Thursday, January 14, 2010

സന്ദര്‍ശക മുറി

അവര്‍ എങ്ങോട്ടാണ് പോകുന്നത്?. ഇന്നലെ വരെ അവര്‍ നമ്മളോടൊപ്പമുണ്ടായിരുന്നു. നമ്മുടെ ചിന്തകളില്‍ അവരും അവരുടെ ചിന്തകളില്‍ നമ്മളും ഉണ്ടായിരുന്നു. ഇന്നും നമ്മുടെ ചിന്തകളില്‍ അവരുണ്ട്. പക്ഷേ ഈ ലോകത്ത് നിന്ന് അവര്‍ യാത്രയായിരിക്കുന്നു. ഇപ്പോള്‍ അവരുടെ ചിന്തകള്‍ എവിടെയാണ്?. ആ ചിന്തകളില്‍ നമ്മളുണ്ടോ?.

മരണം വല്ലാത്തൊരു സമസ്യയാണ്. വേദനകളുടെ വെറുപ്പിന്റെ വികാരങ്ങളുടെ വിരാമമാണത്.



ഗര്‍ഭപാത്രത്തിനേക്കാള്‍ ശാന്തമായ ഉറക്കറയാണത്. ജീവിതത്തിന്റെ ഏറ്റവും വലിയ പുണ്യമാണത്.



എഴുപത്തി ആറാം വയസ്സിലാണ് മുത്തശ്ശി മരിക്കുന്നത്. എഴുപത്തി ആറില്‍ മരണം ഒരു ആകസ്മികതയല്ല. അനിവാര്യതയുമല്ല. എങ്കിലും മരണത്തെ മുത്തശ്ശി വല്ലാതെ പേടിച്ചിരുന്നു. പെന്‍ഷന്‍ പറ്റിയ ദിനങ്ങള്‍ മുതല്‍ അവര്‍ പത്രങ്ങളിലെ ചരമകോളങ്ങളില്‍ മുഖം പൂഴ്തിയിരുന്നിരുന്നു. സമപ്രായക്കാരുടെ ചിത്രങ്ങള്‍ അച്ചടിച്ചുവരുമ്പോള്‍ ഞെട്ടിയിരുന്നു. അവരുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു.

ദിനപത്രങ്ങളിലെ ചരമകോളങ്ങള്‍ പ്രായമേറിയ ജീവിതത്തിന്റെ അറുത്തുമാറ്റാനാകാത്ത ഭാഗമാണ്. പ്രായമാകുമ്പോള്‍ ഞാനും ചരമകോളങ്ങളെ സ്നേഹിച്ചേക്കാം.

എഴുപത്തിആറില്‍ സംഭവിച്ച ഒരു വീഴ്ചയാണ് മുത്തശ്ശിയെ മരണത്തിലേക്ക് ക്ഷണിച്ചത്. ചികിത്സകള്‍ക്ക് വിരാമമിട്ട് വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ അനിവാര്യതയെ കുറിച്ച് മുന്നറിയിപ്പു തന്നിരുന്നു ഡോകടര്‍മാര്‍. എഴുപത്തിആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമുകിന്റെ പാളയില്‍ കുളിത്തൊട്ടിതീര്‍ത്ത് മഞ്ഞള്‍ തേച്ചു കുളിച്ചൊരു പിഞ്ചു കുട്ടിയായിരുന്ന അവര്‍ വെള്ളം നിറച്ച മെത്തയില്‍ ഒഴുകി നടന്നു, ഒരു കുട്ടിയെപ്പോലെ.

വാര്‍ദ്ധക്യം ഒരു രണ്ടാം ബാല്യം തന്നെയാണ് , എല്ലാ അര്‍ത്ഥത്തിലും. മൂത്രത്തിലേക്ക്, അപ്പിയിലേക്ക്, കൊഞ്ചലിലേക്ക് , ഒരു തിരിച്ചുപോക്ക്. ചെറുതായി ചെറുതായി, ഒടുവില്‍ ഗര്‍ഭപാത്രത്തിലേക്ക്, ഭൂമിയുടേതാണെന്ന് മാത്രം.

