Tuesday, December 6, 2011

ജാതി പറയുക

നമ്മള്‍, അതായത് ഞാനും നിങ്ങളും ഇവിടത്തെ മാധ്യമങ്ങളും മൂന്നുദിവസമായി അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിയെ തെറിവിളിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതോടൊപ്പം ഇടുക്കി ഡാമും തകരുമെന്നും 35 ലക്ഷം ജനം ഇല്ലാതാകുമെന്നും നമ്മള്‍ കരുതുന്നു. അത് നമ്മള്‍ ഹൈക്കോടതി,സുപ്രീം കോടതി എന്നീ “പ്രകാശം പരത്തുന്നവരെ” അറിയിക്കുകയും അവര്‍ നമ്മുടെ ജീവന്‍ അവധിക്ക് വച്ചിരിക്കുകയുമാണ്. ഈ ഭീതി പരത്തി സുപ്രീംകോടതിയില്‍ നിന്ന് പഴയ പ്രേമചന്ദ്രന്‍ ഒരല്പം ആനുകൂല്യം നേടിയെടുക്കുകയും ചെയ്തു. ഇനിയും നമ്മള്‍ തന്നെ ജയിച്ചേക്കും എന്ന അവസ്ഥയില്‍ കേസ് നീങ്ങുമ്പോഴാണ് നമ്മുടെ ദണ്ഡപാണി കോടതിയെ ആ രഹസ്യം ബോധിപ്പിച്ചത്, “മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ആ വെള്ളം ഇടുക്കി ഡാം താങ്ങിക്കൊള്ളൂം”. അതായത് മുപ്പത്തി അഞ്ച് ലക്ഷം എന്നൊക്കെപറഞ്ഞ് നാം കെട്ടിപ്പൊക്കിയ ഭീതിയുടെ ഡാമൊക്കെ ദണ്ഡപാണി കുത്തിത്തുറന്ന് വിട്ടൂ.
      മുല്ലപ്പെരിയാര്‍ പൊട്ടിയാലും ആകെ ഒഴുകിപ്പോകുന്നത് ചപ്പാത്തിലും വണ്ടിപ്പെരിയാറിലുമുള്ള ഏഴകള്‍ മാത്രം. അവരും അങ്ങിനെ അങ്ങ് ഒഴുകിപ്പോകില്ല, ഇടുക്കിയില്‍ വന്ന് തടഞ്ഞ് നില്‍കും. മുങ്ങിത്തപ്പിയാല്‍ ബോഡി കിട്ടാവുന്നതേയുള്ളൂ.


      താന്‍ പറഞ്ഞത് സര്‍ക്കാരിന്റെ നയമാണ് എന്ന് ദണ്ഡപാണി ആവര്‍ത്തിച്ച് ആണയിടുന്നു. ഇതല്ല സര്‍ക്കാരിന്റെ നയമെന്ന് ഉമ്മന്‍ ചാണ്ടിയോ തിരുവഞ്ചൂരോ പറഞ്ഞിട്ടുമില്ല. എന്നിട്ടും നമ്മള്‍ ദണ്ഡപാണിയെ ദണ്ഡിപ്പിക്കുന്നു. എന്തുകൊണ്ട്?.


        ഉത്തരം ഇന്നാണ് കിട്ടിയത്. പറഞ്ഞുതന്നത് വെള്ളാപ്പള്ളി നടേശഗുരു.“ ദണ്ഡപാണി ഈഴവനാണ്. അതാണ് അയാളുടെ മേക്കിട്ട് എല്ലാവനും കയറുന്നത്.” എത്ര ലളിതമായ സമ വാക്യം. ഇനി ഇത് അനുവദിക്കില്ല എന്നും ഗുരു പറഞ്ഞിട്ടുണ്ട്. അതായത് ദണ്ഡപാണിയെ ദണ്ഡിപ്പിക്കുന്നവര്‍ വിവരം അറിയും എന്ന് സാരം. വെറുതേയല്ല, ഓം പ്രകാശിന് എസ്.എന്‍.ഡി.പിയില്‍ അംഗത്വം കൊടുത്തത്. 


