Tuesday, July 3, 2012

തൊടാമോ ....ഒരു സ്ത്രീയെ.........................

നിങ്ങള്‍ ഒരു തിരക്കേറിയ ഒരു ബസിലോ തീവണ്ടിയിലോ യാത്രചെയ്യുന്നു. തൊട്ടടുത്ത് നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്റെ ദേഹത്ത് നിങ്ങളുടെ കൈമുട്ടി. എന്തു സംഭവിക്കും. ഒന്നുകില്‍ അയാള്‍ അത് അറിയില്ല. അല്ലെങ്കില്‍ ഒന്ന് തിരിഞ്ഞു നോക്കും. ചിലര്‍ കണ്ണുരുട്ടി നോക്കും. രസികന്മാരാണങ്കില്‍ ഇടിക്കല്ലേ ചങ്ങാതീ എന്ന് പറയും.
നിങ്ങള്‍ തട്ടിയത് ഒരു സ്ത്രീയുടെ ദേഹത്തിലാണെങ്കിലോ.....പിന്നെ രണ്ട് മാര്‍ഗ്ഗം നിങ്ങള്‍ക്ക് അവശേഷിക്കുന്നു. ഒന്ന് തീവണ്ടിയാണ് എങ്കില്‍ അതില്‍ നിന്ന് എടുത്തു ചാടി ആത്മഹത്യ ചെയ്യാം. ബസാണെങ്കില്‍ വീട്ടിലെത്തി തൂങ്ങിച്ചാവാം. അതിന് മുന്‍പ് ആളുകള്‍ നിങ്ങളെ തല്ലിക്കൊന്നില്ലെങ്കില്‍ !


 കഴിഞ്ഞ ദിവസം തിരക്കേറിയ തീവണ്ടിയില്‍ ഒരു ദൃശ്യം കണ്ടു. ഒരു സ്ത്രീ അല്പം ഉച്ചത്തില്‍ സംസാരിക്കുന്നു. ഉടന്‍ പ്രബുദ്ധരായ ജനം അങ്ങോട്ട് ഒഴുകുന്നു. സംഭവം ഇതാണ് അടുത്തിരുന്നയാള്‍ തന്നെ തൊട്ടു. കയ്യെടുത്തപ്പോള്‍ തട്ടിയതാണ് എന്നും മാപ്പു ചോദിക്കുന്നു എന്നും അയാള്‍ പറഞ്ഞു. സംഭവം അവിടെ അവസാനിക്കുന്നില്ല.


സദാചാരപോലീസുകാര്‍ രംഗത്തെത്തി. അയാളെ കഴുത്തിന് പിടിച്ച് എഴുനേല്‍പ്പിച്ചു. കരണകുറ്റിക്ക് അടിച്ചു. അടിവയറ്റില്‍ ചവുട്ടി. നിശബ്ദനായി നിന്ന് അയാള്‍ അതെല്ലാം സഹിച്ചു. മര്‍ദ്ദനത്തിന് ശേഷം അവര്‍ അയാളോട് ചോദിച്ചു “ നീ ഇവരെ തൊട്ടോ” അയാള്‍ പറഞ്ഞു “തൊട്ടില്ല” തൊട്ടില്ല എങ്കില്‍ നീ മാപ്പ് പറഞ്ഞത് എന്തിന് ?. അപ്പോള്‍ നീ തൊട്ടു. വീണ്ടും അടി!
“ശരിയാ അറിയാതെ തട്ടി “ അപ്പൊ നീ തൊട്ടില്ല എന്ന് പറഞ്ഞതോ , നായേ ..”
വീണ്ടും അടി.
അപ്പുറത്തുനിന്ന് മറ്റൊരു ചെറുപ്പക്കാരന്‍ എഴുനേറ്റു,ഭാഗ്യം ഒരാളെങ്കിലും ഇടപെടാന്‍ ഉണ്ടായല്ലോ...
ആ പൂതിയും അവസാനിച്ചു . പുറകില്‍ നിന്ന് ആഞ്ഞ് തൊഴിച്ച ശേഷം അയാള്‍ തന്റെ സീറ്റില്‍ പോയി സ്വസ്ഥനായി ഇരുന്നു....
ഒരു സ്ത്രീയെ അവരുടെ അനുവാദം ഇല്ലാതെ തോടുന്നത് തെറ്റാണ്. തൊടല്‍ മാത്രമല്ല തോണ്ടല്‍,പിച്ചല്‍,ഞെക്കല്‍, മാന്തല്‍, മുതലായ ക്രിയകളിലൊക്കെ നമ്മള്‍ മലയാളികള്‍ സമര്‍ത്ഥന്മാരുമാണ്. മാനക്കേടോര്‍ത്ത് അപുര്‍വമായി മാത്രമേ ഇരകള്‍ പ്രതികരിക്കാറുള്ളൂ...അതുകൊണ്ടു തന്നെ ആഘോഷങ്ങള്‍ തകൃതിയാണ് തിരക്കിടങ്ങളില്‍....
പക്ഷേ ഇത്രയും ജനത്തിരക്കേറിയ യാത്രാവാഹനങ്ങളില്‍ സാഹചര്യങ്ങളാല്‍ തട്ടുന്നവനേയും മന:പൂര്‍വം തട്ടുന്നവനേയും എങ്ങിനെ തിരിച്ചറിയും. 


