Monday, October 31, 2011

ഞാന്‍ ഒരു പട്ടിയായിരുന്നു !

മനുഷ്യര്‍ക്ക് തിരിച്ചറിവുണ്ടാകുന്നത് എന്നാണ് ?. അതിനങ്ങിനെ പ്രത്യേകിച്ച് പ്രായമൊന്നുമില്ല എന്ന് പുരാണങ്ങളും ചരിത്രവും നമ്മെ പഠിപ്പിക്കുന്നു. സിദ്ധാര്‍ത്ഥ കുമാരന് ബോധം ഉണ്ടായതും നരേന്ദ്രന്‍ വിവേകാനന്ദനായതും ഒക്കെ ചെറുപ്രായത്തിലാണ്. പ്രായം ഏറും തോറും തിരിച്ചറിവ് നഷ്ടപ്പെടാറാണ് സാധാരണ പതിവ്. അപവാദങ്ങളും തീരെ ഇല്ലാതില്ല.                                                       


                   ഇവിടെ ഒരു മനുഷ്യന് തിരിച്ചറിവുണ്ടായിരിക്കുന്നു. ഉണ്ടായ അറിവ് നിസ്സാരമല്ല. “താന്‍ ഇത്രയും കാലം ഒരു പട്ടിയായിരുന്നു “ എന്നാണ് അദ്ദേഹം കണ്ടെത്തിയത്. തിരിച്ചറിവുണ്ടായ സമയം ഏതാണ്?. സംസ്ഥാനത്ത് ഒട്ടാകെ ഗണേശ ഭത്സന ഘോഷയാത്ര നടക്കുന്നു. സ്ത്രീക്ക് മൃദുല ഭാഗങ്ങള്‍ ഏതൊക്കെ എന്ന് ചീപ്പ് വിപ്പ് അനാട്ടമി പഠിപ്പിക്കുന്നു, അതും പൊതുവേദിയില്‍. അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ വിവാദം കത്തിപ്പടരുന്നതിനിടയില്‍ ഒരു നേതാവ് പത്രസമ്മേളനം വിളിച്ച് പറയുന്നു.” താന്‍ ഇത്രയും കാലം നായയായിരുന്നു എന്ന്”.


               ആള് നിസ്സാരനല്ല, നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള, അത്രത്തോളം തന്നെ പുസ്തകങ്ങളും എഴുതിയിട്ടുള്ള, സ്വന്തമായി അച്ചുക്കൂടം തന്നെയുള്ള മഹാനാണ്. അദ്ദേഹം ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു കൃത്യം ഒരു വര്‍ഷം മുന്‍പാണ് താന്‍ മനുഷ്യനായത് എന്ന്. 


            അതുവരെ താന്‍ ഇടതുമുന്നണിയിലായിരുന്നു. അവിടെ എറിഞ്ഞ് തരുന്ന ബിസ്കറ്റ് കടിച്ച് ഒരു പട്ടിയായി കഴിയണമായിരുന്നു. താന്‍ അങ്ങിനെയായിരുന്നു കഴിഞ്ഞിരുന്നത്. ഇപ്പോള്‍ യു.ഡി.എഫില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ ഒരു മനുഷ്യനായി.


      ഒന്നു നോക്കണേ......ഒരാള്‍ എത്രകൊല്ലം എറിഞ്ഞ് കിട്ടിയ ബിസ്കറ്റ് മാത്രം കഴിച്ച് ജീവിച്ചു എന്ന്. ഒന്നും രണ്ടുമല്ല, മുപ്പത് കൊല്ലത്തോളം നീണ്ട നായജീവിതം. കുരക്കാന്‍ പറഞ്ഞവരെ നോക്കികുരച്ചു. കടിക്കാന്‍ പറഞ്ഞവരെ കടിച്ചു. എറിഞ്ഞ് തന്ന ബിസ്കറ്റ് ചാടിപ്പിടിച്ചു.


      എന്തൊരു ജീവിതം. എം.എല്‍.എ ആയതും മന്ത്രിയായതും എം.പിയായതും പിന്നെ കേന്ദ്രമന്ത്രി ആയതും ഒക്കെ നായയായിരുന്ന കാലയളവിലായിരുന്നു.എന്തൊരു പരിണാമം !.എം.പി.നാരായണ പിള്ള തോറ്റുപോകും !.ടോമി എന്ന നായ ആരുമല്ല.


