ആകാശോം ഭൂമിയുമെന്നുണ്ടായി
മാനത്തെ നച്ചത്രമെന്നുണ്ടായി
നീപോയി കണ്ടോ നിന്റമ്മേം കണ്ടോ
നീയും നിന്റമ്മനും കൂടിക്കണ്ടോ........
"ആകാശത്തേക്ക് റോക്കറ്റയക്കുന്ന ശാസ്ത്രജ്ഞന്‍ എന്തിനാണ്‍ തേങ്ങയുടക്കുന്നത്" വൈക്കം വിശ്വന്‍
അത്
അന്ധവിശ്വാസമല്ല മഹത്തായ ഭാരതീയ സംസ്ക്രിതിയുടെ ,പൈതൃകത്തിന്റെ, അത്മീയതയുടെ.......................മറുപടി ഇന്‍സ്റ്റന്റാണ്‍. ആരും തോറ്റു പോകും , വൈക്കം വിശ്വനും.
ആത്മീയതയുടെ തിരിച്ചുവരവില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചെടിപ്പുകൂടുതലാണ്‍.
ആത്മീയതയുടെ തിരിച്ചു വരവ് !
ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം !
മാടന്‍ കാവ് ഒടയതമ്പുരാന്‍ ഈ വാഹനത്തിന്റെ ഐശ്വര്യം.
(കുറ്റിക്കാട്ടില്‍ വടയക്ഷി ഇവളുടെ ഐശ്വര്യം എന്നെഴുതിയാല്‍ ഭാര്യയുടെ ചന്തിയിലും ഒട്ടിക്കാം)
ഇത് ഭക്തിയുടെ, ആത്മീയതയുടെ ഉയര്‍ത്തെഴുനേല്‍പ്പായി വിലയിരുത്തപ്പെടുന്നു. യുക്തി ബോധത്തിന്റെ, കമ്മ്യൂണിസത്തിന്റെ അടിത്തറകള്‍ പിളര്‍ന്ന് വളര്‍ന്നു വന്നൊരു ആല്‍ വൃക്ഷം.
ചരടു കെട്ടിയ ജീവിതങ്ങളാണ്‍ വഴി നീളെ..............,കറുപ്പ്, ചുവപ്പ്, മഞ്ഞ, വെള്ള......... കൈത്തണ്ടയിലും അരയിലും കഴുത്തിലുമെല്ലാം യന്ത്രങ്ങള്‍, യന്ത്ര മനുഷ്യര്‍, രത്നഖനികള്‍...............
ഇത് ഭക്തിയുടെ രണ്ടാം വരവോ.................
ഇതൊരു വിപ്ലവമോ , ഉയര്‍ത്തെഴുനേല്പോ അല്ല. ഭക്തിയുടെ തുണിയഴിച്ചാട്ടമത്രേ........
പോയ കാലത്തിന്റെ ആഭിചാരങ്ങളും മന്ത്രവാദികളും പോയ മറഞ്ഞു.അല്ലെങ്കിലും അവ നീചരായ കീഴാള വര്‍ഗ്ഗത്തിന്റെ ചെപ്പടിവിദ്യകളായിരുന്നല്ലോ ?.ഭാരതത്തിലെ നിഴല്‍ക്കുത്തുമുതല്‍ ആധുനിക കേരളത്തിലെ ഒടിവിദ്യ വരെ കീഴാള സംസ്ക്രിതിയുടെ കൈമുതലുകളായിരുന്നു. ഇവക്ക് അന്നേ ഒരു വരേണ്യ ബദല്‍ അന്വേഷിച്ചിരുന്നു വിശ്വഹിന്ദു. അവിടെ മന്ത്രവാദി മരിക്കുകയും തന്ത്രി ജനിക്കുകയും ചെയ്തു. ആഭിചാരത്തിനെ കാവി പൂശി ഹോമവും യജ്ഞവുമാക്കി.ആടിനെ അഴിച്ചുവിട്ട് തന്റെ വാഴ തീറ്റിച്ച അയല്‍ക്കാരനെ "കുത്തിത്തച്ച് പ്രാകുന്ന അമ്മൂമ്മമാര്‍ പോയിമറഞ്ഞു. പഴയ പ്രാക്കിന്റെ മൊത്തക്കച്ചവടം തന്ത്രിക്കാണ്‍ , ശത്രുദോഷം എന്ന് ഓമനപ്പേര്‍.
അമ്പലം ഒരു സൂപ്പര്‍മാര്‍ക്കറ്റായി, ദൈവം ഒരു പരസ്യവും. പാക്കു ചെയ്തിട്ടുണ്ട് വിഭവങ്ങള്‍, ആവശ്യമുള്ളത് എടുക്കുക, ധനാകര്‍ഷണം, സുമഗല സൂത്രം, ലൈഗിക വര്‍ദ്ധിനി, സന്താന യോഗം.
