Wednesday, December 16, 2009

ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍

ഭ്രാന്ത് ഒരു കുളിരാണ്. അത് ഒരു ഹൂങ്കാരമാണ്. സിരാപടലങ്ങളുടെ കമ്പനമാണ്. ഒറ്റക്കിരിക്കുമ്പോഴും ആള്‍ക്കൂട്ടത്തിന് നടുവിലാണത്. അത് നിറങ്ങളുടേയും വേദനകളുടേയും കുഴാമറിച്ചിലാണ്. വീര്‍പ്പുമുട്ടലുകളുടെ വീര്‍പ്പുമുട്ടലാണത്.





വൃശ്ചികമാസത്തിലെ ഒരു തണുത്ത രാത്രിയിലാണ് എനിക്ക് ഭ്രാന്ത് വന്നത്. ആദ്യം അതൊരു കുളിരായിരുന്നു. കരിമ്പടത്തിനുള്ളിലേക്ക് നൂണിറങ്ങിയിട്ടും വിറക്കുന്നൊരവസ്ഥ. ഒപ്പം ഒരു വീര്‍പ്പുമുട്ടലും. ഉണര്‍ന്നെണീറ്റ് ലൈറ്റിട്ടു. ഫ്ലാസ്കില്‍ നിന്ന് രണ്ടോ മൂന്നോ കവിള്‍ വെള്ളം കുടിച്ചു. വായ നിറഞ്ഞ് അത് കവിളുകളിലൂടെ ഒലിച്ചിറങ്ങി. തണുത്തുവിറക്കുമ്പോഴും ശരീരത്തില്‍ വിയര്‍പ്പുതുള്ളികള്‍. വല്ലാത്തൊരു പേടി, എന്തോ സംഭവിക്കാന്‍ പോകുന്നു. ഒരു അരക്ഷിത ബോധം.





അകത്തെ മുറിയില്‍ മെറ്റലോറിന്റേയും സോര്‍ബിട്രേറ്റിന്റേയും നിറവില്‍ അച്ഛന്‍ തളര്‍ന്ന് കിടന്നുറങ്ങുന്നു. ഇരുട്ടിന്റെ കരിമ്പടത്തിലൂടെ കയ്യിട്ട് അച്ഛനെ കുലുക്കി വിളിച്ചു.


“അച്ഛാ......അച്ഛാ......................”





ഒരു നിമിഷത്തെ താളം തെറ്റിയ ഹൃദയവുമായി അച്ഛന്‍ ഉണര്‍ന്നു.


“എന്താ..........?.....”


“എനിക്ക് കുളിരണു...................വല്ലാതെ...................”


മുപ്പത്തിഅഞ്ചുവയസ്സുകാരന്‍ മകന്റെ അസമയത്തെ അനാവശ്യത്തിനു മുന്നില്‍ വൃദ്ധപിതാവ് ഉടുമുണ്ട് കുടഞ്ഞുടുത്തു.


“ എന്താ...............എന്താ.......................” ഓടാമ്പലിന്റെ ഒച്ചക്കൊപ്പം ധന്യന്തരം കുഴമ്പില്‍ ചാലിച്ച അമ്മയുടെ ശബ്ദം.


“ അവന് കുളിരണൂത്രെ.................വല്ലാണ്ടെ..............എന്നെ വിളിച്ചുണര്‍ത്തി.............”


“എന്താ................എന്തുപറ്റി മോനെ...................................” കൈകളില്‍ മെല്ലെ പിടിച്ച് അമ്മ ചോദിച്ചു.





ചോദ്യങ്ങള്‍ ഉത്തരങ്ങളെ അന്വേഷിച്ച് ഇരുട്ടിലേക്കിറങ്ങി നടന്നു.


തലക്കു ചുറ്റും ചൂളം വിളിക്കുന്ന എന്തോ ഒന്നിനെ ഇരുകൈകളാല്‍ തടുത്ത് ഞാന്‍ തറയില്‍ കുത്തിയിരുന്നു.


ബോധാബോധങ്ങളുടെ നേര്‍ത്ത നൂലിഴ എവിടെയോ പൊട്ടി.


ഇരുട്ടിന്റെ ആഴങ്ങളിലേക്ക് നൂണിറങ്ങിക്കറങ്ങി ബോധം യാത്രയായി.


*****************************************





വെളിച്ചത്തിലേക്ക് പുനരാനയിക്കപ്പെട്ടപ്പോള്‍ പിറ്റേന്ന് രാവിലെ 11 മണിയായിരുന്നു. വെളുത്ത അമ്പാസിഡര്‍ കാറിന്റെ പിന്‍സീറ്റില്‍ അച്ഛനും അളിയനും നടുവില്‍ ഒരു തടവുപുള്ളിയായി സഞ്ചരിക്കുകയായിരുന്നു ഞാനപ്പോള്‍.

തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രി.പ്രസവത്തിന് പേരു കേട്ട ആ ആശുപത്രിയില്‍ ഏഴാം നില ഞങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. ഇരുമ്പുചങ്ങല പുട്ടിയ വാതില്‍ ഏഴാം നിലയില്‍ നിന്നും മറ്റുള്ളവരെ കാത്തു രക്ഷിക്കുന്നു. ആറുനിലകളിലും പിറവിയുടെ ചേതനകളാണ്. മറ്റേതോ ലോകത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവരുന്നവര്‍. ഏഴാം നിലയില്‍ ഞങ്ങള്‍ ഭ്രാന്തന്മാര്‍. മറ്റേതോ ലോകത്തിലേക്ക് തിരികെ മടങ്ങുന്നവര്‍.

ഉണ്ടക്കണ്ണും കഷണ്ടിയും വേണ്ടതിലധികം കീറിയ വായും ഉള്ള ആ ഡോക്റ്റര്‍ വെള്ളാപ്പള്ളി നടേശനെ ഓര്‍മ്മിപ്പിച്ചു.

.................................................



ഞരമ്പുകളിലേക്ക് മരുന്നു സൂചി തുളച്ചുകയറുമ്പോള്‍ അസഹ്യമായ വേദന........പിന്നെ ഇരുട്ടിന്റെ ആഴങ്ങളിലേക്ക്..................അത് ഒരു പത്തുനില കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയപ്പെടുന്ന ഒരവസ്ഥയാണ്. ഇരുളിലേക്ക് പാഞ്ഞുപോകുമ്പോള്‍ എവിടെയോ പൂത്തിരികള്‍ മിനിമറയുന്നത് കാണാം.

ബോധം വീണുകിട്ടുന്ന അപൂര്‍വ്വനിമിഷങ്ങളില്‍ ഞാന്‍ ഏങ്ങിയേങ്ങിക്കരഞ്ഞു. കരച്ചില്‍ പിറുപിറുക്കലായി........... അട്ടഹാസമായി............ആക്രോശമായി...........

കിടക്കക്കെതിര്‍വശം ചുമരുംചാരി തോര്‍ത്തുമുണ്ടാല്‍ കണ്ണീരൊപ്പിയിരിക്കുന്ന അച്ഛന്‍ മാത്രം.



ബോധാബോധങ്ങളുടെ ഏറ്റുമുട്ടലിനിടയില്‍ ഒരു ദിനം അവന്‍ ഉള്ളിലിരുന്ന് ചോദിച്ചു.

“നിനക്കിവിടെ നിന്ന് രക്ഷപ്പെടണോ................”

“ വേണം................വേണം....................” ഞാനുറക്കെ വിലപിച്ചു.

“ഏങ്കില്‍ ആ വൃദ്ധന്റെ കഴുത്ത് ഞെരിക്ക്............എന്നിട്ട് കതകിന്റെ കുറ്റിയെടുത്ത് പുറത്തേക്കിറങ്ങ്....”



ഭ്രാന്ത് ഞരമ്പുകളിലേക്ക് ഇരച്ചു കയറി. അഞ്ചോളം ദിനങ്ങളായി തുളച്ചുകയറിയ സൂചികള്‍ ശരീരത്തില്‍ അരിപ്പ തീര്‍ത്തിരിക്കുന്നു. തൂങ്ങിയാടുന്ന കണ്‍പോളകളെ വലിച്ചുയര്‍ത്തി പിതാവിന് നേരെ നടക്കുമ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.



അതവളാണ്, എന്റെ ഭാര്യ............ബര്‍ദുബായിയിലെ കുടുസ്സുമുറിയില്‍ അവളേയും മകളെയും തനിച്ചാക്കിയാണ് ഞാന്‍ നാട്ടിലെത്തിയത്. ശബരിമല ശാസ്താവിനെ തൊഴുതത്. ഭ്രാന്തനായത്.



“ എന്തു പറ്റി കുട്ടാ നിനക്ക്.............” കാതങ്ങള്‍ക്ക് അകലെനിന്ന് ഒരു തണുത്ത കാറ്റ് പോലെ, നനുത്ത മഴ പോലെ അവള്‍ എന്നിലേക്ക് പെയ്തിറങ്ങി.

“ എനിക്ക് എനിക്ക്...............................എനിക്ക് വയ്യെന്റമോളേ................” കണ്ണീര്‍ച്ചാലുകള്‍ ഭ്രാന്തമായി കുത്തിയൊലിക്കുകയായിരുന്നു. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.

“ കരയല്ലെ കുട്ടാ....................എല്ലാം നേരെയാകും..............ഞാനും മോളുമില്ലേടാ നിനക്ക്..............കരയല്ലെടാ...........കരയല്ലേ......................” അവള്‍ കരയാന്‍ തുടങ്ങി



അലറിപ്പാഞ്ഞ ഞരമ്പുകളെല്ലാം നിശ്ചലമായ മാതിരി. ഒരു നിമിഷനേരത്തേക്ക് ബോധത്തിന്റെ മാത്രമായ ലോകത്തേക്ക്.

ഞാന്‍ അവളോട് പറഞ്ഞു “ എനിക്ക് ഇവിടെ പറ്റില്ല മോളേ..............മയക്കുമരുന്ന് കുത്തിവച്ച് കുത്തിവച്ച് ഇവര്‍ എന്നെ കൊല്ലും............എനിക്കിവിടെ വേണ്ടാ................”



“ വേണ്ട........എന്റെ മോന്‍ അവിടെ കിടക്കണ്ടാ..............മാറ്...മോനിഷ്ടമുള്ള എവിടേക്കെങ്കിലും മാറ്........”

.......................................................



അവള്‍ വിളിച്ചതിന്റെ പിറ്റേന്ന് ഞങ്ങള്‍ അവിടെ നിന്ന് പാടിയിറങ്ങി. നടന്ന് പടികയറി ഏഴാം നിലയിലേക്ക് പോയ ഞാന്‍ ചക്രക്കസേരയില്‍ ഒടിഞ്ഞു മടങ്ങി നാക്ക് പുറത്തേക്കിട്ട് ലിഫ്റ്റില്‍ പറന്നിറങ്ങി.



................................................

അടുത്തത് പേരൂര്‍ക്കടയിലുള്ള ഒരു മാനസികരോഗവിദഗ്ദ്ധന്റെ വീടായിരുന്നു. എന്നെ പുറത്തിരുത്തി അച്ഛന്‍ അകത്തേക്കു പോയി.

ഓരോ ഭ്രാന്തനും അറിയപ്പെടാത്ത എഴുത്തുകാരന്റെ പുസ്തകമാണ്. അവന് മുഖവുരകള്‍ ആവശ്യമാണ്. അവതാരികകളും.

അത് സ്വാത്തിക സ്വഭാവമുള്ള വൃദ്ധനായ ഒരു ഡോക്ടറായിരുന്നു. പരിശോധനാമുറിയില്‍ ഓടി നടന്ന എന്നെ വാത്സല്യത്തിന്ടെയും കൌതുകത്തിന്റ്റേയും നിറമുള്ള കണ്ണുകളാല്‍ അദ്ദേഹം സ്വന്തം ക്ലിനിക്കിലേക്ക് പറഞ്ഞയച്ചു.

അതൊരു പഴയ വീടാണ് . മുറ്റത്ത് നിറയെ ചാമ്പമരങ്ങള്‍ പൂത്തുനില്‍ക്കുന്നു. ഇടിഞ്ഞ് പൊളിഞ്ഞ ചുമരുകള്‍. അട്ടഹാസങ്ങളും ഞരക്കങ്ങളും തളം കെട്ടിനില്‍ക്കുന്ന മുറികള്‍ . വരാന്തയില്‍ ഭ്രാന്തന്മാര്‍ കൂട്ടം കൂടി നില്‍ക്കുന്നു. ടി.വീ. കാണുന്നു. കൊത്തന്‍ കല്ല് കളിക്കുന്നു.



“ എനിക്ക് വയ്യേ................എനിക്കീ ഭ്രാന്തന്മാരോടൊപ്പം കീടക്കാന്‍ വയ്യേ.............” ഞാന്‍ നിലവിളിച്ചു.

ഭ്രാന്തന്മാര്‍! അവര്‍ എന്നെ നോക്കി ചിരിച്ചു.

അവര്‍ ഭ്രാന്ത് മാറിയവരാണ്. പുതുലോകത്തേക്ക് തിരിച്ചുവന്നവരാണ്.

ഉന്മാദത്തിന്റെ പാരമ്യത്തില്‍ ഞാന്‍ അലറിവിളിച്ചു. “ എന്നെ രക്ഷിക്കണേ.........................”



രണ്ട് തടിമാടന്മാര്‍ എന്നെ തൂക്കിയെടുത്ത് കിട്ക്കയിലേക്ക് കൊണ്ടുപോയി. അരക്കെട്ടിലേക്ക് സൂചി ആഴ്ന്നിറങ്ങി. ഇരുട്ടിലേക്ക് ഞാനും.

ഇരുളിന്റെ ഏതോ ഒരു നാഴികയില്‍ അവള്‍ എന്നെ വീണ്ടും വിളിച്ചു.

ദിനംതോറുമുള്ള അവളുടെ വിളികളാണ് എന്നെ നിലനിര്‍ത്തുന്നത്. എന്റെ ബോധാബോധങ്ങളുടെ നേര്‍ത്തനൂലിഴ അവളുടെ ശബ്ദം മാത്രമാണ്. അതില്‍ ഞാന്‍ ഭൂമിയിലേക്ക് തിരിച്ചു വരും. എന്റെ മകളുണ്ട് അവളോടൊപ്പം, കാതങ്ങള്‍ക്കപ്പുറം

എന്നെ ജീവിപ്പിക്കുന്നത് ആ ഓര്‍മ്മകളാണ്. ആ സാമീപ്യമാണ്.

“ മോളേ............എനിക്ക് വയ്യ............ചുറ്റും ഭ്രാന്തന്മാരാണ് മോളേ...........എനിക്കിവിടെ വയ്യാ..............”

ഞാന്‍ ഫോണിലൂടെ അലറിക്കരഞ്ഞു.

അവളും തേങ്ങി ,” ഒന്നു രണ്ടു ദിവസത്തേക്കല്ലേ കുട്ടാ..............ഒന്ന് ക്ഷമിക്ക്........എന്നെയോര്‍ത്ത്.........ദൈവത്തെ ഓര്‍ത്ത്.......................നമ്മുടെ മകളെ ഓര്‍ത്ത്.........”
ഓര്‍മ്മകള്‍ പുകച്ചുരുളുകളായി തിരികെയെത്തി. നിന്നെ, മകളെ അല്ലാതെ ഞാനാരെ ഓര്‍ക്കാന്‍. ഞാന്‍ ആര്‍ക്കു വേണ്ടി ജീവിക്കാന്‍...................., നിനക്കുവേണ്ടി...........നമ്മുടെ മകള്‍ക്കു വേണ്ടി.............ഞാന്‍ ഈ ചങ്ങലയില്‍ വീണ്ടും..................

അവള്‍ക്ക് വല്ലാത്തൊരു ശക്തിയുണ്ട്. എനിക്കങ്ങ്നെ തോന്നി. എന്റെ ബോധമണ്ഡലം കയറു പൊട്ടിക്കുന്ന നിമിഷങ്ങളില്‍ ഏഴു കടലുകള്‍ക്കപ്പുറത്ത് അവളത് കാണും. ആ വിളിയില്‍ , സ്നേഹത്തില്‍, ആ ഉപദേശങ്ങളില്‍ ഞാന്‍ അടങ്ങി, ഞാന്‍ മടങ്ങി, ഈ ലോകത്തേക്ക്...........................

...................................................

ചികിത്സ പിന്നെയും നീണ്ടു. വീണ്ടും ആശുപത്രി മാറി. ശാസ്തമങലത്ത് ഒരു ഗുരുവിന്റെ പേരിലുള്ള ആശുപത്രിയിലായിരുന്നു അവസാനം.

ഒടുവില്‍ .................................

പതിമൂന്ന് ദിനങ്ങളുടെ ഉന്മാദത്തിന്റെ ലോകത്ത് നിന്ന് ഞാന്‍ താഴെയെത്തി. ഒരു മനുഷ്യനായി.........വികാരവും വിവേകവും ഉള്ള ഒരു സാദാ ജീവിയായി. വീടിന്റെ ഉമ്മറപ്പടിയില്‍ എന്നെ കെട്ടിപ്പിടിച്ച് അമ്മ പൊട്ടിക്കരഞ്ഞു.

“ പോട്ടെ അമ്മേ...............എല്ലാം പോട്ടെ.................” ഞാനും കരഞ്ഞു.

തിരികെ മടങ്ങണം. അവധി കഴിയാറായി. ഒരു ദിനം വൈകിയാല്‍ പുറത്താണ്. കേരളമല്ല ദുബായി.

അവള്‍ വിളിച്ചില്ല ഇതുവരെ.....ഈശ്വരന്മാരേ...............എന്നെ രക്ഷിച്ചത് അവളാണ്. അവളുടെ വാക്കുകള്‍, സ്നേഹം, സ്വാന്തനം...അതിലാണ് എനിക്ക് ജീവിതം തിരിച്ചു കിട്ടിയത്. ഒന്നു കണ്ടിരുന്നെങ്കില്‍ ഒന്നു കെട്ടിപ്പിടിച്ചിരുന്നെങ്കില്‍...................

ഫോണില്‍ ഞാനവളെ വിളിച്ചു. വീണ്ടും വീണ്ടും..........ബല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ല. അവള്‍ ജോലിസ്ഥലത്താണ്. സമയത്തെക്കുറിച്ചു പോലും എനിക്കൊരു ബോധവുമില്ല. രാത്രി എട്ടു മണിക്ക് മുന്‍പ് അവളെ വിളിക്കുന്നതെങ്ങിനെ?.......

വൈകുന്നേരം ക്ഷേത്രത്തില്‍ പോയി. അമ്മയുടെ വഴിപാടായിരുന്നു. കളഭം ചാര്‍ത്തിയ ദേവിയുടെ ചുണ്ടുകളില്‍ ഒരു കുസൃതിയുടെ നാളം. “അമ്മേ..........എല്ലാം നിന്റെ പരീക്ഷണങ്ങള്‍”.

രാത്രി എട്ടു മണിക്ക് ലാന്‍ഡ് ലൈനില്‍ ഒരു ഫോണ്‍. ഓടിച്ചെന്നെടുത്തു. അമ്മാവനാണ്. അവളുടെ അച്ഛന്‍.

“ അമ്മാവാ.............ഞാനാണ്..........”

‘അച്ഛനില്ലേ അവിടെ..............ഒന്നച്ഛന് കൊടുക്ക്.............”

പതിമൂന്നു നാളുകളിലെ ദിനപത്രത്തില്‍ മുഖം പൂഴ്തിയിരുന്ന അച്ഛന്‍ ഫോണ്‍ ഏറ്റുവാങ്ങി. അച്ഛന്റെ കണ്ണുകള്‍ അകാരണമായി പുറത്തേക്ക് തള്ളുന്നത് കണ്ട് ഞാനടുത്തു ചെന്നു. റിസീവറിലൂടെ ഞാന്‍ ഇത്രയും വ്യക്തമായി കേട്ടു.

“ നിങ്ങളുടെ മകന്‍ എന്റെ മകളെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നു. അത് നിങ്ങള്‍ പറഞ്ഞുവിലക്കണം. എന്റെ മകള്‍ക്ക് ഇങ്ങ്നെയൊരു ഭ്രാന്തനെ ഭര്‍ത്താവായി ആവശ്യമില്ല”

“ എന്തായീ പറയുന്നേ അച്യുതാ.................അവള്‍ അവനെ എല്ലാദിവസവും വിളിക്കുന്നതല്ലേ.........അവര്‍ തമ്മില്‍ സംസാരിക്കുന്നതല്ലേ..............എന്നിട്ട് നീയിങ്ങനെ.......................”

“എന്റെ മകള്‍ അവനെ വിളിച്ചെന്നോ........കൊള്ളാം........ഒരൊറ്റ ദിവസം പോലും അവള്‍ അവനെ വിളിച്ചിട്ടേയില്ല. അവന് ഭ്രാന്തല്ലേ.........അവളല്ല അമേരിക്കന്‍ പ്രസിഡന്റുവരെ വിളിച്ചെന്ന് അവനു തോന്നും. ദയവുചെയ്ത് എന്റെ മകളെ ഉപദ്രവിക്കരുത്. എന്റെ കുടുബം എങ്ങെനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ................................”

കൂ.................കൂ................എന്നൊരു പരിഹാസത്തോടെ ഫോണ്‍ നിശ്ചലമായി.

“കള്ളം....................പച്ചക്കള്ളം................അവള്‍ എന്നെ വിളിക്കാറുണ്ട്..........ദാ...........ഇന്നലെയും വിളിച്ചു.അമ്മാവന്‍ കള്ളം പറയുന്നതാണ്. ..............എന്നെയും അവളെയും ചതിക്കുകയാണ്...........സംശയമുണ്ടെങ്കില്‍ ഈ ഫോണൊന്നു നോക്ക്” ഞാന്‍ മൊബൈല്‍ ഫോണ്‍ അച്ഛനു നേരെ നീട്ടി.

പതിമൂന്നു ദിനങ്ങള്‍ക്കിപ്പുറം യാതൊരു entry യുമില്ലാത്ത ആ ഫോണ്‍ അച്ഛന്റെ വിറയാര്‍ന്ന വിരലുകളില്‍ നിന്ന് താഴേക്കു വീണു.

അച്ഛാ....................! അമ്മേ.................എനിക്ക് കുളിരണൂ........................വല്ലാതെ.........................”


Sunday, November 8, 2009

കുടിയൊഴിഞ്ഞ കേരളം

കരിമീന്‍ ജനിച്ചപ്പോള്‍ കുടിയുണ്ടായിരുന്നു. എനിക്ക് മാത്രമല്ല , നാട്ടില്‍ മുഴുവന്‍.

പണിക്കക്കുടി, ചൂത്തരക്കുടി, മേത്തക്കുടി, ഈഴക്കുടി, പറക്കുടി, പുലക്കുടി.......................................... അങ്ങിനെ അങ്ങിനെ.............

എല്ലാം കുടികള്‍,

അന്ന് വീടുകളില്ലായിരുന്നു. ഭവനങ്ങള്‍, വില്ലകള്‍ ഒന്നുമില്ല.

ഞങ്ങളെല്ലാം ഓരോ കുടികളില്‍ ജനിച്ചവര്‍

ആദ്യം ചൂത്തരന്‍ (നായര്‍ എന്നും പറയുമെന്ന് തോന്നുന്നു) കുടിയില്‍ നിന്ന് പുറത്തായി. അവന്റേത് വീടായി.

നായരെ വീട്, കുറുപ്പിന്റെ വീട്.

അടുത്ത പ്രമോഷന്‍ ഈഴവന്റേതായിരുന്നു. അങ്ങിനെ ഈഴക്കുടിയും പോയി.

പേര്‍ഷ്യയില്‍ പോയി വന്ന് മാളികയും മൊസേക്കും വച്ചപ്പോള്‍ മേത്തക്കുടിയും നിന്നു.

മന്‍സിലുകളായി.

മറ്റുള്ളവര്‍ കുടി തുടര്‍ന്നു.

എണ്‍പതുകളുടെ മധ്യത്തില്‍ നാട്ടില്‍ കുടി നിര്‍ത്തി.

കുടി പോയപ്പോഴാണ് ഞങ്ങള്‍ കുടി തുടങ്ങിയത്. കറുത്ത ബോര്‍ഡിലെ വെളുത്ത അക്ഷരം ഞങ്ങളെ കുടിയിലേക്ക് കൊണ്ടു പോയി.

നാട്ടില്‍ കുടിയുണ്ടായിരുന്ന കാലത്തും പട്ടന്മാര്‍ക്ക് കുടിയില്ലായിരുന്നു. അവര്‍ കുടിക്കത്തുമില്ലായിരുന്നു.

അങ്ങത്തയുടെ മഠം, പട്ടരു മഠം.................അതൊക്കെയായിരുന്നു.

പട്ടരുവീട്, പട്ടക്കുടി!.........ഇല്ലേയില്ല.

മഠത്തില്‍ നിന്ന് പിന്നാക്കമെത്തുമ്പോള്‍ മാടമാകുന്നു.

മാടത്തിന് ജാതിയില്ല.

നാല് ഓല കുത്തിമറച്ച വീട്ടില്‍ കിടക്കുന്നവനൊക്കെ മാടക്കാരന്‍ തന്നെ

പോങ്ങില്ലാത്ത നായരും ഈഴവനും ഒക്കെ മാടത്തില്‍ കിടന്നു.

ഗതികിട്ടാനായി മാടക്കാരന്‍ കടതുറന്നു. അത് മാടക്കടയായി. മാടം പോലത്തെ കട.

തൊണ്ണൂറുകള്‍ വരെ മാടക്കട നിന്നു. പിന്നെ പെട്ടിക്കടയായി. പീഞ്ഞപ്പെട്ടി അടിച്ചുകൂട്ടിയ പെട്ടിക്കടകള്‍.

മാടക്കടയുടെ തൂണില്‍ ചാക്കും മടലും തീര്‍ത്ത ഫ്രെയിമില്‍ ചാരിയാണ് സീമ നിന്നിരുന്നത്. ഐ.വി.ശശി കൊടുത്ത ഷര്‍ട്ട് മാത്രമിട്ട് തുടമുഴുവന്‍ കാണിച്ച് സീമ.

ചാക്ക് കടക്കാരന്റെ വക. പോസ്റ്ററ് കൊട്ടകക്കാരന്റെ വക.സീമ ശശിയുടെ വക. ചാക്കില്‍ സീമയെ തൂക്കിയിടുന്നതിന് ഒരു ടിക്കറ്റ് ഫ്രീ........ബാല്‍ക്കണിയല്ല. തറ..........അതുകൊണ്ട് എല്ലാ മാടക്കടക്കാരും എല്ലാ വെള്ളിയാഴ്ചയും പുതിയ സിനിമ കണ്ടിരുന്നു.

അപ്പം അങ്ങിനെയായിരുന്നു കാര്യങ്ങള്................................ ഇനി പിന്നെക്കാണം

Tuesday, October 20, 2009

കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം പാടില്ല എന്ന് ലൌകികരായ നമുക്കൊക്കെ അറിയാം.

നമ്മള്‍ പിള്ളേരെ കോളേജില്‍ അയക്കുന്നത് പഠിക്കാനാണ്. രാഷ്ട്രീയം കളിക്കാനല്ല.

ചില ലോക്കല്‍ നേതാക്കന്മാരുടെ ചട്ടുകമായാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

സ്വന്തം മക്കളുടെ ഭാവി കരുപ്പിടിപ്പിക്കാനാണ് മാതാപിതാക്കള്‍ മക്കളെ കോളേജിലയക്കുന്നത്. അവന്‍ അവിടെ ഇങ്ക്യിലാബും കത്തിക്കുത്തും പഠിച്ച് നടക്കുമ്പോള്‍ തകരുന്നത് ഒരു കുടുബമാണ്. ഒപ്പം ഒരു സമൂഹവും.

ബസ്സിന് കല്ലെറിയല്‍, തീവയ്പ്, കത്തിക്കുത്ത്, ചാപ്പകുത്ത് തുടങ്ങിയ കലാപരിപാടികളാണ് ഇന്നത്തെ വിദ്യര്‍ത്ഥി രാഷ്ട്രീയം. ഈ മഹാവിപത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാനാണ് കലാലയ രാഷ്ട്രീയം നിരോധിക്കണം എന്ന് പറയുന്നത്.

