Thursday, December 29, 2011

മിണ്ടുക മഹാമുനേ.........................



മൌനത്തിന്റെ വല്‍മീകത്തില്‍ ഒളിച്ചിരിക്കുന്നു എന്ന് പറയാറില്ലേ.....മൌനം, അര്‍ത്ഥ ഗര്‍ഭമാകാം...ചിലപ്പോള്‍ വെറും ഗര്‍ഭവുമാകാം.


കിളിരൂര്‍ കേസില്‍ ഒരു വി.ഐ.പി.ഇല്ല എന്ന് സി.ബി.ഐ.കോടതിയെ ബോധിപ്പിച്ചു. ആ റിപ്പോര്‍ട്ടില്‍ തൃപ്തനാകാതെ ശാരിയുടെ അച്ഛന്‍ പുനരന്വേഷണത്തിന് കോടതിയെ സമീപിച്ചു. കേസ് കൊടുത്തത് അഡ്വ: നെയ്യാറ്റിങ്കര പി.നാഗരാജു വഴിക്ക്.


ഈ നാഗരാജുവിനെ ഓര്‍മ്മയുണ്ടോ...................പി.കെ.ശ്രീമതി ഇങ്കുബേറ്ററില്‍ വച്ച് നവജാത ശിശുക്കളെ കൊന്നതിനെതിരെ കേസ് കൊടുത്ത അതേ നാഗരാജു. അന്ന് നാഗരാജുവിന്റെ കേസ് കോടതി ഏറ്റെടുക്കുകയും കേസെടുക്കുകയും പത്രങ്ങളും ചാനലുകളും ആഘോഷിക്കുകയും ചെയ്തു.


വലിയ തുറ പോലീസ് വെടിവയ്പ് സംബന്ധിച്ച രഹസ്യ രേഖ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ കിടപ്പുമുറിയിലെ അലമാരയില്‍ ഉണ്ട് എന്ന് കാണിച്ച് നാഗരാജു വേറോരു കേസ് കൊടുത്തു. പ്രകാശം പരത്തുന്ന ഒരു ജഡ്ജി കേസ് ഫയലില്‍ സ്വീകരിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു, ചാനലുകള്‍ അതും ആഘോഷിച്ചു. എല്ലാ ജഡ്ജിമാരും പ്രകാശം പരത്താത്തതിനാല്‍ മേല്‍ക്കോടതി മഹത്തായ ഈ അന്വേഷണത്തിന് ക്ലിപ്പിട്ടു.


    ഇപ്പോള്‍ കോട്ടയം കാരായ ശാരിയുടെ മാതാപിതാക്കള്‍ക്കായി തിരുവനന്തപുരംകാരനായ നാഗരാജു സഹായ ഹസ്തവുമായി എത്തി. അല്ലാതെ നിവര്‍ത്തിയില്ല, കാരണം ഇത്രയും കാലം അവരെ സഹായിച്ച മറ്റൊരു രാജു ( രാജു പുഴങ്കര ) പെണ്‍ വാണിഭ തട്ടിപ്പുകേസില്‍ അകത്താണ്.


           സൂര്യനെല്ലിക്കും, വിതുരക്കും, പറവൂറിനും ശേഷം കേരളം “ ആഘോഷിച്ച” പെണ്‍ വാണിഭക്കേസായിരുന്നു കിളിരൂര്‍. യു.ഡി.എഫ്.ഭരണ കാലത്ത് നടന്ന ഒരു പീഡനക്കേസ് എന്ന നിലയില്‍ എല്‍.ഡി.എഫ്.പ്രത്യേകിച്ച് സി.പി.എം. ഈ കേസ് ആവോളം പൊലിപ്പിച്ച് ഏറ്റെടുത്തുകൊണ്ടിരിക്കുകയായിരുന്നു.


         അപ്പോഴാണ്  ശാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭരണ പക്ഷം ആരെ അടിച്ച് ആശുപത്രിയിലാക്കിയാലും അവിടെ അന്വേഷണത്തിന് പ്രതിപക്ഷം ചെല്ലൂം. ഇത് നാട്ടു നടപ്പ്. കീടക്കുന്നവനോട് യാതൊരു സിമ്പതിയും ഇല്ലെങ്കിലും രണ്ട് കണ്ണീര്‍ പൊഴിക്കും. പുറത്ത് നില്‍ക്കുന്ന പത്രക്കാരോട് രണ്ട് ഡയ്ലോഗ് വിടും. ഇവിടെയും പതിവു പോലെ ചടങ്ങ് നടന്നു. കോടിയേരിയെത്തി, കരഞ്ഞു. ശ്രീമതിയെത്തി , വീണ്ടും കരഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മാനത്തോടെ ജീവിക്കാനാകാത്ത യു.ഡി.എഫ് ഭരണത്തെ കണ്ടു നിന്ന ജനം പ്രാകി.
          അപ്പോഴതാ എത്തുന്നു..ആദര്‍ശകുലപതി, വയനാട്ട് കുലവന്‍ തെയ്യം, വേലിക്കകത്ത് ശങ്കരന്‍ അച്ചു. യു.ഡി.എഫ്. തകര്‍ന്നടിഞ്ഞതുതന്നെ. ഇനി ഈ കേസെടുത്ത് തെയ്യം തീയാടും. തിളച്ച പൊങ്കാലച്ചോറ് യു.ഡി.എഫിന്റെ മേത്ത് വീഴും. ഭരണം തകരും.


      ശാരിച്ചോര വലിച്ചൂമ്പി ചിറിതുടച്ച് ദൈവം മൊഴിഞ്ഞു. “കഴിഞ്ഞ ദിവസം വന്നു പോയ ഒരു വി.ഐ.പിയെ കണ്ട് ശാരി ഭയന്ന് വിളിച്ചു. ബോധം പോയി, നില അതീവ ഗുരുതരമായി”


   കഴിഞ്ഞ ദിവസം നടന്ന സംഭവം തെയ്യം എങ്ങിനെ അറിഞ്ഞു. ഉത്തരം റെഡി.” ഡോക്ടര്‍ പറഞ്ഞു”. അന്നു തന്നെ ഡോക്ടര്‍ തലയില്‍ കയ്യും വച്ച് പത്രക്കാരുടെ മുന്നില്‍ അലറി.” ഞാന്‍ അങ്ങിനെ പറഞ്ഞിട്ടേയില്ല”.


         പറഞ്ഞു എന്ന് പറയേണ്ടവന്‍ പറഞ്ഞാല്‍ പറഞ്ഞവന്‍ പറഞ്ഞില്ല എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. അങ്ങിനെ കിളിരൂരില്‍ വി.ഐ.പി.ജനിച്ചു.വന്നു പോയത് രണ്ട് വി.ഐ.പികള്‍, ബിനീഷ് കോടിയേരിയുടെ അച്ഛന്‍ മൂത്ത കോടിയേരി, ശ്രീയില്ലാത്ത പി.കെ.ശ്രീമതി.


