്‍ക്ക് പരമപ്രധാനം. വ്യക്തികളല്ല. എത്ര ഉന്നതനായിരുന്നാലും പാര്‍ട്ടി നയത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയില്ല. കോണ്‍ഗ്രസ്സിലോ ജനതാപാര്‍ട്ടിയിലോ സി.പി.ഐയിലോ അതൊക്കെ നടക്കും. കയര്‍ വ്യവസായത്തില്‍ യന്ത്രവല്‍ക്കരണ പ്രശനം വന്നപ്പോള്‍ സി.പി.ഐയിലെ എം.ടി.ചന്ദ്രസേനന്‍ അതിനെ അനുകൂലിച്ചു.മറ്റുള്ളവര്‍ എതിര്‍ത്തു. ഇതൊന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പറ്റില്ല..


ചോദ്യം : .....................പോലെ ജനപ്രീതിയുള്ള ഒരു നേതാവിനെ നഷ്ടപ്പെടുന്നത് പാര്‍ട്ടിക്ക് ക്ഷീണം വരുത്തിവയ്ക്കുകയില്ലേ ? 

വി.എസ്. : 1964-ഇല്‍ ഡാങ്കേ പോയി. രാജേശ്വരറാവു പോയി, എം.എന്‍.പോയി, ടി.വി. പോയി, അച്യുതമേനോന്‍ പോയി.ആര് ക്ഷീണിച്ചു ? പിന്നീട് എന്‍.സി.ശേഖര്‍ പോയി.എ.വി.ആര്യന്‍ പോയി, കെ.പി.ആര്‍.പോയി .ആര് ക്ഷീണിച്ചു ? 

ചോദ്യം : ഈ കുറ്റാരോപണങ്ങള്‍ ശരിയാണെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ മാത്രം കണ്ണ് തുറന്നതെന്ത് ?

വി.എസ്”: മുമ്പും പലതെറ്റുകളും കാണിച്ചിട്ടുണ്ട്. അന്നൊക്കെ പാര്‍ട്ടി ശാസിച്ചിട്ടുണ്ട്. എന്താണയാളുടെ പ്രസംഗം ? നിയമസഭയില്‍ കരുണാകരനെ വിളിക്കുന്നത് “ എടോ കരുണാകരാ എന്നാണ്? ഇതാണോ തൊഴിലാളി വര്‍ഗ്ഗ സംസ്കാരത്തിന്റെ ഭാഷ. ഇതു കേട്ടു കൊണ്ട് വല്ലവരും “ എടാ ശങ്കരന്‍ നമ്പൂതിരിപ്പാടേ എന്ന് തിരിച്ചു വിളിച്ചാല്‍. അല്ലെങ്കില്‍ എടോ ഇ.കെ.നായനാരേ എന്ന് വിളിച്ചാല്‍ ? മുന്‍പിലിരിക്കുന്ന കുറേപേരുടെ കയ്യടി വാങ്ങാന്‍ കൊള്ളാം..

സ്റ്റേറ്റ് കമ്മിറ്റിയിലും മറ്റും നടക്കുന്ന ചര്‍ച്ചകള്‍ തനിക്ക് ആവശ്യമായ രീതിയില്‍ വളച്ചൊടിച്ച് പത്രങ്ങളെ അറിയിച്ചു കൊണ്ടിരുന്നു.പാര്‍ട്ടി നേതൃത്വത്തിനും നയത്തിനുമെതിരായി നിരന്തരമായ പ്രചരണങ്ങള്‍ നടത്തി.........................
(കാകമുദി 1986 )

( ഇതേ വാചകങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാറ്റവുമില്ലാതെ പിണറായി വിജയന്‍ ആവര്‍ത്തിക്കാന്‍ ഇടയായാല്‍ ചരിത്രത്തെ കുറ്റം പറയരുത്..അത് മാര്‍ക്സ് പണ്ടേ പ്രവചിച്ചിട്ടുള്ളതാണ്...അതു കൊണ്ട് തന്നെ എം.വി.ജയരാജന്‍ ഇതേ മറുപടി പിണറായിക്കെതിരെ ആവര്‍ത്തിക്കില്ല എന്നും നമുക്ക് പറയാനാവില്ല..കാരണം ചരിത്രം എന്നത് വളരെ വിചിത്രമാണ്....)