അതുകൊണ്ടാണ് നമ്മള്‍ മാര്‍ ഇവാനിയോസ് കോളേജ് മാനേജ്മെന്റും, സെന്റ് തെരാസസ് കോളേജ് മാനേജുമെന്റുമൊക്കെ കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതിയില്‍ പോയത്. വിധി സമ്പാദിച്ചത്. ഞങ്ങളുടെ കോളേജില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കുന്നത്.

പിന്നെ കാമ്പസുകളില്‍ കെ.എസ്.യു വിനെ പുനര്‍ജീവിപ്പിക്കാന്‍ രാഹുല്‍ മോന്‍ വന്നപ്പോള്‍ ഞങ്ങള്‍ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചത്. അതു പിന്നെ നിങ്ങക്കറിഞ്ഞൂടെ അണ്ണാ...........

ഈ നിരോധനം എന്നത് എസ്.എഫ്.ഐ.ക്ക് മാത്രമല്ലേ അണ്ണാ...............................

അവരില്ലാത്ത കാമ്പസ്! ഹാ---------------------എത്രമനോഹരം

Monday, October 19, 2009

കെ.വേണുവിനെപ്പറ്റിതന്നെ

കെ.വേണു സത്യസന്ധനായൊരു മനുഷ്യനാണ്. പ്രസംഗത്തിലല്ല, പ്രവൃത്തിയില്‍ തന്നെ വേണം ആദര്‍ശം എന്ന് ശഠിക്കുന്ന അപൂര്‍വം മനുഷ്യരിലൊരാള്‍. തനിക്കു ശരി എന്ന് തോന്നുന്നത് വിളിച്ചു പറയാന്‍ പ്രത്യയശാസ്ത്രമോ, പ്രതിബദ്ധതയോ തടസ്സമാകാത്ത ഒരാള്‍. സമര തീഷ്ണമായ യൌവ്വനം, ബലികഴിക്കപ്പെട്ട ജീവിതം,ഹോമിക്കപ്പെട്ട പ്രണയം, സൌഹൃദം ഇതെല്ലാമാണ് കെ.വേണു.

ആസിയാന്‍ കരാറിനെ, എക്സ്പ്രസ്സ് ഹൈവയെ ഒക്കെ അനുകൂലിക്കാന്‍ തനിക്ക് തോന്നിയാല്‍ അത് തുറന്നെഴുതാനുള്ള ആര്‍ജ്ജവം വേണുവിനുണ്ട്. ഇക്കഴിഞ്ഞ മാതൃഭൂമി ലേഖനത്തിലും അദ്ദേഹം അത് തുടരുന്നു. പക്ഷേ ആസിയാന്‍ അനുകൂല ലേഖനം എഴുതിവന്നപ്പോള്‍ പ്രതികൂലമായോ എന്ന് സംശയം.

നഷ്ടയൌവ്വനങ്ങളുടെ തിരുശേഷിപ്പുകള്‍ വിറ്റു ജീവിക്കുന്ന മുന്‍ നക്സലൈറ്റുകളുടെ കൂടാരമാണ് കേരളം. പരിസ്ഥിതി, സ്ത്രീ, ദളിത് പ്രസ്ഥാനങ്ങളിലെല്ലാം ഈ റിസര്‍വേഷന്‍ ടിക്കറ്റ് അവര്‍ ഉപയോഗിക്കുന്നു. സാധാരണക്കാരന്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ജനകീയ പോരാട്ടങ്ങളില്‍ അണി ചേര്‍ന്ന് അവയെ ഹൈജാക്കു ചെയ്യുന്ന ഒരു വിഭാഗം. (യൌവനം നഷ്ടപ്പെടാത്ത വിപ്ലവവുമായി ഈ പ്രസ്ഥാനങ്ങളുടെ പിന്നണിയില്‍ നിന്ന് അവര്‍ക്ക് ആശയും ആവേശവും പകരുന്ന മനുഷ്യസ്നേഹികളെയല്ല, ചാനല്‍ ചര്‍ച്ചകളില്‍ സമരങ്ങളുടെ മൊത്തം വക്താക്കളായി രംഗത്ത് വരുന്ന മെയ്യനങ്ങാ സ്നേഹികളെയാണ് ഉദ്ദേശിച്ചത്).

ഇതില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് കെ.വേണു. ഒരു പക്ഷേ ചാനല്‍ ചര്‍ച്ചകളില്‍ ഏറ്റവും കുറച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ള ബുദ്ധിജീവി വേണുവാകണം. ചെങ്ങറ സമരത്തിലോ, ദളിത് തീവ്രവാദത്തിലോ ഒരു ചര്‍ച്ചയുടേയും കേന്ദ്രബിന്ദു വേണുവായില്ല. എന്നാല്‍ നമ്മുടെ സ്ഥിരം ചര്‍ച്ചിലുകളെക്കാള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സര്‍വഥാ യോഗ്യനാണ് കെ.വേണു.

ഡിക് ചിനിക്ക് വിടുപണിചെയ്ത് മടങ്ങിയ കോടീശ്വരന്‍ വരെ പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടി വാകീറീ പ്രതിഫലം കൈപ്പറ്റുമ്പോള്‍ ജീവിക്കാന്‍ വേണ്ടി കെട്ടിടം പണി ചെയ്യുന്ന ഒരു മുന്‍ നക്സലൈറ്റ്. ഒരു പക്ഷേ, കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഒരു കുന്തക്കാരന്‍ പത്രോസാകണം കെ.വേണു.

ഈ കെ.വേണുവിനോടുള്ള വ്യക്തിപരമായ എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ,

1, ഭാരതത്തിന്റെ മോചനത്തിനുള്ള മാര്‍ഗ്ഗം സായുദ്ധവിപ്ലവമാണ് എന്ന് 1948-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് തോന്നി.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ കെ.വേണുവിനത് 1970-ല്‍ തോന്നി

2, സായുധ വിപ്ലവത്തിലൂടെ അധികാരം നേടാനാവില്ല എന്നും ജനാധിപത്യമാണ് അഭികാമ്യം എന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് 1952-ല്‍ തോന്നി.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ കെ.വേണുവിനത് 1990-ല്‍ തോന്നി.

3, വര്‍ഗ്ഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന് 1988-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞു.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ വേണു 2002-ല്‍ ഇത് തിരിച്ചറിഞ്ഞു.

4,സ്വകാര്യവല്‍ക്കരണവും വികസനത്തിന് ആവശ്യമാണ് എന്ന് 1998-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞു.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ കെ.വേണു ൨൦൦൩-ല്‍ ഇത് തിരിച്ചറിഞ്ഞു.

കരിമീന്റെ സംശയം ഇതാണ്, കെ.വേണു എന്തിനാണ് ഇത്രയും വായിക്കുകയും പഠിക്കുകയുമൊക്കെ ചെയ്യുന്നത്. പഴയ ദേശാഭിമാനി മാത്രം വായിച്ചാല്‍ പോരെ!

Tuesday, October 13, 2009

ആരില്‍നിന്നുള്ള സ്വാതന്ത്ര്യം!

ആസിയാന്‍ കരാര്‍ , ജനകീയ പ്രതിരോധത്തിന്റെ കരുത്ത് അധികാരിവര്‍ഗ്ഗത്തെ പിടിച്ചു കുലുക്കി എന്ന് കരാറിനെ അനുകൂലിച്ച് വന്‍ തോക്കുകള്‍ രംഗത്തു വരുന്നതില്‍ നിന്നും മനസ്സിലാക്കാം.
ആസിയാന്‍ കരാറിനെക്കുറിച്ചല്ല ഈ പോസ്റ്റ്. ഇത് ചരിത്രത്തിന്റെ ഒരു പുനര്‍ വായനയാണ്.

ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ്, നാട്ടു രാജ്യങ്ങളുടെ സമ്പത്തും സ്വത്തും ഊറ്റിക്കുടിച്ച് സാമ്രാജ്യത്വം ഊറ്റം കൊള്ളുന്ന സമയം. ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ആയിരമായിരം ദേശാഭിമാനികള്‍ ജീവന്‍ ബലി നല്‍കുന്ന കാലഘട്ടം.

ഭാരതത്തിലെ കാര്‍ഷിക ജനതയുടെ ചോരയും നീരും ഊറ്റിക്കുടിക്കുന്നതിനെതിരെ , അടിമക്കരാറുകളീലൂടെ മാതൃരാജ്യത്തിന്റെ സമ്പദ് ഘടനയെ കൊള്ളയടിക്കുന്നതിനെതിരെ ഒരു ധീര ദേശാഭിമാനി ലേഖനം എഴുതി. 1934-ല്‍ , തിര്‍ഊരിലെ ഗ്രാമീണ ഗ്രന്ഥമാല എന്ന പ്രസാധനാലയം അവരുടെ പരമ്പരയിലെ രണ്ടാം നമ്പരായി പ്രസിദ്ധീകരിച്ച ആ ലഘുലേഖയിലെ വാചകങ്ങള്‍ ഇന്നും പ്രസക്തമായി തോന്നുന്നതിനാല്‍ ഇവിടെ എടുത്തെഴുതുന്നു.
“ കര്‍ഷകരേയും തൊഴിലാളികളേയും മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന സമ്പദ് ഘടനയെ മുതലാളിത്തം എന്ന് പറയാമെങ്കില്‍ ഇന്ത്യ മുതലാളിത്തത്തിന്റെ പരിപൂര്‍ണ്ണമായ പിടിയിലാണ് വര്‍ത്തിക്കുന്നത്.
അന്യ രാജ്യങ്ങളില്‍ ആധിപത്യം സമ്പാദിക്കാന്‍ ശ്രമിക്കുന്നവര്‍ ആധിപത്യത്തിനുള്ള ആഗ്രഹം കൊണ്ടല്ല അങ്ങിനെ ചെയ്യുന്നത്. അത് സമ്പത്തിക ലാഭത്തിന്റെ മുന്‍ ഗാമിയാകുമെന്നു കണ്ടിട്ടാണ്. ബ്രിട്ടീഷ് കോയമയും ബ്രിട്ടീഷുകാരുടെ സമ്പത്തികാഭിവൃദ്ധിയെ കരുതിയാണ് ഇന്ത്യയെ പിടികൂടിയതും വിടാതെ പിടിച്ചുകൊണ്ടിരിക്കുന്നതും.
ഇന്ത്യയുടെ സാമ്പത്തിക ചൂഷണമാണ് ബ്രിട്ടീഷുകാരുടെ ഉദ്ദേശ്യമെന്ന് അവര്‍ ഇന്ത്യയില്‍ വന്ന മുതല്‍ക്കുള്ള ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്.
പണ്ടുകാലത്ത് ഇന്ത്യയിലെ കൃഷി, മറ്റുതൊഴിലുകളെപ്പോലെ, സ്വതന്ത്രമായിരുന്നു. അതിന്റെ ഉല്പത്തിയും ഉപഭോഗവും ഇവിടെതന്നെയാണ്. ഊണിനും ഉടുപ്പിനും വേണ്ട ഉപകരണമെല്ലാം കൃഷി കൊണ്ടും കൈത്തൊഴില്‍ കൊണ്ടും ഉള്‍നാടുകളില്‍ തന്നെ നിര്‍മ്മിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അങ്ങിനെയല്ല. ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ചെറുതായ ഒരനക്കമുണ്ടായാല്‍ അതിന്റെ അല മലബാറിലെ ഓരോ ഓണം കേറാമൂലകളിലും ചെന്നടിക്കുകയായി.

പണ്ടത്തെപ്പോലെ മലയാളി ഇന്ന് കൃഷിചെയ്യുന്നത് ഭക്ഷണത്തിനല്ല, വില്പനക്കാണ്. അനഭ്യസ്ത വിദ്യനായ ഒരു തെങ്ങിന്‍ തോട്ടക്കാരന്‍ സിലോണിന്റെ ചുങ്കനയസംബന്ധമായ ഓരോ കാല്‍ വയ്പും സൂക്ഷിക്കേണ്ടിയിരിക്കുന്നു. സയാമോ ഇന്‍ഡോ ചൈനയോ ഒന്നെഴുനേറ്റാല്‍, മലബാറിലെ അര്‍ധ നഗ്നനായ കണ്ട്ം കൃഷിക്കാരന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ലണ്ടനിലോ വാഷിഗ്ടണിലോ വച്ച് അതിസൂത്രക്കാരായ നാല് സായിപ്പന്മാര്‍ എഴുതി കൈമാറിയ ഒരു കടലാസ്സ് തുണ്ട് അനേകം പാവങ്ങളെ വയനാട്ടിലേക്കും മലായിലേക്കും കൂലിപ്പണിക്ക് മാടിവിളിക്കുന്നു.

ചുരുങ്ങിയ നിരക്കില്‍ ഇംഗ്ലീഷ് സാമാനങ്ങള്‍ക്ക് ചുങ്കം ചുമത്താന്‍ ഇന്ത്യയും ഇന്ത്യന്‍ സാമാനങ്ങള്‍ക്ക് ഈ വിധം സവിശേഷ സൌജന്യം അനുവദിക്കാന്‍ ഇംഗ്ലണ്ടും ഒരുങ്ങണമെന്നാണ് സാമ്രാജ്യത്ത്വനായകന്മാര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ നേതാക്കന്മാരും വ്യവസായികളും ഈ ഏര്‍പ്പാടിനെ മുക്തകണ്ഠം എതിര്‍ക്കുന്നുണ്ട്. വ്യാവസായികമായി ഏറ്റവും പുരോഗതി പ്രാപിച്ചിട്ടുള്ള ഇംഗ്ലണ്ടിനു കഴിയുന്ന പോലെ ഉദാര പൂര്‍വം വ്യാപാരം നടത്താന്‍ ഇന്ത്യക്ക് കഴിവില്ലാത്തതിനാല്‍ ഇത്തരമൊരു സന്ധി ഒരു ഭീമകായനും കൃശഗാത്രനും തമ്മിലുള്ള സന്ധി പോലെയാണ് എന്ന് മഹാത്മജി അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു മിത വാദിയായ പണ്ഢിത മാളവ്യ ഈ കാരണത്താല്‍ നിയമസഭയില്‍ നിന്ന് രാജിവക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.“

ഇത് സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കഥയാണ്. ഇപ്പോ നമ്മള്‍ ഒരു സ്വതന്ത്രരാജ്യത്തെ പൌരന്മാരാണ്. അപ്പോ ഒന്ന് ചോദിച്ചോട്ടെ...........................ആരില്‍ നിന്നാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്?.

Monday, October 5, 2009

സിന്‍ഡിക്കേറ്റുകാരോട് സ്നേഹപൂര്‍വം

നിയമ സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. നമ്മുടെ തെരെഞ്ഞെടുപ്പ് കാല ചര്‍ച്ചകള്‍ എന്തായിരിക്കും. തെരെഞ്ഞെടുപ്പ് കാലത്ത് യാദൃശ്ചികമായി ഉണ്ടാകുന്ന നിസ്സാര സംഭവങ്ങള്‍, അല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രമുഖ നേതാവിന്റെ വീണ്‍ വാക്കുകള്‍ (പലപ്പോഴും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നവ) തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന ദുരനുഭവം നമ്മുടെ സംസ്ഥാനത്ത് മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്. തെരെഞ്ഞെടുപ്പ് സംവാദം ഇങ്ങനെ വഴിതെറ്റിപ്പോകാതിരിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമ പ്രവര്‍ത്തകരും അങ്ങേയറ്റത്തെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

(വി.എസ്. അച്യുതാനന്ദന്‍- 1176 മീനം -02)

Saturday, October 3, 2009

എന്റെ ദൈവമേ..............ദൈവമേ..............

ആകാശോം ഭൂമിയുമെന്നുണ്ടായി
മാനത്തെ നച്ചത്രമെന്നുണ്ടായി
നീപോയി കണ്ടോ നിന്റമ്മേം കണ്ടോ
നീയും നിന്റമ്മനും കൂടിക്കണ്ടോ........


"ആകാശത്തേക്ക് റോക്കറ്റയക്കുന്ന ശാസ്ത്രജ്ഞന്‍ എന്തിനാണ്‍ തേങ്ങയുടക്കുന്നത്" വൈക്കം വിശ്വന്‍

അത്
അന്ധവിശ്വാസമല്ല മഹത്തായ ഭാരതീയ സംസ്ക്രിതിയുടെ ,പൈതൃകത്തിന്റെ, അത്മീയതയുടെ.......................മറുപടി ഇന്‍സ്റ്റന്റാണ്‍. ആരും തോറ്റു പോകും , വൈക്കം വിശ്വനും.

ആത്മീയതയുടെ തിരിച്ചുവരവില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചെടിപ്പുകൂടുതലാണ്‍.
ആത്മീയതയുടെ തിരിച്ചു വരവ് !

ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം !
മാടന്‍ കാവ് ഒടയതമ്പുരാന്‍ ഈ വാഹനത്തിന്റെ ഐശ്വര്യം.
(കുറ്റിക്കാട്ടില്‍ വടയക്ഷി ഇവളുടെ ഐശ്വര്യം എന്നെഴുതിയാല്‍ ഭാര്യയുടെ ചന്തിയിലും ഒട്ടിക്കാം)

ഇത് ഭക്തിയുടെ, ആത്മീയതയുടെ ഉയര്‍ത്തെഴുനേല്‍പ്പായി വിലയിരുത്തപ്പെടുന്നു. യുക്തി ബോധത്തിന്റെ, കമ്മ്യൂണിസത്തിന്റെ അടിത്തറകള്‍ പിളര്‍ന്ന് വളര്‍ന്നു വന്നൊരു ആല്‍ വൃക്ഷം.
ചരടു കെട്ടിയ ജീവിതങ്ങളാണ്‍ വഴി നീളെ..............,കറുപ്പ്, ചുവപ്പ്, മഞ്ഞ, വെള്ള......... കൈത്തണ്ടയിലും അരയിലും കഴുത്തിലുമെല്ലാം യന്ത്രങ്ങള്‍, യന്ത്ര മനുഷ്യര്‍, രത്നഖനികള്‍...............
ഇത് ഭക്തിയുടെ രണ്ടാം വരവോ.................

ഇതൊരു വിപ്ലവമോ , ഉയര്‍ത്തെഴുനേല്പോ അല്ല. ഭക്തിയുടെ തുണിയഴിച്ചാട്ടമത്രേ........
പോയ കാലത്തിന്റെ ആഭിചാരങ്ങളും മന്ത്രവാദികളും പോയ മറഞ്ഞു.അല്ലെങ്കിലും അവ നീചരായ കീഴാള വര്‍ഗ്ഗത്തിന്റെ ചെപ്പടിവിദ്യകളായിരുന്നല്ലോ ?.ഭാരതത്തിലെ നിഴല്‍ക്കുത്തുമുതല്‍ ആധുനിക കേരളത്തിലെ ഒടിവിദ്യ വരെ കീഴാള സംസ്ക്രിതിയുടെ കൈമുതലുകളായിരുന്നു. ഇവക്ക് അന്നേ ഒരു വരേണ്യ ബദല്‍ അന്വേഷിച്ചിരുന്നു വിശ്വഹിന്ദു. അവിടെ മന്ത്രവാദി മരിക്കുകയും തന്ത്രി ജനിക്കുകയും ചെയ്തു. ആഭിചാരത്തിനെ കാവി പൂശി ഹോമവും യജ്ഞവുമാക്കി.ആടിനെ അഴിച്ചുവിട്ട് തന്റെ വാഴ തീറ്റിച്ച അയല്‍ക്കാരനെ "കുത്തിത്തച്ച് പ്രാകുന്ന അമ്മൂമ്മമാര്‍ പോയിമറഞ്ഞു. പഴയ പ്രാക്കിന്റെ മൊത്തക്കച്ചവടം തന്ത്രിക്കാണ്‍ , ശത്രുദോഷം എന്ന് ഓമനപ്പേര്‍.

അമ്പലം ഒരു സൂപ്പര്‍മാര്‍ക്കറ്റായി, ദൈവം ഒരു പരസ്യവും. പാക്കു ചെയ്തിട്ടുണ്ട് വിഭവങ്ങള്‍, ആവശ്യമുള്ളത് എടുക്കുക, ധനാകര്‍ഷണം, സുമഗല സൂത്രം, ലൈഗിക വര്‍ദ്ധിനി, സന്താന യോഗം.
പാക്കറ്റില്‍ തുക എഴുതിയിട്ടുണ്ട്, നാളും പേരും പറഞ്ഞ് അര്‍ച്ചിക്കുക, പൊതി എടുക്കുക, കൃത്യമായ തുക ഒടുക്കുന്നവനൊപ്പം ദൈവം വരുന്നു. ചരടായി, ഏലസ്സായി, ഭസ്മമായി...............ഏത് നീച കര്‍മ്മത്തിനും ദൈവം കൂട്ടിനുണ്ടെങ്കില്‍ പിന്നെന്ത്?.

അനന്തപുരം പത്മനാഭന്‍ മുതല്‍ തളിപ്പറമ്പ് ജഗന്നാഥന്‍ വരെ പിന്നോക്കം പോയി. ഭക്തരെക്കാത്ത് ഈച്ചയടിച്ചിരിക്കുന്ന നമ്മുടെ യഥാര്‍ത്ഥ ദൈവങ്ങള്‍. അവരുടെ കയ്യില്‍ സ്പെഷ്യല്‍ പാക്ക്റ്റുകളില്ലല്ലോ, അവര്‍ക്ക് വിഖ്യാത പൊങ്കാലകളില്ല, യന്ത്രങ്ങളില്ല, ചരടില്ല.
ഭക്തന്‍ ശാന്തിയും സമാധാനവും നാടിന്‍ ഐശ്വര്യവും പ്രദാനം ചെയ്തിരുന്ന ഇവരെ ആര്‍ക്ക് വേണം
നമുക്ക് ആറ്റുകാലമ്മയുണ്ട്, ചക്കുളത്തമ്മയുണ്ട്, കുട്ടിച്ചാത്തന്‍ സേവാ മഠങ്ങളുണ്ട്. ഉദ്യോഗസ്ഥരുടെ പ്രമോഷന്‍, കൈക്കുലി വര്‍ദ്ധന എന്നിവ മാത്രം നോക്കാന്‍ അനന്തപുരിയില്‍ ഹനുമാനുണ്ട്. ഇതൊന്നും സ്പെഷ്യലായി നോക്കാനാകാത്ത പത്മനാഭാ.......നിനെക്കെന്തിനര്‍ച്ചന...........

ജീവിതം മുഴുവന്‍ പിഴിഞ്ഞൂറ്റി മക്കള്‍ക്ക് നല്‍കി, അന്ത്യനാളുകളില്‍ അനാഥാലയത്തിന്റെ തിണ്ണ നിരങ്ങുന്ന മാതാപിതാക്കള്‍ക്കും ആശ്വസിക്കാം, മരിക്കുമ്പോള്‍ അതിഗംഭീര ചാവടിയന്തിരം. അത് അനാഥലയത്തിലല്ല , സ്വന്തം വീട്ടില്‍ , അല്ലെങ്കില്‍ ആഡിറ്റോറിയത്തില്‍, പിന്നെ പിതൃപൂജ , അന്നദാനം........തൃപ്തിയായി...............ഭക്തിയുടെ പുനര്‍ജന്മം!

വര്‍ഷങ്ങള്‍ പഠിച്ച് പാസ്സാകേണ്ട പരീക്ഷ ഒരു ചെറുചരടിനാല്‍ നേടിയെടുക്കാം, അയല്‍ക്കാരന്റെ ഭാര്യയെ ഒരു വിഭൂതിയാല്‍ പാട്ടിലാക്കാം. എത്രസുഖം ഇഹലോകജീവിതം, പൂന്താനം പോയിത്തുലയട്ടെ..........പ്രമോഷന്‍, സസ്പെന്‍ഷന്‍, ശസ്ത്രക്രിയക്ക്, എന്തിന്‍ അര്‍ശ്ശസ്സിനു വരെ മന്ത്രമുള്ളപ്പോള്‍ എന്തിന്‍ വെറുതേ ഇങ്ക്വിലാബ് വിളിക്കണം.

കുട്ടിക്കാലത്ത് വള്ളികളില്‍ ഊഞ്ഞാലാടിക്കളിച്ചിരുന്ന മാടന്‍ കാവുകളെവിടെ, യക്ഷിയുടെ മുടിപോലെ പൂത്തുകിടന്നിരുന്ന ഒലട്ടിമരമെവിടെ..........................
മാടനും മറുതയും പോയി, അറുകൊലയും പേയും, ചുടല മാടനും , കാലം ചെയ്തു. എല്ലാം കീഴാള ദൈവങ്ങള്‍. എവിടെയും പുനരുദ്ധാരണ മാമാങ്കങ്ങള്‍, തന്ത്രിമാര്‍ എഴുന്നള്ളുന്നു.ഉച്ചാടന പന്തലില്‍ കാവിക്കൊടി പാറുന്നു. (കീഴാള ദൈവങ്ങള്‍ ചെമ്പട്ടുടുത്ത കമ്മ്യൂണിസ്റ്റുകാരായിരുന്നു, അവര്‍ കോഴിച്ചോരയും പട്ടയും കഴിച്ചിരുന്നു.). കാളിയും കൃഷ്ണനും പീഡത്തിലേറുന്നു. ചെമ്പട്ടുടുത്ത് തുള്ളിയുറയുന്ന പറയന്‍ പുറത്തായി, മുടിയഴിച്ചാടുന്ന കുറത്തിയും പടിക്കു പുറത്ത്. ചരടു ജപിക്കുന്ന പോറ്റിയെത്തുന്നു. ഫലം പറയുന്ന തിരുമേനിയും, അര്‍ച്ചന, ഹോമം, യജ്ഞം.....................ഭക്തിയുടെ പുനരുദ്ധാരണം.

പടിയിറങ്ങിപ്പോയ എന്റെ ഭഗവതീ...................നിനക്കിരിക്കാന്‍ ഒരു പനമ്പട്ട പോലുമില്ലല്ലോ..........................
കീഴാള ദൈവങ്ങളെ പടിയിറക്കി. പക്ഷേ സമസ്ത ഹിന്ദുവല്ലേ.........ഒരു ഗഡു ക്ഷാമബത്തയെങ്കിലും കൊടുക്കണ്ടേ...........അബ്രാഹ്മണനും പൂജാരിയാകാം എന്ന് വിശാല ഹിന്ദു. പൂശാരി പറയനായാലും ദേവന്‍ ആര്യനാകട്ടെ.
ക്ഷേത്രങ്ങള്‍ സാസ്കാരിക കേന്ദ്രങ്ങളായിരുന്നു അന്ന്. സൃഷ്ടിയുടെ വേദനയുമായി അമ്പലപ്പറമ്പിലേക്കോടിയ കുഞ്ചന്‍ അവതരണത്തിന്‍ വിലക്കുകളില്ലായിരുന്നു. ജനത്തിനിഷ്ടപ്പെടുന്നതെന്തും ക്ഷേത്രകലയായിരുന്നു. അച്ചീ ചരിതങ്ങള്‍ മുതല്‍ സംഭോഗ വര്‍ണ്ണനകള്‍ വരെ.

ഇന്ന് നവോത്ഥാന കാലഘട്ടത്തില്‍ ദൈവം എന്ത് കാണണമെന്ന് വിശ്വഹിന്ദു തീരുമാനിക്കുന്നു. നാടകം, കഥാപ്രസംഗം, ഗാനമേള എല്ലാം അഹൈന്ദവം. അത് മതില്‍ക്കെട്ടിന്‍ പുറത്ത്. കലയെ കുമ്മനം രാജശേഖരന്‍ പരിശോധിക്കും, അകത്തോ പുറത്തോ , ചാപ്പ കുത്തും.
ഭക്തിയുടെ നവോത്ഥാനത്തില്‍ ഭക്തനും ദൈവത്തിനുമിടയില്‍ ഒരു പുതിയ ഇടനിലക്കാരന്‍. വിശ്വഹിന്ദു. കേരളത്തിലെ തൊണ്ണൂറൂ ശതമാനം ഹിന്ദുക്കളും ഒരിക്കലും തെരെഞ്ഞെടുക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഒരു നേതൃത്വം അതേ ഹിന്ദു സമൂഹത്തിന്റെ പേരില്‍ സ്വയം അവരോധിക്കുന്നു. ഭക്തനും ദൈവത്തിനുമിടയില്‍ ഒരു മറയായി നില്‍ക്കുന്നു.

