Monday, November 14, 2011

വ്യഭിചാരം സദാചാരം !



നാട്ടുകാരുടെ ക്രൂരമര്‍ദനം: പരുക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട്: മുക്കം കൊടിയത്തൂരില്‍ നാട്ടുകാരുടെ മര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കൊടിയത്തൂര്‍ തേലേരി വീട്ടീല്‍ ഷഹീദാണ് മരിച്ചത്.   നാട്ടുകാര്‍ സദാചാര പൊലീസ് ചമഞ്ഞ് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചതിനെ തുടര്‍ന്നു മൂന്നു ദിവസമായി ഷഹീദ് അവശ നിലയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയോടെ നില വഷളാവുകയായിരുന്നു.

പതിനഞ്ചംഗ സംഘമാണ് ഷഹീദിനെ ക്രൂരമായി ആക്രമിച്ചത്. കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തുകയും കമ്പിപ്പാര മുതലായ ആയുധങ്ങള്‍ ഉപയോഗിച്ചു തല്ലിച്ചതയ്ക്കുക യുമായിരുന്നു. നൂറോളം വരുന്ന നാട്ടുകാര്‍ ആക്രമണത്തില്‍ പങ്കാളികളായി. മര്‍ദനമേറ്റ് അവശനായ ഷഹീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. മരിക്കുകയാണെങ്കില്‍ തങ്ങള്‍ ഉത്തരവാദിത്തം ഏറ്റോളാം എന്ന നിലപാടിലായിരുന്നു അക്രമികള്‍. ഇതേ തുടര്‍ന്നു പൊലീസെത്തി ബലപ്രയോഗത്തിലൂടെയാണ് ഷഹീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 90% പരുക്കുകളോടെ   സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ പരുക്കുകളെല്ലാം ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

               കടലില്‍ ജീവിക്കുന്ന ഏതോ ഒരു ജീവിയെക്കുറിച്ച് വായിച്ചിട്ടുണ്ട്. അതിന് പ്രായപൂര്‍ത്തി ആകുമ്പോള്‍ ശരീരത്തില്‍ ഒരു ലൈംഗികാവയവം വളര്‍ന്ന് വരും. ഇണയെകണ്ടെത്തി അത് ബന്ധപ്പെടും. ഈ ദൌത്യം നിര്‍വഹിച്ചു കഴിഞ്ഞാല്‍ ആ അവയവം കൊഴിഞ്ഞ് പോകും. ഈ ജീവിയെക്കുറിച്ച് അസൂയ തോന്നിയിട്ടുണ്ട്. ഇതു പോലെയായിരുന്നു മനുഷ്യന്‍ എങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. എങ്കില്‍ പ്രീ-ഡിഗ്രീ ക്ലാസ്സില്‍ പാഠപുസ്തകം തുറക്കുമ്പോള്‍ അനാവശ്യ ചിന്തകള്‍ കടന്ന് വരില്ലായിരുന്നു. നല്ല മാര്‍ക്കില്‍ പ്രവേശന പരീക്ഷ പാസ്സാകാമായിരുന്നു. സില്‍ക്ക് സ്മിത മുതല്‍ ഷക്കീല വരെയുള്ളവര്‍ക്ക് ടിക്കറ്റിന് പണം ചെലവാക്കേണ്ടിവരില്ലായിരുന്നു. ഗള്‍ഫില്‍ നിന്ന് കൂട്ടുകാരന്റെ ചേട്ടന്‍ കൊണ്ട് വന്ന നീല കാണാന്‍ ഒന്‍പത് കിലോമീറ്റര്‍ സൈക്കില്‍ ചവിട്ടേണ്ടിവരില്ലായിരുന്നു. കൊച്ചു പുസ്തകത്തിനായി സ്കൂളിലെ മൂത്രപ്പുരയില്‍ പോയി ഒളിച്ച് നില്‍ക്കേണ്ടി വരില്ലായിരുന്നു. 