വൈകുന്നേരങ്ങളില്‍ ആഫീസില്‍ നിന്നെത്തുമ്പോള്‍ എനിക്കു മുന്നില്‍ അന്നത്തെ വിശേഷങ്ങളഴിക്കും മുത്തശ്ശി. ആസന്ന മരണയായ തന്നെക്കാണാനെത്തിയ ബന്ധുക്കളുടെ വിവരങ്ങള്‍. ആദ്യമൊക്കെ വെറുതേ മൂളിക്കേട്ടു എങ്കിലും പിന്നീടെപ്പോഴോ ആ വിശേഷങ്ങള്‍ ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി. ബന്ധങ്ങളുടേയും ബന്ധുക്കളുടെയും നീണ്ടു പോകുന്ന ചങ്ങലകള്‍. ഇങ്ങേയറ്റത്തെ കണ്ണിയായ ഞാന്‍ ആ വിവരണങ്ങളിലൂടെ ചങ്ങലയുടെ അറ്റത്തേക്ക് സഞ്ചരിച്ചു തുടങ്ങി.



“ കൊല്ലന്റഴികത്തെ രാഘവന്‍ വന്നിരുന്നു ഉച്ചക്ക്. അവന്‍ ഇപ്പോഴും പഴയതുപോലെ തന്നെ, ഒരു മാറ്റവുമില്ല” കൊല്ലന്റഴികത്തെ രാഘവന്റെ ചരിത്രം മുത്തശ്ശി നിവര്‍ത്താന്‍ തുടങ്ങി. അവന്റെ അച്ഛന്‍ സിങ്കപ്പൂരു പോയ കഥ. മലായിക്കാരിയെ കെട്ടിയ കഥ. അവന്റെ അമ്മ കിണറ്റില്‍ ചാടിയത്. കുടുമ്പചരിത്രങ്ങള്‍ ദേശചരിത്രങ്ങളായി. പിന്നെ ദേശീയതയുടെ അതിരുകള്‍ ഭേദിച്ച് പറന്നു നടക്കാന്‍ തുടങ്ങി.



അടുത്ത സന്ദര്‍ശകന്‍ മുത്തു ചെട്ടിയാരായിരുന്നു. മുത്തശ്ശിക്ക് സ്കൂളില്‍ നിയമനം കിട്ടിയപ്പോള്‍ ചിട്ടിയില്‍ ചേര്‍ത്ത ചെട്ടിയാര്‍. എല്ലാ ഒന്നാം തിയതിയും സ്റ്റാമ്പു പതിപ്പിച്ച രസീതുമായി ചെട്ടിയാര്‍ പിരിവിനെത്തുമായിരുന്നു. ആ ബന്ധങ്ങളുടെ ദൃഡതയില്‍ എനിക്ക് സന്തോഷം തോന്നി.


അവരുടെ ഓര്‍മ്മകള്‍ എത്ര സുദൃഡമാണ്!. സ്വന്തം മൊബൈല്‍ നമ്പര്‍ പോലും ഓര്‍ത്തുവക്കാനാകാത്ത എന്നില്‍ നിന്നും എത്രയോ അകലത്തിലാണവര്‍. കുടിപ്പള്ളിക്കൂട സഹപാഠികള്‍ മുതല്‍ വിരമിക്കല്‍ വര്‍ഷത്തില്‍ അക്ഷരം എഴുതിച്ച കുട്ടികള്‍ വരെ അവരുടെ തലച്ചോറിന്റെ അറകളിലുണ്ട്.



മുത്തശ്ശിയുടെ നില പിന്നെയും മോശമാകുകയായിരുന്നു. മച്ചിന്റെ മുകളില്‍ നിന്ന് തന്റെ പുറത്തേക്ക് വീഴുന്ന എന്തോ ഒന്നിനെ മുത്തശ്ശി കുടഞ്ഞെറിയുമായിരുന്നു. വലയാണോ എന്ന് സംശയിച്ച് ഞാന്‍ മച്ചിന്‍ പുറം മുഴുവന്‍ തൂത്തു വാരി. വീഴുന്നത് വീണ്ടും വീണുകൊണ്ടേയിരുന്നു. ഉത്തരം കിട്ടാത്ത ആ വിഴ്ചക്കുമുന്നില്‍ ഞാന്‍ പകച്ചു നില്‍ക്കെ അയല്പക്കത്തെ ശങ്കരി അമ്മയാണ് എന്നെ പുതിയൊരു അറിവിലേക്ക് വിളിച്ചുണര്‍ത്തിയത്.” മോനേ അത് വലയൊന്നുമല്ല................അത് കയറാണ്..........കാലന്റെ .................കയര്‍ മുത്തശ്ശിയുടെ പുറത്തേക്കിടുകയാണ് .............. അതാണ്.


