Tuesday, August 2, 2011

ചാപ്പാ........കുരിശ്

സമ്മേളന കാലം ആരംഭിക്കുകയായി. ആചാരവെടികള്‍ മുഴങ്ങിത്തുടങ്ങി. ചാനലുകളില്‍ കരപ്രമാണിമാര്‍ നിരക്കാറായി. 


                 ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ കരിക്കിന്‍ വെള്ളം കുടിച്ച് അച്യുതാനന്ദച്ചേവകര്‍ കച്ചമുറുക്കി കളത്തിലിറങ്ങി. മാറ്റാന്മാര്‍ ആര്‍ത്തുവിളിച്ചൂ തുടങ്ങി. എതിരാളി കളത്തിലിറങ്ങിയിട്ടില്ല. എങ്കിലും 14 വര്‍ഷത്തെ മുതലാളിത്ത ദത്തുപുത്രന്റെ ഭരണം സി.പി.എമ്മില്‍ അവസാനിക്കാര്‍ പോവുകയാണ് എന്ന് അടച്ചിട്ടമുറിയില്‍ പത്ത് മിനിട്ട് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തിയ ശേഷം കുര്‍ലിന്‍ ബഞ്ചനന്തന്‍ നായര്‍ പ്രസ്താവിച്ചു.


        ഈ ഒരു മഹത്തായ പ്രസ്താവന ബഞ്ചനന്തന്‍ നായര്‍ക്ക് നടത്തുവാന്‍ അച്യുതാനന്ദനുമായി പത്ത് മിനിട്ട് ചര്‍ച്ചയുടെ ആവശ്യമുണ്ടായിരുന്നോ..പാഴൂര്‍ പടിക്കല്‍ പോകാതെ തന്നെ ആര്‍ക്കും പ്രവചിക്കാവുന്ന ഒന്നല്ലേ അത്. സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖപ്രകാരം പിണറായി വിജയന് ഇനി ഒരിക്കല്‍ കൂടി സെക്രട്ടറിയാകാന്‍ സാധിക്കുകയില്ല. തന്റെ ഒരു വിശ്വസ്തനെ നിര്‍ദ്ദേശ്ശിക്കാം എന്നല്ലാതെ സെക്രട്ടറി പദം പിണറായിയുടെ സ്വപ്നത്തില്‍ പോലും അസാധ്യം.


               അപ്പോള്‍ പിണറായി വിജയന്റെ 14 വര്‍ഷ ദത്ത് ഭരണം അവസാനിച്ചാല്‍ സി.പി.എമ്മില്‍ പിന്നെന്ത് സംഭവിക്കും. കോടിയേരി..., ഐസെക്,ബേബി, അതോ അച്യുതാനന്ദന്‍ തന്നെ രംഗത്തിറങ്ങുമോ... എന്തും സംഭവിക്കാം, ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയില്‍ സി.പി.എമ്മില്‍ എന്തു സംഭവിക്കും എന്ന് ഉറപ്പിച്ചു പറയാനാകില്ല.


                      പക്ഷേ ഒന്നുറപ്പ് സി.പി.എം കേരള പാര്‍ട്ടികോണ്‍ഗ്രസ്സില്‍ പിണറായി പക്ഷം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ആ പക്ഷം പരാജയപ്പെട്ടാല്‍ ആ നിമിഷം ഉമ്മന്‍ ചാണ്ടി മന്ത്രിസഭ നിലം പതിക്കും.!.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി ഇടതുമുന്നണി അധികാരത്തിലേറും.!


              കേവലം രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന ഈ ഭരണമുന്നണിയില്‍ മൂന്നംഗങ്ങള്‍ പിണറായി എന്ന വ്യക്തിയോടുള്ള ശത്രുത ഒന്നു കൊണ്ടു മാത്രം യോജിച്ചു നില്‍ക്കുന്നവരാണ്. സി.പി.എമ്മില്‍ എന്ന് പിണറായി ഇല്ലാതാകുന്നുവോ ആ നിമിഷം മുതല്‍ ഇവര്‍ ഇടതുമുന്നണിക്കാരാണ്. 


    അപ്പോള്‍ വിക്രമാദിത്യന്റെ ചുമലിലിരിക്കുന്ന വേതാളം ഒരു സംശയം ചോദിച്ചു                                  
    " അല്ലയോ മഹാരാജൻ!. സി.പി.എമ്മിൽ അച്യുതാനന്ദൻ വിജയിച്ചു കാണണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം. അതേ സമയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുവാന്‍ അവര്‍ ബാധ്യസ്ഥരുമാണ്. ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താതെ അവര്‍ക്ക് അച്യുതാനന്ദനെ ജയിപ്പിക്കാനാകില്ല. പറയൂ രാജന്‍ ! നമ്മുടെ മാധ്യമങ്ങള്‍ ആരെ പിന്തുണക്കും!”.

2 comments:

കിരണ്‍ തോമസ് തോമ്പില്‍ said...


ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താതെ അവര്‍ക്ക് അച്യുതാനന്ദനെ ജയിപ്പിക്കാനാകില്ല. പറയൂ രാജന്‍ ! നമ്മുടെ മാധ്യമങ്ങള്‍ ആരെ പിന്തുണക്കും!

ചാനല്‍ ചെയര്‍മാന്റെ മന്ത്രിപദത്തേപ്പോലും വകവെയ്ക്കാതെ ഇന്ത്യാവിഷന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഇന്ത്യാവിഷന്‍ വി.എസിനെ പിന്‍തുണച്ചില്ലെ? അപ്പോള്‍ ഇനിയും അതാകാം.

Anonymous said...

മനോരമയുടെ വീ എസ പുരാണം കാരണം ഫ്രന്റ് പേജ് ഞാന്‍ വായിക്കാതായി

പാവം ഉമ്മന്‍ ചാണ്ടി മര്യാദക്ക് ഒന്ന് ഭരിക്കാന്‍ അങ്ങ്ങ്ങേര്‍ക്ക് യോഗം കാണുന്നില്ല ഒരു പക്ഷെ പണ്ടു കരുണാകരനെ പണിതതിന്റെ തിരിച്ചടി കാലം നല്‍കുന്നതാകാം