പാക്കറ്റില്‍ തുക എഴുതിയിട്ടുണ്ട്, നാളും പേരും പറഞ്ഞ് അര്‍ച്ചിക്കുക, പൊതി എടുക്കുക, കൃത്യമായ തുക ഒടുക്കുന്നവനൊപ്പം ദൈവം വരുന്നു. ചരടായി, ഏലസ്സായി, ഭസ്മമായി...............ഏത് നീച കര്‍മ്മത്തിനും ദൈവം കൂട്ടിനുണ്ടെങ്കില്‍ പിന്നെന്ത്?.
അനന്തപുരം പത്മനാഭന്‍ മുതല്‍ തളിപ്പറമ്പ് ജഗന്നാഥന്‍ വരെ പിന്നോക്കം പോയി. ഭക്തരെക്കാത്ത് ഈച്ചയടിച്ചിരിക്കുന്ന നമ്മുടെ യഥാര്‍ത്ഥ ദൈവങ്ങള്‍. അവരുടെ കയ്യില്‍ സ്പെഷ്യല്‍ പാക്ക്റ്റുകളില്ലല്ലോ, അവര്‍ക്ക് വിഖ്യാത പൊങ്കാലകളില്ല, യന്ത്രങ്ങളില്ല, ചരടില്ല.
ഭക്തന്‍ ശാന്തിയും സമാധാനവും നാടിന്‍ ഐശ്വര്യവും പ്രദാനം ചെയ്തിരുന്ന ഇവരെ ആര്‍ക്ക് വേണം
നമുക്ക് ആറ്റുകാലമ്മയുണ്ട്, ചക്കുളത്തമ്മയുണ്ട്, കുട്ടിച്ചാത്തന്‍ സേവാ മഠങ്ങളുണ്ട്. ഉദ്യോഗസ്ഥരുടെ പ്രമോഷന്‍, കൈക്കുലി വര്‍ദ്ധന എന്നിവ മാത്രം നോക്കാന്‍ അനന്തപുരിയില്‍ ഹനുമാനുണ്ട്. ഇതൊന്നും സ്പെഷ്യലായി നോക്കാനാകാത്ത പത്മനാഭാ.......നിനെക്കെന്തിനര്‍ച്ചന...........
ജീവിതം മുഴുവന്‍ പിഴിഞ്ഞൂറ്റി മക്കള്‍ക്ക് നല്‍കി, അന്ത്യനാളുകളില്‍ അനാഥാലയത്തിന്റെ തിണ്ണ നിരങ്ങുന്ന മാതാപിതാക്കള്‍ക്കും ആശ്വസിക്കാം, മരിക്കുമ്പോള്‍ അതിഗംഭീര ചാവടിയന്തിരം. അത് അനാഥലയത്തിലല്ല , സ്വന്തം വീട്ടില്‍ , അല്ലെങ്കില്‍ ആഡിറ്റോറിയത്തില്‍, പിന്നെ പിതൃപൂജ , അന്നദാനം........തൃപ്തിയായി...............ഭക്തിയുടെ പുനര്‍ജന്മം!
വര്‍ഷങ്ങള്‍ പഠിച്ച് പാസ്സാകേണ്ട പരീക്ഷ ഒരു ചെറുചരടിനാല്‍ നേടിയെടുക്കാം, അയല്‍ക്കാരന്റെ ഭാര്യയെ ഒരു വിഭൂതിയാല്‍ പാട്ടിലാക്കാം. എത്രസുഖം ഇഹലോകജീവിതം, പൂന്താനം പോയിത്തുലയട്ടെ..........പ്രമോഷന്‍, സസ്പെന്‍ഷന്‍, ശസ്ത്രക്രിയക്ക്, എന്തിന്‍ അര്‍ശ്ശസ്സിനു വരെ മന്ത്രമുള്ളപ്പോള്‍ എന്തിന്‍ വെറുതേ ഇങ്ക്വിലാബ് വിളിക്കണം.
കുട്ടിക്കാലത്ത് വള്ളികളില്‍ ഊഞ്ഞാലാടിക്കളിച്ചിരുന്ന മാടന്‍ കാവുകളെവിടെ, യക്ഷിയുടെ മുടിപോലെ പൂത്തുകിടന്നിരുന്ന ഒലട്ടിമരമെവിടെ..........................
