Sunday, March 31, 2013

പിണറായിയിലേക്ക് ഒരു യാത്ര.......

കണ്ണൂരിലെ പിണറായി ഗ്രാമം , കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലം. 1939 ഇല്‍ പിണറായി പാറപ്പുറം സമ്മേളനത്തോടെ പാര്‍ട്ടിയുടെ ചരിത്രം ആരംഭിക്കുന്നു. ഏറെ കേട്ടിട്ടുണ്ട്, ഏറെ വായിച്ചിട്ടുണ്ട് പിണറായി എന്ന സ്ഥലത്തെ പറ്റി , പണ്ടു മുതല്‍ക്കേ..

സമീപ കാല മാധ്യമ വായനകള്‍ തുറന്ന് തന്നത് മറ്റൊരു പിണറായിയെയാണ് . പാര്‍ട്ടിഗ്രാമം എന്ന പിണറായി. സി.പി.എം.കാരല്ലാത്ത ആരെയും സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാത്ത , എന്തിന് വസിക്കാന്‍ പോലും അനുവാദം നല്‍കാത്ത കമ്മ്യൂണിസ്റ്റ് ഭീകരത അഴിഞ്ഞാടുന്ന പാര്‍ട്ടി ഗ്രാമം.പുറത്ത് നിന്ന് എത്തുന്ന ഏതൊരാളേയും സംശയത്തോടെ വീക്ഷിക്കുന്ന, ചോദ്യം ചെയ്യുന്ന, പാര്‍ട്ടിക്കാരനല്ലെങ്കില്‍ അടിച്ച് പല്ലു പൊഴിക്കുന്ന ഭീകരതയുടെ ഗ്രാമം . പിണറായി.
ഭീകരതക്ക് തൊടുകുറി ചാര്‍ത്തി മറ്റൊരു പിണറായി. കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ഫാസിസ്റ്റായ നേതാവ്. അദ്ദേഹത്തിന്റെ മണിമാളിക, കൊട്ടാരം സ്ഥിതി ചെയ്യുന്ന ഗ്രാമം. 24 മണിക്കൂറും പാര്‍ട്ടി ഗുണ്ടകളാല്‍ സംരക്ഷിക്കപ്പെടുന്ന കൊട്ടാരം. റിമോട്ട് കണ്ട്രോള്‍ ഗേറ്റ്, സര്‍വൈലന്‍സ് ക്യാമറ, നേപ്പാളില്‍ നിന്നുള്ള അഭ്യാസികളായ കാവല്‍ക്കാര്‍. വഴികളില്‍ പാര്‍ട്ടി ഗുണ്ടകളുടെ ചെക്ക് പോസ്റ്റ്. നിരവധി പരിശോധനകള്‍ക്ക് ശേഷം മാത്രം ആളെ കടത്തി വിടുന്ന സെക്യൂരിറ്റി സംവിധാനം..
 പിണറായിയുടെ വീട് കാണാന്‍ ആളെ അയച്ചതിനാലാണ് 51 വെട്ടിനാല്‍ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് എന്ന് വിളിച്ചു പറഞ്ഞത് എം.എം.ഹസ്സനോ പി.സി.ജോര്‍ജ്ജോ അല്ല.ജ്ഞാന പീഠം കയറിയ മഹാശ്വേതാ ദേവിയാണ് .അവര്‍ക്കത് പറഞ്ഞു കൊടുത്തത് സി.ആര്‍.നീലകണ്ഠനേയും എം.പി.വീരേന്ദ്രകുമാറിനേയും പോലുള്ള ക്രാന്ത ദര്‍ശികളാണ്.
 എന്‍.സി.ശേഖറിന്റെ ചരിത്രം വായിച്ചതുമുതല്‍ ആഗ്രഹിക്കുന്നു, പിണറായി സന്ദര്‍ശിക്കണം എന്ന്. പല പല കാരണങ്ങളാല്‍ അത് നീണ്ടു.കാലം ഏറും തോറും ഭീതിയും ഏറിവന്നു.  ഒടുവില്‍ ഒരവധി വീണുകിട്ടി. ഇക്കുറി പിണറായിക്ക് തന്നെ.
നീലേശ്വരത്തുള്ള സുഹൃത്തിനെ വിളിച്ചു. “ഞാന്‍ പിണറായിക്ക് പോകുന്നു. എനിക്ക് പാറപ്രം ഒന്ന് കാണണം . കൂടാതെ ആ ഗ്രാമം മുഴുവന്‍ ഒന്ന് ചുറ്റിക്കാണണം.”
“അതിനെന്താ ങ്ങള് പോരേ...എനിക്കവിടെ കൂട്ടുകാരുണ്ട്. അവരെ ഏര്‍പ്പാടാക്കാം “
“എനിക്ക് പിണറായി വിജയന്റെ വീട് ഒന്നു കാണണം “
“ഓ..അയിനെന്താ ..പുള്ളീടെ വീട്ടിനടുത്താ ന്റെ ചങ്ങായി.ഞാ...ഓനോട് ങ്ങളെ വിളിക്കാന്‍ പറയാം.”
