Tuesday, July 7, 2009

രാജന്‍, പറഞ്ഞ കഥ

നിയമം, നീതി, ന്യായം എന്നിവ ഒരു സാധാരണക്കാരനെ എങ്ങിനെ ബാധിക്കും എന്നതിന്റെ ഉദാഹരണമാണ് രാജന്‍ എന്ന ഈ കൃഷിക്കാരന്റെ അനുഭവം. ഇതില്‍ ചേരുവകളില്ല, സത്യം മാത്രം


ഞാന്‍ രാജന്‍ .കൊല്ലം പാരിപ്പള്ളി കുളര്‍ത്തൂര്‍ക്കൊണം തെക്കതില്‍ വീട്ടില്‍ ഗോമതി അമ്മ മകന്‍. നാല്‍പ്പത്തി അഞ്ചു വയസ്സുകാരനു ഇതു ഒരു മേല്‍ വിലാസമാണോ?.

അതെ ഒരു നാട്ടിന്‍പുറത്തുകാരന്‍ ക്രിഷിക്കാരനു ഇതു മാത്രമാണു മേല്‍ വിലാസം. നല്ല പ്രായത്തില്‍ കല്ല്യാണം കഴിച്ചില്ല. പിന്നെ കഴിക്കാന്‍ കഴിഞ്ഞതുമില്ല. അതുകൊണ്ടു ഭാര്യക്കു ചെലവിനു കൊടുക്കേണ്ട ഗതികേടില്ല,
നിങ്ങളെ പോലെ. മക്കളും ഇല്ല. അതു കൊണ്ട് അണ്‍ എയിഡെഡില്‍ ഫീസും കൊടുക്കേണ്ടി വന്നിട്ടില്ല.

ജീവിതം പരമ സുഖം. രാവിലെ വയലിലേക്കു. ഉച്ച വരെ പണി. ഉച്ചക്കു അമ്മച്ചി കഞ്ഞി തരും. അതു കുടിക്കും. വീണ്ടും വയലില്‍.മരചീനി,വാഴ,ചീര, എല്ലാം നട്ടിട്ടുണ്ടു ഞാന്‍ വയലില്‍. അമ്മച്ചി ചന്തയില്‍ കൊണ്ടു പോയി വില്‍ക്കും. പൈസ കിട്ടും. അരിയും സാധനവും വാങ്ങിക്കും. ബാക്കി എനിക്കു തരും.ഇനിയാണു എന്റെ കളി, പാരിപ്പള്ളി ബാറില്‍ പോകും സമാന്യം നന്നായി മദ്യപിക്കും. വെട്ടിയിട്ട വാഴ പോലെ വീട്ടില്‍ വന്നു കിടക്കും.

ജീവിതം പരമ സുഖം.അധ്വാനിക്കുന്നു. ഉല്പാദിപ്പിക്കുന്നു.സന്തോഷിക്കുന്നു.ബാധ്യതകളില്ല. സംഘര്‍ഷങ്ങളില്ല. അസ്തിത്വദുഖങ്ങളില്ല.ആഗോള സാമ്പത്തിക മാന്ദ്യമോ ഒബാമയൊ എന്നെ ബാധിക്കുന്നതേയില്ല.

അങ്ങിനെയിരിക്കെ 2009 ഏപ്രില്‍ പിറന്നു. കാട്ടുകോഴിക്കെന്തു സംക്രാന്തി. ?. സൂര്യന്‍ ഉദിച്ചു. അസ്തമിച്ചു. രണ്ടു കപ്പ വാഴക്കുലക്കു കിട്ടിയ ഒരു ഒ.സി.ആറിന്റെ ക്രിപയാല്‍ ഞാന്‍ മയങ്ങാന്‍ കിടന്നു.“എന്റെ വീട്ടിലെ എന്റെ അവസാനത്തെ ഉറക്കം.“

മുമ്പേ പറയാന്‍ മറന്നതാണ്. എന്റെ വീടിന്റെ മുന്‍ വശം ഭഗവതി ക്ഷേത്രമാണ്. നാറാണത്തു ഭഗവതി എന്റെ പരദേവതയാണ്. അന്തിക്കള്ളിന്റെ ആവേശത്തില്‍ ഞാന്‍ പിള്ളേരോടൊപ്പം ഭഗവതിക്കു ഭജന പാടും.

രാത്രി.10.30. ഒരു ചെറിയ അനക്കം കേട്ട പോലെ. അമ്മച്ചി ഞരങ്ങിയതാവാം. തള്ളയെ മനസ്സില്‍ പ്രാകി വീണ്ടും ഉറങ്ങാന്‍ കിടന്നു.
വീണ്ടും ഒരനക്കം. ഇതു അമ്മച്ചിയല്ല.ഞാന്‍ എണീറ്റിരുന്നു.

തുറന്നിട്ട ജനാലയിലൂടെ പുറത്തേക്കു നോക്കി. അത്രക്കങ്ങ് ഇരുട്ടില്ല. അമ്പലമുറ്റത്തെ മണല്‍ പോലും വ്യക്തമായി കാണാം. ഒന്നുമില്ല.

വീണ്ടും കിടക്കപ്പായിലേക്കു മറിയുവാന്‍ നിനച്ചപ്പോഴാണ് അതു കണ്ടത്.

വാഴത്തോപ്പിനിടയില്‍ ഒരു രൂപം.നാറാണത്തു ഭഗവതീ അതെന്ത്?. മാടനോ മറുതയോ.

പച്ചില കുമ്പിളില്‍ തുള്ളും ഇളം കള്ളില്‍ മജ്ജനം ചെയ്കയാല്‍ എന്‍ ഹ്രുദയം ചാടി എണീറ്റു.

വാതിലിന്റെ ഓടമ്പല്‍ നീക്കി ഞാന്‍ പുറത്തിറങ്ങി.അതു അവിടെ തന്നെയുണ്ടു.

പമ്മി പമ്മി ഞാന്‍ രൂപത്തിന്റെ പിന്നിലെത്തി.മാടനല്ല, മറുതയല്ല, കറുത്തിരുണ്ട ഒരു രൂപം. ഒരു മനുഷ്യന്‍.തടിച്ച ശരീരം. താടിയുണ്ട്. അരോഗദ്രുഡഗാത്രന്‍.

അടുത്തു ചെന്നപ്പോഴാണ് അതു ശ്രദ്ഡിച്ചത്. അവന്റെ കയ്യില്‍ ഒരു ഇരുമ്പ് ദണ്ഡ്.അപ്പോള്‍ ഇതാണു കള്ളന്‍ എന്നു വിളിക്കപ്പെടുന്ന മോഷ്ടാവ്.

ഒരു കള്ളനെ ജീവനോടെ ആദ്യമായി കാണുകയാണ്.തെക്കതില്‍ വീട്ടില്‍ രാജന്‍ ഉറങ്ങുന്നിടത്തു ഒരു കള്ളനോ.

ആമാശയത്തിലിരുന്നു ഒ.സി.ആര്‍ എന്നോടു വിളിച്ചു പറഞ്ഞു.” അടിയെടാ അവനെ”.തിരിഞ്ഞു നിന്നിരുന്ന അവന്റെ തലയില്‍ ടോര്‍ച്ചു കൊണ്ട് ആഞ്ഞടിച്ചു.

“അമ്മേ!.” എല്ലാ മനുഷ്യരേയും പോലെ അവനും അലറിവിളിച്ചു.വാഴക്കൂട്ടങ്ങളെ ചവുട്ടി മെതിച്ചു അലറിക്കരഞ്ഞ് അവന്‍ ഓടി.
“കള്ളന്‍,കള്ളന്‍,”. പരാജിതന്റെ പിന്നാലെ എന്റെ വിജയക്കുതിപ്പ്. രണഭേരി.ഓടിയെത്താനാകുന്നില്ല എനിക്ക് അവനോടൊപ്പം.
പിന്നെ എന്തു ചെയ്യാന്‍ . അവനെ ഒരു പട്ടിയായി കണക്കാക്കുക.ആറു രൂപ വിലമതിക്കുന്ന ഒരു ചുടുകട്ടക്ക് ഞാന്‍ അവനെ എറിഞ്ഞു. വീണ്ടും അവന്‍ അവന്റെ അമ്മയെ ഓര്‍ത്തു.

നാടുണര്‍ന്നു കഴിഞ്ഞിരുന്നു. വടി,തടി,കട്ട,കല്ല് എന്നിവ അലര്‍ച്ചകളോടൊപ്പവും പിന്നെ ആളുകളോടൊപ്പവും ഓടിയെത്തി.
അവന്‍ വീണു കഴിഞ്ഞിരുന്നു.ആരോ അവന്റെ മുഖത്തേക്കു വെളിച്ചം പായിച്ചു. അങ്ങിനെ ഞങ്ങള്‍ അവനെ വെളിച്ചത്തിലേക്കു നയിച്ചു.

