Saturday, October 29, 2011

ഐ.എച്ച്.ആര്‍.ഡിയിലെ ഭാഗ്യക്കുറികള്‍ ...............

   ഒരു എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാളാകാന്‍ എന്തു ചെയ്യണം ?. സാധാരണ ഗതിയില്‍ പ്ലസ് ടൂ കഴിഞ്ഞ് എന്റ്ട്രന്‍സ് എഴുതണം. അത് കിട്ടണം.ഏതെങ്കിലും എഞ്ചിനിയറിംഗ് കോളേജില്‍ അഞ്ച് കൊല്ലം പഠിച്ച് അതു പാസ്സാകണം. എം.ടെക്കിന് പോകണം. പാസ്സാകണം. ഗേറ്റ് എഴുതണം,നെറ്റ് എഴുതണം. പിന്നെ ജോലിക്ക് അപേക്ഷിക്കണം. അതിന്റെ ടെസ്റ്റ് പാസ്സാകണം. അഭിമുഖം ജയിക്കണം. അങ്ങിനെ....അങ്ങിനെ....അങ്ങിനെ................


ഞാന്‍ ഒരു രാമകൃഷ്ണനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടെ ( യഥാര്‍ത്ഥ പേര് ഇതല്ല, അതിനാല്‍ ആരും കേസിന് വരരുത്) 
                                          രാമകൃഷ്ണന്‍ ബി.എസ്.സി.മൂന്നാം ക്ലാസ്സില്‍ പാസ്സായി. പിന്നെ മുകളിലോട്ട് അഡ്മിഷന്‍ കിട്ടിയില്ല. അങ്ങിനെ പഠിത്തം നിര്‍ത്തി. കമ്പ്യൂട്ടര്‍ പഠിക്കാന്‍ നോക്കി. പി.ജി.ഡി.സി.എ.കിട്ടി. പിന്നെ  പി.എസ്.സി.എല്‍.ഡി.ക്ലാര്‍ക്ക് കോച്ചിംഗിന് ബ്രില്ല്യന്‍സില്‍ പോയി. കുറേ ടെസ്റ്റുകള്‍ എഴുതി. ഒന്നും കിട്ടിയില്ല. പ്യൂണ്‍ പരീക്ഷ എഴുതി , അതു കിട്ടിയില്ല. അപ്പോഴാണ് പത്രത്തില്‍ ഒരു വാണ്ടഡ് കണ്ടത്. ഐ.എച്ച്.ആര്‍.ഡിയിലേക്ക് ക്ലാര്‍ക്കുമാരുടെ അപേക്ഷ ക്ഷണിക്കുന്നു. നിയമനം പരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍. 


                                    കേരളം ഭരിക്കുന്നത് എല്‍.ഡി.എഫ്. സര്‍ക്കാരാണ്. രാമകൃഷ്ണന്റെ അച്ഛനും ഒരു സഖാവാണ്. രാമകൃഷ്ണന്‍ അച്ഛനോടൊപ്പം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ കണ്ടു. സെക്രട്ടറി കത്ത് കൊടുത്തു. അതുമായി ഏരിയാ കമ്മിറ്റിക്ക്, അവിടെന്നും കത്ത് കിട്ടി. ജില്ലാ കമ്മിറ്റിയെ കത്ത് ഏല്പിച്ചു. അങ്ങിനെ നിരവധി സഖാക്കള്‍ക്കൊപ്പം രാമകൃഷ്ണനും ഐ.എച്ച്.ആര്‍.ഡിയില്‍ ക്ലാര്‍ക്ക് ആയി. സോറി. ക്ലര്‍ക്ക് അല്ല. അസിസ്റ്റന്റ്, അങ്ങിനെ അതായി.


                                      അങ്ങിനെ ഇരിക്കെ ഇടതു പക്ഷ സര്‍ക്കാരിന് ഒരു ആലോചന.ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ എഞ്ചിനിയറിംഗ് കോളേജ് തുടങ്ങിയാലോ. ആലോചന അവിടെ തുടങ്ങിയപ്പോഴേ ഇവിടെ രാമകൃഷ്ണനും കൂട്ടര്‍ക്കും അറിയിപ്പ് വന്നു, ഒരു എം.സി.എ.എടുത്തോളൂ. ഉപയോഗമുണ്ടാകും. 


                       പക്ഷേ എങ്ങിനെ എടുക്കും?. എം.സി.എക്ക് ഒരു പ്രശ്നമുണ്ട്. വിദൂര വിദ്യാഭ്യാസം വഴി മാത്രമേ ഒരു ഉദ്യോഗസ്ഥന് എം.സി.എ .എടുക്കാനാകൂ. പക്ഷേ വിദൂര വിദ്യാഭ്യാസം വഴിയുള്ള ഒരു എം.സി.എ.യും.കേരള സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഇഗ്നോയുടേതല്ലാതെ. ഇഗ്നൊയുടേ എം.സി.എ. കടുകട്ടിയാണ്. സാധാരണ ഗതിയിലൊന്നും അത് പാസ്സാകില്ല. 


