Monday, July 13, 2009

ഹോംസിന്റെ ഇടപെടല്‍

/ ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ആരുമായും ഒരു ബന്ധവുമില്ല. ഇത് വെറും കെട്ടു കഥ മാത്രമാണ്‍./

"കരിമീന്‍ നിങ്ങളുടെ നാട്ടിലെ രീതികള്‍ എനിക്ക് മനസ്സിലാകുന്നതേയില്ല. അഴിമതിയുടെ , ഭീകരതയുടെ, മുരടത്തരത്തിന്റെ ഒക്കെ നേതാവായി ഒരാളെ ഉയര്‍ത്തിക്കൊണ്ടു വരിക. അയാള്‍ ഒരു സുപ്രഭാതം മുതല്‍ സത്യസന്ധയുടെ, വിശുദ്ധിയുടെ അവതാരമായി മാറുക.എല്ലാവരും അയാളുടെ അപദാനങ്ങള്‍ വാഴ്തുക. അതേസമയം അന്നുവരെ വിശുദ്ധനായിരുന്ന ഒരാള്‍ പെട്ടെന്ന് അഴിമതിക്കാരനാകുന്നു. എല്ലാവരും അയാളെ ക്രൂശിക്കാന്‍ ഓടുന്നു. എനിക്കിത് മനസ്സിലാകുന്നേയില്ല" പൈപ്പില്‍ നിന്ന് പുക അന്തരീക്ഷത്തിലേക്ക് ഊതി വിട്ടുകൊണ്ട് ഷെര്‍ലോക് ഹോംസ് പറഞ്ഞു.

" ഇത് ഇംഗ്ലണ്ടില്‍ സംഭവിച്ചിട്ടില്ലേ ഹോംസ്?. യുദ്ധാനന്തരം ചര്‍ച്ചിലിന്റെ അവസ്ഥ ഇതായിരുന്നില്ലേ". ഞാന്‍ ഹോസിനോട് എന്റെ വിജ്ഞാനം വിളംബി.
" കരിമീന്‍! വിഡ്ഡിത്തം പറയാതിരിക്കൂ. ചര്‍ച്ചിലെവിടെ നിങ്ങളുടെ നാട്ടിലെ ഈ കമ്പനി മേധാവികളെവിടെ?."
അര്‍ദ്ധോക്തിയില്‍ ചോദ്യം നിര്‍ത്തി ഹോംസ് ചിന്തയിലാണ്ടു.
ഇനി അദ്ദേഹത്തെ ശല്യപ്പെടുത്താന്‍ പാടുള്ളതല്ല. ഹോംസിന്റെ ശരീരം മാത്രമേ ആ കസേരയിലുള്ളൂ മനസ്സ് കാതങ്ങള്‍ക്ക് അകലേക്ക് പായുകയാണ്‍.
" കരിമീന്‍, ഈ പപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ജഹാംഗീര്‍, നീലകണ്ഠന്‍ ഇവരില്‍ എന്തെങ്കിലും സാമ്യം കാണുന്നുണ്ടോ?."
"ഒന്നുമില്ല ഹോംസ്, രണ്ടു പേര്‍ക്ക് താടിയില്ല, ഒരാള്‍ക്ക് ഉണ്ട്".
"അതല്ല"
"മൂന്നുപേര്‍ക്കും കനത്ത ബാങ്ക് ബാലന്‍സ് ഉണ്ട്. നീലകണ്ഠനാണ്‍ ഏറ്റവും കൂടുതല്‍"
"അതല്ല കരിമീന്‍!, ഇവര്‍ മൂന്നു പേരും കോണ്‍ഗ്രസ്സുകാരായിരുന്നു എന്നത് അത്ഭുതമല്ലേ"

"അതിലെതാണ്‍ അത്ഭുതം ഹോംസ്. എ.കെ.ജി, ഇ.എം.എസ്സ് എന്നിവരൊക്കെ"
"അവരൊക്കെ ദേശീയ സമരത്തില്‍ പങ്കെടുത്തവരും ആശയപരമായി രാഷ്ട്രീയം മാറിയവരുമാണ്‍. പക്ഷേ ഇവര്‍ എങ്ങിനെ നിങ്ങളുടെ കമ്പനിയില്‍ ചേര്‍ന്നു എന്നത് സംശയകരമല്ലേ"
ഞാന്‍ ഒന്നും മിണ്ടിയില്ല. ഹോംസിന്റെ ഈ കണ്ടെത്തലില്‍ എന്തെങ്കിലും പുതുമയുള്ളതായി എനിക്ക് തോന്നിയില്ല.