      പക്ഷേ എന്ത് ചെയ്യാം, മനുഷ്യന്‍ വ്യത്യസ്തനാണ്. പന്ത്രണ്ട് വയസ്സ് മുതല്‍ ഈ മാരണം ഓരൊന്ന് ആവശ്യപ്പെടും എണ്‍പത് വയസ്സായാലും ആവശ്യങ്ങള്‍ തീരില്ല. ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ ഒരു സമൂഹവും നിലവിലില്ല. ആവശ്യങ്ങള്‍ നിരാശകളായി കോപതാപങ്ങളായി ഒക്കെ മാറുന്ന അവസ്ഥയിലാണ് ചില ഭാഗ്യവാന്മാരെ കണ്ടെത്തുന്നത്. നാം സങ്കല്പിക്കുന്ന തിയറിക്ക് പ്രാക്ടിക്കല്‍ കണ്ടെത്തുന്ന ഭാഗ്യവാന്മാര്‍. പൊതു സദസ്സുകളില്‍ അവനെ പുച്ഛിക്കും. വൃത്തികെട്ടവന്‍ എന്ന് വിശേഷിപ്പിക്കും. ഉള്ളില്‍ നുളയുന്നത് അവനോടുള്ള അസൂയ മാത്രം. ഇവിടെയാണ് ഞാന്‍ സദാചാരവാദിയാകുന്നത്. സാമൂഹിക സംരക്ഷകനാകുന്നത്. ചാരിത്ര്യ രക്ഷകനാകുന്നത്. 


         അതിസുന്ദരികള്‍, അകാലത്തില്‍ ഭര്‍ത്താവ് മരിച്ചവര്‍, ഭര്‍ത്താവ് വിദേശത്തുള്ളവര്‍ ഇവരിലൊക്കെ മനസ്സ് മേഞ്ഞ് നടക്കും. ശരീരം, സൌന്ദര്യം, ധൈര്യം, ഭാഗ്യം ഇതൊക്കെ ഒരുമിച്ചു വരണം പ്രണയ സാഫല്യത്തിന്. അങ്ങോട്ടല്ല ഇങ്ങോട്ടൂം വേണം പ്രണയം. അതില്ലാതെ വരുമ്പോള്‍ ഞാന്‍ ആ സ്ത്രീയുടെ ചാരിത്ര്യ രക്ഷകനാകുന്നു. അമ്മ പെങ്ങന്മാരുടെ മാനത്തെപ്പറ്റി വാചാലനാകുന്നു. അവളുടെ വീട്ടിന് കാവല്‍ കിടക്കുന്നു. അതിലേക്കുള്ള ഓരോ സഞ്ചാരങ്ങളും നിരീക്ഷിക്കുന്നു. ഒന്നും കിട്ടിയില്ലെങ്കിലും ഞാന്‍ തൃപ്തനാകില്ല, എന്റെ സങ്കല്പങ്ങള്‍ കോര്‍ത്ത് കഥയുണ്ടാക്കി തെരുവിലേക്കെറിയും. അവിടുണ്ട് സമാന മനസ്കര്‍, ഏറ്റെടുത്തു പൊലിപ്പിച്ചോളും. 


              ഗാര്‍ഹിക പീഢനങ്ങള്‍ ഏറിവരുന്നു. അച്ഛന്‍, സഹോദരന്‍, മകന്‍, അമ്മാവന്‍, ആരില്‍ നിന്നും സുരക്ഷിതയല്ല സ്ത്രീ. പക്ഷേ അവിടെയെന്നും നമ്മുടെ ഇടപെടല്‍ ഉണ്ടാകില്ല. കാരണം അത് അകത്തു നിന്ന് മാത്രമുള്ള കലകളാണ്. നമ്മുടെ സാധ്യതയെ അത് ഇല്ലാതാക്കുന്നില്ല.അതുകൊണ്ടുതന്നെ   അവിടെ സദാചാര പോലീസ് ചമഞ്ഞ് നാം ഇടപെടാറില്ല.