                         പക്ഷേ ഐ.എച്ച്.ആര്‍.ഡിയിലെ സര്‍വ്വശക്തനായ ദൈവം രാമകൃഷ്ണനോടും കൂട്ടുകാരോടും പറഞ്ഞു.”നിങ്ങള്‍ തമിഴ് നാട്ടിലെ ............................യൂണിവേഴ്സിറ്റിയില്‍ പോയി കറസ്പോണ്ടന്‍സ് എം.സി.എ.എടുത്തുകൊണ്ടു വരൂ. അവര്‍ സര്‍ട്ടിഫിക്കറ്റില്‍ കറസ്പോണ്ടന്‍സ് എന്ന് വക്കില്ല.”


               മേലാവിന്റെ ഉത്തരവുകള്‍ അവര്‍ അനുസരിച്ചു. അപ്പോഴും രാമകൃഷ്ണന് സംശയം ബാക്കി.” അല്ല കറസ്പോണ്ടന്‍സ് എന്ന് വച്ചില്ലങ്കിലും സംഗതി അതാണന്ന് നമ്മുടെ സ്ഥാപനത്തിന് അറിയില്ലേ, കാരണം ഈ കാലയളവിലൊക്കെ ഞങ്ങള്‍ ഇവിടെ ജോലിനോക്കുകയും ശമ്പളം കൈപ്പറ്റുകയും ചെയ്തിട്ടില്ലേ” 


          " അതൊക്കെ ഞങ്ങള്‍ നോക്കിക്കൊള്ളാം, തനിക്ക് പോയി ഒരു എം.സി.എ.വാങ്ങിക്കൊണ്ട് വരുവാന്‍ പറ്റുമോ”


          പറ്റാത്തതെന്ത്, രാമകൃഷ്ണന്‍ ഉള്‍പ്പെടെ ഒരു സംഘം തമിഴ് നാട്ടിലേക്ക് തിരിച്ചു. എം.സി.എക്ക് രജിസ്റ്റര്‍ ചെയ്തു. തിരിച്ചു വന്നു. പിന്നൊരിക്കല്‍ കൂടി അവര്‍ തമിഴ്നാട്ടിലേക്ക് പോയി. എം.സി.എ.സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍. 

             എല്ലാപേര്‍ക്കും സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞപ്പോള്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനിയറിംഗ് കോളേജിലേക്ക് അധ്യാപരുടെ വാണ്ടഡ് ഇട്ടു.“ എം.സി.എ.ഉള്ള ഐ.എച്ച്.ആര്‍.ഡി.ജീവനക്കാരില്‍ നിന്ന് അപേക്ഷ”
                 രാമകൃഷ്ണനും സംഘവും അപേക്ഷിച്ചു. പരീക്ഷ ഇല്ലാതെ, അഭിമുഖം ഇല്ലാതെ, അവര്‍ എഞ്ചിനിയറിങ് കോളേജ് അധ്യാപകരായി. 


                 പിന്നീട് പുറത്തുനിന്ന് നിയമപ്രകാരം ആളെ എടുത്തു. വന്നവര്‍ ജൂനിയര്‍ അധ്യാപരായി. നമ്മുടെ രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രൊഫസര്‍ മാരായി.


                   കൃത്യം മൂന്ന് മാസം മുന്‍പ് രാമകൃഷ്ണനും  സംഘവും കോണ്‍ഗ്രസ്സായി. കാരണം ഇനി വരുന്ന അഞ്ച് കൊല്ലം അവരുടെ സര്‍വീസ് പുസ്തകം പരിശോധിക്കപ്പെടാതിരിക്കണം. അവരുടെ ആ എം.സി.എ. മറഞ്ഞിരിക്കണം.


       അവരുടെ തലവനെതിരെ നടപടി വരുന്നു എന്ന് പത്രവാര്‍ത്ത. ശരിയായിരിക്കാം. കാരണം അയാളുടേത് രാഷ്ട്രീയ നിയമനമായിരുന്നില്ല. സ്വന്തം അച്ഛന്റെ ബലത്തിലാണത്രേ അയാള്‍ക്ക് നിയമനം കിട്ടിയത്. രാഷ്ട്രീയമായിരുന്നു എങ്കില്‍ അഞ്ച് കൊല്ലത്തിലൊരിക്കല്‍ മാറാമായിരുന്നു. അച്ഛനെ അങ്ങിനെ മാറ്റാനൊക്കില്ലല്ലോ............................

2 comments:

karimeen/കരിമീന്‍ said...

??????

ഘടോല്‍കചന്‍ said...

കൊള്ളാം.... :)
ഇങ്ങിനെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും എത്രയെത്ര ഭാഗ്യക്കുറികളടിച്ചിരിക്കുന്നു...