ക്ഷേത്രമതില്‍ക്കെട്ടിനകത്ത് അറിയാതെ ചെരിപ്പിട്ട് കയറിയാല്‍, കുഞ്ഞ് മൂത്രമൊഴിച്ചാല്‍, ഇടതുകയ്യാല്‍ പ്രസാദം വാങ്ങിയാല്‍ , ഒക്കെ ദൈവം ക്ഷമിക്കും. പക്ഷേ ഇവര്‍ ക്ഷമിക്കില്ല, അടിച്ച് പല്ലു പറിക്കും, ദൈവം അറിയാത്ത, ദൈവത്തെ അറിയാത്ത, ദൈവത്തിന്റെ സ്വന്തം കാവല്‍ക്കാര്‍.
എന്റെ ദൈവമേ...........ഇവരുടെ പിടിയില്‍ നിന്ന് നീയെന്നാണ്‍ രക്ഷപ്പെടുക!

Friday, September 25, 2009

“സെബാസ്റ്റ്യന്‍ “പോള്‍ വധക്കേസ്”

ഒടുവില്‍ പോളിന് ബുദ്ധിയുദിച്ചു.
പിണറായിക്കു വേണ്ടി ചാവേറാകാന്‍ എന്നെ കിട്ടില്ല.
ഈ തുറന്നുപറച്ചില്‍ തികച്ചും സത്യസന്ധമാണ്. ആത്മാര്‍ത്ഥമാണ്.
അത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിര്‍ഗ്ഗളിച്ചതാണ്.
അതിന് നാം അദ്ദേഹത്തോട് നന്ദി പറയേണ്ടതുണ്ട്.

സമകാലിക കേരളത്തില്‍ പിണറായി വിജയന് വേണ്ടി സംസാരിക്കുക എന്നതിന് ഒരര്‍ത്ഥമേയുള്ളൂ.
ചാവേറാകുക
അതായത് അറിഞ്ഞുകൊണ്ട് കൊല്ലപ്പെടുക.
ജോലി,വേതനം, കുടുംബം, അഭിമാനം, അന്തസ്സ് എല്ലാം നഷ്ടപ്പെടുത്തുക.
പത്രങ്ങളില്‍ , വാരികകളില്‍, മാസികകളില്‍, ചാനലുകളില്‍ നിന്ന് എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടുക.
നിരന്തരമായി അപഹസിക്കപ്പെടുക.
ഇതിന് തനിക്ക് വയ്യ എന്നേ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞുള്ളൂ.
അത് തുറന്നു പറച്ചിലാണ്.
ഒപ്പം സമകാലിക സാമൂഹിക വ്യവസ്ഥിതിയുടെ ഒരു നേര്‍ക്കാഴ്ചയും.
മുകുന്ദനു കിട്ടിയത്, കെ.ഇ.എന്നിനു കിട്ടിയത്, തൂറുന്നതിനെക്കുറിച്ച് തോറാ പറഞ്ഞപ്പോള്‍ കിട്ടിയത്.
എല്ലാം കണ്ടും കേട്ടും പഠിക്കുന്നവനാണ് മനുഷ്യന്‍ , മനനം ചെയ്യുന്നവന്‍,
ഇപ്പോള്‍ പോളും മനുഷ്യനായി.
സി.ആര്‍.നീലകണ്ഠനെപ്പോലെ, സുരേഷ്കുമാറിനെപ്പോലെ, ഉമേഷ് ബാബുവിനെപ്പോലെ..................
അതങ്ങനെ നീണ്ടു കിടക്കയല്ലേ...............................
അങ്ങിനെ അദ്ദേഹവും വിശുദ്ധനായി.
വിശുദ്ധ സെബാസ്ത്യന്‍ പോള്‍
ആമേന്‍

Thursday, September 24, 2009

കോടതി പറയുന്നത്

രാത്രിയുടെ മൂന്നാം യാമം.

ഉറക്കത്തില്‍ നിന്ന് പൊടുന്നനെ ഞാന്‍ ഞെട്ടിയുണര്‍ന്നു.

വല്ലാത്ത തണുപ്പ്. കാറ്റ് എല്ലിലേക്കുവരെ കുത്തിതുളക്കുന്നു. ഭീതിജനകമായ ഒരന്തരീക്ഷം മുറിക്കുള്ളില്‍.

ഒരിരമ്പത്തോടെ ഫാനിന്റെ കറക്കം നിലച്ചു.

വെറുതേ അതിലേക്കൊന്നു നോക്കി. മച്ചില്‍ ഒരു ചെറിയ പ്രകാശം പോലെ.

മിന്നാമിന്നിയാണോ?. അല്ല. തികച്ചും വ്യത്യസ്ഥമായൊരു പ്രകാശം.

ഒരു നീല വെളിച്ചം.

അത് കറങ്ങിക്കറങ്ങി താഴേക്കു വരുന്നു. താഴേക്കു വരും തോറും അത് വലുതാകുന്നു.

ഒരു ഹൂങ്കാരത്തോടെ ആ ശബ്ദം തറയില്‍ പതിച്ചു. അതില്‍ നിന്നും ദൈവം എന്നെ നോക്കി പുഞ്ചിരിച്ചു.

എന്താ കരിമീനെ.........പേടിച്ചു പോയൊ?.

പ്രഭോ.....അങ്ങ് ഇവിടെ...............

“വെറുതേ ഇതിലേ പോയതാണ്. നീ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടപ്പോള്‍ ഒന്ന് കയറിയിട്ട് പോകാമെന്നു കരുതി.“

നാളെ പിണറായി കോടതിയില്‍ ഹാജറകുന്നില്ല പ്രഭോ................എഴുതി വച്ചതൊക്കെ പാഴായി. അതാ ഉറക്കം വരാത്തത്. ഇനി പത്രത്തില്‍ എന്ത് അച്ചടിക്കും പ്രഭോ..........

“ഇന്നെന്താ തിയതി “ ദൈവം ചോദിച്ചു.

“ഇരുപത്തിനാല് സെപ്റ്റംബര്‍ പ്രഭോ

രണ്ടു ദിവസം ക്ഷമിക്കനിയാ.........” ദൈവം പറഞ്ഞു.” ഇരുപത്തി ഏഴാം തിയതി പത്രത്തില്‍ അച്ചടിക്കാന്‍ ഉഗ്രന്‍ തലക്കെട്ട് ഇതാ പിടിച്ചോ..........1

1,സംസ്ഥാന ആഭ്യന്തര വകുപ്പ് മാഫിയകളുടെ പിടിയിലെന്ന് കോടതി.

2, ആഭ്യന്തരമന്ത്രിയെ ആ സ്ഥാനത്ത് ഇരുത്തണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണം, കോടതി

3, ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം സംശയാസ്പദമെന്നു കോടതി.

ഇത്രയും പോരെ അനിയാ................ബാക്കി നിന്റെ ഇഷ്ടം പോലെ എഴുതിക്കോ...............................

“അല്ല പ്രഭോ.........ഏത് കോടതി..........എപ്പോള്‍ പറഞ്ഞു.”

നീ അതൊന്നും അറിയണ്ട! കാരണം നീ വെറും കുട്ടിയാണ് “ ദൈവം മറഞ്ഞു.

Monday, September 14, 2009

പാടില്ല, പാടില്ല,നമ്മെ നമ്മള്‍

ഓര്‍ഡര്‍, ഓര്‍ഡര്‍


ബഹുമാനപ്പെട്ട കോടതി കൂടുകയാണ്.


കോടതി: പ്രതി പിണറായി വിജയന്‍, താങ്കള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ വായിക്കുകയാണ്.


1, ലാവ് ലിന്‍ കരാര്‍ സംസ്ഥാനത്തിന് കനത്ത നഷ്ടം വരുത്തിവക്കും എന്ന് എഴുതിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വരദാചാരിയുടെ തല പരിശോധിക്കാന്‍ താങ്കള്‍ ഫയലില്‍ എഴുതിയോ?.


പ്രതി : ഞാന്‍ കുറ്റം നിഷേധിക്കുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ എല്ലാം തട്ടിപ്പ് പ്രസ്ഥാനങ്ങളാണ് എന്ന് അയാള്‍ എഴുതിവിട്ട ഫയലിലാണ് ഞാന്‍ അങ്ങിനെ കുറിപ്പെഴുതിയത്.


കോടതി : താങ്കള്‍ക്ക് ആ ഫയലിന്റെ പകര്‍പ്പ് ഹാജറാക്കാമോ


മാധ്യമങ്ങള്‍: പാടില്ല, പാടില്ല , അത് ഹാജറാക്കിയാല്‍ സി.ബി.ഐ.യുടെ കണ്ടെത്തല്‍ പൊളിയും. പ്രോസിക്യൂഷന്‍ പൊളിയും. പ്രോസിക്യൂഷനെ ബാധിക്കുന്ന ഒന്നും തന്നെ ഹാജറാക്കാന്‍ പ്രതിക്ക് അവകാശമില്ല.


കോടതി : ആവശ്യത്തിന് രേഖകള്‍ ഹാജറാക്കാന്‍ സാധിക്കാത്തതിനാല്‍ ഈ കേസില്‍ താങ്കള്‍ കുറ്റവാളിയാണ് പിണറായി.

കോടതി: അടുത്ത കുറ്റം. കരാറോ ,ടെന്‍ണ്ടറോ വിളിക്കാതെ ലാവലിന്‍ എന്ന കമ്പനിയുമായി താങ്കള്‍ കരാറ് ഒപ്പിട്ടില്ലേ


പ്രതി: കുറ്റം ഞാന്‍ നിഷേധിക്കുന്നു. കരാര്‍ ഒപ്പിട്ടത് യു.ഡി.എഫ്. സര്‍ക്കാരാണ്. അതില്‍ നിന്നും മാറാന്‍ അടുത്ത സര്‍ക്കാരിന് ആകുമായിരുന്നില്ല.


കോടതി: യു.ഡി.എഫ്. ആണ് ഒപ്പിട്ടത് എന്ന്തിന് എന്തെങ്കിലും തെളിവുണ്ടോ താങ്കള്‍ക്ക്?.


മാധ്യമങ്ങള്‍: പാടില്ല, പാടില്ല. പ്രോസിക്യൂഷനെ ദോഷമായി ബാധിക്കുന്ന ഒരു രേഖയും ഹാജറാക്കാന്‍ പ്രതിക്ക് അവകാശമില്ല.


കോടതി: രേഖകളുടെ അഭാവത്തില്‍ താങ്കള്‍ കുറ്റക്കാരനാണ് പിണറായി.


കോടതി: മലബാറ് ക്യാന്‍സര്‍ സെന്ററിന് വന്ന നൂറ് കോടി രൂപ താങ്കള്‍ അടിച്ചുമാറ്റി എന്ന ആരോപണത്തെപ്പറ്റി?.

പ്രതി: ഞാനത് നിഷേധിക്കുന്നു. തന്നിട്ടുള്ള എല്ലാ തുകക്കും രശീതുണ്ട്.

കോടതി: തെളിവുണ്ടോ താങ്കളുടെ കയ്യില്‍

മാധ്യമങ്ങള്‍: പാടില്ല..........പാടില്ല ആ തെളീവ് പ്രോസിക്യൂഷനെ ബാധിക്കും. അത് സമര്‍പ്പിക്കാന്‍ പാടില്ല.

കോടതി: അപ്പോള്‍ പിണറായിക്ക് ഏതു രേഖ സമര്‍പ്പിക്കാം

മാധ്യമങ്ങള്‍: ഒരേ ഒരു രേഖ . സിനിമയില്‍ ശങ്കരാടി കാണിച്ചില്ലേ...ആ രേഖ.. കൈരേഖ അത് മാത്രം.

/ / ഇങ്ങനെയാണ് നമ്മള്‍ ഉദ്ദേശിക്കുന്ന നിയമപരമായ നേരിടല്‍/ /


Thursday, September 10, 2009

പന്നിപ്പനി വീണ്ടും

കേരളത്തില്‍ പന്നിപ്പനി വീണ്ടും പടരുന്നു.

പി.കെ.ശ്രീമതി എന്ന ആരോഗ്യമന്ത്രിയുടെ പിടിപ്പുകേടുമൂലം കേരളത്തില്‍ പടര്‍ന്നു പിടിച്ചിരുന്ന പന്നിപ്പനി കഴിഞ്ഞ രണ്ടാഴ്ചയായി നിശേഷം വിട്ടുമാറിയിരുന്നു.

ഓം പ്രകാശ് , പുത്തന്‍ പാലം രാജേഷ് എന്നീ വക്സിനുകളുടെ സമര്‍ത്ഥമായ ഉപയോഗം മൂലമാണ് രണ്ടാഴ്ച് കേരളത്തില്‍ പന്നിപ്പനി നിശേഷം വിട്ടുമാറിയത്. ഈ രണ്ടാഴ്ച കേരളത്തിലെ ഒരു മാധ്യമവും ഒരു പന്നിപ്പനി കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എന്നാല്‍ ഇന്നലെ ഈ രണ്ട് വാക്സിനുകളും പൂജപ്പുര ജയിലായതോടെ പന്നിപ്പനി വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ്, ഇന്‍ഡ്യാവിഷ്യന്‍........എന്നീ ചാനലുകളില്‍ ഇന്നു മുതല്‍ പന്നിപ്പനി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്.

Monday, September 7, 2009

മുത്തൂറ്റ് നാസര്‍ വധിക്കപ്പെട്ടാല്‍

മുത്തൂറ്റ് പോള്‍ വധിക്കപ്പെട്ടു. കൊന്നത് കാരി സതീശനാണ് എന്ന് പോലീസും അതല്ല കോടിയേരിയുടെ ഉത്തരവ് പ്രകാരം ഓം പ്രകാശാണ് എന്ന് മാത്രുഭൂമിയും മനോരമയും പറയുന്നു.
സത്യം എന്തോ ആകട്ടെ.......കൊല്ലപ്പെട്ടത് പോളിനു പകരം മുത്തുറ്റ് നാസറോ മുത്തൂറ്റ് സുബൈറോ ആയിരുന്നെങ്കില്‍ മനോരമ മാത്രുഭൂമി എന്നിവര്‍ നിരത്തുമായിരുന്ന തലക്കെട്ടുകളില്‍ ചിലത്.
1, വ്യവസായി കൊല്ലപ്പെട്ടു. അധോലോകബന്ധം കാരണമായി?
2, നാസര്‍ മയക്കുമരുന്നു ലോബിയുടെ കണ്ണി?.
3,ഓം പ്രകാശ് കടന്നത് കോയമ്പത്തൂരിലേക്ക്, നാസറിന് തീവ്രവാദ ബന്ധവും.
4,കാറിലുണ്ടായിരുന്നത് പാക്കിസ്ഥാന്‍ കള്ളനോട്ട്.
5,നടിക്ക് ദാവൂദുമായി ബന്ധം.
6,മന്ദാകിനി മുതല്‍ ലക്ഷ്മി റായ് വരെ (നടികളും അധോലോകവും)
7,അബ്ദുള്‍ നാസര്‍ മദനിക്ക് മുത്തൂറ്റ് നാസറുമായി ബന്ധം.
8,നാസറിന്റെ പൂര്‍വകാലം അന്വേഷിക്കരുതെന്ന് പോലീസിന് രഹസ്യ നിര്‍ദ്ദേശം.
9,അബ്ദുള്‍ ഹാലിമും മുത്തൂറ്റ് നാസറും ബന്ധപ്പെട്ടിരുന്നതിന് തെളിവ് ലഭിച്ചു.
10, കാറില്‍ ഉഗ്ര സ്ഫോടക വസ്തുക്കളെന്ന് അനുമാനം.

Friday, August 28, 2009

ഇരുപത്തിനാലില്‍ ഒന്ന്

മുത്തൂറ്റ് പോള്‍ വധക്കേസില്‍ ആകെ ഇരുപത്തി നാല് പ്രതികള്‍. ചങ്ങനാശ്ശേരിയിലെ ഇരുപത് ഗുണ്ടകള്‍. ഡ്രൈവര്‍. മനു.പിടികിട്ടാത്ത രണ്ട് ഗുണ്ടകള്‍. പുത്തെന്‍പാലം രജേഷും ഓം പ്രകാശും.
എല്ലാപേരും മലയാളികള്‍. ചെറുപ്പക്കാര്‍. ഇതില്‍ ഇരുപത്തിനാലാമന്റെ രാഷ്ട്രീയം നമുക്കറിയാം. അയാള്‍ സി.പി.എം. ഗുണ്ടയാണ്.
ബാക്കി ഇരുപത്തി മൂന്ന് പേര്‍?.. അവരുടെ രാഷ്ട്രീയം?.അവര്‍ സി.പി.എം.കാരല്ല എന്ന് പത്രങ്ങളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും മനസ്സിലായി.
കേരളം പോലൊരു സംസ്ഥാനത്തില്‍ 24/23 പേരും അരാഷ്ട്രീയക്കാരാകാന്‍ യാതൊരു സാധ്യതയുമില്ല.
കാരി സതീശന്‍ വെറും ബലിയാടാണ് എന്ന് യുവമോര്‍ച്ച നേതാവ് ചാനലുകളില്‍ പറഞ്ഞു.
അപ്പോള്‍ ഗുണ്ടയാകുന്നതില്‍ ഒരര്‍ത്ഥവുമില്ല.
ജനിക്കുന്നെങ്കില്‍ സി.പി.എം.ഗുണ്ടയായി ജനിക്കണം.
കുത്തിയവന്‍ നിരപരാധി. കുത്തിച്ചവന്‍ നിരപരാധി. ചത്തവന്റെ പിന്നാലെ കാറില്‍ വന്നു എന്ന് കരുതപ്പെടുന്നവന്‍ കൊലയാളി , കാരണം അവന്‍ സി.പി.എം. ഗുണ്ട.
19957-ല്‍ ചരിത്രത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റുകാരെ അധികാരത്തിലേറ്റിയ കേരളത്തില്‍ 24/01 ഒന്ന് എന്നത് മാത്രമാണ് സി.പി.എമ്മിന്റെ ആള്‍ ബലം എന്നത് നാണക്കേടല്ലേ?.
ഇത് പിണറായി വന്നതിന് ശേഷമുണ്ടായ കൊഴിഞ്ഞു പോക്കാണോ?.
ആവശ്യത്തിന് ഗുണ്ടകള്‍ പോലുമില്ലാത്ത സി.പി.എം.!

Thursday, August 27, 2009

നീയല്ലെങ്കില്‍ നിന്റെ അമ്മ

പണ്ടത്തെ കഥയില്‍ കടുവ ഇത് പറഞ്ഞത്,ആട്ടിങ്കുട്ടിയോടാണ്. അതിലെ ആട്ടിങ്കുട്ടി പാവമായിരുന്നു.


വെള്ളം കുടിക്കാനിറങ്ങിയ അതിനെ കൊന്നുതിന്നാന്‍ കടുവക്കൊരു കാരണം വേണമായിരുന്നു.





പക്ഷേ ഇന്ന് കഥ ആവര്‍ത്തിക്കുന്നത് കാരി സതീശന്റെ കാര്യത്തിലാണ്. സതീശന്‍ ഒരു പാവമല്ല, ഒരു കൊലക്കേസ് പ്രതിയാണ്. അപരാധി എന്ന് പോലീസും നിരപരാധി എന്ന് മനോരമ,മാത്രുഭൂമി, കെ.സുരേന്ദ്രന്‍,എന്നിവരും വാഴ്ത്തുന്ന കാരി സതീശന്‍ ഒരു ആര്‍.എസ്സ്.എസ്സ്കാരനാണ് എന്ന് പിണറായി വിജയന്‍ ആരോപിച്ചതോടെയാണ് കാരിയുടെ ശുക്രദശ തെളിഞ്ഞത്.


എന്നാലും മാത്രുഭൂമിക്ക് ഒരു സംശയം ഒടുവില്‍ കാരി തന്നെയാണ് കൊന്നത് എന്ന് തെളിഞ്ഞാലോ?.





അങ്ങിനെ വന്നാല്‍ അതിലും ഇരിക്കട്ടെ ഒരു സി.പി.എം.ബന്ധം , കാരിയുടെ അമ്മ സി.പി.എം.ആണത്രേ!. അതായത് ഒരു സി.പി.എം.കാരിയുടെ മകനായി പിറന്നതാണ് കാരി കുറ്റം ചെയ്യനുള്ള യഥാര്‍ത്ഥകാരണം.(ഇനി കുറ്റം ചെയ്തത് കാരിയാണ് എന്ന് തെളിയുകയാണെങ്കില്‍)





ഓം പ്രകാശിന്റെ അമ്മ ഏത് പാര്‍ട്ടിയാണോ ആവോ?. ഓം പ്രകാശ് തന്നെ സി.പി.എം.ആയ സ്ഥിതിക്ക് അയാളുടെ അമ്മയുടെ ആവശ്യം തല്‍ക്കാലം ഇല്ല തന്നെ.




പോലീസ് അന്വേഷണം അട്ടിമറിച്ചു എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് യാതൊരു സംശയവും ഇല്ല. അട്ടിമറിച്ചത് കോടിയേരിയുടെ മക്ന്റെ കൂട്ടുകാരനായ ഓം പ്രകാശിനെ രക്ഷിക്കാന്‍ , അതിലും യാതൊരു സംശയവും ഇല്ല.


പക്ഷേ ഇന്നലെ പിണറായി രംഗത്തു വന്നതെന്തിന്?. അതിലും അവര്‍ക്ക് സംശയമില്ല, കോടിയേരിയും മകനും കുടുങ്ങുമെന്നായപ്പോള്‍ രക്ഷിക്കാന്‍ വന്നതാണ് പിണറായി!. എങ്ങ്നെ കുടുങ്ങുമെന്നായപ്പോള്‍! ?. അന്വേഷിക്കുന്നത് കോടിയേരി, അട്ടിമറിക്കുന്നത് കോടിയേരി, പക്ഷേ കുടുങ്ങും എന്നായി അത്രേ................


അതെങ്ങിനെ.........


യഥാര്‍ത്ഥത്തില്‍ പോള്‍ വധക്കേസ് അന്വേഷിക്കേണ്ടത് എങ്ങനെയാണ്?.


സംഭവം മാത്രുഭൂമിയും മനോരമയും കൃത്യമായി എഴുതി വച്ചിട്ടുണ്ട്.


പോളും ഓം പ്രകാശും രാജേഷും 40ലക്ഷം രൂപയുമായി കാറില്‍ വരുന്നു. ഈ രൂ‍പ പോളിന്റേതാണ്. ഇടക്കുവച്ച് ഓം പ്രകാശ് കോടിയേരി ബാലകൃഷ്ണന്റെ മകനെ ഫോണില്‍ വിളിച്ച് 40ലക്ഷം രൂപയും പോളും ഞങ്ങളും ആലപ്പുഴ ഉണ്ട് എന്ന വിവരം അറിയിക്കുന്നു. കോടിയേരിയും മകനും ഉടനെ തന്നെ പോളിനെ വധിച്ച് ആ തുക സ്വന്തമാക്കാന്‍ ഓം പ്രകാശിന് നിര്‍ദ്ദേശം നല്‍കുന്നു.


അതു പ്രകാരം ഓം പ്രകാശ് പോളിനെ കടലില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.


പിന്നീട് ഇവരൊരുമിച്ച് പലയിടങ്ങളിലും കറങ്ങി എങ്കിലും അവിടെ വച്ചൊന്നും പോളിനെ കൊല്ലാന്‍ ഓം പ്രകാശിനും സുഹൃത്തിനും കഴിഞ്ഞില്ല. കോടിയേരിയുടെ വിളിയാകട്ടെ തുടര്‍ന്നുകൊണ്ടിരുന്നു.


ഒടുവില്‍ നെടുമുടിയില്‍ വച്ച് പോളിനെ ഇവര്‍ കുത്തിക്കൊന്നു.എന്നിട്ട് ശരീരം വഴിയരുകില്‍ ഉപേക്ഷിച്ചു. വാഹനവും രൂപയുമായി കടന്നു.


കൊല്ലത്ത് മഠത്തില്‍ രഘുവിന്റെ വീട്ടില്‍ തുക ഏല്പിച്ച ശേഷം മുങ്ങാനായിരുന്നു കോടിയേരിയുടെ നിര്‍ദ്ദേശം. എന്നാല്‍ മഠത്തില്‍ രഘുവിന്റെ വീട്ടിന് മുന്നിലെത്തിയപ്പോഴേക്കും വാഹനം കേടായി. അങ്ങിനെ കോടിയേരിയെ വിളിച്ചറിയിച്ച പ്രകാരം കൊല്ലം എസ്.പി.മറ്റൊരു വാഹനം ഏര്‍പ്പാടാക്കുകയും ഇവരെ രക്ഷിക്കുകയും ചെയ്തു.

ഇതാണ് പോലീസ് അന്വേഷിച്ചു കണ്ടെത്തേണ്ട തിരക്കഥ. ഇതില്‍ നിന്നുള്ള ഏതൊരു വ്യതിചലനവും അട്ടിമറിയാണ് എന്നതില്‍ സംശയമില്ല.

കേസന്വേഷണം സ്തുത്യര്‍ഹമായി നടന്നത് ഒരു കൊലപാതകത്തില്‍ മാത്രം. മാതൃഭൂമി ഡയറക്റ്ററായിരുന്ന ജിനചന്ദ്രന്റെ”. അതുകൊണ്ടല്ലേ അത് ആത്മഹത്യയായത്.


മുത്തൂറ്റ് പോള്‍ വധം പിന്നില്‍ അത്യുന്നതന്‍?.

സാങ്കല്പികം

മുത്തൂറ്റ് പോള്‍ വധത്തിനു പിന്നില്‍ അത്യുന്നതന്‍ ഉള്‍പ്പെട്ട ഗൂഡാലോചന നടന്നതായി പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റിന്റെ ബിസിനസ്സ് ബന്ധങ്ങളിലേക്ക് നടത്തിയ അന്വേഷണമാണ് പോലീസിനെ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിച്ചത്. സംസ്ഥാന പ്രതിപക്ഷ രാഷ്ട്രീയത്തിലെ അത്യുന്നതനായ ഒരു നേതാവിന്റെ ബന്ധുക്കളിലേക്കാണ് ഗൂഡാലോചനയുടെ വിരലുകള്‍ നീളുന്നത്.
പോള്‍ കൊല്ലപ്പെടുന്നതിന് ഏഴ് ദിവസം മുന്‍പ് അദ്ദേഹത്തിന്റെ മൊബൈലിലേക്ക് വന്ന ഒരു കാള്‍ സംസ്ഥാനത്തെ അത്യുന്നത രാഷ്ട്രീയ നേതാവിന്റെ മകന്റേതായിരുന്നു. പോള്‍ ജോര്‍ജ്ജിന്റെ കുടുംബത്തില്‍ പെട്ടവനെങ്കിലും ബിസിനെസ്സ് പരമായി കടുത്ത ശത്രുതയിലുള്ള ബന്ധുവിന്റെ അടുത്ത ബന്ധു വാണ് ഈ നേതാവ്. വിവാഹ ബന്ധങ്ങള്‍ക്കോ കുടുബചടങ്ങുകള്‍ക്കോ പോലും പങ്കെടുപ്പിക്കാത്ത പോള്‍ ജോര്‍ജ്ജിനെ കോണ്‍ഗ്രസ്സ് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ യുവാവ് കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വിളിച്ചത് കൊലയുടെ ദുരൂഹതയേറ്റുന്നു.