കൂട്ടുകാരി പറഞ്ഞത് ഞങ്ങള്‍ പെണ്ണൂങ്ങള്‍ക്ക് അത് പ്രത്യേകം തിരിച്ചറിയാമെന്നാണ്. എന്തോ ..അതത്ര വിശ്വാസയോഗ്യമായി തോന്നുന്നില്ല. തുടര്‍ച്ചയായുള്ള തോണ്ടലുകള്‍ ഒഴിവാക്കുക, ആ‍കസ്മികമായുള്ള ഒരു തട്ട്, അത് മന:പൂര്‍വമാണോ അല്ലയോ എന്ന് ആ തട്ടിയവനല്ലാതെ ലോകത്ത് മറ്റാര്‍ക്കും തിരിച്ചറിയാനാകില്ല എന്നാണ് തോന്നുന്നത്. ആ സ്ത്രീ അത് തിരിച്ചറിയുന്നു എന്നത് അവരുടെ പ്രത്യേക മാനസികാവസ്ഥയില്‍ തോന്നുന്നതല്ലേ..കാഴ്ചയില്‍ ഭീകരനും വിടനുമാണ് എന്ന് തോന്നിക്കുന്ന ഒരുവന്‍ സമീപത്ത് നില്‍ക്കുമ്പോള്‍ ഒരു സ്ത്രീ അവനെ സംശയിക്കും. അവന്‍ അറിയാതെ തട്ടിയാലും അടി വീണിരിക്കും. കാഴ്ചയിലെ ഒരു മാന്യന് ചിലപ്പോള്‍ ഒരു ആനുകൂല്യമൊക്കെ കിട്ടി എന്നിരിക്കും.

കാഴ്ചയില്‍ ആണാണ് എന്ന് തോന്നുന്ന പോലീസുകാരി “വിനയ” അടുത്തിടെ എഴുതിയിരുന്നു. സിനിമ കാണുന്നതിനിടയില്‍ താന്‍ മുന്നോട്ട് കാലു നീട്ടിയപ്പോള്‍ അത് തൊട്ടുമുന്നിലിരുന്ന സ്ത്രീയുടെ പിന്നാമ്പുറത്ത് തട്ടി എന്നും അവര്‍ ചാടി എഴുനേറ്റ് തന്റെ കരണത്ത് ഒന്ന് തന്നു എന്നും..

 ഇവിടെ സ്പര്‍ശിച്ച ആളിന്റെ പുരുഷലുക്കാണ് പ്രശ്നമായത്. വിനയ സാരിധരിച്ചിരുന്നു എങ്കില്‍ തീര്‍ച്ചയായും മുന്നില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാകില്ലായിരുന്നു. അപ്പോള്‍ സ്പര്‍ശനത്തിലല്ല കാര്യം സപര്‍ശിക്കുന്ന ആളിന്റെ ലുക്കിലാണ് കാര്യം.
തിരക്കേറിയ ബസില്‍;,തീവണ്ടിയില്‍ , ഒരു പക്ഷേ നടന്ന് , ഒക്കെ യാത്രചെയ്യുന്നവര്‍ക്ക് വിരുദ്ധലിംഗവുമായുള്ള കൂട്ടിമുട്ടല്‍ ഒഴിവാക്കാനാവില്ല, എത്ര ശ്രമിച്ചാലും. കൈവിരലോ, കാല്‍മുട്ടോ, കൈമുട്ടോ, ചന്തിയോ ഒക്കെ എവിടെയെങ്കിലും ഒക്കെ സ്പര്‍ശിച്ചെന്നിരിക്കും. 
 ഈ സ്പര്‍ശത്തില്‍ നിന്ന് മറ്റേ സ്പര്‍ശത്തെ എങ്ങിനെ കണ്ടെത്തും ?.സ്പര്‍ശിക്കുന്നവന്റെ ആ സമയത്തെ മാനസികാവസ്ഥ പരിശോധിച്ചാല്‍ അത് മനസ്സിലാക്കാം. പക്ഷേ അതിന് എന്ത് മാര്‍ഗ്ഗം ?. അതു കണ്ടെത്തുന്നതുവരെയും ചിലപ്പോഴെങ്കിലും ചില നിരപരാധികള്‍ തല്ലു കൊള്ളും. അതിനെ വിധി എന്നോര്‍ത്ത് നമുക്ക് സമാധാനിക്കാം...............

