Monday, June 1, 2009

ഒരു ദിവസത്തെ പത്രപ്രവര്‍ത്തനം

പത്രപ്രവര്‍ത്തനം പഠിച്ചിറങ്ങിയപ്പോഴാണ് സര്‍ക്കാര്‍ വിളിച്ച് ജോലി തന്നത്.
ശ്രീ പത്മനാഭന്റെ പത്തു ചക്രത്തിന്റെ വില്‍ പത്രപ്രവര്‍ത്തകന് കിട്ടില്ല എന്ന് പഴഞ്ചരായ മാതാപിതാക്കള്‍.
അനിതാ പ്രതാപിനേയും എന്‍ റാമിനേയുമൊക്കെ കുട്ടയിലാക്കി തട്ടില്‍ കയറ്റി. സര്‍ക്കാര്‍ സമുദ്രത്തിലേക്ക് ഊളിയിട്ടു.
എങ്കിലും മനസ്സിന്റെ കോണിലെവിടെയോ നിന്ന് പഴയ പത്രപ്രവര്‍ത്തകന്‍ വിളിച്ചുകൊണ്ടിരുന്നു.
അപ്പോഴാണ് ഇലക്ട്രോണിക് മീഡിയ വന്നത്.
കോട്ടും സൂട്ടുമിട്ട ജേര്‍ണലിസ്റ്റുകള്‍. അവരുടെ മുന്നില്‍ വിറച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സിംഹങ്ങള്‍നഷ്ടസൊപ്നങ്ങളായി കോട്ടും സൂട്ടും ഉറക്കം കെടുത്തി.
ഒരു നാള്‍ കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താചാനല്‍ ജേര്‍ണലിസ്റ്റുകളെ ക്ഷണിച്ചു.
25 ന് താഴെയുള്ള കിളുന്തുകള്‍ മതി എന്നു പറയാത്തതിനാല്‍ അടിയനും അപേക്ഷിച്ചു.

എഴുത്തു പരീക്ഷ, അഭിമുഖം.എല്ലാം കഴിഞ്ഞു. ഒരു ദിനം ഓഫീസില്‍ ഇരിക്കുമ്പോള്‍ ചാനലില്‍ നിന്നൊരു
വിളി.......... തിയതി ജോയിന്‍ ചെയ്യണം.സ്വപ്ന സാക്ഷാല്‍ക്കാരം.
പത്ര പ്രവര്‍ത്തകലോകമേ ഞാനിതാവരുന്നു.
അച്ഛാ............., അമ്മേ, ഈ പത്രപ്രവര്‍ത്തകന് വിട തരൂ.........................
“മോനേ............ശ്രീ പത്മനാഭന്റെ പത്തു ചക്രം.............................” പണ്ടാരത്തള്ള ഉടക്കു വക്കാന്‍ നോക്കി.
അമ്മേ, അച്ഛാ...........,ഒരു മകന്റെ ഭാവി കൊട്ടിയടക്കല്ലെ..............നിങ്ങള്‍ക്കെന്നെ എന്നും ചാനലില്‍ കാണാം. വിടതരൂ അമ്മേ.................................
ഒരു കൊല്ലത്തെ ശമ്പളമില്ലാ അവധി സര്‍ക്കാരിന്റെ മുഖത്ത് വലിച്ചെറിഞ്ഞ് കൊച്ചിക്ക് തീവണ്ടി കയറി.
സര്‍ക്കാര്‍ ഫയലുകളേ ...................ശമ്പള ബില്ലുകളേ നിങ്ങള്‍ക്ക് വിട.
ഇതാ, കോട്ടിടാനായി ഒരു ജേര്‍ണലിസ്റ്റ് വരുന്നു.
മുണ്ട്, തോര്‍ത്ത്, സോപ്പ്, കൈലി, ജീവിതം പൊതിഞ്ഞു കെട്ടി. ഇനി താമസം കൊച്ചിയില്‍ തന്നെ.
വൈക്കം കായലില്‍ ഓളം തുള്ളുമ്പോള്‍.....................
തല്‍ക്കാലം ചാനലിന്റെ മുകളിലത്തെ നിലയില്‍ താമസിക്കാം.( തിരുവനന്തപുരം ദേശാഭിമാനിയില്‍ അങ്ങിനെയാണ്. അച്ചടിയന്ത്രത്തിന്റെ താരാട്ട് കേട്ടുറങ്ങാം)പിന്നെ സൌകര്യം പോലെ ഒരു വീടെടുക്കാം.
ഭക്ഷണത്തിന് ചാനലിന്റെ ക്യാന്റീന്‍ ഉണ്ട്.അവിടെ കഞ്ഞിയാണോ ആവോ.............................തിരുവനന്തപുരം ദേശാഭിമാനിയില്‍ കഞ്ഞിയാണ്)
.എന്തു ത്യാഗവും സഹിക്കാം, കോട്ടിടുന്ന ഒരു ജേര്‍ണലിസ്റ്റ് ആയാല്‍ മതി.കൊച്ചിയിലിറങ്ങി. പാലാരിവട്ടത്തെത്തി.
“ഞാന്‍.........................................ജോയിന്‍ ചെയ്യാന്‍ വന്നതാണ്”. പരിചയപ്പെടുത്തി.“ശരി വന്നോളു.........” ഒരു സുന്ദരി മാനേജറുടെ മുരിയിലേക്കു നയിച്ചു.
അവളെ തടഞ്ഞുകോണ്ട് ഞാന്‍ ചോദിച്ചു. “ അല്ലാ.......എന്റെ സാമഗ്രികളൊക്കെ എവിടെ വക്കും”

ചോദ്യത്തില്‍ ദ്വൊയാര്‍ത്ഥം വല്ലതുമുണ്ടോ എന്നറിയാന്‍ കണ്ണടക്കു മുകളിലൂടെ അവള്‍ സൂക്ഷിച്ചു നോക്കി.
“താന്‍ എവിടെയാ താമസിക്കുന്നേ..........” കിളിനാദം.“
തല്‍ക്കാലം ഇതിന്റെ മുകളില്‍ . പിന്നെ വേറേ താമസിക്കാം”
സോറീ.........., ഇതിന്റെ മുകളില്‍ ന്യൂസ് റൂമാണ്.അവിടെ കിടക്കാന്‍ വാര്‍ത്ത വായിക്കുന്നവര്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല.”
“ദൈവമേ----- പിന്നെവിടെ താമസിക്കും.”
വെളിയില്‍ വല്ല ലോഡ്ജും കിട്ടും.തല്‍ക്കാലം അതുനോക്ക്.”അപ്പോള്‍ താമസ്സക്കാര്യം തെണ്ടി. ശമ്പളത്തില്‍ നിന്നും നല്ലോരുതുക അതിനു പോകും.“പോട്ടെ........എന്തായാലും ഭക്ഷണം ഫ്രീ ഉണ്ടല്ലോ, മനസ്സ് ആശ്വസ്സിപ്പിച്ചു.
“ഈ കാന്റീന്‍ എവിടെയാണ്.” തരുണിയോട് അന്വേഷിച്ചു.
“ഇവിടെ കാന്റീന്‍ ഒന്നുമില്ല. അങ്ങേയറ്റത്ത് ഫ്ലാസ്കില്‍ ചായ ഒഴിച്ചു വച്ചിട്ടുണ്ട്. അതു വേണമെങ്കില്‍ കുടിക്കാം.:
അപ്പോ.....ഊണ്,കാപ്പി”
“അതൊക്കെ വീട്ടിന്ന് കൊണ്ടുവന്നാമതി. ദാ ആ ബഞ്ചിലിരുന്ന് കഴിക്കാം” തരുണിമണി ഒരു പഴയ മേശ ചൂണ്ടിക്കാട്ടി.
ഈശ്വരാ..............സ്വപ്നങ്ങളൊക്കെ തകരുകയാണോ. താമസം, ഭക്ഷണം എല്ലാം സ്വന്തം ചെലവില്‍.ശമ്പളം പാഴായിപ്പോകുമല്ലോ................”