പോള്‍ ജോര്‍ജ്ജ് ആലപ്പുഴയില്‍ തുടങ്ങാനുദ്ദേശിച്ചിരുന്ന റിസോര്‍ട്ടിനെ ഏത് വിധേനയും തകര്‍ക്കാന്‍ എതിര്‍ ബിസിനെസ്സ് ലോബി ഉദ്ദേശിച്ചിരുന്നത്രേ. സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാവിന്റെ മരുമകന്‍ ഇക്കാര്യം പലരോടും പറഞ്ഞിരുന്നത്രേ. പോള്‍ ജോര്‍ജ്ജ് കൊല്ലപ്പെടുന്നതിന്റെ തൊട്ടു തലേദിവസം ഉന്നതനായ നേതാവ് കോട്ടയത്തെ വീട്ടിലെത്തി മരുമകനുമായി ചര്‍ച്ച നടത്തി എന്ന വിവരവും പോലീസിന് തലവേദനയാകുന്നുണ്ട്.
അതിനിടെ ദല്‍ഹിയില്‍ വച്ച് പോള്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായതിന്റെ പിന്നില്‍ ഈ നേതാവാണ് എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. മുത്തുറ്റ് കുടുബത്തില്‍ നിന്നും പോളിനെ പോലൊരു വ്യവസായി ഉയര്‍ന്നു വന്നാല്‍ തന്റെ മരുമകന്റെ ബിസിനസ്സിന് സംഭവിക്കാവുന്ന തിരിച്ചടിയാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചതത്രേ!.
അതിനിടെ ചവറ പോലീസ് സ്റ്റേഷനില്‍ നിന്നു കടത്തിയ 40ലക്ഷം രൂപയടങ്ങിയ ബാഗ് തെക്കന്‍ കേരളത്തിലുള്ള ഒരു യുവ എം.പിയുടെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരവും പോലീസിന് കിട്ടിയതായി അറിയുന്നു.

/ /മലയാള മനോരമ ഒരു കോണ്‍ഗ്രസ്സ് വിരുദ്ധ പത്രമായിരുന്നു എങ്കില്‍ അതില്‍ തീര്‍ച്ചയായും വരുമായിരുന്ന ഒരു വാര്‍ത്തയാണിത്.
ഈ വാര്‍ത്ത പച്ചക്കള്ളമാണ്. ഇതില്‍ പറയുന്നതൊന്നും നടന്നിട്ടില്ല എന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം. പക്ഷേ ഡസ്കിലിരുന്ന വാര്‍ത്തയുണ്ടാക്കാന്‍ നടക്കുന്നവര്‍ക്ക് മറ്റുള്ളവന്റെ മാന്യതയിലെന്തുകാര്യം../ /

ഇരുപത്തിനാലില്‍ ഒന്ന്

മുത്തൂറ്റ് പോള്‍ വധക്കേസില്‍ ആകെ ഇരുപത്തി നാല് പ്രതികള്‍. ചങ്ങനാശ്ശേരിയിലെ ഇരുപത് ഗുണ്ടകള്‍. ഡ്രൈവര്‍. മനു.പിടികിട്ടാത്ത രണ്ട് ഗുണ്ടകള്‍. പുത്തെന്‍പാലം രജേഷും ഓം പ്രകാശും.

എല്ലാപേരും മലയാളികള്‍. ചെറുപ്പക്കാര്‍. ഇതില്‍ ഇരുപത്തിനാലാമന്റെ രാഷ്ട്രീയം നമുക്കറിയാം. അയാള്‍ സി.പി.എം. ഗുണ്ടയാണ്.

ബാക്കി ഇരുപത്തി മൂന്ന് പേര്‍?.. അവരുടെ രാഷ്ട്രീയം?.അവര്‍ സി.പി.എം.കാരല്ല എന്ന് പത്രങ്ങളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും മനസ്സിലായി.

കേരളം പോലൊരു സംസ്ഥാനത്തില്‍ 24/23 പേരും അരാഷ്ട്രീയക്കാരാകാന്‍ യാതൊരു സാധ്യതയുമില്ല.

കാരി സതീശന്‍ വെറും ബലിയാടാണ് എന്ന് യുവമോര്‍ച്ച നേതാവ് ചാനലുകളില്‍ പറഞ്ഞു.

അപ്പോള്‍ ഗുണ്ടയാകുന്നതില്‍ ഒരര്‍ത്ഥവുമില്ല.

ജനിക്കുന്നെങ്കില്‍ സി.പി.എം.ഗുണ്ടയായി ജനിക്കണം.

കുത്തിയവന്‍ നിരപരാധി. കുത്തിച്ചവന്‍ നിരപരാധി. ചത്തവന്റെ പിന്നാലെ കാറില്‍ വന്നു എന്ന് കരുതപ്പെടുന്നവന്‍ കൊലയാളി , കാരണം അവന്‍ സി.പി.എം. ഗുണ്ട.

19957-ല്‍ ചരിത്രത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റുകാരെ അധികാരത്തിലേറ്റിയ കേരളത്തില്‍ 24/01 ഒന്ന് എന്നത് മാത്രമാണ് സി.പി.എമ്മിന്റെ ആള്‍ ബലം എന്നത് നാണക്കേടല്ലേ?.

ഇത് പിണറായി വന്നതിന് ശേഷമുണ്ടായ കൊഴിഞ്ഞു പോക്കാണോ?.

ആവശ്യത്തിന് ഗുണ്ടകള്‍ പോലുമില്ലാത്ത സി.പി.എം.!

Saturday, August 22, 2009

വീരഭൂമിയിലെ ഓണവിഭവങ്ങള്‍

വരിക വരിക ഇരിക്ക .......എല്ലാവരും ഇരിക്ക........

എത്ര കാലമായി കണ്ടിട്ട്...................എല്ലാരും ഉണ്ടല്ലോ,അല്ലേ...................

നോം നിങ്ങളെ വിളിപ്പിച്ചത് എന്തിനെന്ന് മനസ്സിലായിക്കാണുമല്ലോ........,അതെ അതു തന്നെ.......

നമ്മുടെ ഓണാഘോഷം........ഇത്തവണ നമുക്ക് പൊടിപൊടിക്കണം......

ശേഖരാ................വാ.........ഇരി, എവിടെ അപ്പുക്കുട്ടന്‍............, ഹരീ .....എന്താ ഒരു ക്ഷീണം..........

അപ്പോ വരുന്ന മാസം ഇരുപത്തിനാലിനാണ് നമ്മുടെ പൊന്നോണം..........

നമ്മളെത്ര ആറ്റുനോറ്റിരുന്നതാ................ഒടുവില്‍ ആ ദിവസം ഇങ്ങെത്തി.........

അന്നാണ് രാക്ഷസ ചക്രവര്‍ത്തി പിണറായി വിജയനെ പാതാളത്തിലേക്ക്....ശ്ശെ അല്ല കോടതിയിലേക്ക് കൊണ്ടുപോകുന്ന ദിവസം. ഹായ്........ഹായ്.........ഓര്‍ത്തിട്ട് നമുക്ക് ഇരിപ്പുറക്കണില്ല.

ശേഖരാ................നീയെന്തൂട്ടാ ഒണ്ടാക്കാന്‍ പോണെ....................അസ്സാരം എരിവും പുളിയും ഒക്കെ വേണ്വേട്ടോ.............. നീയിതെടുത്തോ.......................ഇതാ തലക്കെട്ട്” പിണറായി മുതല്‍ പിണറായി വരെ”. അതായത് പിണറായി പാറപ്പുറത്ത് തുടങ്ങി സി.ബി.ഐ.കോടതി വരെ എന്ന് സാരം. ബാക്കി എന്തെന്ന്വു വച്ചാ നീ എഴുതിക്കോ...............................

ഹരീ ,നീയെന്തൂട്ടാ മാറി നിക്കണേ............ഇങ്ങു പോരെ.......ദാ..........ഇതു നെനക്ക് “ അണികളില്‍ അമര്‍ഷം പുകയുന്നു”. മതിയോ.........ഇതുവച്ച് നിനെക്കെന്തെല്ലാം ഒണ്ടാക്കാമോ അതൊക്കെ ഉണ്ടാക്കൂ കുട്ടീ. പിന്നെ കോടിയേരിക്കും ബേബിക്കും ചെറിയ മനം മാറ്റം ഉണ്ട് എന്നു കൂടി ചേര്‍ത്തോളൂ.”

അനീഷേ........ഇരുപത്തി മൂന്നിന് തന്നെ നീ കേരളാഹൌസിലെ രാജീവനോടു പറഞ്ഞ് പോസ്റ്ററൊട്ടിക്കണേ...................എന്നിട്ട് ഇതെഴുതിക്കോ................” പി.ബിക്കു മേല്‍ സമ്മര്‍ദ്ദം” ബാക്കി എന്തെന്നു വച്ചാല്‍ നിന്റെ ഇഷ്ടം. പിന്നെ ആ രാമചന്ദ്രന്‍ പിള്ളക്കിട്ട് രണ്ട് .....ങാ..........അതുംകൂടി.............

അപ്പുക്കുട്ടാ................തൊപ്പിക്കാരാ......................നീയല്ലെ പ്രധാന പാചകക്കാരന്‍......കേമന്നു വച്ചാല്, കെങ്കേമം ആക്കണോട്ടോ..................കൃഷ്ണപിള്ളേം അഴിക്കോടനേം ഒക്കെ അനുസ്മരിപ്പിച്ചോണ്ട് ഒന്നെഴുതിക്കേ.......എഡിറ്റ് പേജി തന്നെ കൊടുക്കാനാ................”തടവറകളില്‍ നിന്നും ജയിലറകളിലേക്ക്” എന്നായാലോ..............പഴയകാല ചരിത്രോം ഭൂമിശാസ്ത്രോം ഒക്കെ കൊഴച്ച് നീയങ്ങ് എഴുതിക്കോ..................

ആ പിന്നെ ശേഖരാ...................”അഴിമതികളുടെ നാള്‍വഴികള്‍’ എന്നൊരു ലേഖനം ആയിക്കോട്ടെ.

സുഖറം,മായാവതി, ജയലളിത................ഒപ്പം പിണറായിയും.........ങേ...............വേണ്ട..വേണ്ട...........ബോഫോര്‍സ് വേണ്ട.............”

പിന്നെ “അഴിമതിയുടെ വൈദ്യുതി”എന്നൊരു വിഭവം ആയാലോ.........ആ ഉണ്ണിത്താന് ഒരവസരം കൊടുക്കണം എന്ന് ആയാള്‍ എഴുതിയിരിക്കണു.............പക്ഷേ ...........നമുക്കത്ര പോരാ..............നന്നാവോ ആവോ.................നീലകണ്ടന്‍ ഒക്കെ ചാക്കിലാക്കി ഇന്നലേ തന്നെ എത്തിച്ചിട്ടുണ്ട്. ഇതൊക്കെ വെളമ്പാന്‍ ഇല തികയില്ല എന്നതാ പ്രശ്നം.................

നില്ല് നില്ല് കുഞ്ഞനന്താ......................ചാടാതെ.............സ്ഥലം ഇല്ലാഞ്ഞിട്ടല്ലിയോ..........ഒണ്ടെങ്കീ........തരൂല്ലേ........................

അപ്പോ............എല്ലാരും കൂടി ഉത്സാഹിച്ചാ.............നമ്മക്ക് പൊടിപൊടിയാക്കാം.

നന്ദകുമാറേ.............രംകുമാറേ....................കാളിശ്വരാ............മഠത്തിലേ............എല്ലാരും ഒന്ന് ഉത്സാഹിച്ചേ....................................

ആ അങ്ങിനെ തന്നെ “പിണറായി വിജയനെ തൂക്കണമെങ്കീല്‍

കൊടിമരം പോലൊരു............................” ങാ........പാടിക്കോ..........പാടിക്കോ.......

Friday, August 14, 2009

രാജന്‍ പറഞ്ഞ കഥക്കൊരു വിശദീകരണം

രാജന്‍ പറഞ്ഞ കഥ വായിച്ചവര്‍ക്കു മാത്രം http://communistkerala.blogspot.com/2009/07/blog-post_07.html
നിഷ്കളങ്കനും വിശുദ്ധനും പരമ പവിത്രനും ആയി കൊല്ലം പാരിപ്പള്ളി പോലീസ് അവതരിപ്പിച്ച തീവെട്ടി ബാബു എന്ന കള്ളന്‍ ചാലയില്‍ ഒരു ജുവലറി കൊള്ളയടിക്കുന്നതിനിടയില്‍ പോലീസിന്റെ പിടിയില്‍ പെട്ടു. വാര്‍ത്തയും ചിത്രവും ഇന്നത്തെ എല്ലാ പത്രങ്ങളിലും ഉണ്ട്.
എന്തായാലും പ്രിയപ്പെട്ട കള്ളനെ രക്ഷിക്കാന്‍ പോലീസ് കയ്യും മെയ്യും മറന്ന് പരിശ്രമിക്കും എന്നുറപ്പ്.
കാരണം ആ സ്വര്‍ണ്ണക്കടയിലെ സ്വര്‍ണ്ണം പാരിപ്പള്ളിയിലെ പോലീസുകാര്‍ക്ക് പങ്കു വയ്ക്കനുള്ളതായിരുന്നു.

Monday, August 10, 2009

സ്വവര്‍ഗ്ഗത്തില്‍ ജനിച്ച കുട്ടി.

അങ്ങിനെ സ്വവര്‍ഗ്ഗ വിവാഹം അനുവദിച്ചു. ഈശ്വരാ.............രക്ഷപെട്ടു. ഞാന്‍ എത്ര കഷ്ടപ്പെട്ടതാ............അക്കാലത്തേ ഇതങ്ങ് അനുവദിച്ചിരുന്നെങ്കില്‍ എനിക്കീ ഗതി വരുമായിരുന്നോ?.

എന്നെ നിങ്ങള്‍ക്കറിയാം. സ്വവര്‍ഗ്ഗ വിവാഹത്തിലൂടെ ജനിച്ച ലോകത്തെ ആദ്യ വ്യക്തിയാണ് ഞാന്‍.

സ്വവര്‍ഗ്ഗവിവാഹത്തിലൂടെ കുട്ടിയെ ഉണ്ടാക്കുന്ന സാങ്കേതികവിദ്യ ഇക്കാലത്ത് നിലവിലില്ലാത്തതിനാലും അക്കാലത്ത് പിന്നീടാരും അതിന് ശ്രമിക്കാത്തതിനാലും എനിക്ക് പിന്‍ ഗാമികളേ ഉണ്ടായില്ല. ഞാന്‍ ഒറ്റയായി.

ഒരു ഒത്തുതീര്‍പ്പ് പാര്‍ട്ടിയില്‍ ഹാഫ് സ്കര്‍ട്ടണിഞ്ഞ് കുനിഞ്ഞു നിന്ന് ഭക്ഷണം വിളമ്പുന്ന എന്റെ അച്ഛനെ കണ്ടപ്പോഴാണ് മറ്റേ അച്ഛന് കാമം ഉണര്‍ന്നത്. ആ ചര്‍ച്ചക്കു ശേഷം അവര്‍ ഒരുമിച്ചു.

അങ്ങിനെ ഞാന്‍ ജനിച്ചു. എന്റെ രണ്ടച്ഛന്മാര്‍ക്കും വേറേ ഭാര്യമാരും മക്കളുമുണ്ടായിരുന്നു.

പ്രസവിച്ച ഉടനെ രണ്ടച്ഛന്മാരും എന്നെ കാട്ടിലെറിഞ്ഞു.

ഇക്കാലത്തയിരുന്നെങ്കില്‍ അമ്മത്തൊട്ടിലെങ്കിലും ഉണ്ടാകുമായിരുന്നു.

എന്റെ വിധി.

എന്തായാലും ഒടുവില്‍ എനിക്കു നീതി കിട്ടി.

പക്ഷേ ഈ നിയമത്തിന് എന്റെ പേരിടണമെന്നൊരപേക്ഷ മാത്രം.

എന്ന് നിങ്ങളുടെ സ്വന്തം ശബരിമല അയ്യപ്പന്‍.

Monday, August 3, 2009

പിണറായിയെ വിമര്‍ശിച്ച പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനം

സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിമര്‍ശിച്ചു സംസാരിച്ച പാര്‍ട്ടിപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. അമ്പലപ്പുഴ കുര്യാറ്റുപള്ളി കിഴക്കെവീട്ടില്‍ പവിത്രനാണ് മര്‍ദ്ദനമേറ്റത്. തലക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു.

അമ്പലപ്പുഴ കുര്യാറ്റുപള്ളിയിലെ ഷാപ്പില്‍ നിന്നും വൈകുന്നേരം മദ്യപിച്ച് പുറത്തിറങ്ങിയ പവിത്രന്‍ തന്റെ പാര്‍ട്ടിയുടെ വഴിവിട്ട പോക്കിനെക്കുറിച്ചും അഴിമതിയെക്കുറിച്ചും ഷാപ്പിനു മുന്നില്‍ നിന്നു പ്രസംഗിച്ചു. ഇത് തടസ്സപ്പെടുത്താന്‍ പിണറായി പക്ഷക്കാരായ ചിലര്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ലത്രേ. വി.എസ്.അച്യുതാനന്ദന്‍ സിന്ദാബാദ് വിളിച്ചു കൊണ്ട് മുന്നോട്ടു നീങ്ങിയ ഇയാള്‍ക്ക് നേരെ കുര്യാറ്റുമ്പള്ളി ലോക്കല്‍ കമ്മിറ്റി ആഫീസിനു മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്. അറിയപ്പെടുന്ന പിണറായി പക്ഷക്കാരനും സി.പി.എം.ആഫീസില്‍ തന്നെ താമസിക്കുന്നയാളുമായ കോമാടന്‍ എന്നയാളാണ് പവിത്രനെ ആക്രമിച്ചത്. നാലു കിലോ ഭാരം വരുന്ന കട്ടി കൊണ്ട് തലയുടെ പിന്നില്‍ ആഞ്ഞ് അടിക്കുകയായിരുന്നു.

അടിയേറ്റ് നിലത്തുവീണ പവിത്രനെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ഓടിക്കൂടിയ നാട്ടുകാരെയും കോമാടന്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. അച്യുതാനന്ദന് ജയ് വിളിച്ചാല്‍ ആര്‍ക്കും ഇതാണ് വിധി എന്ന് കോമാടന്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കോമാടനെതിരെ പോലീസ് നടപടിയെടുക്കാന്‍ മടിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ശക്തിയായ അമര്‍ഷമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം അമ്പലപ്പുഴയില്‍ ചേരുന്ന പ്രതിഷേധയോഗത്തില്‍ ശ്രീ.എം.ആര്‍.മുരളി, സി.ആര്‍.നീലകണ്ഠന്‍ എന്നിവര്‍ പങ്കെടുക്കും.

(പ്രിയപ്പെട്ട മാത്രുഭൂമി പത്രാധിപര്‍ക്ക് സ്വന്തം ലേഖകന്‍ എഴുതുന്നത്,

ഈ വാര്‍ത്ത നാളത്തെ പത്രത്തില്‍ മുന്‍ പേജില്‍ തന്നെ കൊടുക്കാന്‍ അപേക്ഷ. ശേഖരന്‍ നായര്‍ക്കോ,അനീഷ് ജേക്കബ്ബിനോ, ഹരികുമാറിനോ ബൈലൈന്‍ കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

പിന്നെ താങ്കളെ അതീവ രഹസ്യമായി അറിയിക്കുന്നതെന്തെന്നു വച്ചാല്‍ യഥാര്‍ത്ഥസംഭവം സി.പി.എം.ലോക്കല്‍ കമ്മിറ്റി ആഫീസിലെ തെങ്ങില്‍ നിന്നും തേങ്ങാ വീണ് ഒരാള്‍ക്ക് പരിക്കേറ്റതാണ്. കോമാടന്‍ എന്നത് ആഫീസ് വളപ്പിലെ തെങ്ങിന്റെ ഇനമാണ്.)

വിശ്വസ്തതയോടെ സ്വന്തം ലേഖകന്‍

Thursday, July 23, 2009

ഓ...............മൂന്നാര്‍.............................

മൂന്നാറില്‍ പൊളിച്ചടുക്കിയതിന്റെ ആദ്യവിധി പുറത്തുവന്നു.
ഇനിയും ഉണ്ട് അനേകം
അബാദ്,ധന്യശ്രീ............................ അതങ്ങിനെ നീളും
സുഗതരേ.......................,മാഗധരേ...................................
നിങ്ങളെവിടെ?.
എവിടെ അച്യുതാനന്ദ ചക്രവര്‍ത്തിയുടെ പട്ടാഭിഷേകത്തിന്‍ അശ്വമേധം നടത്തിയ പൂച്ചകള്‍
എവിടെ പി.കെ.പ്രകാശ്.
തല തിരിഞ്ഞവര്‍ ഇത് മുന്‍പേ പ്രവചിച്ചു.
കെ.കരുണാകരന്‍, കെ.വേണു.എം.മുകുന്ദന്‍
അച്യുതാനന്ദമാര്‍ഗ്ഗികള്‍ അവരെ പുലഭ്യം പറഞ്ഞു. പുച്ഛിച്ചു.
ഹൈദരാബാദില്‍ തസ്ലിമക്ക് കിട്ടിയത് ,തലനാരിഴക്ക് മുകന്ദന്‍ കിട്ടാതെ പോയി.
ഇപ്പോള്‍ അവര്‍ പറഞ്ഞത് ശരിയായിരിക്കുന്നു.
നിങ്ങള്‍ പറഞ്ഞത് തെറ്റും.
പക്ഷേ പേടിക്കണ്ട ഇപ്പോഴും നിങ്ങളെ പുകഴ്തുന്നവര്‍ തന്നെയാണധികം
സുഗതരേ.................,മാഗധരേ................................
നമുക്കിനിയും അച്യുതാനന്ദപ്രജാപതിയുടെ കീര്‍ത്തനങ്ങള്‍ പാടാം.

Tuesday, July 14, 2009

രണഭൂമിയില്‍ നിന്ന്

ഒരു കമ്മ്യ്യുണിസ്റ്റ്കാരന്റെ സമരതീഷ്ണമായ ഇന്നലെകള്‍.
അയിത്തത്തിനെതിരെ, അടിമത്തത്തിനെതിരെ, സാമ്രാജ്യത്തിനെതിരെ.
പോരാട്ടങ്ങള്‍ അവന്റെ ഞരമ്പുകളിലുള്ളതാണ്‍.
ജന്മിത്തവും ചൂഷണവും അവസാനിച്ചു. പക്ഷേ ഞരമ്പിലെ പോരാട്ടവീര്യം തണുത്തില്ല.
പിന്നെ പോരാട്ടം അധികാരത്തിനുവേണ്ടിയായി.
മന്ത്രിക്കസേരയും സ്റ്റേറ്റ് കാറും ദിവാസ്വപ്നങ്ങളായി.
പാര്‍ട്ടിക്കസേരയിലിരുന്ന് ഭരണാധികാരികളെ ചൂണ്ടുവിരലില്‍ കറക്കി ആനന്ദിച്ചു.
ഒടുവില്‍ സംസ്ഥാനം ഭരിക്കുവാനായി പ്രായപൂര്‍ത്തി ആകാത്ത ഒരു സര്‍ക്കാരിന്റെ ഞെരിച്ചുകൊന്നു.
അസമയത്തുണ്ടായൊരു വധത്തില്‍ സഹതാപം വോട്ടായി കുത്തിയൊലിച്ചപ്പോള്‍
മോഹങ്ങളെല്ലാം കരിഞ്ഞു.
അഞ്ചു കൊല്ലം പ്രതിപക്ഷത്തിരുന്നു.
അഴിമതിക്കെതിരെ പോരാടിയില്ല, അനീതിക്കെതിരെ സംസാരിച്ചില്ല.
പിന്നിലിരിക്കണോ മുന്നിലിരിക്കണോ എന്നതായിരുന്നു തര്‍ക്കം.
"മുന്നിലിരുന്നാല്‍ പോര വിവരം വേണം എന്ന് തുറന്നു പറഞ്ഞു നായനാര്‍"
വീണ്ടും കാക്ക ഏകാദശി നോറ്റു.
ജനിച്ച നാട്ടിലെ ജനത്തിന്‍ ഏറെ തിരിച്ചറിവുണ്ടായതിനാല്‍ വീണ്ടും തോറ്റു.
അതിന്റെ പാപം പഴനിയുടെ പിടലിക്കു വച്ചു.
കണ്ണാടി കുത്തിപ്പൊട്ടിച്ചു.
പിന്നെ അധികാരത്തിന്റെ ഇടനാഴിയിലെ കിരീടം വക്കാത്ത രാജാവായി.
അച്ഛനും മകനും വിഹിതം കണക്കു പറഞ്ഞു വാങ്ങി.
മദ്യമാഫിയയും മണല്‍ മാഫിയയും കാല്‍ക്കല്‍ കാവല്‍ നിന്നു.
വീണ്ടും കാക്ക ഏകാദശി നോറ്റു.
അഴിമതി വീരന്മാരും ഭീകരന്മാരുമായ സഖാക്കള്‍ മലമ്പുഴക്ക് കൊണ്ടുപോയി.
കോട്ടകെട്ടി സംരക്ഷിച്ചു. ജയിപ്പിച്ചെടുത്തു.
പക്ഷേ അധികാരം കിട്ടിയില്ല.
ഇനി ഊഴമില്ല എന്ന് തിരിച്ചറിഞ്ഞു.
അപ്പോള്‍ അദ്ദേഹം പുതിയ കഥ രചിച്ചു.
കുറച്ച് പാട്ടുപരിഷകള്‍ അവതാരം ചെയ്തു. പുതിയ മുഖമ്മൂടികളും.
അഴിമതി വിരുദ്ധതയുടെ തനത് നാടകം.
കുറച്ചുനാള്‍ കൂടെ ത്തുള്ളി അഭിനയം തിരിച്ചറിഞ്ഞ് സുഹ്രുത്തുക്കള്‍ പിന്മാറി.
തുള്ളള്‍ ഒരു ജനകീയ കലയായി.
അനേകം പുതിയ സഖാക്കള്‍ ഇരുന്നു കൊണ്ട് പ്രവേശിച്ചു. പഴയ സഖാക്കള്‍ തീണ്ടാപ്പാടകലെയായി.
കപടനാടകം തിരിച്ചറിഞ്ഞ് പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോള്‍ ഉണ്ണാവ്രതമിരുന്നു.
സമരതീഷ്ണമായ ഇന്നലെകള്‍ തിരിച്ചു വന്നു. പുതിയ പോരാട്ടം അധികാരത്തിനായി.
വാരിക്കുന്തം സഖാക്കളുടെ ഞെഞ്ച് പിളര്‍ന്നു.
പാര്‍ട്ടി തോറ്റു. സീറ്റ് കൊടുത്തു.
അപ്പോള്‍ ഉത്തരം താങ്ങുന്നത് ഞാനാണ്‍ എന്ന് പല്ലിക്കു തോന്നി.
അങ്ങിനെ തന്നെ അങ്ങിനെ തന്നെ എന്ന് വിദൂഷകര്‍ ആര്‍ത്തു വിളിച്ചു.
ഇപ്പോല്‍ വീണ്ടും ആശയപ്പോരാട്ടം.
അധികാരത്തിന്റെ ആമാശയപ്പോരാട്ടത്തിന്റെ പുതിയ പേര്‍.
"ശാരിയെവിടെ, കിളിര്‍ഊരെവിടെ, മതികെട്ടാനെവിടെ"
പാര്‍ട്ടി സമ്മതിച്ചില്ലാ........................................................
സമ്മതിച്ചിരുന്നെങ്കില്‍.........................................................
പാവം ശാരി മരിക്കുന്നതിന്‍ മുന്‍പ് നിന്നെ കശക്കിയവര്‍ പാപികളത്രേ................
പക്ഷേ മരിച്ചതിനു ശേഷവും നിന്നെ വിറ്റ് സ്ഥാനമാനം നേടുന്നവര്‍ ആരാണ്‍?.
ഇനിയും ഉണ്ട് രണ്ടു വര്‍ഷം. ആ ചഷകവും ഞാന്‍ മോന്തും ആവോളം.
അതിനു ശേഷം ഞാനീ പാര്‍ട്ടി വിടും
ഒരു പക്ഷേ അതിനുമുന്‍പു തന്നെ ഞാന്‍ ഇതിനെ കൊന്നേക്കും.
കാരണം എപ്പോഴും ഞങ്ങള്‍ ജയിക്കും ഞങ്ങള്‍ മാത്രം.

Monday, July 13, 2009

ഹോംസിന്റെ ഇടപെടല്‍

/ ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ആരുമായും ഒരു ബന്ധവുമില്ല. ഇത് വെറും കെട്ടു കഥ മാത്രമാണ്‍./

"കരിമീന്‍ നിങ്ങളുടെ നാട്ടിലെ രീതികള്‍ എനിക്ക് മനസ്സിലാകുന്നതേയില്ല. അഴിമതിയുടെ , ഭീകരതയുടെ, മുരടത്തരത്തിന്റെ ഒക്കെ നേതാവായി ഒരാളെ ഉയര്‍ത്തിക്കൊണ്ടു വരിക. അയാള്‍ ഒരു സുപ്രഭാതം മുതല്‍ സത്യസന്ധയുടെ, വിശുദ്ധിയുടെ അവതാരമായി മാറുക.എല്ലാവരും അയാളുടെ അപദാനങ്ങള്‍ വാഴ്തുക. അതേസമയം അന്നുവരെ വിശുദ്ധനായിരുന്ന ഒരാള്‍ പെട്ടെന്ന് അഴിമതിക്കാരനാകുന്നു. എല്ലാവരും അയാളെ ക്രൂശിക്കാന്‍ ഓടുന്നു. എനിക്കിത് മനസ്സിലാകുന്നേയില്ല" പൈപ്പില്‍ നിന്ന് പുക അന്തരീക്ഷത്തിലേക്ക് ഊതി വിട്ടുകൊണ്ട് ഷെര്‍ലോക് ഹോംസ് പറഞ്ഞു.

" ഇത് ഇംഗ്ലണ്ടില്‍ സംഭവിച്ചിട്ടില്ലേ ഹോംസ്?. യുദ്ധാനന്തരം ചര്‍ച്ചിലിന്റെ അവസ്ഥ ഇതായിരുന്നില്ലേ". ഞാന്‍ ഹോസിനോട് എന്റെ വിജ്ഞാനം വിളംബി.
" കരിമീന്‍! വിഡ്ഡിത്തം പറയാതിരിക്കൂ. ചര്‍ച്ചിലെവിടെ നിങ്ങളുടെ നാട്ടിലെ ഈ കമ്പനി മേധാവികളെവിടെ?."
അര്‍ദ്ധോക്തിയില്‍ ചോദ്യം നിര്‍ത്തി ഹോംസ് ചിന്തയിലാണ്ടു.
ഇനി അദ്ദേഹത്തെ ശല്യപ്പെടുത്താന്‍ പാടുള്ളതല്ല. ഹോംസിന്റെ ശരീരം മാത്രമേ ആ കസേരയിലുള്ളൂ മനസ്സ് കാതങ്ങള്‍ക്ക് അകലേക്ക് പായുകയാണ്‍.
" കരിമീന്‍, ഈ പപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ജഹാംഗീര്‍, നീലകണ്ഠന്‍ ഇവരില്‍ എന്തെങ്കിലും സാമ്യം കാണുന്നുണ്ടോ?."
"ഒന്നുമില്ല ഹോംസ്, രണ്ടു പേര്‍ക്ക് താടിയില്ല, ഒരാള്‍ക്ക് ഉണ്ട്".
"അതല്ല"
"മൂന്നുപേര്‍ക്കും കനത്ത ബാങ്ക് ബാലന്‍സ് ഉണ്ട്. നീലകണ്ഠനാണ്‍ ഏറ്റവും കൂടുതല്‍"
"അതല്ല കരിമീന്‍!, ഇവര്‍ മൂന്നു പേരും കോണ്‍ഗ്രസ്സുകാരായിരുന്നു എന്നത് അത്ഭുതമല്ലേ"

"അതിലെതാണ്‍ അത്ഭുതം ഹോംസ്. എ.കെ.ജി, ഇ.എം.എസ്സ് എന്നിവരൊക്കെ"
"അവരൊക്കെ ദേശീയ സമരത്തില്‍ പങ്കെടുത്തവരും ആശയപരമായി രാഷ്ട്രീയം മാറിയവരുമാണ്‍. പക്ഷേ ഇവര്‍ എങ്ങിനെ നിങ്ങളുടെ കമ്പനിയില്‍ ചേര്‍ന്നു എന്നത് സംശയകരമല്ലേ"
ഞാന്‍ ഒന്നും മിണ്ടിയില്ല. ഹോംസിന്റെ ഈ കണ്ടെത്തലില്‍ എന്തെങ്കിലും പുതുമയുള്ളതായി എനിക്ക് തോന്നിയില്ല.

"നമുക്ക് കാര്യങ്ങള്‍ ഒന്നു കൂടി പഠിക്കാം കരിമീന്‍", ജി.എം.കൊടുത്തുവിട്ട ആ ചുമന്ന ബ്രീഫ് കെയ്സില്‍ നിന്നാണ്‍ സംഭവങ്ങളുടെ തുടക്കം"
"കരിമീന്‍ , കൊല്ലം ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളിലെവിടെയെങ്കിലും ആര്യാ ഗ്രൂപ്പ് എന്നൊരു വ്യവസായ ഗ്രൂപ്പ് ഉള്ളതായി അറിയാമോ"
ഹോംസ് ഇങ്ങനെയാണ്‍. തികച്ചും അപ്രതീഷിതമായാണ്‍ ഹോംസ് മറ്റൊരു വിഷയത്തിലേക്ക് കടക്കുക.
"ഇല്ല, കേട്ടിട്ടില്ല" ഞാന്‍ പറഞ്ഞു.
"എന്നാല്‍ ഉണ്ട്, ജുവലറി ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ അവര്‍ക്കുണ്ട്. ഇതേ മോഡല്‍ പെട്ടി അവരുടെ ബിസിനെസ്സ് ആവശ്യങ്ങള്‍ക്ക് അവര്‍ ഉപയോഗിക്കാറുണ്ട്"
"അതുകൊണ്ട്?."
"തിരുവനന്തപുരത്തിരുന്ന നിങ്ങളുടെ ജി.എം. അതേ ദിവസം എന്തിന്‍ ഇതേ പെട്ടി ഉപയോഗിച്ചു."
"അതിനെന്താ ഹോംസ് ഒരു പെട്ടി ആര്‍ക്കും എപ്പോഴും ഉപയോഗിച്ചു കൂടെ?."
"ഉപയോഗിക്കാം കരിമീന്‍, ആര്‍ക്കും എപ്പോഴും. പക്ഷേ ജി.എം.ഇതേ ദിവസം ഇതേ പെട്ടി എന്തിന്‍ ഉപയോഗിച്ചു എന്നതാണ്‍ വിഷയം. മുന്‍പെന്നെങ്കിലും ജി.എം. ഇതുപോലുള്ള ബ്രീഫ് കെയ്സ് ഉപയോഗിച്ചിട്ടില്ല"
ഹോംസ് എന്താണുദ്ദേശ്ശിക്കുന്നതെന്ന് എനിക്ക് യാതൊരു പിടിയും കിട്ടിയില്ല. ഞാന്‍ മൌനത്തിലേക്ക് മുങ്ങി.
"കരിമീന്‍ ഒരു കട്ടന്‍ കാപ്പി......................."
ഞാന്‍ ചൂ‍ടു കാപ്പി ഹോംസിനു നേരെ നീട്ടി. കാപ്പി വാങ്ങുമ്പോള്‍ ഹോംസ് പതിവില്ലാതെ പുഞ്ചിരിക്കുന്നത് ഞാന്‍ കണ്ടു.
"കരിമീന്‍ താനിപ്പോഴും വല്ലാത്ത ആശയക്കുഴപ്പത്തിലാണല്ലേ........ ജഹാംഗീറിന്റെ തിരോധാനത്തില്‍ നിന്ന് ഞാനെന്തിന്‍ ഒരു പെട്ടിയുടെ പിന്നാലെ പോയെന്ന്?."
" എങ്കില്‍ കേട്ടോളൂ കരിമീന്‍, സത്യസന്ധനും വിശ്വസ്തനും നന്മയുടെ അവതാരവുമായ നിങ്ങളുടെ ജി.എമ്മിന്‍ ഈ കമ്പനിയില്‍ പാര്‍ട്ട്ണര്‍ഷിപ്പ് ഉണ്ടായിരുന്നു. 2003 വരെ"
"ഹെന്ത് ! " എന്റെ കണ്ണു തള്ളി
"അതെ കരിമീന്‍ ചില സത്യങ്ങള്‍ കെട്ടുകഥകളെക്കാള്‍ ഭീകരങ്ങളായിരിക്കും".
ചിരിച്ചു കൊണ്ട് ഹോംസ് കപ്പു താഴെ വച്ചു.
..........................................................................
രാത്രി വളരെ വൈകിയാണ്‍ ഹോംസ് തിരിച്ചെത്തിയത്. അധികദൂരം നടന്നതിന്റെ ക്ഷീണം അദ്ദേഹത്തില്‍ കാണാമായിരുന്നു.
വളരെ സാവധാനത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന് അദ്ദേഹം ചിന്താകുലനായിരുന്നു. പലപ്പോഴും നിരാശയോടെ തലയാട്ടുന്നുണ്ടായിരുന്നു.
"എന്തു പറ്റി ഹോംസ് "
"അല്ല ! കരിമീന്‍ എന്തു മാത്രം നുലാമാലകള്‍ നിറഞ്ഞതാണ്‍ നിങ്ങളുടെ നാട്. കെട്ടു പിണഞ്ഞ് അതങ്ങിനെ കിടക്കുന്നു , ഒരിടത്തും എത്താതെ"
"ഞാനിന്ന് വെസ്റ്റ്-ഏഷ്യാ എയര്‍ലൈന്‍സ് മുന്‍ എം.ഡി യുടെ വീട്ടില്‍ പോയിരുന്നു".
"അദ്ദേഹം വെടിയേറ്റ് മരിച്ചില്ലേ"
" അതേ, അദ്ദേഹത്തിന്റെ ബന്ധുവാണ്‍ ഇപ്പോള്‍ അവിടെ താമസം".
"അതും നമ്മുടെ കേസുമായി എന്താ ബന്ധം?."
"ബന്ധമുണ്ട് കരിമീന്‍, തരുണ്‍ കുമാറിന്റെ ആഫീസിലെ സംഭവത്തിന്റെ അന്വേഷണം അവിടെ നിന്നാണ്‍ തുടങ്ങേണ്ടത് എന്ന് എനിക്ക് തോന്നി".
ഹോംസ് കാലുകള്‍ നീട്ടി മേശപ്പുറത്ത് വച്ചു. പൈപ്പ് ആഞ്ഞു വലിച്ചു. ആ കണ്ണുകള്‍ മയക്കത്തിലേക്ക് നീങ്ങുന്നു.
പകുതി നിദ്രയില്‍ നിന്നുണര്‍ന്ന ഹോംസ് എന്നോടു പറഞ്ഞു
‘കരിമീന്‍ ആ പാട്ട് എന്താണ്‍?."
"ഏത് പാട്ട്"
"മിസ്സാകുമ്പോല്‍ ജഹാംഗീര്‍ പാടിയ ആ പാട്ട്. അതൊന്നു പാടൂ"
ഞാന്‍ പാടി " നിധി ചാല സുഖമാ........................................."
"എന്താ അതിന്റെ അര്‍ത്ഥം"
"എനിക്കറിയില്ല"
"ച്ഛേ.........അര്‍ത്ഥമറിയാതെ പാട്ടുകേട്ടിട്ട് ഒരു കാര്യവുമില്ല. എനിക്ക് അര്‍ത്ഥം അറിയാവുന്നതും തനിക്ക് പാടാനറിയാവുന്നതുമായ ഏതെങ്കിലും ഒരു പാട്ട് പാടു"
ഞാന്‍ പാടാന്‍ തയ്യാറെടുത്തു. കണ്ണുകളടച്ച് പൈപ്പ് കടിച്ചു പിടിച്ച് ഹോംസ് പാട്ടിനായി കാതോര്‍ത്തു.
ഞാന്‍ ഉച്ചത്തില്‍ പാടി
" ജാക്ക് ആന്‍ഡ് ജില്‍, വെന്റ് അപ് ദി ഹില്‍............."
കടിച്ചു പിടിച്ചിരുന്ന വിറകു കൊള്ളിയെടുത്ത് ഹോംസ് എന്നെ എറിഞ്ഞു.

Friday, July 10, 2009

അപസര്‍പ്പക കഥ തുടരുന്നു (രണ്ടാം ഭാഗം)

വെളിച്ചത്തിന്റെ അവസാന തുള്ളിയും നഷ്ടപ്പെട്ടുകോണ്ടിരിക്കുന്നു. യൂണിവേര്‍സിറ്റി കോളേജിന്‍ മുന്നിലെ മഹാഗണികളില്‍ വാവലുകള്‍ കലപില കൂട്ടുന്നു.വെളിച്ചം വിതറി വാഹനങ്ങല്‍ ചീറിപ്പായുന്നു.

കോളേജിന്റെ വലതുവശത്തെ മതിലിന്റെ അരികുപറ്റി ഒരാള്‍ പരിഭ്രാന്തനായി നടന്നു നീങ്ങുന്നു. ഒരു കറുത്ത അംബാസിഡര്‍ കാറില്‍ അയാള്‍ സ്പെന്‍സെര്‍ ജംഗ്ഷനില്‍ ഇപ്പോള്‍ വന്നിറങ്ങിയതേയുള്ളൂ. മുഖം മറച്ചു കെട്ടിയ ടവ്വലില്‍ കൂടി അയാളുടെ ചുവന്ന കണ്ണുകല്‍ പുറത്തു കാണാം.വല്ലാതൊരു പരിഭ്രമം അയാളെ അലട്ടുന്നുണ്ട്.
കോളേജിന്റെ പിന്‍ വശത്ത് ചുവപ്പും വെള്ളയും കലര്‍ന്ന ആ ബഹുനില മന്ദിരത്തിനു മുന്നില്‍ അയാള്‍ ഒരു നിമിഷം നിന്നു. പ്രധാന ഗേറ്റിനെ ഒഴിവാക്കി മന്ദിരത്തിന്റെ പിന്നിലുള്ള ആഡിറ്റോറിയത്തിന്റെ ഗേറ്റു വഴി അയാള്‍ അകത്തേക്കു നടന്നു. ആഡിറ്റോറിയത്തിന്റെ പ്രധാന വാതിലിനു മുപ്പതടി ഇടത്തേക്കു മാറി അടച്ചിട്ടിരിക്കുന്ന ഒരു ചെറിയ വാതിലിനു മുന്നില്‍ അയാള്‍ നിന്നു.ഇപ്പോള്‍ അയാളുടെ തലയിലെ ടവ്വല്‍ അഴിച്ചു മാറ്റിയിട്ടുണ്ട്. ടവ്വല്‍ തോളിലേക്കിട്ട് വലതുകയ്യുടെ ചൂണ്ടു വിരല്‍ മടക്കി അയാള്‍ പതിയെ അടഞ്ഞ വാതിലില്‍ പ്രത്യേക താളത്തില്‍ മുട്ടി.
ഒന്ന്,രണ്ട്,മൂന്ന്,
ഒരു ഞരക്കത്തോടെ വാതില്‍ ഉള്ളിലേക്ക് തുറക്കപ്പെട്ടു. അകത്ത് ചെറുതെങ്കിലും വൃത്തിയില്ലാത്ത ഒരു കിടപ്പുമുറി. അതിലെ കട്ടിലില്‍ ആഗതന്റെ വരവും കാത്ത് മൂന്നുപേരിരിക്കുന്നു.
അവര്‍ ഇവരാണ്.
പി.ഗിരിരാജന്‍, ഇ.പി.ഗിരിരാജന്‍, എം.വി.ഗിരിരാജന്‍.
"എന്തു പറ്റി കുടമ്പുളി സുരേന്ദ്രാ......................." ഇ.പി. ആഗതന്റെ പരിഭ്രമം കണ്ട് ചാടി എഴുനേറ്റ് ചോദിച്ചു.
"അവന്‍ രക്ഷപെട്ടു. എനിക്ക് കിട്ടിയില്ല.............." കുടമ്പുളിക്ക് വാക്കുകള്‍ ഇടറി.
" ച്ച്ച്ഛായ്.........!.തന്നെയൊക്കെ പറഞ്ഞയച്ചപ്പോഴെ ഞാന്‍ കരുതിയതാണിത്. നിന്നെയൊന്നും കൊണ്ട് ഒരു ചുക്കും നടക്കില്ല.കണ്ണൂരില്‍ നിന്ന് എന്റെ പിള്ളേരെ വരുത്തിയാല്‍ മതിയായിരുന്നു". ഇ.പി.രോഷം കോണ്ട് വിറച്ചു.
"എന്റെ കഴിവുകേടല്ല ഇ.പി.,ഞാന്‍ പിള്ളേരെ മുഴുവന്‍ ഒരുക്കി നിര്‍ത്തിയിരുന്നതാണ്‍. എന്നാല്‍ ക്ലിന്റ് ഹൌസില്‍ നിന്നും പുറത്തേക്കിറങ്ങിയ അവന്റെ കാര്‍ നമ്മള്‍ കരുതിയ പോലെ ഇടത്തേക്കു തിരിഞ്ഞു.പക്ഷേ പെട്ടെന്നത് വെട്ടിത്തിരിഞ്ഞ് വലത്തേക്കു പോയി".
അവനെന്തിന്‍ വലത്തോട്ടു പോയി.ഇടത്തോട്ടല്ലേ പോകേണ്ടിയിരുന്നത്".എം.വി.ഗിരിരാജന്‍ സംശയമായി.
"അതെ, അതാണെനിക്കും മനസ്സിലാകാത്തത്. പക്ഷേ ആ കാറിന്റെ പിന്നില്‍ ആരോ ഉണ്ടായിരുന്നതായി തോന്നുന്നു". കുടമ്പുളി പറഞ്ഞു.
"അതാര്‍, അവന്‍ ഒറ്റക്കാണല്ലോ വന്നത്. ജി.എമ്മിന്റെ വീട്ടില്‍ നിന്നും മറ്റാരും പുറത്തേക്കിറങ്ങിയിട്ടില്ല. അക്കാര്യം മഫ്ടി പോലീസ് എന്നെ അറിയിച്ചു.". പി.ഗിരിരാജന്‍ പറഞ്ഞു.
" അവളുടെ മനമാകെ തളിരിടുമൊരു കാലം" ഭീമ ഗോള്‍ഡിന്റെ പരസ്യം . ഇ.പി.ഗിരിരാജന്റെ മൊബൈല്‍ ശബ്ദിച്ചതാണ്‍.
എന്തുകൊണ്ടോ ഈ ട്യൂണ്‍ അദ്ദേഹത്തിന്‍ വളരെ ഇഷ്ടപ്പെട്ടുപോയി. സുഹൃത്തുക്കളൊക്കെ കളിയാക്കിയിട്ടും അയാള്‍ ഈ ട്യൂണ്‍ മാറ്റിയതേയില്ല.
ഫോണ്‍ ശബ്ദിച്ചു തുടങ്ങിയതോടെ അവിടെ ഒരു നിശബ്ദത പരന്നു. നാലു മുഖങ്ങളില്‍ ആകാംഷയുടെ തീഷ്ണത.
ഇ.പി.ഫോണ്‍ അറ്റന്‍ഡ് ചെയ്തു തുടങ്ങി. തലകുലുക്കുന്നതും മൂളുന്നതും മാത്രം മറ്റുള്ളവര്‍ക്ക് കേള്‍ക്കാം.
മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു വന്ന ഇ.പി.യോട് ഒരേ സ്വരത്തില്‍ മൂന്നു പേരും ചോദിച്ചു.
"എന്താ, എന്താ...................."
" അവന്‍ നവശക്തി ഓഫീസില്‍ എത്തിയിട്ടില്ലാ, നമ്മുടെ പിള്ളേര്‍ വിളിച്ചു".
" പിന്നവനെവിടെപ്പോയി".
"അതെനിക്ക്......................................."
ഠേ.................................................അതിശക്തമായ ഒരു ആഘാതത്തില്‍ ആ മുറിയുടെ വാതില്‍ ചവുട്ടിത്തുറക്കപ്പെട്ടു.
പൊടുന്നനെ അവിടത്തെ വെളിച്ചം പൊലിഞ്ഞു.
................................................................................................................

സമയം രാത്രി എട്ട് മുപ്പത്. കെ .എച്ച്.ആര്‍.ഡിയുടെ വഴുതക്കാട്ടെ ബഹുനില മന്ദിരം ഇരുട്ടിലാണ്ട് നില്‍ക്കുന്നു.
ഒരു മുറിയൊഴിച്ച്. ആ മുറിക്കു പുറത്ത് അസി:സെക്രട്ടറി തരുണ്‍ കുമാര്‍ എന്ന ബോര്‍ഡ് കാണാം.
ചന്ദന നിറമുള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ച് തരുണ്‍ ആ മുറിക്കുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്‍. അയാള്‍ ആകെ അസ്വസ്ഥനാണ്‍. കൈകള്‍ വല്ലാതെ കൂട്ടിത്തിരുമ്മുന്നു. ഇടക്കിടെ ജനാലയിലൂടെ താഴെ റോഡീലേക്ക് നോക്കുന്നുണ്ട്. ആരെയോ പ്രതീക്ഷിക്കുന്നുണ്ടെന്നു തീര്‍ച്ച.
പെട്ടെന്ന് ആ കണ്ണുകളില്‍ ഒരു പ്രകാശം മിന്നി. വിമന്‍സ് കോളേജിന്റെ ഗേറ്റ് ചുറ്റി വളഞ്ഞ് ഒരു കറുത്ത ലാന്‍സര്‍ കെ .എച്ച്.ആര്‍.ഡിയുടെ വളപ്പിനുള്ളില്‍ പാര്‍ക്ക് ചെയ്തു. ഡോര്‍ തുറന്നടയുന്ന ശബ്ദം. ആരോ ലിഫ്റ്റ് വഴി മുകളിലേക്ക് കയറുകയാണ്‍. ഏഴു നിമിഷങ്ങള്‍ക്ക് ശേഷം തരുണ്‍കുമാറിന്റെ മുറിയൂടെ കോളിങ്ങ് ബെല്ല് ശബ്ദിച്ചു.
"യെസ്, കമിന്‍"
മണി മുഴക്കം നിലച്ചു. പരിപൂര്‍ണ്ണ നിശബ്ദത. തരുണ്‍ വീണ്ടും ആവര്‍ത്തിച്ചു.
"യെസ് കമിന്‍"
പ്രതികരണമില്ല.
കസേര പിന്നിലോട്ടിട്ട് തരുണ്‍ എഴുനേറ്റു. വാതില്‍ തുറന്നു. ആരെയും കാണുന്നില്ല.അദ്ദേഹം നാലുപാടും നോക്കി.
ശുദ്ധ ശ്യൂന്യത.
എന്തോ ഒരു ഭയം തരുണിനെ അലട്ടിത്തുടങ്ങി.
പെട്ടെന്ന് മുറിയുടെ വാതില്‍ക്കല്‍ ഒട്ടിച്ചു വച്ച ഒരു ഇളം പിങ്ക് കടലാസ്സു കഷണം തരുണിന്റെ ശ്രദ്ധയില്‍ പെട്ടു.
അത് വായിച്ച തരുണിന്റെ നട്ടെല്ലില്‍ നിന്നും ഒരു ഇടിമിന്നല്‍ തലച്ചോറിലേക്ക് പാഞ്ഞു കയറി.
വീഴാതിരിക്കാന്‍ അയാള്‍ ചുമരിലേക്ക് ചാരി.
അപ്പോള്‍ ഇടനാഴിയുടെ വലത്തേ മൂലയില്‍ നിന്നും ഒരു തടിച്ച രൂപം അയാള്‍ക്കു നേരെ സാവധാനം നടന്നടുക്കുന്നുണ്ടായിരുന്നു.