7 comments:

ajith said...

തല്ലുകൊള്ളാന്‍ ഇപ്പോ കാരണമൊന്നും വേണ്ടെന്നായിട്ടുണ്ട് അല്ലേ...!!

- സോണി - said...

ചിലതെങ്കിലും സ്ത്രീകള്‍ക്ക് തിരിച്ചറിയാന്‍ കഴിയും എന്ന് പറയുന്നത് വെറുതെയല്ല. എന്നാല്‍ ട്രെയിനിലും മറ്റും ഒന്നിച്ചു യാത്ര ചെയ്യുമ്പോള്‍ സാഹചര്യം മനസിലാക്കി ഒതുങ്ങി നില്‍ക്കുന്നവരെ മുതലെടുക്കുന്നവരാണ് കൂടുതലും.

Yasmin NK said...

തൊടലിന്റെ രീതിയില്‍ നിന്നും അത് മനപൂര്‍വ്വമാണൊ അല്ലയൊ എന്ന് അറിയാന്‍ ആകും. പിന്നെ ഒരുത്തന്‍ തോണ്ടാന്‍ തുനിഞ്ഞിറങ്ങിയാല്‍ ഒറ്റത്തോണ്ടലു കൊണ്ട് നിര്‍ത്തില്ല, അവനത് പിന്നെം ചെയ്യും. അപ്പൊ അടിയോ തൊഴിയോ ഉറപ്പ്. അല്ലാതെ തിരക്കിനകത്ത് ഒന്ന് മുട്ടിപ്പോയാല്‍ അതാരാ കെയര്‍ ചെയ്യുക.

Anonymous said...

സ്ത്രീകള്‍ അധികവും സംശയ രോഗികള്‍ ആണ്. കണ്ടാല്‍ തട്ടാന്‍ പോയിട്ട് അടുത്ത് നില്‍കാന്‍ വരെ അറപ്പ് തോന്നുന്ന സ്ത്രീകള്‍ മുതല്‍ മുതു കിളവിമാര്‍ വരെ വിചാരിക്കുന്നത് അരികെ നില്‍കുന്ന പുരുഷന്‍ അവരെ തട്ടാന്‍ ആണ് നില്‍ക്കുന്നത് എന്നാ. അയാളും തങ്ങളെ പോലെ യാത്ര ചെയ്യുന്ന ഒരു ഇന്ത്യന്‍ പൌരന്‍ ആണെന്നും തിരക്കില്‍ തനിക്കുള്ള അതേ ഗതികേട് തന്നെ ആണ് അയാള്‍ക്കും ഉള്ളതെന്നും മനസ്സിലാകുന്ന സ്ത്രീകള്‍ കുറവാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്കും പ്രത്യേക യാത്രാ സംവിധാനങ്ങള്‍ ആക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു. അല്ലെങ്കില്‍ തുടര്‍ന്നും ഇവരുടെ കോംബ്ലെക്സിനു പുരുഷന്‍ ഇരയായി കൊണ്ടിരിക്കും.

ശ്രീനന്ദ said...

തെറ്റായ അര്‍ത്ഥത്തിലുള്ള സ്പര്‍ശനവും നോട്ടവും സ്ത്രീകള്‍ക്ക് പെട്ടെന്നുതന്നെ തിരിച്ചറിയാന്‍ സാധിക്കും. മുല്ല പറഞ്ഞതുപോലെ അറിയാതെ സംഭവിക്കുന്ന തട്ടലും മുട്ടലുമൊന്നും ഒരുമാതിരിപ്പെട്ട സ്ത്രീകളൊന്നും മൈന്‍ഡ് ചെയാറില്ല. തൊണ്ണൂറു ശതമാനം സ്ത്രീകളും പ്രതികരിക്കുന്നത് തന്നെ തീരെ നിവര്‍ത്തിയില്ലാത്ത ഘട്ടത്തിലാണ്.

സന്തോഷ് said...

ഇത്തരം സാഹചര്യങ്ങളില്‍ സംശയത്തിന്റെ ആനുകൂല്യം എപ്പൊഴും പ്രതികള്‍ക്ക് നല്‍കണം എന്നാണ് എന്റെ ഭാര്യയെ ഞാന്‍ ഉപദെശിക്കാറുള്ളത്.

ഷാ said...

വിയോജിക്കുന്നു..