Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Sunday, March 31, 2013

പിണറായിയിലേക്ക് ഒരു യാത്ര.......

കണ്ണൂരിലെ പിണറായി ഗ്രാമം , കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലം. 1939 ഇല്‍ പിണറായി പാറപ്പുറം സമ്മേളനത്തോടെ പാര്‍ട്ടിയുടെ ചരിത്രം ആരംഭിക്കുന്നു. ഏറെ കേട്ടിട്ടുണ്ട്, ഏറെ വായിച്ചിട്ടുണ്ട് പിണറായി എന്ന സ്ഥലത്തെ പറ്റി , പണ്ടു മുതല്‍ക്കേ..

സമീപ കാല മാധ്യമ വായനകള്‍ തുറന്ന് തന്നത് മറ്റൊരു പിണറായിയെയാണ് . പാര്‍ട്ടിഗ്രാമം എന്ന പിണറായി. സി.പി.എം.കാരല്ലാത്ത ആരെയും സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാത്ത , എന്തിന് വസിക്കാന്‍ പോലും അനുവാദം നല്‍കാത്ത കമ്മ്യൂണിസ്റ്റ് ഭീകരത അഴിഞ്ഞാടുന്ന പാര്‍ട്ടി ഗ്രാമം.പുറത്ത് നിന്ന് എത്തുന്ന ഏതൊരാളേയും സംശയത്തോടെ വീക്ഷിക്കുന്ന, ചോദ്യം ചെയ്യുന്ന, പാര്‍ട്ടിക്കാരനല്ലെങ്കില്‍ അടിച്ച് പല്ലു പൊഴിക്കുന്ന ഭീകരതയുടെ ഗ്രാമം . പിണറായി.
ഭീകരതക്ക് തൊടുകുറി ചാര്‍ത്തി മറ്റൊരു പിണറായി. കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ഫാസിസ്റ്റായ നേതാവ്. അദ്ദേഹത്തിന്റെ മണിമാളിക, കൊട്ടാരം സ്ഥിതി ചെയ്യുന്ന ഗ്രാമം. 24 മണിക്കൂറും പാര്‍ട്ടി ഗുണ്ടകളാല്‍ സംരക്ഷിക്കപ്പെടുന്ന കൊട്ടാരം. റിമോട്ട് കണ്ട്രോള്‍ ഗേറ്റ്, സര്‍വൈലന്‍സ് ക്യാമറ, നേപ്പാളില്‍ നിന്നുള്ള അഭ്യാസികളായ കാവല്‍ക്കാര്‍. വഴികളില്‍ പാര്‍ട്ടി ഗുണ്ടകളുടെ ചെക്ക് പോസ്റ്റ്. നിരവധി പരിശോധനകള്‍ക്ക് ശേഷം മാത്രം ആളെ കടത്തി വിടുന്ന സെക്യൂരിറ്റി സംവിധാനം..
 പിണറായിയുടെ വീട് കാണാന്‍ ആളെ അയച്ചതിനാലാണ് 51 വെട്ടിനാല്‍ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് എന്ന് വിളിച്ചു പറഞ്ഞത് എം.എം.ഹസ്സനോ പി.സി.ജോര്‍ജ്ജോ അല്ല.ജ്ഞാന പീഠം കയറിയ മഹാശ്വേതാ ദേവിയാണ് .അവര്‍ക്കത് പറഞ്ഞു കൊടുത്തത് സി.ആര്‍.നീലകണ്ഠനേയും എം.പി.വീരേന്ദ്രകുമാറിനേയും പോലുള്ള ക്രാന്ത ദര്‍ശികളാണ്.
 എന്‍.സി.ശേഖറിന്റെ ചരിത്രം വായിച്ചതുമുതല്‍ ആഗ്രഹിക്കുന്നു, പിണറായി സന്ദര്‍ശിക്കണം എന്ന്. പല പല കാരണങ്ങളാല്‍ അത് നീണ്ടു.കാലം ഏറും തോറും ഭീതിയും ഏറിവന്നു.  ഒടുവില്‍ ഒരവധി വീണുകിട്ടി. ഇക്കുറി പിണറായിക്ക് തന്നെ.
നീലേശ്വരത്തുള്ള സുഹൃത്തിനെ വിളിച്ചു. “ഞാന്‍ പിണറായിക്ക് പോകുന്നു. എനിക്ക് പാറപ്രം ഒന്ന് കാണണം . കൂടാതെ ആ ഗ്രാമം മുഴുവന്‍ ഒന്ന് ചുറ്റിക്കാണണം.”
“അതിനെന്താ ങ്ങള് പോരേ...എനിക്കവിടെ കൂട്ടുകാരുണ്ട്. അവരെ ഏര്‍പ്പാടാക്കാം “
“എനിക്ക് പിണറായി വിജയന്റെ വീട് ഒന്നു കാണണം “
“ഓ..അയിനെന്താ ..പുള്ളീടെ വീട്ടിനടുത്താ ന്റെ ചങ്ങായി.ഞാ...ഓനോട് ങ്ങളെ വിളിക്കാന്‍ പറയാം.”
ദിവസം രണ്ട് കഴിഞ്ഞു, മൂന്ന് കഴിഞ്ഞു , ചങ്ങായീന്റെ വിളി വന്നില്ല...
ഞാന്‍ അയാളെ വീണ്ടും വിളിച്ചു..“ഞാന്‍ അടുത്ത ആഴ്ച വരുന്നുണ്ട്...ആ ചങ്ങാതീന്റെ നമ്പര്‍ ഒന്ന് തരുമോ ? ഞാന്‍ അയാളെ വിളിക്കാം “
കിട്ടിയ മറുപടി ഇതായിരുന്നു “ അദ് പറ്റില്ലാട്ടോ..അങ്ങോട്ട് പോവുമ്പോ ചോദ്യം ഉണ്ടാവും..ആരാ എന്താ..എന്നൊക്കെ...കൊണ്ടു വന്ന് കാണിച്ചു കൊടുക്കുന്നോര്‍ക്ക് പിന്നെ ഈടെ ജീവിക്കണ്ടേ...അതു വേണ്ടാ....ചങ്ങായീ ഇങ്ങോട്ട് വരണ്ട “
സ്വതവേ അലസനായ എനിക്ക് ഈ വാക്കുകള്‍ വല്ലാത്ത ആവേശമാണ് ഉണ്ടാക്കിയത്. പിണറായി എന്നത് കേരളത്തിലെ ഒരു ഗ്രാമമാണ്. ഞാന്‍ കേരളത്തിലെ സാധാരണക്കാരനായ ഒരു പൌരനാണ്. ഒരു പ്രദേശം സന്ദര്‍ശിക്കരുത് എന്ന് എന്നെ വിലക്കാന്‍ എനിക്കല്ലാതെ മറ്റാര്‍ക്കാണ് അധികാരം?. ഞാന്‍ യാത്ര ഉറപ്പിച്ചു.
പിണറായിയില്‍ എനിക്ക് ചോദിച്ചാല്‍ പറയാന്‍ ഒരു വിലാസം വേണം..ആരു ചോദിച്ചാലും എങ്ങോട്ടാണ് പോകുന്നത് എന്ന് പറയാനൊരു വീട്. എന്റെ സുഹൃത്തും ബ്ലോഗറുമായ വിജി പിണറായിയെ വിളിച്ചു. അദ്ദേഹം മഹാരാഷ്ട്രയിലാണ്. എങ്കിലും വിലാസം കിട്ടി, അങ്ങിനെ ചോദിച്ച് ചോദിച്ച് പോകാന്‍ ഒരിടമായി. 
യാത്ര തുടങ്ങി...
തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് തീവണ്ടി മാര്‍ഗ്ഗം..തലശ്ശേരി ബസ്സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ പിണറായി ബോര്‍ഡ് വച്ച ധാരാളം സ്വകാര്യ ബസ്സുകള്‍. പിണറായി- മമ്പറം, പിണറായി-കായലരികം.......... ആളൊഴിഞ്ഞു കണ്ട ഒരു ബസ്സില്‍ കയറി ഇരുന്നു. പിണറായി ടിക്കറ്റ് . 09 രൂപ...തലശ്ശേരി നഗരം വിട്ട് പ്രാന്ത പ്രദേശങ്ങളിലേക്ക് ബസ്സ് സഞ്ചരിച്ചു തുടങ്ങി. ആള് നിറയാനും തുടങ്ങി. ഗ്രാമഭംഗികള്‍ കണ്ടു തുടങ്ങി. എരഞ്ഞോളി എന്നോ മറ്റോ ആണെന്ന് തോന്നുന്നു സ്ഥലപ്പേര് ..സംഘികളുടെ കൊടികള്‍ , ലീഗിന്റെ കൊടികള്‍ , സി.പി.എമ്മിന്റെ കൊടികള്‍ എന്നിവ കാണാം ..പാര്‍ട്ടി ഗ്രാമം അല്ല.പാര്‍ട്ടികളുടെ ഗ്രാമമാണ് ..ബസ് വീണ്ടും മുന്നോട്ട് , അതാ അതി മനോഹരമായ പുഴ..കണ്ടല്‍ കാടുകള്‍ ..പിണറായി പഞ്ചായത്തിലേക്ക് സ്വാഗതം...ആദ്യം കണ്ടത് പിണറായി പുഴയോര വിശ്രമകേന്ദ്രമാണ് .ആഡംബരങ്ങളില്ലാത്ത ലളിതമായ ഒരു പാര്‍ക്ക്. സമീപ കാലത്ത് പണിതതായി തോന്നുന്നു. 
ഒരു ക്ഷേത്രത്തിന്റെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഒന്ന് ഞെട്ടി.”പിണറായി വൈരിഘാതക ക്ഷേത്രം “.അര്‍ത്ഥം ഇങ്ങനെയാവാം “പിണറായി വിജയന്റെ ശത്രുക്കളെ കൊല്ലുന്നതിനുള്ള ക്ഷേത്രം”. അനന്ത പത്മനാഭാ ഈ തിരോന്തരത്തുകാരനെ കാത്തോളണേ......”

 ബസ്സ് പിണറായി കമ്പോണ്ടര്‍ മുക്കിലെത്തി. അവിടെ പാര്‍ട്ടിയുടെ ബ്രാഞ്ച് കമിറ്റി ആഫിസ്, ഒരു പഴയ ഓടിട്ട കെട്ടിടത്തിനു മുകളില്‍. ഇതിനടുത്താണ് പിണറായി പൊതുജന വിദ്യാഭ്യാസ കേന്ദ്രം. അവിടെ വന്‍ തിരക്ക് കാണപ്പെട്ടു. ആ ജംഗ്ഷന്‍ കടന്ന് അല്പം മുന്നോട്ട് പോയി. ഇതാണ് പിണറായി ജംഗ്ഷന്‍...പറശ്ശിനിക്കടവ് മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ച് അവിടെ ബസ്സിറങ്ങി.
എങ്ങോട്ട് പോകും . തൊട്ട് മുന്നില്‍ പിണറായി വില്ലേജ് ആഫീസ്...അതിന്റെ പിറകില്‍ പിണറായി ഏരിയാ കമ്മിറ്റി ആഫീസ്. സി.ഐ.ടിയു. ആഫീസ്. മുസ്ലീം ലീഗിന്റെ ഏതോ വലിയ നേതാവ് പ്രസംഗിക്കുന്നു എന്ന് ഫ്ലക്സ്. എസ്.ഡി.പി.എന്ന സംഘടനയുടെ പോസ്റ്റര്‍. പച്ചക്കറികടകള്‍.ബസ്സ്റ്റോപ്പ്. ഒരു സാധാരണ നാട്ടിന്‍ പുറത്തെ ജംഗഷന്‍. 

ആരോട് ചോദിക്കും , എന്ത് ചോദിക്കും. കയ്യിലിരുന്ന അഡ്രസ്സിനെ മറന്നു. കാണാതെ പഠിച്ച് വച്ചിരുന്ന ഉത്തരങ്ങള്‍ മറന്നു.
നേരേ സ്റ്റാന്‍ഡില്‍ കണ്ട ആട്ടോ റിക്ഷാ ഡ്രൈവറുടെ അടുത്തേക്ക് ചെന്നു. “ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നു. എനിക്ക് പാറപ്രം സ്മാരകം കാണണം”.
“അതിനെന്താ കയറിക്കോളീ....അയാള്‍ക്ക് സന്തോഷം... “
ബസ്സ് വന്ന വഴിയിലൂടെ ആട്ടോ യാത്ര ആരംഭിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളായി. നാടിന്റെ ചരിത്രവും നാട്ടുകാരുടെ ചരിത്രവും എല്ലാം പകര്‍ന്ന് കിട്ടി.
(അതൊക്കെ മറ്റൊരു ലേഖനമായി എഴുതാനുണ്ട്....)
അങ്ങിനെ ഞങ്ങള്‍ പാറപ്രം സ്മാരകത്തിലെത്തി . രണസ്മരകളുറങ്ങുന്ന സ്മാരകം. സമ്മേളനത്തില്‍ പങ്കെടുത്ത സഖാക്കളുടെ പേര് വിവരങ്ങള്‍ കൊത്തിയ ശിലാഫലകം..

സ്മാരകത്തിന്റെ ചരിത്രവും, വിശദാംശങ്ങളും സുഹൃത്ത് സുനില്‍ കൃഷ്ണന്‍ വിശദമായി എഴുതിയിട്ടുള്ളതിനാല്‍ ഇപ്പോള്‍ അത് ആവര്‍ത്തിക്കുന്നില്ല.

ആട്ടോ തിരിച്ചു വിട്ടു. “ ഇനിയെങ്ങോട്ടാ.....” ഡ്രൈവറുടെ ചോദ്യം...
ഒന്ന് ഞെട്ടി...പറയണോ വേണ്ടയോ ...വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ ഒരു നിഷ്കളങ്കനായി അഭിനയിച്ചു കൊണ്ട് ചോദിച്ചു.
“ അല്ല....നമ്മുടെ പിണറായി സഖാവ് ..താമസിക്കുന്നതെവിടെയാ...?”
“ ഓ...അതങ്ങ് പാണ്ട്യാല മുക്കിലാ.......പോണോ അങ്ങോട്ട് “.....എന്ത് നിസ്സാരമായ ഉത്തരം ..ഇനി ഇത് കെണിയാണോ ? ഇതല്ലല്ലോ മാധ്യമങ്ങള്‍ എന്നെ പഠിപ്പിച്ചത്...
“പോകാന്‍ പറ്റുമോ “ ശബ്ദത്തിലെ വിറയൊതുക്കി ഞാന്‍ ചോദിച്ചു ..
“ സഖാവ് അവിടെ ഉണ്ടാകില്ല...ങ്ങള് തിരോന്തരത്ത് നിന്ന് വന്നതല്ലേ...നമ്മക്ക് കണ്ടിട്ട് വരാം “
ആട്ടോ വന്നവഴിയേ തിരിച്ചു പോയി. പിണറായി കവലയിലെത്തി. അവിടെ നിന്ന് മുന്നോട്ട്, മമ്പറത്തേക്കൂള്ള വഴി..ദിനേശ് ബീഡി കെട്ടിടവും.പി.എച്ച്.സി ജംഗ്ഷനും കടന്ന്  മുന്നോട്ട് ..
ആട്ടോ ഒരു ചെറിയ ഇടവഴിയിലേക്ക് തിരിഞ്ഞു.  ആ മുക്കില്‍ ഒരു ചെറിയ കടമാത്രം മറ്റൊന്നുമില്ല. ചെക്ക് പോസ്റ്റുകളില്ല..ഗുണ്ടകളില്ല..എന്തിന് ആളുകള്‍ പോലുമില്ല..
ഇടവഴിയിലേക്ക് തിരിഞ്ഞ ആട്ടോ ഒന്ന് വളഞ്ഞ് നിന്നു.
“ ദാ....പുറത്തിറങ്ങീ...ഇതാണ് സഖാവിന്റെ വീട് “
ഞാന്‍ പുറത്തിറങ്ങി , ഗേറ്റ് തുറന്നിട്ടിരിക്കുന്നു. റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് തുറക്കുന്ന അത്യന്താധുനിക ഗേറ്റല്ല..മനുഷ്യന്‍ തള്ളി തുറക്കുന്ന സാദാ ഗേറ്റ്....
അകത്ത് ആളനക്കം ഉള്ളപോലെ....
ഞാന്‍ ഡ്രൈവറോട് ചോദിച്ചു “ ഇവിടെ ആളുണ്ടോ “ 
“ ഓ...ഉണ്ട്..ബാ...അകത്തു പോകാം “
“അല്ല...വേണ്ട...നമുക്ക് തിരിച്ച് പോകാം “
“ബരീന്ന്....നമുക്ക് കേറീട്ട് പോകാന്ന് “
ഡ്രൈവര്‍ വീടിന്റെ വാതിലിനടുത്ത് ചെന്ന് നിന്ന് വിളിച്ചൂ..”ഏട്ടത്തിയേ “
വാതില്‍ തുറന്നു..ദാ...ഇറങ്ങി വരുന്നു..പിണറായി വിജയന്റെ ഭാര്യ”
“ഇദ് തിരുവനന്തപുരത്ത് നിന്ന് വന്നയാളാണ് ..വീട് കാണാന്‍ വന്നതാ....”
“ വീട് കാണാനോ ? തിരുവനന്തപുരത്ത് നിന്നോ ? അവര്‍ അത്ഭുതം കൂറി..
“ അല്ല ...ഞാന്‍ പാറപ്രം സ്മാരകം കാണാന്‍ വന്നതാ....ഈടെ ഒന്ന് കണ്ട് പോകാം എന്ന് കരുതി അത്രയേയുള്ളൂ...” ഞാന്‍ പറഞ്ഞൊപ്പിച്ചു...
“ ബാ....അകത്തിരിക്കാം “
“ഇല്ല....പോകണം ..എനിക്ക് ഇന്നു തന്നെ തിരികേ പോകണം “
“ശരി...അവര്‍ അകത്തേക്ക് പോയി....
ഞാന്‍ ആട്ടോ റിക്ഷയില്‍ തിരികെയേയും .................