“ദൈവമേ!.തീവെട്ടി ബാബു!”. കുപ്രസിദ്ഡ മോഷ്ടാവ്. ഏഴു കൊലക്കേസ്സില്‍ പ്രതി.മോഷണക്കേസ്സില്‍ ജാമ്യത്തിലിറങ്ങി ഒരു സെക്യൂരിറ്റിയെ വെട്ടിക്കൊന്നു കൊള്ള നടത്തിയ കൊടും ഭീകരന്‍.പത്രങ്ങളില്‍ ഇവന്റെ ചിത്രം കണ്ടിട്ടേയുള്ളു ഞാന്‍. ഇവന്റെ ഭാര്യയും മക്കളും ഇവിടെ അടുത്തെവിടെയോ ആണ് താമസം. പിടികിട്ടാപ്പുള്ളിയായ ഇവന്‍ രാത്രി ഒളിച്ചു വീട്ടില്‍ വരാറുണ്ട് എന്നു ജനസംസാരം.

“എന്തായാലും രാജാണ്ണന്‍ തീവെട്ടി ബാബുവിനെ പിടിച്ചു.പോലീസു വിചാരിച്ചിട്ടു നടക്കാത്തതാ.”ഞാന്‍ ഒരു ഹീറൊ ആയി. എന്റെ തല ഒന്നു കൂടി പൊങ്ങി.

“ഒരടിയേ അടിച്ചുള്ളൂ .അപ്പോഴെക്കും അവന്‍ വീണു. അല്ലെങ്കില്‍ കാണിച്ചു കൊടുക്കമായിരുന്നു”. ഞാന്‍ വീരസ്യം പറഞ്ഞു.
വീണു കിടക്കുന്ന കള്ളനെ ചില ധീരന്മാര്‍ കുത്തുന്നു,ചീണ്ടുന്നു. ഇതെല്ലാം നിങ്ങളുടെ അവകാശം എന്നു സമ്മതിച്ചു അവന്‍ മിണ്ടാതെ കിടക്കുന്നു.

‘അണ്ണാ നമുക്കിവനെ പോലീസി ഏപ്പിക്കണ്ടെ?.”
ഉത്തരവിനു കാത്തുനിക്കുകയാണു ജനം.
“വേണ്ടടെ, അവന്മാരും എവനും ഒക്കെ ഒന്നു തന്നെ, രണ്ടു കൂടികൊടുത്തിട്ടു പറഞ്ഞയക്കാം”.

ഒരു പ്രായോഗിക വാദി പറഞ്ഞു.“എവന്റെ പെണ്ണുമ്പിള്ളയെ വരുത്താം. അവളു കൊണ്ടു പോവേ എന്തരാ ചെയ്യട്ടു”. ഒരു സന്മാര്‍ഗ്ഗവാദി പറഞ്ഞു.
അതൊരു നല്ല ആശയമായി എനിക്കു തോന്നി. കാരണം എന്റെ അടികൊണ്ടു പൊട്ടിയ കള്ളത്തലയില്‍ നിന്നു ചോര വരുന്നുണ്ടായിരുന്നു.അവന്‍ ചത്തു പൊയാലോ എന്നൊരു ശങ്ക. കള്ളന്റെ കള്ളി വരട്ടെ. സാധനം അവള്‍ ഏറ്റെടുക്കട്ടെ.

കള്ളി വന്നു.” എന്റെ അണ്ണാ !.അണ്ണനെ ഈ ...........മോമ്മാരു കൊന്നാ അണ്ണാ ,”.അവള്‍ അലറി വിളിച്ചു.

പൊതുജനം ആദ്ധ്യാത്മിക വാദികളായി. “ഭര്‍ത്തവിനെ മോട്ടിക്കാന്‍ വിട്ടിട്ടു മോങ്ങുന്നോടീ..”.കള്ളി മോങ്ങല്‍ നിര്‍ത്തി.കള്ളനെ താങ്ങിയെടുത്തു. വേച്ചു വേച്ചു അവന്‍ എണീറ്റു.
ഞാന്‍ മോഹന്‍ലാലായി.” ഇനി ഈ എര്യയില്‍ നിന്നെ കണ്ടുപോയാല്‍ കൊന്നുകളയും. സവാരി ഗിരിഗിരി”. കള്ളന്‍ ഒന്നമര്‍ത്തി നോക്കി. പിന്നെ കിടന്നുകൊണ്ടു നടന്നകന്നു.

കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയ രാജന്‍ പിള്ള്യെ അഭിനന്ദിച്ച് ജനം ഭാര്യമാരുടെ ചൂടിലേക്കു മടങ്ങി.

നേരം പുലര്‍ന്നു. പാലു കറക്കുന്ന അണ്ണാച്ചി മുതല്‍ കറക്കുന്ന എരുമക്കു വരെ എന്തൊരു ബഹുമാനം.ചോദിച്ചവരോടെല്ലാം നടന്ന സംഭവം അല്പവും ,നടക്കാത്തതു കൂടുതലും ചേര്‍ത്തു വിളമ്പി.

“എങ്കിലും അണ്ണന്റെ ഒരു ധൈര്യം” നാട്ടുകാര്‍ അത്ഭുതം കൂറി.
“ഓ.....എന്തരു നമ്മളിതു എത്ര കണ്ടതാ!”. നമ്മള്‍ വിനയാന്യിതനായി.

കാലത്തു 10.30 നു പാരിപ്പള്ളി പോലിസ് സ്റ്റേഷനില്‍ നിന്നു ജീപ്പില്‍ പൊലീസു വന്നു.“ഈ രാജന്‍ പിള്ള”“അതു ഞാന്‍ തന്നെ.” അഭിമാനപുരസ്സരം ഞാന്‍ ഇറങ്ങി ചെന്നു.

“അല്ല ഈ തീവെട്ടി ബാബുവിനെ പിടിച്ച...............”.

പോലീസ്സിനു സംശയം.“സാറെ അതു ഞാന്‍ തന്നെ, ‘രാജന്‍ പിള്ള”

“താങ്കള്‍ സ്റ്റേഷന്‍ വരെ ഒന്നു വരണം’

“അതിനെന്താ സാറെ ഞാനിതാ എത്തി”.അലക്കി തേച്ച മുണ്ടെടുത്തുടുത്തു ഞാന്‍ ഇറ്ങ്ങി.

“അണ്ണാ അവനെ കുറിച്ച് എല്ലാം പറഞ്ഞു കൊടുക്കണെ.!” ആരോ ഉപദേശിച്ചു.സ്റ്റേഷനിലെത്തി. പോലീസ്സുകാര്‍ക്കെല്ലാം എന്തൊരു ബഹുമാനം.
“ ഇതാണൊ തീവെട്ടി ബാബുവിനെ അടിച്ച് രാജന്‍ പിള്ള” പോലീസ്സുകാര്‍ക്കു അത്ഭുതം.

“ഓ ........”- നമ്മള്‍ വിനയന്യിതനായി.
രാജന്‍പിള്ളെ , നമ്മള്‍ ഒന്നു കോടതിയില്‍ പോകേണ്ടിവരും- എസ്.ഐ.പറഞ്ഞു.
അയ്യോ , എന്തിനു സാറെ- ഞാന്‍ ഒന്നു പേടിച്ചു.
ഒന്നിനുമല്ലാ, പേടിക്കണ്ടാ. കള്ളനയാലും അവന്‍ മനുഷ്യനല്ലെ. ഒരു കേസ്സു ചാര്‍ജ്ജു ചെയ്യെണ്ടിവരും. പേടിക്കണ്ട ഉടനെ ഇങ്ങു പോരാം.”എസ്.ഐ. ആശ്വാസം പകര്‍ന്നു.

ഞാന്‍ ആടു തോമയായി പരവൂര്‍ കോടതിയിലെത്തി.
ഇതാണ് കള്ളനെ അടിച്ച രാജന്‍ പിള്ള. ജനം അസൂയയോടെ നോക്കുന്നു.കോടതി കൂടി.നാലാമത്തെ കേസ് എന്റേതു.