              ഇതില്‍ ആരാണ് വി.ഐ.പി. ദൈവങ്ങള്‍ സൂചനകളേ തരൂ. ചിഹ്നശാസ്ത്രം ഉപയോഗിച്ച് ഉത്തരം കണ്ടെത്തണം. അച്ചുഡ്രാമസിന്റെ പ്രവചങ്ങള്‍ക്ക് വ്യാഖ്യാതാക്കള്‍ അനേകം. മകന്റെ പേര് പറഞ്ഞാല്‍ കൊന്നു കളയും എന്ന് പറ്ഞ്ഞു കോടിയേരി. ( ആംഗ്യത്തിലൂടെയായിരുന്നു സംഭവം, കാരണം കൂടെ ആശുപത്രി ജീവനക്കാര്‍ ഉണ്ടായിരുന്നു.). ഗതി കിട്ടാതെ പോയത് പി.കെ.ശ്രീമതിക്കാണ്. ആയമ്മ ഒറ്റക്കാണ് അകത്തുകയറിയത്. ഐ.സി.യു.വില്‍ ഒരു നഴ്സ് പോലുമില്ലായിരുന്നോ എന്ന് ചോദിക്കരുത്. അകത്തു കയറി നീ പേര് പറയുമോടീ എന്ന് ചോദിച്ച് ശാരിയുടെ കഴുത്തിനു വരെ ഞെക്കി. പിന്നെ ശാരി മരിച്ചു.


        ദുഷ്ടനിഗ്രഹത്തിന് കോഴിക്കോട്ട് അവതരിച്ച കല്‍ക്കി പുതിയൊരു തിയറി കൊണ്ടു വന്നു.


അത് ഇതാണ്
വി.എസ്‌.അച്യുതാനന്ദന്‍ വെളിപ്പെടുത്തി. ആ വി.ഐ.പി നേതാവിന്റെ സന്ദര്‍ശനത്തോടു കൂടിയാണ്‌ കുട്ടിക്ക്‌ അസുഖം വര്‍ദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ വി.ഐ.പി നേതാവ്‌ കോടിയേരി ബാലകൃഷ്‌ണനാണെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്‌. എന്നാല്‍ കോട്ടയത്തെ ഒരു സ്വകാര്യ കോളേജിന്റെ ഉടമയായ സജി നന്ദ്യാട്ടിനോടൊപ്പം ആലപ്പുഴ ജില്ലാ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയായ എം.എ.ബേബി ഇവിടെ അതീവ രഹസ്യമായി സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ നിഷേധിക്കണമെന്ന്‌ പറഞ്ഞ്‌ ക്രൈം ചീഫ്‌ എഡിറ്റര്‍ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍വെച്ച്‌ പത്രസമ്മേളനം നടത്തി. എന്നാല്‍ ഇന്നേവരെ അദ്ദേഹം നിഷേധിക്കാത്തതിനര്‍ത്ഥം ആ വി.ഐ.പി എം.എ. ബേബി ആയിരുന്നു എന്നല്ലേ? അങ്ങനെയെങ്കില്‍ എം.എ.ബേബിക്ക്‌ എന്തായിരുന്നു ഈ പെണ്‍കുട്ടിയോടിത്ര താല്‍പര്യം. സ്‌ത്രീ വിഷയത്തില്‍ എം.എ.ബേബിയെക്കുറിച്ച്‌ നേരത്തെ തന്നെ പല ആരോപണങ്ങളുമുണ്ടായിരുന്നു


       ഒരു വെടിക്ക് മൂന്ന് പക്ഷി. ബേബി,കോടിയേരി, ശ്രീമതി.
 
     സ്വന്തം മകളെ ആരോ കൊന്നതാണ് എന്ന് കേള്‍ക്കുന്ന മാതാപിതാക്കള്‍ കേസിന് പോകുന്നത് സ്വാഭാവികം. അവരെ ഏറ്റെടുക്കാന്‍ രാജു പുഴങ്കരയും നാഗരാജുവുമൊക്കെ.


   പാര്‍ട്ടിസമ്മേളനവും കഴിഞ്ഞ് സംസ്ഥാന ഭരണവും കിട്ടിയപ്പോള്‍ ദൈവം ശാരിയെ മറന്നു. കാണാന്‍ ചെന്ന അച്ഛനെ പോലീസ് കഴുത്തിന് പിടിച്ച് പുറത്ത് തള്ളി.


  എന്നിട്ടും പത്രത്താളുകളിലും ചാനലുകളിലും ഈ മൂന്നുപേര്‍ ഇന്നും വി.ഐ.പി.ഭാണ്ഡം ചുമക്കുന്നു.




        ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നു,” വി.ഐ.പി. ഇനി അന്വേഷിക്കണ്ട”


കോടതി പറഞ്ഞു എന്നത് കൊണ്ട് മാത്രം ഒരു സത്യം മറഞ്ഞിരിക്കേണ്ടതുണ്ടോ......താന്‍ പറഞ്ഞ വി.ഐ.പി.ആരാണ് എന്ന് തുറന്ന് പറയാന്‍ തൊണ്ണൂറാം വയസ്സിലും വി.എസ്.ജീവിച്ചിരിപ്പുണ്ട്. ഈ ജനതയോട് അത് തുറന്ന് പറഞ്ഞേ മതിയാകൂ.


       അല്ലാത്ത പക്ഷം വി.എസിന്റെ കാലശേഷം പത്രങ്ങള്‍ എഴുതും.” സ്വന്തം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താതിരിക്കാന്‍ ഒരു മഹാരഹസ്യം മനസ്സിന്റെ ഉള്ളറയില്‍ ഇട്ട് പൂട്ടിയാണ് അദ്ദേഹം യാത്രയായത്”


      കിളിരൂര്‍ കേസില്‍ ഒരു വി.ഐ.പി. ഉണ്ട് എന്ന് വി.എസിനു പകരം ഞാനോ നിങ്ങളോ ആണ് വെളിപ്പെടുത്തിയിരുന്നതെങ്കിലോ .


        ഒരു ഐസ് കട്ടയുടെ പുറത്ത് വസ്ത്രങ്ങള്‍ ഒക്കെ അഴിച്ചു വച്ച് നമ്മുടെ കാല്പാദത്തില്‍ ഒരു പോലീസുകാരന്‍ ലാത്തികൊണ്ട് ആഞ്ഞടിക്കും. എന്നിട്ട് ചോദിക്കും “ പറയടാ........പൂ...........മോനെ........ആരടാ..........നിന്റമ്മേടെ വി.ഐ.പി.”

Monday, December 26, 2011

കാലു മുറിച്ചൂ കളഞ്ഞു ഞാന്‍ എന്നിട്ടുമാക്കാലിലെ ചെളി പോയതില്ല.





                 ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ യാതൊരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ല എന്ന് സി.ബി.ഐ., കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.ഔദ്യോഗിക സി.പി.എം. വിഭാഗങ്ങള്‍ ആഹ്ലാദത്തിലാണ്. പിണറായി കുറ്റവിമുകതനായി എന്ന മട്ടിലാണ് അവരുടെ ആഹ്ലാദ പ്രകടനങ്ങള്‍. എന്നാല്‍ ഈ കുറ്റവിമുക്തി (!) കൊണ്ട് പിണറായി വിജയനോ പാര്‍ട്ടിയോ എന്തെങ്കിലും നേടുന്നുണ്ടോ...