എം ഡി യുടെ മുറിയിലെത്തി. അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു.“രാവിലെ ആറു മുതല്‍ രാത്രി പതിനൊന്നു വരെയാണ് ഡ്യൂട്ടി സമയം.അതുവരെ വാര്‍ത്തയുണ്ട്”

(ഈശ്വരാ .........പത്തു മുതല്‍ അഞ്ചു വരെയാണ് സര്‍ക്കാരിന്റെ ഡ്യൂട്ടി സമയം. നാല് അമ്പത്തി ഒന്‍പതു വരെ ചെല്ലാന്‍ അവസരമുണ്ട്:. അതു കഴിഞ്ഞാല്‍ ആഫീസു പൂട്ടും, അതുകോണ്ടു മാത്രം ഒപ്പിടാനൊക്കത്തില്ല.).അദ്ദേഹം വലിയ വലിയ കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. ശമ്പളത്തെകുറിച്ചുമാത്രം ഒന്നും മിണ്ടുന്നില്ല. കിട്ടിയ ഇടവേളയില്‍ അങ്ങോട്ടു ചോദിച്ചു.

“അല്ല, സാര്‍, ശമ്പളം”.ആ ഘന ഗംഭീര സ്വരം ഒന്നു നിലച്ചു. പിന്നെ ശബ്ദം താഴ്തി പറഞ്ഞു.“ചാനല്‍ നഷ്ടത്തിലാണ് എന്ന് താങ്കള്‍ക്ക് അറിയാമല്ലോ?. എങ്കിലും ഞങ്ങള്‍ .......................രൂപ തരും. അത് എല്ലാ മാസവും ക്രുത്യമായി തരാനാവില്ല, എന്തായാലും നാലോ അഞ്ചോ മാസം കൂടുമ്പോള്‍ ഒരുമിച്ചു തരും”
( ഭഗവാനേ....................., .....................രൂപ!.എനിക്ക് തോമസ് ഐസക്ക് മാസം തരുന്നതിന്റെ അഞ്ചില്‍ ഒന്ന്. കൂടാതെ താമസം, ഭക്ഷണം, തല കറങ്ങുന്നു.”
അപ്പോ ജോയിന്‍ ചെയ്യുകയല്ലേ....................,എം ഡി ചോദിച്ചു.

.........................................., എന്റെ തല എങ്ങനയോ ചലിച്ചു.
പുറത്തേക്കിറങ്ങി.നാലുപാടും നോക്കി. ഓടിയാലോ................

അപ്പോള്‍ അതാ ആ കോട്ട്, എന്നെ ഏറെ മോഹിപ്പിച്ചത്. അതിടാനാണ് ഞാനിത്രയും ദൂരം അച്ഛനമ്മമാരെ തള്ളിപ്പറഞ്ഞ് ഓടി വന്നത്.
“ആ കോട്ട്.....................” ഞാന്‍ തരുണീമണിയോടു ചോദിച്ചു.
“ ഓ അത്......” അവള്‍ അലസമായി മൊഴിഞ്ഞു.
“അതിവിടെ തൂക്കിയിട്ടിരിക്കും, വാര്‍ത്തവായിക്കാന്‍ വരുമ്പോള്‍ ഓരോരുത്തര്‍ എടുത്തിടും.പിന്നെ ഊരിയിടും”
അന്ന് വൈകിട്ടത്തെ ജനശതാബ്ദിക്കു ഞാന്‍ തിരിച്ചു പോന്നു.
വീണ്ടും ശ്രീ പത്മനാഭന്റെ പത്ത് ചക്രത്തിനായി.