ദിവസം രണ്ട് കഴിഞ്ഞു, മൂന്ന് കഴിഞ്ഞു , ചങ്ങായീന്റെ വിളി വന്നില്ല...
ഞാന്‍ അയാളെ വീണ്ടും വിളിച്ചു..“ഞാന്‍ അടുത്ത ആഴ്ച വരുന്നുണ്ട്...ആ ചങ്ങാതീന്റെ നമ്പര്‍ ഒന്ന് തരുമോ ? ഞാന്‍ അയാളെ വിളിക്കാം “
കിട്ടിയ മറുപടി ഇതായിരുന്നു “ അദ് പറ്റില്ലാട്ടോ..അങ്ങോട്ട് പോവുമ്പോ ചോദ്യം ഉണ്ടാവും..ആരാ എന്താ..എന്നൊക്കെ...കൊണ്ടു വന്ന് കാണിച്ചു കൊടുക്കുന്നോര്‍ക്ക് പിന്നെ ഈടെ ജീവിക്കണ്ടേ...അതു വേണ്ടാ....ചങ്ങായീ ഇങ്ങോട്ട് വരണ്ട “
സ്വതവേ അലസനായ എനിക്ക് ഈ വാക്കുകള്‍ വല്ലാത്ത ആവേശമാണ് ഉണ്ടാക്കിയത്. പിണറായി എന്നത് കേരളത്തിലെ ഒരു ഗ്രാമമാണ്. ഞാന്‍ കേരളത്തിലെ സാധാരണക്കാരനായ ഒരു പൌരനാണ്. ഒരു പ്രദേശം സന്ദര്‍ശിക്കരുത് എന്ന് എന്നെ വിലക്കാന്‍ എനിക്കല്ലാതെ മറ്റാര്‍ക്കാണ് അധികാരം?. ഞാന്‍ യാത്ര ഉറപ്പിച്ചു.
പിണറായിയില്‍ എനിക്ക് ചോദിച്ചാല്‍ പറയാന്‍ ഒരു വിലാസം വേണം..ആരു ചോദിച്ചാലും എങ്ങോട്ടാണ് പോകുന്നത് എന്ന് പറയാനൊരു വീട്. എന്റെ സുഹൃത്തും ബ്ലോഗറുമായ വിജി പിണറായിയെ വിളിച്ചു. അദ്ദേഹം മഹാരാഷ്ട്രയിലാണ്. എങ്കിലും വിലാസം കിട്ടി, അങ്ങിനെ ചോദിച്ച് ചോദിച്ച് പോകാന്‍ ഒരിടമായി. 
യാത്ര തുടങ്ങി...
തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് തീവണ്ടി മാര്‍ഗ്ഗം..തലശ്ശേരി ബസ്സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ പിണറായി ബോര്‍ഡ് വച്ച ധാരാളം സ്വകാര്യ ബസ്സുകള്‍. പിണറായി- മമ്പറം, പിണറായി-കായലരികം.......... ആളൊഴിഞ്ഞു കണ്ട ഒരു ബസ്സില്‍ കയറി ഇരുന്നു. പിണറായി ടിക്കറ്റ് . 09 രൂപ...തലശ്ശേരി നഗരം വിട്ട് പ്രാന്ത പ്രദേശങ്ങളിലേക്ക് ബസ്സ് സഞ്ചരിച്ചു തുടങ്ങി. ആള് നിറയാനും തുടങ്ങി. ഗ്രാമഭംഗികള്‍ കണ്ടു തുടങ്ങി. എരഞ്ഞോളി എന്നോ മറ്റോ ആണെന്ന് തോന്നുന്നു സ്ഥലപ്പേര് ..സംഘികളുടെ കൊടികള്‍ , ലീഗിന്റെ കൊടികള്‍ , സി.പി.എമ്മിന്റെ കൊടികള്‍ എന്നിവ കാണാം ..പാര്‍ട്ടി ഗ്രാമം അല്ല.പാര്‍ട്ടികളുടെ ഗ്രാമമാണ് ..ബസ് വീണ്ടും മുന്നോട്ട് , അതാ അതി മനോഹരമായ പുഴ..കണ്ടല്‍ കാടുകള്‍ ..പിണറായി പഞ്ചായത്തിലേക്ക് സ്വാഗതം...ആദ്യം കണ്ടത് പിണറായി പുഴയോര വിശ്രമകേന്ദ്രമാണ് .ആഡംബരങ്ങളില്ലാത്ത ലളിതമായ ഒരു പാര്‍ക്ക്. സമീപ കാലത്ത് പണിതതായി തോന്നുന്നു. 
ഒരു ക്ഷേത്രത്തിന്റെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഒന്ന് ഞെട്ടി.”പിണറായി വൈരിഘാതക ക്ഷേത്രം “.അര്‍ത്ഥം ഇങ്ങനെയാവാം “പിണറായി വിജയന്റെ ശത്രുക്കളെ കൊല്ലുന്നതിനുള്ള ക്ഷേത്രം”. അനന്ത പത്മനാഭാ ഈ തിരോന്തരത്തുകാരനെ കാത്തോളണേ......”