ഒരു തീവണ്ടിയില്‍ കേട്ടത്..................അതായത് പൊതുജനാഭിപ്രായം...................
*******************************************************
             " കോടികള്‍ കയ്യിലില്ലേ ............സി.ബി.ഐയെ വിലക്കെടുക്കാനാണോ പിണറായിക്ക് പാട് “.
"അല്ലന്നേ.................ഇതാ......കാരാട്ട് സോണിയയെ മണിയടിച്ച് ഒപ്പിച്ചതാണ്”. 


“ ആ മമ്മൂട്ടിയുടെ മോന്റെ കല്യാണമായിരുന്നു.പിണറായി ആയിരുന്നു സംഘാടകന്‍”.


“അതുപിന്നങ്ങനല്ലാതെ വരുമോ...........യഥാര്‍ത്ഥത്തില്‍ ഈ മമ്മൂട്ടി കളിക്കുന്ന പണമൊക്കെ പിണറായിയുടെ ബിനാമി കാശല്ലേ..............”


“ തന്നേ ! തള്ളേ....അവന്റെ സിംഗപ്പൂരിലെ ബിസിനസ്സൊക്കെ മമ്മൂട്ടിയായിരിക്കും നോക്കണെ അല്ലേ “.


“ പോടാ...........സിംഗപ്പൂരിലെ ബിസിനസ്സ് നോക്കണത് മമ്മൂട്ടിയല്ല, വേറൊരുത്തനാ................ഇല്ല കിഡ്നിയൊക്കെ മോട്ടിക്കുന്ന ഒരുത്തനുണ്ടല്ലോ അവനാ....................”


“ ഓ................ഫാരിസ് അബ്ദു റഹ്മാന്‍” 


“ അവനെ അച്യുതാനന്ദൻ ഒരിക്കെ പിടിച്ച് ജയിലിലിടാൻ പോയതാ........ഇവനാ രക്ഷിച്ചത്” 


"അങ്ങേരെ അഞ്ച് കൊല്ലം നേരെ ചൊവ്വെ ഭരിക്കാന്‍ എവന്‍ സമ്മതിച്ചില്ലല്ലോ.......സമ്മതിച്ചിരുന്നെങ്കീ  അങ്ങേര് എല്ലാവനേം പിടിച്ച് അകത്താക്കിയേനെ.......”


“അങ്ങേരെ ഇപ്പഴെങ്കിലും പി.ബീ എടുക്ക്വോ” 


“ എവിടെ എടുക്കാന്‍, എവന്മാര് മൊത്തം കള്ളന്മാരല്ലീ” 


“ അങ്ങേർ വീണ്ടും മുഖ്യമന്ത്രി ആവാതിരിക്കാൻ എവന്മാര് മനപ്പൂര്‍വം നാല് സീറ്റി തോപ്പിച്ചതാ.....”


"അല്ലാതെ പിന്നേ..............കൂത്തുപറമ്പിലെങ്ങാനും സി.പി.എം.തോക്ക്വോ...........”:


“ ഈ പിണറായിയെങ്ങാനും മുഖ്യമന്തിയായാ കേരളം വിറ്റ് തിന്നും”


“ എവന്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ട് പോകുമ്പോള്‍ അവന്റെ എ.സി.കാറ് ഡ്രൈവര്‍ ഓടിച്ച് കോഴിക്കോട്ട് കൊണ്ട് ചെല്ലും. അവന്‍ എ.സി.കാറിലേ സഞ്ചരിക്കൂ......”


“തിരോന്തരത്തെ കിംസ് ആശൂത്രിയില്ലേ.....അതിന്റെ മോളിലത്തെ എ.സി.മുറിയില്ലേ....അത് എവന് വേണ്ടി മാത്രം ബുക്ക് ചെയ്തിരിക്കുകയാ...............ഞാന്‍ എന്റെ കണ്ണു കൊണ്ട് കണ്ടതാ.........”


" എന്തിന് ..........നമ്മുടെ വാസുദേവന്‍ സാറില്ലേ......പാര്‍ട്ടി മെമ്പറാ............അങ്ങേരുടെ ഭാര്യക്ക് ഇങ്ങോട്ട് ട്രാന്‍സ്ഫറിന് പിണറായിയെ ചെന്ന് കണ്ട്, ഒരു ലക്ഷം രൂപയാ....കൈക്കൂലി ചോദിച്ചേ.....”


“ എവന്‍ ഈ പണമെല്ലം എവിടെ കൂട്ടി വയ്ക്കണ്”.


“ എ.കെ.ജിയുടേയും.ഇ.എമ്മിന്റേയും ഒക്കെ പാര്‍ട്ടീല്‍ ഇങ്ങനെ ഒരുത്തന്‍ വന്നു പെട്ടല്ലോ..........”






*********************************


                  ഒരു സംഘം സി.പി.എം.സഹയാത്രികര്‍ നടത്തിയ സംഭാഷണമാണിത്. പിണറായി വിജയന്‍ എന്ന നേതാവ് എന്തു മാത്രം അപനിര്‍മ്മിക്കപ്പെട്ടു എന്ന് ഇതില്‍ നിന്നും വെളിവാകും. ഒരു കോടതി വിധിക്കും അദ്ദേഹത്തെ ഇതില്‍ നിന്ന് മോചിപ്പിക്കാനാകില്ല. 


               അതു തന്നെയായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ, എന്തിന് വളച്ചു കെട്ടി പറയണം, അച്യുതാനന്ദന്റെ ലക്ഷ്യം.!

Sunday, December 11, 2011

രാമേശ്വരം......................രാമേശ്വരം.............

“ഇത് കണ്ടകശ്ശനിയാണ്. ഈശ്വരാധീനം തീരെയില്ല. ചുമ്മാതല്ല തിരോന്തരത്ത് നിന്ന് കാസര്‍ഗോട്ടോട്ട് തട്ടിയത്.ഇനിയും തട്ട് കിട്ടും. അങ്ങിനെയാ ഗ്രഹങ്ങളുടെ കെടപ്പ്. ജീവിതത്തില്‍ ഇതുവരെ അമ്പലങ്ങളില്‍ പോയിട്ടില്ല, അല്ലിയോ?.”

പിടിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ഞാന്‍ തലയാട്ടി.

“ശിവക്ഷേത്രത്തില്‍ പോകണം. ശിവനെ ഭജിക്കണം.ദോഷങ്ങള്‍ മാറിത്തുടങ്ങും.ഉടനെ വേണം.”

     അടുത്തൊക്കെ ചില ശിവക്ഷേത്രങ്ങളുണ്ട്.അവിടെ പോയാലോ?. പക്ഷേ കൊടിയ പാപങ്ങളല്ലേ.അതും ഇത്രയും വര്‍ഷത്തേത്. ചെറിയ അമ്പലത്തില്‍ പോയാല്‍ ഫലമുണ്ടാകുമോ?.