Thursday, July 9, 2009

ഒരു അപസര്‍പ്പക കഥ

സമയം 05.05 വൈകുന്നേരം.
കെ-ഡിറ്റിന്റെ വിശാലമായ ഇടനാഴിയുടെ ചില്ലു വാതില്‍ തുറന്ന് ജഹംഗീര്‍ പുറത്തേക്കു വന്നു. അയാളുടെ ഡണ്‍ഹില്‍ ഷര്‍ട്ടില്‍ ചുളിവുകള്‍ വീണിരുന്നു. ഒരു പകല്‍ മുഴുവന്‍ എ.സി.യില്‍ കഴിച്ചുകൂട്ടിയതിനാല്‍ അയാളുടെ കൈവിരലുകള്‍ തണുത്തിരുന്നു. ഒരു പുകക്കായി അയാളുടെ ചുണ്ടുകള്‍ കൊതിച്ചു.
"ചോരവീണ മണ്ണില്‍ നിന്നുതിര്‍ന്നു വന്ന പൂമരം" മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു..അയാള്‍ക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടാണ്‍. അതു തന്നെ റിങ് ടോണ്‍ ആക്കണ്മെന്ന് അയാല്‍ വല്ലാതെ കൊതിച്ചതാണ്‍.
ഫോണില്‍ തെളിഞ്ഞ നംബര്‍ അയാളെ വല്ലാതെ അത്ഭുതപ്പെടുത്തി.
"ജി.എം."
അധികനാളായി ജി.എം. അയാളെ വിളിച്ചിട്ട്. ജി.എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ അവിഹിതമായി ഇടപെടുന്നു എന്ന ആരോപണം ഉയര്‍ന്നപ്പോല്‍ തന്നെ അയാളുമായുള്ള ഫോണ്‍ ബന്ധം ജി.എം.ഉപേക്ഷിച്ചതാണ്‍. അയാള്‍ക്കുള്ള രഹസ്യ നിര്‍ദ്ദേശങ്ങള്‍ എല്ലാം ജി.എം.നവശക്തി ആഫീസില്‍ എത്തിക്കുകയാണ്‍ പതിവ്. അയാള്‍ അതെല്ലാം അവിടെ ചെന്ന് ഏറ്റെടുക്കുകയും നിര്‍ദ്ദേശ്ശിച്ച പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്യും.
പക്ഷേ ഇപ്പോള്‍ നേരിട്ട്. അയാള്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തു.
" ജഹാഗീര്‍!. എത്രയും പെട്ടെന്ന് , അടിയന്തിരമായി എത്തുക"
ജി.എം. ഫോണ്‍ വച്ചു.
ആ വാക്കുകളിലെ ധൃതി ജഹാംഗീരിനെ അമ്പരപ്പിച്ചു. ജി.എമ്മിന്റെ ഔദ്യ്യൊഗിക വസതിയായ ക്ലിന്റെ ഹൌസില്‍ അയാള്‍ ഇപ്പോല്‍ പോകറില്ല. ഒരു കാലത്ത് അയാള്‍ അവിടത്തെ നിത്യ സന്ദര്‍ശകനായിരുന്നു. അയാളുടെ പോക്കുവരവുകള്‍ എല്ലാം തന്നെ രഹസ്യപ്പോലീസ് നിരീക്ഷണത്തിലായതോടെ ക്ലിന്റ് ഹൌസ് സന്ദര്‍ശനം അവസാനിപ്പിക്കുകയാണുണ്ടായത്.
തന്റെ കെ.എല്‍.01- ജെ-5520 മാരുതി കാറില്‍ ജഹാംഗീര്‍ ക്ലിന്റ് ഹൌസിന്റെ ഗേറ്റ് കടന്നു. സെക്യൂരിറ്റി അയാളെ അലക്ഷ്യമായി ഒന്നു നോക്കി കടന്നു പോകാന്‍ ആംഗ്യം കാണിച്ചു.
വലത്തോട്ട് തിരിഞ്ഞ് പോര്‍ട്ടിക്കോയുടെ പിന്നാമ്പുറത്തേക്ക് വണ്ടി തിരിക്കവേ റിയല്‍ വ്യൂ മിററില്‍ റോഡിന്‍ പുറത്ത് തന്നെ തുറിച്ചു നോക്കി നില്‍ക്കുന്ന ഒരു മഫ്ടി പോലീസുകാരനെ ജഹാംഗീര്‍ കണ്ടൂ.
ജി.എം.ആകെ പരിഭ്രാന്തനായിരുന്നു. പതിവുപോലെ കൈലിയും ബനിയനും തന്നെ വേഷം.
"താനിങ്ങോട്ടു വരുന്നത് ആരെങ്കിലും കണ്ടോ"
"പുറത്തൊരാള്‍ നില്‍ക്കുന്നു. മഫ്റ്റി പോലീസ് ആണോ എന്നു സംശയം"
"അത് ആ ഉള്ളിയേരിയുടെ ഏതോ മറ്റടത്തെ മോന്‍ ആയിരിക്കും" ജി.എമ്മിന്‍ അരിശം മൂത്തു. അരിശം വരുമ്പോല്‍ പണ്ടും ജി.എം.തെറി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈയിടെ പത്രസമ്മേളനങ്ങളീല്‍ മാന്യനായാണ്‍ ജി.എം.പ്രത്യക്ഷപ്പെടാറ്. താനും നീലകണ്ഠനും കൂടി എന്തുമാത്രം പരിശ്രമിച്ചാണ്‍ അദ്ദേഹത്തെ മാന്യനാക്കി മാറ്റിയത് എന്ന് ജഹാംഗീര്‍ ഓര്‍ത്തു.
ജി.എമ്മിനോടൊപ്പം ജഹാംഗീര്‍ അകത്തെ മുറിയിലേക്കു കടന്നു.
ഒരു മീറ്റിങ്ങിനുള്ള ഒരുക്കങ്ങളെല്ലാം അവിടെ കണ്ടു.
" ഹലോ ജഹാംഗീര്‍!" എന്തോ എഴുതിക്കൊണ്ടിരുന്ന പപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ജഹാംഗീരിനെ സ്വാഗതം ചെയ്തു.
ജഹാംഗീര്‍ ചുറ്റും നോക്കി.
പി.ആര്‍. മാലകണ്ഠന്‍, മഠന്‍ ശിവത്തില്‍, രമേഷ് ബാബു എല്ലാരുമുണ്ട്.
ജഹാംഗീര്‍ അമ്പരന്നു.
"ജി.എം.ഇത്ര പരസ്യമായി. അതും ഉള്ളിയേരിയുടെ പോലീസ് പുറത്തുള്ളപ്പോള്‍".
"ജി.എമ്മിന്‍ ഇനി എന്തു പേടിക്കാനാ.......... എല്ലാം മറ്റന്നാള്‍ അവസാനിക്കും" വള്ളിക്കുട്ടന്‍ പറഞ്ഞു.
"ജഹാംഗീര്‍ 11,12 തിയതിയില്‍ ബോര്‍ഡ് മീറ്റിങ്ങ് കൂടുകയാണ്‍. അതോടെ എല്ലാം അവസാനിപ്പിക്കാനാണ്‍ അവരുടെ നീക്കം.
എന്നെ അന്ന് ജി.എം.പോസ്റ്റില്‍ നിന്നും പുറത്തിറക്കും. പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍ അത് അനുവദിക്കുകയില്ല".
ജി.എം.അലമാര തുറന്നു. ഒരു ചുവന്ന ക്രോക്കോഡയില്‍ ബ്രീഫ് കെയ്സ് എടുത്തു ജഹാംഗീറിന്‍ നേര്‍ക്ക് നീട്ടി.
"താനിത് നവശക്തി ആഫീസില്‍ എത്തിക്കണം. അവിടെ മംഗളത്തിന്റെ അനില്‍കുമാര്‍ വരും. താനിത് അയാളെ ഏല്‍പ്പിക്കണം".
"ജി.എം.ഇത്.........................."
"ഈ പെട്ടിയിലുള്ള രഹസ്യം മറ്റന്നാള്‍ മംഗളത്തില്‍ വരുന്നതോടെ എല്ലാം തീരും , അവന്മാരും കമ്പനിയും എല്ലാം"
"ഈ പെട്ടി ഒരിക്കലും നഷ്ടപ്പെടരുത്. ഇത് നമ്മുടെ ജീവിതമാണ്‍".
ജഹാംഗീര്‍ പെട്ടിയുമായി പുറത്തിറങ്ങി. പുറത്ത് ഇരുട്ടു പരന്നിരുന്നു.
മാരുതിയിലേക്കു കയറി സ്റ്റാര്‍ട്ടു ചെയ്യുമ്പോല്‍ അയാള്‍ക്ക് വെറുതേ ഒരു ചെമ്പൈ സംഗീതം ഓര്‍മ്മ വന്നു.
"നിധി ചാല സുഖമാ................................."
വണ്ടി ക്ലിന്റ് ഹൌസിന്റെ ഗേറ്റ് കടന്ന് ഇടത്തേക്കു തിരിഞ്ഞു.
അപ്പോള്‍ അയാളുടെ പിന്‍ കഴുത്തില്‍ ഒരു പിസ്റ്റലിന്റെ നനുത്ത സ്പര്‍ശം അനുഭവപ്പെട്ടു.

Tuesday, July 7, 2009

രാജന്‍, പറഞ്ഞ കഥ

നിയമം, നീതി, ന്യായം എന്നിവ ഒരു സാധാരണക്കാരനെ എങ്ങിനെ ബാധിക്കും എന്നതിന്റെ ഉദാഹരണമാണ് രാജന്‍ എന്ന ഈ കൃഷിക്കാരന്റെ അനുഭവം. ഇതില്‍ ചേരുവകളില്ല, സത്യം മാത്രം


ഞാന്‍ രാജന്‍ .കൊല്ലം പാരിപ്പള്ളി കുളര്‍ത്തൂര്‍ക്കൊണം തെക്കതില്‍ വീട്ടില്‍ ഗോമതി അമ്മ മകന്‍. നാല്‍പ്പത്തി അഞ്ചു വയസ്സുകാരനു ഇതു ഒരു മേല്‍ വിലാസമാണോ?.

അതെ ഒരു നാട്ടിന്‍പുറത്തുകാരന്‍ ക്രിഷിക്കാരനു ഇതു മാത്രമാണു മേല്‍ വിലാസം. നല്ല പ്രായത്തില്‍ കല്ല്യാണം കഴിച്ചില്ല. പിന്നെ കഴിക്കാന്‍ കഴിഞ്ഞതുമില്ല. അതുകൊണ്ടു ഭാര്യക്കു ചെലവിനു കൊടുക്കേണ്ട ഗതികേടില്ല,
നിങ്ങളെ പോലെ. മക്കളും ഇല്ല. അതു കൊണ്ട് അണ്‍ എയിഡെഡില്‍ ഫീസും കൊടുക്കേണ്ടി വന്നിട്ടില്ല.

ജീവിതം പരമ സുഖം. രാവിലെ വയലിലേക്കു. ഉച്ച വരെ പണി. ഉച്ചക്കു അമ്മച്ചി കഞ്ഞി തരും. അതു കുടിക്കും. വീണ്ടും വയലില്‍.മരചീനി,വാഴ,ചീര, എല്ലാം നട്ടിട്ടുണ്ടു ഞാന്‍ വയലില്‍. അമ്മച്ചി ചന്തയില്‍ കൊണ്ടു പോയി വില്‍ക്കും. പൈസ കിട്ടും. അരിയും സാധനവും വാങ്ങിക്കും. ബാക്കി എനിക്കു തരും.ഇനിയാണു എന്റെ കളി, പാരിപ്പള്ളി ബാറില്‍ പോകും സമാന്യം നന്നായി മദ്യപിക്കും. വെട്ടിയിട്ട വാഴ പോലെ വീട്ടില്‍ വന്നു കിടക്കും.

ജീവിതം പരമ സുഖം.അധ്വാനിക്കുന്നു. ഉല്പാദിപ്പിക്കുന്നു.സന്തോഷിക്കുന്നു.ബാധ്യതകളില്ല. സംഘര്‍ഷങ്ങളില്ല. അസ്തിത്വദുഖങ്ങളില്ല.ആഗോള സാമ്പത്തിക മാന്ദ്യമോ ഒബാമയൊ എന്നെ ബാധിക്കുന്നതേയില്ല.

അങ്ങിനെയിരിക്കെ 2009 ഏപ്രില്‍ പിറന്നു. കാട്ടുകോഴിക്കെന്തു സംക്രാന്തി. ?. സൂര്യന്‍ ഉദിച്ചു. അസ്തമിച്ചു. രണ്ടു കപ്പ വാഴക്കുലക്കു കിട്ടിയ ഒരു ഒ.സി.ആറിന്റെ ക്രിപയാല്‍ ഞാന്‍ മയങ്ങാന്‍ കിടന്നു.“എന്റെ വീട്ടിലെ എന്റെ അവസാനത്തെ ഉറക്കം.“

മുമ്പേ പറയാന്‍ മറന്നതാണ്. എന്റെ വീടിന്റെ മുന്‍ വശം ഭഗവതി ക്ഷേത്രമാണ്. നാറാണത്തു ഭഗവതി എന്റെ പരദേവതയാണ്. അന്തിക്കള്ളിന്റെ ആവേശത്തില്‍ ഞാന്‍ പിള്ളേരോടൊപ്പം ഭഗവതിക്കു ഭജന പാടും.

രാത്രി.10.30. ഒരു ചെറിയ അനക്കം കേട്ട പോലെ. അമ്മച്ചി ഞരങ്ങിയതാവാം. തള്ളയെ മനസ്സില്‍ പ്രാകി വീണ്ടും ഉറങ്ങാന്‍ കിടന്നു.
വീണ്ടും ഒരനക്കം. ഇതു അമ്മച്ചിയല്ല.ഞാന്‍ എണീറ്റിരുന്നു.

തുറന്നിട്ട ജനാലയിലൂടെ പുറത്തേക്കു നോക്കി. അത്രക്കങ്ങ് ഇരുട്ടില്ല. അമ്പലമുറ്റത്തെ മണല്‍ പോലും വ്യക്തമായി കാണാം. ഒന്നുമില്ല.

വീണ്ടും കിടക്കപ്പായിലേക്കു മറിയുവാന്‍ നിനച്ചപ്പോഴാണ് അതു കണ്ടത്.

വാഴത്തോപ്പിനിടയില്‍ ഒരു രൂപം.നാറാണത്തു ഭഗവതീ അതെന്ത്?. മാടനോ മറുതയോ.

പച്ചില കുമ്പിളില്‍ തുള്ളും ഇളം കള്ളില്‍ മജ്ജനം ചെയ്കയാല്‍ എന്‍ ഹ്രുദയം ചാടി എണീറ്റു.

വാതിലിന്റെ ഓടമ്പല്‍ നീക്കി ഞാന്‍ പുറത്തിറങ്ങി.അതു അവിടെ തന്നെയുണ്ടു.

പമ്മി പമ്മി ഞാന്‍ രൂപത്തിന്റെ പിന്നിലെത്തി.മാടനല്ല, മറുതയല്ല, കറുത്തിരുണ്ട ഒരു രൂപം. ഒരു മനുഷ്യന്‍.തടിച്ച ശരീരം. താടിയുണ്ട്. അരോഗദ്രുഡഗാത്രന്‍.

അടുത്തു ചെന്നപ്പോഴാണ് അതു ശ്രദ്ഡിച്ചത്. അവന്റെ കയ്യില്‍ ഒരു ഇരുമ്പ് ദണ്ഡ്.അപ്പോള്‍ ഇതാണു കള്ളന്‍ എന്നു വിളിക്കപ്പെടുന്ന മോഷ്ടാവ്.

ഒരു കള്ളനെ ജീവനോടെ ആദ്യമായി കാണുകയാണ്.തെക്കതില്‍ വീട്ടില്‍ രാജന്‍ ഉറങ്ങുന്നിടത്തു ഒരു കള്ളനോ.

ആമാശയത്തിലിരുന്നു ഒ.സി.ആര്‍ എന്നോടു വിളിച്ചു പറഞ്ഞു.” അടിയെടാ അവനെ”.തിരിഞ്ഞു നിന്നിരുന്ന അവന്റെ തലയില്‍ ടോര്‍ച്ചു കൊണ്ട് ആഞ്ഞടിച്ചു.

“അമ്മേ!.” എല്ലാ മനുഷ്യരേയും പോലെ അവനും അലറിവിളിച്ചു.വാഴക്കൂട്ടങ്ങളെ ചവുട്ടി മെതിച്ചു അലറിക്കരഞ്ഞ് അവന്‍ ഓടി.
“കള്ളന്‍,കള്ളന്‍,”. പരാജിതന്റെ പിന്നാലെ എന്റെ വിജയക്കുതിപ്പ്. രണഭേരി.ഓടിയെത്താനാകുന്നില്ല എനിക്ക് അവനോടൊപ്പം.
പിന്നെ എന്തു ചെയ്യാന്‍ . അവനെ ഒരു പട്ടിയായി കണക്കാക്കുക.ആറു രൂപ വിലമതിക്കുന്ന ഒരു ചുടുകട്ടക്ക് ഞാന്‍ അവനെ എറിഞ്ഞു. വീണ്ടും അവന്‍ അവന്റെ അമ്മയെ ഓര്‍ത്തു.

നാടുണര്‍ന്നു കഴിഞ്ഞിരുന്നു. വടി,തടി,കട്ട,കല്ല് എന്നിവ അലര്‍ച്ചകളോടൊപ്പവും പിന്നെ ആളുകളോടൊപ്പവും ഓടിയെത്തി.
അവന്‍ വീണു കഴിഞ്ഞിരുന്നു.ആരോ അവന്റെ മുഖത്തേക്കു വെളിച്ചം പായിച്ചു. അങ്ങിനെ ഞങ്ങള്‍ അവനെ വെളിച്ചത്തിലേക്കു നയിച്ചു.

“ദൈവമേ!.തീവെട്ടി ബാബു!”. കുപ്രസിദ്ഡ മോഷ്ടാവ്. ഏഴു കൊലക്കേസ്സില്‍ പ്രതി.മോഷണക്കേസ്സില്‍ ജാമ്യത്തിലിറങ്ങി ഒരു സെക്യൂരിറ്റിയെ വെട്ടിക്കൊന്നു കൊള്ള നടത്തിയ കൊടും ഭീകരന്‍.പത്രങ്ങളില്‍ ഇവന്റെ ചിത്രം കണ്ടിട്ടേയുള്ളു ഞാന്‍. ഇവന്റെ ഭാര്യയും മക്കളും ഇവിടെ അടുത്തെവിടെയോ ആണ് താമസം. പിടികിട്ടാപ്പുള്ളിയായ ഇവന്‍ രാത്രി ഒളിച്ചു വീട്ടില്‍ വരാറുണ്ട് എന്നു ജനസംസാരം.

“എന്തായാലും രാജാണ്ണന്‍ തീവെട്ടി ബാബുവിനെ പിടിച്ചു.പോലീസു വിചാരിച്ചിട്ടു നടക്കാത്തതാ.”ഞാന്‍ ഒരു ഹീറൊ ആയി. എന്റെ തല ഒന്നു കൂടി പൊങ്ങി.

“ഒരടിയേ അടിച്ചുള്ളൂ .അപ്പോഴെക്കും അവന്‍ വീണു. അല്ലെങ്കില്‍ കാണിച്ചു കൊടുക്കമായിരുന്നു”. ഞാന്‍ വീരസ്യം പറഞ്ഞു.
വീണു കിടക്കുന്ന കള്ളനെ ചില ധീരന്മാര്‍ കുത്തുന്നു,ചീണ്ടുന്നു. ഇതെല്ലാം നിങ്ങളുടെ അവകാശം എന്നു സമ്മതിച്ചു അവന്‍ മിണ്ടാതെ കിടക്കുന്നു.

‘അണ്ണാ നമുക്കിവനെ പോലീസി ഏപ്പിക്കണ്ടെ?.”
ഉത്തരവിനു കാത്തുനിക്കുകയാണു ജനം.
“വേണ്ടടെ, അവന്മാരും എവനും ഒക്കെ ഒന്നു തന്നെ, രണ്ടു കൂടികൊടുത്തിട്ടു പറഞ്ഞയക്കാം”.

ഒരു പ്രായോഗിക വാദി പറഞ്ഞു.“എവന്റെ പെണ്ണുമ്പിള്ളയെ വരുത്താം. അവളു കൊണ്ടു പോവേ എന്തരാ ചെയ്യട്ടു”. ഒരു സന്മാര്‍ഗ്ഗവാദി പറഞ്ഞു.
അതൊരു നല്ല ആശയമായി എനിക്കു തോന്നി. കാരണം എന്റെ അടികൊണ്ടു പൊട്ടിയ കള്ളത്തലയില്‍ നിന്നു ചോര വരുന്നുണ്ടായിരുന്നു.അവന്‍ ചത്തു പൊയാലോ എന്നൊരു ശങ്ക. കള്ളന്റെ കള്ളി വരട്ടെ. സാധനം അവള്‍ ഏറ്റെടുക്കട്ടെ.

കള്ളി വന്നു.” എന്റെ അണ്ണാ !.അണ്ണനെ ഈ ...........മോമ്മാരു കൊന്നാ അണ്ണാ ,”.അവള്‍ അലറി വിളിച്ചു.

പൊതുജനം ആദ്ധ്യാത്മിക വാദികളായി. “ഭര്‍ത്തവിനെ മോട്ടിക്കാന്‍ വിട്ടിട്ടു മോങ്ങുന്നോടീ..”.കള്ളി മോങ്ങല്‍ നിര്‍ത്തി.കള്ളനെ താങ്ങിയെടുത്തു. വേച്ചു വേച്ചു അവന്‍ എണീറ്റു.
ഞാന്‍ മോഹന്‍ലാലായി.” ഇനി ഈ എര്യയില്‍ നിന്നെ കണ്ടുപോയാല്‍ കൊന്നുകളയും. സവാരി ഗിരിഗിരി”. കള്ളന്‍ ഒന്നമര്‍ത്തി നോക്കി. പിന്നെ കിടന്നുകൊണ്ടു നടന്നകന്നു.

കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയ രാജന്‍ പിള്ള്യെ അഭിനന്ദിച്ച് ജനം ഭാര്യമാരുടെ ചൂടിലേക്കു മടങ്ങി.

നേരം പുലര്‍ന്നു. പാലു കറക്കുന്ന അണ്ണാച്ചി മുതല്‍ കറക്കുന്ന എരുമക്കു വരെ എന്തൊരു ബഹുമാനം.ചോദിച്ചവരോടെല്ലാം നടന്ന സംഭവം അല്പവും ,നടക്കാത്തതു കൂടുതലും ചേര്‍ത്തു വിളമ്പി.

“എങ്കിലും അണ്ണന്റെ ഒരു ധൈര്യം” നാട്ടുകാര്‍ അത്ഭുതം കൂറി.
“ഓ.....എന്തരു നമ്മളിതു എത്ര കണ്ടതാ!”. നമ്മള്‍ വിനയാന്യിതനായി.

കാലത്തു 10.30 നു പാരിപ്പള്ളി പോലിസ് സ്റ്റേഷനില്‍ നിന്നു ജീപ്പില്‍ പൊലീസു വന്നു.“ഈ രാജന്‍ പിള്ള”“അതു ഞാന്‍ തന്നെ.” അഭിമാനപുരസ്സരം ഞാന്‍ ഇറങ്ങി ചെന്നു.

“അല്ല ഈ തീവെട്ടി ബാബുവിനെ പിടിച്ച...............”.

പോലീസ്സിനു സംശയം.“സാറെ അതു ഞാന്‍ തന്നെ, ‘രാജന്‍ പിള്ള”

“താങ്കള്‍ സ്റ്റേഷന്‍ വരെ ഒന്നു വരണം’

“അതിനെന്താ സാറെ ഞാനിതാ എത്തി”.അലക്കി തേച്ച മുണ്ടെടുത്തുടുത്തു ഞാന്‍ ഇറ്ങ്ങി.

“അണ്ണാ അവനെ കുറിച്ച് എല്ലാം പറഞ്ഞു കൊടുക്കണെ.!” ആരോ ഉപദേശിച്ചു.സ്റ്റേഷനിലെത്തി. പോലീസ്സുകാര്‍ക്കെല്ലാം എന്തൊരു ബഹുമാനം.
“ ഇതാണൊ തീവെട്ടി ബാബുവിനെ അടിച്ച് രാജന്‍ പിള്ള” പോലീസ്സുകാര്‍ക്കു അത്ഭുതം.

“ഓ ........”- നമ്മള്‍ വിനയന്യിതനായി.
രാജന്‍പിള്ളെ , നമ്മള്‍ ഒന്നു കോടതിയില്‍ പോകേണ്ടിവരും- എസ്.ഐ.പറഞ്ഞു.
അയ്യോ , എന്തിനു സാറെ- ഞാന്‍ ഒന്നു പേടിച്ചു.
ഒന്നിനുമല്ലാ, പേടിക്കണ്ടാ. കള്ളനയാലും അവന്‍ മനുഷ്യനല്ലെ. ഒരു കേസ്സു ചാര്‍ജ്ജു ചെയ്യെണ്ടിവരും. പേടിക്കണ്ട ഉടനെ ഇങ്ങു പോരാം.”എസ്.ഐ. ആശ്വാസം പകര്‍ന്നു.

ഞാന്‍ ആടു തോമയായി പരവൂര്‍ കോടതിയിലെത്തി.
ഇതാണ് കള്ളനെ അടിച്ച രാജന്‍ പിള്ള. ജനം അസൂയയോടെ നോക്കുന്നു.കോടതി കൂടി.നാലാമത്തെ കേസ് എന്റേതു.

കോടതിയില്‍ കുറ്റപത്രം വായിച്ചു.“ ചിറക്കര പുത്തെങ്കുളം തെക്കതില്‍ വീട്ടില്‍ ഗോമതി മകന്‍ രാജന്‍ പിള്ള”ഞാന്‍ നെഞ്ചു വിരിച്ചു.“ 2009 ഏപ്രില്‍ മാസം 8-ആം തിയതി ചിറക്കര പുത്തെങ്കുളം നന്ദു നിവാസില്‍ ബാബു എന്ന നിരപരാധിയായ ഒരു യുവാവിനെ വീട്ടില്‍ അതിക്രമിച്ചു കടന്നു മാരകായുധങ്ങള്‍ ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സ്. വകുപ്പ്-308- വധശ്രമം”14- ദിവസത്തേക്കു റിമാന്റു ചെയ്തു കോടതി.

“ വായനക്കാരെ ഞാന്‍ കൊല്ലം സബ് ജയിലില്‍ കിടക്കുന്നു. ജാമ്യമില്ലാ വകുപ്പു പ്രകാരം.“ പിറ്റെ ദിവസത്തെ പത്രം ജയിലില്‍ കിട്ടി.

പ്രാദേശിക പേജില്‍ വാര്‍ത്ത.“അറസ്റ്റു ചെയ്തു”കൊല്ലം- ചിറക്കര പുത്തെങ്കുളത്തു നന്ദു നിവാസില്‍ ബാബു എന്ന 42 വയസ്സുകാരനായ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഒറ്റക്കണ്ണന്‍ രാജന്‍ എന്ന രാജന്‍ പിള്ളയെ പാരിപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. പ്രതിയെ കോടതി റിമാന്റു ചെയ്തു.”

“ഒറ്റക്കണ്ണന്‍ രാജന്‍”പ്രിയ വായനക്കാരെ അറസ്റ്റു ചെയ്യുമ്പോഴും ഇപ്പൊഴും എനിക്കു രണ്ടു കണ്ണുമുണ്ട്. കണ്ണില്ലാത്തത് ആര്‍ക്കാണ്. നിയമത്തിനോ എനിക്കോ.ഞാനിപ്പോഴും ഇവിടെയുണ്ട്. കൊല്ലം സബ് ജയിലില്‍.രണ്ടു കണ്ണുമുള്ള ഒറ്റക്കണ്ണന്‍ രാജന്‍.

Monday, July 6, 2009

ഒരു സംശയം മാത്രം!

അങ്ങിനെ സ്വവര്‍ഗ്ഗ രതി നിയമ വിധേയമായി.


എല്ലാ ചാനലുകളിലും ചര്‍ച്ച. പത്രങ്ങള്‍ , വാരികകള്‍, മാസികകള്‍ എവിടെയും വിഷയം സ്വവര്‍ഗ്ഗരതി തന്നെ.

കരിമീന്‍ എല്ലാം വായിച്ചു. എല്ലാം മനസ്സിലാക്കി.

ചട്ടങ്ങള്‍, നിയമങ്ങള്‍, മനുഷ്യാവകാശങ്ങള്‍ എല്ലാം പഠിച്ചു.

കരിമീന് ഇപ്പോഴും ഒരു സംശയം മാത്രം.

ഇതെങ്ങിനാ ചെയ്യുന്നത് ?.”

Monday, June 29, 2009

ഇവരെക്കൂടി സ്വീകരിക്കുക!

ആദിശങ്കരന്‍.

ശ്രീനാരായണഗുരു

ഇ.എം.എസ്.

കെ.ദാമോദരന്‍
മലയാളിയുടെ ചിന്താ മണ്ഡലത്തിന് വെള്ളവും വെളിച്ചവും നല്‍കിയവര്‍.
ഇത് പുതുയുഗം

ഇവിടെ നമ്മെ വെളിച്ചത്തിലേക്ക് നയിക്കാന്‍ ഒരാള്‍ മാത്രം.
നന്ദകുമാര്‍- ക്രൈം നന്ദകുമാര്‍.
പിണറായി വിജയനെന്ന ഭീകരന്റെ മുഖം മൂടി പിച്ചിച്ചീന്തി നമുക്ക് കാഴ്ചവച്ച ധീര ദേശാഭിമാനി.
അദ്ദേഹം തുടങ്ങി വച്ചത് മാധ്യമലോകം ഏറ്റുപാടി.
അതിനെക്കുറിച്ചല്ല എന്റെ പോസ്റ്റ്.
അദ്ദേഹം തുടങ്ങി വച്ച മറ്റു ചില പോരാട്ടങ്ങള്‍ ഇന്നും ഉത്തരം കിട്ടാതെ എന്നെ അലട്ടിക്കൊണ്ടേയിരിക്കുന്നു.
പ്രിയ മാധ്യമലോകമേ നിങ്ങള്‍ ഇത് ഏറ്റെടുത്ത് ഞങ്ങളെ വെളിച്ചത്തിലേക്ക് നയിക്കേണമേ

1, മോഹന്‍ ലാലിന് എയിഡ് സ് ഉണ്ട് (1998)
2, ഗണേശന്‍ (നടന്‍ , മുന്‍ മന്ത്രി) എയിഡ് സ് ഉണ്ട്. (2001)
3, നയന്‍ താര ഗര്‍ഭിണിയായി. ഉത്തരവാദി മോഹന്‍ ലാല്‍. കോട്ടയം കാരിത്താസില്‍ സംഭവം കലക്കി. (൨൦൦൪
4, സിനിമാ നടി നന്ദിനി തന്റെ ബ്ലൂഫിലിം ഒരു കോടി രൂപക്കു വിറ്റു.
തല്‍ക്കാലം ഇത്രയും മതി. ഇതു കൂടി ഏറ്റെടുക്കണെ പത്രാധിപന്മാരേ.

Thursday, June 25, 2009

ലാവ് ലിനും ചാവര്‍കോട് വൈദ്യനും

പുനര്‍വായന

ചാവര്‍കോട് വൈദ്യന്മാര്‍ ശ്രീനാരായണ ഗുരുവിന്റെ വൈദ്യന്മാരായിരുന്നു.

ഗുരുവിനെ എണ്ണ തേപ്പിച്ചും കിഴിയിടീപ്പിച്ചും വൈദ്യന്മാര്‍ പ്രശസ്തരായി.ഗുരുവിനെ എണ്ണ തേല്പിക്കുന്ന വൈദ്യന്മാരെക്കൊണ്ട് തങ്ങളേയും എണ്ണയിടീപ്പിക്കുവാന്‍ ശിഷ്യന്മാരും തുനിഞ്ഞിറങ്ങി. അങ്ങിനെ ചാവര്‍കോട് വൈദ്യന്മാര്‍ സമുദായത്തിന്റെ കുലവൈദ്യന്മാരായി.

കാലം കഴിഞ്ഞു വൈദ്യന്മാര്‍ ചികിത്സിച്ചു ചികിത്സിച്ചു ശ്രീനാരായണ ഗുരു വളരെ നേരത്തെ സമാധിയായി. (ശാന്തം,പാപം)

അതുകൊണ്ടാവണം അടുത്ത തലമുറ വൈദ്യം പഠിക്കാന്‍ പോയില്ല. വൈദ്യന്‍ മകനെ പഠിപ്പിച്ചു വക്കീലാക്കി.കുത്ത് കൊല, അതിര്‍ത്തി തര്‍ക്കം എന്നിവയിലൊന്നും താല്പര്യമില്ലാത്ത വിശുദ്ധനാകയാല്‍ മകന്‍ സര്‍വീസ് കേസുകള്‍ മാത്രം വാദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നീറുന്ന കേസുകള്‍ പരിഹരിച്ചു.