Thursday, April 18, 2013

ഗുരുദേവന്‍ ശിവഗിരി വിടുമോ ?

ചരിത്രം ആവര്‍ത്തിക്കുന്നത് അങ്ങിനെയാണ് , വര്‍ഷങ്ങള്‍ക്ക് ശേഷം , ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷവും , പ്രഹസനം ആയിട്ടാണെങ്കില്‍ കൂടി.. ശ്രീനാരായണ ഗുരുദേവനും കിട്ടുകയാണ് ചരിത്രത്തിന്റെ നോക്കുകൂലി....നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം..

ചാതൃവര്‍ണ്ണ്യത്തിന്റെ കോട്ടകളിടിച്ചാണ് , ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയത്. അരുവിപ്പുറത്തും കളര്‍കോടും പിന്നെ ശിവഗിരിയിലുമൊക്കെ. പ്രതിഷേധങ്ങളുണ്ടായിരുന്നു, മറുപക്ഷത്തുനിന്നും സ്വപക്ഷത്തു നിന്നു തന്നെയും..പക്ഷേ അത് നീചമോ ഭീകരമോ ആയിരുന്നില്ല. ഗുരുവിന് , ജാതി അതായിരുന്നു എങ്കില്‍ കൂടി ,അവരുടെ ആദരവും കിട്ടിയിരുന്നു. അസ്ഥാനത്ത് അപഹസിച്ചിരുന്നു എങ്കിലും പരസ്യമായി ഗുരുദേവനെ സവര്‍ണ്ണരും നിന്ദിച്ചിരുന്നില്ല.

എങ്കിലെന്ത് ? ഒരു ഗുരു ജീവിക്കുന്നത് തന്റെ ശിഷ്യ പരമ്പരകളിലൂടെയാണ്. ജീവിച്ചിരുന്നപ്പോള്‍ തന്നെ ശിഷ്യന്മാര്‍ ഗുരുവിനെ കോടതി കയറ്റി. ശ്രീലങ്കയില്‍ തന്നെ താമസിച്ചാലോ എന്നു പോലും ഗുരു ചിന്തിച്ചതാണ്. പിന്നെ തിരികെ വന്നു. സമാധിയായി. തര്‍ക്കങ്ങളും വിതര്‍ക്കങ്ങളുമായി ശിഷ്യപരമ്പര ഭരിച്ചു പോന്നു, മഠം.
 വീണ്ടും ശിവഗിരി കോടതികയറുന്നത് പ്രകാശാനന്ദയിലൂടെയാണ്. ശാശ്വതീകാനന്ദ ഗ്രൂപ്പില്‍ നിന്നും കുറച്ചു പേരെ അടര്‍ത്തിമാറ്റി പ്രകാശാനന്ദ എന്ന സ്വാമി ഭരണം പിടിച്ചടക്കി. പ്രകാശാനന്ദ എന്നത് ഒരു മറ മാത്രമായിരുന്നു, പിന്നില്‍ ചരടുവലിക്കുന്നത് ഋതംബരാനന്ദ എന്ന ബഹുമുപ്രതിഭയാണെന്നും ഇയാള്‍ക്ക് പിന്നില്‍ സനാതന ഹിന്ദുധര്‍മ്മ പ്രയോക്താക്കളായ ആര്‍.എസ്.എസ്.ആണ് എന്നും ശാശ്വതീകാനന്ദ നിലവിളിച്ചു നടന്നു. കഥകളിലെപ്പോലെ കാഴ്ചയിലും ഭീകരനായ ശാശ്വതീകാനന്ദയെ ജനം അവിശ്വസിച്ചു. ഗതി മുട്ടിയ ആനന്ദ കൂട്ടു വിളിച്ചത് മദനിയെ ആയിപ്പോയി. ഇടിവെട്ടിയവന്റെ തലയില്‍ കല്ലു മഴ പെയ്ത അനുഭവം. അടിയും കിട്ടി പുളിയും കുടിച്ച് ശാശ്വതീകാനന്ദ പോയി. പിന്നെ നന്നായി നീന്തലറിയാമായിരുന്നിട്ടും ഒരു തുടം വെള്ളത്തില്‍ മുങ്ങി മരിച്ചു.
പരസ്പരം പോരടിച്ചും കോടതിയില്‍ കേസ് പറഞ്ഞും ഒക്കെ  മുന്നോട്ട് പോകുകയായിരുന്നു, മതാതീത ആത്മീയതയുടെ കേരളത്തിന്റെ ആസ്ഥാനം. ബാലഗോകുലത്തിന്റെ ചടങ്ങുകളില്‍ സ്ഥിരം പങ്കെടുത്തും തപസ്യക്ക് അഭിവാദ്യമര്‍പ്പിച്ചും ഒക്കെ പ്രകാശാനന്ദ കൂറ് തെളിയിച്ചിരുന്നു. ആര്‍.എസ്.എസ്.തലവന്‍ തന്നെ ഒരിക്കല്‍ ശിവഗിരിയിലേക്ക് ആനയിക്കപ്പെട്ടു എങ്കിലും മറുഭാഗവും സമനിലയിലാക്കി സ്വാമിമാര്‍ സമനില പാലിച്ചിരുന്നു.