    ഒരു മിന്നല്‍ പോലെ ആ പേര്. മനസ്സിലേക്ക് കടന്ന് വന്നു. രാമേശ്വരം ദക്ഷിണ ഭാരതത്തിലെ ഏറ്റവും മഹത്തായ ശിവക്ഷേത്രം. പാമ്പന്‍ പാലം. ധനുഷ്കോടി..എ.പി.ജെ.അബ്ദുള്‍ കലാം. മണ്ഡപം....ഗന്ധമാദന പര്‍വതം........കൊതിപ്പിച്ചിരുന്ന പേരുകള്‍. രാമേശ്വരം കാണാന്‍ ഒരു കാരണമായി. അതു തന്നെ രാമേശ്വരം.......ഉറപ്പിച്ചു.

             യാത്രമാര്‍ഗ്ഗം തീവണ്ടിയാണ് എന്ന് ആദ്യമേ ഉറപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് രാമേശ്വരം പോകാന്‍ നേരിട്ട് തീവണ്ടിയില്ല. ഒന്നുകില്‍ ചെന്നൈക്ക് പോകുക അവിടെനിന്നും ദിവസവും രണ്ട് തീവണ്ടി രാമേശ്വരത്തേക്ക് പോകുന്നു. വൈകുന്നേരങ്ങളില്‍ ചെന്നയില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടി  രാവിലെ രാമേശ്വരമെത്തും. അധികം കേരളീയരും ഈ മാര്‍ഗ്ഗമാണ് സ്വീകരിക്കുക. മറ്റൊന്ന് അനന്തപുരി എക്സ്പ്രസ്സ്, മധുര പാസ്സഞ്ചര്‍ എന്നിവയില്‍ കയറി മധുരയില്‍ എത്തുക എന്നതാണ്. അവിടെ നിന്നും 178 കിലോമീറ്ററേയുള്ളൂ രാമേശ്വരത്തേക്ക്. തീവണ്ടികള്‍ ലഭിക്കും. അല്ലെങ്കില്‍ തമിഴ്നാട് ട്രാന്‍സ്പോട്ട് കോര്‍പ്പറേഷന്റെ ബസ്സ് ലഭിക്കും.അതുമല്ലെങ്കില്‍ ധാരാളം ടൂറിസ്റ്റ് ബസ്സുകളും. ഇനിയുള്ളത് മൂന്നാമത്തെ മാര്‍ഗ്ഗം . കന്യാകുമാരിയില്‍ ഇറങ്ങുക. അവിടെനിന്നും ആഴചയില്‍ മൂന്ന് ദിവസം രാമേശ്വരത്തേക്ക് തീവണ്ടിയുണ്ട്.

   അല്പം ചുറ്റാണ് എങ്കിലും ഈ വഴിതന്നെ തെരെഞ്ഞെടുത്തു. ഐലന്റ് എക്സ്പ്രസ്സില്‍ തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിക്ക് അവിടെ നിന്ന് രാമേശ്വരത്തേക്ക്. തല്‍ക്കാലും വെയിറ്റിംഗ് ലിസ്റ്റുമൊക്കെയായി യാത്രബുക്ക് ചെയ്തു. മുടിഞ്ഞ തിരക്ക് , പാപികളുടെ എണ്ണം കൂടിയതുകൊണ്ടാകാം.

   ഇനിയാണ് ഏറ്റവും വിഷമകരമായ ദൌത്യം. ഭാര്യ , മക്കള്‍ ,എന്നിവരെ ഒഴിവാക്കുക. പഠിച്ച പണി പത്തൊന്‍പതും നോക്കി. ഒരു രക്ഷയുമില്ല. പാപവിമോചനത്തിന് പോകുമ്പോള്‍ പോലും സ്വസ്ഥത തരില്ല. തമിഴ്നാടില്‍ മലയാളികളെ മുഴുവന്‍ ഓടിച്ചിട്ട് മര്‍ദ്ദിക്കുന്ന വാര്‍ത്തകള്‍ കാണിച്ചു കൊടുത്തും. മുല്ലപ്പെരിയാറില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ശവം പോലും കിട്ടില്ല എന്ന് ബോധ്യപ്പെടുത്തി. എവിടെ..........കിം.ഫലം. ഒടുവില്‍ പാപഭാരങ്ങള്‍ കൂടെ കൊണ്ടുപോകാമെന്ന് ധാരണയായി.

        മൂന്ന് മണിക്ക് എത്തേണ്ട ഐലന്റ് എക്സ്പ്രസ്സ് ഒരു മണിക്കൂര്‍ വൈകി തമ്പാനൂര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. റിസര്‍വേഷന്‍ സീറ്റില്‍ ചെന്നപ്പോള്‍ സുന്ദരിയായ ഒരു ചെറുപ്പക്കാരി കന്യാസ്ത്രീ ഇരിക്കുന്നു. അടുത്തു ചെന്ന് പറഞ്ഞു.” മാഡം ഇത് എന്റെ സീറ്റാണ്”.
ഒരു നിമിഷം ഒന്ന് തലപൊക്കി നോക്കി അവര്‍ എന്നെ അവഗണിച്ചു. ഞാന്‍ വീണ്ടും പറഞ്ഞു. “ മാഡം ഞാന്‍ റിസര്‍വ് ചെയ്ത സീറ്റാണിത്”.

 ദേഷ്യത്തില്‍ എന്നെ തുറിച്ച് നോക്കി അവര്‍ പറഞ്ഞു.” ഇത് പകല്‍ സമയമാണ്. ഈ സമയത്ത് ആര്‍ക്കും എവിടെയും ഇരിക്കാം. റിസര്‍വേഷനൊക്കെ രാത്രി.”

പകൽ സമയത്തെ യാത്രക്ക് റിസർവ് ചെയ്ത എനിക്ക് കിട്ടിയ അരുളപ്പാട്. പെണ്ണുമ്പിള്ള എന്നോട് പറഞ്ഞു.” എന്താ മനുഷ്യാ കിഴങ്ങനെപ്പോലെ നിൽക്കുന്നേ. രണ്ട് തെറി കൊടുത്ത് പിടിച്ച് മാറ്റെന്നേ”
ഞാനവളെ സമാധാനിപ്പിച്ചു.” കര്‍ത്താവിന്റെ മണവാട്ടിയുടെ അരുളപ്പാടാണ്. അത് അനുസരിക്കണം. നമ്മള്‍ പാപ വിമോചനത്തിന് പോകുകയാണ്. വഴിക്ക് വച്ച് പാപം ചെയ്യണ്ടാ..”

    എതിരെയുള്ള സീറ്റില്‍ തിങ്ങിയും ഞെരുങ്ങിയുമൊക്കെ ഞങ്ങള്‍ ഇരുന്നു. കര്‍ത്താവിന്റെ മണവാട്ടി വിശാലമായി ഇരുന്ന് ജപമാല തിരിച്ച് ഉറങ്ങിത്തുടങ്ങി. വഴിയില്‍ ഓരോ സ്റ്റേഷനിലും ജനം ഇറങ്ങുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷയോടെ അവരുടെ മുഖത്ത് നോക്കി. എന്ത് ഫലം. അവരങ്ങിനെ ഇരിക്കുകയാണ്. തുടക്കം തന്നെ പാളി . മനസ്സ് പറഞ്ഞു.

