Sunday, June 12, 2011

ഒരു വിലാപം

“തിങ്ങിപ്പൊങ്ങും തമസ്സിൻ നടുവിലൊരു കുടം പോലെ ഭൂചക്രവാളം “ തിരിയുകയാൺ.                                              അവിടെ അതാ ഒരു വൃദ്ധൻ ഇരുന്നു കരയുന്നു. ദാശരഥിയുടെ ദുഖം പോലെ................                                                                  ഗാന്ധാരീ വിലാപം പോലെ ........അത് അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുന്നു. നമ്മുടെ ഹൃദയങ്ങളെ ശോകാര്‍ത്തമാക്കുന്നു.


“ എന്നെയും എന്റെ മകനേയും നിങ്ങള്‍ വേട്ടയാടുന്നു”


      ഹേ കപടലോകമേ.....ഈ ആത്മാര്‍ത്ഥഹൃദയത്തെ നിങ്ങളെന്തിന് ഇങ്ങനെ വേദനിപ്പിക്കുന്നു. എഴുപത്തി അഞ്ച് വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തെ നിങ്ങളെന്തിന് കരിവാരിത്തേക്കുന്നു.
എന്റെ പുത്രന്‍......എന്റെ പ്രിയപുത്രന്‍ ...കയ്യോ കാലോ വളരുന്നത് എന്ന് നോക്കി ഞാനും അവളും ഓമനിച്ചു വളര്‍ത്തിയ എന്റെ മകന്‍......അവന്റെ ഭാവിയില്‍ കൂടി നിങ്ങളെന്തിന് ചായം പൂശുന്നു. മറ്റ് നേതാക്കളുടെ മക്കളെപ്പോലാണോ അവന്‍. ഇ.എമ്മിന്റെ മക്കളെ ജനിച്ച് മൂന്നോ നാലോ കൊല്ലം കഴിഞ്ഞാണ് ഇ.എം.കാണുന്നത് തന്നെ.                                                                                        ഇവനെ ഞാന്‍ അങ്ങിനെയാണോ വളര്‍ത്തിയത്. കൂടെ തന്നെ ഉണ്ടായിരുന്നു. എപ്പോഴും. മോഡറേഷന്‍ വാങ്ങി പരീക്ഷ ജയിച്ച അവനെ തങ്ങള്‍ കുഞ്ഞു മുസലിയാര്‍ക്ക് ക്യാപ്പിറ്റേഷന്‍ ഫീ കൊടുത്ത് ഞാന്‍ പഠിപ്പിച്ചു.


കേരളം മുഴുവന്‍ എസ്.എഫ്.ഐ.ക്കാര്‍ വിദ്യാഭ്യാസ ബന്ദ് നടത്തിയ ദിവസം പോലും അവനെ ഞാന്‍ പരീക്ഷ എഴുതിച്ചു, അവന്റെ ഭാവിയെക്കരുതി.


ഒന്നാം റാങ്ക് നേടി പരീക്ഷ ജയിച്ചവന്മാര്‍ പോലും തെണ്ടി നടന്നപ്പോള്‍ എന്റെ മകനെ കയര്‍ഫെഡില്‍ ഞാന്‍ എം.ഡി യായി നിയമിച്ചു. 
അവിടിരുന്ന് അവന്‍ ലോകരാജ്യങ്ങളെല്ലാം കണ്ടു.എന്തെല്ലാം അനുഭവങ്ങള്‍ സമ്പാദിച്ചു.


ഐ.എച്ച്.ആര്‍.ഡിയുടെ ഡയറക്റ്റര്‍ വരെ ആകാന്‍ പോകുന്നവനാ അവന്‍.......


അവനെയാണോ നിങ്ങള്‍ വേട്ടയാടാന്‍ പോകുന്നത്.......


ഹേ....കപടലോകമേ......പിണറായിയുടെ മകന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവനെപറ്റി നിങ്ങള്‍ക്ക് അന്വേഷിച്ചു കൂടെ....
കോടിയേരിയുടെ ഭീകരനായ മകന്‍ രഹസ്യമായി നാട്ടിലെത്തി നടത്തുന്ന വിധ്വംസക പ്രവര്‍ത്തങ്ങള്‍ നിങ്ങള്‍ക്ക് അറിയില്ലേ......