 ( പിണറായി എന്ന ഗ്രാമം കമ്മ്യൂണിസ്റ്റ് വിശുദ്ധിയുടെ , ത്യാഗത്തിന്റെ പോരാട്ടത്തിന്റെ നാടാണ്...ആ നാടിനെ കുറിച്ച് എഴുതുമ്പോള്‍ പിണറായി വിജയന്റെ വീട് കാണാന്‍ പോയ കഥ എഴുതുന്നത് ആ നാടിനോടും ആ മനുഷ്യരോടും ചെയ്യുന്ന നന്ദികേടാണ് ...നീതി കേടാണ് ..അതെനിക്കറിയാം ....പക്ഷേ കെട്ടിപ്പൊക്കിയ കഥകള്‍ ആകാശത്തില്‍ പറത്തി രസിക്കുന്നവര്‍ക്ക് ഒരു ചെറിയ മറുപടിയെങ്കിലും കൊടുക്കണ്ടേ ...അതിനു വേണ്ടി മാത്രം ...ഇതെഴുതുന്നു......പിണറായിക്കാരോട് മാപ്പ് ചോദിച്ചു കൊണ്ട്) 

 നന്മ നിറഞ്ഞ ആ നാടിനേയും നാട്ടുകാരേയും കുറിച്ച് നിറഞ്ഞ അനുഭവങ്ങള്‍ പിന്നീട് എഴുതാം..

ഇവ കൂടി വായിക്കുക...
പിണറായിയുടെ വീടും വിവാദങ്ങളും

എഴുപതിന്റെ നിറവില്‍ പിണറായി

Thursday, April 12, 2012

ചോള സാമ്രാജ്യത്തില്‍ ഒരു ചേരന്‍.................

തഞ്ചാവൂര്‍............ത്യാഗരാജ സ്വാമികളുടേയും മുത്തുസ്വാമി ദീക്ഷിതരുടേയും തഞ്ചാവൂര്‍................വെമ്പട്ടി ചിന്നസത്യത്തിന്റെ തഞ്ചാവൂര്‍ ................ഏറെക്കാലമായി തഞ്ചാവൂര്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട്. ബൃഹദേശ്വരന്റെ കോവില്‍ ഉറക്കങ്ങളില്‍ മാടി വിളിക്കാന്‍ തുടങ്ങി. അങ്ങിനെ ഈ അവധിക്കാലത്ത് ഒരു തഞ്ചാവൂര്‍ യാത്ര പ്ലാന്‍ ചെയ്തു.

   കേരളത്തില്‍ നിന്ന് തഞ്ചാവൂര്‍ക്ക് പോകാന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന് എറണാകുളത്ത് നിന്നുള്ള നാഗൂര്‍ എക്സ്പ്രസ്സ് ആണ്. രാത്രി പത്തിന് പുറപ്പെട്ടാല്‍ രാവിലെ 8.45ന് തഞ്ചാവൂര്‍ എത്തും. അല്ലെങ്കില്‍ തൃശ്ശിനാപ്പള്ളിക്ക് പോകുന്ന നിരവധി ട്രയിനുകളില്‍ ഏതിലെങ്കിലും കയറി തൃശ്ശിനാപ്പള്ളിയില്‍ ഇറങ്ങുക. തൃശ്ശിനാപ്പള്ളിയില്‍ നിന്നും നിരവധി പാസ്സ്ഞ്ചര്‍ തീവണ്ടികളുണ്ട്,തഞ്ചാവൂര്‍ക്ക്. അല്ലെങ്കില്‍ അഞ്ച് മിനിട്ട് ഇടവിട്ട് ബസ്സ് ഉണ്ട്. ബസ്സില്‍ ഒരു മണിക്കൂര്‍ യാത്ര. ട്രയിനിലാണെങ്കില്‍ അര മണിക്കൂര്‍.......
          നാഗ്ഗുര്‍ എക്സ്പ്രസ്സില്‍ ഒരു മാസം മുന്നേ സീറ്റ് തരപ്പെടുത്തി എങ്കിലും യാത്രപുറപ്പെടേണ്ട ദിവസവും വെയിറ്റിംഗ് ലിസ്റ്റില്‍ തന്നെയായിരുന്നു. മുടിഞ്ഞ തിരക്ക്. കാരണം ഈ തീവണ്ടിയാണ് വേളാങ്കണ്ണിക്കുള്ള യാത്രാ മാര്‍ഗ്ഗം .പോരെങ്കില്‍ ഈസ്റ്ററും...............അവസാന നിമിഷം ഈ യാത്ര റദ്ദാക്കി.....പകരം തിരുവനന്തപുരത്ത് നിന്ന് അനന്തപുരി എക്സ്പ്രസ്സില്‍ തൃശ്ശിനാപ്പള്ളിക്ക് ടിക്കറ്റെടുത്തു.

വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തീവണ്ടി വെളുപ്പിന് 2.30ന് തൃശ്ശിനാപ്പള്ളി സ്റ്റേഷനിലെത്തി.സ്റ്റേഷന്‍ മുഴുവന്‍ മൂടിപ്പുതച്ച് ഉറങ്ങുന്ന ജനം. ആണും പെണ്ണൂം. കൈലിയും ചുരിദാറും സാരിയുമൊക്കെ പരിസരം മറന്ന് ഉറങ്ങുന്നു. കേരളത്തിലായിരുന്നു എങ്കില്‍ ഇവര്‍ക്ക് ചുറ്റും എത്ര മൊബൈല്‍ ക്ലിക്കിയേനെ എന്ന് ചിന്തിച്ചു.
 റെയില്‍ വേസ്റ്റേഷനില്‍ തന്നെ താമസസൌകര്യം ഉണ്ട്. വാടക എ.സി.750/- സാദാ.600/-. നല്ല വൃത്തിയുള്ള ഡബിള്‍ കട്ടില്‍ മുറി. നല്ല റും സര്‍വീസ്. രാത്രി അവിടെ കഴിഞ്ഞു. രാവിലെ സ്ഥലം കാണാന്‍ ഇറങ്ങാന്‍ തീരുമാനിച്ചു.
 തൃശ്ശിനാപ്പള്ളിക്കടുത്താണ് ശ്രീരംഗം..............ശ്രീരംഗരംഗ നാഥന് മംഗളം പാടെടീ....................എന്ന പാട്ട് കമലഹാസന്‍ സിനിമയില്‍ കേട്ടിട്ടുണ്ട്. തൃശ്ശിനാപ്പള്ളിയില്‍ നിന്ന് ഒന്‍പത് കിലോമീറ്ററുണ്ട്, ശ്രീരംഗത്തിന്. തീവണ്ടിയില്‍ വെറും രണ്ട് രൂപ മാത്രം.  
ശ്രീരംഗം റെയില്‍ വേസ്റ്റേഷനില്‍ നിന്നു നോക്കിയാല്‍ രംഗനാഥ സ്വാമി ക്ഷേത്ര ഗോപുരം കാണാം.......ഒരു ഓട്ടോക്കാരനോട് ചോദിച്ചു, അവന്‍ അന്‍പത് രൂപ പറഞ്ഞു. കണ്മുന്നില്‍ കാണുന്ന ക്ഷേത്രമായതിനാല്‍ നടന്നു പോകാന്‍ തീരുമാനിച്ചു. കഷ്ടി അഞ്ഞൂറ് മീറ്റര്‍ നടന്നപ്പോള്‍ ക്ഷേത്രമെത്തി.

  ഏഴ് ഭീമാകാരമായ മതില്‍ക്കെട്ടുകള്‍ക്കുള്ളീലാണ് ശ്രീരംഗം ക്ഷേത്രം. ഏഴ് മതിലുകള്‍ക്കും ഗോപുരങ്ങളുണ്ട്. ആകെ ഇരുപത്തി ഒന്ന് ഗോപുരങ്ങള്‍. നൂറ്റി അന്‍പതിലേറെ ഏക്കര്‍ വിസ്തീര്‍ണ്ണം. ഭാരതത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം ഇതാണ് എന്ന് പറയപ്പെടുന്നു. 

              ഇതാണ് രാജഗോപുരം....ഏറ്റവും ആദ്യത്തേതും ഏറ്റവും വലുതുമായ ഗോപുരം. ഇതിനെ ചുറ്റി മതില്‍ കെട്ടും അതിനെ ചുറ്റി റോഡുമാണ്. ചെറിയ വാഹനങ്ങള്‍ക്ക് അകത്ത് പ്രവേശിക്കാം. കാരണം ഇതിനകം ഒരു വാണിജ്യ കേന്ദ്രമാണ്. ഭക്ഷണശാലകള്‍ ഉള്‍പ്പെടെ നിരവധി വാണിജ്യ കേന്ദ്രങ്ങള്‍.
   അടുത്ത ഗോപുരം കുറച്ചു കൂടി ചെറുതാണ്. തൊട്ടടുത്ത ഗോപുരം കൂടി കടക്കുമ്പോള്‍ ക്ഷേത്രമായി. ഇനിയങ്ങോട്ട് ചെരിപ്പിട്ട് പ്രവേശനമില്ല. ക്യാമറക്ക് അന്‍പത് രൂപ കൊടുക്കണം.
അകത്ത് കയറി.....എവിടെയും ക്ഷേത്രങ്ങളാണ്. അടുക്കും ചിട്ടയുമില്ലാതെ എന്നു വേണമെങ്കില്‍ പറയാം...പ്രവേശന കവാടം കടന്നാല്‍ വ്യൂ പോയിന്റ് ഉണ്ട്. പത്ത് രൂപ ടിക്കറ്റെടുത്താല്‍ വ്യൂ പോയിന്റില്‍ കയറാം. അവിടെ നിന്നാല്‍ ഗോപുരങ്ങള്‍ എല്ലാം കാണാം എന്നൊരു പ്രത്യേകത ഉണ്ട്.

വ്യൂപോയിന്റില്‍ നിന്നുള്ള ദ്ര്യശ്യങ്ങള്‍. പിന്നില്‍ നിരനിരയായി ഗോപുരങ്ങള്‍ കാണാം.........

   അകത്ത് കടന്നു. കരിങ്കല്‍ ഇടനാഴികള്‍. മുക്കിലും മൂലയിലും ആരാധനാലയങ്ങള്‍.

. പ്രധാന ക്ഷേത്രമകുടം സ്വര്‍ണ്ണം പൂശിയതാണ്. അനന്തശായിയായ വിഷ്ണുഭഗവാനാണ് പ്രതിഷ്ഠ.  ക്ഷേത്രത്തോട് ചേര്‍ന്നാണ് തയ്യര്‍ സന്നിധി. അവിടെ എന്തോ പ്രധാന പൂജ നടക്കുന്നു. ബ്രാഹ്മണര്‍ സ്ത്രോത്രങ്ങള്‍ ഉരുവിടുന്നു. അവിടെ നിന്നും പുറത്തിറങ്ങി.

ഇത് മുഖ്യ കോവിലിന് വെളിയിലുള്ള കവാടം ഭക്തജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അകലെ നിന്നും ഒരു ഘോഷയാത്ര വരുന്നുണ്ട്..

ഭീമാകാരമാണ് മതില്‍ കെട്ടുകള്‍...

ഇടനാഴികള്‍............പൊരിവെയിലിലും തണുപ്പ്........

അങ്ങിനെ ശ്രീരംഗം കണ്ട് പുറത്തിറങ്ങി. ഇനിയെങ്ങോട്ട്......കാവേരി നദിയില്‍ ഒന്ന് കുളിച്ചാലോ....നദിയെപറ്റി അന്വേഷിച്ചു. ഒരു കിലോമീറ്റര്‍ പോകണം. പോയിട്ട് കാര്യമില്ല. കാവേരി ചുട്ടുപഴുത്ത മണലാരണ്യം മാത്രമാണ്. ഒരു തുള്ളി വെള്ളം ദര്‍ശിക്കാനാകില്ല.
   ഇനി എങ്ങോട്ട്....അപ്പോഴാണ് തിരു വണൈക്കം കോവിലിനെ പറ്റി കേട്ടത്. അങ്ങോട്ട് തിരിച്ചു. ശ്രീരംഗത്തു നിന്നും ബസില്‍ മൂന്ന് രൂപ. ( ഓട്ടോ റിക്ഷക്കാരുടെ പറ്റിപ്പ് അസഹനീയമാണ്. അര കിലോ മീറ്ററിന് നൂറ് രൂപ ഈടാക്കും, പരിചയമില്ലാത്ത ആളാണ് എന്ന് മനസ്സിലായാല്‍)
തിരുച്ചിറപ്പള്ളിയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവണൈക്കോവില്‍. ശ്രീ ജംബുകേശ്വര്‍ അഖിലാണ്ടേശ്വരി ക്ഷേത്രം എന്ന് മുഴുവന്‍ പേര്. പഞ്ചഭൂത ക്ഷേത്രങ്ങളില്‍ “ജല”ത്തെ പ്രതിനിധാനം ചെയ്യുന്നു ഈ ക്ഷേത്രം. ശിവനാണ് പെരുമാള്‍ .(അതോ പാര്‍വതിയോ).

രംഗനാഥ സ്വാമീ ക്ഷേത്രത്തെ അപേക്ഷിച്ച് കുറച്ചുകൂടി ശാന്തതയുണ്ട് ഇവിടെ
                       ക്ഷേത്ര പ്രവേശനമായി.....

ഇവിടെയും കല്‍ത്തൂണുകളുടെ മാസ്മരിക സൌന്ദര്യം തന്നെ

                                  നല്ല സമയത്താണ് അമ്പലത്തില്‍ എത്തിയത്.ഏതോ ഒരു കുടുംബത്തിന്റെ വഴിപാട്. നല്ല ചൂടു ശര്‍ക്കര പൊങ്കല്‍. ആവോളം തന്നു. കഴിച്ച് വയറുനിറഞ്ഞു.

 പ്രധാന വിഗ്രഹം ചെറുതാണ്. സാധാരണ ഭക്തന്മാര്‍ക്ക് ജനാലയിലൂടെയും പത്ത് രൂപ ടിക്കറ്റെടുക്കുന്നതവര്‍ക്ക് അകത്തു കയറിയും കാണാം. പത്തു പേരടങ്ങുന്ന ഒരു കൂട്ടത്തെയാണ് പൂജാരി വിളിച്ച് അകത്തു കയറ്റുക. പേരും നാളും നമ്മള്‍ പറയുന്നു. പൂജാരി അത് മൂളിക്കേക്കുന്നു. “എന്നിട്ട് നേരത്തെ പറഞ്ഞ നാളുകാരായ...................” എന്ന മട്ടില്‍ പൂജ തുടങ്ങുന്നു. സാരമില്ല , ദൈവത്തിന് നമ്മുടെ പേര് പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ.....

   കുറച്ചു നേരം തിരുവണൈക്കോവിലില്‍ വിശ്രമിച്ച് പുറത്തിറങ്ങി. ഇനി എന്തുണ്ട് കാണാന്‍. ഒരു ഭക്തനോട് ചോദിച്ചു. “പിള്ളയാര്‍ കോവില്‍ അഥവാ റോക്ക് ടെംബിള്‍”. അകലം രണ്ട് കിലോ മീറ്റര്‍. പൊരി വെയിലായതിനാല്‍ ഒരു ഓട്ടോക്കാരനെ വിളിച്ചു. കാശ് ചോദിച്ചു. പതിവ് തെറ്റിക്കാതെ അവന്‍ പറഞ്ഞു.” എണ്‍പത് രൂപ”. വേണ്ട നടന്നു പോകാം എന്ന് കരുതി. അവന്‍ പിറകേ വന്നു. അസഹ്യമായ ചൂട് കാരണം മുപ്പത് രൂപാക്ക് സമ്മതിച്ച് റോക്ക് ടെംബിളിലേക്ക് യാത്രയായി.

   ഒരു വന്‍ പാറയ്ക്ക് ഉള്ളീലും മുകളിലുമായുള്ള ക്ഷേത്രമാണ് പിള്ളയാര്‍ കോവില്‍ എന്ന റോക്ക് ടെംബിള്‍. ശിവനും ഗണപതിയുമാണ് മുഖ്യ പ്രതിഷ്ഠ. ആയിരത്തോളം പടികള്‍ കയറി മുകളിലെത്തുക എന്നത് ആയാസമുള്ള പണിയാണ്. തിരക്കേറിയ ബര്‍മ്മ ബസാറിനുള്ളിലാണ് മുഖ്യ കവാടം. കവാടം കടന്നെത്തുന്നത് പടികളിലേക്കാണ്. തുടക്കത്തില്‍ ചെരിപ്പ് ഊരിയിടാന്‍ സ്ഥലം അന്വേഷിച്ചു നടന്ന എന്നോട് സ്നേഹനിധിയായ ഒരു കച്ചവടക്കാരന്‍ പറഞ്ഞു “ ഇവിടെ ഊരിയിടാം സാര്‍...പൈസ ഒന്നും തരണ്ട”. അവന്റെ സ്നേഹത്തെ ആദരിച്ച് ചെരിപ്പ് ഊരിയിട്ട് അകത്തേക്ക് കടക്കാന്‍ പോയ എന്നോട് അവന്‍ പറഞ്ഞു.” ഇന്നാ സാര്‍ ..പൂജക്കുള്ള പ്രസാദം ..40 രൂപ”.
 ആ പ്രസാദവും വാങ്ങി അകത്തു കടന്നു. പാ‍ായില്‍ തീര്‍ത്ത വിസ്മയം.......അതാണ് പിള്ളയാര്‍ കോവില്‍...
                 