കാലന്റെ കയര്‍!. ഹൈന്ദവ പുരാണങ്ങളിലെ ആ കറുത്ത മിത്ത്. യുക്തിചിന്തക്കുമുന്നില്‍ ഞാനത് തള്ളിക്കളഞ്ഞു. കൈകളിലെ ഞരമ്പുകല്‍ തരിക്കുന്നതാകാം. പക്ഷേ മുത്തശ്ശി എന്നോട് പറയുന്നു.


“ ദാ.........മോനേ...എന്റെ കയ്യിലേക്കത് വീഴുന്നു. നീയിതൊന്ന് മാറ്റിയേ................”


കൈകളില്‍ എഴുന്നു നില്‍ക്കുന്ന ഞരമ്പുകള്‍ മാത്രം.മുകളില്‍ കറങ്ങുന്ന സീലിംഗ് ഫാനും. കാലന്റെ കയര്‍ - എന്റെ ഓഫീസിലെ നിമിഷങ്ങളെ വേട്ടയാടിക്കൊണ്ടിരുന്നു.


സന്ദര്‍ശകരുടെ എണ്ണം കൂടിക്കൂടി വന്നു. ടീച്ചറായിരുന്നതിനാലാകണം പഴയ സഹപ്രവര്‍ത്തകരായിരുന്നു അധികവും.


“ അവരാരും എന്നെ തിരക്കിയില്ലേ മുത്തശ്ശീ...................” ഞാന്‍ എന്നും അന്വേഷിക്കും.


“ഇല്ലല്ലോടാ.........അവര്‍ എന്നെക്കാണാനല്ലേ വന്നത്. പിന്നെന്തിനാ നിന്റെ കാര്യം ചോദിക്കുന്നത്. നിന്റെ അമ്മയുടെ കാര്യം തിരക്കി.”


ഒരു ദിനം വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ മുത്തശ്ശി പറഞ്ഞ ഒരു സന്ദര്‍ശകന്റെ കാര്യം മാത്രം എന്നില്‍ അവിശ്വാസം ജനിപ്പിച്ചു.


“ഇല്ല!. അയാള്‍ വന്നിട്ടേയില്ല, മുത്തശ്ശി നുണ പറയുകയാ..................”


“ പോടാ................ഞാന്‍ നുണ പറയുന്നെന്നോ........തെക്കതിലേ ബാബു വന്നിരുന്നു. ദാ..............ഇപ്പൊ.......നീ വരുന്നതിന് തൊട്ടു മുന്‍പാ അവന്‍ ഇവിടന്നു പോയത്”.


തെക്കതിലെ ബാബു. ബന്ധം കൊണ്ട് ഞങ്ങള്‍ വളരെ അടുത്തവരാണ് . പക്ഷേ അല്പം ശത്രുതയിലുമാണ്.


അയാള്‍ ഒരിക്കലും വരില്ല. ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. മുത്തശ്ശിക്ക് കൂട്ടിരിക്കുന്ന ശങ്കരിയമ്മ എന്നെ നോക്കി കണ്ണിറുക്കി.


പക്ഷേ ബാബുവിന്റെ വരവ് അത് എന്നില്‍ ഉളവാക്കിയ അതിശയം മാറിയതേയില്ല.


അഞ്ച് നിമിഷ്ഷങ്ങള്‍ക്ക് ശേഷം ഫോണ്‍ ശബ്ദിച്ചു. സുകുമാരന്‍ ചേട്ടനായിരുന്നു അങ്ങേത്തലക്കല്‍


“ നീയറിഞ്ഞോ ? നമ്മുടെ ബാബുവിന് ആക്സിഡന്റായി. അനന്തപുരിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. സീരിയസാണ്.’


“ അങ്ങിനെയല്ലണ്ണാ.........................ബാബു മരിച്ചു. അല്പം മുന്‍പ്...................” യാന്ത്രികമായി ഞാന്‍ പറഞ്ഞു.


സുകുമാരന്‍ ചേട്ടന്‍ ഒന്നു ഞെട്ടി “ മരിച്ചെന്നോ...............എപ്പോള്‍?..............ആരുപറഞ്ഞൂ................”


“ആരും പറഞ്ഞില്ല............പക്ഷേ..............സത്യമാണ് ............ബാബു മരിച്ചു...........നിമിഷങ്ങള്‍ക്ക് മുന്‍പ്....”