     ഒടുവില്‍ കുഴിത്തുറ റെയില്‍ വേ സ്റ്റേഷനില്‍ മാഡം ഇറങ്ങി. ഞാന്‍ റിസര്‍വ് സീറ്റില്‍ തിരിച്ചെത്തി. വണ്ടി ഒഴിഞ്ഞ് തുടങ്ങി. അവിടവിടെ ചില കമ്പാര്‍ട്ട് മെന്റില്‍ മാത്രം യാത്രക്കാര്‍. വാഴത്തോപ്പുകളും മലനിരകളും പിന്നിട്ട് വണ്ടി അതിവേഗത്തില്‍ കുതിച്ച് പാഞ്ഞു. ഏഴ് മണിക്ക് കന്യാകുമാരി റെയില്‍ വേ സ്റ്റേഷനില്‍ എത്തി. കന്യാകുമാരി റെയില്‍ വേ സ്റ്റേഷന്‍ .ദക്ഷിണ ഭാരതത്തിന്റെ ഏറ്റവും ഒടുവിലുള്ള റെയിൽ വേ സ്റ്റേഷൻ. അത് പാളത്തിൻ കുറുകേ നിൽക്കുന്നു. ഒരു ചായ വാങ്ങിക്കുടിക്കാൻ പോലും യാതൊരു സൌകര്യവുമില്ല. രാത്രി പത്ത് മണിക്കാണ് തീവണ്ടി എന്നതിനാല്‍ സാധനങ്ങള്‍ ക്ലോക്ക് റൂമില്‍ ഏല്പിച്ച് കന്യാകുമാരിയിലേക്ക് ഇറങ്ങി. തൊട്ടടുത്ത പള്ളിയില്‍ പെരുനാള് ആയതിനാല്‍ വന്‍ ജനാവലി. ഭക്ഷണത്തിന് ശേഷം സ്റ്റേഷനിലേക്ക് മടങ്ങി. തീവണ്ടി മുഴുവന്‍ ഉത്തരേന്ത്യക്കാര്‍. ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഒരു മലയാളി പോലുമില്ല എന്ന സത്യം. ചെറിയൊരു പേടി ഉള്ളിലേക്ക് ഇരച്ചു കയറാന്‍ തുടങ്ങി.

              കൃത്യം പത്ത് മണിക്ക് തീവണ്ടി വിട്ടു. പുറം കാഴ്ചകള്‍ കാണാനാകാത്തതിനാല്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കം വന്നില്ല. അതിരാവിലെ എണീറ്റ് സീറ്റിലിരുന്നു. ചതുപ്പ് പാടങ്ങള്‍....പനനിരകള്‍....വെള്ളക്കെട്ടുകള്‍ പിന്നിട്ട് വണ്ടി ഓടുന്നു. ഇരുട്ടത്ത് ഒരു സ്റ്റേഷന്റെ പേര് തപ്പിപ്പിടിച്ച് വായിച്ചു. മണ്ഡപം. ....ശ്രീലങ്കന്‍ പ്രശനം സജീവമായിരുന്ന നാളുകളില്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന മണ്ഡപം. വെടിയേറ്റ് ചിതറിയ പ്രഭാകന്റെ മുഖം കണ്‍ മുന്നില്‍ വന്ന് നിന്നു. ......തീവണ്ടി വളരെ പതിയെയാകുന്നു. പാമ്പന്‍ പാലത്തിലേക്ക് കടക്കുകയാണ്. .....തീവണ്ടിക്ക് നടന്നു പോകുന്ന അതേ വേഗത മാത്രം. ഇരുമ്പു പാലത്തിലുടെ തീവണ്ടി ഓടുന്ന ശബ്ദം. അടിയില്‍ അഗാധ സമുദ്രം. ആര്‍ത്തലക്കുന്ന തിരമാലകള്‍.....ഭീകരമായ കാറ്റ്. കൌതുകം മെല്ലെ ഭയത്തിന് വഴിമാറി.......യാത്ര അവസാനിക്കാനായി ആഗ്രഹിച്ചു. ഇല്ല.....കരകാണുന്നതേയില്ല. ...രണ്ടര കിലോമീറ്റര്‍ ദൂരം തീവണ്ടി കടലിന് മുകളിലൂടെ നീങ്ങുന്നു. സമാന്തര റോഡിലൂടെ വാഹനങ്ങള്‍ ഇരമ്പിപ്പായുന്നത് കാണാം...ഒടുവില്‍ കരകണ്ടെത്തി. കൊച്ച് കൊച്ച് മുക്കുവക്കുടിലുകള്‍....തൂക്കിയിട്ട ക്രിസ്മസ് നക്ഷത്രങ്ങള്‍. പ്രതീക്ഷയുടെ തിരിവെട്ടങ്ങള്‍........

                ഒടവില്‍ 5.20 ന് രാമേശ്വരം റെയില്‍ വേ സ്റ്റേഷനിലെത്തി. സ്റ്റേഷന്റെ വാതിക്കലുണ്ട്, ടാക്സി...ആട്ടോ.....,കുതിരവണ്ടി...എന്നിവയുടെ ക്യാന്‍ വാസിംഗ്. അവരെ അവഗണിച്ച് റോഡിലേക്കിറങ്ങി. പിന്നാലെ ഒരുവന്‍ വന്നു. എന്തുകൊണ്ടോ അതില്‍ കയറാമെന്ന് നിനച്ചു. ക്ഷേത്രത്തിലേക്കുള്ള കൂലി 40 രൂപ പറഞ്ഞു. വെറും ഒന്നര കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം എന്ന് അറിയാമായിരുന്നതിനാല്‍ തര്‍ക്കിച്ചു. ഫലം കിട്ടിയില്ല. 40 രൂപക്ക് രാമേശ്വരം ക്ഷേത്രത്തിന് മുന്നിലെത്തി. ഒരു തമിഴ് തെരുവിന്റെ സാമാന്യ രൂപം, കഴുതകള്‍, കാളകള്‍, ഭക്തര്‍ , ഇവര്‍ അങ്ങിനെ തലങ്ങും വിലങ്ങും നടക്കുന്നു. ഈ മൂന്ന് കൂട്ടരുടേയും വിസര്‍ജ്യങ്ങള്‍ തെരുവിലുണ്ട്.

    ക്ഷേത്രത്തിന് തൊട്ടടുത്ത് ഒരു ലോഡ്ജ് കണ്ടു പിടിച്ചു.ചെറുത്. എങ്കിലും നല്ല വൃത്തി. 400 രൂപ വാടക. അത് ഉറപ്പിച്ചു. ആറ് മണിക്ക് ക്ഷേത്ര ദര്‍ശനത്തിന് ഇറങ്ങി. ആദ്യം പ്രധാന കവാടത്തിന് പിന്നിലുള്ള സമുദ്രത്തില്‍ മുങ്ങിക്കുളിക്കണം. തല തുവര്‍ത്താന്‍ പാടില്ല. ജനനിബിഡമാണ് സമുദ്രതീരം. മണ്ഡല കാലമായതിനാല്‍ പ്രത്യേകിച്ചും.അധികം തിരമാലയില്ലാത്ത, ആഴമില്ലാത്ത കടല്‍. പക്ഷേ അഴുക്കിന്റെ മഹാസാഗരം.....വെള്ളത്തിലേക്കിറങ്ങിയപ്പോള്‍ തന്നെ കാലിലേക്ക് പശിമ ഒട്ടുന്നു. കടവുളേ........എന്ന് ആര്‍ത്തുവിളിച്ച് മുങ്ങുന്ന ഭകതര്‍. മുങ്ങുവാന്‍ മനസ്സ് അനുവദിച്ചില്ല.അല്പം വെള്ളം കോരി തലയില്‍ ഒഴിച്ചു.
ഇനി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം. വഴിയില്‍ ഗണേശ കോവില്‍, ശങ്കരാചാര്യ മഠം എന്നിവയുണ്ട്. ഇവിടെ നവഗ്രഹ പ്രതിഷ്ഠ കാണാം. മഠത്തിന് മുകളില്‍ കയറിയാല്‍ രാമേശ്വരം കടല്‍ത്തീരത്തിന്റെ വിഗഹ വീക്ഷണം കിട്ടും.