"നമുക്ക് കാര്യങ്ങള്‍ ഒന്നു കൂടി പഠിക്കാം കരിമീന്‍", ജി.എം.കൊടുത്തുവിട്ട ആ ചുമന്ന ബ്രീഫ് കെയ്സില്‍ നിന്നാണ്‍ സംഭവങ്ങളുടെ തുടക്കം"
"കരിമീന്‍ , കൊല്ലം ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളിലെവിടെയെങ്കിലും ആര്യാ ഗ്രൂപ്പ് എന്നൊരു വ്യവസായ ഗ്രൂപ്പ് ഉള്ളതായി അറിയാമോ"
ഹോംസ് ഇങ്ങനെയാണ്‍. തികച്ചും അപ്രതീഷിതമായാണ്‍ ഹോംസ് മറ്റൊരു വിഷയത്തിലേക്ക് കടക്കുക.
"ഇല്ല, കേട്ടിട്ടില്ല" ഞാന്‍ പറഞ്ഞു.
"എന്നാല്‍ ഉണ്ട്, ജുവലറി ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ അവര്‍ക്കുണ്ട്. ഇതേ മോഡല്‍ പെട്ടി അവരുടെ ബിസിനെസ്സ് ആവശ്യങ്ങള്‍ക്ക് അവര്‍ ഉപയോഗിക്കാറുണ്ട്"
"അതുകൊണ്ട്?."
"തിരുവനന്തപുരത്തിരുന്ന നിങ്ങളുടെ ജി.എം. അതേ ദിവസം എന്തിന്‍ ഇതേ പെട്ടി ഉപയോഗിച്ചു."
"അതിനെന്താ ഹോംസ് ഒരു പെട്ടി ആര്‍ക്കും എപ്പോഴും ഉപയോഗിച്ചു കൂടെ?."
"ഉപയോഗിക്കാം കരിമീന്‍, ആര്‍ക്കും എപ്പോഴും. പക്ഷേ ജി.എം.ഇതേ ദിവസം ഇതേ പെട്ടി എന്തിന്‍ ഉപയോഗിച്ചു എന്നതാണ്‍ വിഷയം. മുന്‍പെന്നെങ്കിലും ജി.എം. ഇതുപോലുള്ള ബ്രീഫ് കെയ്സ് ഉപയോഗിച്ചിട്ടില്ല"
ഹോംസ് എന്താണുദ്ദേശ്ശിക്കുന്നതെന്ന് എനിക്ക് യാതൊരു പിടിയും കിട്ടിയില്ല. ഞാന്‍ മൌനത്തിലേക്ക് മുങ്ങി.
"കരിമീന്‍ ഒരു കട്ടന്‍ കാപ്പി......................."
ഞാന്‍ ചൂ‍ടു കാപ്പി ഹോംസിനു നേരെ നീട്ടി. കാപ്പി വാങ്ങുമ്പോള്‍ ഹോംസ് പതിവില്ലാതെ പുഞ്ചിരിക്കുന്നത് ഞാന്‍ കണ്ടു.
"കരിമീന്‍ താനിപ്പോഴും വല്ലാത്ത ആശയക്കുഴപ്പത്തിലാണല്ലേ........ ജഹാംഗീറിന്റെ തിരോധാനത്തില്‍ നിന്ന് ഞാനെന്തിന്‍ ഒരു പെട്ടിയുടെ പിന്നാലെ പോയെന്ന്?."
" എങ്കില്‍ കേട്ടോളൂ കരിമീന്‍, സത്യസന്ധനും വിശ്വസ്തനും നന്മയുടെ അവതാരവുമായ നിങ്ങളുടെ ജി.എമ്മിന്‍ ഈ കമ്പനിയില്‍ പാര്‍ട്ട്ണര്‍ഷിപ്പ് ഉണ്ടായിരുന്നു. 2003 വരെ"
"ഹെന്ത് ! " എന്റെ കണ്ണു തള്ളി
"അതെ കരിമീന്‍ ചില സത്യങ്ങള്‍ കെട്ടുകഥകളെക്കാള്‍ ഭീകരങ്ങളായിരിക്കും".
ചിരിച്ചു കൊണ്ട് ഹോംസ് കപ്പു താഴെ വച്ചു.
..........................................................................
രാത്രി വളരെ വൈകിയാണ്‍ ഹോംസ് തിരിച്ചെത്തിയത്. അധികദൂരം നടന്നതിന്റെ ക്ഷീണം അദ്ദേഹത്തില്‍ കാണാമായിരുന്നു.