ഒരു അവിശ്വാസത്തോടെ അയാള്‍ ഫോണ്‍ താഴെവച്ചു.


ഞാന്‍ മുത്തശ്ശിയുടെ അടുത്തേക്ക് പോയി. മച്ചിലേക്ക് തുറിച്ചു നോക്കി അവരെന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവരുടെ വെള്ളിക്കമ്പിപോലുള്ള തലമുടിയില്‍ തടവി ഞാന്‍ പറഞ്ഞു.


“ മുത്തശ്ശി പറഞ്ഞത് ശരിയാ...............ബാബു വന്നിരുന്നു.....സത്യം.....”


ഒരു കുഞ്ഞിനെപ്പോലെ അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചു.


അവര്‍ പറഞ്ഞത് അത്രത്തോളം സത്യമാണ് എന്ന് എനിക്കുറപ്പായിരുന്നു.


കാരണം അവരെ സന്ദര്‍ശിക്കാന്‍ വന്നവരെല്ലാം വര്‍ഷങ്ങള്‍ക്ക് മുന്നേ മരിച്ചവരായിരുന്നു. പതിവ് തെറ്റിച്ചെത്തിയത് ഒരാള്‍ മാത്രം.


തെക്കതില്‍ വീട്ടില്‍ ബാബു.!


അത് ഒരു വഴിതെറ്റലല്ല എന്ന് എനിക്കിപ്പോള്‍ തെളിയുന്നു.


“ഇത് ഒരു സന്ദര്‍ശക മുറിയാണ്. ആത്മാക്കളുടെ സന്ദര്‍ശക മുറി.”

അപ്പോള്‍ അവര്‍ നമുക്ക് ചുറ്റുമുണ്ട്. അവരെല്ലാമറിയുന്നുണ്ട്. യാത്രക്ക് നമ്മെ കൂട്ടുവിളിക്കാന്‍ അവരെത്തും.

യുക്തിക്ക് ഒട്ടും അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍.

ശാസ്ത്രീയ വിശദീകരണം ഇതാണ്.”തലച്ചോറിന്റെ ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ തോന്നല്‍. അനസ്തേഷ്യയില്‍ നിന്ന് ഉണരുമ്പോഴും ഇതേ അനുഭവത്തിലൂടെ നമ്മള്‍ കടന്നുപോകുന്നു.”

ശരിയാണ്. അതുതന്നെയാവണം സത്യം. പക്ഷേ ഓമകളില്‍ വന്നുപോയവരെല്ലാം മരണമടഞ്ഞവര്‍ മാത്രമായതെന്തേ

കുട്ടിക്കലത്തെ ഓര്‍മകളല്ലേ ഏറ്റവും ഹൃദ്യം. എഴുപതു കഴിഞ്ഞ മുത്തശ്ശിയുടെ കുട്ടിക്കാല ഓര്‍മക്കളിലുള്ളവരെല്ലാം മരിച്ചവരായത് സ്വാഭാവികം.

പക്ഷെ ചെറുപ്പക്കാരനായ ഒരേ ഒരു വ്യക്തി, തെക്കതില്‍ വീട്ടില്‍ ബാബു ആ ഓര്‍മകളില്‍ എങ്ങിനെ എത്തി. അതും മരിച്ച് നിമിഷങ്ങള്‍ക്കകം. മരണം ബന്ധുക്കള്‍ പോലും അറിയുന്നതിന് മുന്നേ......

അറിയില്ല....................

അത് ഒരു സന്ദര്‍ശക മുറിയായിരുന്നിരിക്കാം............ആത്മാക്കളുടെ സന്ദര്‍ശക മുറി!.


2 comments:

പട്ടേപ്പാടം റാംജി said...

“ഇത് ഒരു സന്ദര്‍ശക മുറിയാണ്. ആത്മാക്കളുടെ സന്ദര്‍ശക മുറി.”
എനിക്കെന്തോ അത്രയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.
ഒരു കഥ പോലെ മനോഹരമായി അവതരിപ്പിച്ചിരുക്കുന്നു.നന്നായി.
ആശംസകള്‍.

ബിനോയ്//HariNav said...

കരിമീനേ നന്നായി രചന. ഒടുവിലെ ഖണ്ഡിക വേണ്ടിയിരുന്നില്ല എന്ന് തോന്നി. വായനക്കാരും പുലികളാണ് :)