  ഇനി ക്ഷേത്രത്തിനകത്തേക്കാണ്. അവിടെ 22 തീര്‍ത്ഥക്കിണറുകള്‍ ഉണ്ട്. അതില്‍ നിന്നുള്ള ജലത്തില്‍ നീരാടണം. കിണറ്റില്‍ നിന്നും വെളളം കോരി തലയില്‍ ഒഴിക്കുവാന്‍ നമുക്ക് അനുവാദമില്ല. അതിന് ഏജന്റൂമാര്‍ ഉണ്ട്. തൊട്ടിയും കയറുമായി ഇവര്‍ നമ്മെ കാത്ത് അവിടെ നില്പുണ്ട്. ഒരാളുമായി വിലപേശി..300 രൂപക്ക് കരാര്‍ ഉറപ്പിച്ചു. ആള്‍ മിടുക്കനായിരുന്നു. ക്യൂ നില്‍ക്കുന്ന ഭക്തരുടെ ഇടയിലൂടെ അയാള്‍ ഞങ്ങളെ പിടിച്ച് വലിച്ച് ഓരോ തീര്‍ത്ഥത്തിനും അരികിലേക്ക് കൊണ്ടു പോയി. തീര്‍ത്ഥം എന്നത് ഒരു ചെറിയ കിണറാണ്. ഇതിന്റെ പടിയില്‍ കയറിനിന്ന് അവര്‍ വെള്ളം കോരി നമ്മുടെ ദേഹത്തേക്ക് ഒഴിക്കും. പൈസ കൊടുക്കാതെ നമ്മുടെ ദേഹത്ത് നിന്ന് തെറിച്ച് വീഴുന്ന വെള്ളം തട്ടി പുണ്യം നേടാന്‍ വരുന്ന ഓസ് ഭക്തരെ ഏജന്റെ തെറി പറഞ്ഞ് ഓടിക്കുന്നു. ഒന്നാം തീര്‍ത്ഥത്തില്‍ നിന്നും നനഞ്ഞ് ഒട്ടിയ ദേഹവുമായി രണ്ടാം തീര്‍ത്ഥത്തിലേക്ക് , അവിടെ നിന്ന് അടുത്തതിലേക്ക്, . അധികവും വൃദ്ധരാണ് എങ്കിലും പഴയ മന്ദാകിനിയുടെ കുളിസീന്‍ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങള്‍ നമുക്ക് കാണാം. ചിലര്‍ ഓടുമ്പോള്‍ പിറകേ ഓടിയാല്‍ സമയം പോകുന്നത് അറിയില്ല. ഭഗവാന്‍ തുണ.............

    മഹാലക്ഷ്മീ തീര്‍ത്ഥം, സാവിത്രീ തീര്‍ത്ഥം,   ഗായത്രീ തീര്‍ത്ഥം,.....അങ്ങിനെ പേരുകളുണ്ട് എല്ലാ തീര്‍ത്ഥങ്ങള്‍ക്കും. ഇരുപത്തി ഒന്ന് തീര്‍ത്ഥങ്ങളില്‍ നിന്ന് ജലം പകര്‍ന്ന് തരാന്‍ മാത്രമേ ഏജന്റിന് അനുവാദമുള്ളൂ. ഇരുപത്തിരണ്ടാമത് തീര്‍ത്ഥമാണ് കോടി തീര്‍ത്ഥം. അതാണ് ഏറ്റവും മഹത്തരം. അതില്‍ നിന്ന് ശാസ്ത്രി നേരിട്ട് വെള്ളം കുടഞ്ഞ് തരും. അപ്പോള്‍ നമ്മള്‍ കാണിക്കയിടണം. നിര്‍ബന്ധമില്ല എങ്കിലും ശാസ്ത്രി നിര്‍ബന്ധിക്കുമ്പോള്‍ നമ്മള്‍ ഇട്ടു പോകും.

അങ്ങിനെ സമുദ്രത്തില്‍ മുങ്ങിക്കുളിച്ച് ഇരുപത്തിരണ്ട് തീര്‍ത്ഥങ്ങളിലും നീരാടി പാപവിമോചിതരായി  നമ്മള്‍ രാമസ്വാമി ദര്‍ശനത്തിന് അര്‍ഹത നേടുന്നു. ഇതുവരെ ധരിച്ച വസ്ത്രം ഉപേക്ഷിക്കുക. ലോഡ്ജിലെത്തി പുതു വസ്ത്രം ധരിച്ച് രാമസ്വാമി ദര്‍ശനത്തിനിറങ്ങി.



           ക്ഷേത്രത്തിന് കിഴക്കും പടിഞ്ഞാറും ഗോപുരങ്ങളുണ്ട്. അവയെ തമ്മില്‍ ബന്ധിപ്പിച്ച് ഭീമാകാരമായ ചുറ്റുമതിലും. ഏത് ഗോപുരം വഴിയും അകത്തേക്ക് കടക്കാം. ഞാന്‍ കിഴക്കേ ഗോപുരം വഴി കടന്നു. ആദ്യം കണ്ടത് കച്ചവട കേന്ദ്രങ്ങളാണ്. ശംഖ്, ചിപ്പി, മാല , വള , ബാഗ്....തുടങ്ങി അതങ്ങിനെ നീളുന്നു. അതു കടന്ന് ഇടത്തോട്ട് തിരിഞ്ഞ് ഒരു ഇടനാഴി. പാറയില്‍ തീര്‍ത്ത ശില്പവൈദഗ്ധ്യത്തിന്റെ മനോഹാരിത. ആ ഇടനാഴി കടന്ന് വലത്തോട്ട് തിരിഞ്ഞു.

               ഹാ..........ഇതാണ് രാമേശ്വരം ഇടനാഴി . രാമേശ്വരം ക്ഷേത്രത്തെ ലോകപ്രശസ്തമാക്കി ആ വാസ്തു ശില്പ ചാരുത.


 തെക്ക് വടക്ക് ഇടനാഴിക്ക് 640 അടി നീളം, കിഴക്ക് പടിഞ്ഞാറിന് 400 അടി നീളം. ആകെ 3850 അടി നീളം. 1215 തൂണുകള്‍ മേല്‍ക്കൂര താങ്ങി നിര്‍ത്തുന്നു. മേല്‍ക്കൂരയില്‍ രാമകഥ ചിത്രങ്ങളായി ഇതള്‍ വിരിയുന്നു. തൂണുകളില്‍ ശില്പ വൈവിധ്യം.