വളരെ സാവധാനത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന് അദ്ദേഹം ചിന്താകുലനായിരുന്നു. പലപ്പോഴും നിരാശയോടെ തലയാട്ടുന്നുണ്ടായിരുന്നു.
"എന്തു പറ്റി ഹോംസ് "
"അല്ല ! കരിമീന്‍ എന്തു മാത്രം നുലാമാലകള്‍ നിറഞ്ഞതാണ്‍ നിങ്ങളുടെ നാട്. കെട്ടു പിണഞ്ഞ് അതങ്ങിനെ കിടക്കുന്നു , ഒരിടത്തും എത്താതെ"
"ഞാനിന്ന് വെസ്റ്റ്-ഏഷ്യാ എയര്‍ലൈന്‍സ് മുന്‍ എം.ഡി യുടെ വീട്ടില്‍ പോയിരുന്നു".
"അദ്ദേഹം വെടിയേറ്റ് മരിച്ചില്ലേ"
" അതേ, അദ്ദേഹത്തിന്റെ ബന്ധുവാണ്‍ ഇപ്പോള്‍ അവിടെ താമസം".
"അതും നമ്മുടെ കേസുമായി എന്താ ബന്ധം?."
"ബന്ധമുണ്ട് കരിമീന്‍, തരുണ്‍ കുമാറിന്റെ ആഫീസിലെ സംഭവത്തിന്റെ അന്വേഷണം അവിടെ നിന്നാണ്‍ തുടങ്ങേണ്ടത് എന്ന് എനിക്ക് തോന്നി".
ഹോംസ് കാലുകള്‍ നീട്ടി മേശപ്പുറത്ത് വച്ചു. പൈപ്പ് ആഞ്ഞു വലിച്ചു. ആ കണ്ണുകള്‍ മയക്കത്തിലേക്ക് നീങ്ങുന്നു.
പകുതി നിദ്രയില്‍ നിന്നുണര്‍ന്ന ഹോംസ് എന്നോടു പറഞ്ഞു
‘കരിമീന്‍ ആ പാട്ട് എന്താണ്‍?."
"ഏത് പാട്ട്"
"മിസ്സാകുമ്പോല്‍ ജഹാംഗീര്‍ പാടിയ ആ പാട്ട്. അതൊന്നു പാടൂ"
ഞാന്‍ പാടി " നിധി ചാല സുഖമാ........................................."
"എന്താ അതിന്റെ അര്‍ത്ഥം"
"എനിക്കറിയില്ല"
"ച്ഛേ.........അര്‍ത്ഥമറിയാതെ പാട്ടുകേട്ടിട്ട് ഒരു കാര്യവുമില്ല. എനിക്ക് അര്‍ത്ഥം അറിയാവുന്നതും തനിക്ക് പാടാനറിയാവുന്നതുമായ ഏതെങ്കിലും ഒരു പാട്ട് പാടു"
ഞാന്‍ പാടാന്‍ തയ്യാറെടുത്തു. കണ്ണുകളടച്ച് പൈപ്പ് കടിച്ചു പിടിച്ച് ഹോംസ് പാട്ടിനായി കാതോര്‍ത്തു.
ഞാന്‍ ഉച്ചത്തില്‍ പാടി
" ജാക്ക് ആന്‍ഡ് ജില്‍, വെന്റ് അപ് ദി ഹില്‍............."
കടിച്ചു പിടിച്ചിരുന്ന വിറകു കൊള്ളിയെടുത്ത് ഹോംസ് എന്നെ എറിഞ്ഞു.

4 comments:

suraj::സൂരജ് said...

ഇത് കൈയ്യീന്ന് പോകുവാണല്ലോ ദിനേശാ... ലക്കങ്ങള്‍ ഇനിയെത്ര വേണ്ടീരും!

കണ്ണനുണ്ണി said...

എറിഞ്ഞ വിറകുകൊള്ളി തിരിച്ചെടുത്തു ല്പ്ടുത്തു വേഗം ഹോംസിനോട് തുംബുണ്ടാക്കാന്‍ പറ മാഷെ

മരത്തലയന്‍ said...

മീനേ..കരിമീനേ
സംഗതി ജോറാവുന്നുണ്ട്..

ആ കുട്ടീടെ പടം പ്രൊഫൈലിൽ വച്ചത് മാത്രം ഇഷ്ടപ്പെട്ടിട്ടില്ല

ജിവി/JiVi said...

ശ്ശെടാ, ഇങ്ങനെയൊരു കിടിലന്‍ തുടരന്‍ ഇവിടെ നടക്കുന്നത് ഇപ്പഴല്ലേ കണ്ടത്.

വേഗം വേഗം പോരട്ടെ കരിമീനേ,