 ബസ്സ് പിണറായി കമ്പോണ്ടര്‍ മുക്കിലെത്തി. അവിടെ പാര്‍ട്ടിയുടെ ബ്രാഞ്ച് കമിറ്റി ആഫിസ്, ഒരു പഴയ ഓടിട്ട കെട്ടിടത്തിനു മുകളില്‍. ഇതിനടുത്താണ് പിണറായി പൊതുജന വിദ്യാഭ്യാസ കേന്ദ്രം. അവിടെ വന്‍ തിരക്ക് കാണപ്പെട്ടു. ആ ജംഗ്ഷന്‍ കടന്ന് അല്പം മുന്നോട്ട് പോയി. ഇതാണ് പിണറായി ജംഗ്ഷന്‍...പറശ്ശിനിക്കടവ് മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ച് അവിടെ ബസ്സിറങ്ങി.
എങ്ങോട്ട് പോകും . തൊട്ട് മുന്നില്‍ പിണറായി വില്ലേജ് ആഫീസ്...അതിന്റെ പിറകില്‍ പിണറായി ഏരിയാ കമ്മിറ്റി ആഫീസ്. സി.ഐ.ടിയു. ആഫീസ്. മുസ്ലീം ലീഗിന്റെ ഏതോ വലിയ നേതാവ് പ്രസംഗിക്കുന്നു എന്ന് ഫ്ലക്സ്. എസ്.ഡി.പി.എന്ന സംഘടനയുടെ പോസ്റ്റര്‍. പച്ചക്കറികടകള്‍.ബസ്സ്റ്റോപ്പ്. ഒരു സാധാരണ നാട്ടിന്‍ പുറത്തെ ജംഗഷന്‍. 

ആരോട് ചോദിക്കും , എന്ത് ചോദിക്കും. കയ്യിലിരുന്ന അഡ്രസ്സിനെ മറന്നു. കാണാതെ പഠിച്ച് വച്ചിരുന്ന ഉത്തരങ്ങള്‍ മറന്നു.
നേരേ സ്റ്റാന്‍ഡില്‍ കണ്ട ആട്ടോ റിക്ഷാ ഡ്രൈവറുടെ അടുത്തേക്ക് ചെന്നു. “ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നു. എനിക്ക് പാറപ്രം സ്മാരകം കാണണം”.
“അതിനെന്താ കയറിക്കോളീ....അയാള്‍ക്ക് സന്തോഷം... “
ബസ്സ് വന്ന വഴിയിലൂടെ ആട്ടോ യാത്ര ആരംഭിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളായി. നാടിന്റെ ചരിത്രവും നാട്ടുകാരുടെ ചരിത്രവും എല്ലാം പകര്‍ന്ന് കിട്ടി.
(അതൊക്കെ മറ്റൊരു ലേഖനമായി എഴുതാനുണ്ട്....)
അങ്ങിനെ ഞങ്ങള്‍ പാറപ്രം സ്മാരകത്തിലെത്തി . രണസ്മരകളുറങ്ങുന്ന സ്മാരകം. സമ്മേളനത്തില്‍ പങ്കെടുത്ത സഖാക്കളുടെ പേര് വിവരങ്ങള്‍ കൊത്തിയ ശിലാഫലകം..