 പക്ഷേ , ഇന്ന് , നരേന്ദ്ര മോഡി ശിവഗിരിയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. അതും ശാരദാ പ്രതിഷ്ഠാ ശതാബ്ദി ആഘോഷത്തിന്. ശ്രീനാരായണ ഗുരു നടത്തിയ പ്രതിഷ്ഠയും നരേന്ദ്രമോഡിയും തമ്മില്‍ എന്ത് ബന്ധം?. കടുത്ത ഹൈന്ദവ സംഘടനകള്‍ പോലും തങ്ങളുടെ സമ്മേളനങ്ങള്‍ക്ക് കേരളത്തില്‍ നരേന്ദ്ര മോഡിയെ കൊണ്ട് വരാറില്ല, മോഡി അവര്‍ക്ക് ഒരു ആവേശമാണ് എങ്കില്‍ കൂടി.
ശിവഗിരിയില്‍ , ഹിന്ദുവും മുസ്ലീമും കൃസ്ത്യനും തങ്ങളുടെ സ്വന്തം ദേവാലയമായി കരുതുന്ന, മതേതര ആത്മീയതയുടെ ആസ്ഥാനത്തേക്ക് ആ മരണ വ്യാപാരി എത്തുന്നു, എന്തിന് ? ആരെ ഭീതിപ്പെടുത്താന്‍ ? ഗുരുദേവ ദര്‍ശങ്ങള്‍ക്ക് എന്ത് വ്യാപ്തിയാണ് അതിലൂടെ നിര്‍മ്മിക്കപ്പെടുന്നത് ?

മോഡി കയറി ഇറങ്ങുന്ന കുന്നുകളില്‍ നിന്ന് ഇനി “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി“ എന്ന സൂക്തം ഉയര്‍ത്താന്‍ കഴിയുമോ? ഗാന്ധിയും ടാഗോറും ഗുരുവിനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ തൂങ്ങുന്ന ചുവരുകളില്‍ ഇനി മോഡി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ഇടം പിടിക്കില്ലേ.

ഋതംബരാനന്ദ......പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന പ്രകാശാനന്ദയെ മുന്‍ നിര്‍ത്തി താങ്കള്‍ കളിക്കുന്ന ഈ കളികള്‍ ആരെ തൃപ്തിപ്പെടുത്താനാണ്. ? 

ഏത് ബിന്ദുവിലാണ് ഗുരുദേവനും നരേന്ദ്രമോഡിയും കൂട്ടി മുട്ടുന്നത് ?