 ഇടനാഴി ചുറ്റി മറുവശത്ത് എത്തുമ്പോള്‍ ക്ഷേത്രത്തിന്റെ ഉള്‍ക്കോവിലേക്കുള്ള പ്രവേശന കവാടം. (തീര്‍ത്ഥങ്ങള്‍  ഉള്‍ക്കോവിലിന് പുറത്താണ്). പ്രവേശന കവാടത്തില്‍ ഒരു ആനക്കുട്ടി നില്പുണ്ട്. പത്തു രൂപ കൊടുത്താല്‍ ആന നിങ്ങളുടെ തലയില്‍ തൊട്ട് അനുഗ്രഹിക്കും. ഇനിയങ്ങോട്ട് ഫോട്ടോ അനുവദിക്കില്ല.
    ശ്രീ വിശ്വനാഥര്‍ സന്നിധി, ശ്രീ വിശാലാക്ഷി അംബാള്‍ സന്നിധി, ശ്രീ പര്‍വത വര്‍ത്തിനി അമ്മന്‍ സന്നിധി, നന്ദി ദേവന്‍ മണ്ഡപം എന്നിവയില്‍ തൊഴുത് രാമനാഥ സ്വാമി സന്നിധിയിലേക്ക് പ്രവേശിക്കാം.
       ഇവിടെ മുതല്‍ തിരക്കേറിയ ക്യൂ പ്രത്യക്ഷപ്പെടുന്നു. വളഞ്ഞ് പുളഞ്ഞ് പോകുന്ന നിരയില്‍ അണിചേര്‍ന്ന് നമുക്ക് രാമനാഥ സ്വാമിയെ കാണാം.

ഐതിഹ്യം :- രാവണനെ വധിച്ച് തിരിച്ചെത്തിയ രാമനോട് ഹത്യാദോഷം തീര്‍ക്കുവാനായി സീതാദേവി മഹേശ്വര പ്രീതിക്കായി പൂജ നടത്തണം എന്ന് മഹര്‍ഷികള്‍ നിര്‍ദ്ദേശ്ശിച്ചു. മുഹൂര്‍ത്തം കുറിച്ച് നല്‍കി. പൂജാ പ്രതിഷ്ഠക്കായി കൈലാസത്തില്‍ നിന്ന് ശിവലിംഗം കൊണ്ടുവരുവാന്‍ സീതാദേവി ഹനുമാനെ അയച്ചു. മുഹൂര്‍ത്ത സമയം അടുത്തിട്ടും ഹനുമാന്‍ തിരിച്ചെത്തിയില്ല. സീതാ ദേവി രാമേശ്വരം കടല്‍ത്തീരത്ത് നിന്നും മണല്‍ വാരി ഒരു ശിവലിംഗം ഉണ്ടാക്കി. അതില്‍ പൂജ നടത്തി. വളരെ കഷ്ടപ്പെട്ട് ശിവലിംഗവുമായി തിരികെ എത്തിയ ഹനുമാന്‍ ഇത് കണ്ട് കോപിഷ്ഠനായി. മണലിലുള്ള ശിവലിംഗം അടിച്ചുടക്കാന്‍ ശ്രമിച്ചു. പക്ഷേ പരാജിതനായി. ഹനുമാനെ സ്വാന്തനിപ്പിക്കുവാന്‍ അദ്ദേഹം കൊണ്ടു വന്ന ശിവലിംഗം ശ്രീരാമന്‍ തൊട്ടടുത്ത് തന്നെ പ്രതിഷ്ഠിച്ചു. അതില്‍ പൂജ ചെയ്ത ശേഷം മാത്രമേ സീതാ ദേവി ചെയത പ്രതിഷ്ഠയില്‍ പൂജിക്കാവൂ എന്ന് കല്പിച്ചു.

    ഹനുമാന്‍ കൊണ്ട് വന്ന ശിവലിംഗം വിശ്വനാഥര്‍ സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതില്‍ പൂജ ചെയ്ത ശേഷം മാത്രമേ രാമനാഥ സന്നിധിയില്‍ പൂജ നടത്തുകയുള്ളൂ.

         രാമേശ്വരത്തെ മുഖ്യ പ്രതിഷ്ഠ, സീതാ ദേവി ഉണ്ടാക്കിയ ശിവലിംഗം. അതിന്റെ ലാളിത്യം കൊണ്ട് മനോഹരമാണ്. മറ്റു പ്രതിഷ്ഠകളെ അപേക്ഷിച്ച് അത് വളരെ ചെറുതാണ്.  രാവിലെ അഞ്ച് മണിമുതല്‍ രാത്രി ഒന്‍പത് മണിവരെ പൂജ നടക്കുന്നു.  ഗംഗയില്‍ നിന്ന് ഭക്തര്‍ കൊണ്ടുവരുന്ന ഗംഗാജലം ഇവിടെ അഭിഷേകം ചെയ്യുന്നു. ഇവിടത്തെ തീര്‍ത്ഥ ജലം അഭിഷേകത്തിനായി കാശിയിലേക്ക് കൊണ്ട് പോവുകയും ചെയ്യുന്നു.

   രാമനാഥ സ്വാമി ദര്‍ശനത്തിനു ശേഷം തൊട്ടടുത്ത കൌണ്ടറില്‍ നിന്നും പ്രസാദം വാങ്ങാം. പഞ്ചാമൃതം , ലഡു, എന്നിവ ഉള്‍പ്പെടുന്ന പാക്കറ്റ് ഒന്നിന് 120 രൂപ വില.

   അങ്ങിനെ രാമനാഥ സ്വാമിയെ ദര്‍ശിച്ച് പാപമുക്തി നേടി പുറത്തേക്ക് ..........................

            ഇനി യാത്ര ആ സ്വപ്നഭൂമിയിലേക്ക് ധനുഷ്കോടി............................................