സ്മാരകത്തിന്റെ ചരിത്രവും, വിശദാംശങ്ങളും സുഹൃത്ത് സുനില്‍ കൃഷ്ണന്‍ വിശദമായി എഴുതിയിട്ടുള്ളതിനാല്‍ ഇപ്പോള്‍ അത് ആവര്‍ത്തിക്കുന്നില്ല.

ആട്ടോ തിരിച്ചു വിട്ടു. “ ഇനിയെങ്ങോട്ടാ.....” ഡ്രൈവറുടെ ചോദ്യം...
ഒന്ന് ഞെട്ടി...പറയണോ വേണ്ടയോ ...വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ ഒരു നിഷ്കളങ്കനായി അഭിനയിച്ചു കൊണ്ട് ചോദിച്ചു.
“ അല്ല....നമ്മുടെ പിണറായി സഖാവ് ..താമസിക്കുന്നതെവിടെയാ...?”
“ ഓ...അതങ്ങ് പാണ്ട്യാല മുക്കിലാ.......പോണോ അങ്ങോട്ട് “.....എന്ത് നിസ്സാരമായ ഉത്തരം ..ഇനി ഇത് കെണിയാണോ ? ഇതല്ലല്ലോ മാധ്യമങ്ങള്‍ എന്നെ പഠിപ്പിച്ചത്...
“പോകാന്‍ പറ്റുമോ “ ശബ്ദത്തിലെ വിറയൊതുക്കി ഞാന്‍ ചോദിച്ചു ..
“ സഖാവ് അവിടെ ഉണ്ടാകില്ല...ങ്ങള് തിരോന്തരത്ത് നിന്ന് വന്നതല്ലേ...നമ്മക്ക് കണ്ടിട്ട് വരാം “
ആട്ടോ വന്നവഴിയേ തിരിച്ചു പോയി. പിണറായി കവലയിലെത്തി. അവിടെ നിന്ന് മുന്നോട്ട്, മമ്പറത്തേക്കൂള്ള വഴി..ദിനേശ് ബീഡി കെട്ടിടവും.പി.എച്ച്.സി ജംഗ്ഷനും കടന്ന്  മുന്നോട്ട് ..
ആട്ടോ ഒരു ചെറിയ ഇടവഴിയിലേക്ക് തിരിഞ്ഞു.  ആ മുക്കില്‍ ഒരു ചെറിയ കടമാത്രം മറ്റൊന്നുമില്ല. ചെക്ക് പോസ്റ്റുകളില്ല..ഗുണ്ടകളില്ല..എന്തിന് ആളുകള്‍ പോലുമില്ല..
ഇടവഴിയിലേക്ക് തിരിഞ്ഞ ആട്ടോ ഒന്ന് വളഞ്ഞ് നിന്നു.
“ ദാ....പുറത്തിറങ്ങീ...ഇതാണ് സഖാവിന്റെ വീട് “
ഞാന്‍ പുറത്തിറങ്ങി , ഗേറ്റ് തുറന്നിട്ടിരിക്കുന്നു. റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് തുറക്കുന്ന അത്യന്താധുനിക ഗേറ്റല്ല..മനുഷ്യന്‍ തള്ളി തുറക്കുന്ന സാദാ ഗേറ്റ്....
അകത്ത് ആളനക്കം ഉള്ളപോലെ....
ഞാന്‍ ഡ്രൈവറോട് ചോദിച്ചു “ ഇവിടെ ആളുണ്ടോ “ 
“ ഓ...ഉണ്ട്..ബാ...അകത്തു പോകാം “
“അല്ല...വേണ്ട...നമുക്ക് തിരിച്ച് പോകാം “
“ബരീന്ന്....നമുക്ക് കേറീട്ട് പോകാന്ന് “
ഡ്രൈവര്‍ വീടിന്റെ വാതിലിനടുത്ത് ചെന്ന് നിന്ന് വിളിച്ചൂ..”ഏട്ടത്തിയേ “
വാതില്‍ തുറന്നു..ദാ...ഇറങ്ങി വരുന്നു..പിണറായി വിജയന്റെ ഭാര്യ”
“ഇദ് തിരുവനന്തപുരത്ത് നിന്ന് വന്നയാളാണ് ..വീട് കാണാന്‍ വന്നതാ....”
“ വീട് കാണാനോ ? തിരുവനന്തപുരത്ത് നിന്നോ ? അവര്‍ അത്ഭുതം കൂറി..
“ അല്ല ...ഞാന്‍ പാറപ്രം സ്മാരകം കാണാന്‍ വന്നതാ....ഈടെ ഒന്ന് കണ്ട് പോകാം എന്ന് കരുതി അത്രയേയുള്ളൂ...” ഞാന്‍ പറഞ്ഞൊപ്പിച്ചു...
“ ബാ....അകത്തിരിക്കാം “
“ഇല്ല....പോകണം ..എനിക്ക് ഇന്നു തന്നെ തിരികേ പോകണം “
“ശരി...അവര്‍ അകത്തേക്ക് പോയി....
ഞാന്‍ ആട്ടോ റിക്ഷയില്‍ തിരികെയേയും .................