കോടതിയില്‍ കുറ്റപത്രം വായിച്ചു.“ ചിറക്കര പുത്തെങ്കുളം തെക്കതില്‍ വീട്ടില്‍ ഗോമതി മകന്‍ രാജന്‍ പിള്ള”ഞാന്‍ നെഞ്ചു വിരിച്ചു.“ 2009 ഏപ്രില്‍ മാസം 8-ആം തിയതി ചിറക്കര പുത്തെങ്കുളം നന്ദു നിവാസില്‍ ബാബു എന്ന നിരപരാധിയായ ഒരു യുവാവിനെ വീട്ടില്‍ അതിക്രമിച്ചു കടന്നു മാരകായുധങ്ങള്‍ ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സ്. വകുപ്പ്-308- വധശ്രമം”14- ദിവസത്തേക്കു റിമാന്റു ചെയ്തു കോടതി.

“ വായനക്കാരെ ഞാന്‍ കൊല്ലം സബ് ജയിലില്‍ കിടക്കുന്നു. ജാമ്യമില്ലാ വകുപ്പു പ്രകാരം.“ പിറ്റെ ദിവസത്തെ പത്രം ജയിലില്‍ കിട്ടി.

പ്രാദേശിക പേജില്‍ വാര്‍ത്ത.“അറസ്റ്റു ചെയ്തു”കൊല്ലം- ചിറക്കര പുത്തെങ്കുളത്തു നന്ദു നിവാസില്‍ ബാബു എന്ന 42 വയസ്സുകാരനായ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഒറ്റക്കണ്ണന്‍ രാജന്‍ എന്ന രാജന്‍ പിള്ളയെ പാരിപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. പ്രതിയെ കോടതി റിമാന്റു ചെയ്തു.”

“ഒറ്റക്കണ്ണന്‍ രാജന്‍”പ്രിയ വായനക്കാരെ അറസ്റ്റു ചെയ്യുമ്പോഴും ഇപ്പൊഴും എനിക്കു രണ്ടു കണ്ണുമുണ്ട്. കണ്ണില്ലാത്തത് ആര്‍ക്കാണ്. നിയമത്തിനോ എനിക്കോ.ഞാനിപ്പോഴും ഇവിടെയുണ്ട്. കൊല്ലം സബ് ജയിലില്‍.രണ്ടു കണ്ണുമുള്ള ഒറ്റക്കണ്ണന്‍ രാജന്‍.

8 comments:

അരുണ്‍ കരിമുട്ടം said...

ഈ വാര്‍ത്ത ഞാനും കണ്ടു:

http://www.mathrubhumi.com/php/newFrm.php?news_id=1298775&n_type=RE&category_id=2&Farc=

ramanika said...

kalam kalikkaalam!

ടി.സി.രാജേഷ്‌ said...
This comment has been removed by the author.
ടി.സി.രാജേഷ്‌ said...

രാജന്‍കേസ്‌: പൊലീസ്‌ നല്‍കുന്ന വിശദീകരണം.

തീവട്ടി ബാബു മുന്‍പ്‌ പല കേസുകളിലു പ്രതിയാകുകയും ശിക്ഷ അനുഭവിക്കുകയും ചെയ്‌ത വ്യക്തിയാണ്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ കേസുകളൊന്നുമില്ലാതെ ഒന്നു രണ്ടു പശുക്കളേയും വാങ്ങി കഴിഞ്ഞുകൂടുകയായിരുന്നു. കക്ഷിക്ക്‌ ഒരു ഓട്ടോറിക്ഷയുമുണ്ട്‌. ഇടയ്‌ക്ക്‌്‌ പഴയൊരു കേസിന്റെ പേരിലോ മറ്റൊ രാജനെ കസ്റ്റഡിയില്‍ എടുത്തതായും പറയുന്നു. ഒപ്പം ഇയാള്‍ പൊലീസിന്റെ ഒരു ചാരന്‍കൂടിയാണ്‌. (അത്യാവശ്യം, മോഷണവും മറ്റും നടക്കുമ്പോള്‍ മോഷ്ടാക്കളെപ്പറ്റിയുള്ള വിവരം കിട്ടാന്‍ പഴയ മോഷ്ടാക്കളേയും വാറ്റുചാരായം പിടിക്കാന്‍ പഴയ വാറ്റുകാരേയും മറ്റും ഇന്‍ഫോര്‍മര്‍മാരാക്കുന്ന സ്വഭാവം പൊലീസിനുണ്ട്‌)
രാജന്റെ വീടിന്‌ ഏതാനും വീട്‌ അപ്പുറത്താണ്‌ ബാബു താമസം. രാജന്‌ രണ്ടു കണ്ണുണ്ടെങ്കിലും കാഴ്‌ചക്കു ചെറിയ പ്രശ്‌നമുണ്ട്‌. അതാണ്‌ ഒറ്റക്കണ്ണന്‍ രാജന്‍ എന്നു പേര്‍ വരാന്‍ കാരണം. അവിവാഹിതനായ രാജന്‍ ബാബുവിന്റെ ഭാര്യയെ വളയ്‌ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ പലപ്പോഴും കശപിശ ഉണ്ടായിട്ടുണ്ടത്രെ. ഒപ്പം രാജനും ബാബുവുമായി വഴിപ്രശ്‌നവുമുണ്ട്‌. രാജനെ അവഗണിച്ച്‌ ബാബു ഇവരുടെ പറമ്പിനു സമീപത്തുകൂടി വഴി വെട്ടിയിരുന്നു. ഇതും വൈരാഗ്യത്തിനു കാരണമായി. പലപ്പോഴും ഇവര്‍ തമ്മിലുള്ള പ്രശ്‌നം പൊലീസ്‌ സ്റ്റേഷനില്‍ വച്ചാണ്‌ ഒത്തുതീര്‍പ്പായിരുന്നത്‌. ബാബുവുമായുള്ള തര്‍ക്കത്തില്‍ സമീപത്തെ ചിലരുടെ പിന്തുണകൂടി രാജനു ലഭിച്ചിരുന്നു. ഇതാണ്‌ രാത്രി ബാബുവിനെ വീട്ടില്‍കയറി തല്ലാന്‍ രാജനു പ്രേരണയായത്‌.