             സത്യത്തില്‍ ദണ്ഡപാണി ഈഴവനാണ് എന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. എനിക്ക് പ്രത്യേകിച്ചും. ഇവിടെ സംഗതി കുറച്ചു കൂടി കുഴയുന്നു. കാരണം ഒരു അഡ്വ.ജനറല്‍ തമിഴ്നാടിന് വേണ്ടി വാദിച്ചത് കുറ്റമാണ് എങ്കില്‍ ഒരു ഈഴവന്‍ തമിഴന് വേണ്ടിവാദിച്ചത് കൊടും കുറ്റമാണ്.
      ഈഴത്ത് നാട്ടില്‍ നിന്നും വന്നവനാണ് ഈഴവന്‍ എന്ന് വടക്കന്‍ പാട്ട് പറയുന്നു. ഈഴത്തുള്ളവന്റെ കുലശത്രുവാണ് തമിഴന്‍. ജാഫ്നാ യൂണിവേഴ്സിറ്റി കത്തിച്ച് ചാമ്പലാക്കി തുടങ്ങി ഒടുവില്‍ വേലുപ്പിള്ള പ്രഭാകരന്റെ തല ചിതറിക്കുന്നതുവരെയെത്തി തമിഴനും ഈഴവനും തമ്മിലുള്ള വൈരം. അതായത് മുല്ലപ്പെരിയാര്‍ പ്രശനത്തില്‍ കേരളത്തില്‍ മുന്നിട്ട് നിന്ന് പടനയിക്കേണ്ടവരാണ് ഈഴവര്‍.ഇതാണ് ഒരു ദണ്ഡപാണി അട്ടിമറിച്ചത്. സത്യത്തില്‍ സമുദായത്തിന് മുഴുവന്‍ അവമതി ഉണ്ടാക്കിയ ദണ്ഡപാണിയെ ഊരുവിലക്കുകയല്ലേ വെള്ളാപ്പള്ളീ ചെയ്യേണ്ടിയിരുന്നത്. പക്ഷേ എന്ത് ചെയ്യാം , ചപ്പാത്തിലും വണ്ടിപ്പെരിയാറിലും ഈഴവരില്ലാത്തിടത്തോളം കാലം വെള്ളാപ്പള്ളി ഇങ്ങനയേ ചിന്തിക്കൂ.
   ദണ്ഡപാണി ഈഴവനാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു കൂട്ടരും ഉണര്‍ന്നിരിക്കുന്നു. എ.ജി.യെ പുറത്താക്കണം എന്ന് എന്‍.എസ്.എസ്. ഇതുവരെ ഇക്കൂട്ടരെ മുല്ലപ്പെരിയാര്‍ പരിസരത്തേ കണ്ടിരുന്നില്ല. മാത്രമല്ല , ചവറയില്‍ നല്ല ഒന്നാം തരം നാവായിക്കുളം നായരായ പ്രേമചന്ദ്രനെ തോല്പിക്കാന്‍ ഷിബു ബേബിജോണിന്റെ വീട്ടില്‍ തമ്പടിച്ച് കിടന്നവരാണ് പെരുന്ന നായന്മാര്‍. ഓടാന്‍ കിട്ടിയത് തമിഴ്നാട് രജിസ്ട്രേഷന്‍ വണ്ടികളാണ് എന്ന് നാട്ടുകാര്‍. അവരും എത്തി അണക്കെട്ട് പൊളിക്കാനല്ല, ദണ്ഡപാണിയെ പൊളിക്കാന്‍.


           സത്യത്തില്‍ ദൈവം എന്ന് ഒന്ന് ഉണ്ടെങ്കില്‍ ഈ അണക്കെട്ട് എങ്ങിനെ പൊട്ടാതിരിക്കും. ഇവനെയൊക്കെ ഭൂമിയില്‍ അധികകാലം വാഴിക്കാന്‍ അങ്ങോര്‍ സമ്മതിക്കുമോ...ഒഴുകിപ്പോകുന്ന മുപ്പത്തി അഞ്ച് ലക്ഷത്തില്‍ നമ്മളോടൊപ്പം ഇവനൊക്കെ ഉണ്ടല്ലോ എന്ന് ആശ്വസിച്ച് നമുക്ക് മരിക്കാം.!

2 comments:

അനില്‍ഫില്‍ (തോമാ) said...

എടോ ബാറു മുതലാളി നടേശാ.... ഡാം പൊട്ടിയാല്‍ ഒലിച്ചുപോകുന്ന അരക്കോടി മനുഷ്യരില്‍ അഞ്ചു ലക്ഷം എങ്കിലും ഈഴവര്‍ കാണും. അതില്‍ തനിക്കു വിഷമം ഒന്നും കാണില്ലന്നറിയാം. എങ്കില്‍ വിഷമം ഉള്ള കാര്യം പറയാം ഒലിച്ചുപോകുന്ന കൂട്ടാത്തില്‍‍ ആലപ്പുഴയിലും, കോട്ടയത്തും, തൊടുപുഴയിലും, എറണാകുളത്തും ഒക്കെ ഉള്ള തന്റെ ബാറുകളും കണിച്ചുകുളങ്ങരയിലുള്ള പൂ** (സോറി... പൂന്തോട്ടം എന്നാ ഉദ്ദേശിച്ചത്)ഒക്കെ ഒലിച്ചു പോകുമെന്നു മനസിലാക്ക്.

ജഗദീശ്.എസ്സ് said...

വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും