Thursday, April 18, 2013

ഗുരുദേവന്‍ ശിവഗിരി വിടുമോ ?

ചരിത്രം ആവര്‍ത്തിക്കുന്നത് അങ്ങിനെയാണ് , വര്‍ഷങ്ങള്‍ക്ക് ശേഷം , ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷവും , പ്രഹസനം ആയിട്ടാണെങ്കില്‍ കൂടി.. ശ്രീനാരായണ ഗുരുദേവനും കിട്ടുകയാണ് ചരിത്രത്തിന്റെ നോക്കുകൂലി....നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം..

ചാതൃവര്‍ണ്ണ്യത്തിന്റെ കോട്ടകളിടിച്ചാണ് , ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയത്. അരുവിപ്പുറത്തും കളര്‍കോടും പിന്നെ ശിവഗിരിയിലുമൊക്കെ. പ്രതിഷേധങ്ങളുണ്ടായിരുന്നു, മറുപക്ഷത്തുനിന്നും സ്വപക്ഷത്തു നിന്നു തന്നെയും..പക്ഷേ അത് നീചമോ ഭീകരമോ ആയിരുന്നില്ല. ഗുരുവിന് , ജാതി അതായിരുന്നു എങ്കില്‍ കൂടി ,അവരുടെ ആദരവും കിട്ടിയിരുന്നു. അസ്ഥാനത്ത് അപഹസിച്ചിരുന്നു എങ്കിലും പരസ്യമായി ഗുരുദേവനെ സവര്‍ണ്ണരും നിന്ദിച്ചിരുന്നില്ല.

എങ്കിലെന്ത് ? ഒരു ഗുരു ജീവിക്കുന്നത് തന്റെ ശിഷ്യ പരമ്പരകളിലൂടെയാണ്. ജീവിച്ചിരുന്നപ്പോള്‍ തന്നെ ശിഷ്യന്മാര്‍ ഗുരുവിനെ കോടതി കയറ്റി. ശ്രീലങ്കയില്‍ തന്നെ താമസിച്ചാലോ എന്നു പോലും ഗുരു ചിന്തിച്ചതാണ്. പിന്നെ തിരികെ വന്നു. സമാധിയായി. തര്‍ക്കങ്ങളും വിതര്‍ക്കങ്ങളുമായി ശിഷ്യപരമ്പര ഭരിച്ചു പോന്നു, മഠം.
 വീണ്ടും ശിവഗിരി കോടതികയറുന്നത് പ്രകാശാനന്ദയിലൂടെയാണ്. ശാശ്വതീകാനന്ദ ഗ്രൂപ്പില്‍ നിന്നും കുറച്ചു പേരെ അടര്‍ത്തിമാറ്റി പ്രകാശാനന്ദ എന്ന സ്വാമി ഭരണം പിടിച്ചടക്കി. പ്രകാശാനന്ദ എന്നത് ഒരു മറ മാത്രമായിരുന്നു, പിന്നില്‍ ചരടുവലിക്കുന്നത് ഋതംബരാനന്ദ എന്ന ബഹുമുപ്രതിഭയാണെന്നും ഇയാള്‍ക്ക് പിന്നില്‍ സനാതന ഹിന്ദുധര്‍മ്മ പ്രയോക്താക്കളായ ആര്‍.എസ്.എസ്.ആണ് എന്നും ശാശ്വതീകാനന്ദ നിലവിളിച്ചു നടന്നു. കഥകളിലെപ്പോലെ കാഴ്ചയിലും ഭീകരനായ ശാശ്വതീകാനന്ദയെ ജനം അവിശ്വസിച്ചു. ഗതി മുട്ടിയ ആനന്ദ കൂട്ടു വിളിച്ചത് മദനിയെ ആയിപ്പോയി. ഇടിവെട്ടിയവന്റെ തലയില്‍ കല്ലു മഴ പെയ്ത അനുഭവം. അടിയും കിട്ടി പുളിയും കുടിച്ച് ശാശ്വതീകാനന്ദ പോയി. പിന്നെ നന്നായി നീന്തലറിയാമായിരുന്നിട്ടും ഒരു തുടം വെള്ളത്തില്‍ മുങ്ങി മരിച്ചു.
പരസ്പരം പോരടിച്ചും കോടതിയില്‍ കേസ് പറഞ്ഞും ഒക്കെ  മുന്നോട്ട് പോകുകയായിരുന്നു, മതാതീത ആത്മീയതയുടെ കേരളത്തിന്റെ ആസ്ഥാനം. ബാലഗോകുലത്തിന്റെ ചടങ്ങുകളില്‍ സ്ഥിരം പങ്കെടുത്തും തപസ്യക്ക് അഭിവാദ്യമര്‍പ്പിച്ചും ഒക്കെ പ്രകാശാനന്ദ കൂറ് തെളിയിച്ചിരുന്നു. ആര്‍.എസ്.എസ്.തലവന്‍ തന്നെ ഒരിക്കല്‍ ശിവഗിരിയിലേക്ക് ആനയിക്കപ്പെട്ടു എങ്കിലും മറുഭാഗവും സമനിലയിലാക്കി സ്വാമിമാര്‍ സമനില പാലിച്ചിരുന്നു.