(ഇനി രാജനെ തല്ലാന്‍ ബാബു വന്നപ്പോള്‍ രാജന്‍ തിരിച്ചടിച്ചതാണോ എന്നും വേണമെങ്കില്‍ നമുക്കു സംശയിക്കാം. )
ഒരു കൊടുംകള്ളനെ അടിച്ചുവീഴ്‌ത്തിയിട്ടും അയാളെ പൊലീസിലേല്‍പ്പിക്കാന്‍ അവിടെക്കൂടിയവരാരും തയ്യാറാകാത്തതിന്റെ കാരണം അവര്‍ക്കും ഈ ആക്രമണത്തില്‍ പങ്കുള്ളതിനാലായിരിക്കണം. രാജന്‍ പിടിയിലായപ്പോള്‍ ആരും എതിര്‍ക്കാതിരുന്നതും അതിനാലാകാം.
എന്തായാലും രാജന്റെ വാദം പൂര്‍ണമായും നാം വിശ്വസിക്കേണ്ടതില്ല.

karimeen/കരിമീന്‍ said...

ടി.സി.രാജേഷ് എഴുതിയ പോലീസ് ഭാഷ്യം ചില കാര്യങ്ങളില്‍ വസ്തുതാപരമാകാന്‍ സാദ്ധ്യതയുണ്ട്.

പകല്‍ ഒളിവിലായിരിക്കുന്ന ഒരാളുടെ ഭാര്യയെ വളക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നലുണ്ടാവുക സ്വാഭാവികം. അത് ശത്രുതയിലെത്തുന്നതും സാധാരണം.

പക്ഷേ ഇതിന് മുമ്പ് ഇവര്‍ തമ്മില്‍ പ്രശ്നമുണ്ടായിരുന്നു എന്നും അത് പോലീസ് പരിഹരിച്ചിരുന്നു എന്നതും പച്ചക്കള്ളം
രാജന്റെ മുറ്റത്തിന് സമീപം പതുങ്ങി നില്‍ക്കുകയായിരുന്നു കള്ളന്‍ എന്നത് പൊതുജനത്തിന് അറിവുള്ളതും അയാളെ ഓടിച്ചിട്ടടിക്കുന്നതില്‍ അവര്‍ തങ്ങളുടെ റോള്‍ അഭിനയിക്കുകയും ചെയ്തവരാണ്.


എന്തായാലും മുന്‍ കള്ളന്മ്മാര്‍ക്ക് നല്ല കാലം തന്നെ

ചാണക്യന്‍ said...

അരക്കള്ളനും മുക്കാല്‍ക്കള്ളനും....:):)

Sabu Kottotty said...

ഞാനിതിപ്പഴാ അറിഞ്ഞത്...
ആകപ്പാടെ ഒരു കണ്‍ഫ്യൂഷന്‍...

VinodGK said...

CPI[M] is corrupting marks of s/c-s/t students in calicut university engineering examinations.