Tuesday, December 6, 2011

ജാതി പറയുക

നമ്മള്‍, അതായത് ഞാനും നിങ്ങളും ഇവിടത്തെ മാധ്യമങ്ങളും മൂന്നുദിവസമായി അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിയെ തെറിവിളിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതോടൊപ്പം ഇടുക്കി ഡാമും തകരുമെന്നും 35 ലക്ഷം ജനം ഇല്ലാതാകുമെന്നും നമ്മള്‍ കരുതുന്നു. അത് നമ്മള്‍ ഹൈക്കോടതി,സുപ്രീം കോടതി എന്നീ “പ്രകാശം പരത്തുന്നവരെ” അറിയിക്കുകയും അവര്‍ നമ്മുടെ ജീവന്‍ അവധിക്ക് വച്ചിരിക്കുകയുമാണ്. ഈ ഭീതി പരത്തി സുപ്രീംകോടതിയില്‍ നിന്ന് പഴയ പ്രേമചന്ദ്രന്‍ ഒരല്പം ആനുകൂല്യം നേടിയെടുക്കുകയും ചെയ്തു. ഇനിയും നമ്മള്‍ തന്നെ ജയിച്ചേക്കും എന്ന അവസ്ഥയില്‍ കേസ് നീങ്ങുമ്പോഴാണ് നമ്മുടെ ദണ്ഡപാണി കോടതിയെ ആ രഹസ്യം ബോധിപ്പിച്ചത്, “മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ആ വെള്ളം ഇടുക്കി ഡാം താങ്ങിക്കൊള്ളൂം”. അതായത് മുപ്പത്തി അഞ്ച് ലക്ഷം എന്നൊക്കെപറഞ്ഞ് നാം കെട്ടിപ്പൊക്കിയ ഭീതിയുടെ ഡാമൊക്കെ ദണ്ഡപാണി കുത്തിത്തുറന്ന് വിട്ടൂ.
      മുല്ലപ്പെരിയാര്‍ പൊട്ടിയാലും ആകെ ഒഴുകിപ്പോകുന്നത് ചപ്പാത്തിലും വണ്ടിപ്പെരിയാറിലുമുള്ള ഏഴകള്‍ മാത്രം. അവരും അങ്ങിനെ അങ്ങ് ഒഴുകിപ്പോകില്ല, ഇടുക്കിയില്‍ വന്ന് തടഞ്ഞ് നില്‍കും. മുങ്ങിത്തപ്പിയാല്‍ ബോഡി കിട്ടാവുന്നതേയുള്ളൂ.


      താന്‍ പറഞ്ഞത് സര്‍ക്കാരിന്റെ നയമാണ് എന്ന് ദണ്ഡപാണി ആവര്‍ത്തിച്ച് ആണയിടുന്നു. ഇതല്ല സര്‍ക്കാരിന്റെ നയമെന്ന് ഉമ്മന്‍ ചാണ്ടിയോ തിരുവഞ്ചൂരോ പറഞ്ഞിട്ടുമില്ല. എന്നിട്ടും നമ്മള്‍ ദണ്ഡപാണിയെ ദണ്ഡിപ്പിക്കുന്നു. എന്തുകൊണ്ട്?.


        ഉത്തരം ഇന്നാണ് കിട്ടിയത്. പറഞ്ഞുതന്നത് വെള്ളാപ്പള്ളി നടേശഗുരു.“ ദണ്ഡപാണി ഈഴവനാണ്. അതാണ് അയാളുടെ മേക്കിട്ട് എല്ലാവനും കയറുന്നത്.” എത്ര ലളിതമായ സമ വാക്യം. ഇനി ഇത് അനുവദിക്കില്ല എന്നും ഗുരു പറഞ്ഞിട്ടുണ്ട്. അതായത് ദണ്ഡപാണിയെ ദണ്ഡിപ്പിക്കുന്നവര്‍ വിവരം അറിയും എന്ന് സാരം. വെറുതേയല്ല, ഓം പ്രകാശിന് എസ്.എന്‍.ഡി.പിയില്‍ അംഗത്വം കൊടുത്തത്. 


             സത്യത്തില്‍ ദണ്ഡപാണി ഈഴവനാണ് എന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. എനിക്ക് പ്രത്യേകിച്ചും. ഇവിടെ സംഗതി കുറച്ചു കൂടി കുഴയുന്നു. കാരണം ഒരു അഡ്വ.ജനറല്‍ തമിഴ്നാടിന് വേണ്ടി വാദിച്ചത് കുറ്റമാണ് എങ്കില്‍ ഒരു ഈഴവന്‍ തമിഴന് വേണ്ടിവാദിച്ചത് കൊടും കുറ്റമാണ്.
      ഈഴത്ത് നാട്ടില്‍ നിന്നും വന്നവനാണ് ഈഴവന്‍ എന്ന് വടക്കന്‍ പാട്ട് പറയുന്നു. ഈഴത്തുള്ളവന്റെ കുലശത്രുവാണ് തമിഴന്‍. ജാഫ്നാ യൂണിവേഴ്സിറ്റി കത്തിച്ച് ചാമ്പലാക്കി തുടങ്ങി ഒടുവില്‍ വേലുപ്പിള്ള പ്രഭാകരന്റെ തല ചിതറിക്കുന്നതുവരെയെത്തി തമിഴനും ഈഴവനും തമ്മിലുള്ള വൈരം. അതായത് മുല്ലപ്പെരിയാര്‍ പ്രശനത്തില്‍ കേരളത്തില്‍ മുന്നിട്ട് നിന്ന് പടനയിക്കേണ്ടവരാണ് ഈഴവര്‍.ഇതാണ് ഒരു ദണ്ഡപാണി അട്ടിമറിച്ചത്. സത്യത്തില്‍ സമുദായത്തിന് മുഴുവന്‍ അവമതി ഉണ്ടാക്കിയ ദണ്ഡപാണിയെ ഊരുവിലക്കുകയല്ലേ വെള്ളാപ്പള്ളീ ചെയ്യേണ്ടിയിരുന്നത്. പക്ഷേ എന്ത് ചെയ്യാം , ചപ്പാത്തിലും വണ്ടിപ്പെരിയാറിലും ഈഴവരില്ലാത്തിടത്തോളം കാലം വെള്ളാപ്പള്ളി ഇങ്ങനയേ ചിന്തിക്കൂ.
   ദണ്ഡപാണി ഈഴവനാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു കൂട്ടരും ഉണര്‍ന്നിരിക്കുന്നു. എ.ജി.യെ പുറത്താക്കണം എന്ന് എന്‍.എസ്.എസ്. ഇതുവരെ ഇക്കൂട്ടരെ മുല്ലപ്പെരിയാര്‍ പരിസരത്തേ കണ്ടിരുന്നില്ല. മാത്രമല്ല , ചവറയില്‍ നല്ല ഒന്നാം തരം നാവായിക്കുളം നായരായ പ്രേമചന്ദ്രനെ തോല്പിക്കാന്‍ ഷിബു ബേബിജോണിന്റെ വീട്ടില്‍ തമ്പടിച്ച് കിടന്നവരാണ് പെരുന്ന നായന്മാര്‍. ഓടാന്‍ കിട്ടിയത് തമിഴ്നാട് രജിസ്ട്രേഷന്‍ വണ്ടികളാണ് എന്ന് നാട്ടുകാര്‍. അവരും എത്തി അണക്കെട്ട് പൊളിക്കാനല്ല, ദണ്ഡപാണിയെ പൊളിക്കാന്‍.


           സത്യത്തില്‍ ദൈവം എന്ന് ഒന്ന് ഉണ്ടെങ്കില്‍ ഈ അണക്കെട്ട് എങ്ങിനെ പൊട്ടാതിരിക്കും. ഇവനെയൊക്കെ ഭൂമിയില്‍ അധികകാലം വാഴിക്കാന്‍ അങ്ങോര്‍ സമ്മതിക്കുമോ...ഒഴുകിപ്പോകുന്ന മുപ്പത്തി അഞ്ച് ലക്ഷത്തില്‍ നമ്മളോടൊപ്പം ഇവനൊക്കെ ഉണ്ടല്ലോ എന്ന് ആശ്വസിച്ച് നമുക്ക് മരിക്കാം.!