 പ്രധാന പ്രതിഷ്ഠ കൂറ്റന്‍ ശിവലിംഗമാണ്. ഇവിടെ സന്ദര്‍ശിച്ചതിനു ശേഷം കുറച്ച് പടി താഴോട്ടിറങ്ങി മറുഭാഗത്തു കൂടി മുകളിലേക്ക് കയറണം . ഇതാണ് പിള്ളയാര്‍ കോവില്‍.                                                                                                                        
കൊടും ചൂട്. ഞാന്‍ ആ പടികള്‍ കയറി.
കയ്യും കാലും വൃത്തിയായി പൊള്ളി...............ദൈവത്തിന്റെ പരീക്ഷണമായതിനാല്‍ സഹിച്ചു.
 മുകളില്‍ നിന്നാല്‍ തൃശ്ശിനാപ്പള്ളി നഗരം മുഴുവന്‍ കാണാം............

   അകലെ കാണുന്ന ആ മണല്‍ വിരിപ്പ്. അത് കാവേരി നദിയാണ്. വറ്റി വരണ്ട് മണല്‍ മാത്രമായി അത് അങ്ങിനെ കിടക്കുന്നു.

തിരികെ  റെയില്‍ വേസ്റ്റേഷനില്‍ എത്തി. ഇനി തഞ്ചാവൂര്‍ക്ക്................................................

Tuesday, December 21, 2010

ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ -ഒന്നാം വാര്‍ഷികം

ഭ്രാന്ത് ഒരു കുളിരാണ്. അത് ഒരു ഹൂങ്കാരമാണ്. സിരാപടലങ്ങളുടെ കമ്പനമാണ്. ഒറ്റക്കിരിക്കുമ്പോഴും ആള്‍ക്കൂട്ടത്തിന് നടുവിലാണത്. അത് നിറങ്ങളുടേയും വേദനകളുടേയും കുഴാമറിച്ചിലാണ്. വീര്‍പ്പുമുട്ടലുകളുടെ വീര്‍പ്പുമുട്ടലാണത്.

വൃശ്ചികമാസത്തിലെ ഒരു തണുത്ത രാത്രിയിലാണ് എനിക്ക് ഭ്രാന്ത് വന്നത്. ആദ്യം അതൊരു കുളിരായിരുന്നു. കരിമ്പടത്തിനുള്ളിലേക്ക് നൂണിറങ്ങിയിട്ടും വിറക്കുന്നൊരവസ്ഥ. ഒപ്പം ഒരു വീര്‍പ്പുമുട്ടലും. ഉണര്‍ന്നെണീറ്റ് ലൈറ്റിട്ടു. ഫ്ലാസ്കില്‍ നിന്ന് രണ്ടോ മൂന്നോ കവിള്‍ വെള്ളം കുടിച്ചു. വായ നിറഞ്ഞ് അത് കവിളുകളിലൂടെ ഒലിച്ചിറങ്ങി. തണുത്തുവിറക്കുമ്പോഴും ശരീരത്തില്‍ വിയര്‍പ്പുതുള്ളികള്‍. വല്ലാത്തൊരു പേടി, എന്തോ സംഭവിക്കാന്‍ പോകുന്നു. ഒരു അരക്ഷിത ബോധം.

അകത്തെ മുറിയില്‍ മെറ്റലോറിന്റേയും സോര്‍ബിട്രേറ്റിന്റേയും നിറവില്‍ അച്ഛന്‍ തളര്‍ന്ന് കിടന്നുറങ്ങുന്നു. ഇരുട്ടിന്റെ കരിമ്പടത്തിലൂടെ കയ്യിട്ട് അച്ഛനെ കുലുക്കി വിളിച്ചു.

“അച്ഛാ......അച്ഛാ......................”

ഒരു നിമിഷത്തെ താളം തെറ്റിയ ഹൃദയവുമായി അച്ഛന്‍ ഉണര്‍ന്നു.

“എന്താ..........?.....”

“എനിക്ക് കുളിരണു...................വല്ലാതെ...................”

മുപ്പത്തിഅഞ്ചുവയസ്സുകാരന്‍ മകന്റെ അസമയത്തെ അനാവശ്യത്തിനു മുന്നില്‍ വൃദ്ധപിതാവ് ഉടുമുണ്ട് കുടഞ്ഞുടുത്തു.

“ എന്താ...............എന്താ.......................” ഓടാമ്പലിന്റെ ഒച്ചക്കൊപ്പം ധന്യന്തരം കുഴമ്പില്‍ ചാലിച്ച അമ്മയുടെ ശബ്ദം.

“ അവന് കുളിരണൂത്രെ.................വല്ലാണ്ടെ..............എന്നെ വിളിച്ചുണര്‍ത്തി.............”

“എന്താ................എന്തുപറ്റി മോനെ...................................” കൈകളില്‍ മെല്ലെ പിടിച്ച് അമ്മ ചോദിച്ചു.

ചോദ്യങ്ങള്‍ ഉത്തരങ്ങളെ അന്വേഷിച്ച് ഇരുട്ടിലേക്കിറങ്ങി നടന്നു.

തലക്കു ചുറ്റും ചൂളം വിളിക്കുന്ന എന്തോ ഒന്നിനെ ഇരുകൈകളാല്‍ തടുത്ത് ഞാന്‍ തറയില്‍ കുത്തിയിരുന്നു.

ബോധാബോധങ്ങളുടെ നേര്‍ത്ത നൂലിഴ എവിടെയോ പൊട്ടി.

ഇരുട്ടിന്റെ ആഴങ്ങളിലേക്ക് നൂണിറങ്ങിക്കറങ്ങി ബോധം യാത്രയായി.

*****************************************

വെളിച്ചത്തിലേക്ക് പുനരാനയിക്കപ്പെട്ടപ്പോള്‍ പിറ്റേന്ന് രാവിലെ 11 മണിയായിരുന്നു. വെളുത്ത അമ്പാസിഡര്‍ കാറിന്റെ പിന്‍സീറ്റില്‍ അച്ഛനും അളിയനും നടുവില്‍ ഒരു തടവുപുള്ളിയായി സഞ്ചരിക്കുകയായിരുന്നു ഞാനപ്പോള്‍.

തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രി.പ്രസവത്തിന് പേരു കേട്ട ആ ആശുപത്രിയില്‍ ഏഴാം നില ഞങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. ഇരുമ്പുചങ്ങല പുട്ടിയ വാതില്‍ ഏഴാം നിലയില്‍ നിന്നും മറ്റുള്ളവരെ കാത്തു രക്ഷിക്കുന്നു. ആറുനിലകളിലും പിറവിയുടെ ചേതനകളാണ്. മറ്റേതോ ലോകത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവരുന്നവര്‍. ഏഴാം നിലയില്‍ ഞങ്ങള്‍ ഭ്രാന്തന്മാര്‍. മറ്റേതോ ലോകത്തിലേക്ക് തിരികെ മടങ്ങുന്നവര്‍.

ഉണ്ടക്കണ്ണും കഷണ്ടിയും വേണ്ടതിലധികം കീറിയ വായും ഉള്ള ആ ഡോക്റ്റര്‍ വെള്ളാപ്പള്ളി നടേശനെ ഓര്‍മ്മിപ്പിച്ചു.
.................................................

ഞരമ്പുകളിലേക്ക് മരുന്നു സൂചി തുളച്ചുകയറുമ്പോള്‍ അസഹ്യമായ വേദന........പിന്നെ ഇരുട്ടിന്റെ ആഴങ്ങളിലേക്ക്..................അത് ഒരു പത്തുനില കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയപ്പെടുന്ന ഒരവസ്ഥയാണ്. ഇരുളിലേക്ക് പാഞ്ഞുപോകുമ്പോള്‍ എവിടെയോ പൂത്തിരികള്‍ മിനിമറയുന്നത് കാണാം.

ബോധം വീണുകിട്ടുന്ന അപൂര്‍വ്വനിമിഷങ്ങളില്‍ ഞാന്‍ ഏങ്ങിയേങ്ങിക്കരഞ്ഞു. കരച്ചില്‍ പിറുപിറുക്കലായി........... അട്ടഹാസമായി............ആക്രോശമായി...........

കിടക്കക്കെതിര്‍വശം ചുമരുംചാരി തോര്‍ത്തുമുണ്ടാല്‍ കണ്ണീരൊപ്പിയിരിക്കുന്ന അച്ഛന്‍ മാത്രം.

ബോധാബോധങ്ങളുടെ ഏറ്റുമുട്ടലിനിടയില്‍ ഒരു ദിനം അവന്‍ ഉള്ളിലിരുന്ന് ചോദിച്ചു.

“നിനക്കിവിടെ നിന്ന് രക്ഷപ്പെടണോ................”

“ വേണം................വേണം....................” ഞാനുറക്കെ വിലപിച്ചു.

“ഏങ്കില്‍ ആ വൃദ്ധന്റെ കഴുത്ത് ഞെരിക്ക്............എന്നിട്ട് കതകിന്റെ കുറ്റിയെടുത്ത് പുറത്തേക്കിറങ്ങ്....”

ഭ്രാന്ത് ഞരമ്പുകളിലേക്ക് ഇരച്ചു കയറി. അഞ്ചോളം ദിനങ്ങളായി തുളച്ചുകയറിയ സൂചികള്‍ ശരീരത്തില്‍ അരിപ്പ തീര്‍ത്തിരിക്കുന്നു. തൂങ്ങിയാടുന്ന കണ്‍പോളകളെ വലിച്ചുയര്‍ത്തി പിതാവിന് നേരെ നടക്കുമ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.

അതവളാണ്, എന്റെ ഭാര്യ............ബര്‍ദുബായിയിലെ കുടുസ്സുമുറിയില്‍ അവളേയും മകളെയും തനിച്ചാക്കിയാണ് ഞാന്‍ നാട്ടിലെത്തിയത്. ശബരിമല ശാസ്താവിനെ തൊഴുതത്. ഭ്രാന്തനായത്.

“ എന്തു പറ്റി കുട്ടാ നിനക്ക്.............” കാതങ്ങള്‍ക്ക് അകലെനിന്ന് ഒരു തണുത്ത കാറ്റ് പോലെ, നനുത്ത മഴ പോലെ അവള്‍ എന്നിലേക്ക് പെയ്തിറങ്ങി.

“ എനിക്ക് എനിക്ക്...............................എനിക്ക് വയ്യെന്റമോളേ................” കണ്ണീര്‍ച്ചാലുകള്‍ ഭ്രാന്തമായി കുത്തിയൊലിക്കുകയായിരുന്നു. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.

“ കരയല്ലെ കുട്ടാ....................എല്ലാം നേരെയാകും..............ഞാനും മോളുമില്ലേടാ നിനക്ക്..............കരയല്ലെടാ...........കരയല്ലേ......................” അവള്‍ കരയാന്‍ തുടങ്ങി

അലറിപ്പാഞ്ഞ ഞരമ്പുകളെല്ലാം നിശ്ചലമായ മാതിരി. ഒരു നിമിഷനേരത്തേക്ക് ബോധത്തിന്റെ മാത്രമായ ലോകത്തേക്ക്.

ഞാന്‍ അവളോട് പറഞ്ഞു “ എനിക്ക് ഇവിടെ പറ്റില്ല മോളേ..............മയക്കുമരുന്ന് കുത്തിവച്ച് കുത്തിവച്ച് ഇവര്‍ എന്നെ കൊല്ലും............എനിക്കിവിടെ വേണ്ടാ................”

“ വേണ്ട........എന്റെ മോന്‍ അവിടെ കിടക്കണ്ടാ..............മാറ്...മോനിഷ്ടമുള്ള എവിടേക്കെങ്കിലും മാറ്........”

.......................................................

അവള്‍ വിളിച്ചതിന്റെ പിറ്റേന്ന് ഞങ്ങള്‍ അവിടെ നിന്ന് പാടിയിറങ്ങി. നടന്ന് പടികയറി ഏഴാം നിലയിലേക്ക് പോയ ഞാന്‍ ചക്രക്കസേരയില്‍ ഒടിഞ്ഞു മടങ്ങി നാക്ക് പുറത്തേക്കിട്ട് ലിഫ്റ്റില്‍ പറന്നിറങ്ങി.

................................................
അടുത്തത് പേരൂര്‍ക്കടയിലുള്ള ഒരു മാനസികരോഗവിദഗ്ദ്ധന്റെ വീടായിരുന്നു. എന്നെ പുറത്തിരുത്തി അച്ഛന്‍ അകത്തേക്കു പോയി.

ഓരോ ഭ്രാന്തനും അറിയപ്പെടാത്ത എഴുത്തുകാരന്റെ പുസ്തകമാണ്. അവന് മുഖവുരകള്‍ ആവശ്യമാണ്. അവതാരികകളും.

അത് സ്വാത്തിക സ്വഭാവമുള്ള വൃദ്ധനായ ഒരു ഡോക്ടറായിരുന്നു. പരിശോധനാമുറിയില്‍ ഓടി നടന്ന എന്നെ വാത്സല്യത്തിന്ടെയും കൌതുകത്തിന്റ്റേയും നിറമുള്ള കണ്ണുകളാല്‍ അദ്ദേഹം സ്വന്തം ക്ലിനിക്കിലേക്ക് പറഞ്ഞയച്ചു.

അതൊരു പഴയ വീടാണ് . മുറ്റത്ത് നിറയെ ചാമ്പമരങ്ങള്‍ പൂത്തുനില്‍ക്കുന്നു. ഇടിഞ്ഞ് പൊളിഞ്ഞ ചുമരുകള്‍. അട്ടഹാസങ്ങളും ഞരക്കങ്ങളും തളം കെട്ടിനില്‍ക്കുന്ന മുറികള്‍ . വരാന്തയില്‍ ഭ്രാന്തന്മാര്‍ കൂട്ടം കൂടി നില്‍ക്കുന്നു. ടി.വീ. കാണുന്നു. കൊത്തന്‍ കല്ല് കളിക്കുന്നു.

“ എനിക്ക് വയ്യേ................എനിക്കീ ഭ്രാന്തന്മാരോടൊപ്പം കീടക്കാന്‍ വയ്യേ.............” ഞാന്‍ നിലവിളിച്ചു.
ഭ്രാന്തന്മാര്‍! അവര്‍ എന്നെ നോക്കി ചിരിച്ചു.

അവര്‍ ഭ്രാന്ത് മാറിയവരാണ്. പുതുലോകത്തേക്ക് തിരിച്ചുവന്നവരാണ്.

ഉന്മാദത്തിന്റെ പാരമ്യത്തില്‍ ഞാന്‍ അലറിവിളിച്ചു. “ എന്നെ രക്ഷിക്കണേ.........................”

രണ്ട് തടിമാടന്മാര്‍ എന്നെ തൂക്കിയെടുത്ത് കിട്ക്കയിലേക്ക് കൊണ്ടുപോയി. അരക്കെട്ടിലേക്ക് സൂചി ആഴ്ന്നിറങ്ങി. ഇരുട്ടിലേക്ക് ഞാനും.

ഇരുളിന്റെ ഏതോ ഒരു നാഴികയില്‍ അവള്‍ എന്നെ വീണ്ടും വിളിച്ചു.

ദിനംതോറുമുള്ള അവളുടെ വിളികളാണ് എന്നെ നിലനിര്‍ത്തുന്നത്. എന്റെ ബോധാബോധങ്ങളുടെ നേര്‍ത്തനൂലിഴ അവളുടെ ശബ്ദം മാത്രമാണ്. അതില്‍ ഞാന്‍ ഭൂമിയിലേക്ക് തിരിച്ചു വരും. എന്റെ മകളുണ്ട് അവളോടൊപ്പം, കാതങ്ങള്‍ക്കപ്പുറം

എന്നെ ജീവിപ്പിക്കുന്നത് ആ ഓര്‍മ്മകളാണ്. ആ സാമീപ്യമാണ്.

“ മോളേ............എനിക്ക് വയ്യ............ചുറ്റും ഭ്രാന്തന്മാരാണ് മോളേ...........എനിക്കിവിടെ വയ്യാ..............”

ഞാന്‍ ഫോണിലൂടെ അലറിക്കരഞ്ഞു.

അവളും തേങ്ങി ,” ഒന്നു രണ്ടു ദിവസത്തേക്കല്ലേ കുട്ടാ..............ഒന്ന് ക്ഷമിക്ക്........എന്നെയോര്‍ത്ത്.........ദൈവത്തെ ഓര്‍ത്ത്.......................നമ്മുടെ മകളെ ഓര്‍ത്ത്.........”

ഓര്‍മ്മകള്‍ പുകച്ചുരുളുകളായി തിരികെയെത്തി. നിന്നെ, മകളെ അല്ലാതെ ഞാനാരെ ഓര്‍ക്കാന്‍. ഞാന്‍ ആര്‍ക്കു വേണ്ടി ജീവിക്കാന്‍...................., നിനക്കുവേണ്ടി...........നമ്മുടെ മകള്‍ക്കു വേണ്ടി.............ഞാന്‍ ഈ ചങ്ങലയില്‍ വീണ്ടും..................

അവള്‍ക്ക് വല്ലാത്തൊരു ശക്തിയുണ്ട്. എനിക്കങ്ങ്നെ തോന്നി. എന്റെ ബോധമണ്ഡലം കയറു പൊട്ടിക്കുന്ന നിമിഷങ്ങളില്‍ ഏഴു കടലുകള്‍ക്കപ്പുറത്ത് അവളത് കാണും. ആ വിളിയില്‍ , സ്നേഹത്തില്‍, ആ ഉപദേശങ്ങളില്‍ ഞാന്‍ അടങ്ങി, ഞാന്‍ മടങ്ങി, ഈ ലോകത്തേക്ക്...........................

...................................................

ചികിത്സ പിന്നെയും നീണ്ടു. വീണ്ടും ആശുപത്രി മാറി. ശാസ്തമങലത്ത് ഒരു ഗുരുവിന്റെ പേരിലുള്ള ആശുപത്രിയിലായിരുന്നു അവസാനം.

ഒടുവില്‍ .................................

പതിമൂന്ന് ദിനങ്ങളുടെ ഉന്മാദത്തിന്റെ ലോകത്ത് നിന്ന് ഞാന്‍ താഴെയെത്തി. ഒരു മനുഷ്യനായി.........വികാരവും വിവേകവും ഉള്ള ഒരു സാദാ ജീവിയായി. വീടിന്റെ ഉമ്മറപ്പടിയില്‍ എന്നെ കെട്ടിപ്പിടിച്ച് അമ്മ പൊട്ടിക്കരഞ്ഞു.

“ പോട്ടെ അമ്മേ...............എല്ലാം പോട്ടെ.................” ഞാനും കരഞ്ഞു.

തിരികെ മടങ്ങണം. അവധി കഴിയാറായി. ഒരു ദിനം വൈകിയാല്‍ പുറത്താണ്. കേരളമല്ല ദുബായി.

അവള്‍ വിളിച്ചില്ല ഇതുവരെ.....ഈശ്വരന്മാരേ...............എന്നെ രക്ഷിച്ചത് അവളാണ്. അവളുടെ വാക്കുകള്‍, സ്നേഹം, സ്വാന്തനം...അതിലാണ് എനിക്ക് ജീവിതം തിരിച്ചു കിട്ടിയത്. ഒന്നു കണ്ടിരുന്നെങ്കില്‍ ഒന്നു കെട്ടിപ്പിടിച്ചിരുന്നെങ്കില്‍...................

ഫോണില്‍ ഞാനവളെ വിളിച്ചു. വീണ്ടും വീണ്ടും..........ബല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ല. അവള്‍ ജോലിസ്ഥലത്താണ്. സമയത്തെക്കുറിച്ചു പോലും എനിക്കൊരു ബോധവുമില്ല. രാത്രി എട്ടു മണിക്ക് മുന്‍പ് അവളെ വിളിക്കുന്നതെങ്ങിനെ?.......

വൈകുന്നേരം ക്ഷേത്രത്തില്‍ പോയി. അമ്മയുടെ വഴിപാടായിരുന്നു. കളഭം ചാര്‍ത്തിയ ദേവിയുടെ ചുണ്ടുകളില്‍ ഒരു കുസൃതിയുടെ നാളം. “അമ്മേ..........എല്ലാം നിന്റെ പരീക്ഷണങ്ങള്‍”.

രാത്രി എട്ടു മണിക്ക് ലാന്‍ഡ് ലൈനില്‍ ഒരു ഫോണ്‍. ഓടിച്ചെന്നെടുത്തു. അമ്മാവനാണ്. അവളുടെ അച്ഛന്‍.

“ അമ്മാവാ.............ഞാനാണ്..........”

‘അച്ഛനില്ലേ അവിടെ..............ഒന്നച്ഛന് കൊടുക്ക്.............”

പതിമൂന്നു നാളുകളിലെ ദിനപത്രത്തില്‍ മുഖം പൂഴ്തിയിരുന്ന അച്ഛന്‍ ഫോണ്‍ ഏറ്റുവാങ്ങി. അച്ഛന്റെ കണ്ണുകള്‍ അകാരണമായി പുറത്തേക്ക് തള്ളുന്നത് കണ്ട് ഞാനടുത്തു ചെന്നു. റിസീവറിലൂടെ ഞാന്‍ ഇത്രയും വ്യക്തമായി കേട്ടു.

“ നിങ്ങളുടെ മകന്‍ എന്റെ മകളെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നു. അത് നിങ്ങള്‍ പറഞ്ഞുവിലക്കണം. എന്റെ മകള്‍ക്ക് ഇങ്ങ്നെയൊരു ഭ്രാന്തനെ ഭര്‍ത്താവായി ആവശ്യമില്ല”

“ എന്തായീ പറയുന്നേ അച്യുതാ.................അവള്‍ അവനെ എല്ലാദിവസവും വിളിക്കുന്നതല്ലേ.........അവര്‍ തമ്മില്‍ സംസാരിക്കുന്നതല്ലേ..............എന്നിട്ട് നീയിങ്ങനെ.......................”

“എന്റെ മകള്‍ അവനെ വിളിച്ചെന്നോ........കൊള്ളാം........ഒരൊറ്റ ദിവസം പോലും അവള്‍ അവനെ വിളിച്ചിട്ടേയില്ല. അവന് ഭ്രാന്തല്ലേ.........അവളല്ല അമേരിക്കന്‍ പ്രസിഡന്റുവരെ വിളിച്ചെന്ന് അവനു തോന്നും. ദയവുചെയ്ത് എന്റെ മകളെ ഉപദ്രവിക്കരുത്. എന്റെ കുടുബം എങ്ങെനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ................................”

കൂ.................കൂ................എന്നൊരു പരിഹാസത്തോടെ ഫോണ്‍ നിശ്ചലമായി.

“കള്ളം....................പച്ചക്കള്ളം................അവള്‍ എന്നെ വിളിക്കാറുണ്ട്..........ദാ...........ഇന്നലെയും വിളിച്ചു.അമ്മാവന്‍ കള്ളം പറയുന്നതാണ്. ..............എന്നെയും അവളെയും ചതിക്കുകയാണ്...........സംശയമുണ്ടെങ്കില്‍ ഈ ഫോണൊന്നു നോക്ക്” ഞാന്‍ മൊബൈല്‍ ഫോണ്‍ അച്ഛനു നേരെ നീട്ടി.

പതിമൂന്നു ദിനങ്ങള്‍ക്കിപ്പുറം യാതൊരു entry യുമില്ലാത്ത ആ ഫോണ്‍ അച്ഛന്റെ വിറയാര്‍ന്ന വിരലുകളില്‍ നിന്ന് താഴേക്കു വീണു.

അച്ഛാ....................! അമ്മേ.................എനിക്ക് കുളിരണൂ........................വല്ലാതെ.........................”

Tuesday, December 7, 2010

ജെ.പി. എന്ന തൊഴില്‍ ദാതാവ്

ഒരു പ്രമുഖ കലാലയത്തില്‍ അധ്യാപക തസ്തികയില്‍ ഒഴിവ്. പണ്ടെങ്ങോ കിട്ടിയ ഒരു നെറ്റ് കൈവശമുള്ളതിനാല്‍ ഞാനും അപേക്ഷിച്ചു.

സ്വകാര്യ കോളേജില്‍ നിയമനത്തിന് അപേക്ഷ അയച്ചാല്‍ മാത്രം പോരല്ലോ....വേറേ ചില അഭ്യാസങ്ങള്‍ കൂടി ആവശ്യമാണ്......

ഇങ്ങനെ ഒരു ദൌത്യവുമായി മുന്‍പ് പോയിട്ടില്ലാത്തതിനാല്‍ ഒരു എത്തും പിടിയും കിട്ടിയില്ല.................

“ഇരുപതും മുപ്പതും ലക്ഷം കൊടുക്കേണ്ടിവരും “ ഉന്നതങ്ങളില്‍ പിടിക്കേണ്ടിവരും” ഒരു സുഹൃത്തു പറഞ്ഞു.

തുക കേട്ടപ്പോള്‍ തല കറങ്ങി.........ഉന്നതരെ കേട്ടപ്പോള്‍ തല തിരിച്ചു കറങ്ങി................

അങ്ങനെ ആ മോഹം ഉത്തരത്തില്‍ തന്നെ വച്ചു..........

ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം രാവിലെ മൊബൈലില്‍ എനിക്ക് ഒരു ഫോണ്‍..............

“.........................അല്ലേ...................”

“അതേ......................”

“ നിങ്ങള്‍ .................കോളേജില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നുവോ...........................”

“ അതേ...........ഞാന്‍ അപേക്ഷിച്ചിരുന്നു................നിങ്ങളാരാ.......................”

“ ഞാന്‍ ജെ.പി..................നിങ്ങള്‍ക്ക് ആ ജോലി വേണോ....................”

“വേണം........വേണം..................അത് കിട്ടുമോ...........................”

“സ്വല്പം പ്രയാസമുള്ള കാര്യമാണ്............വളരെ അപേക്ഷകരുണ്ട്...............എന്നാലും ഞാനൊന്ന് നോക്കട്ടേ...........നിങ്ങളുടെ ബയോഡാറ്റയുടെ അഞ്ച് കോപ്പി, നാല് ഫോട്ടോ എന്നിവ തയ്യാറാക്കി വയ്ക്കുക”

“ അപ്പോ..........സാറേ...............രൂപ ...............അതെത്രയാകും..........”

“അത് ഞാന്‍ മാനേജുമെണ്ടുമായി ഒന്നു കൂടി ബന്ധപ്പെടട്ടേ.................എന്നിട്ട് വിളിക്കാം...................”

പിറ്റേന്ന് വൈകിട്ട് വീണ്ടും വിളി വന്നു.
“ഞാന്‍ ജെ.പി......................നിങ്ങള്‍ ഒരു അഞ്ച് ലക്ഷം രൂപ നാളെ രാവിലെ എന്നെ ഏല്‍പ്പിക്കണം”

“നാളെ രാവിലെയോ...............അഞ്ച് ലക്ഷം രൂപയോ..................നമ്മള്‍ തമ്മില്‍ കണ്ടിട്ട് പോലുമില്ലല്ലോ................”

“ ഞാന്‍ ജെ.പി. കേരളാ പോലീസിലെ വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്ററാണ്. നിങ്ങള്‍ തരുന്ന തുകക്ക് ഞാന്‍ മുദ്ര പത്രത്തില്‍ കരാര്‍ എഴുതിത്തരും...................ആവശ്യത്തിന് തുക പറ്റിയിരിക്കുന്നു എന്ന് ഇലകഷന്‍ ഐഡന്റിറ്റി കാര്‍ഡ് സഹിതം എഴുതിത്തരും”

“ അല്ല സാറേ................ഈ പൈസ എന്നു വച്ചാ..................കോളേജില്‍ അഭിമുഖത്തിന് തിയതി പോലും തീരുമാനിച്ചിട്ടില്ലല്ലോ......”

“ അതൊന്നും നിങ്ങള്‍ അറിയേണ്ടാ................വേറെ എത്രയോ അപേക്ഷകരുണ്ട്................നിങ്ങളുടെ ഒരു സുഹൃത്ത് പറഞ്ഞതുകൊണ്ടാ ഞാന്‍ വിളിച്ചേ............വലിയ സംശയമൊക്കെയാണങ്കി വേണ്ട..............വേറേ അപേക്ഷകരുണ്ട്”

“ അയ്യോ ..............സാറേ..................വേണ്ട............എന്ന് വൈക്കല്ലേ.............പെട്ടന്ന് ഇത്രയും പൈസ ബുദ്ധിമുട്ടായതുകൊണ്ടാ.......ഏതായാലും ഞാന്‍ മറ്റെന്നാ വിവരം പറയാം..................”

പിന്നിടുള്ള നിമിഷങ്ങള്‍ ............വേണോ............വേണ്ടയോ.................................കോളേജ് അധ്യാപക ജോലിയാണ്. തട്ടിത്തെറിപ്പിക്കണോ.............അതോ ഇത് പറ്റിപ്പാണോ..................

അമ്മ പറഞ്ഞു “ നീ യേതയാലും കോളേജില്‍ ഒന്ന് പോയി കാര്യം തിരക്ക് , അവര് പൈസ വാങ്ങിത്തുടങ്ങിയോ എന്ന് അറിയാമല്ലോ..............”

പിറ്റേന്ന് കോളേജിലെത്തി. മാനേജറെ കണ്ടു.
“ ഞങ്ങള്‍ പൈസ വാങ്ങിത്തന്നെയാണ് നിയമനം നടത്തുന്നത്. ഈ വര്‍ഷത്തെ നിയമനത്തിന്റെ തുക തീരുമാനിച്ചില്ല. അടുത്ത ബോര്‍ഡ് മീറ്റിങ്ങിലേ തീരുമാനിക്കൂ....................”
“ അല്ല പൈസ വാങ്ങാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ.........................”
“ ഇല്ലല്ലോ അങ്ങിനെയാരെയും ഞങ്ങള്‍ ചുമതലപ്പെടുത്തിയിട്ടില്ല..............നിങ്ങള്‍ ആര്‍ക്കെങ്കിലും പൈസ കൊടുത്താല്‍ അത് നിങ്ങളുടെ ഉത്തരവാദിത്വത്തിലായിരിക്കും”

അങ്ങിനെ മനസ്സിന് ആശ്വാസമായി.........ഒരു തീരുമാനമെടുത്തു.

പിറ്റേന്ന് രാവിലെ ജെ.പി.യുടെ ഫോണ്‍ വന്നു.........അയാളുടെ ആദ്യ ചോദ്യം എന്നെ ഞെട്ടിച്ചു
“ ഇന്നലെ കോളേജില്‍ പോയി ..........മാനേജറെ കണ്ടുവല്ലേ.......................”
“............................................”
“ എന്നിട്ട് ഞങ്ങള്‍ ആരെയും പൈസ വാങ്ങാന്‍ ചുമതല പെടുത്തിയിട്ടില്ല എന്ന് അയാള്‍ പറഞ്ഞു അല്ലേ”
“............................................................”
“മാനേജറെ കണ്ടിറങ്ങിയിട്ട് താന്‍ പ്രിന്‍സിപ്പലിനേയും കേറി കണ്ടല്ലോ....................അയാള്‍ എന്ത് പറഞ്ഞു”
“അത്...........................അത്....................................................”
“എടോ ഏതെങ്കിലും ഒരു മാനേജറ്................പൈസ വാങ്ങുന്ന കാര്യം ഒരു കാന്‍ഡിഡേറ്റിനോട് സമ്മതിക്കുമോ................അയാള്‍ എന്നെ വിളിച്ചിരുന്നു..............അപ്പോഴാ...........താന്‍ ചെന്ന വിവരം അറിഞ്ഞത്...................ഇപ്പോ തനിക്ക് ഞാനും അവരുമായുള്ള ബന്ധം മനസ്സിലായിക്കാണുമല്ലോ................”

“..................................................”
“താനെന്താ................ഒന്നും മിണ്ടാത്തത്.................നാളെ എപ്പോ രൂപ തരും”
“ എനിക്ക് ആ ജോലി വേണ്ട്......................”
“പിന്നെ..........................”
“പൈസ കൊടുക്കാതെ കിട്ടുന്ന ജോലി മതി”
“പിന്നെ പൈസ കൊടുക്കാതെ ഇപ്പൊ തനിക്ക് അവര് ജോലി തരും!”
“...........................................”
“ പിന്നെ എന്നെ മറികടന്ന് നേരിട്ട് മാനേജറുമായി ഇടപാട് നടത്താനാണ് പരിപാടിയെങ്കില്‍...............പൊന്നു മോനെ ജെ.പി.യോട് കളിക്കല്ലേ.........................”
“........................................................”
“താന്‍ പൈസ തരുന്നോ.................ഇല്ലയോ.........................”
“ ഇല്ല”
“എങ്കി............താന്‍ ഇതു കേട്ടോ ഈ കോളെജിലല്ല................കേരളത്തിലെ ഒരു കോളെജിലും താന്‍ ജോലിക്ക് കേറാതെ ഞാന്‍ നോക്കിക്കോളാം.....................എനിക്ക് ബന്ധമില്ലാത്ത ഒരു മാനേജുമെന്റും കേരളത്തിലില്ല എന്ന് ഞാന്‍ നിനക്ക് മനസ്സിലാക്കിത്തരാം”
ജെ.പി.ഫോണ്‍ വച്ചു................അങ്ങിനെ എന്റെ കലാലയ മോഹങ്ങള്‍ക്ക് ഞാന്‍ ചിതയൊരുക്കി.................

മാസങ്ങള്‍ക്ക് ശേഷം ഇപ്പോ ഞാന്‍ ജെ.പി.യെ ഓര്‍ക്കുന്നു. ഈ വാര്‍ത്തയിലൂടെ......................
നിയമന തട്ടിപ്പ്‌: ജെ.പിക്ക്‌ മന്ത്രിമാരുടെ ഓഫീസുമായി അടുത്ത ബന്ധം

തിരുവനന്തപുരം: വയനാട്‌ നിയമന തട്ടിപ്പിലെ ഇടനിലക്കാരന്‍ ജെ.പി എന്ന ജനാര്‍ദ്ദന്‍പിള്ളക്ക്‌ സി.പി.ഐ മന്ത്രിമാരുടെ ഓഫീസുമായി അടുത്തബന്ധമുണ്ടെന്ന സൂചന ലഭിച്ചു. ജെ.പിയുടെ മകള്‍ പി.ലെന കൃഷിമന്ത്രി മുല്ലക്കര രത്നാകരന്റെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറിയും ലെനയുടെ ഭര്‍ത്താവ്‌ ജെ.പ്രസാദ്‌ വനംമന്ത്രി ബിനോയ്‌ വിശ്വത്തിന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയുമാണ്‌. ജെ.പി സെക്രട്ടേറിയറ്റിലെ നിത്യ സന്ദര്‍ശകനാണെന്നും ജോലി, ബാങ്ക്‌ വായ്‌പ ഇടപാടുകളിലെ മുഖ്യ ഇടനിലക്കാരനാണെന്നും റിപ്പോര്‍ട്ടുണ്ട്‌. കേസില്‍ ജെ.പി ഉള്‍പ്പെടെ കൂടുതല്‍ പേരെ കേസില്‍ പ്രതിചേര്‍ക്കുമെന്നു വയനാട്‌ പോലീസ്‌ അറിയിച്ചു. ഇയാളുടെ സഹായികളെയും തിരിച്ചറിഞ്ഞതായി പോലീസ്‌ വ്യക്‌തമാക്കി.

ഈ ജെ.പി യാണോ ..........ആ ജെ.പി..............അയാള്‍ ഹരിപ്പാട്ടുകാരനാണ്, പോലീസിലാണ് എന്നാണ് പറഞ്ഞത്. .................
ഏതായാലും..............അതും ഒരു ജെ.പി...........................

Tuesday, September 7, 2010

വ്യാപാരമേ ഹനനമാം............................

എല്ലാ അപകടങ്ങളും പോലെ തന്നെ അതും ഒരു നിമിഷനേരത്തെ അശ്രദ്ധ, അതോ നോട്ടക്കുറവോ....................
വശത്ത് നിന്ന് വളഞ്ഞ് കയറിയ ആ ആട്ടോ റിക്ഷ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി.
ഞെരിയുന്ന , തകരുന്ന, ശബ്ദങ്ങള്‍..................നിമിഷങ്ങള്‍ പിന്നെയും കഴിഞ്ഞു ലോറി നില്‍ക്കാന്‍...........
ഞങ്ങള്‍ ഓടിക്കൂടി..............എല്ലാവരും പ്രേക്ഷകര്‍....................നിസ്സഹായര്‍.................................ഒന്നറിഞ്ഞു...................ആട്ടോയില്‍ ഡ്രൈവര്‍ മാത്രം................ചതഞ്ഞരഞ്ഞ ഒരു ദേഹം.

മാന്യന്മാരല്ലാത്ത ചിലര്‍ ലോറിക്കടിയിലേക്ക് നൂണ്ടിറങ്ങി...................ഒരു ചതഞ്ഞ മാംസ പിണ്ഡത്തെ പുറത്തെടുത്തു.

വണ്ടിവിളിയെടാ...............................................

ഒരു വണ്ടിയുമില്ല............................ജനക്കൂട്ടത്തിനിടയില്‍ വണ്ടിയുടമകളായുള്ളവര്‍ പതിയെ പിന്നോട്ട് മാറി...................

ഒടുവില്‍ ഒരു പഴയ അംബാസിഡര്‍.................ദ്രവിച്ച ഒരു ഡ്രൈവറും...........................

ശരീരത്തെ വാരിയെടുത്ത് വാഹന്ത്തില്‍ കയറ്റി. ഒപ്പം മൂന്നുപേരും. അവര്‍ അപകടത്തില്‍ പെട്ട വ്യക്തിയുടെ സഹപ്രവര്‍ത്തകരാണ്. ആട്ടോ ഡ്രൈവര്‍മാര്‍..................................

മെഡിക്കല്‍ കോളേജിലേക്ക് വിട്...............................

വേണ്ട്.....................അവന്മാര്‍ നോക്കില്ല...........................

പിന്നെ എവിടെ.....................................

മറ്റടത്തോട്ട് വിട്.............................അല്‍പമെങ്കിലും ചാന്‍സുണ്ടെങ്കില്‍ അവര്‍ രക്ഷിക്കും................

ചെന്നെത്താനും അതാ എളുപ്പം..........................ബൈപ്പാസുവഴി വിട്ടാ മതി.............................

ചെന്നെത്തിയിട്ട് എന്താ.................ഒര് അനക്കവുമില്ലല്ലോ.............................

തീര്‍ന്നിട്ടുണ്ടാകുമോ.....................ദൈവമേ......................................

ഇവന്റെ ചേട്ടന്‍ മലക്കറികടയില്‍ കാണും ........................അയാളെ വിളിച്ച് കാര്യം പറ........................

..................................................................

പറഞ്ഞോ................................................

പറഞ്ഞു..............................അവരുടനെ തിരിക്കും............................

അത് രക്ഷയായി......................അവര് ഏറ്റെടുത്താല്‍ നമുക്ക് ഊരിപ്പോകാം......................................

കൂറ്റന്‍ കണ്ണാടിത്തിരമാലകള്‍ പോലെ ആശുപത്രി . ഗേറ്റ് കടന്ന് അത്യാഹിത വിഭാഗത്തിനു മുന്നില്‍ വണ്ടി നിര്‍ത്തി.

ഒന്നും ചോദിക്കുകയോ പറയുകയോ വേണ്ടിവന്നില്ല. വെളുത്ത കുപ്പായങ്ങള്‍ വന്ന് ശരീരത്തെ തൂക്കിയെടുത്തു.................

നിമിഷങ്ങള്‍ മാത്രം താഴത്തെ മുറിയില്‍. പിന്നെ ഐ.സി.യൂണിറ്റിലേക്ക് കുതിച്ചു.

വെളുത്ത കുപ്പായക്കാരി വന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കേട്ടറിവുകള്‍ രേഖകളാക്കി നല്‍കി.

മൌനത്തിലൊളിച്ച ദേഹങ്ങള്‍ തിയേറ്ററിലേക്ക് കയറുന്നു ഇറങ്ങുന്നു..........................കണ്ണുകളില്‍................ചുണ്ടുകളില്‍ ഒക്കെ മൌനം മാത്രം............................

ബന്ധുക്കള്‍ എത്തുന്നതിനു മുന്‍പ് അത് സംഭവിക്കരുതേ........................................

അടഞ്ഞ ശബ്ദത്തില്‍ വാതില്‍ ഒന്നു കൂടി കരഞ്ഞു...................................

ആരാ...................കൂടെ വന്നവര്‍........................................................

വളരെ സീരിയസാണ്.......................ഉടനെ ഒരു സര്‍ജറി വേണ്ടിവരും...................................

അതു നടത്താം ഡോക്ടര്‍.................................................

പക്ഷേ രണ്ട് ലക്ഷം രൂപയോളം ചെലവാകും.....................അത് ഉടനെ കെട്ടിവക്കണം.................................

പുള്ളി.........................വളരെ പാവപ്പെട്ട കുടുംബത്തിലെയാണ്. ആട്ടോ ഡ്രൈവറാണ്.........................ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.......അവരെത്തും തുക അവരെങ്ങിനെയും എത്തിക്കും സാര്‍..............................ഓപ്പറേഷന്‍ നടക്കട്ടെ...............

അത് എനിക്ക് പറ്റില്ല. നിങ്ങള്‍ പി.ആര്‍.ഒ.യുമായി സംസാരിക്കൂ. അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ ചെയ്യാം......................

പി.ആര്‍.ഒ.യുടെ മുറി തിരക്കി നടക്കുമ്പോള്‍ അവരെത്തി. ചേട്ടനും ഒരു സംഘം സുഹൃത്തുക്കളും. മിക്കവരും ആട്ടോ ഡ്രൈവര്‍മാര്‍.............................

ചേട്ടാ........................ഐ.സി.യിലാണ്.......................ഉടനെ ഓപ്പറേഷന്‍ വേണം രണ്ടു ലക്ഷം രൂപയാകും................

ചേട്ടനും സുഹൃത്തുക്കളും ഐ.സി.യിലേക്ക് നടന്നു.

കരുണാമയനായ ആ ഡോക്റ്റര്‍ ചേട്ടന്റെ ചുമലില്‍ തട്ടി. പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിച്ചു.

സാര്‍...........ഞങ്ങള്‍ പാവങ്ങളാണ്...................ഈ ഓപ്പറേഷന്‍ നടത്തിയാല്‍ അനുജന്‍ രക്ഷപെടുമോ സാര്‍................

അതൊന്നും ഒരു ഉറപ്പും തരാനാകില്ല. ചാന്‍സുണ്ട് എന്ന് മാത്രം....................................

എനിക്ക് അവനെ ഒന്ന് കാണാമോ ഡോക്ടര്‍.........................ഒന്ന് കണ്ടാല്‍ മാത്രം മതി........................

അതൊന്നും ഒരിക്കലും നടക്കില്ല........................ഈ അവസ്ഥയില്‍ എങ്ങിനെയാ സുഹൃത്തേ അകത്ത് ആളെക്കടത്തുന്നത്...............

ഒന്ന് കണ്ടാല്‍ മതി ഡോക്ടര്‍....................ഒന്ന്  മാത്രം.......................

കതക് പതുക്കെ അടച്ച് ഡോക്ടര്‍ അകത്തേക്ക് നടന്നു.

“നീ..................വാടാ...................കണ്ടിട്ട് തന്നെ ബാക്കി കാര്യം.....................” ആട്ടോ ഡ്രൈവര്‍മാരിലെ സാമൂഹ്യ വിരുദ്ധന്‍ ഉണര്‍ന്നു.

അടഞ്ഞ വാതില്‍ തള്ളിത്തുറന്ന് അവര്‍ അകത്തേക്ക് കടന്നു.

“ ഹേയ്.................ഹേയ്.......................നിങ്ങളെന്തായീ കാണിക്കുന്നേ...............................” വെള്ള വസ്ത്രം ധരിച്ച നിരവധി കയ്യുകള്‍ തടയാനെത്തി.

അവര്‍ക്ക് തടയാന്‍ കഴിയുന്നതിനുമുന്നേ ആ കാഴ്ച ഇങ്ങോട്ടെത്തിയിരുന്നു.

ഓക്സിജന്‍ കുഴലുകളില്ലാതെ....................ഇലക്ട്രോണിക് ഉപകരണങ്ങളില്ലാതെ................

നിസംഗനായി ........നിര്‍വികാരനായി.........ആരാലും പരിചരിക്കപ്പെടാതെ ഒരു ശവം...........................

മരിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞ ഒരു ശവം................................

രണ്ട് ലക്ഷം രൂപയും കാത്ത് കണ്ണുകള്‍ തുറന്ന് പിടിച്ച് അതങ്ങിനെ കിടക്കുന്നു..............................................

Thursday, January 14, 2010

സന്ദര്‍ശക മുറി

അവര്‍ എങ്ങോട്ടാണ് പോകുന്നത്?. ഇന്നലെ വരെ അവര്‍ നമ്മളോടൊപ്പമുണ്ടായിരുന്നു. നമ്മുടെ ചിന്തകളില്‍ അവരും അവരുടെ ചിന്തകളില്‍ നമ്മളും ഉണ്ടായിരുന്നു. ഇന്നും നമ്മുടെ ചിന്തകളില്‍ അവരുണ്ട്. പക്ഷേ ഈ ലോകത്ത് നിന്ന് അവര്‍ യാത്രയായിരിക്കുന്നു. ഇപ്പോള്‍ അവരുടെ ചിന്തകള്‍ എവിടെയാണ്?. ആ ചിന്തകളില്‍ നമ്മളുണ്ടോ?.

മരണം വല്ലാത്തൊരു സമസ്യയാണ്. വേദനകളുടെ വെറുപ്പിന്റെ വികാരങ്ങളുടെ വിരാമമാണത്.

ഗര്‍ഭപാത്രത്തിനേക്കാള്‍ ശാന്തമായ ഉറക്കറയാണത്. ജീവിതത്തിന്റെ ഏറ്റവും വലിയ പുണ്യമാണത്.

എഴുപത്തി ആറാം വയസ്സിലാണ് മുത്തശ്ശി മരിക്കുന്നത്. എഴുപത്തി ആറില്‍ മരണം ഒരു ആകസ്മികതയല്ല. അനിവാര്യതയുമല്ല. എങ്കിലും മരണത്തെ മുത്തശ്ശി വല്ലാതെ പേടിച്ചിരുന്നു. പെന്‍ഷന്‍ പറ്റിയ ദിനങ്ങള്‍ മുതല്‍ അവര്‍ പത്രങ്ങളിലെ ചരമകോളങ്ങളില്‍ മുഖം പൂഴ്തിയിരുന്നിരുന്നു. സമപ്രായക്കാരുടെ ചിത്രങ്ങള്‍ അച്ചടിച്ചുവരുമ്പോള്‍ ഞെട്ടിയിരുന്നു. അവരുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു.

ദിനപത്രങ്ങളിലെ ചരമകോളങ്ങള്‍ പ്രായമേറിയ ജീവിതത്തിന്റെ അറുത്തുമാറ്റാനാകാത്ത ഭാഗമാണ്. പ്രായമാകുമ്പോള്‍ ഞാനും ചരമകോളങ്ങളെ സ്നേഹിച്ചേക്കാം.

എഴുപത്തിആറില്‍ സംഭവിച്ച ഒരു വീഴ്ചയാണ് മുത്തശ്ശിയെ മരണത്തിലേക്ക് ക്ഷണിച്ചത്. ചികിത്സകള്‍ക്ക് വിരാമമിട്ട് വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ അനിവാര്യതയെ കുറിച്ച് മുന്നറിയിപ്പു തന്നിരുന്നു ഡോകടര്‍മാര്‍. എഴുപത്തിആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമുകിന്റെ പാളയില്‍ കുളിത്തൊട്ടിതീര്‍ത്ത് മഞ്ഞള്‍ തേച്ചു കുളിച്ചൊരു പിഞ്ചു കുട്ടിയായിരുന്ന അവര്‍ വെള്ളം നിറച്ച മെത്തയില്‍ ഒഴുകി നടന്നു, ഒരു കുട്ടിയെപ്പോലെ.

വാര്‍ദ്ധക്യം ഒരു രണ്ടാം ബാല്യം തന്നെയാണ് , എല്ലാ അര്‍ത്ഥത്തിലും. മൂത്രത്തിലേക്ക്, അപ്പിയിലേക്ക്, കൊഞ്ചലിലേക്ക് , ഒരു തിരിച്ചുപോക്ക്. ചെറുതായി ചെറുതായി, ഒടുവില്‍ ഗര്‍ഭപാത്രത്തിലേക്ക്, ഭൂമിയുടേതാണെന്ന് മാത്രം.

വൈകുന്നേരങ്ങളില്‍ ആഫീസില്‍ നിന്നെത്തുമ്പോള്‍ എനിക്കു മുന്നില്‍ അന്നത്തെ വിശേഷങ്ങളഴിക്കും മുത്തശ്ശി. ആസന്ന മരണയായ തന്നെക്കാണാനെത്തിയ ബന്ധുക്കളുടെ വിവരങ്ങള്‍. ആദ്യമൊക്കെ വെറുതേ മൂളിക്കേട്ടു എങ്കിലും പിന്നീടെപ്പോഴോ ആ വിശേഷങ്ങള്‍ ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി. ബന്ധങ്ങളുടേയും ബന്ധുക്കളുടെയും നീണ്ടു പോകുന്ന ചങ്ങലകള്‍. ഇങ്ങേയറ്റത്തെ കണ്ണിയായ ഞാന്‍ ആ വിവരണങ്ങളിലൂടെ ചങ്ങലയുടെ അറ്റത്തേക്ക് സഞ്ചരിച്ചു തുടങ്ങി.

“ കൊല്ലന്റഴികത്തെ രാഘവന്‍ വന്നിരുന്നു ഉച്ചക്ക്. അവന്‍ ഇപ്പോഴും പഴയതുപോലെ തന്നെ, ഒരു മാറ്റവുമില്ല” കൊല്ലന്റഴികത്തെ രാഘവന്റെ ചരിത്രം മുത്തശ്ശി നിവര്‍ത്താന്‍ തുടങ്ങി. അവന്റെ അച്ഛന്‍ സിങ്കപ്പൂരു പോയ കഥ. മലായിക്കാരിയെ കെട്ടിയ കഥ. അവന്റെ അമ്മ കിണറ്റില്‍ ചാടിയത്. കുടുമ്പചരിത്രങ്ങള്‍ ദേശചരിത്രങ്ങളായി. പിന്നെ ദേശീയതയുടെ അതിരുകള്‍ ഭേദിച്ച് പറന്നു നടക്കാന്‍ തുടങ്ങി.

അടുത്ത സന്ദര്‍ശകന്‍ മുത്തു ചെട്ടിയാരായിരുന്നു. മുത്തശ്ശിക്ക് സ്കൂളില്‍ നിയമനം കിട്ടിയപ്പോള്‍ ചിട്ടിയില്‍ ചേര്‍ത്ത ചെട്ടിയാര്‍. എല്ലാ ഒന്നാം തിയതിയും സ്റ്റാമ്പു പതിപ്പിച്ച രസീതുമായി ചെട്ടിയാര്‍ പിരിവിനെത്തുമായിരുന്നു. ആ ബന്ധങ്ങളുടെ ദൃഡതയില്‍ എനിക്ക് സന്തോഷം തോന്നി.

അവരുടെ ഓര്‍മ്മകള്‍ എത്ര സുദൃഡമാണ്!. സ്വന്തം മൊബൈല്‍ നമ്പര്‍ പോലും ഓര്‍ത്തുവക്കാനാകാത്ത എന്നില്‍ നിന്നും എത്രയോ അകലത്തിലാണവര്‍. കുടിപ്പള്ളിക്കൂട സഹപാഠികള്‍ മുതല്‍ വിരമിക്കല്‍ വര്‍ഷത്തില്‍ അക്ഷരം എഴുതിച്ച കുട്ടികള്‍ വരെ അവരുടെ തലച്ചോറിന്റെ അറകളിലുണ്ട്.

മുത്തശ്ശിയുടെ നില പിന്നെയും മോശമാകുകയായിരുന്നു. മച്ചിന്റെ മുകളില്‍ നിന്ന് തന്റെ പുറത്തേക്ക് വീഴുന്ന എന്തോ ഒന്നിനെ മുത്തശ്ശി കുടഞ്ഞെറിയുമായിരുന്നു. വലയാണോ എന്ന് സംശയിച്ച് ഞാന്‍ മച്ചിന്‍ പുറം മുഴുവന്‍ തൂത്തു വാരി. വീഴുന്നത് വീണ്ടും വീണുകൊണ്ടേയിരുന്നു. ഉത്തരം കിട്ടാത്ത ആ വിഴ്ചക്കുമുന്നില്‍ ഞാന്‍ പകച്ചു നില്‍ക്കെ അയല്പക്കത്തെ ശങ്കരി അമ്മയാണ് എന്നെ പുതിയൊരു അറിവിലേക്ക് വിളിച്ചുണര്‍ത്തിയത്.” മോനേ അത് വലയൊന്നുമല്ല................അത് കയറാണ്..........കാലന്റെ .................കയര്‍ മുത്തശ്ശിയുടെ പുറത്തേക്കിടുകയാണ് .............. അതാണ്.

കാലന്റെ കയര്‍!. ഹൈന്ദവ പുരാണങ്ങളിലെ ആ കറുത്ത മിത്ത്. യുക്തിചിന്തക്കുമുന്നില്‍ ഞാനത് തള്ളിക്കളഞ്ഞു. കൈകളിലെ ഞരമ്പുകല്‍ തരിക്കുന്നതാകാം. പക്ഷേ മുത്തശ്ശി എന്നോട് പറയുന്നു.

“ ദാ.........മോനേ...എന്റെ കയ്യിലേക്കത് വീഴുന്നു. നീയിതൊന്ന് മാറ്റിയേ................”

കൈകളില്‍ എഴുന്നു നില്‍ക്കുന്ന ഞരമ്പുകള്‍ മാത്രം.മുകളില്‍ കറങ്ങുന്ന സീലിംഗ് ഫാനും. കാലന്റെ കയര്‍ - എന്റെ ഓഫീസിലെ നിമിഷങ്ങളെ വേട്ടയാടിക്കൊണ്ടിരുന്നു.

സന്ദര്‍ശകരുടെ എണ്ണം കൂടിക്കൂടി വന്നു. ടീച്ചറായിരുന്നതിനാലാകണം പഴയ സഹപ്രവര്‍ത്തകരായിരുന്നു അധികവും.

“ അവരാരും എന്നെ തിരക്കിയില്ലേ മുത്തശ്ശീ...................” ഞാന്‍ എന്നും അന്വേഷിക്കും.

“ഇല്ലല്ലോടാ.........അവര്‍ എന്നെക്കാണാനല്ലേ വന്നത്. പിന്നെന്തിനാ നിന്റെ കാര്യം ചോദിക്കുന്നത്. നിന്റെ അമ്മയുടെ കാര്യം തിരക്കി.”

ഒരു ദിനം വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ മുത്തശ്ശി പറഞ്ഞ ഒരു സന്ദര്‍ശകന്റെ കാര്യം മാത്രം എന്നില്‍ അവിശ്വാസം ജനിപ്പിച്ചു.

“ഇല്ല!. അയാള്‍ വന്നിട്ടേയില്ല, മുത്തശ്ശി നുണ പറയുകയാ..................”

“ പോടാ................ഞാന്‍ നുണ പറയുന്നെന്നോ........തെക്കതിലേ ബാബു വന്നിരുന്നു. ദാ..............ഇപ്പൊ.......നീ വരുന്നതിന് തൊട്ടു മുന്‍പാ അവന്‍ ഇവിടന്നു പോയത്”.

തെക്കതിലെ ബാബു. ബന്ധം കൊണ്ട് ഞങ്ങള്‍ വളരെ അടുത്തവരാണ് . പക്ഷേ അല്പം ശത്രുതയിലുമാണ്.

അയാള്‍ ഒരിക്കലും വരില്ല. ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. മുത്തശ്ശിക്ക് കൂട്ടിരിക്കുന്ന ശങ്കരിയമ്മ എന്നെ നോക്കി കണ്ണിറുക്കി.

പക്ഷേ ബാബുവിന്റെ വരവ് അത് എന്നില്‍ ഉളവാക്കിയ അതിശയം മാറിയതേയില്ല.

അഞ്ച് നിമിഷ്ഷങ്ങള്‍ക്ക് ശേഷം ഫോണ്‍ ശബ്ദിച്ചു. സുകുമാരന്‍ ചേട്ടനായിരുന്നു അങ്ങേത്തലക്കല്‍

“ നീയറിഞ്ഞോ ? നമ്മുടെ ബാബുവിന് ആക്സിഡന്റായി. അനന്തപുരിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. സീരിയസാണ്.’

“ അങ്ങിനെയല്ലണ്ണാ.........................ബാബു മരിച്ചു. അല്പം മുന്‍പ്...................” യാന്ത്രികമായി ഞാന്‍ പറഞ്ഞു.

സുകുമാരന്‍ ചേട്ടന്‍ ഒന്നു ഞെട്ടി “ മരിച്ചെന്നോ...............എപ്പോള്‍?..............ആരുപറഞ്ഞൂ................”

“ആരും പറഞ്ഞില്ല............പക്ഷേ..............സത്യമാണ് ............ബാബു മരിച്ചു...........നിമിഷങ്ങള്‍ക്ക് മുന്‍പ്....”

ഒരു അവിശ്വാസത്തോടെ അയാള്‍ ഫോണ്‍ താഴെവച്ചു.

ഞാന്‍ മുത്തശ്ശിയുടെ അടുത്തേക്ക് പോയി. മച്ചിലേക്ക് തുറിച്ചു നോക്കി അവരെന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവരുടെ വെള്ളിക്കമ്പിപോലുള്ള തലമുടിയില്‍ തടവി ഞാന്‍ പറഞ്ഞു.

“ മുത്തശ്ശി പറഞ്ഞത് ശരിയാ...............ബാബു വന്നിരുന്നു.....സത്യം.....”

ഒരു കുഞ്ഞിനെപ്പോലെ അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചു.

അവര്‍ പറഞ്ഞത് അത്രത്തോളം സത്യമാണ് എന്ന് എനിക്കുറപ്പായിരുന്നു.

കാരണം അവരെ സന്ദര്‍ശിക്കാന്‍ വന്നവരെല്ലാം വര്‍ഷങ്ങള്‍ക്ക് മുന്നേ മരിച്ചവരായിരുന്നു. പതിവ് തെറ്റിച്ചെത്തിയത് ഒരാള്‍ മാത്രം.

തെക്കതില്‍ വീട്ടില്‍ ബാബു.!

അത് ഒരു വഴിതെറ്റലല്ല എന്ന് എനിക്കിപ്പോള്‍ തെളിയുന്നു.

“ഇത് ഒരു സന്ദര്‍ശക മുറിയാണ്. ആത്മാക്കളുടെ സന്ദര്‍ശക മുറി.”

അപ്പോള്‍ അവര്‍ നമുക്ക് ചുറ്റുമുണ്ട്. അവരെല്ലാമറിയുന്നുണ്ട്. യാത്രക്ക് നമ്മെ കൂട്ടുവിളിക്കാന്‍ അവരെത്തും.

യുക്തിക്ക് ഒട്ടും അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍.

ശാസ്ത്രീയ വിശദീകരണം ഇതാണ്.”തലച്ചോറിന്റെ ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ തോന്നല്‍. അനസ്തേഷ്യയില്‍ നിന്ന് ഉണരുമ്പോഴും ഇതേ അനുഭവത്തിലൂടെ നമ്മള്‍ കടന്നുപോകുന്നു.”

ശരിയാണ്. അതുതന്നെയാവണം സത്യം. പക്ഷേ ഓമകളില്‍ വന്നുപോയവരെല്ലാം മരണമടഞ്ഞവര്‍ മാത്രമായതെന്തേ

കുട്ടിക്കലത്തെ ഓര്‍മകളല്ലേ ഏറ്റവും ഹൃദ്യം. എഴുപതു കഴിഞ്ഞ മുത്തശ്ശിയുടെ കുട്ടിക്കാല ഓര്‍മക്കളിലുള്ളവരെല്ലാം മരിച്ചവരായത് സ്വാഭാവികം.

പക്ഷെ ചെറുപ്പക്കാരനായ ഒരേ ഒരു വ്യക്തി, തെക്കതില്‍ വീട്ടില്‍ ബാബു ആ ഓര്‍മകളില്‍ എങ്ങിനെ എത്തി. അതും മരിച്ച് നിമിഷങ്ങള്‍ക്കകം. മരണം ബന്ധുക്കള്‍ പോലും അറിയുന്നതിന് മുന്നേ......

അറിയില്ല....................

അത് ഒരു സന്ദര്‍ശക മുറിയായിരുന്നിരിക്കാം............ആത്മാക്കളുടെ സന്ദര്‍ശക മുറി!.

Wednesday, December 16, 2009

ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍

ഭ്രാന്ത് ഒരു കുളിരാണ്. അത് ഒരു ഹൂങ്കാരമാണ്. സിരാപടലങ്ങളുടെ കമ്പനമാണ്. ഒറ്റക്കിരിക്കുമ്പോഴും ആള്‍ക്കൂട്ടത്തിന് നടുവിലാണത്. അത് നിറങ്ങളുടേയും വേദനകളുടേയും കുഴാമറിച്ചിലാണ്. വീര്‍പ്പുമുട്ടലുകളുടെ വീര്‍പ്പുമുട്ടലാണത്.

വൃശ്ചികമാസത്തിലെ ഒരു തണുത്ത രാത്രിയിലാണ് എനിക്ക് ഭ്രാന്ത് വന്നത്. ആദ്യം അതൊരു കുളിരായിരുന്നു. കരിമ്പടത്തിനുള്ളിലേക്ക് നൂണിറങ്ങിയിട്ടും വിറക്കുന്നൊരവസ്ഥ. ഒപ്പം ഒരു വീര്‍പ്പുമുട്ടലും. ഉണര്‍ന്നെണീറ്റ് ലൈറ്റിട്ടു. ഫ്ലാസ്കില്‍ നിന്ന് രണ്ടോ മൂന്നോ കവിള്‍ വെള്ളം കുടിച്ചു. വായ നിറഞ്ഞ് അത് കവിളുകളിലൂടെ ഒലിച്ചിറങ്ങി. തണുത്തുവിറക്കുമ്പോഴും ശരീരത്തില്‍ വിയര്‍പ്പുതുള്ളികള്‍. വല്ലാത്തൊരു പേടി, എന്തോ സംഭവിക്കാന്‍ പോകുന്നു. ഒരു അരക്ഷിത ബോധം.

അകത്തെ മുറിയില്‍ മെറ്റലോറിന്റേയും സോര്‍ബിട്രേറ്റിന്റേയും നിറവില്‍ അച്ഛന്‍ തളര്‍ന്ന് കിടന്നുറങ്ങുന്നു. ഇരുട്ടിന്റെ കരിമ്പടത്തിലൂടെ കയ്യിട്ട് അച്ഛനെ കുലുക്കി വിളിച്ചു.

“അച്ഛാ......അച്ഛാ......................”

ഒരു നിമിഷത്തെ താളം തെറ്റിയ ഹൃദയവുമായി അച്ഛന്‍ ഉണര്‍ന്നു.

“എന്താ..........?.....”

“എനിക്ക് കുളിരണു...................വല്ലാതെ...................”

മുപ്പത്തിഅഞ്ചുവയസ്സുകാരന്‍ മകന്റെ അസമയത്തെ അനാവശ്യത്തിനു മുന്നില്‍ വൃദ്ധപിതാവ് ഉടുമുണ്ട് കുടഞ്ഞുടുത്തു.

“ എന്താ...............എന്താ.......................” ഓടാമ്പലിന്റെ ഒച്ചക്കൊപ്പം ധന്യന്തരം കുഴമ്പില്‍ ചാലിച്ച അമ്മയുടെ ശബ്ദം.

“ അവന് കുളിരണൂത്രെ.................വല്ലാണ്ടെ..............എന്നെ വിളിച്ചുണര്‍ത്തി.............”

“എന്താ................എന്തുപറ്റി മോനെ...................................” കൈകളില്‍ മെല്ലെ പിടിച്ച് അമ്മ ചോദിച്ചു.

ചോദ്യങ്ങള്‍ ഉത്തരങ്ങളെ അന്വേഷിച്ച് ഇരുട്ടിലേക്കിറങ്ങി നടന്നു.

തലക്കു ചുറ്റും ചൂളം വിളിക്കുന്ന എന്തോ ഒന്നിനെ ഇരുകൈകളാല്‍ തടുത്ത് ഞാന്‍ തറയില്‍ കുത്തിയിരുന്നു.

ബോധാബോധങ്ങളുടെ നേര്‍ത്ത നൂലിഴ എവിടെയോ പൊട്ടി.

ഇരുട്ടിന്റെ ആഴങ്ങളിലേക്ക് നൂണിറങ്ങിക്കറങ്ങി ബോധം യാത്രയായി.

*****************************************

വെളിച്ചത്തിലേക്ക് പുനരാനയിക്കപ്പെട്ടപ്പോള്‍ പിറ്റേന്ന് രാവിലെ 11 മണിയായിരുന്നു. വെളുത്ത അമ്പാസിഡര്‍ കാറിന്റെ പിന്‍സീറ്റില്‍ അച്ഛനും അളിയനും നടുവില്‍ ഒരു തടവുപുള്ളിയായി സഞ്ചരിക്കുകയായിരുന്നു ഞാനപ്പോള്‍.

തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രി.പ്രസവത്തിന് പേരു കേട്ട ആ ആശുപത്രിയില്‍ ഏഴാം നില ഞങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. ഇരുമ്പുചങ്ങല പുട്ടിയ വാതില്‍ ഏഴാം നിലയില്‍ നിന്നും മറ്റുള്ളവരെ കാത്തു രക്ഷിക്കുന്നു. ആറുനിലകളിലും പിറവിയുടെ ചേതനകളാണ്. മറ്റേതോ ലോകത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവരുന്നവര്‍. ഏഴാം നിലയില്‍ ഞങ്ങള്‍ ഭ്രാന്തന്മാര്‍. മറ്റേതോ ലോകത്തിലേക്ക് തിരികെ മടങ്ങുന്നവര്‍.

ഉണ്ടക്കണ്ണും കഷണ്ടിയും വേണ്ടതിലധികം കീറിയ വായും ഉള്ള ആ ഡോക്റ്റര്‍ വെള്ളാപ്പള്ളി നടേശനെ ഓര്‍മ്മിപ്പിച്ചു.

.................................................

ഞരമ്പുകളിലേക്ക് മരുന്നു സൂചി തുളച്ചുകയറുമ്പോള്‍ അസഹ്യമായ വേദന........പിന്നെ ഇരുട്ടിന്റെ ആഴങ്ങളിലേക്ക്..................അത് ഒരു പത്തുനില കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയപ്പെടുന്ന ഒരവസ്ഥയാണ്. ഇരുളിലേക്ക് പാഞ്ഞുപോകുമ്പോള്‍ എവിടെയോ പൂത്തിരികള്‍ മിനിമറയുന്നത് കാണാം.

ബോധം വീണുകിട്ടുന്ന അപൂര്‍വ്വനിമിഷങ്ങളില്‍ ഞാന്‍ ഏങ്ങിയേങ്ങിക്കരഞ്ഞു. കരച്ചില്‍ പിറുപിറുക്കലായി........... അട്ടഹാസമായി............ആക്രോശമായി...........

കിടക്കക്കെതിര്‍വശം ചുമരുംചാരി തോര്‍ത്തുമുണ്ടാല്‍ കണ്ണീരൊപ്പിയിരിക്കുന്ന അച്ഛന്‍ മാത്രം.

ബോധാബോധങ്ങളുടെ ഏറ്റുമുട്ടലിനിടയില്‍ ഒരു ദിനം അവന്‍ ഉള്ളിലിരുന്ന് ചോദിച്ചു.

“നിനക്കിവിടെ നിന്ന് രക്ഷപ്പെടണോ................”

“ വേണം................വേണം....................” ഞാനുറക്കെ വിലപിച്ചു.

“ഏങ്കില്‍ ആ വൃദ്ധന്റെ കഴുത്ത് ഞെരിക്ക്............എന്നിട്ട് കതകിന്റെ കുറ്റിയെടുത്ത് പുറത്തേക്കിറങ്ങ്....”

ഭ്രാന്ത് ഞരമ്പുകളിലേക്ക് ഇരച്ചു കയറി. അഞ്ചോളം ദിനങ്ങളായി തുളച്ചുകയറിയ സൂചികള്‍ ശരീരത്തില്‍ അരിപ്പ തീര്‍ത്തിരിക്കുന്നു. തൂങ്ങിയാടുന്ന കണ്‍പോളകളെ വലിച്ചുയര്‍ത്തി പിതാവിന് നേരെ നടക്കുമ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.

അതവളാണ്, എന്റെ ഭാര്യ............ബര്‍ദുബായിയിലെ കുടുസ്സുമുറിയില്‍ അവളേയും മകളെയും തനിച്ചാക്കിയാണ് ഞാന്‍ നാട്ടിലെത്തിയത്. ശബരിമല ശാസ്താവിനെ തൊഴുതത്. ഭ്രാന്തനായത്.

“ എന്തു പറ്റി കുട്ടാ നിനക്ക്.............” കാതങ്ങള്‍ക്ക് അകലെനിന്ന് ഒരു തണുത്ത കാറ്റ് പോലെ, നനുത്ത മഴ പോലെ അവള്‍ എന്നിലേക്ക് പെയ്തിറങ്ങി.

“ എനിക്ക് എനിക്ക്...............................എനിക്ക് വയ്യെന്റമോളേ................” കണ്ണീര്‍ച്ചാലുകള്‍ ഭ്രാന്തമായി കുത്തിയൊലിക്കുകയായിരുന്നു. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.

“ കരയല്ലെ കുട്ടാ....................എല്ലാം നേരെയാകും..............ഞാനും മോളുമില്ലേടാ നിനക്ക്..............കരയല്ലെടാ...........കരയല്ലേ......................” അവള്‍ കരയാന്‍ തുടങ്ങി

അലറിപ്പാഞ്ഞ ഞരമ്പുകളെല്ലാം നിശ്ചലമായ മാതിരി. ഒരു നിമിഷനേരത്തേക്ക് ബോധത്തിന്റെ മാത്രമായ ലോകത്തേക്ക്.

ഞാന്‍ അവളോട് പറഞ്ഞു “ എനിക്ക് ഇവിടെ പറ്റില്ല മോളേ..............മയക്കുമരുന്ന് കുത്തിവച്ച് കുത്തിവച്ച് ഇവര്‍ എന്നെ കൊല്ലും............എനിക്കിവിടെ വേണ്ടാ................”