മാടനും മറുതയും പോയി, അറുകൊലയും പേയും, ചുടല മാടനും , കാലം ചെയ്തു. എല്ലാം കീഴാള ദൈവങ്ങള്‍. എവിടെയും പുനരുദ്ധാരണ മാമാങ്കങ്ങള്‍, തന്ത്രിമാര്‍ എഴുന്നള്ളുന്നു.ഉച്ചാടന പന്തലില്‍ കാവിക്കൊടി പാറുന്നു. (കീഴാള ദൈവങ്ങള്‍ ചെമ്പട്ടുടുത്ത കമ്മ്യൂണിസ്റ്റുകാരായിരുന്നു, അവര്‍ കോഴിച്ചോരയും പട്ടയും കഴിച്ചിരുന്നു.). കാളിയും കൃഷ്ണനും പീഡത്തിലേറുന്നു. ചെമ്പട്ടുടുത്ത് തുള്ളിയുറയുന്ന പറയന്‍ പുറത്തായി, മുടിയഴിച്ചാടുന്ന കുറത്തിയും പടിക്കു പുറത്ത്. ചരടു ജപിക്കുന്ന പോറ്റിയെത്തുന്നു. ഫലം പറയുന്ന തിരുമേനിയും, അര്‍ച്ചന, ഹോമം, യജ്ഞം.....................ഭക്തിയുടെ പുനരുദ്ധാരണം.
പടിയിറങ്ങിപ്പോയ എന്റെ ഭഗവതീ...................നിനക്കിരിക്കാന്‍ ഒരു പനമ്പട്ട പോലുമില്ലല്ലോ..........................
കീഴാള ദൈവങ്ങളെ പടിയിറക്കി. പക്ഷേ സമസ്ത ഹിന്ദുവല്ലേ.........ഒരു ഗഡു ക്ഷാമബത്തയെങ്കിലും കൊടുക്കണ്ടേ...........അബ്രാഹ്മണനും പൂജാരിയാകാം എന്ന് വിശാല ഹിന്ദു. പൂശാരി പറയനായാലും ദേവന്‍ ആര്യനാകട്ടെ.
ക്ഷേത്രങ്ങള്‍ സാസ്കാരിക കേന്ദ്രങ്ങളായിരുന്നു അന്ന്. സൃഷ്ടിയുടെ വേദനയുമായി അമ്പലപ്പറമ്പിലേക്കോടിയ കുഞ്ചന്‍ അവതരണത്തിന്‍ വിലക്കുകളില്ലായിരുന്നു. ജനത്തിനിഷ്ടപ്പെടുന്നതെന്തും ക്ഷേത്രകലയായിരുന്നു. അച്ചീ ചരിതങ്ങള്‍ മുതല്‍ സംഭോഗ വര്‍ണ്ണനകള്‍ വരെ.
ഇന്ന് നവോത്ഥാന കാലഘട്ടത്തില്‍ ദൈവം എന്ത് കാണണമെന്ന് വിശ്വഹിന്ദു തീരുമാനിക്കുന്നു. നാടകം, കഥാപ്രസംഗം, ഗാനമേള എല്ലാം അഹൈന്ദവം. അത് മതില്‍ക്കെട്ടിന്‍ പുറത്ത്. കലയെ കുമ്മനം രാജശേഖരന്‍ പരിശോധിക്കും, അകത്തോ പുറത്തോ , ചാപ്പ കുത്തും.
ഭക്തിയുടെ നവോത്ഥാനത്തില്‍ ഭക്തനും ദൈവത്തിനുമിടയില്‍ ഒരു പുതിയ ഇടനിലക്കാരന്‍. വിശ്വഹിന്ദു. കേരളത്തിലെ തൊണ്ണൂറൂ ശതമാനം ഹിന്ദുക്കളും ഒരിക്കലും തെരെഞ്ഞെടുക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഒരു നേതൃത്വം അതേ ഹിന്ദു സമൂഹത്തിന്റെ പേരില്‍ സ്വയം അവരോധിക്കുന്നു. ഭക്തനും ദൈവത്തിനുമിടയില്‍ ഒരു മറയായി നില്‍ക്കുന്നു.
ക്ഷേത്രമതില്‍ക്കെട്ടിനകത്ത് അറിയാതെ ചെരിപ്പിട്ട് കയറിയാല്‍, കുഞ്ഞ് മൂത്രമൊഴിച്ചാല്‍, ഇടതുകയ്യാല്‍ പ്രസാദം വാങ്ങിയാല്‍ , ഒക്കെ ദൈവം ക്ഷമിക്കും. പക്ഷേ ഇവര്‍ ക്ഷമിക്കില്ല, അടിച്ച് പല്ലു പറിക്കും, ദൈവം അറിയാത്ത, ദൈവത്തെ അറിയാത്ത, ദൈവത്തിന്റെ സ്വന്തം കാവല്‍ക്കാര്‍.
എന്റെ ദൈവമേ...........ഇവരുടെ പിടിയില്‍ നിന്ന് നീയെന്നാണ്‍ രക്ഷപ്പെടുക!