        കുറച്ച് പുസ്തകങ്ങള്‍ നമ്മളെല്ലാം വായിച്ചിട്ടുണ്ട്. വായനക്കാരെക്കാളധികം എഡിഷനും ഇറങ്ങിയിട്ടുണ്ട്. ആരുടേയോ ദുഖമോ...കാണാച്ചരടോ, വ്യാകുലതകളോ ഒക്കെ വായിച്ച് നാം കരഞ്ഞിട്ടുണ്ട്. “നീയറിഞ്ഞോ വായനക്കാരാ............നീറുമെന്നുള്ളിലെ വേദനകള്‍” എന്നു കവിപറഞ്ഞ പോലെ യഥാര്‍ത്ഥത്തില്‍ തന്റെ കഴുത്തിലെ കാണാച്ചരടിനെ കുറിച്ചാണല്ലോ അദ്ദേഹം വ്യാകുലപ്പെട്ടത് എന്ന് ഒരു വായനക്കാരനായ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലല്ലോ.......ആ ദുഖം യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റേത് തന്നെയായിരുന്നു എന്ന് തിരിച്ചറിയാന്‍ ഒരു സാഹിത്യസിദ്ധാന്തവും എന്നെ സഹായിച്ചില്ലല്ലോ........നവവിമര്‍ശം, ഘടനാവാദം, മാര്‍ക്സിസ്റ്റ് നിരൂപണം............പുല്ല്................എല്ലാം തുലയട്ടെ...


       സാഹിത്യകാരന്റെ ജീവിതം കൃതിയില്‍ വരുത്തിയ സ്വാധീനം പരക്കെ പഠന വിഷയമാണ്. റിസര്‍ച്ച് ചെയ്യാന്‍ വിഷയം തേടിനടക്കുന്ന ജെ.ആര്‍.എഫ്.കാരെ.............., ഒരു നായജീവിതത്തിലെ  കൃതികളിതാ നീണ്ട് പരന്ന് കിടക്കുന്നു. താരതമ്യ പഠനത്തിന് ഒരു മനുഷ്യജീവിത കൃതി കൂടി വേണമല്ലോ . അതിനിയും ഉണ്ടായിട്ടില്ല താനും. കാത്തിരിക്കാം. മനുഷ്യനും എന്തെങ്കിലും പറയാന്‍ കാണില്ലേ.......


          അഹന്തയുമായി നടന്ന ശങ്കരാചാര്യര്‍ക്ക് ചണ്ഡാളനാണ് തിരിച്ചറിവ് പകര്‍ന്ന് നല്‍കിയത്. വിവേകാനന്ദന് ശ്രീരാമകൃഷ്ണ പരമഹംസര്‍ തിരിച്ചറിവ് നല്‍കി. മുപ്പത് കൊല്ലം നീണ്ട നായ ജീവിതത്തില്‍ നിന്ന് ഈ നേതാവിന് മുക്തി നല്‍കിയത് സാക്ഷാല്‍ വിജയനാണ്. അര്‍ജ്ജുനന് ഗീത നല്‍കിയതു പോലെ... വിജയാ ...........പാര്‍ത്ഥ സാരഥീ..........കാരുണ്യ സിന്ധോ.......എന്റെ ജീവിതം നിനക്ക് കടപ്പെട്ടിരിക്കുന്നു. ................

4 comments:

ramachandran said...

വെടിവെച്ച് കൊല്ലാന്‍ പാകത്തില്‍ കുറെ കിളവന്മാര്‍ നിരന്നു നില്‍ക്കുകയാണ് നമ്മുടെകേരളത്തില്‍! കണ്ണൂരില്‍ ഒരു ബ .കു. നന്തന്‍ നായര്‍ ,തൊട്ടടുത്ത വയനാട്ടില്‍ ഒരു നായ ജന്മം.. വീര പാണ്ടിയ കട്ട ബൊമ്മന്‍...ഇനിയുമുണ്ട് ഇതേ ഗണത്തില്‍ സമനില തെറ്റിയ കുറെ ജന്മങ്ങള്‍..പിച്ചും പേയും പറയുന്ന ഈ വീരശൂരപരക്രമികളെ കൂട്ടിലടക്കാന്‍ പൊതുജനം മുന്നോട്ട് വരേണ്ടിയിരിക്കുന്നു

N.J Joju said...

വെടിവച്ചു കൊല്ലുക! കൂട്ടിലടയ്ക്കുക...
ജനാധിപത്യം തന്നെ രാമേന്ദ്രാ....

മുക്കുവന്‍ said...

#1 VS???

Anonymous said...

ചര്‍ച്ച

കുരീപ്പുഴ ശ്രീകുമാര്‍


നാടക ചര്‍ച്ച.
നാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍
സദസ്സില്‍ നിന്നൊരാള്‍
എഴുനേല്‍ക്കുന്നു.
സാക്ഷാത്കാരത്തിലെ
മുത്തച്ഛന്റെ ഡയലോഗ്
ഉറക്കെപ്പറയുന്നു,
എന്നെ കൊന്നുതരൂ...