“ വേണ്ട........എന്റെ മോന്‍ അവിടെ കിടക്കണ്ടാ..............മാറ്...മോനിഷ്ടമുള്ള എവിടേക്കെങ്കിലും മാറ്........”

.......................................................

അവള്‍ വിളിച്ചതിന്റെ പിറ്റേന്ന് ഞങ്ങള്‍ അവിടെ നിന്ന് പാടിയിറങ്ങി. നടന്ന് പടികയറി ഏഴാം നിലയിലേക്ക് പോയ ഞാന്‍ ചക്രക്കസേരയില്‍ ഒടിഞ്ഞു മടങ്ങി നാക്ക് പുറത്തേക്കിട്ട് ലിഫ്റ്റില്‍ പറന്നിറങ്ങി.

................................................

അടുത്തത് പേരൂര്‍ക്കടയിലുള്ള ഒരു മാനസികരോഗവിദഗ്ദ്ധന്റെ വീടായിരുന്നു. എന്നെ പുറത്തിരുത്തി അച്ഛന്‍ അകത്തേക്കു പോയി.

ഓരോ ഭ്രാന്തനും അറിയപ്പെടാത്ത എഴുത്തുകാരന്റെ പുസ്തകമാണ്. അവന് മുഖവുരകള്‍ ആവശ്യമാണ്. അവതാരികകളും.

അത് സ്വാത്തിക സ്വഭാവമുള്ള വൃദ്ധനായ ഒരു ഡോക്ടറായിരുന്നു. പരിശോധനാമുറിയില്‍ ഓടി നടന്ന എന്നെ വാത്സല്യത്തിന്ടെയും കൌതുകത്തിന്റ്റേയും നിറമുള്ള കണ്ണുകളാല്‍ അദ്ദേഹം സ്വന്തം ക്ലിനിക്കിലേക്ക് പറഞ്ഞയച്ചു.

അതൊരു പഴയ വീടാണ് . മുറ്റത്ത് നിറയെ ചാമ്പമരങ്ങള്‍ പൂത്തുനില്‍ക്കുന്നു. ഇടിഞ്ഞ് പൊളിഞ്ഞ ചുമരുകള്‍. അട്ടഹാസങ്ങളും ഞരക്കങ്ങളും തളം കെട്ടിനില്‍ക്കുന്ന മുറികള്‍ . വരാന്തയില്‍ ഭ്രാന്തന്മാര്‍ കൂട്ടം കൂടി നില്‍ക്കുന്നു. ടി.വീ. കാണുന്നു. കൊത്തന്‍ കല്ല് കളിക്കുന്നു.

“ എനിക്ക് വയ്യേ................എനിക്കീ ഭ്രാന്തന്മാരോടൊപ്പം കീടക്കാന്‍ വയ്യേ.............” ഞാന്‍ നിലവിളിച്ചു.

ഭ്രാന്തന്മാര്‍! അവര്‍ എന്നെ നോക്കി ചിരിച്ചു.

അവര്‍ ഭ്രാന്ത് മാറിയവരാണ്. പുതുലോകത്തേക്ക് തിരിച്ചുവന്നവരാണ്.

ഉന്മാദത്തിന്റെ പാരമ്യത്തില്‍ ഞാന്‍ അലറിവിളിച്ചു. “ എന്നെ രക്ഷിക്കണേ.........................”

രണ്ട് തടിമാടന്മാര്‍ എന്നെ തൂക്കിയെടുത്ത് കിട്ക്കയിലേക്ക് കൊണ്ടുപോയി. അരക്കെട്ടിലേക്ക് സൂചി ആഴ്ന്നിറങ്ങി. ഇരുട്ടിലേക്ക് ഞാനും.

ഇരുളിന്റെ ഏതോ ഒരു നാഴികയില്‍ അവള്‍ എന്നെ വീണ്ടും വിളിച്ചു.

ദിനംതോറുമുള്ള അവളുടെ വിളികളാണ് എന്നെ നിലനിര്‍ത്തുന്നത്. എന്റെ ബോധാബോധങ്ങളുടെ നേര്‍ത്തനൂലിഴ അവളുടെ ശബ്ദം മാത്രമാണ്. അതില്‍ ഞാന്‍ ഭൂമിയിലേക്ക് തിരിച്ചു വരും. എന്റെ മകളുണ്ട് അവളോടൊപ്പം, കാതങ്ങള്‍ക്കപ്പുറം

എന്നെ ജീവിപ്പിക്കുന്നത് ആ ഓര്‍മ്മകളാണ്. ആ സാമീപ്യമാണ്.

“ മോളേ............എനിക്ക് വയ്യ............ചുറ്റും ഭ്രാന്തന്മാരാണ് മോളേ...........എനിക്കിവിടെ വയ്യാ..............”

ഞാന്‍ ഫോണിലൂടെ അലറിക്കരഞ്ഞു.

അവളും തേങ്ങി ,” ഒന്നു രണ്ടു ദിവസത്തേക്കല്ലേ കുട്ടാ..............ഒന്ന് ക്ഷമിക്ക്........എന്നെയോര്‍ത്ത്.........ദൈവത്തെ ഓര്‍ത്ത്.......................നമ്മുടെ മകളെ ഓര്‍ത്ത്.........”
ഓര്‍മ്മകള്‍ പുകച്ചുരുളുകളായി തിരികെയെത്തി. നിന്നെ, മകളെ അല്ലാതെ ഞാനാരെ ഓര്‍ക്കാന്‍. ഞാന്‍ ആര്‍ക്കു വേണ്ടി ജീവിക്കാന്‍...................., നിനക്കുവേണ്ടി...........നമ്മുടെ മകള്‍ക്കു വേണ്ടി.............ഞാന്‍ ഈ ചങ്ങലയില്‍ വീണ്ടും..................

അവള്‍ക്ക് വല്ലാത്തൊരു ശക്തിയുണ്ട്. എനിക്കങ്ങ്നെ തോന്നി. എന്റെ ബോധമണ്ഡലം കയറു പൊട്ടിക്കുന്ന നിമിഷങ്ങളില്‍ ഏഴു കടലുകള്‍ക്കപ്പുറത്ത് അവളത് കാണും. ആ വിളിയില്‍ , സ്നേഹത്തില്‍, ആ ഉപദേശങ്ങളില്‍ ഞാന്‍ അടങ്ങി, ഞാന്‍ മടങ്ങി, ഈ ലോകത്തേക്ക്...........................

...................................................

ചികിത്സ പിന്നെയും നീണ്ടു. വീണ്ടും ആശുപത്രി മാറി. ശാസ്തമങലത്ത് ഒരു ഗുരുവിന്റെ പേരിലുള്ള ആശുപത്രിയിലായിരുന്നു അവസാനം.

ഒടുവില്‍ .................................

പതിമൂന്ന് ദിനങ്ങളുടെ ഉന്മാദത്തിന്റെ ലോകത്ത് നിന്ന് ഞാന്‍ താഴെയെത്തി. ഒരു മനുഷ്യനായി.........വികാരവും വിവേകവും ഉള്ള ഒരു സാദാ ജീവിയായി. വീടിന്റെ ഉമ്മറപ്പടിയില്‍ എന്നെ കെട്ടിപ്പിടിച്ച് അമ്മ പൊട്ടിക്കരഞ്ഞു.

“ പോട്ടെ അമ്മേ...............എല്ലാം പോട്ടെ.................” ഞാനും കരഞ്ഞു.

തിരികെ മടങ്ങണം. അവധി കഴിയാറായി. ഒരു ദിനം വൈകിയാല്‍ പുറത്താണ്. കേരളമല്ല ദുബായി.

അവള്‍ വിളിച്ചില്ല ഇതുവരെ.....ഈശ്വരന്മാരേ...............എന്നെ രക്ഷിച്ചത് അവളാണ്. അവളുടെ വാക്കുകള്‍, സ്നേഹം, സ്വാന്തനം...അതിലാണ് എനിക്ക് ജീവിതം തിരിച്ചു കിട്ടിയത്. ഒന്നു കണ്ടിരുന്നെങ്കില്‍ ഒന്നു കെട്ടിപ്പിടിച്ചിരുന്നെങ്കില്‍...................

ഫോണില്‍ ഞാനവളെ വിളിച്ചു. വീണ്ടും വീണ്ടും..........ബല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ല. അവള്‍ ജോലിസ്ഥലത്താണ്. സമയത്തെക്കുറിച്ചു പോലും എനിക്കൊരു ബോധവുമില്ല. രാത്രി എട്ടു മണിക്ക് മുന്‍പ് അവളെ വിളിക്കുന്നതെങ്ങിനെ?.......

വൈകുന്നേരം ക്ഷേത്രത്തില്‍ പോയി. അമ്മയുടെ വഴിപാടായിരുന്നു. കളഭം ചാര്‍ത്തിയ ദേവിയുടെ ചുണ്ടുകളില്‍ ഒരു കുസൃതിയുടെ നാളം. “അമ്മേ..........എല്ലാം നിന്റെ പരീക്ഷണങ്ങള്‍”.

രാത്രി എട്ടു മണിക്ക് ലാന്‍ഡ് ലൈനില്‍ ഒരു ഫോണ്‍. ഓടിച്ചെന്നെടുത്തു. അമ്മാവനാണ്. അവളുടെ അച്ഛന്‍.

“ അമ്മാവാ.............ഞാനാണ്..........”

‘അച്ഛനില്ലേ അവിടെ..............ഒന്നച്ഛന് കൊടുക്ക്.............”

പതിമൂന്നു നാളുകളിലെ ദിനപത്രത്തില്‍ മുഖം പൂഴ്തിയിരുന്ന അച്ഛന്‍ ഫോണ്‍ ഏറ്റുവാങ്ങി. അച്ഛന്റെ കണ്ണുകള്‍ അകാരണമായി പുറത്തേക്ക് തള്ളുന്നത് കണ്ട് ഞാനടുത്തു ചെന്നു. റിസീവറിലൂടെ ഞാന്‍ ഇത്രയും വ്യക്തമായി കേട്ടു.

“ നിങ്ങളുടെ മകന്‍ എന്റെ മകളെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നു. അത് നിങ്ങള്‍ പറഞ്ഞുവിലക്കണം. എന്റെ മകള്‍ക്ക് ഇങ്ങ്നെയൊരു ഭ്രാന്തനെ ഭര്‍ത്താവായി ആവശ്യമില്ല”

“ എന്തായീ പറയുന്നേ അച്യുതാ.................അവള്‍ അവനെ എല്ലാദിവസവും വിളിക്കുന്നതല്ലേ.........അവര്‍ തമ്മില്‍ സംസാരിക്കുന്നതല്ലേ..............എന്നിട്ട് നീയിങ്ങനെ.......................”

“എന്റെ മകള്‍ അവനെ വിളിച്ചെന്നോ........കൊള്ളാം........ഒരൊറ്റ ദിവസം പോലും അവള്‍ അവനെ വിളിച്ചിട്ടേയില്ല. അവന് ഭ്രാന്തല്ലേ.........അവളല്ല അമേരിക്കന്‍ പ്രസിഡന്റുവരെ വിളിച്ചെന്ന് അവനു തോന്നും. ദയവുചെയ്ത് എന്റെ മകളെ ഉപദ്രവിക്കരുത്. എന്റെ കുടുബം എങ്ങെനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ................................”

കൂ.................കൂ................എന്നൊരു പരിഹാസത്തോടെ ഫോണ്‍ നിശ്ചലമായി.

“കള്ളം....................പച്ചക്കള്ളം................അവള്‍ എന്നെ വിളിക്കാറുണ്ട്..........ദാ...........ഇന്നലെയും വിളിച്ചു.അമ്മാവന്‍ കള്ളം പറയുന്നതാണ്. ..............എന്നെയും അവളെയും ചതിക്കുകയാണ്...........സംശയമുണ്ടെങ്കില്‍ ഈ ഫോണൊന്നു നോക്ക്” ഞാന്‍ മൊബൈല്‍ ഫോണ്‍ അച്ഛനു നേരെ നീട്ടി.

പതിമൂന്നു ദിനങ്ങള്‍ക്കിപ്പുറം യാതൊരു entry യുമില്ലാത്ത ആ ഫോണ്‍ അച്ഛന്റെ വിറയാര്‍ന്ന വിരലുകളില്‍ നിന്ന് താഴേക്കു വീണു.

അച്ഛാ....................! അമ്മേ.................എനിക്ക് കുളിരണൂ........................വല്ലാതെ.........................”

Tuesday, July 7, 2009

രാജന്‍, പറഞ്ഞ കഥ

നിയമം, നീതി, ന്യായം എന്നിവ ഒരു സാധാരണക്കാരനെ എങ്ങിനെ ബാധിക്കും എന്നതിന്റെ ഉദാഹരണമാണ് രാജന്‍ എന്ന ഈ കൃഷിക്കാരന്റെ അനുഭവം. ഇതില്‍ ചേരുവകളില്ല, സത്യം മാത്രം

ഞാന്‍ രാജന്‍ .കൊല്ലം പാരിപ്പള്ളി കുളര്‍ത്തൂര്‍ക്കൊണം തെക്കതില്‍ വീട്ടില്‍ ഗോമതി അമ്മ മകന്‍. നാല്‍പ്പത്തി അഞ്ചു വയസ്സുകാരനു ഇതു ഒരു മേല്‍ വിലാസമാണോ?.

അതെ ഒരു നാട്ടിന്‍പുറത്തുകാരന്‍ ക്രിഷിക്കാരനു ഇതു മാത്രമാണു മേല്‍ വിലാസം. നല്ല പ്രായത്തില്‍ കല്ല്യാണം കഴിച്ചില്ല. പിന്നെ കഴിക്കാന്‍ കഴിഞ്ഞതുമില്ല. അതുകൊണ്ടു ഭാര്യക്കു ചെലവിനു കൊടുക്കേണ്ട ഗതികേടില്ല,
നിങ്ങളെ പോലെ. മക്കളും ഇല്ല. അതു കൊണ്ട് അണ്‍ എയിഡെഡില്‍ ഫീസും കൊടുക്കേണ്ടി വന്നിട്ടില്ല.

ജീവിതം പരമ സുഖം. രാവിലെ വയലിലേക്കു. ഉച്ച വരെ പണി. ഉച്ചക്കു അമ്മച്ചി കഞ്ഞി തരും. അതു കുടിക്കും. വീണ്ടും വയലില്‍.മരചീനി,വാഴ,ചീര, എല്ലാം നട്ടിട്ടുണ്ടു ഞാന്‍ വയലില്‍. അമ്മച്ചി ചന്തയില്‍ കൊണ്ടു പോയി വില്‍ക്കും. പൈസ കിട്ടും. അരിയും സാധനവും വാങ്ങിക്കും. ബാക്കി എനിക്കു തരും.ഇനിയാണു എന്റെ കളി, പാരിപ്പള്ളി ബാറില്‍ പോകും സമാന്യം നന്നായി മദ്യപിക്കും. വെട്ടിയിട്ട വാഴ പോലെ വീട്ടില്‍ വന്നു കിടക്കും.

ജീവിതം പരമ സുഖം.അധ്വാനിക്കുന്നു. ഉല്പാദിപ്പിക്കുന്നു.സന്തോഷിക്കുന്നു.ബാധ്യതകളില്ല. സംഘര്‍ഷങ്ങളില്ല. അസ്തിത്വദുഖങ്ങളില്ല.ആഗോള സാമ്പത്തിക മാന്ദ്യമോ ഒബാമയൊ എന്നെ ബാധിക്കുന്നതേയില്ല.

അങ്ങിനെയിരിക്കെ 2009 ഏപ്രില്‍ പിറന്നു. കാട്ടുകോഴിക്കെന്തു സംക്രാന്തി. ?. സൂര്യന്‍ ഉദിച്ചു. അസ്തമിച്ചു. രണ്ടു കപ്പ വാഴക്കുലക്കു കിട്ടിയ ഒരു ഒ.സി.ആറിന്റെ ക്രിപയാല്‍ ഞാന്‍ മയങ്ങാന്‍ കിടന്നു.“എന്റെ വീട്ടിലെ എന്റെ അവസാനത്തെ ഉറക്കം.“

മുമ്പേ പറയാന്‍ മറന്നതാണ്. എന്റെ വീടിന്റെ മുന്‍ വശം ഭഗവതി ക്ഷേത്രമാണ്. നാറാണത്തു ഭഗവതി എന്റെ പരദേവതയാണ്. അന്തിക്കള്ളിന്റെ ആവേശത്തില്‍ ഞാന്‍ പിള്ളേരോടൊപ്പം ഭഗവതിക്കു ഭജന പാടും.

രാത്രി.10.30. ഒരു ചെറിയ അനക്കം കേട്ട പോലെ. അമ്മച്ചി ഞരങ്ങിയതാവാം. തള്ളയെ മനസ്സില്‍ പ്രാകി വീണ്ടും ഉറങ്ങാന്‍ കിടന്നു.
വീണ്ടും ഒരനക്കം. ഇതു അമ്മച്ചിയല്ല.ഞാന്‍ എണീറ്റിരുന്നു.

തുറന്നിട്ട ജനാലയിലൂടെ പുറത്തേക്കു നോക്കി. അത്രക്കങ്ങ് ഇരുട്ടില്ല. അമ്പലമുറ്റത്തെ മണല്‍ പോലും വ്യക്തമായി കാണാം. ഒന്നുമില്ല.

വീണ്ടും കിടക്കപ്പായിലേക്കു മറിയുവാന്‍ നിനച്ചപ്പോഴാണ് അതു കണ്ടത്.

വാഴത്തോപ്പിനിടയില്‍ ഒരു രൂപം.നാറാണത്തു ഭഗവതീ അതെന്ത്?. മാടനോ മറുതയോ.