                   തിരക്കേറിയ ഒരു ബസ്സില്‍ ഒരു സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് ഒരുത്തന്‍ ഓടിയാല്‍ എത്രപേര്‍ കൂടെ ഓടും. ഒന്നോ രണ്ടോ.എന്നാല്‍ അതേ ബസ്സില്‍ ഒരു സ്ത്രീയുടെ പിന്‍ഭാഗം ഒരുവന്‍ ലാളിച്ചുകൊണ്ട് നില്‍ക്കുന്നു. ആ സ്ത്രീയാകട്ടെ അതില്‍ പ്രതിക്ഷേധിക്കുന്നുമില്ല. എങ്കില്‍ പോലും നമ്മള്‍ നാല്പത് പേര്‍ അവനെ മര്‍ദ്ദിക്കുവാന്‍ കാണും. “സ്ത്രീകള്‍ക്ക് മാന്യമായി യാത്രചെയ്യണ്ടേടാ “ എന്ന് നമ്മള്‍ അട്ടഹസിക്കും. ഓരോരുത്തനും അറിയാം അവന്‍ അടിക്കുന്നത് തനിക്ക് കിട്ടാതെ പോയ ഭാഗ്യത്തെയാണ് എന്ന്. അവന്‍ കാണിച്ച ധൈര്യത്തെയാണ് എന്ന്, അവനോട് സഹകരിച്ച ആ സ്ത്രീയോടുള്ള   അമര്‍ഷത്തെയാണ് എന്ന്. 

              ഒരു വ്യഭിചാരിയും ഒരു മാന്യനും തമ്മിലുള്ള അന്തരം നൂലിഴ നേര്‍ത്തതാണ്. എനിക്ക് എന്റെ കുടുംബത്തെ ഭയക്കണം. സമൂഹത്തെ പേടിക്കണം. മാന്യതയുടെ മുഖം മൂടി നിലനിര്‍ത്തണം. അതു മാത്രം. അപരന്‍ അതൊക്കെ നഷ്ടപ്പെടാന്‍ തയ്യാറാണ്. അല്ലെങ്കില്‍ പ്രണയം അവനെ അതിന് തയ്യാറാക്കുന്നു. അത്യുന്നതമായ സദാചാരബോധം, പരസ്ത്രീ അമ്മയാണെന്ന ബോധം. ഒലക്കേടെ മൂട്. ജനിതക വൈകല്യമുള്ള .05% ഒഴിച്ച് മറ്റൊരുത്തനും ഇതില്‍ പെടില്ല. ഇതില്‍ പെടുന്നവന് ഭാര്യയും അമ്മയെപ്പോലെ തന്നെ. അവന്‍ തളത്തില്‍ ദിനേശനെപ്പോലെ തന്റെ തട്ടിന്‍പുറത്ത് ഇരിക്കും. 


       ഭാര്യയുടെ  ആര്‍ത്തവ കാലത്ത് പുരുഷന് മേഞ്ഞ് നടക്കാന്‍ മറ്റൊരു ഭാര്യയാകാമെന്ന് മത പണ്ഡിതര്‍. അത് പക്ഷേ മറ്റൊരാളുടെ ഭാര്യയായാല്‍ മതം ഇടപെടും, അടിച്ച് കൊല്ലൂം. ഭര്‍ത്താവിന്റെ ദുര്‍ബല കാലത്ത് ഭാര്യക്ക് മറ്റൊരാളായിക്കൂടെ. ഭര്‍ത്താവിന് എവിടെ ദുര്‍ബലകാലം. അത് സമ്മതിച്ചു കൊടുത്താല്‍ പിന്നെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം. 


                സ്വയം ഭോഗവും പാപമാണെന്ന് പഠിപ്പിക്കുന്നു മതം. ഏറ്റ് പറഞ്ഞ് പിഴ ചൊല്ലിയാല്‍ ചെയ്ത പാപം തീരും. സ്വയം ഭോഗം ചെയ്തു എന്ന് കുമ്പസരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് ആര്‍ത്തിയോടെ പുരോഹിതന്‍ ചോദിച്ചു. “ ഏതാ ഉപയോഗിച്ചത്.........................ആണോ................അതോ .............................ആണോ. ഈ പുരോഹിതനോട് കുമ്പസരിച്ചാല്‍ നമ്മുടെ പാപം തീരും. പക്ഷേ അയാള്‍ ഉടനേ പാപത്തിന് ഇറങ്ങേണ്ടിവരും, പാവം!.