എം.എ.ബേബിയുടെ മകന്‍ അഭിനയിച്ച സിനിമാ ക്യാമ്പില്‍ ഒരു പെണ്‍കുട്ടി മാനംഭംഗം ചെയ്യപ്പെട്ട കഥ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടില്ലേ......                                                                             എന്തെല്ലാം നിങ്ങള്‍ക്ക് അന്വേഷിക്കാം....കവിയൂര്‍ പെണ്‍കുട്ടി എഴുതിയ കത്ത് ഇതാ ഞാന്‍ പുറത്ത് വിടാന്‍ പോവുകയാണ്. അതിനെക്കുറിച്ച് നിങ്ങള്‍ അന്വേഷിക്കൂ..ആ മന്ത്രി പുത്രന്മാരെ കണ്ടെത്തൂ


അല്ലാതെ എന്റെ മകന്‍ ...എന്റെ പ്രിയ മകന്‍...അവന്റെ ഭാവി നശിപ്പിക്കാതെ...


ഞാന്‍ സത്യത്തിനു വേണ്ടിയേ നിന്നിട്ടുള്ളൂ. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ ആരെയെങ്കിലും വേട്ടയാടിയിട്ടുണ്ടോ.....
എന്നിട്ട് ഇപ്പോള്‍ എന്നെ വേട്ടയാടുന്നു.......എന്തിന് ഹേ കപട ലോകമേ.....


   പിണറായിയുണ്ട്......കോടിയേരിയുണ്ട്.....ഐസക്കുണ്ട്....ഇളമരം കരീമുണ്ട്........


ഇരകളെ എത്രയോ ഞാന്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്......അതിനെയൊക്കെ വിട്ട് നിങ്ങളെന്തിനാണ് എന്റെ പിന്നാലെ...


കിനാലൂരിലെ കയ്യേറ്റങ്ങള്‍ അന്വേഷിക്കാതെ നിങ്ങളെന്തിനാണ് സുഗതന് ഭൂമി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കുന്നത്.


നിങ്ങളെന്താണ് തച്ചങ്കരിയും പിണറായിയും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച് ഇപ്പോള്‍ എഴുതാത്തത്......


രജനീകാന്ത് സിംഗപ്പുരില്‍ കിഡ്നി ചികിത്സക്ക് പോയപ്പോഴെങ്കിലും നിങ്ങള്‍ ഫാരിസ് അബൂബേക്കറിനേയും പിണറായിയേയും പറ്റി എഴുതാമായിരുന്നു.


എവിടെ എന്റെ കൂട്ടാളികള്‍........നീലകണ്ടാ......കുഞ്ഞനന്താ....പ്രകാശേ........


ആരുമില്ലേ ഇവിടേ..........., എവിടെയും ഘോരാന്ധകാരം.!


ഇരുളേ വിഴുങ്ങ്..........നീയേ നെടും ഘെതി.......

4 comments:

Anonymous said...

കൊടുത്താല്‍ കൊല്ലത്തും കിട്ടും ബാല ക്റിഷ്ണപിള്ളയെ ആണു ജയിലില്‍ പിടിച്ചിട്ടത്‌, ഉമ്മന്‍ ചാണ്ടി മാപ്പുകൊടുത്താലും പിള്ള ഇതിനു പണി കൊടുക്കാതിരിക്കില്ല കുഞ്ഞാലി കുട്ടി അത്റ വിരോധം കാണിക്കില്ലായിരിക്കാം പക്ഷെ പിള്ള കാര്യം വിഷമസ്ഥിതി ഇനി സുപ്രീം കോടതിയില്‍ വാദിച്ച അഡ്വക്കേറ്റുമാറ്‍ക്ക്‌ ആരു ഫീസ്‌ കൊടുക്കും അവന്‍മാറ്‍ ജപ്തിക്കും വരുമോ? മക്കവുവിലെ കാബറെ സീ ഡികള്‍ പുറത്തിറങ്ങുമോ?

കിരണ്‍ തോമസ് തോമ്പില്‍ said...

രജനീകാന്ത് സിംഗപ്പുരില്‍ കിഡ്നി ചികിത്സക്ക് പോയപ്പോഴെങ്കിലും നിങ്ങള്‍ ഫാരിസ് അബൂബേക്കറിനേയും പിണറായിയേയും പറ്റി എഴുതാമായിരുന്നു.
ഇത് കലക്കി

vrajesh said...

മഹാനായ അച്ചന്റെ മിടുക്കനായ മകന്‍ ഒരു പാര്‍ട്ടി മെമ്പര്‍ കൂടിയാണ്...

Anonymous said...

ഗോള്‍ഫു ക്ലബ്ബില്‍ മേമ്പരന്!
പഴയ പുന്നപ്രയുടെയോ വയലാറിന്റെയോ കാലമല്ല ഇത്.. ഉണ്ട് ,ഉറങ്ങി, ഉണ്ണിയെഉണ്ടാക്കി കളിക്കേണ്ട കാലം !