പച്ചില കുമ്പിളില്‍ തുള്ളും ഇളം കള്ളില്‍ മജ്ജനം ചെയ്കയാല്‍ എന്‍ ഹ്രുദയം ചാടി എണീറ്റു.

വാതിലിന്റെ ഓടമ്പല്‍ നീക്കി ഞാന്‍ പുറത്തിറങ്ങി.അതു അവിടെ തന്നെയുണ്ടു.

പമ്മി പമ്മി ഞാന്‍ രൂപത്തിന്റെ പിന്നിലെത്തി.മാടനല്ല, മറുതയല്ല, കറുത്തിരുണ്ട ഒരു രൂപം. ഒരു മനുഷ്യന്‍.തടിച്ച ശരീരം. താടിയുണ്ട്. അരോഗദ്രുഡഗാത്രന്‍.

അടുത്തു ചെന്നപ്പോഴാണ് അതു ശ്രദ്ഡിച്ചത്. അവന്റെ കയ്യില്‍ ഒരു ഇരുമ്പ് ദണ്ഡ്.അപ്പോള്‍ ഇതാണു കള്ളന്‍ എന്നു വിളിക്കപ്പെടുന്ന മോഷ്ടാവ്.

ഒരു കള്ളനെ ജീവനോടെ ആദ്യമായി കാണുകയാണ്.തെക്കതില്‍ വീട്ടില്‍ രാജന്‍ ഉറങ്ങുന്നിടത്തു ഒരു കള്ളനോ.

ആമാശയത്തിലിരുന്നു ഒ.സി.ആര്‍ എന്നോടു വിളിച്ചു പറഞ്ഞു.” അടിയെടാ അവനെ”.തിരിഞ്ഞു നിന്നിരുന്ന അവന്റെ തലയില്‍ ടോര്‍ച്ചു കൊണ്ട് ആഞ്ഞടിച്ചു.

“അമ്മേ!.” എല്ലാ മനുഷ്യരേയും പോലെ അവനും അലറിവിളിച്ചു.വാഴക്കൂട്ടങ്ങളെ ചവുട്ടി മെതിച്ചു അലറിക്കരഞ്ഞ് അവന്‍ ഓടി.
“കള്ളന്‍,കള്ളന്‍,”. പരാജിതന്റെ പിന്നാലെ എന്റെ വിജയക്കുതിപ്പ്. രണഭേരി.ഓടിയെത്താനാകുന്നില്ല എനിക്ക് അവനോടൊപ്പം.
പിന്നെ എന്തു ചെയ്യാന്‍ . അവനെ ഒരു പട്ടിയായി കണക്കാക്കുക.ആറു രൂപ വിലമതിക്കുന്ന ഒരു ചുടുകട്ടക്ക് ഞാന്‍ അവനെ എറിഞ്ഞു. വീണ്ടും അവന്‍ അവന്റെ അമ്മയെ ഓര്‍ത്തു.

നാടുണര്‍ന്നു കഴിഞ്ഞിരുന്നു. വടി,തടി,കട്ട,കല്ല് എന്നിവ അലര്‍ച്ചകളോടൊപ്പവും പിന്നെ ആളുകളോടൊപ്പവും ഓടിയെത്തി.
അവന്‍ വീണു കഴിഞ്ഞിരുന്നു.ആരോ അവന്റെ മുഖത്തേക്കു വെളിച്ചം പായിച്ചു. അങ്ങിനെ ഞങ്ങള്‍ അവനെ വെളിച്ചത്തിലേക്കു നയിച്ചു.

“ദൈവമേ!.തീവെട്ടി ബാബു!”. കുപ്രസിദ്ഡ മോഷ്ടാവ്. ഏഴു കൊലക്കേസ്സില്‍ പ്രതി.മോഷണക്കേസ്സില്‍ ജാമ്യത്തിലിറങ്ങി ഒരു സെക്യൂരിറ്റിയെ വെട്ടിക്കൊന്നു കൊള്ള നടത്തിയ കൊടും ഭീകരന്‍.പത്രങ്ങളില്‍ ഇവന്റെ ചിത്രം കണ്ടിട്ടേയുള്ളു ഞാന്‍. ഇവന്റെ ഭാര്യയും മക്കളും ഇവിടെ അടുത്തെവിടെയോ ആണ് താമസം. പിടികിട്ടാപ്പുള്ളിയായ ഇവന്‍ രാത്രി ഒളിച്ചു വീട്ടില്‍ വരാറുണ്ട് എന്നു ജനസംസാരം.

“എന്തായാലും രാജാണ്ണന്‍ തീവെട്ടി ബാബുവിനെ പിടിച്ചു.പോലീസു വിചാരിച്ചിട്ടു നടക്കാത്തതാ.”ഞാന്‍ ഒരു ഹീറൊ ആയി. എന്റെ തല ഒന്നു കൂടി പൊങ്ങി.

“ഒരടിയേ അടിച്ചുള്ളൂ .അപ്പോഴെക്കും അവന്‍ വീണു. അല്ലെങ്കില്‍ കാണിച്ചു കൊടുക്കമായിരുന്നു”. ഞാന്‍ വീരസ്യം പറഞ്ഞു.
വീണു കിടക്കുന്ന കള്ളനെ ചില ധീരന്മാര്‍ കുത്തുന്നു,ചീണ്ടുന്നു. ഇതെല്ലാം നിങ്ങളുടെ അവകാശം എന്നു സമ്മതിച്ചു അവന്‍ മിണ്ടാതെ കിടക്കുന്നു.

‘അണ്ണാ നമുക്കിവനെ പോലീസി ഏപ്പിക്കണ്ടെ?.”
ഉത്തരവിനു കാത്തുനിക്കുകയാണു ജനം.
“വേണ്ടടെ, അവന്മാരും എവനും ഒക്കെ ഒന്നു തന്നെ, രണ്ടു കൂടികൊടുത്തിട്ടു പറഞ്ഞയക്കാം”.

ഒരു പ്രായോഗിക വാദി പറഞ്ഞു.“എവന്റെ പെണ്ണുമ്പിള്ളയെ വരുത്താം. അവളു കൊണ്ടു പോവേ എന്തരാ ചെയ്യട്ടു”. ഒരു സന്മാര്‍ഗ്ഗവാദി പറഞ്ഞു.
അതൊരു നല്ല ആശയമായി എനിക്കു തോന്നി. കാരണം എന്റെ അടികൊണ്ടു പൊട്ടിയ കള്ളത്തലയില്‍ നിന്നു ചോര വരുന്നുണ്ടായിരുന്നു.അവന്‍ ചത്തു പൊയാലോ എന്നൊരു ശങ്ക. കള്ളന്റെ കള്ളി വരട്ടെ. സാധനം അവള്‍ ഏറ്റെടുക്കട്ടെ.

കള്ളി വന്നു.” എന്റെ അണ്ണാ !.അണ്ണനെ ഈ ...........മോമ്മാരു കൊന്നാ അണ്ണാ ,”.അവള്‍ അലറി വിളിച്ചു.

പൊതുജനം ആദ്ധ്യാത്മിക വാദികളായി. “ഭര്‍ത്തവിനെ മോട്ടിക്കാന്‍ വിട്ടിട്ടു മോങ്ങുന്നോടീ..”.കള്ളി മോങ്ങല്‍ നിര്‍ത്തി.കള്ളനെ താങ്ങിയെടുത്തു. വേച്ചു വേച്ചു അവന്‍ എണീറ്റു.
ഞാന്‍ മോഹന്‍ലാലായി.” ഇനി ഈ എര്യയില്‍ നിന്നെ കണ്ടുപോയാല്‍ കൊന്നുകളയും. സവാരി ഗിരിഗിരി”. കള്ളന്‍ ഒന്നമര്‍ത്തി നോക്കി. പിന്നെ കിടന്നുകൊണ്ടു നടന്നകന്നു.

കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയ രാജന്‍ പിള്ള്യെ അഭിനന്ദിച്ച് ജനം ഭാര്യമാരുടെ ചൂടിലേക്കു മടങ്ങി.

നേരം പുലര്‍ന്നു. പാലു കറക്കുന്ന അണ്ണാച്ചി മുതല്‍ കറക്കുന്ന എരുമക്കു വരെ എന്തൊരു ബഹുമാനം.ചോദിച്ചവരോടെല്ലാം നടന്ന സംഭവം അല്പവും ,നടക്കാത്തതു കൂടുതലും ചേര്‍ത്തു വിളമ്പി.

“എങ്കിലും അണ്ണന്റെ ഒരു ധൈര്യം” നാട്ടുകാര്‍ അത്ഭുതം കൂറി.
“ഓ.....എന്തരു നമ്മളിതു എത്ര കണ്ടതാ!”. നമ്മള്‍ വിനയാന്യിതനായി.

കാലത്തു 10.30 നു പാരിപ്പള്ളി പോലിസ് സ്റ്റേഷനില്‍ നിന്നു ജീപ്പില്‍ പൊലീസു വന്നു.“ഈ രാജന്‍ പിള്ള”“അതു ഞാന്‍ തന്നെ.” അഭിമാനപുരസ്സരം ഞാന്‍ ഇറങ്ങി ചെന്നു.

“അല്ല ഈ തീവെട്ടി ബാബുവിനെ പിടിച്ച...............”.

പോലീസ്സിനു സംശയം.“സാറെ അതു ഞാന്‍ തന്നെ, ‘രാജന്‍ പിള്ള”

“താങ്കള്‍ സ്റ്റേഷന്‍ വരെ ഒന്നു വരണം’

“അതിനെന്താ സാറെ ഞാനിതാ എത്തി”.അലക്കി തേച്ച മുണ്ടെടുത്തുടുത്തു ഞാന്‍ ഇറ്ങ്ങി.

“അണ്ണാ അവനെ കുറിച്ച് എല്ലാം പറഞ്ഞു കൊടുക്കണെ.!” ആരോ ഉപദേശിച്ചു.സ്റ്റേഷനിലെത്തി. പോലീസ്സുകാര്‍ക്കെല്ലാം എന്തൊരു ബഹുമാനം.
“ ഇതാണൊ തീവെട്ടി ബാബുവിനെ അടിച്ച് രാജന്‍ പിള്ള” പോലീസ്സുകാര്‍ക്കു അത്ഭുതം.

“ഓ ........”- നമ്മള്‍ വിനയന്യിതനായി.
രാജന്‍പിള്ളെ , നമ്മള്‍ ഒന്നു കോടതിയില്‍ പോകേണ്ടിവരും- എസ്.ഐ.പറഞ്ഞു.
അയ്യോ , എന്തിനു സാറെ- ഞാന്‍ ഒന്നു പേടിച്ചു.
ഒന്നിനുമല്ലാ, പേടിക്കണ്ടാ. കള്ളനയാലും അവന്‍ മനുഷ്യനല്ലെ. ഒരു കേസ്സു ചാര്‍ജ്ജു ചെയ്യെണ്ടിവരും. പേടിക്കണ്ട ഉടനെ ഇങ്ങു പോരാം.”എസ്.ഐ. ആശ്വാസം പകര്‍ന്നു.

ഞാന്‍ ആടു തോമയായി പരവൂര്‍ കോടതിയിലെത്തി.
ഇതാണ് കള്ളനെ അടിച്ച രാജന്‍ പിള്ള. ജനം അസൂയയോടെ നോക്കുന്നു.കോടതി കൂടി.നാലാമത്തെ കേസ് എന്റേതു.

കോടതിയില്‍ കുറ്റപത്രം വായിച്ചു.“ ചിറക്കര പുത്തെങ്കുളം തെക്കതില്‍ വീട്ടില്‍ ഗോമതി മകന്‍ രാജന്‍ പിള്ള”ഞാന്‍ നെഞ്ചു വിരിച്ചു.“ 2009 ഏപ്രില്‍ മാസം 8-ആം തിയതി ചിറക്കര പുത്തെങ്കുളം നന്ദു നിവാസില്‍ ബാബു എന്ന നിരപരാധിയായ ഒരു യുവാവിനെ വീട്ടില്‍ അതിക്രമിച്ചു കടന്നു മാരകായുധങ്ങള്‍ ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സ്. വകുപ്പ്-308- വധശ്രമം”14- ദിവസത്തേക്കു റിമാന്റു ചെയ്തു കോടതി.

“ വായനക്കാരെ ഞാന്‍ കൊല്ലം സബ് ജയിലില്‍ കിടക്കുന്നു. ജാമ്യമില്ലാ വകുപ്പു പ്രകാരം.“ പിറ്റെ ദിവസത്തെ പത്രം ജയിലില്‍ കിട്ടി.

പ്രാദേശിക പേജില്‍ വാര്‍ത്ത.“അറസ്റ്റു ചെയ്തു”കൊല്ലം- ചിറക്കര പുത്തെങ്കുളത്തു നന്ദു നിവാസില്‍ ബാബു എന്ന 42 വയസ്സുകാരനായ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഒറ്റക്കണ്ണന്‍ രാജന്‍ എന്ന രാജന്‍ പിള്ളയെ പാരിപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. പ്രതിയെ കോടതി റിമാന്റു ചെയ്തു.”

“ഒറ്റക്കണ്ണന്‍ രാജന്‍”പ്രിയ വായനക്കാരെ അറസ്റ്റു ചെയ്യുമ്പോഴും ഇപ്പൊഴും എനിക്കു രണ്ടു കണ്ണുമുണ്ട്. കണ്ണില്ലാത്തത് ആര്‍ക്കാണ്. നിയമത്തിനോ എനിക്കോ.ഞാനിപ്പോഴും ഇവിടെയുണ്ട്. കൊല്ലം സബ് ജയിലില്‍.രണ്ടു കണ്ണുമുള്ള ഒറ്റക്കണ്ണന്‍ രാജന്‍.

Tuesday, June 16, 2009

ഒരു ഗൈഡിന്റെ ഭാഷാ പ്രശ്നങ്ങള്‍

ഞങ്ങള്‍ക്കിടയില്‍ വിവരം ഉള്ള ഏക വ്യക്തി എന്ന നിലയിലാണ് ഷിബുവിന് ദിവാകരേട്ടന്‍ ലോഡ്ജില്‍ ജോലി കൊടുത്തത്.
ജോലി എന്ത് എന്നുള്ളതിന് ഷിബു തന്ന മറുപടി “ റിസപ്ഷണലിസ്റ്റ്” എന്നായിരുന്നു.
എന്തായാലും ടൂറിസ്റ്റ് കേന്ദ്രത്തില്‍ ലോഡ്ജില്‍ ഷിബു ജോലിയില്‍ പ്രവേശിച്ചു.
വൈകുന്നേരം ഞങ്ങള്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്നു. ഞങ്ങള്‍ക്കുള്ള മസാല്‍ ഷിബു വിളമ്പുന്നു.
“ഇന്നൊരു മദാമ്മ വന്നിരുന്നു. വന്ന പാടെ എന്നെ കെട്ടിപ്പിടിചൊരുമ്മ”
എന്നിട്ട്? എന്നിട്ട്?
ഞങ്ങള്‍ ആര്‍ത്തിയോടെ വാ പൊളിച്ചിരിക്കുന്നു
ശ്ശെ! അതൊക്കെ പറയാന്‍ കൊള്ളില്ലടേ.................
അങിനെയല്ലളിയാ...............നീ പറ.....................
ശ്ശെ....................പിന്നെപ്പറയാമടേ..................
അടുത്ത ദിവസം
അളിയന്മാരേ ഇന്നലെ വൈകിട്ട് ഞാന്‍ കൌണ്ടറില്‍ നില്‍ക്കുമ്പോള്‍ മുറിയില്‍ നിന്നും ഒരു മദാമ്മയുടെ ഫോണ്‍. “ഷിബൂ , ബ്രിങ്ങ് മി എ സോപ്പ്”.
“അളിയാ ഞാന്‍ സോപ്പുമായി ചെല്ലുമ്പോള്‍ മദാമ്മ കുളിമുറിയില്‍.........................‘ ഷിബു നിര്‍ത്തി
‘പറ അളിയാ’ ഏഴ് എട്ട് വായകള്‍ തുറന്നടിഞ്ഞു.
“ഓ അതൊക്കെ പറഞ്ഞാല്‍ ശരിയാവൂല്ലടെ..............”
അങ്ങിനെയിരിക്കെ ഷിബു വിന്റെ ഇംഗ്ലീഷ് നേരിട്ട് കേള്‍ക്കാന്‍ ഞങ്ങളില്‍ ഒരാള്‍ക്ക് ഭാഗ്യമുണ്ടായി.
സംഭവമിങ്ങനെ
രാത്രി 10.30. മുറിക്കകത്തെ അസഹ്യമായ ചൂട് സഹിക്കാതെ ഒരു സയിപ്പ് രാത്രി കടപ്പുറത്തേക്കു പോകുവാന്‍ പുറത്തിറങ്ങി. ഷിബുവായിരുന്നു കൌണ്ടറില്‍
ഒരു സായിപ്പ് രാത്രി പുറത്തേക്കിറങ്ങി പോകുക, അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍. ഷിബു വിന്
അപകടം മണത്തു. സായിപ്പിനെ തടഞ്ഞേ പറ്റൂ.
ഷിബു പറഞ്ഞു.” സര്‍.നൊ, നൊ. നൈറ്റ്. നൊ നൊ”
സായിപ്പ് മിണ്ടിയില്ല. സായിപ്പിന് രാത്രിയെ പേടിയില്ല എന്നു മനസ്സിലായി.
ഇനി അടുത്ത മാര്‍ഗ്ഗം. പാമ്പാണ്.
സായിപ്പിന് പാമ്പിനെ പേടിയാണ്.
ഷിബു സായിപ്പിനോടു പറഞ്ഞു.” സായിപ്പേ,! നൊ നൊ ......നൈറ്റ് വാക്കിങ് ബികാസ് സ്നേക്സ് ആര്‍ വാക്കിംഗ്.”
സായിപ്പ് തിരിച്ചു കയറീ.