ശ്രീനാരായണഗുരു കമ്മ്യുണിസ്റ്റാകയാല്‍ വൈദ്യനും മക്കളും കമ്മ്യുണിസ്റ്റായി.

അങ്ങിനെ വക്കീല്‍ സുധാകര പ്രസാദും കമ്മ്യുണിസ്റ്റായി.

അങ്ങിനെ കാലം കഴിഞ്ഞു വരവേ കേരളത്തില്‍ കമ്മ്യുണിസ്റ്റുകാര്‍ അധികാരത്തില്‍ വരുകയും പിണറായി വിജയന്‍ എന്നൊരാള്‍ അധികാരത്തിന്റെ അമരത്തെത്തുകയും ചെയ്തു.(ഇടക്ക് ജാഥ നടത്തി അച്യുതാനന്ദന്‍ എന്നൊരാള്‍ മുഖ്യമന്ത്രിയാവുകയും പി.കെ,പ്രകാശ്, എന്‍.സുഗതന്‍, സി.ആര്‍. നീലകണ്ഠന്‍,ആസാദ്, ശിവന്‍ മഠത്തില്‍,എന്നിവരുടെ സഹായത്തോടെ കേരളം ഭരിക്കുകയും ചെയ്തതായി അറിയുന്നു.).

കേരള കൌമുദിയിലെ എന്‍ ആര്‍ എസ് ബാബുവിനോടും എം എസ് മണിയോടും അലോചിച്ച വാറെ വൈദ്യന്റെ മകന്‍ കേരളദേശത്തിന്റെ വക്കീലാകാന്‍ പറ്റിയ ആളാണന്ന് അവര്‍ നിശ്ചയിച്ചതു പ്രകാരം പിണറായി വിജയന്‍ അവനോടു കല്പിച്ചു. നീ കേരള ദേശത്തിന്റെ വക്കീലാകുക.

നിന്റെ ഇഷ്ടം എന്റെ ഇഷ്ടമാകുന്നു എന്നു അവന്‍ കല്പിച്ചനുസരിച്ചു.അങ്ങിനെ സുധാകര പ്രസാദ് അഡ്വ.ജനറലായി.

നിയമിച്ചത് പിണറായി ആണ് എങ്കിലും നിയമം വിട്ടു നടക്കുന്ന ആളല്ല ചാവര്‍കോട് വൈദ്യന്റെ മകന്‍.

പണ്ട് ശ്രീനാരായണ ഗുരു പറഞ്ഞിട്ട് അച്ഛന്‍ കേട്ടിട്ടില്ല,പിന്നല്ലേ മകന്‍.

ആ കഥ ഇങ്ങനെ.

സുധാകര പ്രസാദിന്റെ വീട്ടില്‍ സദ്യ. ഗുരുദേവന്‍ എഴുന്നള്ളണമെന്നു വൈദ്യന് അതിയായ ആഗ്രഹം. ശിഷ്യന്റെ ഒരാഗ്രഹമല്ലേ ഗുരുദേവന്‍ സമ്മതിച്ചു.

ഗുരുവും ചിന്നസ്വാമി ആശാനുമായി ചാവര്‍കോട് വീട്ടിലെത്തി. ആശാന്‍ എന്നു കേള്‍ക്കുമ്പോള്‍ ചില നീച മനസ്കര്‍ വെളിയം ഭാര്‍ഗ്ഗവനെ ഓര്‍ക്കും.

ഇതു അതല്ല, മലയളത്തിന്റെ പ്രിയപ്പെട്ട കവി കുമാരന്‍ ആശാന്‍. ചാവര്‍കൊട് വൈദ്യന് മുഖം കറുത്തു. ഗുരുവിനെ മാറ്റി നിര്‍ത്തി പറഞ്ഞു.

ഗുരോ അങ്ങയെ മാത്രമല്ലേ ഞാന്‍ ക്ഷണിച്ചുള്ളൂ. ഈ കുമാരനെ എന്തിനു കൊണ്ടുവന്നു. ഇവന്‍ ചാന്നാനാണ്, ഇവനെ എന്റെ വീട്ടില്‍ കയറ്റാനൊക്കത്തില്ല.

ജാതിക്കെതിരെ പടപൊരുതിയ ഗുരു വാപൊളിച്ചു നിന്നു. ഗുരു എത്ര നിര്‍ബന്ധിച്ചിട്ടും ആശാന് ഊണു വിളംബാന്‍ വൈദ്യന്‍ തയ്യാറായില്ല.(ഒടുവില്‍ ഗുരു ഉണ്ണാതെ തിരിച്ചു പോയി എന്ന് ഈഴവരും അതല്ല ആശാനെ പുറത്തു നിര്‍ത്തി ഉണ്ടിട്ടു പോയി എന്നു നായന്മാരും)

ഏതായാലും ആ കുലത്തില്‍ പിറന്ന
സുധാകര പ്രസാദ് ആരുടേയും വാശിക്കു വഴങ്ങില്ല എന്നതു സത്യം.

അങ്ങിനെ സുധാകര പ്രസാദ് മാന്യമായി ജോലിചെയ്ത് ജീവിച്ചു വരവെ നാട്ടില്‍ കുമാര സംഭവം ഉണ്ടാകുന്നു.

കുമാര സംഭവം എന്നാല്‍ മൂന്ന് കുമാരന്മാര്‍ ചേര്‍ന്നുണ്ടാക്കിയ സംഭവം. വീരെന്ദ്രകുമാര്‍, നന്ദകുമാര്‍, അഡ്വ: രാംകുമാര്‍. ആസൂത്രകന്‍, അവതാരകന്‍, ഉപദേശകന്‍ എന്നിങ്ങനെ.

ഈ കുമാര സംഭവത്തിനു നമ്മള്‍ ലാവ് ലിന്‍ കേസ് എന്ന് പേരിട്ടു.ഈ മൂന്ന് കുമാരന്മാരും ചേര്‍ന്ന് പല ചികിത്സയും നടത്തിയ ശേഷമാണ്, സുധാകരന്‍ വൈദ്യന്റെ അടുക്കല്‍ രോഗിയെ എത്തിക്കുന്നത്. സി ബി ഐ, ഹൈക്കൊടതി, സുപ്രീ കോടതി,എന്നിവിടങ്ങളിലൊക്കെ കാണിച്ചു. ആവശ്യമായ മരുന്നൊക്കെ കൊടുത്തു. എന്നിട്ടും രക്ഷയില്ല. കുമാരന്മാര്ക്ക് ഒരേഒരു ആവശ്യം മാത്രം .

കടിച്ചത് പിണറായി പാമ്പാണന്ന് വൈദ്യന്‍ സാക്ഷ്യപ്പെടുത്തണം .വൈദ്യന്‍ രോഗിയെ പരിശൊധിച്ചു തുടങ്ങി.

കുമാരന്മാര്‍ പറഞ്ഞു. വൈദ്യരേ വിശദമായൊന്നും പരിശോധിക്കണ്ട. കടിച്ച്തു പിണറയിയാണു എന്നുമാത്രം എഴുതിതന്നാല്‍ മതി.

വൈദ്യന്‍ കോപിച്ചു . തോന്നിയവാസം എഴുതാനല്ലാ ഞാന്‍ ഇവിടെ ഇരിക്കുന്നതു.എനിക്കു മരുന്നെഴുതാന്‍ രോഗിയെ വിശദമായി പരിശോധിച്ചേ പറ്റൂ. പഴയ കുറിപ്പടികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കൊണ്ടുവരൂ.

കുമാരന്മാര്‍ പല്ലിറുമ്മി. ഇത് പിണറായി പാമ്പിനെ രക്ഷിക്കാനുള്ള അടവാണ്. ടാക്സി കൊണ്ടുവാടാ............,കുമാരന്മാര്‍ അമറി.വൈദ്യന്‍ വിട്ടില്ല. രോഗി എന്റെ കയ്യിലാണ്, ഞാന്‍ പരിശോധിച്ചല്ലാതെ വിടില്ല.ഇതു പണ്ടാരാണ്ടോ പറഞ്ഞതു പോലെയായല്ലോ?.

ഒന്നാം കുമാരന്‍ രണ്ടാം കുമാരനെ തിരികെ സുപ്രീം കോടതിയിലേക്കു പറഞ്ഞയച്ചു.വൈദ്യന്‍ പരിശോധന തുടര്ന്നു.അതാ കണം കാലിനടിയില്‍ ഒരു മുറിവ് . കണ്ടിട്ട് കാര്ത്തികേയന്‍ പാമ്പ് കടിച്ചതു പോലെ. അപ്പോഴും കുമാരന്മാര്‍ മുറുമുറുക്കുന്നു " ടാക്സി വിളിയെടാ......"

പരിശോധന അവസാനിപ്പിച്ച് വൈദ്യന്‍ പറഞ്ഞു "പിണറായി പാമ്പ് കടിച്ചിട്ടില്ല"."കടിച്ചൊ,ഇല്ലയോ എന്നു നോക്കാന്‍ തന്നെ ഏല്പിച്ചിട്ടില്ല.കടിച്ചു എന്നു മാത്രം എഴുതെടാ" കുമാരന്മാര്‍ .അങ്ങിനെ പ്രൊസിക്യുഷന്‍ വേണ്ട എന്നു സര്ക്കാര്‍ തീരുമാനിച്ചു.

ഇനി ഗവര്ണറാണ്, തീരുമാനം എടുക്കേണ്ടത്. അതാര്ക്ക് അനുകൂലമാകും . നിയമം നോക്കി രേഖകള്‍ നോക്കി ഗവര്ണര്‍ തീരുമാനിക്കും . പക്ഷെ അവിടെയും ഒരു പഴുതിട്ടിട്ടുണ്ട് കുമാരന്മാര്‍ . ഗവര്ണറുടെ മകനെ സി പി എം അമരാവതിയില്‍ പിന്താങ്ങുന്നു. ഇനി ഗവറ്ണരെങ്ങാനും പിണറായിയെ അനുകൂലിച്ചു തീരുമാനം എടുത്താല്‍ അതിനൊരു ന്യായീകരണം വേണ്ടേ ,

കുറ്റം നടക്കുന്നു.കുറ്റപത്രം സമര്‍പ്പിക്കുന്നു.കുറ്റവാളിയെ പിടിക്കുന്നു. വിചാരണ നടക്കുന്നു. ശിക്ഷ വിധിക്കുന്നു. ഇതാണ് ഇഹലോകത്തിലെ നിയമ നടപടി ക്രമം. ഇതു തല തിരിച്ചു നടക്കുന്ന അപൂര്‍വം പ്രക്രിയകളിലൊന്നാണ് എസ് എന്‍ സി ലാവ് ലിന്‍ കേസ്.

ഇവിടെ കുറ്റവാളി പിടിക്കപ്പെടുന്നു. പിണറായി വിജയന്‍. കുറ്റം കണ്ടു പിടിക്കാന്‍ പിന്നീട് സി ബി ഐ യെ ഏല്പിച്ചു. അവര്‍ പതിനായിരക്കണക്കിനു പേജുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു.അമ്മയെ തല്ലിയാല്‍ രണ്ടുണ്ടു പക്ഷം. പക്ഷെ ലാവ് ലിന്‍ കേസില്‍ പക്ഷം ഒന്നെയുള്ളൂ. പിണറായി കുറ്റക്കാരനാണ്. വിചാരണ, ശിക്ഷ എന്നിവക്കായി ജനം ഏക മനസ്സോടെ വാദിക്കുന്നു.

നന്ദകുമാര്‍,വീരേന്ദ്രകുമാര്‍,അഡ്വ്: രാംകുമാര്‍, നമ്മള്‍ ജനത്തിനു വേണ്ടി ഈ കേസു വാദിക്കുന്നു. സമൂഹത്തില്‍ നിന്നു അഴിമതി തുടച്ചു നീക്കണം എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ ഇവര്‍ക്കുള്ളു.ലവ് ലിന്‍ കേസ് അഡ്വ: ജനറലിനു മുന്നേ എത്തി. കോടതി പറഞ്ഞു.” പ്രോസിക്യുട്ട് ചെയ്യാമൊ ഇല്ലയോ”. അഡ്വ: ജനറല്‍ രേഖകള്‍ പരിശോധിച്ചു തുടങ്ങി. അപ്പോള്‍ നമ്മള്‍ സമാന്തര വിചാരണ തുടങ്ങി. എന്തിനു രേഖകള്‍ പരിശോധിക്കണം?.


പിണറായി കുറ്റക്കാരന്‍ തന്നെയാണ്. പ്രോസിക്യുട്ട് ചെയ്യാന്‍ കയ്യോടെ അനുമതി കൊടുക്കുക.രേഖകള്‍ പരിശോധിച്ച സുധാകര്‍ പ്രസാദിന് പിണറായിയെ കുറ്റക്കാരന്‍ ആക്കാന്‍ വേണ്ടത്ര തെളിവില്ല എന്നു തോന്നി. എന്തു കൊണ്ട് സുധാകര പ്രസാദിന് അങ്ങിനെ തോന്നി എന്ന് നമ്മള്‍?. നാളെ ഗവര്‍ണക്ക് അങ്ങിനെ തോന്നിയാലോ. പഴുതുകള്‍ ഇപ്പോഴെ അടക്കാം. ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയാല്‍ അതു മഹത്തായ ഭരണ വ്യവസ്ഥിതിയുടെ വിജയം

Wednesday, June 24, 2009

കമ്പക്കാരന്‍ ഗോപാലപിള്ളയും എസ്.എന്‍.സി. ലാവലിനും

കണ്ണമ്പാ നടയിലെ വെടിക്കെട്ടിന് തിരികൊളുത്തിയും എടുപ്പുകുതിരയുടെ വടം പിടിച്ചുമൊക്കെ ഗോപാലപിള്ള സുഖമായി വാണരുളുമ്പോഴാണ് പട്ടിണി വീട്ടുവാതിലില്‍ മുട്ടിയത്. മുണ്ടുമുറുക്കിയുടുത്തും കൂഴച്ചക്ക ചുളവിരിച്ചുതിന്നുമൊക്കെ ഗോപാലപിള്ള വിശപ്പടക്കി നോക്കി. കിം ഫലം.

ഒടുവില്‍ ഗോപാലപിള്ള നാടുവിട്ടു. ഒരു ചരക്കു കപ്പലില്‍ പൈനാംകിലേക്ക്, അവിടെ നിന്ന് സിംങ്കപ്പൂരിലേക്ക്. അവിടെ ചെല്ലപ്പന്‍ കങ്കാണിയുടെ കൂടെ തോട്ടത്തില്‍ മേസ്തിരിയായി. പതുക്കെ പച്ച പിടിച്ചു. സമ്പാദ്യങ്ങളുണ്ടായി. നാട്ടില്‍ വന്നൊരു കല്യാണം കഴിച്ചു. കമ്പക്കാരന്‍ ഗോപാലപിള്ള സിംങ്കപ്പൂര്‍ ഗോപാലപിള്ളയായി. ഇടക്കിടക്കു നാട്ടില്‍ വന്നും ഭാര്യയെ കപ്പലില്‍ സിംങ്കപ്പൂരിലേക്ക് കൊണ്ടുപോയും ഒക്കെ ഗോപാലപിള്ള മക്കളെ ഉത്പാദിപ്പിച്ചുകൊണ്ടിരുന്നു.

അങ്ങിനെ ഗോപാലപിള്ളക്ക് എട്ടു മക്കളുണ്ടായി. അതില്‍ ഒന്നാമത്തവനായി ജി. കാര്‍ത്തികേയന്‍ ജനിച്ചു.

സിംങ്കപ്പൂരില്‍ നിന്നും അവധിക്കെത്തിയ ഒരു ദിനം ഗോപാലപിള്ള മകനെ ഇടവ മുസ്ലീം ഹൈസ്കൂളീല്‍ ചേര്‍ത്തു. അവിടെ വച്ച് ഇടവാ കലാം എന്നൊരാള്‍ കാര്‍ത്തികേയനെ കെ.എസ്.യു വില്‍ ചേര്‍ത്തു. കൂടെ ക്കൂടെ പഠിച്ചും ബാക്കി സമയത്ത് രാഷ്ട്രീയം കളിച്ചുമൊക്കെ കാര്‍ത്തികേയന്‍ വളര്‍ന്നു. പത്താം ക്ലാസ്സ് പാസായി നിന്ന കാര്‍ത്തികേയനെ ഗോപാലപിള്ളയുടെ തീരുമാനത്തിനെതിരായി കലാം ശിവഗിരി എസ് .എന്‍.കോളേജില്‍ ചേര്‍ത്തു.

എസ്.എന്‍.കോളേജ് കെ.എസ്.യു വിന്റെ കോട്ടയായിരുന്നു. ചില ബുദ്ധിജീവികളും സാഹിത്യകാരന്മാരും ഒക്കെ എസ്.എഫ്.എന്നു പറഞ്ഞ് നടന്നു എങ്കിലും കോളേജില്‍ പച്ച തൊടാനായില്ല. മാഗസിന്‍ എഡിറ്റര്‍ സ്ഥാനത്തേക്കു മത്സരിച്ച കാര്‍ത്തികേയന്‍ പുഷ്പം പോലെ ജയിച്ചു. കറുത്ത കുറ്റിത്താടിക്കാരന്റെ കോളേജ് മാഗസിന്‍ പുറത്തിറങ്ങുന്നതും നോക്കി കുമാരിമാര്‍ ആകാംഷയോടെ കാത്തിരുന്നു.

ആ കാത്തിരിപ്പ് അനന്തമായിരുന്നു.

കോളേജ് മാഗസിന്‍ ഫണ്ടുമായി എഡിറ്റര്‍ മുങ്ങി.

അന്നു തൊട്ട് ഇന്നു വരേക്കും ആ കോളേജില്‍ കെ.എസ്.യു.ജയിച്ചിട്ടില്ല. മുപ്പതു കൊല്ലത്തെ കെമിക്കല്‍ റിയാക്ഷന്‍.

മുങ്ങിയ കാര്‍ത്തികേയന്‍ പൊങ്ങിയത് അനന്തപുരിയിലാണ്. അവിടെ കരുണാമയനായ കരുണാകരന്റെ കാലടികളില്‍. ഫണ്ടു വെട്ടിച്ചു വന്ന കൊച്ചു ശിഷ്യനെ ആശാന്‍ ആഞ്ഞു പുല്‍കി.

രമേശന്‍ , ഷാനവാസ് എന്നീ ശിഷ്യരോടോപ്പം ഒരു പായ അടുക്കള വാതില്‍ക്കല്‍ കാര്‍ത്തികേയനും കിട്ടി.

കല്ല്യാണിക്കുട്ടിയമ്മയുടെ തലയിലെ പേനെടുത്തും, പത്മജയുടെ അപ്പികോരിയും , മുരളീധരന്റെ കിടുങ്ങാമണി പിടിച്ചു കളിച്ചു മൊക്കെ അവര്‍ വളര്‍ന്നു.

പിന്നീടുള്ളത് ചരിത്രമാണ്.

അത് നിങ്ങള്‍ക്കറിയാം .

Monday, June 22, 2009

അതിന്റെ അര്‍ത്ഥം എന്ത്?.

കോണ്‍ഗ്രസ്സുകാര്‍ നടത്തുന്ന ചാനലില്‍ ഒരു സര്‍വേ

അച്യുതാനന്ദനെ സി.പി.എമ്മില്‍ നിന്നു പുറത്താക്കണോ?.

70% കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞു അച്യുതാനന്ദന്‍ സി.പി.എമ്മില്‍ തുടരണം. 30% പറഞ്ഞു അച്യുതാനന്ദനെ സി.പി.എം. പുറത്താക്കണം.

അതെന്തുകോണ്ട് മഹാഭൂരിപക്ഷം കോണ്‍ഗ്രസ്സുകാരും അച്യുതാനന്ദന്‍ സി.പി.എമ്മില്‍ തുടരണം എന്നാഗ്രഹിക്കുന്നു?.

Friday, June 19, 2009

മഹാന്മാര്‍ കണ്ടുമുട്ടുമ്പോള്‍

രണ്ട് മഹാന്മാര്‍ കണ്ടു മുട്ടിയാല്‍ എന്തു സംഭവിക്കും. അവരുടെ ഭാഷണങ്ങള്‍ ചരിത്രങ്ങളാകും. തലമുറകള്‍ അതോര്‍ത്തുവക്കും.
ടാഗോറും ഗാന്ധിജിയും കണ്ടുമുട്ടിയപ്പോള്‍, ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും കണ്ടുമുട്ടിയപ്പോള്‍
ഒരു വൈസ് ചാന്‍സലറും വിദ്യാഭ്യാസ മന്ത്രിയും കണ്ടുമുട്ടിയാല്‍
അത് വിദ്യാഭ്യാസ രംഗത്ത് നൂതനമായ എന്തെങ്കിലും ആശയങ്ങള്‍ സംഭാവന ചെയ്യും.
കേരളത്തിലെ ഒരു വൈസ് ചാന്‍സലറും വിദ്യാഭ്യാസമന്ത്രിയും ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടിയ രംഗത്തെകുറിച്ച് വൈസ് ചാന്‍സലര്‍ പറയുന്നത് ശ്രദ്ധിക്കുക.
സംസ് ക്രുത സര്‍വകലാശാല മുന്‍ വി.സി. ഡോ: രാധാക്രിഷ്ണന്റെ വാക്കുകള്‍
“ ഞാന്‍ എം.എ .ബേബിയെ ആദ്യമായി കാണുന്നത് ദല്‍ഹി കേരളാഹൌസില്‍ വച്ചാണ്. കണ്ടയുടന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നെ വി.സി.സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ നിങ്ങളോ നിങ്ങളുടെ പാര്‍ട്ടിയോ ശ്രമിച്ചാല്‍ ഈ ജന്മം അത് നടക്കാന്‍ പോകുന്നില്ല. ഞാന്‍ ഇവിടെതന്നെ ഇരിക്കും. എനിക്ക് മടുക്കുന്നതുവരെ”.
(അഭിമുഖം: മനോരമ)

വിദ്യാധനം സര്‍വ ധനാല്‍ പ്രധാനം.

Tuesday, June 16, 2009

ഒരു ഗൈഡിന്റെ ഭാഷാ പ്രശ്നങ്ങള്‍



ഞങ്ങള്‍ക്കിടയില്‍ വിവരം ഉള്ള ഏക വ്യക്തി എന്ന നിലയിലാണ് ഷിബുവിന് ദിവാകരേട്ടന്‍ ലോഡ്ജില്‍ ജോലി കൊടുത്തത്.
ജോലി എന്ത് എന്നുള്ളതിന് ഷിബു തന്ന മറുപടി “ റിസപ്ഷണലിസ്റ്റ്” എന്നായിരുന്നു.
എന്തായാലും ടൂറിസ്റ്റ് കേന്ദ്രത്തില്‍ ലോഡ്ജില്‍ ഷിബു ജോലിയില്‍ പ്രവേശിച്ചു.
വൈകുന്നേരം ഞങ്ങള്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്നു. ഞങ്ങള്‍ക്കുള്ള മസാല്‍ ഷിബു വിളമ്പുന്നു.
“ഇന്നൊരു മദാമ്മ വന്നിരുന്നു. വന്ന പാടെ എന്നെ കെട്ടിപ്പിടിചൊരുമ്മ”
എന്നിട്ട്? എന്നിട്ട്?
ഞങ്ങള്‍ ആര്‍ത്തിയോടെ വാ പൊളിച്ചിരിക്കുന്നു
ശ്ശെ! അതൊക്കെ പറയാന്‍ കൊള്ളില്ലടേ.................
അങിനെയല്ലളിയാ...............നീ പറ.....................
ശ്ശെ....................പിന്നെപ്പറയാമടേ..................
അടുത്ത ദിവസം
അളിയന്മാരേ ഇന്നലെ വൈകിട്ട് ഞാന്‍ കൌണ്ടറില്‍ നില്‍ക്കുമ്പോള്‍ മുറിയില്‍ നിന്നും ഒരു മദാമ്മയുടെ ഫോണ്‍. “ഷിബൂ , ബ്രിങ്ങ് മി എ സോപ്പ്”.
“അളിയാ ഞാന്‍ സോപ്പുമായി ചെല്ലുമ്പോള്‍ മദാമ്മ കുളിമുറിയില്‍.........................‘ ഷിബു നിര്‍ത്തി
‘പറ അളിയാ’ ഏഴ് എട്ട് വായകള്‍ തുറന്നടിഞ്ഞു.
“ഓ അതൊക്കെ പറഞ്ഞാല്‍ ശരിയാവൂല്ലടെ..............”
അങ്ങിനെയിരിക്കെ ഷിബു വിന്റെ ഇംഗ്ലീഷ് നേരിട്ട് കേള്‍ക്കാന്‍ ഞങ്ങളില്‍ ഒരാള്‍ക്ക് ഭാഗ്യമുണ്ടായി.
സംഭവമിങ്ങനെ
രാത്രി 10.30. മുറിക്കകത്തെ അസഹ്യമായ ചൂട് സഹിക്കാതെ ഒരു സയിപ്പ് രാത്രി കടപ്പുറത്തേക്കു പോകുവാന്‍ പുറത്തിറങ്ങി. ഷിബുവായിരുന്നു കൌണ്ടറില്‍
ഒരു സായിപ്പ് രാത്രി പുറത്തേക്കിറങ്ങി പോകുക, അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍. ഷിബു വിന്
അപകടം മണത്തു. സായിപ്പിനെ തടഞ്ഞേ പറ്റൂ.
ഷിബു പറഞ്ഞു.” സര്‍.നൊ, നൊ. നൈറ്റ്. നൊ നൊ”
സായിപ്പ് മിണ്ടിയില്ല. സായിപ്പിന് രാത്രിയെ പേടിയില്ല എന്നു മനസ്സിലായി.
ഇനി അടുത്ത മാര്‍ഗ്ഗം. പാമ്പാണ്.
സായിപ്പിന് പാമ്പിനെ പേടിയാണ്.
ഷിബു സായിപ്പിനോടു പറഞ്ഞു.” സായിപ്പേ,! നൊ നൊ ......നൈറ്റ് വാക്കിങ് ബികാസ് സ്നേക്സ് ആര്‍ വാക്കിംഗ്.”
സായിപ്പ് തിരിച്ചു കയറീ.

Thursday, June 4, 2009

അയാള്‍ക്കു വേണ്ടി വായിക്കുന്നത് ?.