 ( പിണറായി എന്ന ഗ്രാമം കമ്മ്യൂണിസ്റ്റ് വിശുദ്ധിയുടെ , ത്യാഗത്തിന്റെ പോരാട്ടത്തിന്റെ നാടാണ്...ആ നാടിനെ കുറിച്ച് എഴുതുമ്പോള്‍ പിണറായി വിജയന്റെ വീട് കാണാന്‍ പോയ കഥ എഴുതുന്നത് ആ നാടിനോടും ആ മനുഷ്യരോടും ചെയ്യുന്ന നന്ദികേടാണ് ...നീതി കേടാണ് ..അതെനിക്കറിയാം ....പക്ഷേ കെട്ടിപ്പൊക്കിയ കഥകള്‍ ആകാശത്തില്‍ പറത്തി രസിക്കുന്നവര്‍ക്ക് ഒരു ചെറിയ മറുപടിയെങ്കിലും കൊടുക്കണ്ടേ ...അതിനു വേണ്ടി മാത്രം ...ഇതെഴുതുന്നു......പിണറായിക്കാരോട് മാപ്പ് ചോദിച്ചു കൊണ്ട്) 

 നന്മ നിറഞ്ഞ ആ നാടിനേയും നാട്ടുകാരേയും കുറിച്ച് നിറഞ്ഞ അനുഭവങ്ങള്‍ പിന്നീട് എഴുതാം..

ഇവ കൂടി വായിക്കുക...
പിണറായിയുടെ വീടും വിവാദങ്ങളും

എഴുപതിന്റെ നിറവില്‍ പിണറായി

13 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കരിമീനേ,

ഇനി പറയൂ...ഈ കള്ളക്കഥകൾ മെനഞ്ഞവന്മാരെ എന്ത് ചെയ്യണം?

ajith said...

പി.ശങ്കരന്‍ പറഞ്ഞത് കേട്ടില്ലെ?

അളന്നുതൂക്കി മറുപടി പറയുന്ന സഖാവ്
ആര്‍ക്കും പ്രകോപിപ്പിക്കാനാവാത്ത സഖാവ്
സഖാവിനെ ഒന്ന് കാണണമല്ലോ

Unknown said...

Maadhyamangalude kalla kadhakalku munnil thakarnnu veezhunathalla communist prasthanam, enthayalum sathyam manassilakanulla avasaram ningalkku kittiyallo, mattullavarkum ath orunal manassilavum...

dragon said...

ദയവായി ഒരു ഫോട്ടോ കൂടി ഇടൂ..വല്ലാത്ത ആഗ്രഹം ഉണ്ട്, ഈ നുണക്കഥകൾ .ഒക്കെ വിശ്വസിച്ചിരിക്കുന്ന 'നിഷ്പക്ഷം' ആയ ചില സുഹൃത്തുക്കളെ കാണിക്കാൻ..

വിജി പിണറായി said...

'പിണറായി വൈരിഘാതക ക്ഷേത്രം.' അര്‍ത്ഥം ഇങ്ങനെയാവാം “പിണറായി വിജയന്റെ ശത്രുക്കളെ കൊല്ലുന്നതിനുള്ള ക്ഷേത്രം”.
........
ശരിക്കും ‘കൊന്നു’...!!

ക്ഷേത്രത്തിന്റെ കാര്യം പറഞ്ഞതു കൊണ്ടു പറയാം - ക്ഷേത്രങ്ങള്‍ ഒന്നും രണ്ടുമല്ല, ഒട്ടേറെയുണ്ട് പിണറായിയില്‍. ഉത്സവങ്ങളുടെ ‘സീസണി‘ലോ മഹാനവമി - വിജയദശമി സമയത്തോ ആയിരുന്നെങ്കില്‍ പിണറായി ‘സി പി എം ഗ്രാമ’മല്ല, ‘ആര്‍ എസ് എസ് ഗ്രാമ’മാണോ എന്നു സംശയിച്ചേനെ...!