 പക്ഷേ , ഇന്ന് , നരേന്ദ്ര മോഡി ശിവഗിരിയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. അതും ശാരദാ പ്രതിഷ്ഠാ ശതാബ്ദി ആഘോഷത്തിന്. ശ്രീനാരായണ ഗുരു നടത്തിയ പ്രതിഷ്ഠയും നരേന്ദ്രമോഡിയും തമ്മില്‍ എന്ത് ബന്ധം?. കടുത്ത ഹൈന്ദവ സംഘടനകള്‍ പോലും തങ്ങളുടെ സമ്മേളനങ്ങള്‍ക്ക് കേരളത്തില്‍ നരേന്ദ്ര മോഡിയെ കൊണ്ട് വരാറില്ല, മോഡി അവര്‍ക്ക് ഒരു ആവേശമാണ് എങ്കില്‍ കൂടി.
ശിവഗിരിയില്‍ , ഹിന്ദുവും മുസ്ലീമും കൃസ്ത്യനും തങ്ങളുടെ സ്വന്തം ദേവാലയമായി കരുതുന്ന, മതേതര ആത്മീയതയുടെ ആസ്ഥാനത്തേക്ക് ആ മരണ വ്യാപാരി എത്തുന്നു, എന്തിന് ? ആരെ ഭീതിപ്പെടുത്താന്‍ ? ഗുരുദേവ ദര്‍ശങ്ങള്‍ക്ക് എന്ത് വ്യാപ്തിയാണ് അതിലൂടെ നിര്‍മ്മിക്കപ്പെടുന്നത് ?

മോഡി കയറി ഇറങ്ങുന്ന കുന്നുകളില്‍ നിന്ന് ഇനി “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി“ എന്ന സൂക്തം ഉയര്‍ത്താന്‍ കഴിയുമോ? ഗാന്ധിയും ടാഗോറും ഗുരുവിനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ തൂങ്ങുന്ന ചുവരുകളില്‍ ഇനി മോഡി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ഇടം പിടിക്കില്ലേ.

ഋതംബരാനന്ദ......പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന പ്രകാശാനന്ദയെ മുന്‍ നിര്‍ത്തി താങ്കള്‍ കളിക്കുന്ന ഈ കളികള്‍ ആരെ തൃപ്തിപ്പെടുത്താനാണ്. ? 

ഏത് ബിന്ദുവിലാണ് ഗുരുദേവനും നരേന്ദ്രമോഡിയും കൂട്ടി മുട്ടുന്നത് ?

2 comments:

മോഹന്‍ കെ പദ്മനാഭന്‍ said...

ലേഖനം വളരെ നന്നായിരിക്കുന്നു. ഈയിടെ ഹൈക്കോടതി പറഞ്ഞത്, ശിഷ്യപരമ്പരയില്‍ പുനസ്ഥാപ്പിക്കപ്പെട്ട ഐക്യത്താല്‍ ഗുരുദേവന്‍ ചിരിക്കുമെന്നാണല്ലോ? എന്നാല്‍ ഈ ലേഖനം ചൂണ്ടിക്കാണിക്കുന്ന സത്യങ്ങള്‍ കണ്ടു ഗുരുദേവന്‍റെ ദുഃഖം തുടര്‍ന്നുകൊണ്ടേ ഇരിക്കും. ഇനി എന്നാണാവോ നമുക്ക് ഗുരുദേവനെ ഒന്ന് ഉള്ളുതുറന്നു സന്തോഷിപ്പിക്കാനാവുക?

ajith said...

ഓരോ ഗുരുക്കന്മാര്‍ അവരുടെ ജീവിതകാലത്ത് ഓരോ ദര്‍ശനങ്ങള്‍ക്കനുസരിച്ച് ഒരു ഗണത്തെ രൂപീകരിക്കയും വളര്‍ത്തുകയും ചെയ്യുന്നു. ദര്‍ശനങ്ങള്‍ ആര്‍ക്കും പകര്‍ന്നുകൊടുക്കാനാവത്തതാണ്. അത് പാരമ്പര്യമായി കിട്ടുന്നതുമല്ല. ഗുരുവില്‍ നിന്ന് ശിഷ്യനിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമില്ല. അതുകൊണ്ട് ഗുരുദര്‍ശനങ്ങളുടെ പിന്തുടര്‍ച്ച ശിവഗിരിയില്‍ നിന്നോ മറ്റ് ഏത് പ്രസ്ഥാനങ്ങളില്‍ നിന്നോ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഗുരു കടന്നുപോയപ്പോള്‍ ആ ദര്‍ശനങ്ങളുടെ അസ്തിത്വം അവസാനിച്ചു. കറന്റ് പോയാലും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫാന്‍ അല്പസമയം കൂടി കറങ്ങുന്നതുപോലെ മാത്രമേ പിന്നത്തെ ചലനങ്ങളെ കാണേണ്ടതുള്ളു. അവസാനം അത് നിശ്ചലമാകും. കെട്ടിക്കിടക്കുന്നതും ഒഴുക്കില്ലാത്തതുമായ ഏതും ദുഷിയ്ക്കുമെന്നത് പ്രപഞ്ചനിയമമത്രെ.