ആര്‍ക്കും ഒരിക്കലും ചിരിക്കാന്‍ കഴിയാത്ത ചില സന്ദര്‍ഭങ്ങളില്‍ എം.മുകുന്ദന്‍ ചിരിക്കാന്‍ കഴിയും. അതുകൊണ്ടാണ് മുകുന്ദനെ ലക്ഷ്യം വച്ച് വന്ന കോടാലികള്‍ ഇരുട്ടില്‍ അയാളുടെ ചിരികണ്ട് വായുവില്‍ ഒരു നിമിഷം തങ്ങി നിന്നത്, ഒരു നിമിഷം മാത്രം.
മുകുന്ദനു ശേഷം അക്കാദമി നേത്രുത്വം അധിനിവേശപ്രതിരോധകാരന്‍ പറഞ്ഞു വച്ചിരുന്നു.
അതുകൊണ്ട് മുകുന്ദന്റെ മരണ ശേഷം പ്രതിരോധക്കാരന്‍ അക്കാദമി ഏറ്റെടുത്തു.
(മുകുന്ദന്റെ വിലാപങ്ങള്‍)
മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. തീരുമാനങ്ങള്‍ എല്ലാം വിശദീകരിച്ചു. എന്നിട്ടും മുഖ്യന്‍ സീറ്റില്‍ നിന്ന് എഴുനേല്‍ക്കുന്നില്ല. തന്റെ വിശ്വസ്തനായ പത്രലേഖകനെ അദ്ദേഹം ഇടം കണ്ണിട്ട് നോക്കുന്നു.
പത്രലേഖകന്‍ എഴുനേല്‍ക്കുന്നു. നേരത്തേ പറഞ്ഞുറപ്പിച്ച ചോദ്യം ചോദിക്കുന്നു.
" അങ്ങ് കാലഹരണപ്പെട്ടയാളാണെന്ന എം മുകുന്ദന്റെ അഭിപ്രായത്തെ പറ്റി എന്തു പറയുന്നു?."
(തനിക്കൊന്നും പറയാനില്ല എന്ന് രണ്ട് ദിവസം മുന്‍പ് അദ്ദേഹം പറഞ്ഞതേയുള്ളൂ).
മുഖ്യമന്ത്രി ത്രുപ്തനാകുന്നു. ചിരിക്കുന്നു. പോക്കറ്റില്‍ കയ്യിടുന്നു. മുന്‍ കൂട്ടി എഴുതി തയ്യാറാക്കിയ(മറ്റാരോ) കുറിപ്പ് ഉച്ചത്തില്‍ വായിക്കുന്നു. ലോകം ആനന്ദത്തില്‍ ആറാടുന്നു.
കുറച്ച് മാസങ്ങള്‍ക്കു മുന്നെ ഇതിനു സമാനമായ ഒരു രംഗം നമ്മള്‍ കണ്ടിരുന്നു.
" കെ.ഇ.എന്‍. അങ്ങയെ ആള്‍ ദൈവം എന്നു വിളിച്ചതിനെപ്പറ്റി?."
ഞാന്‍ അയാളെഴുതിയതൊന്നും വായിച്ചിട്ടില്ലാ. ഓണത്തെപ്പോലും വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന മതഭ്രാന്തന്മാരോട് എനിക്ക് പ്രതികരിക്കാനില്ല."
കെ.ഇ.എന്‍. എഴുതിയതൊന്നും മുഖ്യമന്ത്രി വായിച്ചിട്ടില്ല. എങ്കിലും അയാള്‍ ഓണത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നവനും മതഭ്രാന്തനുമാണ് എന്ന് മുഖ്യമന്ത്രിക്കറിയാം. മുകുന്ദന്‍ എഴുതിയതൊന്നും മുഖ്യമന്ത്രി വായിച്ചിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. എങ്കിലും അയാള്‍ മുതലാളിത്തത്തിന്റെ കുഴലൂത്തുകാരനാണ്‍ എന്ന് മുഖ്യമന്ത്രിക്കറിയാം.
അപ്പോള്‍ സംശയാലുവായ ഒരു വേതാളം ചോദിക്കുന്നു." ആരാണ്‍ അദ്ദേഹത്തിനു വേണ്ടി വായിക്കുന്നത്, ആരാണ്‍ അദ്ദേഹത്തിന്റെ നാവിന്മേല്‍ നടനം ചെയ്യുന്നത്"
ശരിയുത്തരം പറഞ്ഞാല്‍ നിന്റെ തല പൊട്ടിത്തെറിക്കും.
" ഇത് റഷ്യയല്ല, അച്യുതാനന്ദന്‍ സ്റ്റാലിനുമല്ല. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം സാഹിത്യകാരന്‍ എം.മുകുന്ദനുണ്ട്. ഞങ്ങള്‍ എതിര്‍ക്കുന്നത് അക്കാദമി സ്ഥാനത്തിരുന്നുകൊണ്ട് വിമര്‍ശിക്കുന്നതിനെയാണ്‍. അത് രാജി വച്ച് വിമര്‍ശിച്ചോളൂ..ഞങ്ങള്‍ അംഗീകരിക്കാം"
ഇവര്‍ മധ്യവര്‍ത്തികള്‍. വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന മഹാമനസ്കര്‍.
ഇതാ ഒരു സ്ഥാനവും ഇല്ലാത്ത അഴിക്കോട് അച്യുതാനന്ദനെ വിമര്‍ശിച്ചിരിക്കുന്നു. തോഴരേ നിങ്ങള്‍ ആരുണ്ട് കൂടെ.
ഒരു സ്ഥാനവും ഇല്ലാതിരുന്നപ്പോഴാണ്‍ കെ.ഇ.എന്‍. അച്യുതാനന്ദനെ വിമര്‍ശിച്ചത്. തോഴരേ നമ്മള്‍ അയാളെ കുരങ്ങനാക്കി.
ഔദ്യോഗിക സ്ഥാനങ്ങളിലിരുന്ന് എത്രയോ പേര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. ഒരു പ്രൊ-വി.സി. യു.ഡി.എഫിന്റെ യോഗത്തില്‍ പ്രസംഗിക്കുന്നതുവരെ നമ്മള്‍ കണ്ടു.
അതിനെന്ത് അവര്‍ പ്രസംഗിച്ചത് സര്‍ക്കാരിനെതിരെയല്ലേ, അച്യുതാനന്ദനെതിരെ അല്ലല്ലോ.
സര്‍ക്കാര്‍ എന്നാല്‍ അച്യുതാനന്ദന്‍ അല്ലല്ലോ. മറ്റെല്ലപേരും കള്ളന്മാരല്ലേ.
വായില്‍ തോന്നിയതാണ്‍ കോത പാടേണ്ടത് എന്ന് അഴിക്കോട് എന്തിന്‍ ശഠിച്ചു. എക്കാലത്തും മാര്‍ക്കറ്റ് നോക്കി എഴുതിയ ആളല്ലേ മാഷ്. കോണ്‍ഗ്രസ്സിന്റെ നല്ല കാലത്ത് കോണ്‍ഗ്രസ്സ്. അടിയന്തിരാവസ്ഥയില്‍ അത്. മാര്‍ക്സിസ്റ്റുകാരുടെ നല്ല സമത്ത് അവരുടെ കൂടെ.
ഇപ്പോഴത്തെ മാര്‍ക്കറ്റ് അച്യുതാനന്ദകീര്‍ത്തനത്തിനാണ്‍ എന്ന് മാഷ് എന്തേ തിരിച്ചറിഞ്ഞീല.
കുഞ്ഞപ്പ പട്ടാനൂര്‍ മഹാകവിയായത് കണ്ടില്ലേ. ഉമേഷ് ബാബു ചിറക് വിരിച്ച് പറക്കുന്നത് കണ്ടില്ലേ. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് നിഖില്‍ ചക്രവര്‍ത്തിയെ അതിശയിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശാഭിമാനിയുടെ ആരും വായിക്കാത്ത കോളങ്ങളില്‍ മാത്രം കണ്ടിരുന്ന ഇവര്‍ കിരീടം വയ്ക്കാത്ത രാജാക്കന്മാരായി വാഴുന്നത് കണ്ടില്ലേ.
ശശിധരന്‍, ആസാദ്, ബാബു ഭരദ്വാജ് , പി.സുരേന്ദ്രന്‍ ..........................................................
ഈ മഹാജാഥക്കു മുന്നില്‍ നിന്ന് അതിന്റെ പടവാളെന്താമായിരുന്നില്ലേ അഴിക്കോടിന്‍.
എങ്കില്‍ "തത്വമസി- ഒരധിനിവേശ വിരുദ്ധ കാഴ്ചപ്പാട് " എന്ന പേരില്‍ എന്തു മാത്രം ആസ്വാദനങ്ങള്‍ നമുക്ക് ലഭിക്കുമായിരുന്നു.
എല്ലാം കളഞ്ഞു കുളിച്ചില്ലേ.............................
എല്ലാം നഷ്ടപ്പെടുത്തിയിട്ട് ഈ കുമ്പസ്സാരം ഇനി ആര്‍ക്കു വേണ്ടി.
മിയാ കുള്‍പ്പ"- കൊണ്ടു പോയി പുഴുങ്ങി തിന്ന്.
താന്‍ ഇന്നു വരെ എഴുതിയതെല്ലാം കള്ളമായിരുന്നു. താന്‍ ഒരു കപട സാഹിത്യകാരനായിരുന്നു. താന്‍ എഴുതിയതെല്ലാം ഞങ്ങള്‍ ആവേശത്തോടെ വായിച്ചത് തെറ്റിദ്ധാരണയുടെ പേരിലായിരുന്നു.
അച്യുതാനന്ദനെ വിമര്‍ശിച്ചതു കൊണ്ടു മാത്രം താന്‍ എഴുതിയതെല്ലാം ചവറായിരുന്നു എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.
": അരേ ദുരാചാര ന്രിശംസ സുകുമാര , നിനക്കിനി ആശ്രയം ദേശാഭിമാനി മാത്രം. . ഫാരിസ് അബൂബേക്കറുടെ , സാന്റിയാഗോ മാര്‍ട്ടിന്റെ അതേ ദേശാഭിമാനി.

Wednesday, June 3, 2009

ഞാന്‍ വീണ്ടും ഹാജര്‍

ഇതാ അയാള്‍ വീണ്ടും. അതും അഴിക്കോടിനെതിരെ
ഇനി പത്രങ്ങള്‍ അതേറ്റെടുക്കും.
അഴിക്കോടിന്റെ ജീവിതം കട്ടപ്പൊക.

കാലഘടികാരത്തെ എട്ടു കൊല്ലം പിന്നിലേക്കു നയിക്കുക. അന്ന് പത്രങ്ങളില്‍ നിറഞ്ഞുനില്‍ ക്കുന്നൊരു അച്യുതാനന്ദനുണ്ട്.
അത് ഇന്നത്തെ ആള്‍ ദൈവമല്ലാ.
"കണ്ണൂരില്‍ താപനിലയം നടപ്പിലാക്കാന്‍ അച്യുതാനന്ദന്‍ എന്നോട് അഞ്ചു കോടി ആവശ്യപ്പെട്ടു"- കെ പി പി നമ്പ്യാര്‍ ചാനലുകളില്‍ പൊട്ടിക്കരഞ്ഞു. അത് നമുക്ക് മറക്കാം
ഹരിപ്പാട്ട് മദ്യമാഫിയ ചവുട്ടിക്കൊന്ന യുവാവിന്റെ വീട്ടില്‍ ചെന്നു മരിച്ചയാളെ അപഹസിച്ച അച്യുതാനന്ദനെ മറക്കാം
ആലപ്പുഴയിലെ മദ്യമാഫിയക്കും മണല്‍ മാഫിയക്കും ചൂട്ടുപിടിക്കുന്ന അച്യുതാനന്ദന്‍ എന്ന് നിങ്ങല്‍ ആരോപിച്ചത് ഞങ്ങള്‍ മറക്കാം
പാവപ്പെട്ട കര്‍ഷകന്റെ തെങ്ങും വാഴയും കമുങ്ങും വെട്ടിനശിപ്പിച്ചിട്ട് യുദ്ധം ജയിച്ച് യോദ്ധാവിനെപ്പോലെ അട്ടഹസിച്ച അച്യുതാനന്ദന്റെ ചാനല്‍ കാഴ്ചകള്‍ നമുക്കു മറക്കാം.
ശിവഗിരി മഹാസമാധി പിടിച്ചടക്കി വെള്ളാപ്പള്ളിക്കു കാഴ്ചവച്ച പഴയ ശാശ്വതീകാനന്ദാനാളുകള്‍ നമുക്ക് മറക്കാം.
കേരളം മുഴുവന്‍ എസ് എഫ് ഐ വിദ്യാഭ്യാസ ബന്ദ് നടത്തുമ്പോള്‍ കൊല്ലം റ്റി.കെ.എമ്മില്‍ പരീക്ഷ എഴുതിയ ഏക വിദ്യാര്‍ത്ഥി അരുണ്‍കുമാറായിരുന്നു എന്ന വാര്‍ത്ത ഞങ്ങള്‍ക്ക് പറഞ്ഞുതന്നത് നിങ്ങള്‍ പത്രലോകമാണ്.
ഞങ്ങള്‍ എസ് എഫ് ഐ ക്കാര്‍ പഠനം കഴിഞ്ഞ് എം പ്ലോയ്മെന്റ് എക്സ്ചേഞ്ചിന്‍ മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ അതേ അരുണ്‍ കുമാറ് കയറ് ഫെഡിന്റെ എം ഡി യായതും ഞങ്ങള്‍ കണ്ടു.
അനധിക്രിത നിയമനങ്ങള്‍ക്കെതിരെ കളക്റ്ററേറ്റും ഡി.എം.ഓ ആഫീസും പിക്കറ്റു ചെയ്ത ഞങ്ങള്‍ കയര്‍ഫെഡിലെ നിയമനങ്ങള്‍ കണ്ടില്ല എന്നു നടിച്ചു.
ദാവൂദ് ഇബ്രാഹിമിന്റേത് എന്നു നിങ്ങള്‍ വിശെഷിപ്പിച്ച ഈസ്റ്റ്-വെസ്റ്റ് എയര്‍ലൈന്‍സിന്റെ എം ഡി വെടിയേറ്റ് മരിച്ചപ്പോള്‍ അച്യുതാനന്ദന്‍ മാത്രം മരണവീട് സന്ദര്‍ശിച്ചത് നിങ്ങള്‍ക്ക് ദുരൂഹതയായിരുന്നു.
കൊല്ലം എസ് എന്‍ കോളേജ് തകര്‍ത്തപ്പോഴും ശ്രീനാരായണ പ്രതിമകള്‍ ആക്രമിക്കപ്പെട്ടപ്പോഴും നിങ്ങളുടെ കൈകള്‍ നീണ്ടത് അച്യുതാനന്ദനെതിരെ ആയിരുന്നു.
ചരിത്രത്തിന്റെ ഏത് ദശാസന്ധിയിലാണ്‍ അച്യുതാനന്ദന്‍ ആള്‍ ദൈവമാകുന്നത്?.
തനിക്കനുകൂലമായ വാര്‍ത്തകളും ചിത്രങ്ങളും വായിച്ച് ആസ്വദിക്കുന്ന വിപ്ലവകാരി. തന്നെ എതിര്‍ക്കുന്നവരുടെ ജീവിതം തന്നെ കരിതേച്ചുകളയുന്നൊരു മനുഷ്യസ്നേഹി.
കേരളം കണ്ട ഏറ്റവും ഭീകരമായ ഒരു പെണ്‍ വാണിഭക്കേസില്‍ ഒരു വി.ഐ.പി.യെ തിരുകിക്കയറ്റി തന്റെ സഹപ്രവര്‍ത്തകരെ പ്രതിയാക്കാന്‍ നോക്കിയ നീതിശാലി.
രാഷ്ട്രീയത്തില്‍ ഒരാല്‍ സത്യസന്ധനാകുന്നത് അയാളുടെ നന്മയാലല്ല. മറ്റുള്ളവര്‍ എല്ലാം കള്ളന്മാരാകുമ്പോഴാണ്‍. കോണ്‍ഗ്രസ്സില്‍ എല്ലാപേരെയും കള്ളന്മാരാക്കി ആന്റണി അത് നേടി.
അതേ മന്തിന്റെ മണ്ഡലത്തില്‍ നിന്നും മറ്റൊരു വിശുദ്ധന്‍ ആള്‍ദൈവം ഉയിര്‍ക്കുന്നു.
ഇദ്ദേഹം ഹരിശ്ചന്ദ്രനാകുന്നതിന്റെ ഫോര്‍മുല ഇങ്ങനെ
പിണറായി - ലാവ് ലിന്‍ പ്രതി
കോടിയേരി - പെണ്‍ വാണിഭം,വ്യാജ സി.ഡി, ഇപ്പോള്‍ ടോട്ടല്‍ ഫോര്‍ യു
ബേബി - പെണ്‍ വാണിഭം, സ്വരലയ
ഐസക് - ചാരന്‍
ശ്രീമതി - ചിക്കുന്‍ ഗുനിയ, ടോട്ടല്‍ ഫോര്‍ യു
സുധാകരന്‍ - വിടുവായന്‍
അവശേഷിക്കുന്നത് പാലൊളി മാത്രം. ഒരുനാള്‍ ജനശക്തി എഴുതും തദ്ദേശ സ്വയംഭരണ വകുപ്പിലെ അഴിമതികള്‍.
അതോടെ രാഷ്ട്രീയ സത്യസന്ധതാടീമിന്റെ ഏക ബാറ്റ്സ് മാന്‍ അച്യുതാനന്ദനാകും.
പണ്ട് ഇ എം എസ് ഇങ്ങനെ എഴുതി " സഖാക്കളെ എന്നെ പുകഴ്ത്തി മനോരമ എന്തെങ്കിലും എഴുതിയാല്‍ പ്രിയ സഖാക്കളെ നിങ്ങള്‍ കരുതിക്കൊള്ളൂ എനിക്കെന്തോ തെറ്റു പിണഞ്ഞെന്നു".
പാവം നമ്പൂതിരി!. അച്യുതാനന്ദന്റെ ബുദ്ധിയില്ലല്ലോ നമ്പൂതിരിക്കു,. അതുണ്ടായിരുന്നെങ്കില്‍ പാവം ശ്രീധരന്‍ ഒരു അരുണ്‍കുമാറെങ്കിലും ആകാമായിരുന്നു.

Monday, June 1, 2009

ഒരു ദിവസത്തെ പത്രപ്രവര്‍ത്തനം

പത്രപ്രവര്‍ത്തനം പഠിച്ചിറങ്ങിയപ്പോഴാണ് സര്‍ക്കാര്‍ വിളിച്ച് ജോലി തന്നത്.
ശ്രീ പത്മനാഭന്റെ പത്തു ചക്രത്തിന്റെ വില്‍ പത്രപ്രവര്‍ത്തകന് കിട്ടില്ല എന്ന് പഴഞ്ചരായ മാതാപിതാക്കള്‍.
അനിതാ പ്രതാപിനേയും എന്‍ റാമിനേയുമൊക്കെ കുട്ടയിലാക്കി തട്ടില്‍ കയറ്റി. സര്‍ക്കാര്‍ സമുദ്രത്തിലേക്ക് ഊളിയിട്ടു.
എങ്കിലും മനസ്സിന്റെ കോണിലെവിടെയോ നിന്ന് പഴയ പത്രപ്രവര്‍ത്തകന്‍ വിളിച്ചുകൊണ്ടിരുന്നു.
അപ്പോഴാണ് ഇലക്ട്രോണിക് മീഡിയ വന്നത്.
കോട്ടും സൂട്ടുമിട്ട ജേര്‍ണലിസ്റ്റുകള്‍. അവരുടെ മുന്നില്‍ വിറച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സിംഹങ്ങള്‍നഷ്ടസൊപ്നങ്ങളായി കോട്ടും സൂട്ടും ഉറക്കം കെടുത്തി.
ഒരു നാള്‍ കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താചാനല്‍ ജേര്‍ണലിസ്റ്റുകളെ ക്ഷണിച്ചു.
25 ന് താഴെയുള്ള കിളുന്തുകള്‍ മതി എന്നു പറയാത്തതിനാല്‍ അടിയനും അപേക്ഷിച്ചു.

എഴുത്തു പരീക്ഷ, അഭിമുഖം.എല്ലാം കഴിഞ്ഞു. ഒരു ദിനം ഓഫീസില്‍ ഇരിക്കുമ്പോള്‍ ചാനലില്‍ നിന്നൊരു
വിളി.......... തിയതി ജോയിന്‍ ചെയ്യണം.സ്വപ്ന സാക്ഷാല്‍ക്കാരം.
പത്ര പ്രവര്‍ത്തകലോകമേ ഞാനിതാവരുന്നു.
അച്ഛാ............., അമ്മേ, ഈ പത്രപ്രവര്‍ത്തകന് വിട തരൂ.........................
“മോനേ............ശ്രീ പത്മനാഭന്റെ പത്തു ചക്രം.............................” പണ്ടാരത്തള്ള ഉടക്കു വക്കാന്‍ നോക്കി.
അമ്മേ, അച്ഛാ...........,ഒരു മകന്റെ ഭാവി കൊട്ടിയടക്കല്ലെ..............നിങ്ങള്‍ക്കെന്നെ എന്നും ചാനലില്‍ കാണാം. വിടതരൂ അമ്മേ.................................
ഒരു കൊല്ലത്തെ ശമ്പളമില്ലാ അവധി സര്‍ക്കാരിന്റെ മുഖത്ത് വലിച്ചെറിഞ്ഞ് കൊച്ചിക്ക് തീവണ്ടി കയറി.
സര്‍ക്കാര്‍ ഫയലുകളേ ...................ശമ്പള ബില്ലുകളേ നിങ്ങള്‍ക്ക് വിട.
ഇതാ, കോട്ടിടാനായി ഒരു ജേര്‍ണലിസ്റ്റ് വരുന്നു.
മുണ്ട്, തോര്‍ത്ത്, സോപ്പ്, കൈലി, ജീവിതം പൊതിഞ്ഞു കെട്ടി. ഇനി താമസം കൊച്ചിയില്‍ തന്നെ.
വൈക്കം കായലില്‍ ഓളം തുള്ളുമ്പോള്‍.....................
തല്‍ക്കാലം ചാനലിന്റെ മുകളിലത്തെ നിലയില്‍ താമസിക്കാം.( തിരുവനന്തപുരം ദേശാഭിമാനിയില്‍ അങ്ങിനെയാണ്. അച്ചടിയന്ത്രത്തിന്റെ താരാട്ട് കേട്ടുറങ്ങാം)പിന്നെ സൌകര്യം പോലെ ഒരു വീടെടുക്കാം.
ഭക്ഷണത്തിന് ചാനലിന്റെ ക്യാന്റീന്‍ ഉണ്ട്.അവിടെ കഞ്ഞിയാണോ ആവോ.............................തിരുവനന്തപുരം ദേശാഭിമാനിയില്‍ കഞ്ഞിയാണ്)
.എന്തു ത്യാഗവും സഹിക്കാം, കോട്ടിടുന്ന ഒരു ജേര്‍ണലിസ്റ്റ് ആയാല്‍ മതി.കൊച്ചിയിലിറങ്ങി. പാലാരിവട്ടത്തെത്തി.
“ഞാന്‍.........................................ജോയിന്‍ ചെയ്യാന്‍ വന്നതാണ്”. പരിചയപ്പെടുത്തി.“ശരി വന്നോളു.........” ഒരു സുന്ദരി മാനേജറുടെ മുരിയിലേക്കു നയിച്ചു.
അവളെ തടഞ്ഞുകോണ്ട് ഞാന്‍ ചോദിച്ചു. “ അല്ലാ.......എന്റെ സാമഗ്രികളൊക്കെ എവിടെ വക്കും”

ചോദ്യത്തില്‍ ദ്വൊയാര്‍ത്ഥം വല്ലതുമുണ്ടോ എന്നറിയാന്‍ കണ്ണടക്കു മുകളിലൂടെ അവള്‍ സൂക്ഷിച്ചു നോക്കി.
“താന്‍ എവിടെയാ താമസിക്കുന്നേ..........” കിളിനാദം.“
തല്‍ക്കാലം ഇതിന്റെ മുകളില്‍ . പിന്നെ വേറേ താമസിക്കാം”
സോറീ.........., ഇതിന്റെ മുകളില്‍ ന്യൂസ് റൂമാണ്.അവിടെ കിടക്കാന്‍ വാര്‍ത്ത വായിക്കുന്നവര്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല.”
“ദൈവമേ----- പിന്നെവിടെ താമസിക്കും.”
വെളിയില്‍ വല്ല ലോഡ്ജും കിട്ടും.തല്‍ക്കാലം അതുനോക്ക്.”അപ്പോള്‍ താമസ്സക്കാര്യം തെണ്ടി. ശമ്പളത്തില്‍ നിന്നും നല്ലോരുതുക അതിനു പോകും.“പോട്ടെ........എന്തായാലും ഭക്ഷണം ഫ്രീ ഉണ്ടല്ലോ, മനസ്സ് ആശ്വസ്സിപ്പിച്ചു.
“ഈ കാന്റീന്‍ എവിടെയാണ്.” തരുണിയോട് അന്വേഷിച്ചു.
“ഇവിടെ കാന്റീന്‍ ഒന്നുമില്ല. അങ്ങേയറ്റത്ത് ഫ്ലാസ്കില്‍ ചായ ഒഴിച്ചു വച്ചിട്ടുണ്ട്. അതു വേണമെങ്കില്‍ കുടിക്കാം.:
അപ്പോ.....ഊണ്,കാപ്പി”
“അതൊക്കെ വീട്ടിന്ന് കൊണ്ടുവന്നാമതി. ദാ ആ ബഞ്ചിലിരുന്ന് കഴിക്കാം” തരുണിമണി ഒരു പഴയ മേശ ചൂണ്ടിക്കാട്ടി.
ഈശ്വരാ..............സ്വപ്നങ്ങളൊക്കെ തകരുകയാണോ. താമസം, ഭക്ഷണം എല്ലാം സ്വന്തം ചെലവില്‍.ശമ്പളം പാഴായിപ്പോകുമല്ലോ................”

എം ഡി യുടെ മുറിയിലെത്തി. അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു.“രാവിലെ ആറു മുതല്‍ രാത്രി പതിനൊന്നു വരെയാണ് ഡ്യൂട്ടി സമയം.അതുവരെ വാര്‍ത്തയുണ്ട്”

(ഈശ്വരാ .........പത്തു മുതല്‍ അഞ്ചു വരെയാണ് സര്‍ക്കാരിന്റെ ഡ്യൂട്ടി സമയം. നാല് അമ്പത്തി ഒന്‍പതു വരെ ചെല്ലാന്‍ അവസരമുണ്ട്:. അതു കഴിഞ്ഞാല്‍ ആഫീസു പൂട്ടും, അതുകോണ്ടു മാത്രം ഒപ്പിടാനൊക്കത്തില്ല.).അദ്ദേഹം വലിയ വലിയ കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. ശമ്പളത്തെകുറിച്ചുമാത്രം ഒന്നും മിണ്ടുന്നില്ല. കിട്ടിയ ഇടവേളയില്‍ അങ്ങോട്ടു ചോദിച്ചു.

“അല്ല, സാര്‍, ശമ്പളം”.ആ ഘന ഗംഭീര സ്വരം ഒന്നു നിലച്ചു. പിന്നെ ശബ്ദം താഴ്തി പറഞ്ഞു.“ചാനല്‍ നഷ്ടത്തിലാണ് എന്ന് താങ്കള്‍ക്ക് അറിയാമല്ലോ?. എങ്കിലും ഞങ്ങള്‍ .......................രൂപ തരും. അത് എല്ലാ മാസവും ക്രുത്യമായി തരാനാവില്ല, എന്തായാലും നാലോ അഞ്ചോ മാസം കൂടുമ്പോള്‍ ഒരുമിച്ചു തരും”
( ഭഗവാനേ....................., .....................രൂപ!.എനിക്ക് തോമസ് ഐസക്ക് മാസം തരുന്നതിന്റെ അഞ്ചില്‍ ഒന്ന്. കൂടാതെ താമസം, ഭക്ഷണം, തല കറങ്ങുന്നു.”
അപ്പോ ജോയിന്‍ ചെയ്യുകയല്ലേ....................,എം ഡി ചോദിച്ചു.

.........................................., എന്റെ തല എങ്ങനയോ ചലിച്ചു.
പുറത്തേക്കിറങ്ങി.നാലുപാടും നോക്കി. ഓടിയാലോ................

അപ്പോള്‍ അതാ ആ കോട്ട്, എന്നെ ഏറെ മോഹിപ്പിച്ചത്. അതിടാനാണ് ഞാനിത്രയും ദൂരം അച്ഛനമ്മമാരെ തള്ളിപ്പറഞ്ഞ് ഓടി വന്നത്.
“ആ കോട്ട്.....................” ഞാന്‍ തരുണീമണിയോടു ചോദിച്ചു.
“ ഓ അത്......” അവള്‍ അലസമായി മൊഴിഞ്ഞു.
“അതിവിടെ തൂക്കിയിട്ടിരിക്കും, വാര്‍ത്തവായിക്കാന്‍ വരുമ്പോള്‍ ഓരോരുത്തര്‍ എടുത്തിടും.പിന്നെ ഊരിയിടും”
അന്ന് വൈകിട്ടത്തെ ജനശതാബ്ദിക്കു ഞാന്‍ തിരിച്ചു പോന്നു.
വീണ്ടും ശ്രീ പത്മനാഭന്റെ പത്ത് ചക്രത്തിനായി.