വിജി പിണറായി said...

നാട്ടുകാരനെന്ന നിലയില്‍ ഒന്നുരണ്ട് ചെറിയ ‘തിരുത്തു’കള്‍ (വേണോ?):

1. ‘കായലരികം’ അല്ല, ‘കായലോട്’ എന്നാണ് ബസ്സിന്റെ ബോര്‍ഡില്‍ കണ്ട സ്ഥലപ്പേര്.

2. ‘എരഞ്ഞോളി എന്നോ മറ്റോ ആണെന്ന് തോന്നുന്നു സ്ഥലപ്പേര് ..സംഘികളുടെ കൊടികള്‍ , ലീഗിന്റെ കൊടികള്‍ , സി.പി.എമ്മിന്റെ കൊടികള്‍ എന്നിവ കാണാം.‘

സ്ഥലപ്പേര് ‘എരഞ്ഞോളി’ അല്ല, വടക്കുമ്പാട്. ബി ജെ പിക്കും മുസ്ലീം ലീഗിനുമൊക്കെ സ്വാധീനമുള്ള പ്രദേശമാണ്. (അവിടെ ചില ഭാഗങ്ങള്‍ അയല്‍ പഞ്ചായത്തായ എരഞ്ഞോളിയുടെ അതിര്‍ത്തിയില്‍ പെടുന്നതാണ്. അതായിരിക്കാം എരഞ്ഞോളി എന്നു കരുതിയത്.)

3. ‘മമ്പറത്തേക്കൂള്ള വഴി..ദിനേശ് ബീഡി കെട്ടിടവും.പി.എച്ച്.സി ജംഗ്ഷനും കടന്ന് മുന്നോട്ട് ..’

എഴുതിയത് തിരിഞ്ഞുപോയല്ലോ...! പിണറായി - മമ്പറം റോഡില്‍ പി എച്ച് സി (പബ്ലിക് ഹെല്‍ത്ത് സെന്റര്‍ - ‘ആസ്പത്രി‘യെന്ന് നാട്ടുകാര്‍ പറയും.) ബസ് സ്റ്റോപ്പ് കഴിഞ്ഞാണ് ദിനേശ് ബീഡിയുടെ കെട്ടിടമായ ‘ദിനേശ് ഭവന്‍’. (അതിന്റെ തൊട്ടടുത്താണ് എന്റെ വീട്. പിണറായി വിജയനെ കണ്ടില്ലെങ്കിലും പിണറായിക്കാരനായ മറ്റൊരു വിജയനെ കാണാമായിരുന്നു അവിടെ കയറിയിരുന്നെങ്കില്‍ - ഇന്നത്തെ പിണറായി വിജയന്‍ ‘വെറും’ എ. വിജയനായി സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് പത്താം ക്ലാസ് വരെ ഒന്നിച്ചു പഠിച്ച മറ്റൊരു ‘വിജയന്‍’. :) )

karimeen/കരിമീന്‍ said...

തിരുത്തുകള്‍ക്ക് നന്ദി വിജി..ഒപ്പം വീട്ടില്‍ കയറാതെ പോയതിന് ക്ഷമാപണം...

Anonymous said...

nice

Sarija NS said...

പിണറായിയെക്കുറിച്ച് ഒരു നല്ല എഴുത്ത്!

കുഞ്ഞൂസ്(Kunjuss) said...

കരിമീനേ , തെറ്റിദ്ധാരണകൾ തിരുത്താൻ ഉപയോഗപ്രദമായ പോസ്റ്റിനു നന്ദി . കുറച്ചു ചിത്രങ്ങൾ കൂടി ഇട്ടിരുന്നെങ്കിൽ കൂടുതൽ ആധികാരികത കൈവന്നെനെ ...!

വഴി കാണിച്ച സുനിലിനും നന്ദി ...

shinoj said...

this much simple is to reach PINARAYI city.still PEOPLE making there own story.

shame on those.

Unknown said...

വെളുപ്പിക്കല്‍.... തുടരും ഇല്ലെങ്കില്‍ 51 വെട്ട് വരും ഇന്നോവ വഴി

Anonymous said...

അന്തസ്സുണ്ടെങ്കിൽ പിണറായി വരെ ഒന്നു വന്നു നോക്ക് എന്ന് വസ്തുത മനസ്സിലാക്ക് '