          സമൂഹത്തെക്കാളും വലിയ സദാചാരപ്പോലീസ് ഇതാ ഇറങ്ങുന്നു. നമ്മുടെ സര്‍ക്കാര്‍!. പെട്രോളിനും ഡീസലിനും വിലകൂട്ടി, ഓരോ പൌരന്റേയും തലക്കുമുകളില്‍ തൂക്കു കയര്‍ തൂക്കിയിടുന്ന സര്‍ക്കാര്‍ ഇതാ ഇറങ്ങിയിരിക്കുന്നു. ആരൊക്കെ സ്വന്തം വീട്ടില്‍ അടച്ചിട്ട മുറിയിലിരുന്ന് അശ്ലീലം കാണുന്നു എന്ന് കണ്ട് പിടിക്കാന്‍!. എന്നിട്ട് അവരെ ജയിലിലടക്കാന്‍. നാട്ടില്‍ തീവ്രവാദം പെരുകുന്നതോ റെയില്‍ വേ സ്റ്റേഷനില്‍ ബോബ് പൊട്ടുന്നതോ ഒന്നുമല്ല പ്രശ്നം. നിങ്ങളുടെ മുറിക്കകത്തിരുന്ന് നിങ്ങള്‍ കാണുന്ന ആ തുണിയില്ലാത്ത ചിത്രമില്ലേ.......അതാണ് ഈ രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി. കൊടിയത്തൂരിലെ സദാചാര വാദികളെ സര്‍ക്കാരിന് എങ്ങിനെ കുറ്റപ്പെടുത്താനാകും. 


              നമ്മള്‍ ഒരു പക്ഷേ ഭാഗ്യവാന്മാരായിരിക്കും. കാരണം നാളെ സ്വന്തം ഭാര്യയുമായി നാം ബന്ധപ്പെടുന്നതിന്റെ കണക്ക് സര്‍ക്കാര്‍ ചോദിച്ചേക്കും. അതിലും റേഷനിംഗ് ഏര്‍പ്പെടുത്തിയേക്കും.........അല്ലെങ്കില്‍ സദാചാര വാദികള്‍ നമ്മുടെ വീട്ടുമുറ്റത്ത് കാവലിരുന്നേക്കും. അതു വരേക്കും നല്ല നമസ്കാരം.

5 comments:

hAnLLaLaTh said...

:)

faisu madeena said...

നിയമം കൈയില്‍ എടുക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും നല്കിക്കൂടാ..
അതെ സമയം തന്നെ അത് തെറ്റ് ചെയ്യാന്‍ വേണ്ടിയുള്ള ലൈസന്‍സും ആവരുത്....!

VANIYATHAN said...

സദാചാരം മറ്റുള്ളവരിൽ അല്ല അടിചേൽപ്പിക്കേണ്ടത്‌. അത്‌ സ്വയം പാലിച്ചു് മറ്റുള്ളവർക്ക്‌ മാത്രക ആകുകയാണു് നാം ചെയ്യേണ്ടത്‌. കുഞ്ചൻ നമ്പ്യാർ പണ്ട്‌ പറഞ്ഞ പോലെ പാതിരാക്ക്‌ സൂര്യൻ ഉദിക്കണം അപ്പോൾ കാണാം ഈപ്പറയുന്ന സദാചാരവാദികളുടെ തനിനിറം.

Anonymous said...

കരിമീന്റ ആത്മകഥ തുടങ്ങുന്നു .....!


പ്രീ-ഡിഗ്രീ ക്ലാസ്സില്‍ പാഠപുസ്തകം തുറക്കുമ്പോള്‍ അനാവശ്യ ചിന്തകള്‍ കടന്ന് വരില്ലായിരുന്നു. നല്ല മാര്‍ക്കില്‍ പ്രവേശന പരീക്ഷ പാസ്സാകാമായിരുന്നു. സില്‍ക്ക് സ്മിത മുതല്‍ ഷക്കീല വരെയുള്ളവര്‍ക്ക് ടിക്കറ്റിന് പണം ചെലവാക്കേണ്ടിവരില്ലായിരുന്നു. ഗള്‍ഫില്‍ നിന്ന് കൂട്ടുകാരന്റെ ചേട്ടന്‍ കൊണ്ട് വന്ന നീല കാണാന്‍ ഒന്‍പത് കിലോമീറ്റര്‍ സൈക്കില്‍ ചവിട്ടേണ്ടിവരില്ലായിരുന്നു. കൊച്ചു പുസ്തകത്തിനായി സ്കൂളിലെ മൂത്രപ്പുരയില്‍ പോയി ഒളിച്ച് നില്‍ക്കേണ്ടി വരില്ലായിരുന്നു.

Anonymous said...

Click Here to Enter a Magical World